A Unique Multilingual Media Platform

The AIDEM

Caste Society

ജാതിയുടെ നിറം പച്ച

  • January 12, 2023
  • 1 min read
ജാതിയുടെ നിറം പച്ച

ഗൾഫിൽ വച്ച് പരിചയപ്പെട്ട കുടുംബ സുഹൃത്തായ മുംബൈക്കാരന്റെ മകളുടെ വിവാഹക്കാര്യം ഈയ്യടുത്തു പറഞ്ഞപ്പോൾ ഞാൻ സന്തോഷത്തോടെ സൂചിപ്പിച്ചു, എഞ്ചിനീയറിങ്ങിൽ അവിടത്തെ യൂണിവേഴ്സിറ്റിയിൽ നിന്ന് രണ്ടാം റാങ്കോടെ പാസ്സായ അവൾക്ക് അവിടെ നിന്ന് തന്നെ ഉചിതനായ വരനെ കിട്ടാൻ ബുദ്ധിമുട്ടുണ്ടാകില്ല. പക്ഷെ അതത്ര എളുപ്പമല്ല എന്നാണ് ആ സുഹൃത്ത് പറഞ്ഞത്. കാരണം, അവർ കോക്‌നി മുസ്ലിംകളാണത്രെ, അത് കൊണ്ട് അവരുടെ വിഭാഗത്തിൽ തന്നെ പെട്ട ആളെ തന്നെ വേണം വിവാഹം കഴിക്കാൻ! കൊങ്കൺ മേഖലയിലെ കോക്‌നി സമുദായത്തിൽ പെട്ട മുസ്ലിംകൾ മഹാരാഷ്ട്രയിലാണ് കൂടുതലായി കണ്ടു വരുന്നത്. ഇവർക്ക് കൊങ്കണിലെ തന്നെ, കർണ്ണാടകയിലെ കാനറാ മേഖലയിൽ നിന്നുള്ള നവായത് മുസ്ലിംകളുമായി ജീവിതചര്യകളിൽ സാമ്യതയുണ്ടെങ്കിലും, സംസ്ഥാന അതിർത്തികൾ തമ്മിലുള്ള വ്യത്യാസം അവരെ അകറ്റി നിറുത്തുന്നു. കുടുംബ ബന്ധങ്ങൾ തങ്ങളുടെ സമുദായത്തിന് പുറത്ത് നിന്ന് ഉണ്ടാക്കുവാൻ അവർക്കു വിലക്കുകൾ ഉണ്ടത്രേ.

ഇന്ത്യയിൽ ഇത്തരത്തിൽ നൂറുകണക്കിന് വ്യത്യസ്ത മുസ്ലിം സമുദായങ്ങൾ, അല്ലെങ്കിൽ പലവിധ വ്യത്യാസങ്ങൾ കൊണ്ട് ഉണ്ടായിട്ടുള്ള ജാതികൾ, നിലനിൽക്കുന്നു. ഭാഷ, ദേശം, വംശപരമ്പര എന്നിങ്ങനെ പലവിധ കാരണങ്ങൾ കൊണ്ട് ഭാരതത്തിലെ സംസ്ക്കാരത്തിന്റെ ചുവട് പിടിച്ച് മുസ്ലിം സമുദായത്തിലും ഇങ്ങനെ ജാതി വ്യത്യാസങ്ങൾ ശക്തമായി ഇന്നും വർത്തിക്കുന്നു എന്ന് സംശയാതീതമായി പറയാം. ഇത്തരത്തിലുള്ള വ്യത്യസ്ത വിഭാഗങ്ങൾ തമ്മിലുള്ള സാമൂഹിക പരസ്പരവ്യവഹാരങ്ങൾക്ക് സമുദായങ്ങൾ അലിഖിത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട് എന്നതാണ് സത്യം. ഇന്ത്യയിലെ മുസ്ലിം സമുദായത്തെ ഒരൊറ്റ ബ്ലോക്കായി രാഷ്ട്രീയക്കാർ പ്രീണിപ്പിക്കുകയും, ഫാസിസ്റ്റുകൾ പ്രതികൂലിക്കുകയും ചെയ്യുമ്പോൾ തന്നെ, പ്രാദേശികമായി ഇവർക്കുള്ളിലെ അതിർവരമ്പുകൾ നില നിന്ന് പോന്നു. സാമൂഹിക ഇടപെടലുകളിലും തിരഞ്ഞെടുപ്പുകളിലും ഈ വേർതിരിവുകൾ കാലാകാലങ്ങളായി കണ്ടു വന്നിരുന്നു. ഇതിന്റെ ഫലമാണ് ഇന്ത്യൻ മുസ്ലിമിന്റെ ഇന്നത്തെ സ്ഥിതി എന്ന് പറഞ്ഞാൽ ഒരു പരിധി വരെ സത്യമാണ്. ഇന്ത്യൻ മുസ്ലിം സമുദായത്തിൽ ജാതി വ്യവസ്ഥയുണ്ട് എന്ന് പറഞ്ഞാൽ നിഷേധിക്കാൻ പറ്റില്ല എന്നർത്ഥം. ഇതിന്റെ ഫലമായി വ്യവഹാരങ്ങളിൽ മാത്രമല്ല, പ്രാർത്ഥനാലയങ്ങളിലും ചേരിതിരിവ് ഉണ്ടാക്കിയിട്ടുണ്ട്. അഞ്ചു നേരവും പള്ളിയിൽ തന്നെ പോയി നമസ്ക്കരിക്കുകയും, റമദാനിലെ നിർബന്ധമാക്കപ്പെട്ടിട്ടുള്ള നോമ്പുകളും എടുക്കുന്ന ആളുകളാണെന്നോ, മനുഷ്യരിൽ പ്രവാചകൻ ഒഴിച്ച് ബാക്കിയെല്ലാവർക്കും ഒരേ പദവി അനുശാസിക്കുന്ന ഇസ്ലാം മതത്തിൽ പെട്ടവരാണ് ഇവർ എന്നതും ഈ വേർതിരിവ് ഇല്ലാതാക്കുന്നില്ല.

ഇന്നിപ്പോൾ, ഇന്ത്യൻ മുസ്ലിംകളുടെ ഇടയിൽ ഭൂരിപക്ഷമായ പസമന്ത മുസ്ലിംകളെ ചൊല്ലിയുള്ള തർക്കം നടക്കുന്നത് നമുക്ക് ഉത്തരേന്ത്യൻ പത്രങ്ങളിൽ നിന്ന് വായിച്ചെടുക്കാൻ സാധിക്കുന്നുണ്ട്. ഉത്തർ പ്രദേശിലെ മുസ്ലിം സമുദായത്തിൽ 75% വരുന്ന പസമന്ത വിഭാഗക്കാർ അറിയപ്പെടുന്നത് ഈ മതത്തിലെ പിന്നോക്കക്കാരായിട്ടാണ്. അവരുടെ ഇന്നത്തെ ജീവിത നിലവാരം പാടെ തകർന്ന നിലയിലാണ്. മറ്റ് മുസ്ലിം ശാഖകൾ ഇവരുമായി അടുക്കാൻ ഇഷ്ടപ്പെടാറില്ല എന്ന് മാത്രമല്ല, ഇവരുടെ ഈ സ്ഥിതിക്ക് ഒരു പരിധി വരെ കാരണക്കാരുമാണ് എന്ന് പറയേണ്ടി വരും. പസമന്ത എന്ന പേർഷ്യൻ വാക്കിന്റെ അർഥം പിന്തള്ളപ്പെട്ടവർ എന്നാണ്. ദളിതരും പിന്നോക്ക മുസ്ലിം വിഭാഗങ്ങളും അടങ്ങിയതാണ് പസമന്തകൾ. ഈയ്യിടെ പ്രധാനമന്ത്രി മോഡി ഇവരെ പരാമർശിച്ചു, ഇവരുടെ ഉന്നമനത്തിനു പുതിയ പദ്ധതികൾ കൊണ്ട് വരും എന്ന് പറയുകയുണ്ടായി. യോഗി മന്ത്രിസഭയിലെ മുസ്ലിം സമുദായത്തിൽ പെട്ട ഒരേയൊരു മന്ത്രി പസമന്ത വിഭാഗത്തിൽ പെട്ടയാളാണ് എന്നത് യാദൃശ്ചികമല്ല.

മുസ്ലിം സമുദായത്തിൽ ചരിത്രപരമായി രണ്ട് വിഭാഗങ്ങളാണ് ഉണ്ടായിരുന്നത്, സുന്നിയും ഷിയയും. ഇന്നിപ്പോൾ അവരിൽ നിന്നും ഉടലെടുത്ത നൂറുകണക്കിന് ഉപവിഭാഗങ്ങളാണ് ലോകത്തും ഇന്ത്യയിലും ഉള്ളത്. മതപരമായി തന്നെ, പ്രാർത്ഥനാ ചടങ്ങുകളുടെ വ്യത്യസ്തത കാരണമാണ് ഇവ പലതും തമ്മിൽ മാറ്റമുള്ളത്. ഇതിലെ തമാശ എന്താണെന്നു വച്ചാൽ, സുന്നി-ഷിയ എന്നീ ചേരിതിരിവുകൾക്ക് കാരണം മതപരമായിരുന്നില്ല, പകരം അധികാരത്തർക്കത്തിന്റെ രാഷ്ട്രീയമായിരുന്നു എന്നതാണ്!

പത്തിരുപത് വർഷങ്ങൾക്ക് മുൻപ് വീട്ടിലെ ഒരു വിവാഹത്തിന് അന്യ സംസ്ഥാനത്ത് നിന്നും വന്ന മുസ്ലിം സുഹൃത്തുക്കൾ ചോദിച്ച ചോദ്യം ഇപ്പോഴും ഓർക്കുന്നു. നിക്കാഹ് നടത്താൻ വേദിയിലേക്ക് എത്തിയ ആളെ കണ്ടു അവർ അത്ഭുതത്തോടെ ചോദിച്ചു, ” പാന്റിട്ട ഉസ്താദോ?”! അന്നത്തെ ഈ ചോദ്യത്തിൽ നിന്ന് നമുക്ക് കേരളത്തിലെയും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിലെയും മുസ്ലിം സമുദായത്തിന്റെ അന്നത്തെ സ്ഥിതി നമുക്ക് ഏകദേശം വായിച്ചെടുക്കുവാൻ സാധിച്ചിരുന്നു. ഇത് കൊണ്ട് തന്നെ കേരളത്തിലെ മാധ്യമങ്ങളിൽ മുസ്ലിം സമുദായത്തിലെ ജാതി ചേരിതിരിവിനെക്കുറിച്ചു അധികം പറഞ്ഞു കേൾക്കാറില്ല.

എങ്കിലും സ്വാതന്ത്ര്യാനന്തര കേരളത്തിലും മുസ്ലിം സമുദായത്തിൽ ജാതികൾ നിലനിന്നിരുന്നു. ഈ ജാതികൾക്കിടയിൽ സാമൂഹിക അധികാരക്രമം ഉണ്ടായിരിന്നു. ഒസ്സാൻ, പുസലൻ, തങ്ങൾ, കേയീ, കോയ, തമിഴ്‌നാട്ടിൽ നിന്നും എത്തിയ റാവുത്തർമാർ എന്നിങ്ങനെയുള്ള വിഭാഗങ്ങൾ തമ്മിൽ ജാതി മാറിയുള്ള വിവാഹങ്ങൾ നടന്നിരുന്നില്ല. പക്ഷെ കേരളത്തിലെ മുസ്ലിം ജാതി വ്യവസ്ഥക്ക് പിന്നീട് വിലങ്ങിട്ടത്‌ അറുപതുകളിൽ തുടങ്ങിയ മലയാളികളുടെ ഗൾഫ് പ്രയാണമാണ്. കേരളത്തിൽ നിന്നും അനിയന്ത്രിതമായി തുടങ്ങിയ ഗൾഫ് പ്രണയത്തിൽ കുരുങ്ങിയത് കൂടുതലും മുസ്ലിം സമുദായമായിരിന്നു എന്ന് എടുത്തു പറയേണ്ട കാര്യമില്ലല്ലോ. ഇത്തരത്തിൽ പ്രവാസികളുടെ എണ്ണം കൂടി കൂടി വന്നപ്പോൾ അത് കേരളത്തിലെ സാമൂഹിക മണ്ഡലത്തിൽ വലിയ ചലനങ്ങൾ ഉണ്ടാക്കിയത് പോലെ തന്നെ മുസ്ലിം സമുദായത്തിലും അടിമുടി മാറ്റങ്ങൾ വരുത്തി. ആരും പ്രതീക്ഷിക്കാത്ത തരത്തിലുള്ള സാമ്പത്തിക മുന്നേറ്റമാണ് സമുദായത്തിൽ ഉണ്ടായത്. സാമുദായിക ഇടപെടലുകളിൽ ഏറ്റവും പ്രധാനമായ വിവാഹ ബന്ധങ്ങൾ ജാതി വിട്ട് സമ്പത്തിന്റെ അടിസ്ഥാനത്തിൽ ആയതോടെ, സമുദായത്തിൽ ജാതിയുടെ ഭാഗമായി നിലനിന്നിരുന്ന ഉച്ചനീചത്വങ്ങൾ പതുക്കെ പതുക്കെ ഇല്ലാതായി. പിന്നീട് ഇന്ത്യയിലെ മറ്റ് ദേശങ്ങളിൽ നിന്ന് വ്യത്യസ്തമായി കേരളത്തിൽ ഉണ്ടായ സാംസ്‌കാരിക മുന്നേറ്റങ്ങളും മുസ്ലിം സമുദായത്തിന് ജാതിക്കെട്ടുകൾ തകർത്തു മുന്നേറാൻ സഹായകമായി. അതിൽ ഏറ്റവും പ്രധാനം മലയാളികളുടെ വിദ്യാഭ്യാസ നിലവാരത്തിലെ ഉയർച്ചയാണ്. മറ്റ് നാടുകളിൽ മദ്രസ സമ്പ്രദായത്തിൽ തന്നെ സമുദായം അടിയുറച്ചു നിന്നപ്പോൾ, കേരളത്തിലെ മുസ്ലിം സമുദായ നേതാക്കൾ, മദ്രസ പഠനത്തിനൊപ്പം ശാസ്‌ത്രീയമായ വിദ്യാഭ്യാസവും മുന്നോട്ട് കൊണ്ട് പോകേണ്ടതിന്റെ ആവശ്യകത പുരോഹിത വർഗ്ഗത്തിന് മനസ്സിലാക്കി കൊടുത്തു എന്നതാണ്. അത് കൊണ്ട് തന്നെ സമുദായം നന്ദി പറയേണ്ടത് മുൻകാല നേതാക്കളോടാണ്.

എന്താണ് ജാതി? അത് ഏതെങ്കിലും മതത്തിന്റെ മാത്രം മുഖമുദ്രയാണോ? പൊതുവെ കരുതപ്പെടുന്ന പോലെ ജാതിയുടെ ഉത്ഭവം ഭാരതത്തിലാണ് എന്ന് പറയാൻ കഴിയില്ല. മതാടിസ്ഥാനത്തിൽ സാമാന്യവല്‍ക്കരിക്കപ്പെട്ടിട്ടുള്ള അർത്ഥങ്ങൾ മാറ്റിവച്ചു ജാതിയെ കുറിച്ചുള്ള വിശാലമായ വ്യാഖ്യാനങ്ങൾ ആവശ്യപ്പെട്ടാൽ, താഴെ പറയുന്ന വിവരണം ഏറെക്കുറെ ശരിയാണ് എന്ന് പറയാം.

Caste is a form of social stratification characterized by endogamy, hereditary transmission of a style of life which often includes an occupation, ritual status in a hierarchy, and customary social interaction and exclusion based on cultural notions of purity and pollution.

Source: en.wikipedia.Org/wiki/Caste

ജാതി എന്നാൽ പ്രത്യേക സ്വഭാവ സവിശേഷതകൾ ഉള്ള സ്വവംശ സാമൂഹിക വർഗ്ഗീകരണം, പാരമ്പര്യമായി ഒരേ തരത്തിലുള്ള ജോലി പ്രകാരമുള്ള ജീവിത രീതി, ആചാരക്രമങ്ങളിൽ അധിഷ്ഠിതമായ പദവി മൂലമുള്ള അധികാരക്രമം, മാമൂൽ പ്രകാരമുള്ള സാമൂഹിക ഇടപെടൽ, സാംസ്കാരിക സങ്കൽപ്പങ്ങളായ ശുദ്ധിയിലും അശുദ്ധിയിലും ഊന്നിയുള്ള ബഹിഷ്ക്കരണം എന്നിങ്ങനെയാണ് വിശേഷിക്കപ്പെട്ടിട്ടുള്ളത്.

ഇതിൽ പറഞ്ഞിരിക്കുന്ന സ്വവംശം, ജോലി, പാരമ്പര്യം എന്നീ ഘടകങ്ങൾ മാത്രം കണക്കിൽ എടുക്കാതെ, അവസാന ഭാഗത്തു പറഞ്ഞിരിക്കുന്ന നിർവ്വചനങ്ങൾ കൂടി പരിശോധിച്ചു നോക്കാം. അതായത് ജാതി എന്നത്, നാട്ടുനടപ്പനുസരിച്ചുള്ള സാമൂഹിക പരസ്‌പരവ്യവഹാരവും, സാംസ്‌കാരിക പരിശുദ്ധിയിലും അശുദ്ധിയിലും അടിസ്ഥാനമാക്കിയുള്ള ബഹിഷ്‌കരണത്തിലും ഊന്നിയുള്ള സാമൂഹിക തട്ടുകളാണ് എന്നാണ് പറഞ്ഞിരിക്കുന്നത്.

ഇത് മുഖവിലക്കെടുത്തു കൊണ്ട്, ഇന്നത്തെ കേരളത്തിലെ മുസ്ലിം സമുദായത്തിന്റെ സ്ഥിതി എങ്ങനെയാണെന്നുള്ള ഒരു കണക്കെടുപ്പ് എടുക്കുന്നത് നല്ലതാണു. ജാതി എന്ന നിലക്ക് മുസ്ലിംകൾക്കിടയിൽ വ്യത്യാസങ്ങൾ ഇല്ല എന്ന് സമ്മതിച്ചാൽ തന്നെ, കേരളത്തിലെ മുസ്ലിം സഹോദരങ്ങൾക്കിടയിലുള്ള ചേരി തിരിവ് പണ്ടത്തേക്കാൾ കൂടിയിട്ടുണ്ട് എന്ന് പറഞ്ഞാൽ അത് നിഷേധിക്കാൻ ഒരു മുസ്സലിയാർക്കും ആകില്ല.

കഴിഞ്ഞാഴ്ച കോഴിക്കോട് വച്ച് നടന്ന കേ​ര​ള ന​ദ്​​വ​ത്തു​ൽ മു​ജാ​ഹി​ദീ​ൻ സം​സ്ഥാ​ന സ​മ്മേ​ള​നത്തിൽ വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തപ്പോഴും, പങ്കെടുക്കാതിരുന്ന നേതാക്കളെ ചൊല്ലിയായിരുന്നു വിവാദം. മുസ്ലിം ലീഗിലെ നേതാക്കൾ പങ്കെടുത്തു പ്രഭാഷണങ്ങൾ നടത്തിയെങ്കിലും, പാണക്കാടെ തങ്ങൾ കുടുംബത്തിൽ നിന്ന് ആരും തന്നെ പങ്കെടുത്തിരുന്നില്ല. അതിന് കാരണം സമസ്തയുടെ സമ്മർദ്ദമാണ് എന്നാണ് കെ.എൻ.എം നേതാക്കൾ ആരോപിച്ചത്. പകരം, മുസ്ലിം ലീഗ് കോഴിക്കോട് വിളിച്ചു ചേർത്ത മുസ്ലിം സംഘടനകളുടെ യോഗത്തിൽ നിന്നും മുജാഹിദ് നേതാക്കൾ വിട്ടു നിൽക്കുകയും, സമസ്തയോടൊപ്പം ചർച്ചക്കിരുന്നു സമയം കളയാൻ തങ്ങളില്ലെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. അതെ സമയം മുജാഹിദ് സമ്മേളനത്തിന് മുന്നോടിയായി, അവരുടെ നേതാക്കൾ ജനം ടിവിക്ക് അഭിമുഖം നൽകുകയും, കേരളത്തിലെ മുസ്ലിം സംഘടനകളെ കുറിച്ച് സംഘപരിവാറിന്റെ അഭിപ്രായങ്ങൾ ശരി വയ്ക്കുന്ന നിലപാട് എടുക്കുകയും ചെയ്തു എന്ന ആരോപണം ശ്രദ്ധിക്കേണ്ട ഒന്നാണ്.

കേരളത്തിൽ ഇന്ന് നിലനിൽക്കുന്ന മുസ്ലിം സമുദായ പ്രസ്ഥാനങ്ങൾ എത്രയെണ്ണം ഉണ്ടെന്നോ, ഏതൊക്കെയാണെന്നോ സാധാരണക്കാരന് അറിവുണ്ടാകാൻ വഴിയില്ല. സർക്കാർ ചർച്ചക്കായി വിളിക്കുന്ന ചില സന്ദർഭങ്ങളിൽ മാത്രമാണ് പലതിന്റെയും പേര് തന്നെ നമ്മൾ കേൾക്കാറ്. കേരള നവോത്ഥാന പ്രവർത്തനങ്ങളുടെ ഭാഗമായി മുസ്ലിം സമുദായം ഇന്ന് അനുഭവിച്ചു വരുന്ന പല ഗുണങ്ങളെയും ഇല്ലാതാക്കുന്ന തരത്തിലാണ് ഇവരിൽ ഭൂരിഭാഗത്തിന്റെയും പ്രവർത്തനം എന്ന് നിരാശയോടെ പറയേണ്ടി വരും. വിദ്യാഭ്യാസ മുന്നേറ്റത്തിൽ കേരള സമൂഹത്തിൽ ഏറ്റവും അവസാനം തുടക്കം കുറിച്ച്, അദ്ഭുതകരമായ കാൽവയ്പുകൾ നടത്തിയ സമുദായത്തെ പിന്നോട്ടടിക്കുന്ന ചിന്തകളാണ് പല സംഘടനകളുടെയും മുഖമുദ്ര. ഗൾഫ് നാടുകളും, മലയാളി മുസ്ലിംകൾ ധാരാളമായുള്ള അമേരിക്കൻ ഐക്യ നാടുകൾ വരെയും സന്ദർശിക്കാറുള്ള ഈ സമുദായ നേതാക്കൾ എന്ത് കൊണ്ട് അവിടത്തെ സമുദായ നേതാക്കളെ കണ്ടു പഠിക്കുന്നില്ല എന്നത് സങ്കടം തന്നെയാണ്.

കേരളത്തിലെ ഈ മുസ്ലിം പ്രസ്ഥാനങ്ങൾ ഈ സമുദായത്തെ ഭിന്നിപ്പിക്കുന്ന പോലെ വേറെയാരും ചെയ്യുന്നുണ്ട് എന്ന് തോന്നുന്നില്ല. അതാത് പ്രസ്ഥാനങ്ങളുടെ പള്ളികളിൽ മാത്രം പ്രാർത്ഥനയ്ക്ക് പോവുക, അവരവരുടെ കൂട്ടത്തിൽ നിന്ന് തന്നെ മക്കൾക്ക് വരനെയും വധുവിനെയും കണ്ടെത്തുക, എന്തിനധികം പറയുന്നു, തമ്മിൽ കണ്ടാൽ സംസാരിക്കാൻ പോലും മിനക്കെടാത്ത തരത്തിൽ ഈ കൗമിനെ എത്തിച്ചത് ഇവയുടെ നേതൃത്വങ്ങളാണ്. കോടതികൾ ഇടപെട്ട് തുടങ്ങിയതോടെ പഴയ പരസ്യമായുള്ള സാമൂഹിക ബഹിഷ്കരണ പദ്ധതി ഇവർ നിറുത്തിയിട്ടുണ്ട്. ഇസ്ലാം എന്ന വാക്കിന്റെ അർഥം സമാധാനമാണ് എന്ന് ലോകത്തെ പഠിപ്പിക്കാൻ പുറപ്പെടുന്ന ഇവർ എന്ത് കൊണ്ടാണ് ഇത്തരം പ്രവർത്തികളിലൂടെ കേരളത്തിലെ സമുദായത്തെ കീറിമുറിക്കുന്നത്? നേരത്തെ പറഞ്ഞ ജാതിയുടെ അർത്ഥം ഒന്ന് കൂടി വായിച്ചു നോക്കുക, ഈ പ്രസ്ഥാനങ്ങൾ സമുദായത്തിൽ കൊണ്ട് വരുന്നത് ജാതിയല്ലാതെ മറ്റെന്താണ്? തങ്ങളാണ് ശരി എന്ന ധാർഷ്ട്യത്തിൽ ഉറച്ചുള്ള ബഹിഷ്കരണവും, തള്ളിപ്പറച്ചിലും ജാതിവൽക്കരണം തന്നെയാണ്. കേരളത്തിന് പുറത്തുള്ള മുസ്ലിം സമുദായത്തെ നോക്കി കാണുക, അവർ എങ്ങനെയാണു ഇന്നത്തെ അവസ്ഥയിൽ എത്തിയതെന്ന് മനസിലാക്കുക. ഈ സമുദായം കേരളത്തിൽ വർഷങ്ങളായി പടിപടിയായി ഉയർത്തിക്കെട്ടിയ സ്വപ്നങ്ങൾക്ക് നിങ്ങൾ ബുർഖയിടാതിരിക്കുക. മനുഷ്യരെ തമ്മിൽ ശത്രുക്കളാക്കുന്ന നിങ്ങളുടെ പ്രവർത്തികൾ എങ്ങനെയാണു സമുദായത്തെ ശത്രുക്കളിൽ നിന്ന് രക്ഷിക്കുക? അത് കൊണ്ട് നിങ്ങളുടെ അഹന്താനിഷ്‌ഠമായ ലാഭത്തിന് വേണ്ടി നിങ്ങളെ വിശ്വസിക്കുന്നവരെ വഴി തെറ്റിക്കാതിരിക്കുക, സഹോദരന്മാരെ തമ്മിൽ അടിപ്പിക്കാതിരിക്കുക. ഈ ജാതിക്ക നമുക്ക് വേണ്ടിക്ക.


Subscribe to our channels on YouTube & WhatsApp
About Author

ഷബീർ അഹമ്മദ്

സോഷ്യൽ എഞ്ചിനീയറിങ്ങിൽ താല്പര്യം ഉള്ള കൊച്ചി സ്വദേശിയായ എഞ്ചിനീയർ. മൂന്ന് പതിറ്റാണ്ടിലേറെയായി ഇന്ത്യയിലും വിദേശത്തും ഉന്നത മാനേജ്‌മന്റ് രംഗത്ത് പ്രവർത്തിച്ച ഷബീറിന്റെ എഴുത്ത് താല്പര്യങ്ങൾ, ഇന്ത്യൻ രാഷ്ട്രീയം, സാമൂഹിക പ്രശ്‌നങ്ങൾ എന്നിവയാണ്. കായിക രംഗത്തെ കുറിച്ചും ലേഖനങ്ങൾ എഴുതാറുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Zahira Rahman
Zahira Rahman
2 years ago

Things one cannot discuss when homogenising is the dominant agenda ; though totally true