A Unique Multilingual Media Platform

The AIDEM

Articles International Memoir

വാസിലേവ് എവ്ഗനി യുക്രൈനോട് തോറ്റതെങ്ങനെ?

  • April 3, 2022
  • 1 min read
വാസിലേവ് എവ്ഗനി യുക്രൈനോട് തോറ്റതെങ്ങനെ?

റഷ്യ ഒരു യുദ്ധത്തിലേർപ്പെടുമ്പോൾ, അത് പഴയ സോവിയറ്റ് റിപ്പബ്ലിക്കായ യുക്രെയിനുമായിട്ടാവുമ്പോൾ ഈ രണ്ട് രാജ്യങ്ങളിലേയും നാവികരുമൊത്ത് ജോലി ചെയ്ത സോവിയറ്റ് ഓർമ്മകളാൽ ബാധിക്കപ്പെട്ട എന്നെപ്പോലുള്ളവർ സ്വൽപം അങ്കലാപ്പിലാവും എന്നത് തീർച്ച.

എൺപതുകളുടെ ഒടുവിലെ എഞ്ചിനീയറിങ്ങ് കോളേജ് കാമ്പസുകളിൽ പഠിച്ചിറങ്ങിയ ഞങ്ങളുടെ തലമുറ മറൈൻ എഞ്ചിനീയർമാരായി മാമോദീസപ്പെട്ട് ഷിപ്പിങ്ങ് മേഖലയിൽ വ്യാപകമായി ജോലിക്ക് കയറുന്നത് 1990 മുതൽക്കാണ്. ദീർഘകാലം നീണ്ട ഇറാൻ ഇറാഖ് യുദ്ധമുണ്ടാക്കിയ വലിയൊരു പതനത്തിൽ നിന്ന് ഷിപ്പിങ്ങ് മേഖല തിരിച്ചുകയറിക്കൊണ്ടിരിക്കുന്ന സമയമാണ്. അതുകൊണ്ടു തന്നെ പെട്ടെന്ന് ആ തൊഴിൽമേഖലയിൽ ഉണ്ടായ അധിക ആവശ്യങ്ങളുടെ ഭാഗമായാണ് ബോംബെയിൽ പല ജോലികളും മാറിക്കൊണ്ടിരുന്ന ഞാനടക്കം ഷിപ്പിങ്ങ് കമ്പനികളുടെ ഇന്റർവ്യൂവിന് വിളിക്കപ്പെടുന്നത്. 1991 ൽ ആണ് ആദ്യത്തെ കപ്പലിൽ എഞ്ചിൻ കാഡറ്റായി ജോലിക്ക് കയറുന്നത്. ആ വർഷത്തിന്റെ പ്രത്യേകത സോവിയറ്റ് ബ്ലോക്കിന്റെയും കിഴക്കൻ യൂറോപ്പിന്റെയും ശിഥിലീകരണം ഏതാണ്ട് പൂർണമായ കാലം കൂടിയാണ് അത് എന്നതാണ്. അതുകൊണ്ടു തന്നെ റഷ്യയിൽ നിന്നും യുക്രെയിനിൽ നിന്നും റുമേനിയയിൽ നിന്നും പഴയ യുഗോസ്ലാവിയൻ റിപ്പബ്ലിക്കായ ക്രൊയേഷ്യയിൽ നിന്നുമൊക്കെ ധാരാളം മറൈൻ എഞ്ചിനീയർമാരും നോട്ടിക്കൽ ഓഫീസർമാരും തൊഴിൽക്കമ്പോളത്തിൽ വന്നു തുടങ്ങി. ഇന്ത്യയും പാക്കിസ്ഥാനും ബംഗ്ലാദേശും അടങ്ങുന്ന ഉപഭൂഖണ്ഡത്തിൽ നിന്നു വരുന്ന, തവിട്ടുനിറത്തിന്റെ ഇരുണ്ട അറ്റം മുതൽ ഗോതമ്പുനിറം വരെയൊക്കെ  നിറവൈവിദ്ധ്യങ്ങളുള്ള നാവികർക്ക് കുറച്ചുകൂടി ചുരുങ്ങിയ ചെലവിൽ കിട്ടുന്ന ഈ വെളുത്ത നാവികർ വെല്ലുവിളിയാവുമോ എന്ന ഭയാശങ്കകളും ഉണ്ടായിരുന്നു.

എന്തായാലും 1991ൽ എഞ്ചിൻ കാഡറ്റായി ജോലിക്കു കയറിയ ആദ്യ കപ്പൽ മുതൽ റഷ്യൻ സഹപ്രവർത്തകരുടെ സാന്നിദ്ധ്യമുണ്ടായിരുന്നു. കുറച്ചു മാസങ്ങൾ കഴിഞ്ഞപ്പോൾ ആദ്യത്തെ റഷ്യക്കാരൻ കപ്പലിൽ എത്തി. മോസ്കോവിൽത്തന്നെ താമസക്കാരനായ ചീഫ് ഓഫീസർ ത്സെവോ ഗൊരിയാനോവ്.  ത്സെവോ പക്ഷെ അധികം തുറന്നു സംസാരിക്കുന്ന പ്രകൃതക്കാരനായിരുന്നില്ല. ലോകത്തിനു മുമ്പാകെ ആയിടെ മാത്രം തുറന്നിടപ്പെട്ട റഷ്യൻ രാഷ്ട്രീയസാമൂഹ്യസാഹചര്യങ്ങളെ സംബന്ധിച്ച് ഞങ്ങളോടൊക്കെ കൂടുതൽ എന്തെങ്കിലും പറയാൻ മടി ഉണ്ടായിരുന്നിരിക്കണം.

പിന്നീട് പഴയ സോവിയറ്റ് റിപ്പബ്ലിക്കുകളിലേയും സോവിയറ്റ് ബ്ലോക്കിൽ പെട്ട കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിലേയും സഹപ്രവർത്തകരുമൊത്ത് ഒരുപാട് കപ്പലുകളിൽ ജോലി ചെയ്തെങ്കിലും എന്റെ സോവിയറ്റ് സോഷ്യലിസ്റ്റ് കുട്ടിക്കാലവായനകളിലെ സങ്കല്പത്തിനനുസരിച്ച് ലക്ഷണമൊത്ത ഒരു റഷ്യക്കാരനെ കൂടെ കിട്ടുന്നത് 2004ൽ ഞാൻ ചീഫ് എഞ്ചിനീയറായി ജോലി ചെയ്ത എം.ടി മേയ്ഫെയർ എന്ന കപ്പലിൽ ആണ്. ഇലക്ട്രിക്കൽ എഞ്ചിനീയറും റഷ്യയുടെ സൈബീരിയൻ മേഖലയിൽ ഓംസ്ക് നഗരത്തിന്റെ പ്രാന്തപ്രദേശത്ത് താമസക്കാരനായിരുന്ന വാസിലേവ് എവ്ഗനി.

മെയ്ഫെയർ

വാസിലി എന്നോ എവ്ഗനി എന്നോ പേരു വിളിക്കുന്നതിനു പകരം മറൈൻ ഇലക്ട്രിക്കൽ എഞ്ചിനീയറുടെ ഇന്ത്യൻ ഓമനപ്പേരായ ‘ബത്തിസാബ്’ എന്നു തന്നെ സംബോധന ചെയ്യപ്പെടാനായിരുന്നു വാസിലിക്ക് ഇഷ്ടം. രാജ് കപൂർ ആരാധനയുടെ കാലത്തെ റഷ്യൻ ബാല്യകൗമാരങ്ങൾ പിന്നിട്ട അസ്സൽ ഇന്ത്യൻ ചലച്ചിത്രാസ്വാദകനുമായിരുന്നു അയാൾ. കമ്യൂണിസ്റ്റ് റഷ്യയുടെ സാമ്പ്രദായിക യുവ പയനിയർ ആയ പഠനകാലം കഴിഞ്ഞ് സോവിയറ്റ് നാവികസേനയിൽ പണിയെടുത്ത് ജീവിതം കെട്ടിപ്പടുത്ത ആൾ.

90കളുടെ തുടക്കത്തിൽ വിദേശ ഷിപ്പിങ്ങ് അവസരങ്ങൾ തുറന്നിടപ്പെട്ടപ്പോൾ വാസിലി ജോലിക്ക് കയറിയ കപ്പലുകളിലെല്ലാം ഇന്ത്യൻ നാവികർ ധാരാളം. അതുകൊണ്ടു തന്നെ ഇന്ത്യൻ സിനിമകളും ധാരാളം. രാജ് കപൂർ ഫാൻ ആയി തുടങ്ങി ധർമ്മേന്ദ്രയും ബച്ചനും ഹേമമാലിനിയും മുതൽ കപൂർ കുടുംബത്തിലെ കരിഷ്മ കപൂർ വരെ എത്തിയിരുന്നു വാസിലിയുടെ ഹിന്ദി സിനിമ സാക്ഷരത. വെറുതെ കാണുക മാത്രമല്ല ഹിന്ദി കേട്ടാൽ നന്നായി മനസ്സിലാവുകയും ചെയ്യുമായിരുന്നു കക്ഷിക്ക്. പുറമെ ബോളിവുഡ് താരങ്ങൾ തമ്മിലുള്ള ബന്ധങ്ങളും ഗോസിപ്പുകളും വരെ പിന്തുടർന്നുപോന്നിരുന്നു അയാൾ.

ഈ കടുപ്പമുള്ള ബോളിവുഡ് ആരാധന വെളിപ്പെട്ടത് തന്റെ ക്യാബിനിൽ കൊണ്ടുവെച്ച ഒരു കേടായ ടി.വിയിൽ ഏറ്റവും പുതിയ ഗോവിന്ദ സിനിമയുടെ ഓഡിയോ ട്രാക്ക് മാത്രം കേട്ട് ശ്രദ്ധയോടെ ഇരിക്കുന്ന വാസിലിയെ കണ്ടതോടെ ആണ്. അന്നാണ് മൂപ്പരുടെ ബോളിവുഡ് വിജ്ഞാനം മുഴുവൻ കേട്ട് ഞാൻ അന്തം വിട്ടതും. പകരം എനിക്ക് പറയാനുണ്ടായിരുന്നത് സോവിയറ്റ് പ്രസിദ്ധീകരണങ്ങളുടെ മിനുസവായനകൾ നിറഞ്ഞ എന്റെ ബാല്യകാലത്തെക്കുറിച്ചാണ്. സോവിയറ്റ് ലാൻഡ് വാരികയും, ആരു പറഞ്ഞൂ മ്യാവൂ എന്നൊക്കെ രസികൻ പേരുകളുള്ള  കുട്ടിക്കഥകളും ചിത്രങ്ങളും എന്ന കട്ടിപ്പുസ്തകവും മിർ പബ്ലിക്കേഷൻസും റാഡുഗ പബ്ലിഷേഴ്സും പുറത്തിറക്കിയ അനേകം ബാലസാഹിത്യകൃതികളും പരാമർശിക്കുന്ന കൂട്ടത്തിൽ ചുക്കും ഗെക്കും എന്ന് പറഞ്ഞതും വാസിലി ചാടിയെഴുന്നേറ്റു.

“ചീഫ്, യൂ മീൻ ഷുക്ക് ഗെക്ക്?”

മൂപ്പരുടെ ആവേശത്തോട് അതേ പോലെത്തന്നെ ഞാൻ പ്രതികരിച്ചു.

“യെസ്.. ചുക്ക് ആൻഡ് ഗെക്ക്.. റിട്ടൺ ബൈ അർക്കാദി ഗെദാർ”

നീലമലകൾക്കപ്പുറത്ത് സ്ലെഡ്ജുകൾ തെന്നിനീങ്ങുന്ന സൈബീരിയൻ പരപ്പുകളിൽ മഞ്ഞുവാരിക്കളിക്കുന്ന ഒരു കുട്ടിയുടെ ആവേശത്തോടെ വാസിലേവ് എവ്ഗനി എന്ന ആ മനുഷ്യൻ എന്നെ കെട്ടിപ്പിടിച്ചു..

“ചീഫ്..ഐ ലവ് യൂ.. ഷുക്ക് ആൻഡ് ഗെക്ക് ഈസ് മൈ ചൈൽഡ് ഹുഡ് ടൂ..”

ചുക്കും ഗെക്കും എന്ന പുസ്തകത്തിന്റെ തുടക്കം. കടപ്പാട്: ഇൻസൈറ്റ് പബ്ലിക്ക

അതേ ആവേശത്തോടെ ഓർമ്മയിലുള്ള സോവിയറ്റ് കുട്ടിക്കഥകളിലൂടെയും ബാബയാഗ എന്ന ദുർമന്ത്രവാദിനിയുടെ അപ്പങ്ങൾ കൊണ്ടുണ്ടാക്കിയ വീടിനെക്കുറിച്ചും ഞങ്ങൾ വാസിലിയുടെ കാബിനിൽ ഇരുന്ന് സംസാരിച്ചു. ഒപ്പം ചുക്കും ഗെക്കും എഴുതിയ അർക്കാദി ഗെദാർ എന്ന എഴുത്തുകാരനായ സോവിയറ്റ് സൈനിക ഉദ്യോഗസ്ഥനെക്കുറിച്ചും. ഗെദാർ യുദ്ധഭൂമിയിൽ വെച്ച് ജർമ്മൻ പട്ടാളക്കാരാൽ കൊല്ലപ്പെടുകയാണ് ഉണ്ടായത് എന്നത് എനിക്ക് പുതിയ അറിവായിരുന്നു.

റഷ്യയെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ “സൈബീരിയയിൽ എല്ലാം പഴയ പോലെത്തന്നെ” എന്നായിരുന്നു വാസിലിയുടെ ഉത്തരം. മഞ്ഞുമനുഷ്യന്മാരെ ഉരുട്ടിയുണ്ടാക്കി മുള്ളങ്കിമൂക്ക് വെച്ചു കൊടുക്കുന്ന അയാളുടെ ചുക്കും ഗെക്കും കുട്ടിക്കാലത്തിൽ നിന്നും ആ പ്രദേശം അന്ന് മാറിയിട്ടില്ല. സംതൃപ്തനും സന്തോഷവാനുമായിരുന്നു അയാൾ.  പക്ഷെ നേവൽ അക്കാദമിയിലെ പഠനകാലത്ത് യുക്രേനിയൻ തുറമുഖനഗരമായ ഒഡേസയിലെ ഒരു നാവിക ക്ലബ്ബിൽ വെച്ച് വാസിലിയുടെ ജീവിതസഖിയായിത്തീർന്ന ഉല്യാനക്ക് (അതാണ് പേര് എന്നാണോർമ്മ) ഓംസ്കിന്റെ പ്രാന്തപ്രദേശത്തെ സൈബീരിയൻ ജീവിതം മഹാ ബോറായിരുന്നു. എത്ര മനോഹരമായ സ്ഥലം വിട്ടാണ് ഞാനിവിടെ താമസമാക്കിയത് എന്ന് അവർ സ്വൈരം കെടുത്തിക്കൊണ്ടിരിക്കുന്നു എന്നായിരുന്നു വാസിലിയുടെ പരാതി.

വാസിലേവ് എവ്ഗനി കപ്പൽ ക്യാബിനിൽ

അക്കാലത്ത് ഡേവിഡ് ധവാന്റെ ഗോവിന്ദ പടങ്ങളുടെ സ്ഥിരം ആസ്വാദകനായിരുന്ന വാസിലി കൂലി നമ്പർ വൺ, ജോഡി നമ്പർ വൺ തുടങ്ങിയ ടൈറ്റിലുകളെ അനുസ്മരിച്ച് കപ്പലിലെ എല്ലാ സാങ്കേതികപ്രശ്നങ്ങൾക്കും ഇട്ട ഒരു പേര് ‘ദുശ്മൻ നമ്പർ വൺ” എന്നായിരുന്നു.

ജോലിക്കിടയിൽ, ട്രാക്ക് കത്തിയതോ കപ്പാസിറ്റർ കരിഞ്ഞതോ ഒക്കെ ആയ സർക്യൂട്ട് ബോർഡുകൾ ഉയർത്തിക്കാണിച്ച് വാസിലി പ്രഖ്യാപിക്കും

“ചീഫ്… ദുശ്മൻ നമ്പർ വൺ”

ഇപ്പോൾ റഷ്യൻ – യുക്രെയിൻ യുദ്ധം ആരംഭിച്ചപ്പൊൾ വാസിലിയുടെ ദുശ്മൻ നമ്പർ വൺ ആരായിരിക്കും എന്ന് ഞാൻ ആലോചിച്ചു.റഷ്യയിലെ ഓംസ്കിന്റെ പ്രാന്തപ്രദേശത്തെ മഞ്ഞു മൂടിയ വീട്ടിൽ, സ്വൈരം കെടുത്തിക്കൊണ്ടിരിക്കുന്ന യുക്രേനിയൻ ഭാര്യയുമായി അയാൾ തെറ്റിപ്പിരിഞ്ഞിരിക്കുമോ? ഒ.വി.വിജയന്റെ പാറകളിലെ മൃഗാംഗമോഹനെപ്പോലെ തന്റെ വാക്കുകൾ കൂർപ്പിച്ച് അയാൾ അവരുമായി യുദ്ധം തുടരുന്നുണ്ടാവുമോ?

ഫോൺ നമ്പർ നഷ്ടപ്പെട്ടതു കാരണം 2004ൽ പിരിഞ്ഞ ശേഷം വാസിലിയുമായി പിന്നീട് ബന്ധപ്പെടാൻ കഴിഞ്ഞിരുന്നില്ല. മെയ്ഫെയറിൽ നിന്ന് യാത്ര പറഞ്ഞിറങ്ങുമ്പോൾ വാസിലി ബോയിലർ സ്യൂട്ടിന്റെ പോക്കറ്റിൽ നിന്ന് നൂറു റൂബിളിന്റെ ഒരു നോട്ടും കുറച്ച് കോപ്പെക്കുകളും എന്റെ പോക്കറ്റിൽ ഓർമ്മക്കായി ഇട്ടു തന്നു. കുട്ടിക്കാലത്ത് കിട്ടിയ വിഷുക്കേട്ടങ്ങളെപ്പോലെയോ ബന്ധുവീട്ടിൽ നിന്ന് സമ്മാനിക്കുന്ന പോക്കറ്റ് മണി പോലെയോ ഒക്കെ അതിവാത്സല്യത്തോടെ “ ചീഫ്, ഐ വിൽ റിമംബർ യൂ” എന്ന് കെട്ടിപ്പിടിക്കുകയും ചെയ്തു.

ഞങ്ങൾ ഒന്നിച്ച് ജോലി ചെയ്ത ആ വർഷം തന്നെ ഇറങ്ങിയ ടോം ഹാങ്ക്സ് അഭിനയിച്ച സ്പിൽബർഗ് ചലച്ചിത്രം ‘ദ ടെർമിനലിലെ’ വിക്ടോർ നവൊഴ്സ്കി എന്ന കഥാപാത്രം രൂപം കൊണ്ടും സംസാരം കൊണ്ടും വാസിലിയെ ഓർമ്മിപ്പിച്ചിരുന്നു. പറഞ്ഞുവരുമ്പോൾ വാസിലിക്ക് ഒരു ടോം ഹാങ്ക്സ് ഛായയും ഉണ്ട്. ഒരു ചോദ്യത്തിനും “നോ” എന്നല്ല ചുണ്ടുകൾ ഒന്ന് വളച്ചുനീട്ടി നവൊഴ്സ്കിയെപ്പോലെ   “ങും….ന്യോ…” എന്നാണ് വാസിലി ഉത്തരം പറഞ്ഞിരുന്നതും.

പിന്നീട് ഫേസ് ബുക്കിൽ എവ്ഗനി വാസിലെവ് എന്ന പേരു തപ്പി ആളെ കണ്ടുപിടിച്ച് ഞാൻ കക്ഷിക്ക് മെസ്സേജയച്ചു. പക്ഷെ അയാളത് കാണുകയുണ്ടായില്ല.

യുക്രൈൻ യുദ്ധം പൊട്ടിപ്പുറപ്പെട്ട സമയം ഞാൻ വാസിലിയുടെ പ്രൊഫൈൽ വീണ്ടും പോയി നോക്കി. ഇപ്പോഴും അയാളെന്റെ മെസ്സേജ് കണ്ടിട്ടില്ല. സൗഹൃദാഭ്യർത്ഥന സ്വീകരിച്ചിട്ടുമില്ല. പക്ഷെ പ്രൊഫൈൽ വിവരങ്ങളിൽ ഫ്രം ഓംസ്ക്, റഷ്യ, ലിവ്സ് ഇൻ ഓംസ്ക്, റഷ്യ എന്നുണ്ടായിരുന്നത് രണ്ടും ഓഡേസ, യുക്രൈൻ എന്നായി മാറിയിരിക്കുന്നു.

അയാൾ യുക്രെയിനോട് നിരുപാധികം കീഴടങ്ങിയിരിക്കുന്നു..!

 

About Author

നിരഞ്ജൻ ടി. ജി.

കവിയും എഴുത്തുകാരനും. ചിലവു കുറഞ്ഞ കവിതകൾ (ഡി.സി ബുക്സ് 2010) ബി പി എൽ കവിതകൾ എന്നീ കവിതാസമാഹാരങ്ങളും കേരളത്തിന്റെ മൈദാത്മകത എന്ന നർമ്മലേഖനങ്ങളുടെ സമാഹാരവും പ്രസിദ്ധീകരിച്ചു. ആനുകാലികങ്ങളിലും സമൂഹമാദ്ധ്യമങ്ങളിലും എഴുതുന്നു. മറൈൻ എഞ്ചിനീയറായി ജോലി ചെയ്യുന്നു

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
സുനിൽ ടിപി
സുനിൽ ടിപി
2 years ago

സഭാഷ് നിരഞ്ചൻ