തസ്‌റാക്കിൻ്റെ മണ്ണും, കാർട്ടൂൺ വരയുടെ രണ്ടു കാലങ്ങളും
ഒ.വി.വിജയൻ എന്ന കാർട്ടൂണിസ്റ്റ് പെരുമാറിയ ഇടങ്ങളിൽ അദ്ദേഹത്തിൻ്റെ തുടർച്ചക്കാരനാവാൻ നിയോഗം കിട്ടിയ കാർട്ടൂണിസ്റ്റാണ് ഇ.പി.ഉണ്ണി. വിജയനെപ്പോലെത്തന്നെ പാലക്കാട്ടുകാരൻ. ഒരു നോവലിസ്റ്റെന്ന നിലയിൽ മലയാളത്തിലെ എഴുത്തിൻ്റെ ഭാവുകത്വത്തെത്തന്നെ ഇളക്കിമറിച്ച ‘ഖസാക്കിൻ്റെ ഇതിഹാസ’ ത്തിന് ജന്മം നൽകിയ തസ്രാക്കിലെ ഞാറ്റുപുരയുടെ പശ്ചാത്തലത്തിൽ, വിജയനെ ഓർത്തുകൊണ്ട് വർത്തമാനം പറയുകയാണ് ദി ഇന്ത്യൻ എക്സ്പ്രസ്സിന്റെ ചീഫ് പൊളിറ്റിക്കൽ കാർട്ടൂണിസ്റ്റ് ആയ ഇ.പി. ഉണ്ണി.
ഈ സംഭാഷണത്തിൽ പലയിടത്തും പ്രശ്നങ്ങളുണ്ട്. ഏറ്റവും വലിയ പ്രശ്നമായിത്തോന്നിയത് “കാർറ്റൂണിസ്റ്റ് എന്നത് മാറ്റിനിർത്തിക്കൊണ്ട്” എന്നു തുടങ്ങുന്ന ചോദ്യമാണ്. അപ്പോൾത്തന്നെ ഉണ്ണി മറുപടി പറയുന്നുമുണ്ട്: “കാർറ്റൂണിസ്റ്റ് എന്നത് മാറ്റിനിർത്താൻ എനിക്ക് ബുദ്ധിമുട്ടാണ്.”
ഒരു കാർറ്റൂണിസ്റ്റിനെ സംഭാഷണത്തിനു വിളിച്ചിട്ട് കാർറ്റൂണിനെ മാറ്റിനിർത്തി സംസാരിക്കണമെന്നുപറയുന്നത് ഏതുതരം യുക്തിയാണെന്നോ ഏതുതരം മര്യാദയാണെന്നോ മനസ്സിലാകുന്നില്ല.
മറ്റുള്ളവർ വായിക്കുന്നതുപോലെതന്നെയാണ് വിജയന്റെ സാഹിത്യകൃതികൾ വായിക്കുന്നത് എന്ന് ഉണ്ണി ഈ സംഭാഷണത്തിന്റെ തുടക്കത്തിൽ പറയുന്നത് എന്ന് ഓർമ്മിക്കുമ്പോൾ ഇത് ഒന്നുകൂടി മനസ്സിലാകുന്നില്ല.
ഒരു കാര്യം മനസ്സിലാകുന്നുണ്ട്: വിജയനെപ്പറ്റി സംസാരിക്കുമ്പോൾ കാർറ്റൂണിസ്റ്റിനെ മാറ്റിനിർത്താനാണ് മലയാളി പൊതുവെ ഇഷ്ടപ്പെടുന്നത്.