A Unique Multilingual Media Platform

The AIDEM

Articles Politics Society

ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി- പട്ടിക വർഗ്ഗ സംവരണം ഫലം ചെയ്തോ? 

  • November 9, 2022
  • 1 min read
ഉന്നത വിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി- പട്ടിക വർഗ്ഗ സംവരണം ഫലം ചെയ്തോ? 

2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ 9.1% പട്ടിക ജാതി വിഭാഗക്കാരും 1.45% പട്ടികവർഗ്ഗ (ആദിവാസി) വിഭാഗങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിൽ 10% സംവരണം വിദ്യാഭ്യാസത്തിൽ അവർക്കുണ്ട്. പക്ഷെ, ഈ കുട്ടികളിൽ ഒരു വലിയ ശതമാനം പാസാകാതെ എവിടെ പോകുന്നു എന്ന ചോദ്യം ഉയരുന്നു

 

ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രവേശനം ലഭിക്കുന്ന എത്ര പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾ പാസാകുന്നുണ്ട്? അവരിൽ എത്ര പേർക്ക് ജോലി കിട്ടുന്നുണ്ട്? ഈ ചോദ്യങ്ങൾക്കുത്തരം നൽകുന്ന ഡേറ്റ സമഗ്രമായി ക്രോഡീകരിക്കാൻ കാര്യമായ ശ്രമങ്ങൾ നടന്നിട്ടില്ല. സംസ്ഥാനങ്ങൾ കേന്ദ്രീകരിച്ചും, ചില കമ്മിറ്റി റിപ്പോർട്ടുകളായും വളരെ ചുരുക്കം പഠനങ്ങൾ നടന്നിട്ടുണ്ട്. പക്ഷെ, വിപുലമായ അർത്ഥത്തിൽ ഇന്ത്യയിലെ ഗവേഷകരോ, ഗവേഷണ സ്ഥാപനങ്ങളോ ഇതിന്റെ കണക്കെടുക്കാൻ ശ്രമിച്ചിട്ടില്ല.

സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളെ തുല്യ അവസരം നൽകി മുഖ്യധാരയിൽ നിൽക്കാൻ പ്രാപ്തരാക്കുക എന്ന ഭരണഘടന അനുശാസിക്കുന്ന ഉത്തരവാദിത്വം മിക്കപ്പോഴും സംവരണത്തിൽ തുടങ്ങി സംവരണത്തിൽ അവസാനിക്കുന്നു. സംവരണത്തിലൂടെ ഉന്നത വിദ്യാഭ്യാസ രംഗത്ത് നിശ്ചിത ശതമാനം സീറ്റുകളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾക്ക് പ്രവേശനം കിട്ടുന്നു എന്ന് ഉറപ്പു വരുത്താൻ ഇതുകൊണ്ടാകുന്നു എന്നത് ശരിയാണ്. പക്ഷെ അപ്പോഴും പ്രാഥമികമായി പൊതു സമൂഹത്തിന്റെ മനോഭാവം ഒരിക്കൽ ഈ വിദ്യാർത്ഥികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് അവസരം കിട്ടി കഴിഞ്ഞാൽ, പിന്നോക്കാവസ്ഥയും വിവേചനവും നിറഞ്ഞ അവരുടെ ജീവിതത്തെ തുഴഞ്ഞു മുന്നേറാനും അവർക്കാകണം എന്നതാണ്. ഉന്നത ജാതി-സമ്പന്ന വിഭാഗങ്ങൾ താരതമ്യേന അനായാസം എത്തിച്ചേരുന്ന വിജയത്തിന്റ ലോകത്ത് എത്തിച്ചേരാനുമുള്ള ഉത്തരവാദിത്വം പൂർണ്ണമായും അവർക്കു തന്നെയാണ് എന്നതാണ് ഈ ചിന്തയുടെ അടിസ്ഥാനയുക്തി. പക്ഷെ, ഇതല്ല സംഭവിക്കുന്നത്.

2015 -ൽ ആണ് കേരളത്തിലെ 150 എൻജിനീയറിങ് കോളേജുകളെ ഒരുമിച്ചുകൊണ്ടുവന്ന് എ.പി.ജെ. അബ്ദുൽ കലാം സാങ്കേതിക സർവ്വകലാശാല രൂപീകരിച്ചത്. സംസ്ഥാനത്തെ പട്ടികജാതി-പട്ടികവർഗ്ഗ എൻജിനീയറിങ് വിദ്യാർത്ഥികളുടെ വിജയശതമാനത്തിന്റെ കണക്കെടുക്കാനുള്ള ഒരവസരം ഒരുക്കി ഈ ഏക സർവ്വകലാശാലാ രൂപീകരണം. പാലക്കാട് എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥികളുടെ സംഘടനയായ ‘ദർശന’ സർവകലാശാലയിൽ നിന്ന് പഠിച്ചിറങ്ങിയ ആദ്യത്തെ മൂന്നു ബാച്ചുകളിലെ എൻജിനീയറിങ് ബിരുദധാരികളിൽ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ പാസാകുന്നതിന്റെ ശതമാനകണക്ക് തയ്യാറാക്കുകയുണ്ടായി. ഈ രംഗത്ത് ഫലപ്രദമായി ഇടപെടാൻ ക്രിയാത്മകമായ മാർഗങ്ങൾ കണ്ടെത്തുകയായിരുന്നു അവരുടെ ലക്ഷ്യം. ആ കണക്കുകൾ ശ്രദ്ധേയമാണ്:

രണ്ട് ശതമാനത്തിൽ താഴെ മാത്രമാണ് ആദ്യത്തെ രണ്ടു ബാച്ചുകളിൽ നിന്നുള്ള ബി-ടെക് പാസായ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർഥികൾ. 2015-2019 ബാച്ചിൽ പഠനം വിജയകരമായി പൂർത്തിയാക്കിയ വിദ്യാർത്ഥികളിൽ 1.2% മാത്രമായിരുന്നു ഈ വിഭാഗത്തിൽ പെട്ടവർ. 2016-2020 ബാച്ചിൽ ഇത് 1.7% വും 2017-2021 ബാച്ചിൽ 1.8% വും ആണ്. 10% സംവരണം ഉണ്ടായിട്ടും പഠിച്ചിറങ്ങുന്നവർ ശരാശരി ഒന്നര ശതമാനം മാത്രമാണ് എന്നർത്ഥം.

2011-ലെ സെൻസസ് പ്രകാരം കേരളത്തിലെ ജനസംഖ്യയിൽ 9.1% പട്ടിക ജാതി വിഭാഗക്കാരും 1.45% പട്ടികവർഗ്ഗ (ആദിവാസി) വിഭാഗങ്ങളുമാണ്. അതിന്റെ അടിസ്ഥാനത്തിൽ 10% സംവരണം വിദ്യാഭ്യാസത്തിൽ അവർക്കുണ്ട്. പക്ഷെ, ഈ കുട്ടികളിൽ ഒരു വലിയ ശതമാനം പാസാകാതെ എവിടെ പോകുന്നു എന്ന ചോദ്യം ഉയരുന്നു. ഈ വിദ്യാർത്ഥികൾ പഠനം പൂർത്തിയാക്കാതിരിക്കുകയോ, പരീക്ഷയിൽ തോൽക്കുകയോ ചെയ്യുന്നു എന്നതാണ് മനസ്സിലാക്കാൻ കഴിയുക.

സംവരണത്തിന്റെ ലക്‌ഷ്യം പിന്നോക്ക വിഭാഗക്കാരെ മുഖ്യധാരയിലേക്ക് കൊണ്ടുവരലാണ്. എന്നാൽ സംവരണം ഉണ്ടായിട്ടും അത് സംഭവിക്കുന്നില്ല എന്നു വരുമ്പോൾ അതിന്റെ കാരണങ്ങൾ തേടേണ്ടി വരും. അപ്പോഴാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർഥികൾ പഠനം നന്നായി നടത്തുന്നതിലും, പഠനം സുഗമമായി പൂർത്തിയാക്കി ജോലി നേടുന്നതിലും അനുഭവിക്കുന്ന പ്രശ്നങ്ങളും തടസ്സങ്ങളും മനസ്സിലാക്കേണ്ടി വരുന്നത്. മറ്റു വിദ്യാർഥികൾക്കു നേരിടേണ്ടി വരാത്ത പ്രശ്നങ്ങളാണിവ.

എസ്. ഇരുദയ രാജനും എസ്. സുനിതയും ചേർന്ന് 2021 ഇൽ പ്രസിദ്ധീകരിച്ച പഠനത്തിൽ പറയുന്നത്, കേരളത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർഥികൾ പഠനം പൂർത്തിയാക്കാതെ ഡ്രോപ്പ് ഔട്ട് ആകുന്നതിന്റെ പ്രധാന കാരണം സാമ്പത്തിക പ്രശ്നങ്ങളും, പഠിക്കാനുള്ള സൗകര്യങ്ങളുടെ അഭാവവും ആണ് എന്നാണ്. രാജ്യത്തുതന്നെ ഏറ്റവും സാർവത്രികമായ വിദ്യാഭ്യാസ സൗകര്യങ്ങൾ ഉള്ള ഒരു സംസ്ഥാനമാണ് കേരളം എന്നിരിക്കെയാണ് ഇത്.

ഇതാദ്യമായല്ല, ഇന്ത്യയിൽ ഉന്നത വിദ്യാഭ്യാസ രംഗത്തു പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗക്കാരായ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. നമ്മുടെ സമൂഹത്തിന്റെ ഒരു പരിച്ഛേദം തന്നെയാണ് ഒരു വിദ്യാഭ്യാസ സ്ഥാപനം. സമൂഹത്തിൽ നിലനിൽക്കുന്ന എല്ലാ വിവേചനങ്ങളും വ്യവസ്ഥാപരമായ അടിച്ചമർത്തലും അവിടെയും പ്രതിഫലിക്കുന്നു. നിറം തൊട്ട്, ഇംഗ്ളീഷ് ഭാഷ പറയാനുള്ള പ്രയാസം തൊട്ട്, ഒരു ഗ്രാമീണന്റെ അപകർഷതാ ബോധം തൊട്ട്, ദളിതരല്ലാത്തവർ കാണിക്കുന്ന മേധാവിത്വവും വിവേചനവും വരെ പല പ്രശ്നങ്ങൾ ഇതിൽ പെടുന്നു. ഇതെല്ലാം ഉണ്ടാക്കുന്ന അപകർഷതാ ബോധവും ആത്മവിശ്വാസക്കുറവും പഠനത്തെ ബാധിച്ചില്ലെങ്കിലേ അദ്‌ഭുതമുള്ളൂ.

നേരത്തെ തന്നെ താഴ്ന്ന ക്‌ളാസുകളിൽ ഇതെല്ലാം അനുഭവിച്ചു വന്നതിന്റെ ഫലമായി കുറഞ്ഞുപോയ പഠനമികവ്, മിക്കവാറും ദരിദ്രമായ പശ്ചാത്തലത്തിൽ നിന്ന് വരുന്നതിനാൽ സാങ്കേതിക വിദ്യകളുമായുള്ള പരിചയക്കുറവ്, അവയെടുത്തുപയോഗിക്കാനുള്ള ഭയം, ഒരു പ്രൊഫെഷണൽ കോളേജിന്റെ മത്സരാത്മകമായ അന്തരീക്ഷത്തോട് പരിചയമില്ലായ്മ, പഠന മാധ്യമം പെട്ടെന്ന് മലയാളത്തിന് പകരം ഇംഗ്ലീഷ് ആകുമ്പോഴുള്ള ബുദ്ധിമുട്ട്, ഇംഗ്ളീഷിൽ പരീക്ഷ എഴുതാനുള്ള പ്രയാസം, ഇങ്ങനെ നിരവധി ഘടകങ്ങൾ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളെ നന്നായി പഠിച്ചു പുറത്തിറങ്ങിന്നതിൽ നിന്ന് തടയുന്നു. ഇത്തരം പ്രശ്നങ്ങൾ മനസ്സിലാക്കി ഈ വിഭാഗം കുട്ടികൾക്ക് പ്രത്യേക ശ്രദ്ധയും സഹായവും നൽകുന്ന ഒരു അധ്യാപന രീതിയോ, വിദ്യാഭ്യാസ സംസ്കാരമോ നമുക്കില്ല.

പഠനം തുടരാനുള്ള സാമ്പത്തിക പ്രയാസങ്ങൾ, അതുണ്ടാക്കുന്ന മറ്റു കുട്ടികളിൽ നിന്നുള്ള സാമൂഹ്യമായ ഒറ്റപ്പെടൽ, ആദിവാസി വിഭാഗത്തിൽ പെട്ട വിദ്യാർഥികൾ നേരിടുന്ന സാംസ്കാരികമായി മറ്റുള്ളവരുമായി ചേർന്ന് നിൽക്കാനുള്ള പ്രയാസങ്ങൾ, അവർക്കുള്ള തനതായ സാംസ്‌കാരിക സ്വഭാവങ്ങളിൽ മറ്റുള്ളവർ കാണുന്ന അപരത്വം, ഇങ്ങനെ പ്രശ്നങ്ങളുടെ ഒരു നീണ്ട നിര തന്നെ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികളെ വേട്ടയാടുന്നു. എസ്. ഇരുദയ രാജനും എസ്. സുനിതയും ചേർന്ന് നടത്തിയ പഠനത്തിൽ പറയുന്നത്, കേരളത്തിൽ പോലും 2013 ലെ കണക്കു പ്രകാരം, ഹൈസ്‌കൂളുകളിൽ പട്ടിക ജാതിയിൽ പെടാത്ത 1% കുട്ടികൾ മാത്രം തോൽക്കുമ്പോൾ, പട്ടികജാതിയിൽ പെട്ട 6% കുട്ടികൾ കൊല്ലപ്പരീക്ഷയിൽ പരാജയപ്പെടുന്നു എന്നാണ്.

2007 ഇൽ ഡൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിലെ (AIIMS) ജാതി വിവേചന പരാതികൾ പരിശോധിക്കാനും പഠിക്കാനും അന്നത്തെ പ്രധാനമന്ത്രി മൻമോഹൻ സിംഗിന്റെ മന്ത്രിസഭ നിയോഗിച്ച എസ്.കെ. തൊറാട്ട് സമിതി ഉന്നത വിദ്യാഭ്യാസ രംഗത്തെ ജാതി വിവേചനം ഗൗരവത്തിൽ പഠിച്ച ആദ്യത്തെ സംരംഭമായിരുന്നു. വിവേചനത്തിന്റെ സ്വഭാവവും പ്രത്യാഘാതങ്ങളും വളരെ വ്യക്തമായി തന്നെ ഈ സമിതി മനസ്സിലാക്കുകയും, അവതരിപ്പിക്കുകയും ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ സംവരണത്തിലൂടെ പ്രവേശനം കിട്ടിയ വിദ്യാർത്ഥികളുടെ പരാതികളാണ് ആ സമിതി പരിശോധിച്ചത്. ആ വിദ്യാർത്ഥികളിൽ 72% പേരും തങ്ങൾ ജാതി വിവേചനം നേരിടുന്നുണ്ട് എന്ന് സമിതിയോട് പറഞ്ഞു. ആ വിദ്യാർത്ഥികളിൽ 69% പേരും പറഞ്ഞത്, അധ്യാപകർ വേണ്ട രീതിയിൽ അവർക്ക് ആശയവിനിമയം നടത്താൻ പറ്റുന്നവരായി അനുഭവപ്പെടുന്നില്ല, അല്ലെങ്കിൽ അധ്യാപകർ അവരോട് അവഗണന കാണിക്കുന്നു എന്നാണ്. ഇതിന്റെ കാരണം ജാതി തന്നെയാണ് എന്നും ഈ വിദ്യാർഥികൾ എസ്.കെ. തൊറാട്ട് സമിതിക്കു മുൻപാകെ തുറന്നു പറഞ്ഞു.

ജന്മനാ കഴിവില്ലാത്തതു കൊണ്ടാണ് പട്ടികജാതി-പട്ടികവർഗ്ഗ കുട്ടികൾ പരീക്ഷകളിൽ ജയിക്കാത്തതും, പഠനത്തിൽ മുന്നേറാത്തതും എന്ന മട്ടിലുള്ള ഡെഫിസിറ്റ് തിങ്കിങ് അഥവാ കുറവുകൾ സഹജമാണ് എന്ന ചിന്ത സമൂഹത്തിൽ പൊതുവെയും വിദ്യാഭ്യാസ രംഗത്തും പ്രബലമാണ്. ഈ വിദ്യാർഥികൾ ഭൂരിഭാഗവും ഗ്രാമീണ മേഖലയിലുള്ള സ്‌കൂളുകളിൽ പഠിച്ചാണ് വരുന്നത്. അത് തന്നെ സർക്കാർ സ്‌കൂളുകളിൽ. കാരണം, സ്വകാര്യ സ്‌കൂളുകളിൽ ഫീസ് കൊടുത്തു പഠിക്കാനുള്ള സാമ്പത്തികശേഷി പലപ്പോഴും ഈ വിദ്യാർത്ഥികൾക്കുണ്ടാവില്ല. ഇന്ത്യ മൊത്തത്തിൽ എടുത്താൽ സർക്കാർ സ്‌കൂളുകൾ പലപ്പോഴും പഠന നിലവാരത്തിന്റെയും സൗകര്യങ്ങളുടെയും കാര്യത്തിൽ വളരെ മോശമായിരിക്കും എന്ന് കാണാവുന്നതാണ്.

ദാരിദ്ര്യത്തിന്റെ ഒരു പാർശ്വഫലം സാങ്കേതിക വിദ്യ ഉപയോഗിക്കാനുള്ള, ലാപ്ടോപ്പ് മുതലായ ഉപകരണങ്ങൾ കൈകാര്യം ചെയ്യാനുള്ള അവസരം കുറയുന്നു എന്നതാണ്. ആധുനിക ഇലക്ട്രോണിക് ഉപകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗിക്കാനുള്ള മടിയും, അതിനോടുള്ള ഭീതിയും ക്രമേണ ഈ പശ്ചാത്തലത്തിൽ നിന്ന് വരുന്ന കുട്ടികളിൽ വളരുന്നു. ഒരു പ്രൊഫെഷണൽ കോളേജിലെ വിദ്യാഭ്യാസ അന്തരീക്ഷം ഈ കുട്ടികൾക്ക് അപരിചിതവും, ഭയം ഉളവാക്കുന്നതുമായി മാറുന്നതിൽ ഈ ഘടകങ്ങളും പ്രവർത്തിക്കുന്നു. മത്സരാധിഷ്ഠിതമായ ഒരു ജീവിതരീതി ശീലിച്ചിട്ടില്ലാത്ത ആദിവാസി വിഭാഗങ്ങളിൽ നിന്നു വരുന്ന വിദ്യാർത്ഥികൾക്ക് ക്യാമ്പസ്സുകളിലെ പഠനരീതിയിലെ മത്സരാത്മകത മറ്റൊരു പ്രശ്നമാണ്.

എജുക്കേഷൻ ആൻഡ് കാസ്റ്റ് ഇൻ ഇന്ത്യ: ദി ദളിത് ക്വസ്റ്റെൻ എന്ന 2021 ഇൽ പുറത്തിറങ്ങിയ പുസ്തകത്തിൽ (എഡി. ഘനശ്യാം ഷാ, കനക് കാന്തി ബാഗ്ചി, വിശ്വനാഥ കലയ്യ) മഹാരാഷ്ട്രയിലെ ഉന്നതവിദ്യാഭ്യാസ രംഗത്ത് പട്ടിക ജാതി-പട്ടിക വർഗ്ഗ വിദ്യാർഥികൾ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് ഗോവർധൻ വാൻഖെഡെ എഴുതിയ പഠനമുണ്ട്. അതിൽ ഈ വിദ്യാർത്ഥികളുടെ ചില അനുഭവ കഥനങ്ങൾ അതേപോലെ കൊടുത്തിട്ടുണ്ട്. അവയിൽ രണ്ടെണ്ണമാണ് താഴെ-

“ഞാൻ ഒരു സ്വകാര്യ അൺ എയ്ഡഡ് കോളേജിൽ ഇലക്ട്രോണിക് എൻജിനീയറിങ് ബി.ഇ. ക്കു പഠിക്കുകയാണ്. എനിക്ക് എന്ത് ചെയ്യണമെന്നറിയില്ല, ഒരു പിന്തുണയും, മാർഗ്ഗനിർദ്ദേശവും ആരിൽ നിന്നും കിട്ടുന്നില്ല. പഠനച്ചിലവ് വളരെ അധികമാണ്. വിഷയങ്ങൾ പഠിക്കാൻ വളരെ ബുദ്ധിമുട്ടു തോന്നുന്നു. എന്നെ പഠിപ്പിക്കാൻ അധ്യാപകർ ഒരു പ്രത്യേക ശ്രദ്ധയും എടുക്കുന്നില്ല.” (പേജ്-162).

എം.ബി.ബി.എസ്. നു പഠിക്കുന്ന മറ്റൊരു പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥിനി പറയുന്നു,

“എന്റെ രക്ഷിതാക്കൾ പാവപ്പെട്ടവരും വിദ്യാഭ്യാസം ഇല്ലാത്തവരുമാണ്. അതുകൊണ്ടു വീട്ടിൽ നിന്ന് എനിക്ക് ഒരു വഴികാട്ടലും ലഭിക്കില്ല. കോളേജിൽ അധ്യാപകരും, വിദ്യാർത്ഥികളും എന്നെ മറ്റൊരു കണ്ണിലൂടെയാണ് നോക്കുന്നത്. എനിക്ക് അത്ര കഴിവില്ല എന്നും, എനിക്ക് യോഗ്യതയില്ല എന്നും, സംവരണം കൊണ്ട് മാത്രമാണ് എനിക്ക് പ്രവേശനം ലഭിച്ചത് എന്നുമാണ് അവർ കരുതുന്നത്. എനിക്ക് വലിയ വിഷമവും, അപമാനവും തോന്നാറുണ്ട്. ഈ കോഴ്സ് എനിക്ക് താങ്ങാനാവാത്തത്ര ചെലവേറിയതുമാണ്.”

ഇതേ പുസ്തകത്തിൽ തന്നെ ഗുജറാത്തിലും, പശ്ചിമ ബംഗാളിലും, മഹാരാഷ്ട്രയിലുമൊക്കെ പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർത്ഥികൾ നേരിടുന്ന ജാതി വിവേചനവുമായി ബന്ധപ്പെട്ട അവസര നിഷേധങ്ങളും അവഗണനയും കണക്കുകൾ സഹിതം വിവരിക്കുന്നുണ്ട്.

2015 ഇൽ യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മീഷൻ (യു.ജി.സി.) ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പട്ടികജാതി-പട്ടികവർഗ്ഗ, ഒ.ബി.സി., ന്യൂനപക്ഷ വിദ്യാർത്ഥികൾക്ക് പ്രത്യേകമായി അധിക പരിശീലന ക്‌ളാസുകൾ നൽകാൻ സർവ്വകലാശാലകൾക്കും കോളേജുകൾക്കും ധനസഹായം നൽകാൻ തുടങ്ങി. ഇംഗ്ലീഷിലും അടിസ്ഥാന ശാസ്ത്ര വിഷയങ്ങളിലും ഈ വിധത്തിൽ തങ്ങൾക്കു പ്രത്യേക പരിശീലനം വേണം എന്ന് എസ്.കെ. തൊറാട്ട് സമിതി മുൻപാകെ തെളിവ് നൽകിയ 84% വിദ്യാർത്ഥികളും ആവശ്യപ്പെട്ടിരുന്നു. ദൽഹി ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ (AIIMS) ഈ വിദ്യാർത്ഥികളെ സഹായിക്കാനായി ഒരു ഈക്വൽ ഓപ്പർച്യുണിറ്റി ഓഫീസ് തുറക്കാനും തൊറാട്ട് സമിതി നിർദ്ദേശിച്ചിരുന്നു. ഇതെല്ലാം ഫലപ്രദമായി നടപ്പാക്കപ്പെട്ടോ എന്ന പഠനമോ പരിശോധനയോ നടന്നിട്ടില്ല.

പാലക്കാട് എൻ.എസ്.എസ്. എൻജിനീയറിങ് കോളേജിലെ പൂർവ വിദ്യാർത്ഥി സംഘടനയായ ദർശന കേരളത്തിലെ സാങ്കേതിക വിദ്യാഭ്യാസ മേഖലയിൽ ഇക്കാര്യത്തിൽ ചെയ്യാനൊക്കുന്ന ചില ക്രിയാത്മകമായ നിർദ്ദേശങ്ങൾ മുന്നോട്ട് വെക്കുന്നുണ്ട്. കേരളത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ ക്ഷേമ വകുപ്പിൽ ഈ വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികളുടെ പഠന നിലവാരം സൂക്ഷ്മമായി നിരീക്ഷിക്കാനും വേണ്ട പിന്തുണ നൽകാനും ഒരു മോണിറ്ററിങ് സെൽ സ്ഥാപിക്കുക എന്നതാണ് ഒരു നിർദ്ദേശം. കേരള സാങ്കേതിക സർവകലാശാല വിവിധ എൻജിനീയറിങ് കോളേജുകളെ ഗ്രേഡ് ചെയ്യുമ്പോൾ ആ കോളേജുകളിൽ എത്ര ശതമാനം പട്ടികജാതി-പട്ടികവർഗ്ഗ വിദ്യാർഥികൾ പാസ്സായി എന്നതും ഒരു ഗ്രേഡിംഗ് മാനദണ്ഡമാക്കി മാറ്റി അതിനു സ്‌കോർ കണക്കാക്കുക എന്ന നിർദ്ദേശവും അവർ മുന്നോട്ട് വെക്കുന്നു. ഒരു പൂർവ വിദ്യാർത്ഥി സംഘടന എന്ന നിലയിൽ സ്വതന്ത്രമായി ഈ വിദ്യാർത്ഥികൾക്കു പരിശീലനം നൽകാനും ഇവർ ശ്രമം തുടങ്ങിയിട്ടുണ്ട്.

2018 ലെ നാഷണൽ സാമ്പിൾ സർവേ കണക്കുകൾ അനുസരിച്ച് ഇന്ത്യയിലെ ആകെ പട്ടികജാതിക്കാരിൽ 63% പേര് കൂലി തൊഴിലാളികളാണ്. അവരിൽ തന്നെ വലിയൊരു വിഭാഗം ജോലിസ്ഥിരതയില്ലാത്ത കാഷ്വൽ വർക്കർ എന്ന വിഭാഗത്തിൽ പെടുന്നു. മിക്കപ്പോഴും ഇങ്ങനെ ഒരു കുടുംബപശ്ചാത്തലത്തിൽ നിന്നാണ് പട്ടികജാതിയിൽ പെട്ട ഒരു വിദ്യാർത്ഥി പ്രൊഫെഷണൽ കോഴ്സ് പഠിക്കാൻ വരുന്നത് എന്ന് ഓർത്താൽ മാത്രം മതി, ആ വിദ്യാർത്ഥി ഒരു സാധാരണ വിദ്യാർത്ഥിയെക്കാൾ ഒരു പക്ഷെ കൂടുതൽ മിടുക്കരാണ് എന്ന് മനസ്സിലാവാൻ. മാത്രമല്ല, എന്തെല്ലാം സാമ്പത്തിക സാമൂഹ്യ പ്രതിസന്ധികളെ മറികടന്നുള്ള ഒരു ജീവിത സമരത്തിലൂടെയാവാം ആ വിദ്യാർത്ഥി ഒരു പ്രൊഫഷണൽ കോളേജിൽ പ്രവേശനം നേടിയത് എന്നും ചിന്തിക്കണം. എന്നിട്ടും ആ കുട്ടികൾക്ക് പഠിച്ച് പാസാകാൻ പറ്റുന്നില്ലെങ്കിൽ അത് അവരുടെ കുഴപ്പമല്ല. നമ്മുടെ വിദ്യാഭ്യാസ സംവിധാനത്തിന്റെയും അതിനെ നയിക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന്റെയും പ്രശ്നമാണ്. അത് തുറന്നു സമ്മതിക്കുകയും അതിൽ നിന്നുകൊണ്ടുള്ള ഇടപെടലുകൾ ഉണ്ടാവുകയും ചെയ്താലേ മാറ്റങ്ങൾക്കു സാധ്യതയുള്ളൂ.


Subscribe to our channels on YouTube & WhatsApp

About Author

ദി ഐഡം ബ്യൂറോ

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ശ്രദ്ധേയമായ ഈ ലേഖനം സംസ്ഥാനത്തെ പട്ടികജാതി – വർഗ്ഗ വകുപ്പ് മന്ത്രിയുടെയും സംസ്ഥാന സർക്കാരിന്റെയും അറിവിലേക്കായി സമർപ്പിക്കുന്നു. കൂടെ പൊതു സമൂഹത്തിന്റെയും. ദർശനക്കും ഐഡത്തിനും അഭിവാദ്യങ്ങൾ