സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും നിർണായകമായ പത്ത് വർഷങ്ങളായിരുന്നു 1967 മുതൽ 1977 വരെ ഇന്ത്യ കണ്ടതും അനുഭവിച്ചതും. അക്ഷരാർത്ഥത്തിൽ സംഭവബഹുലമായിരുന്നു ആസാദിയുടെ ഈ മൂന്നാം ദശകം. ഈ സംഭവബഹുലത ബഹുമുഖവും ബഹുസ്വരവുമായിരുന്നു. പത്ത് വർഷത്തിനുള്ളിൽ ഒരു രാഷ്ട്രം ഗുണദോഷങ്ങളുടെ ഒരു വെള്ളപാച്ചിൽ തന്നെ അനുഭവിച്ചു. രാഷ്ട്രത്തിന്റെ ജനാധിപത്യ സങ്കല്പനങ്ങൾ ഒരേ സമയം ഭരണകൂടത്തിൽ നിന്നുള്ള കടുത്ത വെല്ലുവിളിക്കും ആ വെല്ലുവിളിയെ അതിജീവിക്കാനുള്ള ജനതയുടെ നിശ്ചയദാർഢ്യത്തിനും സാക്ഷിയായി.
ആസാദിയുടെ കൊടുക്കൽ വാങ്ങലുകളെ സാകല്യത്തിൽ പരിശോധിക്കുമ്പോൾ 75 വർഷത്തിന് ഇടയിൽ ഇന്ത്യയിൽ നടന്ന അടിസ്ഥാനപരമായ ദിശാമാറ്റങ്ങൾ (Paradigm shifts) അടയാളപ്പെടുത്താൻ ‘ഏഴര’യുടെ ആദ്യ ലക്കത്തിൽ ശ്രമിച്ചിരുന്നു. അങ്ങനെ എണ്ണിയ ആറു പാരഡൈം ഷിഫ്റ്റുകളിൽ രണ്ടെണ്ണം ഈ ദശകത്തിലാണ് ഉണ്ടായത്.
രണ്ടാമത്തെ പാരഡൈം ഷിഫ്റ്റ് ആയ 14 സ്വകാര്യ ബാങ്കുകളുടെ ദേശസാൽക്കരണവും പ്രിവിപേഴ്സ് റദ്ദാക്കലും (സ്വാതന്ത്ര്യ പൂർവ്വകാലത്ത് നാട്ടുരാജാക്കന്മാരായിരുന്നവർക്ക് നൽകി വന്ന സാമ്പത്തിക ആനുകൂല്യമടക്കമുള്ള പ്രത്യേക പരിഗണനാ സംവിധാനം) മൂന്നാമത്തെ പാരഡൈം ഷിഫ്റ്റ് ആയ അടിയന്തരാവസ്ഥയും അതിനു എതിരായ ജനകീയ പ്രതിരോധവും.
രാഷ്ട്രത്തിൻറെ ചരിത്രത്തിൽ ആദ്യമായി പ്രകടവും ഭരണവ്യവസ്ഥയുടെ നിയമ-സാങ്കേതിക തലങ്ങളിൽ സാധൂകരിക്കപ്പെട്ടതുമായ ജനാധിപത്യ ധ്വംസനം കൊടുമ്പിരി കൊണ്ട 21 മാസങ്ങൾ. അതായിരുന്നു 1975 -77 വർഷങ്ങളിലെ ദേശീയ അടിയന്തരാവസ്ഥ. ഈ 21 മാസങ്ങൾക്കു ശേഷം ജനകീയ പ്രതിരോധത്തിന്റെയും ഉയർത്തെഴുന്നേല്പിന്റെയും ഒരു തിരഞ്ഞെടുപ്പ് ചരിത്രവും ഈ ദശകം അടയാളപ്പെടുത്തി.
ഇതേ ദശകത്തിൽ തന്നെയാണ് ദൂരവ്യാപകമായ സാമ്പത്തിക പ്രത്യാഘാതങ്ങൾ – പല അർത്ഥങ്ങളിലും സാമ്പത്തിക നീതിക്കും തുല്യതയ്ക്കും വേണ്ടിയുള്ള ശ്രമങ്ങളെ ശക്തിപ്പെടുത്തിയ നീക്കങ്ങൾ – ഉണ്ടാക്കിയ മൂർത്തമായ ചില നയ രൂപീകരണങ്ങളും നടപടികളും ഉണ്ടായത്. പക്ഷെ അത് മൂർത്തമായ ജനാധിപത്യ ധ്വംസനത്തിനും ജനകീയ ഉയർത്തെഴുന്നില്പ്പിനും മുൻപായിരുന്നു.
പ്രത്യക്ഷത്തിൽ ബന്ധമില്ലാത്തവയെന്ന് തോന്നുമെങ്കിലും പുരോഗമനപരവും പ്രതീക്ഷാജനകവുമായ സംഭവവികാസങ്ങൾക്കും പ്രവണതകൾക്കും, ജനാധിപത്യവിരുദ്ധമായ ഭരണകൂട അതിക്രമങ്ങൾക്കും രാഷ്ട്രീയത്തിന്റെ തലത്തിൽ ഒരു ആന്തരിക ബന്ധമുണ്ടായിരുന്നു. കോൺഗ്രസിന്റെ അധികാരകുത്തക നിലനിറുത്താനുള്ള ബഹുമുഖ ശ്രമങ്ങളും അവയോടുള്ള പ്രതികരണങ്ങളും ആയിരുന്നു ഈ ആന്തരിക രാഷ്ട്രീയതലത്തിന്റെ മൂലക്കല്ല്.
ആസാദിയുടെ രണ്ടാം ദശകത്തിന്റെ അവസാന വർഷം – 1967 ൽ – ലോകസഭാ തിരഞ്ഞെടുപ്പും ഒൻപത് സംസ്ഥാനങ്ങളിലെ അസംബ്ലി തിരഞ്ഞെടുപ്പും നടന്നപ്പോൾ അത് വരെ ഏകകക്ഷി ഭരണത്തിന്റെ കുത്തക അനുഭവിച്ചിരുന്ന കോൺഗ്രസിനേറ്റ തിരിച്ചടിയെ പറ്റി ‘ഏഴര’യുടെ കഴിഞ്ഞ ലക്കത്തിൽ പരാമർശിച്ചിരുന്നു. ആ തിരിച്ചടിയാണ് ആസാദിയുടെ മൂന്നാം ദശകത്തിലെ വമ്പൻ സംഭവങ്ങൾക്ക് വഴിയൊരുക്കിയത്.
നെഹ്‌റുവിൽ നിന്ന് ഇന്ദിരയിലേക്കുള്ള ദൂരം
1967 ലെ നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ബിഹാറും ഡൽഹിയും അടക്കമുള്ള ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും, തെക്ക് തമിഴ്‌നാട്ടിലും, കേരളത്തിലും, പടിഞ്ഞാറു ഗുജാറാത്തിലും കോൺഗ്രസ്സിന് ഏറിയും കുറഞ്ഞുമുള്ള പ്രഹരം ഏൽപ്പിച്ചു, ദ്രാവിഡ മുന്നേററ കഴകവും, ഭാരതീയ ജനസംഘവും, സംയുക്ത സോഷ്യലിസ്റ്റ് പാർട്ടിയും, പ്രജാസോഷ്യലിസ്റ് പാർട്ടിയും, കമ്മ്യൂണിസ്റ്റു പാർട്ടികളും. തമിഴ്‌നാട്ടിൽ ദ്രാവിഡ മുന്നേററ കഴകവും കേരളത്തിൽ കമ്യൂണിസ്റ്റു പാർട്ടികൾ നയിച്ച കോൺഗ്രസ്സ് വിരുദ്ധ സഖ്യവും അധികാരം നേടുകയും ചെയ്തു.
1966 ജനുവരിയിൽ അന്നത്തെ പ്രധാനമന്ത്രി ലാൽ ബഹാദൂർ ശാസ്ത്രിയുടെ നിര്യാണത്തിനു ശേഷം അധികാരമേറ്റ ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു കോൺഗ്രസ്സ് ഈ തിരിച്ചടികൾ ഏറ്റുവാങ്ങിയത്. സ്വാഭാവികമായും കോൺഗ്രസിന് അകത്ത് ഇന്ദിരാഗാന്ധിക്കും, ആദ്യ പ്രധാനമന്ത്രി നെഹ്‌റുവിന്റെ മകൾ എന്ന നിലയിൽ അവർ പ്രതിനിധാനം ചെയ്ത കുടുംബവാഴ്ചയ്ക്കും എതിരെ ശബ്ദമുയരാൻ തുടങ്ങി.
1966 ൽ ശാസ്ത്രിയുടെ ആകസ്മിക മരണത്തിനു ശേഷം ഒരു ഉൾപാർട്ടി തിരഞ്ഞെടുപ്പിന് ശേഷമാണ് ഇന്ദിരാ ഗാന്ധി പ്രധാനമന്ത്രി ആയതു എന്നതും ഈ മുറുമുറുപ്പുകൾക്ക് ആക്കം കൂട്ടി. ആ ഉൾപാർട്ടി തിരഞ്ഞെടുപ്പിൽ ഇന്ദിരയെ എതിർത്തത് മൊറാർജി ദേശായി ആയിരുന്നു. നെഹ്‌റു നയിച്ച കേന്ദ്ര മന്ത്രിസഭയിൽ തന്നെ 1958 – 63 കാലയളവിൽ ധനമന്ത്രി ആയിരുന്നു ദേശായി.
ഇന്ത്യയെ പോലെയുള്ള, ബഹുമുഖ സാമൂഹിക-സാമ്പത്തിക ധാരകൾ സഹവർത്തിക്കുന്ന ഒരു രാജ്യത്തിനു ആവശ്യം സോഷ്യലിസവും സ്വതന്ത്ര വിപണിയുമായുള്ള സമരസപ്പെടുത്തലാണ് എന്ന് ബോധ്യമുണ്ടായിരുന്ന നെഹ്‌റു എന്ന പ്രധാനമന്ത്രി അത് നടപ്പാക്കാൻ ഉണ്ടാക്കിയെടുത്തത് “സങ്കര സമ്പദ് വ്യവസ്ഥ” (Mixed Economy) എന്ന സങ്കല്പനവും പരിപാടിയുമായുമായിരുന്നു. ആ പരിപാടി നടപ്പാക്കുന്നതിന് നെഹ്‌റു സ്വീകരിച്ച പല ആയുധങ്ങളിൽ ഒന്നായിരുന്നു സമ്പൂർണമായും ലൈസെസ് -ഫെയർ (laissez-faire) സമ്പദ് ശാസ്ത്ര പക്ഷക്കാരനായ ദേശായി. പല തലങ്ങളിലും കടുത്ത സോഷ്യലിസ്റ്റ് ആയിരുന്ന നെഹ്‌റുവിന്റെ തന്നെ പ്രതിബിന്ദു (counter point).
നെഹ്‌റുവിന്റെ മരണ ശേഷം തന്റെ ലൈസെസ് -ഫെയർ സമീപനം കൂടുതൽ ശക്തമായി അവതരിപ്പിച്ചു തുടങ്ങിയിരുന്നു ദേശായി. അച്ഛന്റെ പാതയിൽ നിന്ന് വ്യത്യസ്തമായി രാഷ്ട്രീയവും സമ്പദ്‌ശാസ്ത്രപരവും വ്യക്തിപരമാവുമായ സമന്വയത്തിന് ശ്രമിക്കില്ല എന്ന് വ്യക്തമാക്കി കൊണ്ടാണ് 1966 ജനുവരിയിൽ ഇന്ദിരാഗാന്ധി തന്റെ ഭരണം തുടങ്ങുന്നത്. ദേശായിക്ക് പകരം സചിന്ദ്ര ചൗധരിയെയാണ് ഇന്ദിരാ ഗാന്ധി ആദ്യം ധനമന്ത്രി ആക്കിയത്.
പക്ഷെ 1967 ഫെബ്രുവരിയിൽ നടന്ന ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീടുള്ള മാസങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും തിരിച്ചടി നേരിട്ടപ്പോൾ തന്റെ ഏകപക്ഷീയ സമീപനം കോൺഗ്രസിന് അകത്ത് കൂടുതൽ പ്രശ്നം ഉണ്ടാക്കും എന്ന് അവർ തിരിച്ചറിഞ്ഞു. ലോകസഭയിൽ 78 സീറ്റുകളുടെ അഭൂതപൂർവമായ കുറവാണ് കോൺഗ്രസിന് ഉണ്ടായത്. അതോടെ നെഹ്‌റുവിന്റെ വഴിയുടെ മൂല്യവും ഇന്ദിര തിറിച്ചറിഞ്ഞു. അപ്പോൾ ഇന്ദിരാ ഗാന്ധി ചെയ്തത് ദേശായിയെ തന്റെ ധനമന്ത്രിയായും ഉപപ്രധാന മന്ത്രിയായും നിയമിക്കുകയാണ്.
പക്ഷെ ഇന്ദിരയുടെ ഈ ഒത്തുതീർപ്പ് നീക്കം അവർക്ക് എതിരെ സാമ്പത്തിക-സാമൂഹിക വിഷയങ്ങൾ ഉയർത്തി കടന്നാക്രമിക്കാനുള്ള സിഗ്നൽ ആയാണ് ദേശായി പക്ഷം കണ്ടത്. സാമ്പത്തിക വിഷയങ്ങളിൽ സ്വകാര്യ മേഖലയുടെ സാന്നിധ്യവും സ്വാധീനവും വർധിപ്പിക്കാനും സർക്കാർ നിയന്ത്രണം കുറയ്ക്കാനുമുള്ള നിർദേശങ്ങൾ ദേശായി മുന്നോട്ടു വെച്ചു. ഇതിനോടുള്ള പ്രതികരണം പ്രധാനമന്ത്രിയുടെ സെക്രട്ടറിയറ്റിൽ നിന്ന് തന്നെയാണ് ആദ്യം ഉയർന്നത്.
1967 ലെ തിരഞ്ഞെടുപ്പു തിരിച്ചടികൾക്ക് മൂർത്തമായ ഒരു കാരണം, സാധാരണക്കാർക്ക് ഇടയിൽ വർധിച്ചു വരുന്ന സാമ്പത്തിക അരക്ഷിതാവസ്ഥ ആണെന്ന് അതിനകം ഇന്ദിരയുടെ മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായി മാറി കഴിഞ്ഞിരുന്ന പഴയ മാർക്സിസ്റ്റും, ഫേബിയൻ സോഷ്യലിസ്റ്റുമായ പി എൻ ഹക്സർ ചൂണ്ടിക്കാട്ടി. കൂടുതൽ കൂടുതലായി സോഷ്യലിസ്റ്റ് ആശയങ്ങൾ സർക്കാർ നടപടികളിൽ ഉണ്ടാവണം എന്നും ഹക്സർ വാദിച്ചു.
മോത്തിലാൽ നെഹ്‌റുവിന്റെ കാലം മുതൽ നെഹ്‌റു കുടുംബവുമായി അടുത്ത ബന്ധം ഉണ്ടായിരുന്ന “സഹ കാശ്മീരി” യുടെ (fellow Kashmiri) വാദങ്ങളിൽ ഇന്ദിര വലിയ മൂല്യം കണ്ടു. അക്കാലത്ത് പ്രധാന മന്ത്രിയുടെ ആപ്പീസിലെ പ്രമുഖ സാന്നിധ്യങ്ങളായ എസ് കെ മൈത്ര, ഡി. എൻ ഘോഷ് എന്നിവരും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് ഐ. ജി പട്ടേലും ഹക്സറിന്റെ വാദമുഖങ്ങളോട് യോജിച്ചു. അതോടെ ഇതൊരു പ്രത്യയശാസ്ത്ര സമരമാക്കി മാറ്റിയെടുക്കാൻ ഇന്ദിരയും തീരുമാനിച്ചു.
അടിസ്ഥാനപരമായി യഥാതഥ രാഷ്ട്രീയത്തിന്റെ ചളി പാസ്സുകൾ അടക്കമുള്ള കൊടുക്കൽ വാങ്ങലുകളിലും കളികളിലും (അതായത് റിയൽ പൊളിറ്റിക്കിൽ – Realpolitic) ആധാരമായ ഒരു നടപടി വലിയ പ്രത്യയശാസ്ത്ര സമരമായി മാറുകയായിരുന്നു. മൂർത്തമായ തലത്തിൽ ഹക്സർ തന്നെയാണ് ഇതിൻറെ പ്രധാന വഴികൾ ബാങ്ക് ദേശസാത്കരണവും, പ്രിവി പേഴ്സ് നിർത്തലാക്കലും ആയിരിക്കണം എന്നും അടയാളപ്പെടുത്തുന്നത്.
ബാങ്ക് ദേശസാൽക്കരണ പ്രക്രിയ 1969 ൽ തുടങ്ങി 1970 ലും, പ്രിവിപേഴ്സ് റദ്ദാക്കിക്കൊണ്ടുള്ള ഭരണ നിർവഹണ നടപടികൾ 1970 ൽ തുടങ്ങി 1971 ലും ആണ് പൂർത്തീകരിച്ചത്. ആശയങ്ങളുടെ തലത്തിൽ ഏറെ മാസങ്ങൾ ചർച്ച ചെയ്യപ്പെട്ടിരുന്നവെങ്കിലും ഇന്ദിരാഗാന്ധിയുടെ സ്വതസിദ്ധമായ “ഞെട്ടിപ്പിക്കലും അതിശയിപ്പിക്കലും കൂടിച്ചേർന്ന“ ശൈലിയിലാണ് രണ്ട് പരിപാടികളും നടപ്പിലാക്കപ്പെട്ടത്. 1969 ജൂലൈ മാസമാണ് ബാങ്ക് ദേശസാൽക്കരണത്തിന്റെ ആദ്യ ഉത്തരവ്. കൃത്യമായി പറഞ്ഞാൽ 1969 ജൂലൈ 17 ന്.
ദൂരവ്യാപകമായ പ്രത്യാഘാതങ്ങൾ ഉള്ള ആ നടപടി എടുക്കുന്നതിന് തൊട്ടു മുമ്പാണ് ദേശായിയെ ധനമന്ത്രി സ്ഥാനത്തുനിന്ന് ഇന്ദിരാഗാന്ധി മാറ്റുന്നത്. ഉപപ്രധാനമന്ത്രിയായി തുടരണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു ധനവകുപ്പ് എടുത്തുമാറ്റിയത്. തൊട്ടുപിറകെ ബാങ്ക് ദേശസാൽക്കരണ ഉത്തരവും ഇറങ്ങി.അതോടെ തൻറെ ഉദാരവൽക്കരണ സാമ്പത്തിക സമീപനങ്ങൾ തുടർന്നുകൊണ്ടുപോകാൻ സാധ്യമല്ല എന്ന് ദേശായി തിരിച്ചറിഞ്ഞു. അദ്ദേഹം അന്ന് തന്നെ മന്ത്രിസഭയിൽ നിന്ന് രാജിവെച്ചു.
ഏതാണ്ട് നാല് മാസത്തിനകം, 1969 നവംബറിൽ ഇന്ദിരാ ഗാന്ധിയുമായുള്ള എല്ലാ രാഷ്ട്രീയ ബന്ധങ്ങളും അവസാനിപ്പിച്ചു കോൺഗ്രസ്സിനെ പിളർത്തുകയും ചെയ്തു ദേശായിയും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്ന കാമരാജിനെ പോലുള്ളവരും. പക്ഷെ, അധികാര രാഷ്ട്രീയത്തിന്റെ തലത്തിലുള്ള ഈ സംഭവവികാസങ്ങൾക്ക് അപ്പുറം ബാങ്ക് ദേശസാൽക്കരണം സ്വതന്ത്ര ഇന്ത്യയിലെ ഭരണകൂടങ്ങളുടെ അടിസ്ഥാന സമീപനങ്ങളെ, പ്രത്യേകിച്ച് സാമ്പത്തിക സമീപനങ്ങളെ, തുറന്ന് കാട്ടുന്നത് കൂടിയായിരുന്നു.
സ്വാതന്ത്ര്യം, സമത്വം, സാമൂഹ്യനീതി എന്നിവയെ ആധാരശിലയാക്കിയ ഒരു ഭരണഘടനയും അതിന്റെ അടിസ്ഥാനത്തിലുള്ള ഒരു ഭരണകൂടവുമാണ് ഇന്ത്യൻ ഭരണാധികാരികൾ തുടക്കം മുതൽ വാഗ്ദാനം ചെയ്തത്. ജവഹർലാൽ നെഹ്റുവിനെയും അംബേദ്കറിനെയും പോലുള്ളവർ ആ വഴിക്ക് തന്നെയാണ് പ്രവർത്തിച്ചതും. പക്ഷേ സാമ്പത്തിക നയത്തിന്റെ വിശദാംശങ്ങളുടെ തലത്തിൽ പൂർണ്ണമായും ജനപക്ഷത്ത് ചേർന്നുകൊണ്ടുള്ള സമീപനങ്ങൾ സമഗ്രമായ അർത്ഥത്തിൽ രൂപവൽക്കരിക്കാൻ ഈ നേതൃത്വത്തിന് കഴിഞ്ഞില്ല.
ബാങ്ക് ദേശസാൽക്കരണം സംബന്ധിച്ച് സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷം മുതൽ ഭരണകക്ഷിയായ കോൺഗ്രസിനകത്ത് നിലനിന്ന ആശയക്കുഴപ്പവും സംഘർഷവും ഈ അപര്യാപ്തതയുടെ ചരിത്ര നിദർശനമാണ്. 1948 ൽ തന്നെ നെഹ്റു നയിച്ച കോൺഗ്രസിന്റെ സാമ്പത്തിക പരിപാടി സമിതിയിൽ (Economic Programme Committee) ബാങ്ക് ദേശസാൽക്കരണം എന്ന ആശയം ഉയർന്നുവന്നിരുന്നു.
അക്കാലത്തെ പ്രധാന ബാങ്കായ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യയെ പൊതു ഉടമസ്ഥതയിൽ ആക്കണം എന്നതായിരുന്നു ഉയർന്നുവന്ന പ്രധാന ആവശ്യം. ഇന്ത്യയിലെ ബാങ്ക് നിക്ഷേപത്തിന്റെ 90% വും ഇംപീരിയൽ ബാങ്ക് അടക്കമുള്ള 14 സ്വകാര്യ ബാങ്കുകളിൽ ആണ് എന്നും അത്തരം കേന്ദ്രീകൃത നിക്ഷേപം സ്വകാര്യ മേഖലയിൽ നിലനിർത്തുന്നത് സാധാരണക്കാരായ ജനങ്ങൾക്ക് ഗുണകരമല്ല എന്നും കോൺഗ്രസിനകത്തും പുറത്തും ഉള്ള ഇടതുപക്ഷ വിശ്വാസികൾ ആ കാലത്ത് ശക്തമായി വാദിച്ചിരുന്നു. കമ്മ്യൂണിസ്റ്റ് പാർട്ടിയും കോൺഗ്രസ്സിനകത്തെ സോഷ്യലിസ്റ്റ് ആശയക്കാരും ഒക്കെ ഇത് ആവർത്തിച്ച് വ്യക്തമാക്കി.
ഈ ശബ്ദങ്ങളെ നെഹ്റു പിന്തുണച്ചുവെങ്കിലും സർദാർ വല്ലഭായി പട്ടേൽ, സി. ഡി ദേശ്മുഖ് തുടങ്ങിയ വലതുപക്ഷ നേതാക്കന്മാരുടെ എതിർപ്പിനെ തുടർന്ന് നീക്കം ഉപേക്ഷിച്ചു. രണ്ടു വർഷത്തിനുശേഷം 1951ൽ സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ജയപ്രകാശ് നാരായണനും കമ്മ്യൂണിസ്റ്റ് പാർട്ടിയും സമാനമായ ആവശ്യം മുന്നോട്ടു വെച്ചു. ഈ കക്ഷികളുടെയും കൂടി സമ്മർദ്ദത്തിന്റെ ഫലമായി 1955ൽ ഇംപീരിയൽ ബാങ്ക് ഓഫ് ഇന്ത്യ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയായി മാറി.
ഏതാണ്ട് ഒരു പതിറ്റാണ്ടിന് ശേഷം, 1964 ൽ, ഭുവനേശ്വറിൽ കോൺഗ്രസ് സമ്മേളനം ചേർന്നപ്പോൾ “ജനാധിപത്യവും സോഷ്യലിസവും” എന്ന പ്രമേയത്തിന്റെ ചർച്ചയിൽ കോൺഗ്രസ് നേതാക്കൾ ഒരിക്കൽ കൂടി ബാങ്ക് ദേശസാൽക്കരണത്തെ പരാമർശിച്ചു. പക്ഷേ, അന്ന് കേന്ദ്ര ധനമന്ത്രി കൂടി ആയിരുന്ന ടി. ടി കൃഷ്ണചാരി ഈ ആശയത്തെ പാർലമെൻറിൽ തന്നെ എതിർത്തു.
അങ്ങനെ സാധാരണക്കാരുടെ സാമ്പത്തിക ശാക്തീകരണം ലക്ഷ്യമാക്കിയ ഈ ആശയം, ഒരു റോളർകോസ്റ്ററിൽ എന്ന പോലെ ഉയർന്നും താഴ്ന്നും ഒന്നര ദശാബ്ദം അന്തരീക്ഷത്തിൽ തങ്ങി നിന്നു. ഒടുവിൽ അധികാരക്കളിയിലെ ഒരു വലിയ വെല്ലുവിളിയെ നേരിടാൻ ഉള്ള ഒരു realpolitk അഭ്യാസത്തിന്റെ ഭാഗമായി അത് യഥാർത്ഥമായി. നടപ്പാക്കാനുള്ള അടിയന്തര കാരണങ്ങൾ എന്തായാലും, ആത്യന്തികമായി ബാങ്ക് ദേശസാൽക്കരണം ലക്ഷക്കണക്കിന് ഇന്ത്യക്കാർക്ക് ഗുണം ചെയ്തു. സ്വതന്ത്ര ഇന്ത്യയിലെ രണ്ടാം പാരഡൈം ഷിഫ്റ്റിന്റെ ഭാഗമായി.
ഈ നടപടിക്ക് ജനങ്ങളിൽ നിന്ന് പൊതുവിലും രാഷ്ട്രീയ പരിസരങ്ങളിൽ നിന്ന് പ്രത്യേകിച്ചും ലഭിച്ച അനുകൂല പ്രതികരണത്തിന്റെ ശക്തിയിൽ ഇന്ദിര പ്രിവിപഴ്സ് നിറുത്തലാക്കാനുള്ള നീക്കങ്ങളും തുടങ്ങി. സ്വാതന്ത്ര്യ പൂർവ കാലത്തെ നാട്ടുരാജാക്കന്മാർക്ക് പ്രിവിപഴ്സ് വഴി നൽകി വന്ന സാമ്പത്തിക ആനൂകൂല്യങ്ങൾ അടക്കമുള്ള പ്രത്യേക പരിഗണനക്ക് എതിരെയും സ്വാതന്ത്ര്യത്തിന്റെ ആദ്യവർഷങ്ങൾ മുതൽ തന്നെ എതിർപ്പുണ്ടായിരുന്നു. പക്ഷെ അത് റദ്ദാക്കാനും വേണ്ടി വന്നു ചില സവിശേഷ റിയൽപൊളിറ്റിക്ക് പരിഗണനകൾ.
രാഷ്ട്രീയ പരിസരങ്ങളിൽ നിന്ന് ലഭിച്ച പിന്തുണ പാർലമെന്റിലെ കക്ഷി നിലയിലും പ്രതിഫലിച്ചു. അക്കാലം വരെ കോൺഗ്രസിനെ നിരന്തരമായി എതിർത്തിരുന്ന ദ്രാവിഡ മുന്നേററ കഴകവും കമ്മ്യൂണിസ്റ്റ് പാർട്ടിയും സഭയിൽ സർക്കാരിനെ പിന്തുണച്ചു. മൊറാർജി ദേശായിയും കാമരാജും നയിച്ച കോൺഗ്രസ്സ് പിളർപ്പിൽ 31 ലോകസഭാ അംഗങ്ങൾ ഇന്ദിരാ പക്ഷത്ത് നിന്ന് മാറിയിരുന്നു.
ആ കൂറുമാറ്റം 523 അംഗ സഭയിൽ ഇന്ദിരാ കോൺഗ്രസിന്റെ സംഖ്യ 221 ആക്കി ചുരുക്കി. ഭൂരിപക്ഷത്തിന് 41 സീറ്റ് കുറവ്. പക്ഷെ ഡി എം കെ യുടെ 26 എം പി മാരും സി പി ഐ യുടെ 23 ഉം ചേർന്നുള്ള പുതിയ പിന്തുണ നിലനിൽപ്പിന്റെ ആധാരവുമായി. പത്തൊമ്പത് ലോക സഭാംഗങ്ങൾ ഉണ്ടായിരുന്ന സി പി ഐ എം നേരിട്ട് സർക്കാരിനെ പിന്തുണച്ചില്ലെങ്കിലും തത്വത്തിൽ പ്രിവിപഴ്സ് നിറുത്തലാക്കനിനും ബാങ്ക് ദേശസാൽക്കരണത്തിനും ഒപ്പമായിരുന്നു.
ഈ നീക്കങ്ങൾ ഒക്കെ ഉണ്ടാക്കിയ ജനകീയ പിന്തുണയുടെ വേലിയേറ്റം കൂടുതൽ വലുതാക്കാൻ പര്യാപ്തമായ ഒരു മുദ്രാവാക്യവും 1971 ലെ തിരെഞ്ഞെടുപ്പിൽ ഇന്ദിരാ ഗാന്ധിയിൽ നിന്നുയർന്നു; “ഗരീബി ഹഠാവോ, ദേശ് ബച്ചാവോ” (ദാരിദ്ര്യം ദൂരീകരിക്കൂ, രാജ്യത്തെ രക്ഷിക്കൂ). ദാരിദ്ര്യനിർമാർജനത്തിനും, പാർശ്വവൽക്കരിക്കപ്പെട്ട ജനസമൂഹങ്ങളെ ഉയർത്താനും എടുത്ത ബാങ്ക് ദേശസാൽക്കരണത്തിന്റെയും പ്രിവിപേഴ്‌സ് റദ്ധാക്കലിന്റെയും തുടർച്ചയെന്ന മട്ടിൽ ഉയർത്തിയ ഈ മുദ്രാവാക്യം തിരെഞ്ഞെടുപ്പിൽ ഇന്ദിരയ്ക്ക് വലിയ നേട്ടം ഉണ്ടാക്കി കൊടുത്തു.
കോൺഗ്രസ് എന്ന മഹാ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തെ വലതുപക്ഷ സാമ്പത്തിക നയങ്ങളിൽ ഞെരുക്കി സാധാരണക്കാർക്കും പാവപ്പെട്ടവർക്കും ലഭിക്കേണ്ട ഗുണഫലങ്ങൾ നിഷേധിച്ചത് ദേശായിയെ പോലെയുള്ളവരാണെന്നും അവരെ പുറത്താക്കി കഴിഞ്ഞതിനാൽ ഇനി പാർട്ടിക്കും സർക്കാരിനും, സമത്വത്തിന്റെയും സാമൂഹ്യ നീതിയുടെയും വഴിയിൽ അചഞ്ചലമായി മുന്നേറാം എന്നും ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് യോഗങ്ങളിൽ ഉറക്കെ ഉറക്കെ പ്രഖ്യാപിച്ചു.
മുൻ തിരഞ്ഞെടുപ്പുകളിൽ എല്ലാം പാർട്ടിക്കൊപ്പം നിന്നിരുന്ന ദളിത് വിഭാഗങ്ങൾ വർധിതവീര്യത്തോടെ കോൺഗ്രസിന് പിന്നിൽ അണി നിരന്നു. 1967 ൽ 78 സീറ്റുകളുടെ കുറവ് അനുഭവിച്ച കോൺഗ്രസ് പക്ഷേ നാലുവർഷം കഴിഞ്ഞുള്ള ഗരീബി ഹഠാവോ തിരഞ്ഞെടുപ്പിൽ 69 സീറ്റുകളുടെ നേട്ടം കൈവരിച്ചു. 521 ലോകസഭയിൽ 352 എന്ന സുഖകരമായ ഭൂരിപക്ഷവും ഇന്ദിരാ കോൺഗ്രസിന് ലഭിച്ചു.
പലതലങ്ങളിലും ഈ വമ്പൻ വിജയം തന്നെയാണ് ആറു വർഷത്തിനുശേഷം ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും വലിയ പതനത്തിനും വഴിമരുന്നിട്ടത്. 1971 ലെ വിജയം അവരിൽ നേരത്തെ ഉണ്ടായിരുന്ന അപ്രമാദിത്വ ബോധവും, അമിതാധികാര പ്രവണതകളും കൂടുതൽ ശക്തമാക്കി.
അടിയന്തരാവസ്ഥ
ഇതോടൊപ്പം കുടുംബവാഴ്ചയുടെ വഴികളും വ്യാപിപ്പിക്കാനുള്ള നടപടികൾ അവർ എടുത്തു തുടങ്ങി. 1971 ലെ സർക്കാർ അധികാരത്തിലേറി ഏതാനും ദിവസങ്ങൾക്കകം തന്നെ തന്റെ ഇളയ മകനായ സഞ്ജയ് ഗാന്ധിയെ പിൻവാതിലിലൂടെ രാഷ്ട്രീയത്തിലേക്കും ഭരണനിർവഹണപ്രക്രിയയിലേക്കും അവർ കൊണ്ടുവന്നു.
നാസി ജർമൻ സ്വേച്ഛാധിപതി ഹിറ്റ്ലറുടെ പ്രസിദ്ധമായ ഫോക്സ്‌വാഗൺ ബീറ്റലിന്റെ (Volkswagen Beetle) ചരിത്രം ഓർമിപ്പിച്ചുകൊണ്ട് സാധാരണക്കാരന് വേണ്ടിയുള്ള കാർ ഉണ്ടാക്കാം എന്ന പ്രഖ്യാപനത്തോടെ ആയിരുന്നു സഞ്ജയ് ഗാന്ധിയുടെ കടന്നു വരവ്. ഓട്ടോമൊബൈൽ നിർമ്മാണ രംഗത്ത് മുൻ പരിചയമൊന്നും ഉണ്ടായിരുന്നില്ലെങ്കിലും, സഞ്ജയ് ഗാന്ധിക്കും അദ്ദേഹം സ്വരൂപിച്ച മാരുതി മോട്ടോഴ്സിനും ഈ കാർ ഉണ്ടാക്കാനുള്ള കരാർ നൽകപ്പെട്ടു.
നിയമവിരുദ്ധവും ക്രമവിരുദ്ധമായ ഈ കരാർ സമ്മാനം സ്വാഭാവികമായും വ്യാപകമായ പ്രതിഷേധം ഉയർത്തി. കരാർ സമ്മാനത്തിന്റെ ആദ്യ ദിവസങ്ങൾ മുതൽ തുടങ്ങിയ ഈ പ്രതിഷേധം സഞ്ജയ് ഗാന്ധി ജീവിച്ചിരുന്ന കാലം മുഴവൻ (1980 ൽ ഡൽഹിയിൽ ഒരു വിമാന അപകടത്തിൽ മരിക്കും വരെ) തുടർന്നു. ആ കാലമത്രയും മാരുതിയിൽ നിന്ന് ഒരു കാർ പോലും നിർമ്മാണം പൂർത്തിയാക്കി പുറത്തേക്ക് വന്നില്ല.
മറ്റു മേഖലകളിൽ ഉണ്ടായ പല സംഭവവികാസങ്ങളും പക്ഷേ, കുടുംബവാഴ്ച പ്രവണതയും അമിതാധികാരം പ്രയോഗവും ഒക്കെ ഉണ്ടാക്കിയ എതിർപ്പുകളെ മറികടക്കാൻ ഇന്ദിരയെ ഏറെക്കാലം സഹായിച്ചു. 1971 ലെ സർക്കാർ ഏതാണ്ട് എട്ടുമാസം പിന്നിട്ടപ്പോൾ, ആ വർഷം ഡിസംബറിൽ, ബംഗ്ലാദേശിന്റെ രൂപീകരണത്തിലേക്ക് നയിച്ച ചരിത്രപ്രാധാന്യമാർന്ന ഒരു സൈനിക വിജയം പാക്കിസ്ഥാനെതിരെ ഇന്ത്യക്കുണ്ടായി. പ്രതിപക്ഷ കക്ഷികൾ അടക്കം ഇന്ദിരയെ ദുർഗ്ഗാദേവിയോട് താരതമ്യപ്പെടുത്തി പ്രകീർത്തിച്ച ഒരു വിജയമായിരുന്നു അത്. ഇതുകൂടി ആയപ്പോൾ ഒരു തെറ്റും സംഭവിക്കാത്ത സമ്പൂർണ്ണ ഭരണാധികാരിയാണ് താൻ എന്ന ഭാവം ഇന്ദിരയിൽ നിറഞ്ഞു.
പക്ഷേ ചരിത്രത്തിൽ പലപ്പോഴും സംഭവിച്ചിട്ടുള്ളതുപോലെ സ്വേച്ഛാധിപതികളുടെ താൻ പോരിമയെ ചോദ്യം ചെയ്യുന്ന ഊർജസ്വല പോരാളികളായ “കിറുക്കന്മാരുടെ” കൂട്ടത്തിൽ പെടുത്താവുന്ന ഒരാൾ ഇന്ദിരയുടെ സജീവ രാഷ്ട്രീയ എതിരാളികളിൽ ഉണ്ടായിരുന്നു. 1971 ലെ ലോകസഭാ തിരഞ്ഞെടുപ്പിൽ റായ്ബറേലി മണ്ഡലത്തിൽ ഇന്ദിരാഗാന്ധിയെ എതിർത്ത പഴയ ഗുസ്തിക്കാരനായ സ്വാതന്ത്ര്യസേനാനിയും, സോഷ്യലിസ്റ്റും ആയ രാജ് നാരായൺ.
1971ലെ തന്റെ തോൽവി ന്യായമായതല്ല എന്ന് ഉറച്ചു വിശ്വാസം ഉണ്ടായിരുന്ന രാജ് നാരായൺ മത്സരഫലത്തിനെതിരെ കോടതിയിൽ പോയി. സർക്കാർ ഉദ്യോഗസ്ഥന്മാരെയും വാഹനങ്ങളെയും ഉപയോഗിച്ചാണ് ഇന്ദിരാഗാന്ധി തനിക്കെതിരെ തിരഞ്ഞെടുപ്പ് പ്രചാരണം നടത്തിയത് എന്നും, വോട്ടു പിടിക്കാൻ കമ്പിളികളും, കള്ളും അവർ വിതരണം ചെയ്തു എന്നും, തിരഞ്ഞെടുപ്പ് ചെലവുകളുടെ ഏറ്റവും ഉയർന്ന പരിധിയായ 35000 രൂപയിൽ കൂടുതൽ അവർ ചെലവഴിച്ചു എന്നും രാജ് നാരായൺ ഹരജിയിൽ വാദിച്ചു.
1975 ജൂൺ 12 നു ഈ കേസിൽ വിധി പറഞ്ഞ അലഹബാദ് ഹൈക്കോടതി ഇന്ദിരാഗാന്ധിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവായി പ്രഖ്യാപിച്ചു. ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി ഒരു പ്രധാനമന്ത്രിയുടെ തെരഞ്ഞെടുപ്പ് വിജയം അസാധുവാക്കപ്പെട്ടു. വിധിക്കെതിരെ വ്യവസ്ഥാപിതമായ രീതിയിൽ സുപ്രീംകോടതിയിൽ ഹരജി നൽകിയെങ്കിലും ഇന്ദിരാഗാന്ധിയിലെ അടിസ്ഥാന പ്രവണത, വിധിയുടെ ആഘാതം മറികടക്കാൻ ക്രമവിരുദ്ധം ജനാധിപത്യവിരുദ്ധവുമായ വഴികളിലേക്ക് തിരിയാൻ തന്നെയായിരുന്നു. വിധി വന്നു രണ്ടാഴ്ചക്കകം തന്നെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു കൊണ്ട് അവർ അത് ചെയ്തു.
പ്രതിപക്ഷ നേതാക്കന്മാരെയും പ്രവർത്തകരെയും പ്രത്യയശാസ്ത്ര വ്യത്യാസമില്ലാതെ കടന്നാക്രമിച്ചും തുറങ്കിലടച്ചും ആരംഭിച്ച അടിയന്തരാവസ്ഥ ദിവസങ്ങളും ആഴ്ചകളും കടന്നു പോകവേ, പൊതുവിൽ ജനവിരുദ്ധവും ജനാധിപത്യ ധ്വംസകവുമായി മാറി. 21 മാസം നീണ്ടുനിന്ന ഈ കരാള കാലത്തിനിടയിൽ നേതാക്കൾക്കപ്പുറം, കല, വിജ്ഞാനം, വാണിജ്യം, വ്യവസായം എന്നീ മേഖലയിൽ പ്രവർത്തിക്കുന്നവരും എല്ലാറ്റിനും ഉപരി സാധാരണക്കാരായ ജനാധിപത്യ വിശ്വാസികളും ഒക്കെ ആയ പതിനായിരക്കണക്കിന് ആളുകൾ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലായി ക്രൂരമായ അടിച്ചമർത്തലിനും കാരാഗൃഹ വാസത്തിനും വിധേയരായി, ഇന്ദിരാഗാന്ധിക്കും അവരുടെ സർക്കാരിനും എതിരായും ജനാധിപത്യ മൂല്യങ്ങൾക്ക് അനുകൂലമായും ശബ്ദമുയർത്തി എന്നതായിരുന്നു ഇവർ ചെയ്ത “ അപരാധം.”
തിരഞ്ഞെടുക്കപ്പെടാത്ത അധികാര കേന്ദ്രമായി അതിനകം വളർന്നു കഴിഞ്ഞിരുന്ന സഞ്ജയ് ഗാന്ധി ആവട്ടെ പ്രധാനമന്ത്രിയുടെ ഇരുപതിന പരിപാടിക്കു അനുബന്ധമെന്ന മട്ടിൽ ഒരു അഞ്ചിന യൂത്ത് കോൺഗ്രസ് പരിപാടിയുമായി മുന്നോട്ടുവന്നു. ഉത്തരേന്ത്യയിൽ തലങ്ങും വിലങ്ങും ഒരു നിയന്ത്രണവുമില്ലാതെ അടിച്ചേൽപ്പിക്കപ്പെട്ട ഈ അഞ്ചിന പരിപാടിയിലെ ഒരു മുഖ്യ ഇനം നിർബന്ധിത വന്ധ്യംകരണം ആയിരുന്നു. ജനസംഖ്യാ നിയന്ത്രണത്തിനുള്ള പുതിയ ദൗത്യമായി കൊട്ടിഘോഷിക്കപ്പെട്ട ഈ നിർബന്ധിത വന്ധ്യംകരണത്തിനൊപ്പം നഗര സൗന്ദര്യവൽക്കരണത്തിന്റെ പേരിൽ ചേരികളും ചെറു ഭവനങ്ങളും ഇടിച്ചു തകർക്കപ്പെട്ടു. ബീഭത്സമായ ഈ നടപടികളെ ചോദ്യം ചെയ്തവരൊക്കെ ദേശസുരക്ഷക്ക് എതിരെ പ്രവർത്തിക്കുന്നവരായി മുദ്ര കുത്തപ്പെട്ടു.
ജനതയുടെ പ്രതികാരം
പൗരാവകാശങ്ങൾ പാടേ അടിച്ചമർത്തപ്പെട്ട ഈ കാലത്ത് വിവിധ രൂപങ്ങളിൽ, ഒളിഞ്ഞും തെളിഞ്ഞും, പ്രതിരോധം ഉയർന്നു വന്നു. അടിച്ചമർത്തലിനു സമാനമായ രീതിയിൽ പ്രത്യയശാസ്ത്ര വ്യത്യാസങ്ങൾക്ക് അപ്പുറം ഇടത്-വലത്-മധ്യ പക്ഷ രാഷ്ട്രീയ ധാരകൾ ഒന്നിച്ചു വന്ന പ്രതിരോധമായിരുന്നു അത്. അപ്പോഴും അടിച്ചമർത്തലിന്റെ ഈ കാലം നീണ്ടുനീണ്ടു പോവും എന്ന് ശങ്കിച്ച ലക്ഷക്കണക്കിന് ആളുകൾ ഇന്ത്യയിൽ ഉണ്ടായിരുന്നു. പക്ഷെ ചരിത്രത്തിൽ പലപ്പോഴും കണ്ടിട്ടുള്ളത് പോലെ തെറ്റായ ഒരു റിയൽ-പൊളിറ്റിക്ക് കണക്കുകൂട്ടൽ (political miscalculation) ഇന്ദിരാ ഗാന്ധി എന്ന സ്വേച്ഛാധിപതിയുടെ പതനത്തിനും വഴി വെച്ചു.
1977 ന്റെ ആദ്യ മാസങ്ങളിൽ ലോകസഭാ തെരഞ്ഞെടുപ്പ് നടത്തിയാൽ അടിയന്താരാവസ്ഥയെ സാധൂകരിക്കുന്ന ജനകീയ വിജയം ലഭിക്കും എന്ന ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ദിരാഗാന്ധി ആ വർഷം മാർച്ച് മാസം തിരഞ്ഞെടുപ്പ് നടത്താൻ തീരുമാനിച്ചു. ‘ഏഴര’യുടെ മുൻ ലക്കത്തിലൊന്നിൽ പരാമർശിക്കപ്പെട്ട സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റുമായ ഹരിരാജ് സിംഗ് ത്യാഗി റേഡിയോവിലൂടെ തിരഞ്ഞെടുപ്പ് പ്രഖ്യാപനം വന്ന ആ ദിവസത്തെപ്പറ്റി ഈ ലേഖകനോട് പറഞ്ഞ കാര്യം, പത്രപ്രവർത്തക ജീവിതത്തിലെ ഒരു ചരിത്രരേഖയായി എന്നോടൊപ്പം എന്നും നിലനിൽക്കുന്നു.
ഇന്ദിരാഗാന്ധി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ആ ദിവസം പശ്ചിമ ഉത്തർപ്രദേശിലെ മീററ്റിൽ ആയിരുന്നു അദ്ദേഹം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സോഷ്യലിസ്റ്റ് പാർട്ടിയിലെ മറ്റു നേതാക്കൾ ഡൽഹിയിൽ അടിയന്തരമായ ഒരു കൂടിയാലോചനാ യോഗത്തിന് അദ്ദേഹത്തെ വിളിച്ചിരുന്നു. ഡൽഹിയിലേക്ക് ഉള്ള വണ്ടി പിടിക്കാൻ മീററ്റ് റെയിൽവേ സ്റ്റേഷനിലേക്ക് ഒരു സൈക്കിൾ റിക്ഷയിൽ പോയ ത്യാഗിജി റിക്ഷാക്കാരനോട് തെരഞ്ഞെടുപ്പിന്റെ കാര്യം അറിഞ്ഞോ എന്ന് ആരായുന്നു. ഒറ്റ വാചകത്തിലായിരുന്നു മറുപടി. “റേഡിയോ മെ സുനാ. അബ് മാ ബേട്ടേ കോ സബക് സിഖായെങ്കെ” (റേഡിയോയിൽ കേട്ടു, ഇനി അമ്മയെയും മകനെയും ഒരു പാഠം പഠിപ്പിക്കും).
ഉത്തരേന്ത്യൻ ജനതയുടെ പൊതുവിലുള്ള ശബ്ദമാണ് ആ റിക്ഷാക്കാരനിൽ നിന്ന് താൻ കേട്ടത് എന്ന് ത്യാഗിജി പറയുമായിരുന്നു. തെരഞ്ഞെടുപ്പിൽ അത് സാധൂകരിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയും സഞ്ജയ് ഗാന്ധിയും അടക്കമുള്ള കോൺഗ്രസ് കൊലകൊമ്പന്മാർ ഉത്തരേന്ത്യയിലും പശ്ചിമ ഇന്ത്യയിലും പൂർവ്വ ഇന്ത്യയിലും തറ പറ്റി. കോൺഗ്രസിനെയും ഇന്ദിരയെയും അക്ഷരർത്ഥത്തിൽ ഞെട്ടിച്ച ആ തോൽവി ഒരുപാട് തലങ്ങളിൽ സ്വാതന്ത്ര്യ സമരകാലത്ത് കണ്ട ജനാധിപത്യ മൂല്യ ബോധ്യങ്ങൾ ഇന്ത്യ തിരിച്ചു പിടിച്ച ഒരു ജനകീയ പോരാട്ടത്തിന്റെ പ്രതിഫലനം കൂടിയായിരുന്നു.
സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ അതിസവിശേഷമായ ഈ മൂന്നാം പാരഡൈം ഷിഫ്റ്റ് ആദ്യമായി ഒരു കോൺഗ്രസിതര കേന്ദ്ര സർക്കാരിന് വഴിയൊരുക്കി. രാഷ്ട്രത്തെ അക്ഷരാർത്ഥത്തിൽ പിടിച്ചുലച്ച ആസാദിയുടെ മൂന്നാം ദശകത്തിന്റെ ഒടുക്കത്തിൽ, നാലാം ദശകത്തിന്റെ ആദ്യ വർഷത്തിൽ, ഇന്ത്യയ്ക്ക് ഒരു പുതിയ തുടക്കം. പക്ഷേ അതും സ്ഥായിയായ പുരോഗതിയുടെ തുടക്കമായിരുന്നില്ല. അതേക്കുറിച്ച് അടുത്ത ലക്കത്തിൽ . .
(തുടരും)
സ്വാതന്ത്ര (?) ഇന്ത്യയുടെ 75 വർഷത്തെ രാഷ്ട്രീയ പരീക്ഷങ്ങളെ സവിശേഷമായ രീതിയിൽ വിലയിരുത്തുന്ന ഈ ലേഖന പരമ്പരയുടെ ഇടവേളകൾ തുടക്കത്തിൽ പറഞ്ഞത് പോലെ ആകാൻ ശ്രദ്ധിക്കേണ്ടതുണ്ട് 🌹