A Unique Multilingual Media Platform

The AIDEM

Articles Economy Politics Society

വൈദ്യുതി പ്രതിസന്ധിയുടെ കാണാപ്പുറങ്ങൾ

  • May 3, 2022
  • 1 min read
വൈദ്യുതി പ്രതിസന്ധിയുടെ കാണാപ്പുറങ്ങൾ

മുമ്പെങ്ങും നേരിട്ടിട്ടില്ലാത്ത പ്രതിസന്ധിയാണ് രാജ്യത്തെ കൽക്കരി താപനിലയങ്ങൾ ഇപ്പോൾ നേരിടുന്നത്. ആവശ്യത്തിന് കൽക്കരി ശേഖരമില്ലാത്തതിനാൽ പല നിലയങ്ങളുടേയും പ്രവർത്തനം അവതാളത്തിലായിക്കഴിഞ്ഞു. 24 ദിവസത്തേക്ക് വൈദ്യുതി ഉത്പാദിപ്പിക്കാൻ വേണ്ട 25 ശതമാനം കൽക്കരി എപ്പോഴും നിലയങ്ങളിൽ കരുതൽ ശേഖരമായി വേണമെന്നാണ്. എന്നാൽ കഴിഞ്ഞ കുറച്ച് മാസങ്ങളായി രാജ്യത്തെ നൂറിലേറെയുള്ള കൽക്കരി നിലയങ്ങളിൽ ആവശ്യത്തിനുവേണ്ട കൽക്കരി ശേഖരമില്ല. എന്തുകൊണ്ട് ഇത് സംഭവിച്ചു?

കേന്ദ്ര സർക്കാരിന് കീഴിലുള്ള കോൾ ഇന്ത്യ ലിമിറ്റഡാണ് രാജ്യത്തെ കൽക്കരിയുടെ 80 ശതമാനവും വിതരണം ചെയ്യുന്നത്. വൈദ്യുതി മേഖലയ്ക്ക് പുറമെ വ്യാവസായിക മേഖലയ്ക്ക് വേണ്ടുന്ന കൽക്കരിയും വിതരണം ചെയ്യുന്നത് കോൾ ഇന്ത്യതന്നെയാണ്. രാജ്യത്ത് പ്രതിവർഷം താപനിലയങ്ങളിൽ നിന്നുള്ള വൈദ്യുതി ഉത്പാദനത്തിന് വേണ്ടുന്നത് 500 ദശലക്ഷം ടൺ കൽക്കരിയാണ് എന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കോൾ ഇന്ത്യ പ്രതിവർഷം ഇതിലുമധികം കൽക്കരി ഇപ്പോൾ ഉത്പാദിപ്പിക്കുന്നുണ്ട്. എന്നിട്ടും രാജ്യത്തെ താപനിലയങ്ങളിൽ കൽക്കരിയുടെ ക്ഷാമം രൂക്ഷമാണെന്നതാണ് വിചിത്രം.

രാജ്യത്ത് 135 ഓളം കൽക്കരി താപനിലയങ്ങളിലുള്ളതിൽ 85 എണ്ണത്തിലും 25 ശതമാനത്തിൽ താഴെയാണ് ഇപ്പോൾ കരുതൽ ശേഖരമുള്ളത്. അമ്പതിലേറെ താപനിലയങ്ങളിൽ കരുതൽ ശേഖരം പത്ത് ശതമാനത്തിലും ഇരുപത്തഞ്ചിലേറെ നിലയങ്ങളിൽ ഇത് 5 ശതമാനത്തിലും താഴെയുമാണ്. ഇറക്കുമതിചെയ്ത കൽക്കരി ഉപയോ​ഗിച്ച് പ്രവ‍ത്തിച്ചിരുന്ന പതിനൊന്ന് പ്ലാന്റുകളുടെ അവസ്ഥയും സമാനം. 66.33 ദശലക്ഷം ടൺ കൽക്കരി വേണ്ടിടത്ത് 21.55 ദശലക്ഷം ടൺ‍ കൽക്കരി മാത്രമാണ് നിലവിൽ ഉള്ളത്. കഴിഞ്ഞ 8 വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന ശേഖരമാണിത്. അടുത്ത ഒക്ടോബർ വരെ പ്രതിസന്ധി തുടരുമെന്നാണ് വിലയിരുത്തൽ. പ്രതിസന്ധി രൂക്ഷമായതോടെ കോൾ ഇന്ത്യ കഴിഞ്ഞമാസം ഉത്പാദനം 27.2 ശതമാനം കൂട്ടിയെങ്കിലും പ്രതിസന്ധിയെ മറികടക്കാൻ ഇത് പര്യാപ്തമാവില്ല. കൽക്കരി ക്ഷാമത്തെ തുടർന്ന് രാജ്യത്തെ 9 കൽക്കരി താപനിലയം അടഞ്ഞുകിടക്കുകയാണ് എന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

 

എന്തുകൊണ്ട് ക്ഷാമം?

നിലവിലെ ക്ഷാമത്തിന് ആഭ്യന്തരവും അന്താരാഷ്ട്രവുമായ വിവിധ കാരണങ്ങളുണ്ട്. രാജ്യത്ത് വേണ്ടുന്ന 70 ശതമാനം കൽക്കരിയും ഉത്പാദിപ്പിക്കുന്ന കോൾ ഇന്ത്യയുടെ കൽക്കരി പാടങ്ങളിൽ മാസങ്ങൾക്ക് മുമ്പ് പെയ്ത കനത്തമഴയാണ് പ്രതിസന്ധിക്ക് വഴിവെച്ചതായി പറയുന്ന ഒരു കാരണം. കഴിഞ്ഞ കാലവർഷത്തിൽ പെയ്ത കനത്ത മഴയെ തുടർന്ന് ഖനികളിൽ വെള്ളം കയറി ഉത്പാദനം നിർത്തി വെക്കേണ്ടിവന്നു. വിതരണശൃഖലയേയും ഇത് പ്രതികൂലമായി ബാധിച്ചു. 24 ശതമാനത്തിലേറെയാണ് മഴയെ തുടർന്ന് കോൾ ഇന്ത്യയുടെ മൊത്തം ഉത്പാദനത്തിലുണ്ടായ ഇടിവ്. മൺസൂൺ കാലത്ത് മണ്ണിടിച്ചിലിനും ഖനികളിൽ വെള്ളം കയറാനുമുള്ള സാധ്യതകളും തുടർന്ന് ഉത്പാദനവും വിതരണവും തടസപ്പെടാനുള്ള സാഹചര്യങ്ങളും ഏറെയാണ്. എന്നാൽ മൺസൂൺ സീസണിന് മുമ്പാകെ വേണ്ടത്ര കൽക്കരി താപനിലയങ്ങൾ ശേഖരിച്ചിരുന്നില്ലെന്ന് കേന്ദ്രത്തിന്റെ  തന്നെ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതായത് മഴക്കാലത്തെ പ്രതിസന്ധി മറികടക്കാൻ വേണ്ട മുൻകരുതലുകൾ രാജ്യത്തെ താപനിലയങ്ങളോ കോൾ ഇന്ത്യയോ സ്വീകരിച്ചിരുന്നില്ല എന്നുവേണം കരുതാൻ.

 

ഇതിന് പുറമെയാണ് അന്താരാഷ്ട്ര മാർക്കറ്റിൽ നിന്നുള്ള ഇറക്കുമതി. ലോകത്തിലെ നാലാമത്തെ വലിയ കൽക്കരിശേഖരമുള്ള ഇന്ത്യതന്നെയാണ് ലോകത്തിലെ രണ്ടാമത്തെ വലിയ കൽക്കരി ഇറക്കുമതി രാജ്യവും. വ്യാവസായിക ആവശ്യത്തിനും ഊർജ്ജോത്പാദനത്തിനുമെല്ലാം ഇറക്കുമതി ചെയ്യുന്ന കൽക്കരിയേയും രാജ്യം ആശ്രയിക്കുന്നുണ്ട്. വൈദ്യുതി ഉത്പാദനത്തിനുവേണ്ടുന്ന കൽക്കരിയുടെ 12 ശതമാനമാണ് രാജ്യം ഇറക്കുമതി ചെയ്യുന്നത് 2019 -20 സാമ്പത്തിക വർഷത്തിൽ 248.53 ദശലക്ഷം ടൺ കൽക്കരിയാണ് ഇന്ത്യ ഇറക്കുമതി ചെയ്തത്. എന്നാൽ തൊട്ടടുത്ത സാമ്പത്തിക വർഷം ഇത് ഗണ്യമായി കുറഞ്ഞു. 215.25 ദശലക്ഷം ടൺ കൽക്കരിയാണ് 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യ ഇറക്കുമതി ചെയ്തത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിലിത് 173.33 ദശലക്ഷം ടണ്ണായും കുറഞ്ഞു. അന്താരാഷ്ട്രവിപണയിൽ കൽക്കരിയുടെ വില കൂടിയതാണ് ഇറക്കുമതി കുറയാനിടയാക്കിയത്. ഈ വർഷമാദ്യം ഉക്രയ്ൻ – റഷ്യ യുദ്ധം ആരംഭിച്ചതോടെ അന്താരാഷ്ട്ര വിപണിയിൽ കൽക്കരിയുടെ ലഭ്യതയ്ക്കുപുറമെ വിതരണശൃംഖല തടസപ്പെട്ടതും പ്രതിസന്ധിക്ക് വഴിവെച്ചിട്ടുണ്ട്. യുദ്ധം ആരംഭിച്ചതോടെ ഇറക്കുമതിചെയ്യുന്ന കൽക്കരിയുടെ വില കുത്തനെ ഉയർന്നു. ഈ സാമ്പത്തിക വർഷം ഇറക്കുമതി ചെയ്യുന്ന കൽക്കരിയുടെ വില മുൻവർഷത്തേക്കാൾ 35 ശതമാനം വരെ ഉയരുമെന്നാണ് കണക്കാക്കപ്പെടുന്നത്. വില കുത്തനെ ഉയർന്നതോടെ ഇറക്കുമതിയെ ആശ്രയിച്ചിരുന്ന സ്വകാര്യ താപനിലയങ്ങളും വ്യാവസായികമേഖലയും ആഭ്യന്തര കൽക്കരിയെ ആശ്രയിച്ചുതുടങ്ങിയത് മറ്റ് കേന്ദ്രങ്ങളിലേക്കുള്ള കോൾ ഇന്ത്യയുടെ വിതരണത്തെ ബാധിച്ചു.

കൽക്കരി ഇറക്കുമതി

കോൾ ഇന്ത്യയും ഉത്പാദനവും

കൊവിഡിനെ തുടർന്ന് ലോക്ക്ഡൌൺ ഏർപ്പെടുത്തിയത് കൽക്കരി ഖനികളുടെ പ്രവർത്തനത്തേയും മറ്റ് മേഖലകളെപോലെ ബാധിച്ചിരുന്നു. ലോക്ഡൌണിനെ തുടർന്ന് കോൾ ഇന്ത്യയുടെ ഉത്പാദനം കുത്തനെ ഇടിഞ്ഞു. കൊവിഡ് കാലത്ത് കോൾ ഇന്ത്യയുടെ ഉത്പാദനം തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേക്കാൾ 3.3 ശതമാനമാണ് താഴ്ന്നത്.  337.52 ദശലക്ഷം ടണ്ണായിരുന്നു 2019-20 സാമ്പത്തിക വർഷത്തിൽ കോൾ ഇന്ത്യയുടെ ഉത്പാദനം. കൊവിഡ് പ്രതിസന്ധിക്ക് ശേഷം മെല്ലെ പ്രവർത്തനം സാധാരണഗതിയിലേക്ക് മാറുമ്പോൾ എത്തിയ കനത്ത മഴയും കൽക്കരി ഉത്പാദനത്തേയും വിതരണത്തേയും താറുമാറാക്കിയെങ്കിലും നേട്ടത്തിലാണ് ഉത്പാദനം അവസാനിപ്പിച്ചത്. 2020-21 സാമ്പത്തിക വർഷത്തിൽ ഉത്പാദനം 716 ദശലക്ഷം ടണ്ണായി ഉയർത്തിയ കോൾ ഇന്ത്യ അവസാന സാമ്പത്തിക വർഷത്തിൽ ഇത് 777.33 ദശലക്ഷം ടണ്ണാക്കി. മുൻ വർഷത്തേക്കാൾ എട്ടര ശതമാനത്തിൻറെ വളർച്ചയാണ് കൈവരിച്ചത്.

രാജ്യത്ത് കൽക്കരി ക്ഷാമം ഇല്ലെന്ന് കേന്ദ്രസർക്കാരും ആവർത്തിക്കുന്നു. രണ്ട് മാസം മുമ്പ് പ്രതിസന്ധി ഉടലെടുത്തപ്പോഴും ഇപ്പോഴും അത് തന്നെയാണ് കണക്കുകൾ ചൂണ്ടിക്കാട്ടി സർക്കാർ പറയുന്നത്. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ റെക്കോർഡ് ഉത്പാദനം നടത്തിയതിനൊപ്പം തന്നെ റെക്കോർഡ് അളവിൽ വിതരണവും നടത്തിയെന്നാണ് കേന്ദ്ര കൽക്കരി വകുപ്പ് മന്ത്രി പ്രഹ്ലാദ് ജോഷി ഏപ്രിൽ പതിമൂന്നിന്  മാധ്യമങ്ങളോട് പറഞ്ഞത്. 2021-22 സാമ്പത്തിക വർഷത്തിൽ 818.31 ദശലക്ഷം ടൺ കൽക്കരി വിതരണം നടത്തിയെന്നാണ് മന്ത്രി പറഞ്ഞത്. ഇത് തൊട്ടുമുമ്പത്തെ സാമ്പത്തിക വർഷത്തേതിനേക്കാൾ 18.44 ശതമാനം കൂടുതലാണ്.  (ചാർട്ട് കാണുക). അങ്ങനെയാണെങ്കിൽ ഇപ്പോഴത്തെ പ്രതിസന്ധി എങ്ങനെയുണ്ടായി?

കൽക്കരി ഉത്പാദനം

പ്രതിസന്ധി എങ്ങനെ?

താപനിലയങ്ങളിലെ സ്റ്റോക്കിൽ കാര്യമായ ഇടിവ് ഉണ്ടാകുന്നതായാണ് കോൾ ഇന്ത്യയുടെ തന്നെ കണക്കുകൾ വ്യക്തമാക്കുന്നത്. 2020 ഏപ്രിലിൽ 51 ദശലക്ഷം ടണ്ണോളം കൽക്കരി സംഭരിക്കപ്പെട്ടിരുന്നത് 2021 മെയ് മാസമെത്തിയപ്പോഴേക്കും 29 ദശലക്ഷത്തോളവും സെപ്തംബറിൽ വെറും 8 ദശലക്ഷവുമായും കരുതൽ ശേഖരം താഴ്ന്നു. അതായത് സംഭരണത്തിലെ ഇടിവ് പെട്ടെന്ന് ഉണ്ടായതല്ലെന്ന് കണക്കുകളിൽ നിന്ന് വ്യക്തമാകും.

 

രാജ്യത്തെ കോൾ ഖനികൾ കോൾ ഇന്ത്യ ലിമിറ്റഡ് എന്ന പൊതുമേഖലസ്ഥാപനത്തിന് കീഴിലായിരുന്നു. എന്നാലിപ്പോൾ ഇവിടെയും സ്വകാര്യവത്ക്കരണനടപടികൾ ആരംഭിച്ചതിന് പിന്നാലെയാണ് രാജ്യത്തെ കൽക്കരി താപനിലയങ്ങളിലെ ക്ഷാമം ആരംഭിച്ചതെന്ന് കാണാം. കൊവിഡ് മഹാമാരിക്കാലത്താണ് രാജ്യത്തെ ഖനനമേഖലയെ സ്വകാര്യ കമ്പനികൾക്ക് തുറന്നുകൊടുക്കാനുള്ള നിയമനിർമാണങ്ങൾ കേന്ദ്ര സർക്കാർ ആരംഭിച്ചത്. 38 ഓളം കൽക്കരി ഖനികളാണ് പ്രതിഷേധങ്ങൾക്കിടയിലും സ്വകാര്യകമ്പനികൾക്കായി തുറന്നുകൊടുക്കാൻ തീരുമാനിച്ചത്. 19 കൽക്കരിപാടങ്ങൾ ലേലം ചെയ്യുകയും ചെയ്തു. അദാനിയടക്കമുള്ളവരാണ് ലേലത്തിൽ കൽക്കരി ഖനികൾ സ്വന്തമാക്കിയത്. ഇതിന് പിന്നാലെയാണ് കൽക്കരി നിലയങ്ങളിലെ കരുതൽ ശേഖരത്തിൽ വൻ ഇടിവ് രേഖപ്പെടുത്താൻ തുടങ്ങിയതെന്ന് കണക്കുകൾ പരിശോധിക്കുമ്പോൾ വ്യക്തമാകും. ക്ഷാമത്തിൻറെ പേരിൽ കോൾ ഇന്ത്യയുടെ പ്രവർത്തനക്ഷമതയെ തന്നെ സംശയത്തിൻറെ നിഴലിലാക്കി സ്വകാര്യകമ്പനികളെ സഹായിക്കാനാണ് ശ്രമമെന്ന ആരോപണവും ഇതിനാൽ തന്നെ പ്രസക്തമാണ്.

മറികടക്കാനെന്ത് നടപടി?

ക്ഷാമം രൂക്ഷമായതോടെ കൽക്കരി നിലയങ്ങളിലേക്ക് ആവശ്യത്തിനുള്ള കൽക്കരി എത്തിക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചെന്നാണ് കോൾ ഇന്ത്യ ലിമിറ്റ‍ഡ് പറയുന്നത്. കൽക്കരിയുടെ വിതരണം കോൾ ഇന്ത്യ 14.2 ശതമാനം വർദ്ധിപ്പിച്ചതിനൊപ്പം തന്നെ പ്രതിദിന ഉത്പാദനം 1.64 ദശലക്ഷം ടൺ ആയി ഉയർത്തി. ഈ മാസം അവസാനം വരെ കേന്ദ്രത്തിനും സംസ്ഥാനങ്ങൾക്കും കീഴിലുള്ള താപനിലയങ്ങൾക്ക് അധികമായി 8.75 ദശലക്ഷം ടൺ കൽക്കരി വിതരണം ചെയ്യാനും തീരുമാനമായിട്ടുണ്ട്. താപനിലയങ്ങളിലേക്കുള്ള കൽക്കരി നീക്കം സു​ഗമമാക്കാനുള്ള ശ്രമങ്ങൾക്ക് കേന്ദ്രവും നടപടികൾ സ്വീകരിച്ചിട്ടുണ്ട്. 753 യാത്രാ തീവണ്ടികളുടെ സർവ്വീസ് നിർത്തലാക്കിയാണ് തീവണ്ടിപ്പാളങ്ങളിലെ തിരക്ക് നിയന്ത്രിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഇത് മൂലം കൽക്കരിയും വഹിച്ചുള്ള വാ​ഗണുകളുടെ കടന്ന് പോക്ക് സു​ഗമമാക്കാനാണ് ലക്ഷ്യമിടുന്നത്. പക്ഷെ അപ്പോഴും കൽക്കരി നീക്കത്തിന് വേണ്ടുന്ന അത്രയും വാ​ഗണുകൾ ഇതുവരേയും അനുവദിച്ചിട്ടില്ല. പ്രതിദിനം 453 വാ​ഗണുകളാണ് വിവിധ കേന്ദ്രങ്ങളിലേക്ക് കൽക്കരി നീക്കത്തിനായി വേണ്ടത്. പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തിലും 427 വാ​ഗണുകളാണ് റെയിൽവേ കഴിഞ്ഞയാഴ്ച്ച വരെ അനുവദിച്ചത്. ആവശ്യത്തിന് വാഗണുകൾ ഇല്ലെന്നതാണ് ഇതിന് കാരണമായി പറയുന്നത്. കൽക്കരി ഉത്പാദനം കോൾ ഇന്ത്യ ഉയ‍ർത്തുന്നതിനിടയിലും അടുത്തമൂന്ന് വർഷത്തേക്ക് കൽക്കരി ഇറക്കുമതി ചെയ്യാനും കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പം തന്നെ കോൾ ഇന്ത്യയ്ക്ക് മേലുള്ള സമ്മർദ്ദം കുറയ്ക്കുന്നതിനായി ആഭ്യന്തര കൽക്കരിക്ക് പുറമെ പത്ത് ശതമാനം ബൈൻഡഡ് കൽക്കരി ഇറക്കുമതി ചെയ്യാനും കൽക്കരി നിലയങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.

പ്രതിസന്ധി തുടരുകയാണ് എങ്കിൽ രാജ്യത്തിന്റെ വ്യാവസായിക വളർച്ചയേയും അത് കാര്യമായി തന്നെ ബാധിക്കും. ഇരുമ്പ്, സ്റ്റീൽ, സിമൻറ് തുടങ്ങിയ വ്യാവസായിക മേഖലകളിലെല്ലാം തന്നെ കൽക്കരി അത്യന്താപേക്ഷിതമാണ്. കൽക്കരി ലഭ്യതകുറഞ്ഞാൽ വലിയ വിലകൊടുത്തുകൊണ്ട് വ്യവാസയമേഖലയ്ക്ക് ഇറക്കുമതിയെ ആശ്രയിക്കേണ്ടിവരും. അങ്ങനെവന്നാൽ ഉത്പന്നത്തിന്റെ വിലയും വർദ്ധിപ്പിക്കാൻ നി‍ർമാതാക്കൾ നിർബന്ധിതരാകും. അത് വിലകയറ്റത്തിനും വഴിവെക്കും. വൈദ്യുതി ഉത്പാദനത്തിനായി കൽക്കരി ഇറക്കുമതിയെ അമിതമായി ആശ്രയിക്കേണ്ടിവന്നാൽ വൈദ്യുതി ചാർജ്ജ് കൂട്ടാനും സർക്കാരുകളും കമ്പനികളും നിർബന്ധിതരാകുമെന്നുറപ്പ്.

 

About Author

Sanub Sasidharan

മാധ്യമപ്രവർത്തകൻ. ദി ഐഡം, ഏഷ്യനെറ്റ് ന്യൂസ്, മാതൃഭൂമി ന്യൂസ്, മീഡിയ വൺ ടി.വി. എന്നിവയിൽ പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Nimya Narayanan
Nimya Narayanan
2 years ago

Good article