A Unique Multilingual Media Platform

The AIDEM

Articles International Politics

ഇറാനിയന്‍ സ്ത്രീയുടെ വസ്ത്രജീവിതങ്ങള്‍

ഇറാനിയന്‍ സ്ത്രീയുടെ വസ്ത്രജീവിതങ്ങള്‍

വിപ്ലവം അതിന്റെ കുഞ്ഞുങ്ങളെ തന്നെ കൊന്നുതിന്നുമെന്ന് പറയാറുണ്ട്. ആധുനിക ലോകത്തെ നിര്‍ണയിച്ച ഫ്രഞ്ച് വിപ്ലവത്തിന് ശേഷമാണ് ഈ കാര്യം ഒരു സാമാന്യവസ്തുതയായി പ്രചരിച്ചതും യാഥാര്‍ത്ഥ്യമായി സാധൂകരിക്കപ്പെട്ടതും. 1979ലെ വിപ്ലവത്തിനു ശേഷമുള്ള ഇറാനിലും സംഭവിയ്ക്കുന്നത് മറ്റൊന്നല്ല. അതിന്റെ ഏറ്റവും പുതിയ ഉദാഹരണമായിരുന്നു 2022 സെപ്തംബര്‍ 16ന് നടന്ന മഹ്‌സാ (ജീനാ) അമീനിയുടെ കസ്റ്റഡിക്കൊല. ഗസ്ത് എ എര്‍സാദ് എന്ന് ഫാര്‍സിയില്‍ പേരുള്ള വഴികാട്ടല്‍ പോലീസ് അഥവാ മതസാന്മാര്‍ഗികപ്പോലീസ് കസ്റ്റഡിയിലെടുത്ത മഹ്‌സാ (ജീനാ) അമീനി എന്ന ഇരുപത്തിരണ്ടു വയസ്സുള്ള കുര്‍ദ് യുവതിയാണ് കസ്റ്റഡിയില്‍ വെച്ച് കൊല്ലപ്പെട്ടത്. അതിനുശേഷം, ഇറാന്‍ ശാന്തമായിട്ടേയില്ല.

ഇറാനിലെ കുർദിഷ് മേഖലയിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ

 

ഇപ്പോള്‍, കാര്യങ്ങള്‍ കൈവിട്ടു പോകുന്നതായി ഭരണകൂടത്തിന് തോന്നിത്തുടങ്ങിയെന്നു വേണമെങ്കില്‍ കരുതാം. അതിൻറെ ഭാഗമായാണ്, കഴിഞ്ഞ ദിവസം, ഈ മതസാന്മാര്‍ഗികപ്പൊലീസിനെ റദ്ദു ചെയ്യുന്നുവെന്ന് അറ്റോര്‍ണി ജനറല്‍ ആയ മൊഹമ്മദ് ജാഫര്‍ മൊണ്ടസേറി പ്രഖ്യാപിച്ചത്. മഹ്‌സാ (ജീനാ) അമീനിയുടെ കസ്റ്റഡിക്കൊലയ്ക്കു ശേഷം, രാജ്യമാകെ കലാപങ്ങള്‍ പൊട്ടിപ്പടര്‍ന്നു. പടിഞ്ഞാറന്‍ ഇറാനിലെ റോജെലാത്തെ എന്ന കുര്‍ദിഷ് മേഖലയില്‍ മാത്രമല്ല, തെക്കുകിഴക്കുള്ള സിസ്താന്‍, ബലൂചിസ്താന്‍ എന്നു വേണ്ട തലസ്ഥാനമായ തെഹ്‌റാനില്‍ പോലും നിരവധി പ്രക്ഷോഭങ്ങള്‍ തെരുവുകളെ പിടിച്ചു കുലുക്കി. ഇതിനകം, 448 പേര്‍ പട്ടാളത്തിൻറെയും പോലീസിൻറെയും നടപടികളിലൂടെ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഓസ്ലോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന മനുഷ്യാവകാശ സംഘടന പറയുന്നത്. ഔദ്യോഗിക കണക്കുകളില്‍ കാണുന്നത് ഇരുനൂറിലധികം ആളുകള്‍ കൊല്ലപ്പെട്ടുവെന്നാണ്. ഏറ്റവും സങ്കടകരമായ കാര്യം, ഈ കൊല്ലപ്പെട്ടവരില്‍ 64 പേര്‍ കുട്ടികളാണെന്നതാണ്.

പ്രതിഷേധ പോസ്റ്ററുകൾ

എന്നാല്‍, മതസാന്മാര്‍ഗികപ്പൊലീസിനെ പിരിച്ചു വിടുന്ന തീരുമാനം കൊണ്ടൊന്നും തങ്ങളുടെ സമരങ്ങള്‍ നിര്‍ത്തിവെക്കാന്‍ പോകുന്നില്ലെന്നാണ് പ്രക്ഷോഭകര്‍ പറയുന്നത്. ജിന്‍, ജിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന കുര്‍ദിഷ് ആശയം മുന്നോട്ടുവെച്ചുകൊണ്ടുള്ള പ്രക്ഷോഭത്തിന് ഇറാനു പുറത്തും വമ്പിച്ച പിന്തുണ ഇതിനകം നേടാനായിട്ടുണ്ട്. ഇതു ചൂണ്ടിക്കാട്ടി, ഇതു രാജ്യദ്രോഹശക്തികളും ശത്രുക്കളും സ്‌പോണ്‍സര്‍ ചെയ്യുന്ന കലാപമാണെന്ന് ഇറാന്‍ ഭരണകൂടം ആരോപിച്ചുകൊണ്ടേ ഇരിക്കുന്നുമുണ്ട്. അമേരിക്കയും അവരുടെ മിത്രങ്ങളായ ബ്രിട്ടന്‍, ഇസ്രായേല്‍ എന്നിവര്‍ കുര്‍ദ് ഗ്രൂപ്പുകളെ മുന്നില്‍ നിര്‍ത്തി നടത്തുന്ന ലഹളകളും കലാപങ്ങളും കൊണ്ട് തങ്ങളുടെ ഭരണത്തെ ഒരു ചുക്കും ചെയ്യാന്‍ കഴിയില്ലെന്നാണ് മുഖ്യനേതാവായ അലി ഖമേനിയുടെ നേതൃത്വം  പ്രഖ്യാപിക്കുന്നത്. കഴിഞ്ഞ ദിവസം, ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് (ഐ ആര്‍ ജി സി) ടോപ് കമാണ്ടര്‍ ഹോസേന്‍ സലാമി ബലൂച്ചിസ്താനില്‍ നടത്തിയ ഒരു പ്രസംഗത്തില്‍ ഇക്കാര്യം ഊന്നിപ്പറഞ്ഞു. ഒമ്പതു വയസ്സു മാത്രമുള്ള ഒരു പെണ്‍കുട്ടി അടക്കം നൂറിലധികം ആളുകളാണ് ബലൂചിസ്താന്‍ പ്രവിശ്യയില്‍ ഇക്കാലയളവിലെ പ്രതിഷേധത്തിനിടെ കൊല്ലപ്പെട്ടത്. ഈ പ്രതിഷേധ പ്രക്ഷോഭം  ലോകയുദ്ധത്തിനു തന്നെ വഴിവെച്ചാലും സാരമില്ല അത് ഇറാൻറെ ശത്രുക്കളുടെ ശവപ്പറമ്പായി മാറുന്നതിലാണ് ചെന്നെത്തുക എന്നാണദ്ദേഹം പ്രഖ്യാപിച്ചത്.  ഐ.ആര്‍.ജി.സിയുടെ അഞ്ച് വിഭാഗങ്ങളിലൊന്നായ ബസീജി മിലീഷ്യയില്‍ പെട്ട പതിനയ്യായിരം വരുന്ന പട്ടാളക്കാരോടാണ് സഹേദാനില്‍ വെച്ച് ഹൊസ്സേന്‍ സലാമി ഈ പ്രഖ്യാപനം നടത്തിയത്. കാഫിറുകളും(അവിശ്വാസികള്‍) ഇസ്ലാമും തമ്മിലുള്ള നേരിട്ടുള്ള പോരാട്ടമാണ് നടക്കുന്നതെന്നും രണ്ടിലും പെടാതെ ആര്‍ക്കും നിൽക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

 

എന്നാല്‍, എല്ലാ വീരവാദങ്ങള്‍ക്കും കൊലകള്‍ക്കും ശേഷം, ഭരണകൂടത്തിനും ഭരണകൂടത്തെ നയിക്കുന്ന ഷിയാ മതപൗരോഹിത്യത്തിനും ഒരല്പമെങ്കിലും സമരത്തിനു വഴങ്ങേണ്ടി വന്നിരിക്കുന്നു. അതാണ്, മതസാന്മാര്‍ഗിക പോലീസിന് ഇനി അധികാരമൊന്നുമില്ലെന്നവര്‍ക്ക് പ്രഖ്യാപിക്കേണ്ടി വന്നിരിക്കുന്നത്. മാത്രമല്ല, ശിരോവസ്ത്രധാരണത്തെ സംബന്ധിച്ച കര്‍ശന നിയമങ്ങളില്‍ തന്നെ മാറ്റങ്ങളോ ഇളവുകളോ വരുത്തേണ്ടതുണ്ടോ എന്ന കാര്യത്തില്‍ പരിശോധനകള്‍ തുടങ്ങിയെന്നും ഭരണകൂടം അറിയിച്ചുവെന്ന് എ എഫ് പി റിപ്പോര്‍ട് ചെയ്യുന്നു.

മഹ്‌സാ(ജീനാ) അമീനിയുടെ കസ്റ്റഡിക്കൊലയ്ക്കു ശേഷം, നിരവധി യുവതികളും പെണ്‍കുട്ടികളും  അവരുടെ ശിരോവസ്ത്രം ഉപേക്ഷിയ്ക്കുകയും പരസ്യമായി കത്തിയ്ക്കുക പോലും ചെയ്തു. എല്ലായിടത്തും സര്‍ക്കാര്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴങ്ങി. തെഹ്‌റാൻറെ ഫാഷന്‍ ഹബ്ബായ വടക്കന്‍ നഗരത്തില്‍ ഹിജാബ് ബഹിഷ്‌ക്കരണത്തിന് ഏറെ പ്രചാരം കിട്ടി.

ഇറാനിലെ കുർദിഷ് മേഖലയിലെ സ്ത്രീകളുടെ പ്രതിഷേധത്തിന്റെ ദൃശ്യങ്ങൾ

ഇപ്പോള്‍, നിയമത്തിലെന്തു മാറ്റമാണ് കൊണ്ടുവരേണ്ടതെന്ന് കോടതിയും പാര്‍ലമെൻറും ആലോചിക്കുകയാണെന്നാണ് മൊഹമ്മദ് ജാഫര്‍ മൊണ്ടസേറി പറയുന്നത്. എന്നാല്‍, കോടതിയും പാര്‍ലമെൻറും നിയന്ത്രിക്കുന്നത് യാഥാസ്ഥിതികരായതിനാല്‍ എന്തു സംഭവിയ്ക്കുമെന്ന് കണ്ടു തന്നെ അറിയണം. ഇറാൻറെ റിപ്പബ്ലിക്കനും ഇസ്ലാമികവും ആയ അടിസ്ഥാനങ്ങള്‍ ഇപ്പോഴും ഉരുക്കു പോലെ ഉറച്ചു തന്നെയാണ് നിലനില്ക്കുന്നതെന്ന് പ്രസിഡണ്ട് ഇബ്രാഹം റെയ്‌സി കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഭരണഘടന നടപ്പിലാക്കുന്നതിന് ചിലപ്പോള്‍ അയവേറിയ സമീപനങ്ങളുമുണ്ടാകുമെന്ന് അദ്ദേഹം ടെലിവിഷനിലൂടെ അറിയിച്ചു.

അമേരിക്കയെ അനുകൂലിച്ചിരുന്ന ഷായുടെ കൊളോണിയൽ ഭരണത്തെ പുറത്താക്കിയ വിപ്ലവത്തിനു ശേഷം നാലു കൊല്ലം കഴിഞ്ഞ് 1983ലാണ് ഹിജാബ് നിയമം ഇറാനിൽ നിലവിൽ വന്നത്. യാഥാസ്ഥിതികർ ഇത് നിർബന്ധിതമായി നടപ്പിലാക്കണമെന്നും പരിഷ്‌കരണ വാദികൾ ഇത് വ്യക്തിപരമായ തീരുമാനമാണെന്നും വാദിയ്ക്കുന്നു. സ്ത്രീകൾ, ടൈറ്റായ ജീൻസും ലൂസായ ഉടയാടകളും വർണാഭമായ ശിരോവസ്ത്രങ്ങളും അണിയുന്നതു പോലും ചിലപ്പോൾ തടയപ്പെട്ടു. ഇത്തരം സ്‌ത്രൈണസന്തോഷങ്ങളെല്ലാം യാഥാസ്ഥിതികരെ ചൊടിപ്പിച്ചപ്പോൾ; മറുവശത്ത് യൂണിയൻ ഓഫ് ഇസ്ലാമിക ഇറാൻ പീപ്പിൾസ് പാർടി എന്ന പരിഷ്‌ക്കരണ വാദികൾ, നിർബന്ധിത ഹിജാബ് നിയമം എടുത്തുകളയണമെന്ന് പരസ്യമായി ആവശ്യമുന്നയിച്ചിരിക്കുകയുമാണ്. മതസാന്മാർഗിക പൊലീസിനെ സമ്പൂർണമായി പിരിച്ചുവിടണമെന്നും സമാധാനപരമായ പ്രതിഷധപ്രകടനങ്ങൾ എല്ലായിടത്തും അനുവദിക്കണമെന്നും അവർ ആവശ്യപ്പെട്ടു.

ഖത്തറില്‍ ലോകകപ്പ് ഫുട്‌ബോള്‍ ആരംഭിച്ചപ്പോള്‍, ഉണ്ടായ പ്രശ്‌നങ്ങളും ശ്രദ്ധേയമാണ്.  ദോഹയിലെ സ്‌റ്റേഡിയത്തില്‍ ആദ്യ മത്സരത്തിനായി നിരന്നു നിന്ന ഇറാനിയന്‍ ടീമംഗങ്ങള്‍ ദേശീയഗാനം പാടാന്‍ കൂട്ടാക്കിയില്ല. സമരത്തിനനുകൂലമായ വികാരവും തങ്ങളില്‍ ചിലര്‍ നാട്ടില്‍ അറസ്റ്റിലാണെന്നതും ചിലര്‍ക്ക് കളിക്കാനായി ദോഹയിലേയ്ക്ക് വരാനായില്ലെന്നതുമെല്ലാം ഈ നിശ്ശബ്ദപ്രതിഷേധത്തിലടങ്ങിയിട്ടുണ്ടായിരുന്നു. കളി നടന്നപ്പോഴാകട്ടെ രണ്ടു ഗോളുകള്‍ക്കെതിരെ ആറു ഗോള്‍ ഏറ്റുവാങ്ങി ഇംഗ്ലണ്ടിനോട് ഇറാന്‍ ടീം തോറ്റു. പിന്നീട് ഇറാന്‍ ലോകകപ്പില്‍ നിന്നു പുറത്താവുകയും ചെയ്തു. ഇറാൻറെ ടീം പുറത്തായത് നാട്ടില്‍ പരക്കെ ആഘോഷങ്ങള്‍ക്കാണ് വഴി വെച്ചത്. തങ്ങളുടെ രാഷ്ട്രത്തെ പ്രതിനിധീകരിച്ചത് ഈ ഫുട്‌ബോള്‍ ടീം ആയതു കൊണ്ട് അതിൻറെ തോല്‍വിയെ ഇസ്ലാമിക ഭരണകൂടത്തിൻറെ തോല്‍വിയായാണ് സമരക്കാര്‍ വ്യാഖ്യാനിച്ചത്. ഈ പ്രതീകാത്മക ആഘോഷ പ്രതിഷേധത്തിനെതിരെയും പോലീസ് വെടിവെയ്പ്പുണ്ടായി. കുര്‍ദ് നഗരമായ സാനന്ദാജില്‍ നടന്ന വെടിവെയ്പ്പില്‍ ഇരുപത്തേഴു വയസ്സുകാരനായ മെഹ്‌റാന്‍ സമാക്ക് കൊല്ലപ്പെട്ടു.

സ്ത്രീ സ്വാതന്ത്ര്യം, വ്യക്തി സ്വാതന്ത്ര്യം, ആധുനികത, മതപൗരോഹിത്യം, സാമ്രാജ്യത്വവും അതിനോടുള്ള വിരോധവും എന്നിങ്ങനെ നമുക്ക് പരിചയമുള്ള ഘടകങ്ങൾക്കു പുറമെ ഇറാനിയൻ, കുർദ് ജനതകളുടെയും അവരുടെ രാഷ്ട്ര സങ്കല്പങ്ങളുടെയും പ്രതിസന്ധികളും ഇപ്പോൾ ഇറാനെ പിടിച്ചുകുലുക്കുന്ന പ്രശ്‌നങ്ങളുടെ പശ്ചാത്തലമാണ്.

ഒട്ടോമന്‍ സാമ്രാജ്യത്തിൻറെ തകര്‍ച്ചയെ തുടര്‍ന്നാണ് മിഡില്‍ ഈസ്റ്റില്‍ ദേശ രാഷ്ട്രങ്ങളുടെയും ദേശീയതാവാദങ്ങളുടെയും സാധ്യത ആരംഭിച്ചത്. അറബ്, കുര്‍ദിഷ്, ടര്‍ക്കിഷ് എന്നിങ്ങനെയുള്ള ദേശീയതകള്‍ അവര്‍ക്കുള്ളിലും പുറത്തുമായി വികസിച്ചുവന്നു. അവരവരുടെ ദേശരാഷ്ട്രങ്ങള്‍ക്കുള്ള ആവശ്യങ്ങളും ഉന്നയിക്കപ്പെട്ടു. അനത്തോലിയയില്‍ ടര്‍ക്കിഷ് ദേശീയവാദികള്‍ തുര്‍ക്കി സ്ഥാപിച്ചു. മൊസപ്പോട്ടോമിയ ഇറാഖായി മാറി. ഇതിനിടയില്‍ പിളര്‍ക്കപ്പെടുകയും നിര്‍മ്മാര്‍ജ്ജനം ചെയ്യപ്പെടുകയും ചെയ്യപ്പെട്ട വംശങ്ങളും ദേശീയതകളും കുറെയുണ്ട്. അസീറിയന്‍സ് എവിടെയുമില്ലാതായപ്പോള്‍, അര്‍മീനിയക്കാര്‍ സോവിയറ്റ് റിപ്പബ്ലിക്കിനകത്ത് സ്ഥാനം കണ്ടെത്തി. ഇപ്പോഴത് വേറെ രാജ്യമായി മാറുകയും ചെയ്തു. കുര്‍ദുകളാകട്ടെ, പലപ്പോഴായുണ്ടായ വംശഹത്യകളെ അതിജീവിച്ച് പല രാജ്യങ്ങളിലേക്കായി പിളര്‍ക്കപ്പെട്ട് പടര്‍ന്നു. തുര്‍ക്കിയിലും ഇറാഖിലും ഇറാനിലും സിറിയയിലുമായി നാലായും പിന്നെ അതിനും പുറത്ത് പലതായും കുര്‍ദുകള്‍ എന്നെന്നേയ്ക്കുമായി ചിതറിത്തെറിച്ചു.

കുർദിഷ് മേഖലയിലെ സ്ത്രീകളുടെ പ്രതിഷേധത്തിൽ നിന്ന്

ഭാഷയും വിശ്വാസവും സംസ്‌ക്കാരവും സാഹിത്യവും സിനിമയും നിയമങ്ങളും നികുതികളും പെട്രോളും തൊഴിലും ജീവിതവുമെല്ലാം കുർദുകൾക്ക് തീരാപ്രശ്‌നങ്ങളാണ്. ഇറാനിൽ ഏതാണ്ട് അമ്പതു ലക്ഷം കുർദുകളാണുള്ളത്. കുർദിഷ് പ്രവിശ്യയിലും പടിഞ്ഞാറേ അസർബൈജാനിലും ഖെർമാൻഷാ ഇലാം പ്രവിശ്യകളിലുമാണവർ ജീവിക്കുന്നത്. കുറച്ചുപേർ മസന്ദരാൻ, ഖൊറാസാൻ എന്നിവിടങ്ങളിലുമുണ്ട്.

ഇതിനു പുറമെ പല കാലങ്ങളിലായി തെഹ്‌റാൻ അടക്കമുള്ള ഇടങ്ങളിലേയ്ക്ക് കുടിയേറിയിട്ടുള്ള കുർദുകളുമനവധി. ബഹുഭൂരിപക്ഷം കുർദുകളും മുസ്ലിങ്ങളാണ്, അവരിലധികവും സുന്നികളും മറ്റുള്ളവർ ഷിയാക്കളുമാണ്. ഇസ്ലാം പൂർവ്വ മതവിശ്വാസികളും കുറച്ചുണ്ട്. സൊറാനി, കുർമാഞ്ചി എന്നീ മുഖ്യ കുർദ് ഭാഷകളുടെ പല ഭാഷാഭേദങ്ങളാണവർ സംസാരിക്കുന്നത്.

ഇറാനിയന്‍ ആക്ടിവിസ്റ്റുകളും പാശ്ചാത്യ നിരീക്ഷകരും പക്ഷെ, മതസാന്മാര്‍ഗിക പോലീസിനെ റദ്ദു ചെയ്‌തെന്ന ഇറാൻറെ പ്രഖ്യാപനത്തെ മുഖവിലയ്‌ക്കെടുക്കാന്‍ തയ്യാറായിട്ടില്ല. സ്ത്രീകളുടെ അവകാശങ്ങളുടെയും സ്വാതന്ത്ര്യത്തിന്റെയും കാര്യത്തില്‍ എന്തെങ്കിലും വ്യത്യാസങ്ങളുണ്ടാവുന്നുണ്ട് എന്ന് വിശ്വസിക്കാറായിട്ടില്ല എന്നാണവരുടെ നിലപാട്. ഇറാനില്‍ ഡിസംബര്‍ 5 തിങ്കളാഴ്ച മുതല്‍ മൂന്നു ദിവസത്തെ പൊതുപണിമുടക്ക് സാമൂഹ്യമാധ്യമങ്ങളിലൂടെ ആഹ്വാനം ചെയ്യപ്പെട്ടിരിക്കുകയാണ്. വാര്‍ഷിക വിദ്യാര്‍ത്ഥി ദിനമായ ബുധനാഴ്ചയാണ് ഈ സമരം അവസാനിക്കുക.

സ്ത്രീകളുടെ വസ്ത്രധാരണത്തെ സംബന്ധിച്ചുള്ളതും, പൗരന്മാരുടെ സ്വകാര്യജീവിതത്തെ നിയന്ത്രിക്കുന്നതുമായ നിയമങ്ങളും നിബന്ധനകളും എടുത്തുകളയാത്തിടത്തോളം ഇതൊരു പ്രചരണാത്മക സൂത്രവിദ്യ മാത്രമാണെന്നാണ് അബ്ദുറഹ്മാൻ ബൊറൗമാൻഡ് സെന്റർ റൈറ്റ്‌സ് ഗ്രൂപ്പിന്റെ ഫൗണ്ടർമാരിലൊരാളായ റോയ ബൊറൗമാൻഡ്  പറയുന്നത്.  ഗ്രൂപ്പ് ഡെമോക്രസി ഫോർ ദ അറബ് വേൾഡ് നൗവിലെ ഒമിദ് മെമാറിയൻ പറയുന്നത്, ഇറാനിലെ മതസാന്മാർഗികപൊലീസിനെ സസ്പൻഡ് ചെയ്യുന്നത് ഒരു മാറ്റവുമുണ്ടാക്കില്ല എന്നാണ്. സ്ത്രീകളുടെ വ്യാപകമായ നിയമലംഘന പ്രസ്ഥാനത്തെ തടയാൻ ഇത്തരം ചുളുവിദ്യകൾ കൊണ്ട് സാധ്യമാവില്ല. ഗ്രൂപ്പ് ജസ്റ്റീസ് ഫോർ ഇറാന്റെ ഫൗണ്ടർമാരിലൊരാളായ ശാദി സദർ പറയുന്നത് ഇറാനിലെ ഭരണകൂടം മാറാതെ ഇറാനിയൻ ജനങ്ങൾ വിശ്രമമെടുക്കാൻ പോകുന്നില്ല.

(അവലംബം : റുഡാവ് ഡോട്ട് നെറ്റ്)

(പ്രതിഷേധത്തിൻറെ ചിത്രങ്ങൾ അറസ്റ്റിലായി പുറത്തുവന്ന സിനിമാപ്രവർത്തക ആസാദേ ജമാ അത്തിയുടെ ഇൻസ്റ്റഗ്രാം പേജിൽ നിന്ന്)


Subscribe to our channels on YouTube & WhatsApp

About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

3 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
Aarati
Aarati
1 year ago

Women’s struggles the world over have special value . Especially in countries like Iran . Kudos to The AIDEM for publishing this wonderful article by GP Ramachandran

ജി പി രാമചന്ദ്രൻ
ജി പി രാമചന്ദ്രൻ
1 year ago
Reply to  Aarati

Thank you very much

Dileep MM
Dileep MM
1 year ago

ഇറാനിലെ സ്ത്രീകൾ ഭരണകൂട
ഭീകരതകൾക്ക് എതിരായി സ്വാതന്ത്ര്യം സമത്ത്വം എന്ന മഹത്തായ ലക്ഷ്യത്തിലേക്കുള്ള പ്രക്ഷോഭം ആരംഭിച്ചു മാസങ്ങളായി. ലോകമെംമ്പാടുമുള്ള ജനതയ്ക്ക് ഇറാൻ ഇന്ന് ഒരു ജ്വലിക്കുന്ന തീനാളമാണ്. ഷിയാ / സുന്നി / ഖുർഡിഷ് / ടർക്കിഷ് തുടങ്ങി മതപരമായും വംശീയമായും ഉള്ള നിരവധി ഉൾപിരിവുകൾ ഈ പ്രക്ഷോഭത്തിന്റെ ചരിത്രതിനെ ചൂഴ്ന്ന് നിൽക്കുന്നതായി നമുക്ക് കാണാം. ജി. പി രാമചന്ദ്രന്റെ വിശകലനം അതുകൊണ്ട് തന്നെ ശ്രദ്ധേയമാകുന്നു. അഭിനന്ദനങ്ങൾ…