സ്വാതന്ത്ര്യപ്രാപ്തിയുടെ ആദ്യ ദിനങ്ങൾ മുതൽ ആരംഭിച്ച്, ഘട്ടം ഘട്ടമായി ഗതിവേഗം പ്രാപിച്ച മറ്റൊരു പ്രക്രിയയുടെ തുടർച്ചയായിരുന്നു ഈ തുടർ തിരഞ്ഞെടുപ്പുകൾ. വ്യത്യസ്തങ്ങളായ ആശയങ്ങൾ പിന്തുടർന്ന്, ഒടുവിൽ ഭാഷ അടിസ്ഥാനത്തിലുള്ള സംസ്ഥാനങ്ങളുടെ പുനഃസംഘടന എന്ന പദ്ധതി ഉറപ്പിച്ചുകൊണ്ട്, അത് പൂർത്തിയാക്കിയെടുത്തതായിരുന്നു ഈ പ്രക്രിയ. ഈ പ്രക്രിയയുടെ സ്വാഭാവികമായ തുടർച്ച എല്ലാ സംസ്ഥാനങ്ങളിലും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട സർക്കാരുകളുടെ ഭരണം ഉറപ്പുവരുത്തുക എന്നതായിരുന്നു.
അക്കാര്യത്തിൽ ഇന്ത്യയുടെ അക്കാലത്തെ നേതൃത്വത്തിന് സംശയമൊന്നുമുണ്ടായിരുന്നില്ല. സംസ്ഥാനങ്ങളുടെ ഭാഷ അടിസ്ഥാനത്തിലുള്ള പുനഃസംഘടനയ്ക്ക് മുമ്പ് പല ഇടങ്ങളിലും ഉണ്ടായ പൊട്ടിത്തെറികളും കലാപങ്ങളും വിധ്വംസപരമായ സംഭവ വികാസങ്ങളും എല്ലാം തരണം ചെയ്തതിനുശേഷം ആണ് ഈ ഒരു ജനാധിപത്യ സാധ്യതയിലേക്ക് ഇന്ത്യ എത്തിച്ചേരുന്നത്.
അസംബ്ലി തെരഞ്ഞെടുപ്പുകൾ നടന്ന പ്രധാന സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, ആസാം, ബീഹാർ, കർണാടകം, കേരളം, മധ്യപ്രദേശ്, ഒഡിഷ, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ എന്നിവയായിരുന്നു. ലോകസഭാ തിരഞ്ഞെടുപ്പ് തൂത്ത് വാരിയ കോൺഗ്രസ് തന്നെയാണ് മിക്കവാറും സംസ്ഥാന അസംബ്ലികളും വലിയ ഭൂരിപക്ഷത്തിൽ കയ്യടക്കിയത്. പക്ഷേ അത്ഭുതകരമായ ഒരു അപവാദം സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പു ഫലങ്ങളിൽ ഉണ്ടായിരുന്നു. ആ ഫലം കേരളത്തിൽ നിന്നായിരുന്നു.
അഖിലേന്ത്യാ ട്രെൻഡിന് വിപരീതമായി കമ്മ്യൂണിസ്റ്റ് പാർട്ടി ഇവിടെ അധികാരത്തിലേക്ക് കുതിച്ചു. ലോകചരിത്രത്തിൽ രണ്ടാമത് മാത്രമായി ഒരു കമ്മ്യൂണിസ്റ്റ് പാർട്ടി തിരഞ്ഞെടുപ്പിൽ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു. ഇഎംഎസ് നമ്പൂതിരിപ്പാട് മുഖ്യമന്ത്രിയായി അധികാരമേറ്റു. സ്വാതന്ത്ര്യ സമരത്തിലെ ഇടതുപക്ഷ ധാരയായ കോൺഗ്രസ് സോഷ്യലിസ്റ്റ്പാർട്ടിയുടെ സംഘടനാപരവും രാഷ്ട്രീയവും പ്രത്യശാസ്ത്രപരവുമായ വഴികളിലൂടെ രാഷ്ട്രീയ അസ്തിത്വം വളർത്തിയെടുത്ത ഇഎംഎസ് ദേശീയ വിമോചന പ്രസ്ഥാനത്തിൻറെ പാരമ്പര്യവും മൂല്യങ്ങളും പല തലങ്ങളിൽ ഉൾക്കൊണ്ടിരുന്നു.

സ്വാതന്ത്ര്യ പ്രാപ്തിക്ക് തൊട്ടുപിറകെ “ ഇത് യഥാർഥ സ്വാതന്ത്ര്യമല്ല “ എന്ന് ഉദ്ഘോഷിച്ച 1948 ലെ കൽക്കട്ടാ തീസിലൂടെയും അതിനെ പിൻപറ്റി നടത്തിയ സായുധ കലാപങ്ങളിലൂടെയും കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് സംഭവിച്ച അപഭ്രംശത്തിൽ നിന്നുള്ള തിരിച്ചുവരവ് കൂടിയായിരുന്നു 1957ലെ തെരഞ്ഞെടുപ്പിലെ പ്രാതിനിധ്യവും അതിലെ വിജയവും. കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആന്തരിക കണക്കുകൂട്ടലുകൾ ആന്ധ്രപ്രദേശിൽ ആണ് കൂടുതൽ വിജയ സാധ്യത എന്നായിരുന്നു. തെലുങ്കാന സായുധ സമരം കൊടുമ്പിരിക്കൊണ്ട പ്രദേശമാണ് എന്നതായിരുന്നു ഈ കണക്കുകൂട്ടലിന്റെ ഒരു അടിസ്ഥാനം. പക്ഷെ 1957 ലെ തിരഞ്ഞെടുപ്പിൽ ആന്ധ്രയിൽ വലിയ നേട്ടം ഒന്നുമുണ്ടായില്ല.
കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ആന്തരിക കണക്കുകളിലെ ഈ ശരി-തെറ്റുകൾക്ക് അപ്പുറം ഇന്ത്യൻ ജനാധിപത്യത്തിലെ പ്രതിപക്ഷ ധാരയുടെ ഒരു നിർണായകമായ നാഴികക്കല്ലായിരുന്നു 1957 ലെ കേരളാ തിരെഞ്ഞെടുപ്പ് ഫലം. സ്വാതന്ത്ര്യത്തിന്റെ ആദ്യ പത്ത് വർഷങ്ങളിൽ നില നിന്ന കോൺഗ്രസ്സിന്റെ സമഗ്രാധിപത്യത്തെ വെല്ലുവിളിക്കാൻ ചെറിയ കക്ഷികൾക്കും സാധിക്കും എന്ന് ആ ഫലം അടിവരയിട്ടു. കേരളം ഒഴിച്ചാൽ കോൺഗ്രസിന്റെ സമഗ്രാധിപത്യത്തിന് ചെറിയതെങ്കിലും ശ്രദ്ധേയമായ വെല്ലുവിളി ഉയർത്തിയത് ഒഡീഷയായിരുന്നു. അവിടുത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനെ എതിർത്ത പ്രാദേശിക കക്ഷി ഗണതന്ത്ര പരിഷദ് 140 അംഗ അസംബ്ലിയിൽ 51 സീറ്റ് നേടി. പക്ഷെ 56 സീറ്റ് നേടി സ്വതന്ത്രന്മാരെയും ഒന്നിച്ചു കൂട്ടി കോൺഗ്രസ് തന്നെയാണ് ഭരണത്തിൽ കയറിയത്.
പത്ത് വർഷത്തിന് ശേഷം 1967 ലെ ലോകസഭാ തിരഞ്ഞെടുപ്പും ഒൻപത് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പും നടന്നപ്പോൾ ബിഹാറും ഡൽഹിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും തെക്ക് തമിഴ്നാട്ടിലും കേരളത്തിലും പടിഞ്ഞാറു ഗുജാറാത്തിലും കോൺഗ്രസ്സിന് വലിയ തിരിച്ചടി നേരിട്ടു. ദ്രാവിഡ മുന്നേററ കഴകവും ഭാരതീയ ജനസംഘവും സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും പ്രജാസോഷ്യലിസ്റ് പാർട്ടിയും കമ്മ്യൂണിസ്റ്റു പാർട്ടികളും ഏറിയും കുറഞ്ഞുമുള്ള നേട്ടങ്ങൾ പല സംസ്ഥാനങ്ങളിലും ഉണ്ടാക്കി. തമിഴ്നാട്ടിൽ ദ്രാവിഡ മുന്നേററ കഴകം അധികാരം നേടുകയും ചെയ്തു .
പല തരം പ്രത്യയശാസ്ത്ര- രാഷ്ട്രീയ – സാമൂഹിക ധാരകളെയും അവയ്ക്കുള്ളിൽ തന്നെ വ്യത്യസ്തമായ ഈഷൽഭേദങ്ങളെയും പ്രതിനിധാനം ചെയ്തു ഈ പാർട്ടികളും അവയുടെ പിന്തുണാ സ്രോതസ്സുകളും. ഈ അർഥത്തിൽ ബഹുമുഖവും ബഹുസ്വരവുമായ ഇന്ത്യൻ പാർലമെന്ററി ജനാധിപത്യത്തിന്റെ രൂപഭാവങ്ങൾക്ക് മിഴിവ് നൽകിയ ഒരു ദശാബ്ദമായിരുന്നു ആസാദിയുടെ രണ്ടാം ദശകം.
ഇത്തരത്തിൽ ഒരു രാഷ്ട്രത്തിൻറെ ജനാധിപത്യ സങ്കൽപ്പനങ്ങളുടെ വികാസത്തിനും വളർച്ചയ്ക്കും വഴിമരുന്നിട്ട ഒരു തിരഞ്ഞെടുപ്പ് വിജയം ആദ്യമായി ഉണ്ടാക്കിയ സംസ്ഥാനം എന്ന നിലയിൽ കേരളത്തിലും ആ വിജയം സാധ്യമാക്കിയ കമ്മ്യൂണിസ്റ്റ് പാർട്ടിക്കും ഇന്ത്യൻ പാർലമെൻററി ജനാധിപത്യത്തിൻറെ ചരിത്രത്തിൽ സവിശേഷ സ്ഥാനം തന്നെയുണ്ട്. പക്ഷേ അത്രയും സവിശേഷത തന്നെ ആ സർക്കാരിനെ മറിച്ചിടാൻ കോൺഗ്രസ്, പ്രത്യേകിച്ച് 1950കളുടെ അവസാനം കോൺഗ്രസ് കുത്തിപ്പൊക്കിയ പുതിയ അധ്യക്ഷ ഇന്ദിരാഗാന്ധി, സ്വീകരിച്ച ജനാധിപത്യവിരുദ്ധ നയങ്ങൾക്കും അടവുകൾക്കും ഉണ്ട്.
1954ൽ കോൺഗ്രസിന്റെ അധ്യക്ഷ പദവിയിൽ നിന്ന് മാറിയ ജവഹർലാൽ നെഹ്റു തന്റെ പിന്മുറക്കാരനായി നാമനിർദ്ദേശം ചെയ്തത് യു എൻ ദേബറിനെ ആയിരുന്നു. 1959 വരെ അധ്യക്ഷപദവിയിൽ തുടർന്ന ദേബറിനെ മാറ്റാൻ കോൺഗ്രസ് 1959 ഫെബ്രുവരിയിൽ ഡൽഹിയിൽ ഒരു പ്രത്യേക സമ്മേളനം വിളിക്കുകയും അവിടെവെച്ച് ഇന്ദിരാഗാന്ധിയെ അവരോധിക്കുകയുമായിരുന്നു. പാർട്ടിക്ക് യുവ നേതൃത്വം വേണമെന്ന പാർട്ടിക്കകത്തെ മുറവിളിയെ തുടർന്നായിരുന്നു ഇതെന്ന് കോൺഗ്രസ്സ് ചരിത്രകാരന്മാർ പറയുന്നു.
പ്രധാനമന്ത്രിയായിരുന്ന നെഹ്റുവിന് ഈ നിയമനത്തിൽ താല്പര്യമില്ലായിരുന്നു എന്ന് വ്യഖ്യാനമുണ്ടെങ്കിലും സ്വന്തം പുത്രിയെ പാർട്ടിയുടെ അധിപയാക്കി മാറ്റുന്നതിന് അദ്ദേഹം മൗനസമ്മതം മൂളി എന്ന കാര്യത്തിൽ സംശയമില്ല. തീർച്ചയായും ഇന്ത്യൻ ജനാധിപത്യത്തിലെ ആദ്യത്തെ കുടുംബ വാഴ്ചപരമായ വലിയ അപചയം ആയിരുന്നു അത്. ലോകം ബഹുമാനിച്ച നെഹ്റുവെന്ന നീതിജ്ഞനായ രാജ്യതന്ത്രജ്ഞന്റെ ധാർമിക പതനത്തിന്റെ നിദര്ശനവും.
ഇന്ത്യയിലെ ബൂർഷ്വാ ഭരണഘടനയുടെ ചട്ടക്കൂടിനു അകത്ത് നിന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിയും കേരളത്തിലെ സംസ്ഥാന സർക്കാരും ഭരിക്കുക എന്ന് തുടക്കം മുതലേ ഇ എം എസ്സും അദ്ദേഹം നേതൃത്വം നൽകിയ മന്ത്രിസഭയും വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ ആ മന്ത്രിസഭ നടപ്പാക്കിയ പല പരിപാടികളും ബൂർഷ്വാ മുതലാളിത്തത്തിന്റെ ലിബറൽ നയങ്ങളോടും അത് പ്രതിനിധാനം ചെയ്ത പുരോഗമന ആശയങ്ങളോടും പൊരുത്തപ്പെടുന്നതായിരുന്നു. ഭൂപരിഷ്കരണം, വിദ്യാഭ്യാസ സമ്പ്രദായത്തിലെ പരിഷ്കാരങ്ങൾ എന്നിവയെല്ലാം സമഗ്രമായ പ്രത്യയശാസ്ത്ര പരിശോധനയിൽ ഈ അടിസ്ഥാനത്തിൽ ഉള്ളവ തന്നെ. പക്ഷേ പരിമിതമായ ഈ പുരോഗമന നടപടികൾ പോലും കേരളത്തിലെ ഫ്യുഡൽ ശക്തികൾക്ക് ഉൾക്കൊള്ളാൻ പറ്റിയില്ല. ആ ഉൾക്കൊള്ളായ്മ ആണ് വിമോചന സമരത്തിൽ കലാശിച്ചത്.
ഏതുവിധേനയും അധികാരം തിരിച്ചുപിടിക്കണം എന്ന് വാശിയിൽ അന്ധരോഷം ഉൾക്കൊണ്ട കേരളത്തിലെ കോൺഗ്രസ് നേതൃത്വവും വിമോചന സമരത്തെ ഏറ്റെടുത്തു. താൻ അധ്യക്ഷ പദവിയിൽ വന്നതിന് ശേഷം ലോകത്തിനു കാണിക്കാൻഒരു “ സ്ട്രോങ്ങ് ആക്ഷൻ “ വേണമെന്ന് തീരുമാനിച്ചിരുന്ന ഇന്ദിരാഗാന്ധി സമരക്കാരെ ശക്തമായി പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ആ പ്രോത്സാഹനത്തിന്റെ ഒരു ഘട്ടത്തിൽ ഇഎംഎസ് മന്ത്രിസഭയെ പുറന്തള്ളാൻ പ്രധാനമന്ത്രിയും പിതാവുമായ നെഹ്റുവിനോട് അക്ഷരാർത്ഥത്തിൽ ഇന്ദിര ആജ്ഞാപിക്കുകയായിരുന്നു എന്നും കുറിക്കപ്പെട്ടിട്ടുണ്ട്. അങ്ങനെ കുറിച്ചവരിൽ ഒരാൾ ഇന്ദിരാഗാന്ധിയുടെ ഭർത്താവും കോൺഗ്രസിന്റെ നേതാവുമായിരുന്ന ഫിറോസ് ഗാന്ധി തന്നെയാണ്.

ഇത്തരം ആജ്ഞകൾ ഒരു പ്രധാനമന്ത്രി തന്നെ ഏറ്റു വാങ്ങേണ്ടി വന്ന ഈ ദശകത്തിൽ തന്നെയാണ് സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും വലിയ വ്യക്തിഗത സാന്നിധ്യമായ നെഹ്റു നിര്യാതനായതും. പഞ്ചായത്തി രാജ് പ്രാദേശിക ഭരണനിർവഹണ പദ്ധതികൾ രാജസ്ഥാനിലും കാമരാജിന്റെ നേതൃത്വത്തിലുള്ള തമിഴ്നാട്ടിലെ കോൺഗ്രസ്സ് മന്ത്രിസഭ സ്കൂളുകളിൽ ഉച്ചഭക്ഷണ പദ്ധതി നടപ്പാക്കി സാർവത്രിക വിദ്യാഭ്യാസത്തിനും പാർശ്വവത്കൃത ജനതയുടെ പോഷകാഹാര ദൗർലഭ്യം പരിഹരിക്കാനുള്ള ശ്രമങ്ങൾക്കും ശക്തി പകർന്നതും ഇന്ത്യയുടെ ബഹിരാകാശ ഗവേഷണത്തിന് നാന്ദി കുറിക്കപ്പെട്ടതും നെഹ്റുവിന്റെ സാന്നിധ്യം ദേശീയ രാഷ്ട്രീയത്തിൽ നിറഞ്ഞു നിൽക്കുമ്പോൾ തന്നെ.
രണ്ട് യുദ്ധങ്ങളും – 1962ൽ ചൈനയുമായും 1965 ൽ പാക്കിസ്ഥാനുമായും – ഇന്ത്യൻ ഇടതുപക്ഷ തീവ്രവാദത്തിന്റെ തിരിച്ചുവരവ് കുറിച്ചുകൊണ്ട് 1967ൽ പശ്ചിമ ബംഗാളിലെ നക്സൽ ബാരിയിൽ ആരംഭിച്ച മാവോയിസ്റ്റു സായുധ പ്രസ്ഥാനവും 1957 മുതൽ 1967 വരെയുള്ള ആസാദിയുടെ രണ്ടാം ദശകത്തിന്റെ ചില ഘട്ടങ്ങളിൽ രാഷ്ട്രത്തെ പിടിച്ചുലച്ചു. എങ്കിലും ഈ 10 വർഷങ്ങൾ സാകല്യത്തിൽ പരിശോധിക്കുമ്പോൾ അവയിലെ ഏറ്റവും നിർണായകമായ സ്വാധീനധാര ഇന്ത്യൻ ജനാധിപത്യത്തിൻറെ ബഹുമുഖവും വൈവിധ്യപൂർണവുമായ വികാസ-പരിണാമങ്ങളും ഈ ബഹുത്വത്തിൻറെയും വൈവിധ്യത്തിന്റെയും ഗുണഫലങ്ങളെ തുരങ്കം വെക്കാൻ ദേശീയ നേതൃത്വത്തിൽ നിന്ന് തന്നെ ഉണ്ടായ ശ്രമങ്ങളും ആ കുൽസിത നീക്കങ്ങൾക്ക് കിട്ടിയ ആക്കവും വേരോട്ടവും തന്നെയാണെന്ന് കാണാം.
സ്വാതന്ത്ര്യ സമരം മൂർത്തവും തീവ്രവുമായ രൂപഭാവങ്ങൾ കൈവരിച്ച ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യത്തെ നാലര ദശകത്തിലും സ്വാതന്ത്ര്യത്തിനു ശേഷമുള്ള രണ്ടു പതിറ്റാണ്ടിലും രാഷ്ട്രത്തിന്റെ രാഷ്ട്രീയ മുഖ്യധാരയിൽ സ്ഥാനമില്ലാതിരുന്ന ഹിന്ദുത്വ വക്താൾക്കും ഇതിന് ഇടയിൽ മുഖ്യധാരയിലേക്ക് പ്രവേശിക്കാൻ പറ്റിയെന്നതും ഈ രണ്ടാം ദശകത്തിന്റെ പ്രത്യേകത തന്നെ. ആസാദിയുടെ മൂന്നാം ദശകത്തിലേക്ക് ഇന്ത്യ കടക്കുമ്പോൾ രണ്ടാം ദശകത്തിൽ അടയാളപ്പെടുത്തപ്പെട്ട ജനാധിപത്യ വിരുദ്ധ, അമിതാധികാര, വിഭാഗീയ പ്രവണതകൾ കൂടുതൽ വ്യാപകമായി. പൗരാവകാശ ലംഘനത്തിനും ജനങ്ങളെ അടിച്ചമർത്തി ഭരിക്കുന്നതിനും നിയമസാധുത ചാർത്തി നൽകിയ വ്യവസ്ഥാപിത സമ്പ്രദായം അടിച്ചേല്പിക്കപ്പെടുന്നതിലേക്കും അത് നയിച്ചു. എങ്കിലും ദേശീയ വിമോചന സമരത്തിന്റെയും ഭരണഘടനയുടെയും മൂല്യങ്ങൾ ഇന്ത്യയുടെയും ഇന്ത്യൻ ജനതയുടെയും ആന്തരിക ധമനികളിൽ നിലനിൽക്കുന്നുണ്ട് എന്നും ആ കാലം തെളിയിച്ചു. അതെ പറ്റി അടുത്ത ലക്കത്തിൽ.
(തുടരും)
ആദ്യ ഭാഗങ്ങൾ ഇവിടെ വായിക്കാം.
സ്വാതന്ത്ര്യനന്തര ഇന്ത്യൻ ചരിത്രത്തിന്റെ വിമർശനാത്മകമായ പുനരാഖ്യാനം എന്ന് വിശേഷിപ്പിക്കാവുന്ന ഈ ലേഖന പരമ്പര പല പുതിയ അറിവുകളും നൽകുന്നുണ്ട്. യുവ തലമുറ ശ്രദ്ധിച്ചു വായിക്കേണ്ട ഒന്ന്. പഴയ കാര്യങ്ങൾ പറയുമ്പോൾ (ബ്രേക്കറ്റിൽ പുതിയ പേർ നൽകി) സംസ്ഥാനങ്ങളുടെ അന്നത്തെ പേരുകൾ കൊടുക്കേണ്ടതായിരുന്നു എന്ന് തോന്നി.