കേരളത്തിന്റെ സമരനായകൻ വി.എസ് അച്ചുതാനന്ദന് ഇന്ന് നൂറ് വയസ്സ്. മുഖ്യമന്ത്രി, പ്രതിപക്ഷനേതാവ്, സി.പി.എം സംസ്ഥാന സെക്രട്ടറി എന്നീ നിലകളിലെല്ലാം പ്രവർത്തിക്കുമ്പോഴും ജീവിതത്തിൽ തൊഴിലാളികൾക്കൊപ്പം നടത്തിയ പോരാട്ടത്തിൽ നിന്നും ലഭിച്ച ഊർജ്ജമായിരുന്നു അദ്ദേഹത്തിൻറെ മൂലധനം.
തൊഴിലാളികളുടെ അവകാശത്തിനുവേണ്ടി മാത്രമല്ല പരിസ്ഥിതി സംരക്ഷണത്തിനായും നാടിന്റെ വികസനത്തിനായും അദ്ദേഹം പോരാടി. പലപ്പോഴും ഈ പോരാട്ടം പാർട്ടി അച്ചടക്കത്തിന്റെ അതിരുകൾക്കപ്പുറത്തേക്കും നീണ്ടു. ആ സമര-ഭരണ നായകന് ദി ഐഡം പിറന്നാൾ ആശംസകൾ നേരുന്നു.
2011ലെ തിരഞ്ഞെടുപ്പ് കാലത്ത് അദ്ദേഹത്തോടൊപ്പം സഞ്ചരിച്ചിരുന്ന പ്രസ്സ് സെക്രട്ടറി കെ. ബാലകൃഷ്ണന്റെ അനുഭവക്കുറിപ്പാണിത്.
വി.എസ് മുഖ്യമന്ത്രിയായിരിക്കെ 2011-ൽ നടന്ന കേരളനിയമസഭാതിരഞ്ഞെടുപ്പ് പലതുകൊണ്ടും ശ്രദ്ധേയമായിരുന്നു. ഭരണത്തുടർച്ചയ്ക്ക് സാധ്യതയുണ്ടെന്ന് വി.എസ്. പ്രതീക്ഷിച്ചിരുന്നു. മുഖ്യമന്ത്രിയെന്നനിലയിൽ ഭരണത്തുടർച്ചയല്ല, ഇടതുപക്ഷജനാധിപത്യമുന്നണിയ്ക്ക് ഭരണത്തുടർച്ച. തിരഞ്ഞെടുപ്പുകാലത്തെ പതിവായ ജാഥ മഞ്ചേശ്വരത്തുനിന്ന് കോടിയേരിയുടെ നേതൃത്വത്തിൽ ആരംഭിക്കുന്നു. ഉദ്ഘാടകൻ വി.എസ്സാണ്. കാസർക്കോട്ടേക്ക് തിരിക്കുന്നതിന്റെ ഏതാനും ദിവസംമുമ്പ് ഒരു പ്രസംഗം തയ്യാറാക്കാൻ വി.എസ് പറഞ്ഞു. പ്രസംഗം തയ്യാറാക്കുന്നതിന് മുമ്പ് മറ്റൊരു കുറിപ്പ് തയ്യാറാക്കി വി.എസിന് നൽകി. സമ്പൂർണ ഐക്യത്തോടെ മുന്നോട്ടുപോയാൽ ഭരണത്തുടർച്ചാ സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാണിക്കുന്ന കുറിപ്പാണ്. ഞങ്ങൾ, വി.കെ. സശിധരനും സുരേഷുമെല്ലാം ചർച്ചചെയ്ത് ഉണ്ടാക്കിയതാണ്. ഭരണമുന്നണി 40-ലേക്കും പ്രതിപക്ഷം നൂറിനടുത്തേക്കും എത്തുകയെന്ന സാധാരണ രീതി ഇത്തവണ മാറുമെന്ന പ്രതീക്ഷ. ബംഗാൾ മോഡൽ കേരളത്തിലും വരും എന്നനിലയിൽ പ്രസംഗം തയ്യാറാക്കാൻ വി.എസ്. പറഞ്ഞു. നോക്കിവായിക്കാനല്ല, മനസ്സിലുറപ്പിക്കാൻ. പക്ഷേ ഞാൻ പറഞ്ഞു, സഖാവേ ബംഗാൾ മോഡൽ എന്നുപറഞ്ഞാൽ തിരിച്ചടിയാണുണ്ടാവുക. ഭരണത്തുടർച്ചയെന്ന് പറഞ്ഞാൽ മതി, ഒരിക്കലും മാറാത്ത നിലയിൽ (അപ്പോൾ ബംഗാളിലെ ഇടതുപക്ഷഭരണം 34 കൊല്ലമായി തുടരുകയായിരുന്നല്ലോ) ബംഗാളിലെപ്പോലെയാവുമെന്ന് പറഞ്ഞാൽ വൻ തിരിച്ചടിയാവും. ദോഷൈകദൃക്കുകൾ എന്ന മലയാളിയെക്കുറിച്ചുള്ള നിരീക്ഷണമൊന്നും പറഞ്ഞില്ല. ബംഗാളിലെ സ്ഥിതി അതീവഗുരുതരമാണെന്ന് മാതൃഭൂമിയിൽ എൻ.പി രാജേന്ദ്രന്റെ വിശദപരമ്പര വന്നിരുന്നു അക്കാലത്ത്. ബംഗാളിലെ സ്ഥിതി പരിതാപകരമാണ്. കേരളം ബംഗാളാക്കും എന്നു പറയുന്നത് വിനയാകും എന്ന് ഞാൻ ശക്തിയായി വാദിക്കുകയും ബംഗാൾ പരാമർശമില്ലാതെ പ്രസംഗക്കുറിപ്പ് നൽകുകയും ചെയ്തു. പക്ഷേ നിർഭാഗ്യവശാൽ പരിപാടിയുടെ പിറ്റേന്നത്തെ പത്രങ്ങളിൽ വി.എസിന്റെ പ്രസംഗത്തിന്റെ തലക്കെട്ട് ബംഗാളിനെപ്പോലെ കേരളത്തിന് ഇനി തുടർച്ചയായി ഇടതുഭരണം എന്ന നിലയിലാണ്….
എൽ.ഡി.എഫിന് ഭരണത്തുടർച്ചയുണ്ടാവില്ലെന്ന് മാത്രമല്ല, 40 സീറ്റിലേക് തകരുമെന്ന നിലയിലാണ് നിരീക്ഷകരും മാധ്യമപ്രവർത്തകരുമൊക്കെ അക്കാലത്ത് വിചാരിക്കുകയും പറയുകയും ചെയ്തിരുന്നത്. വി.എസ്. ആ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാകുമെന്ന് പ്രതീക്ഷിച്ചതേയില്ല. ആവരുതെന്നാണ് ഞങ്ങളിൽപലരും ആഗ്രഹിച്ചതും. പ്രായക്കൂടുതലും ആരോഗ്യ കാരണങ്ങളാലും വി.എസ്. തിരഞ്ഞെടുപ്പ് രംഗം വിടേണ്ട സമയമായെന്ന നിലയിലെത്തിയിരുന്നു. വി.എസിനോട് അക്കാര്യം പറഞ്ഞില്ലെങ്കിലും ഞങ്ങൾ പരസ്പരം പറഞ്ഞു. പരിഗണിക്കപ്പെടില്ലെന്ന് വിശ്വസിക്കുകയും ചെയ്തു. പക്ഷേ ഭരണത്തുടർച്ചക്കായി വാദിക്കുമ്പോൾ ഭരണത്തിന് നേതൃത്വംകൊടുത്ത് ജനപ്രീതിയാർജിച്ച മുഖ്യമന്ത്രിയെ മാറ്റി നിർത്തുന്നത് വിവാദമാകില്ലേ, അത് തിരിച്ചടിയാകില്ലേ എന്ന പ്രശ്നം വന്നു. സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റും സംസ്ഥാന കമ്മിറ്റിയും യോഗം ചേർന്ന് സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകുന്ന ദിവസം. പ്രകാശ കാരാട്ടാണ് മേൽകമ്മിറ്റിയിൽ നിന്ന് പങ്കെടുക്കുന്നത്. രാത്രി എട്ടുമണിയോടെയാണ് യോഗം തീർന്നത്. യോഗത്തിൽ നടക്കുന്ന ചർച്ചകൾ തീരുമാനങ്ങൾ എന്ന നിലയിൽ സ്കൂപ്പുകളായി ബ്രെയിക്കിങ്ങ് ന്യൂസുകൾ വന്നുകൊണ്ടിരുന്നു. യോഗത്തിൽനിന്ന് ചിലർ മെസേജ് ചെയ്തുകൊടുക്കുന്നതാണ് ആ സ്കൂപ്പുകളെന്ന് ചാനൽ പ്രവർത്തകർ അവകാശപ്പെടുന്നുണ്ട്. വി.എസ്. പ്രചാരണം നയിക്കും, മത്സരിക്കാനില്ല എന്നതാണ് പ്രധാന വാർത്ത. വി.എസ്. മത്സരിക്കണമെന്ന് ചിലർ ആവശ്യപ്പെട്ടുവെന്ന് പേരു പറഞ്ഞുകൊണ്ടുതന്നെ ഫ്ളാഷ് വാർത്തകൾ വന്നുകൊണ്ടിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രസ്സ് സെക്രട്ടറിയുടെ മുറി പൂട്ടി ഞാനും അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി വി.കെ.ശശിധരനും ക്ലിഫ് ഹൗസിലെത്തിയപ്പോഴും യോഗം തീർന്ന് വി.എസ്. എത്തിയിരുന്നില്ല. ഫ്ളാഷ് വാർത്തകൾ മിന്നി മറഞ്ഞുകൊണ്ടിരിക്കെ സംസ്ഥാന കമ്മിറ്റി അംഗം എം. ചന്ദ്രൻ അവിടെയെത്തി. വി.എസ് സ്ഥാനാർഥി പട്ടികയിലില്ല പ്രചാരണം നയിക്കുമെന്നാണ് തീരുമാനമെന്ന ചാനൽ വാർത്തകൾ അദ്ദേഹം ശരിവെച്ചു. പൊടുന്നനെ മറ്റൊരു ബ്രെയിക്കിങ്ങ്. യോഗം കഴിഞ്ഞു മടങ്ങിയ വി.എസ്സിനെ കാരാട്ട് തിരിച്ചുവിളിച്ചു. വി.എസ് വീണ്ടും എ.കെ.ജി സെന്ററിലേക്ക്… കാൽ മണിക്കൂറിനകം വി.എസ്. ക്ലിഫ് ഹൗസിലെത്തി. പതിവിലും ഉന്മേഷത്തോടെ, നല്ല ചിരിയോടെയാണ് വന്നുകയറിയത്. എന്താ വീണ്ടും സെന്ററിലേക്ക് പോയതെന്ന് ചന്ദ്രേട്ടൻ ചോദിച്ചപ്പോൾ മൂത്രമൊഴിക്കാൻ എന്ന് മറുപടി.. കാരാട്ടല്ല തിരിച്ചുവിളിച്ചത് മൂത്രശങ്കയെന്ന്! നല്ല പൊട്ടിച്ചിരിയും.. എനിക്ക് പ്രായമായെന്നാണല്ലോ പറഞ്ഞത്, അപ്പോൾ പ്രചാരണത്തിനായി എല്ലാ ജില്ലയിലൊന്നും പോകാനാകില്ല, ഏതാനും പൊതുയോഗങ്ങളിൽ പ്രസംഗിക്കാമെന്നാണ് ഞാൻ പറഞ്ഞതെന്ന് വി.എസ്. അതെല്ലാം പറഞ്ഞ് പിരിഞ്ഞതാണ്. പക്ഷേ പിറ്റേന്ന് രാവിലെയാകുമ്പോഴേക്കും കാര്യങ്ങൾ കൈവിട്ടുപോകുന്ന സ്ഥിതി. സ്ഥാനാർഥിപട്ടികയിൽ ഇടംപിടിച്ചവരിൽ പലരും തുരുതുരാ വിളിക്കുകയാണ്, വി.എസ്സിന്റെ ഫോണിലേയ്ക്ക്. ഫോണിന്റെ കൈകാര്യകർത്താവായ പി.എ. സുരേഷിന് ഇരിക്കപ്പൊറുതിയില്ല. വി.എസ്. മത്സരിക്കാതിരുന്നാൽ സ്ഥിതി മോശമാകും…ചാനലുകളുടെയും പത്രങ്ങളുടെയും മത്സരിച്ചുള്ള പ്രകടനം. 2006-ൽ വി.എസ്. മത്സരിക്കണമെന്നാവശ്യപ്പെട്ട് ഉയർന്ന സമ്മർദത്തെക്കാളും എത്രയോ വലിയ തോതിൽ പ്രശ്നങ്ങൾ.
അടുത്തദിവസം ജില്ലാ കമ്മിറ്റികളും പിന്നെ മണ്ഡലം കമ്മിറ്റികളും നടക്കുകയാണ്. ആ യോഗങ്ങളിൽ മിക്കതിലും വി.എസ്. മത്സരരംഗത്തുണ്ടാകുന്നില്ലെങ്കിൽ ഫലം അനുകൂലമാവില്ല, പ്രചാരണത്തിലും സ്ഥിതി മോശമാകുമെന്ന അഭിപ്രായമാണ് പൊന്തിവന്നതെന്നതിനാലാവാം അടുത്തദിവസം അവൈലബിൽ പി.ബി. ചേർന്ന് വി.എസ്. മത്സരിക്കണമെന്ന് ആവശ്യപ്പെടുകയാണ്. ജില്ലാ കമ്മിറ്റികളും മണ്ഡലം കമ്മിറ്റികളും തീർന്നസേഷം സ്ഥാനാർഥി പട്ടിക പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കമ്മിറ്റി ചേർന്നു. ആ യോഗത്തിൽ വി.എസ് പങ്കെടുത്തില്ല. ഡെൽഹിയിൽ അവൈലബിൾ പി.ബി.യും തിരുവനന്തപുരത്ത് സംസ്ഥാന കമ്മിറ്റിയും നടന്നുകൊണ്ടിരിക്കെയാണ് വി.എസിന് കാരാട്ടിന്റെ വിളിവന്നത്. അങ്ങനെ വി.എസ്. മലമ്പുഴയിൽ നിന്നും വീണ്ടും മത്സരിക്കാൻ തീരുമാനമാകുന്നു. ഈ വിവാദങ്ങളും ചർച്ചയും മാറ്റങ്ങളും സംസ്ഥാനത്ത് യു.ഡി.എഫിന്റെ സാധ്യതയക്കുമേൽ കരിനിഴൽ വീഴ്ത്തുന്നുണ്ടായിരുന്നു.
വി.എസ്. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽനിന്ന് മാറിനിൽക്കേണ്ട സമയമായെന്ന് എനിക്ക് തോന്നിയത് ഇടയ്ക്കിടെ മയങ്ങിപ്പോകുന്നതടക്കമുള്ളേ അദ്ദേഹത്തിന്റെ ആരോഗ്യപ്രശ്നം നന്നായറിയുന്നതിനാലാണ്. ഉദ്യോഗസ്ഥപ്രമുഖരടക്കം പങ്കെടുക്കുന്ന പല യോഗങ്ങളിലും അത് ചില പ്രശ്നങ്ങളുണ്ടാക്കിയിട്ടുമുണ്ട്. മിക്ക യോഗങ്ങളിലും സുരേഷും ഞാനും കയറി ഇരിക്കാറുള്ളത് വി.എസിനെ ജാഗ്രതപ്പെടുത്തുന്നതിനായിരുന്നു… എന്നാൽ വി.എസ്. വീണ്ടും സ്ഥാനാർഥിയായത് രാഷ്ട്രീയമായി ഇടതുപക്ഷത്തിന് വലിയ തരംഗസാധ്യതയുണ്ടാക്കുന്നുവെന്ന് മനസ്സിലാക്കിയതോടെ വിലയ ഉത്സാഹമായി.
മലമ്പുഴ മണ്ഡലത്തിൽ മൂന്നുദിവസം പ്രചാരണം. അതിന്ശേഷം ജില്ലകളിലേക്ക് എന്നതായിരുന്നു പ്രചാരണത്തിന്റെ പ്ലാൻ.. സുരേഷ് ഔദ്യോഗികമായി പേഴ്സണൽസ്റ്റാഫിൽനിന്ന് വിടുതൽനേടി വി.എസിനൊപ്പം യാത്രയായി. വി.എസിനൊപ്പം പോവുകയാണെങ്കിൽ സ്ഥാനമൊഴിയേണ്ടിവരുമെന്നതിനാൽ ഞങ്ങൾ പിറ്റേന്ന് മറ്റൊരു വാഹനത്തിൽ പാലക്കാട്ടേക്ക് പുറപ്പെട്ടു. ഞാനും വി.കെ.എസും പിന്നെ ജോസഫ് സി.മാത്യുവും. നേരിട്ട് പ്രചാരണത്തിൽ ഭാഗഭാക്കായാൽ ചട്ടപ്രശ്നംവരും.
പാലക്കാട്ടേക്കുള്ള യാത്രക്കിടയിൽ കഴക്കൂട്ടത്തോ ചിറയിൻകീഴിലോ ഒരു പൊതുയോഗമുണ്ട്. അതാണ് ആ തവണത്തെ തിരഞ്ഞെടുപ്പ് പ്രചാരണോദ്ഘാടനം. വി.എസ്. പുറപ്പെട്ട് അല്പസമത്തിനകം ഇന്ത്യാവിഷനിൽ ഒരു വാർത്ത. പാലായിൽ തിരഞ്ഞെടുപ്പ് കൺവെൻഷൻ ഉദ്ഘാടനംചെയ്യാൻ രമേശ് ചെന്നിത്തല ഹെലികോപ്റ്ററിൽ ഹരിപ്പാടുനിന്നും പുറപ്പെടുന്നതാണ് വാർത്ത. ഹരിപ്പാട് രമേശിന്റെ മണ്ഡലമാണ്. രമേശ് കെ.പി.സി.സി. പ്രസിഡന്റാണ്. കേന്ദ്രത്തിൽ കോൺഗ്രസ് ഭരണമാണ്. നിയമസഭാ തിരഞ്ഞൈടുപ്പിൽ പണം വാരിയെറിയുകയാണ്. രണ്ട് ഹെലികോപ്റ്ററുകളാണ് എ.ഐ.സി.സി. കേരളത്തിലേക്ക് എത്തിച്ചത്. പ്രതിപക്ഷനേതാവ് ഉമ്മൻചാണ്ടിക്ക് ഉപയോഗിക്കാൻ ഒന്ന്.. കെ.പി.സി.സി. പ്രസിഡന്റിന് ഉപയോഗിക്കാൻ ഒന്ന്. ഹരിപ്പാടുനിന്ന് പാലയിലേക്ക് 60-ഓ 70 കിലോമീറ്ററല്ലേ കാണൂ. എന്നിട്ടും ഹെലി കോപ്റ്റർ…. ഈ വിഷയം സുരേഷിനെ വിളിച്ചുപറഞ്ഞു. സുരേഷ് വി.എസിന് കൈമാറി. ഹരിപ്പാട്-പാല ഹെലികോപ്റ്റർ – ആദ്യത്തെയോഗത്തിൽത്തന്നെ കാച്ചാൻ ഉഗ്രൻ ബോംബ്… വി.എസ് തന്റെ തനതു ശൈലിയിൽ നീട്ടിയും കുറുക്കിയും ആവർത്തിച്ചും ഭാവഹാവാദികളോടെ അതങ്ങവതരിപ്പിച്ചു. ജനം ആർത്തുവളിച്ചു. ചാനലുകൾ അത് വലിയ സംഭവമാക്കി.. മണിക്കൂറുകൾക്കകം ഉമ്മൻചാണ്ടിയുടെ പ്രസ്താവന വന്നു, ഞാൻ പ്രചാരണത്തിന് ഹെലികോപ്റ്റർ ഉപയോഗിക്കില്ല.. അടുത്തദിവസം രമേശ് ചെന്നിത്തലയും ഹെലികോപ്റ്റർ ഉപേക്ഷിച്ചു. അങ്ങനെ ഹെലികോപ്റർ ആ തിരഞ്ഞെടുപ്പിൽ നോക്കുകുത്തിയായി. ഒറ്റ പ്രയോഗംകൊണ്ട് പ്രചാരണത്തിന് ക്ലച്ചുപിടിച്ചുവെന്നതാണനുഭവം…
പിന്നീട് സോണിയാഗാന്ധിയും രാഹുൽഗാന്ധിയും ഒന്നിച്ചു പ്രചാരണത്തിനെത്തി. അവർ മാത്രമാണ് ഹെലികോപ്റ്റർ ഉപയോഗിച്ചത്. ഇരുവരും കോഴിക്കോട്ട് ഹെലികോപ്റ്ററിലെത്തി അഭിസംബോധന ചെയ്ത റാലിയിൽ രണ്ടായിരത്തോളം പേർ മാത്രമേ പങ്കെടുത്തിരുന്നുള്ളുവെന്നാണ് വാർത്ത കേട്ടത്. പിന്നീട് ഹെലികോപ്റ്റർ പ്രചാരണത്തിനുപയോഗിച്ചത് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രനാണ്. രണ്ട് മണ്ഡലത്തിൽ മത്സരിച്ച സുരേന്ദ്രൻ ബി.ജെ.പി. കേന്ദ്രനേതൃത്വം നൽകിയ ഹെലികോപ്റ്ററിൽ പറന്ന് പ്രസംഗിച്ചിട്ടും ഗുണമുണ്ടായില്ല.
പിറ്റേന്ന് ഞങ്ങളുടെ ദൗത്യസംഘം പാലക്കാട്ട് നങ്കൂരമിട്ടു. ചന്ദ്രനഗറിലെ വാടകവീട്ടിലാണ് വി.എസും കുടുംബവും താമസം. സുരേഷും അവിടെത്തന്നെ. വി.എസിന് പകരം മലമ്പുഴയിൽ മത്സരിപ്പിക്കാൻ ധാരണയായിരുന്ന പ്രഭാകരനാണ് വി.എസിന്റെ പ്രചാരണച്ചുമതലക്കാരൻ. വി.എസിന്റെ മണ്ഡലംപ്രതിനിധിയും അദ്ദേഹമാണ്. പ്രഭാകരേട്ടൻ പ്രചാരണദൗത്യസംഘമായ ഞങ്ങൾക്ക് താമസിക്കാൻ മുറിയും സൗകര്യങ്ങളുമെല്ലാം ഒരുക്കിത്തന്നു. രാവിലെ വി.എസി.നെ ചെന്നുകണ്ട് സമാചാരങ്ങൾ പങ്കുവെക്കും. പ്രചാരണതന്ത്രം ചർച്ച ചെയ്യും. ഓരോ ദിവസവും ഓരോ വിഷയം ഉയർത്തിക്കൊണ്ടുവരണം. അതിനായി രണ്ട് കാര്യങ്ങളാണ് ചെയ്തത്. ദേശാഭിമാനിയിൽ തിരഞ്ഞെടുപ്പ് പേജിൽ ദിവസേന വി.എസിന്റെ ചെറുലേഖനം. അന്നത്തെ പ്രസംഗത്തിലും ആ പോയന്റ് കടന്നുവരും. പിന്നെ ഒരു ജില്ലയിൽ ഒരു പത്രസമ്മേളനം. മലമ്പുഴ മണ്ഡലത്തിൽമൂന്നുദിവസമാണ് പ്രചാരണം. പിന്നീട് മലപ്പുറത്തേക്കും കോഴിക്കോട്ടേക്കും… അങ്ങനെ പ്രചാരണം തുടങ്ങി. ചില ദിവസങ്ങളിൽ വി.എസിന് വലിയ ശാരീരിക ക്ഷീണമാണ്ടാകും.. ഇത്തരം ദിവസങ്ങളിൽ പത്രസമ്മേളനത്തിൽ ഇടയ്ക്ക് മയങ്ങിപ്പോകുകയും വായിക്കുന്ന കടലാസ് വീണുപോകുകയും ചെയ്യുന്ന സ്ഥിതി പലപ്പോഴും ഉണ്ടായി.
അത്തരമൊരു ദിവസമാണ് ആ അത്യാഹിതമുണ്ടായത്. പാലക്കാട്ട് ഒരു പത്രസമ്മേളനമാണ്. നിറച്ച് ചാനലുകാരും പത്രക്കാരും. ഞങ്ങൾ ഏറ്റവും പിന്നിലാണ് നിൽക്കുന്നത്. പത്രസമ്മേളനത്തിൽ വായിക്കാൻ തയ്യാറാക്കിയ കടലാസ് ഒന്നിലേറെത്തവണ വീണു. സുരേഷ് അതെടുത്തുകൊടുത്ത് ജാഗ്രത്താക്കിക്കൊണ്ടിരുന്നു. ചോദ്യങ്ങൾ തുടങ്ങിയപ്പോൾ പതിഞ്ഞ സ്വരത്തിലാണ് മറുപടി.. സോഡിയത്തിന്റെ കുറവ് വി.എസിനെ നേരത്തതന്നെ അലട്ടുന്നതാണ്. അത്തരമെന്തോ പ്രശ്നം. പത്രക്കാരുടെ ഭാഗത്തു നിന്നും വന്ന ഒരു ചോദ്യത്തിന്റെ ഉത്തരത്തിൽ വി. എസ്സിന് ഒരു നാക്ക് പിഴ വന്നു.
അബോധത്തിലെന്നപോലെയുണ്ടായ ആ വാചകം എന്താണെന്ന് ഞങ്ങൾ കേട്ടിരുന്നില്ല. മാധ്യമപ്രവർത്തകർ മിക്കവരും കേട്ടില്ല, മനസ്സിലായില്ല.. എന്നാൽ കുറെ ലേഖകർ ഒത്തുകൂടി വലിയൊരു ആലോചന നടത്തുന്നതാണ് പിന്നീട് കണ്ട്ത്. എതിർസ്ഥാനാർഥിയായ ലതികാസുഭാഷിനെതിരെ ലൈഗികാപവാദമാണ് വി.എസ്. നടത്തിയതെന്ന് മട്ടിൽ വ്യാഖ്യാനിക്കുകയായിരുന്നു അവർ. ആ വ്യാഖ്യാനം പൊടിപ്പുംതൊങ്ങലും ചേർത്ത് മുഖ്യവാർത്തയും വാർത്താകഥകളുമായി പിറ്റേന്ന്. വി.എസ് സ്ത്രീവിരുദ്ധനാണ്, അപവാദപ്രചാരകനാണ് എന്നെല്ലാം ആക്ഷേപങ്ങൾ… എതിർ പ്രസ്താവനകളുടെ പൂരം.
എന്നാൽ അതൊന്നും ഏശിയില്ല. ഓരോ സ്ഥലത്തെയും തിരഞ്ഞെടുപ്പ് റാലികൾ നളതുവരെയുള്ള റെക്കോഡുകളെല്ലാം തകർത്തെറിയുകയായിരുന്നു. പതിനായിരക്കണക്കിനാളുകൾ റാലിയിൽ പങ്കെടുത്തുവെന്നതുമാത്രമല്ല, പങ്കെടുത്തവരെല്ലാം അഭൂതപൂർവമായ ആവേശ തിമർപ്പിലായിരുന്നു. വി.എസിന് റാലിയുടെ അധ്യക്ഷവേദിയിലേക്ക് കടന്നുചെല്ലുക സാധ്യമല്ലാത്ത സ്ഥിതിവന്നു… അത്രവലിയ തിരക്ക്. കോഴിക്കോട് വിശാലമായ ബീച്ചിൽ ലക്ഷത്തോളം ജനങ്ങളാണ് റാലിയിൽ ഇളകിമറിഞ്ഞത്. വി.എസ്. തരംഗംതന്നെ സൃഷ്ടിക്കുകയായിരുന്നു. അക്കാലത്ത് രാഷ്ട്രീയത്തിൽ കേവലം ശിശുവായിരുന്ന രാഹുൽഗാന്ധി കേരളത്തിലെ ഭരണത്തിനെതിരെയും കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനെതിരെയും ബാലിശമായി നടത്തിയ വിമർശങ്ങളെ അമൂൽബേബിയുടെ വെളിപാടുകളെന്ന് പരിഹസിച്ച് വി.എസ്. ആഞ്ഞടിച്ചപ്പോൾ ജനങ്ങൾ ഇളകിമറിഞ്ഞു. കണ്ണൂർ, കാസർകോഡ് ജില്ലകളിലെ പര്യടനം കഴിഞ്ഞ് ഒന്നാംവട്ടം പര്യടനംതീർത്ത് വി.എസ്. പാലക്കാട്ടേക്ക് മടങ്ങി. മലമ്പുഴയിലും പാലക്കാട് ജില്ലയിലെ മണ്ഡലങ്ങളിലും പര്യടനം. ഞാൻ കണ്ണൂരിൽ എന്റെ വീട്ടിലേക്ക് ഒറ്റ ദിവസത്തെ അവധിയിൽ എത്തി. ജോസഫും ശശിമാഷും തിരുവനന്തപുരത്തേക്ക് മടങ്ങി. അടുത്തദിവസം തെക്കൻ ജില്ലകളലേക്ക് തിരിക്കുമ്പോൾ വി.എസിനൊപ്പം ചേരാമെന്നായിരുന്നു ധാരണ.
അടുത്തദിവസം രാവിലെതന്നെ രാഹുൽഗാന്ധിയുടെ ഒരു പ്രസ്താവന വരുന്നു. എതിർ മുന്നണി ജയിച്ചാൽ 95 വയസ്സുള്ളയാളാവും മുഖ്യമന്ത്രിയെന്ന്. വി.എസിനെ പ്രായത്തിന്റെ പേരിൽ അധിക്ഷേപിക്കുന്ന പ്രസംഗം.. അത് ചാനലിൽ കണ്ട സുഹൃത്ത് ഉമ്മർമാഷ് വിളിച്ചു. തലനരക്കുവതല്ലെന്റെ വൃദ്ധത്വം കാച്ചിക്കൂടേ എന്നാണ് ചോദ്യം. അത് നല്ലൊരു കിട്ടലായിരുന്നു. ഉടൻതന്നെ സുരേഷിനെ വിളിച്ചു. പലവട്ടം വിളിച്ചിട്ടും എടുക്കുന്നില്ല. പിന്നീട് സുരേഷിന്റെ ഭാര്യ ഷീബയാണ് ഫോണെടുത്തത്. സുരേഷ് ഫോൺ അവിടെ വെച്ച് പുറത്തുപോയതാണ്. സാധാരണ സംഭവിക്കാത്ത കാര്യമാണ്…. ഏതായാലും ഷീബേ എഴുതിയെടുക്ക് എന്ന് പറഞ്ഞ് “തലനരക്കുവതല്ലെന്റെ വൃദ്ധത്വം തലനരക്കാത്തതല്ലെന്റെ യുവത്വവും” എന്ന ടി.എസ് തിരുമുമ്പിന്റെ വരികൾ മനസ്സിൽ നിന്ന് പറഞ്ഞുകൊടുത്തു. അവൾ അതെഴുതിയെടുത്തു. സുരേഷ് വീട്ടിൽനിന്ന് ഓട്ടോയിൽ ഉടൻതന്നെ ചന്ദ്രനഗറിൽ വി.എസ്. താമസിക്കുന്നിടത്തെത്തി. പ്രചാരണയോഗത്തിന് പോകുന്നതിനിടയിൽ ചാനലുകളെ കാണുന്നതിനുള്ള ഏർപ്പാടാക്കി. ചാനലുകൾ രാഹുലിന്റെ ആക്ഷേപം വി.എസിന്റെ ശ്രദ്ധയിൽപെടുത്തിയപ്പോൾ വി.എസ് കടലാസ് കീശയിൽനിന്നെടുത്തു. അത്യുച്ചത്തിൽ പാടുകയായി…. തലനരക്കുവതല്ലെന്റെ…. ആ തിരഞ്ഞെടുപ്പിന്റെ പ്രചാരണത്തിൽ ഹെലികോപ്റ്റർ പോലെതന്നെ അതൊരു തരംഗം സൃഷ്ടിക്കുന്നതാണ് പിന്നീട് കണ്ടത്. വി.എസിന്റെ അവതരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ യൗവനം വിളമ്പരം ചെയ്യുന്നതായി.
ഏറ്റവും ഒടുവിൽ വി.എസിന് മറുപടി പറയേണ്ടിവന്നത് എ.കെ. ആന്റണിക്കാണ്. സോണിയാഗാന്ധിയും രാഹുലും പോയശേഷമാണ് ആന്റണി യു.ഡി.എഫിന്റെ സ്റ്റാർ കാമ്പയിനറായി എത്തിയത്. കേരളത്തിൽ ഒന്നും നടക്കുന്നില്ല, വികസനമില്ല, മാർക്സിസ്റ്റ് അക്രമമാണ് നടക്കുന്നത് എന്നെല്ലാം ശാപരീതിയിൽ ആന്റണി എല്ലായിടത്തം പ്രസംഗിച്ചു. പ്രചാരണസമാപനദിവസം ആന്റണിയും വി.എസും ആലപ്പുഴയിലായിരുന്നു. അര മണിക്കൂർപോലും വിശ്രമിക്കാതെയുള്ള ഓട്ടമായിരുന്നു അന്ന്. വി.എസ്. എത്താതിരുന്നാൽ ഫലത്തെ ബാധിക്കുമെന്ന ആശങ്കയിൽ സ്ഥാനാർഥികൾ വിളിച്ചുകൊണ്ടേയിരുന്നു. അഞ്ചും പത്തും മിനിട്ടുമാത്രം പ്രസംഗം. പ്രസംഗിക്കേണ്ട, വന്നാൽ മതിയെന്ന് സ്ഥാനാർഥികൾ… ആ ദിവസവും ഒരു പത്രസമ്മേളനത്തിന് ഞങ്ങൾ സൗകര്യമൊരുക്കി. ആന്റണിക്കുള്ള മറുപടിയായിരുന്നു മുഖ്യമായും. അത്തവണത്തെ പ്രചാരണത്തിൽ അവസാനത്തെ പത്രസമ്മേളനം. ആന്റണിയുടെ രാഷ്ട്രീയ വഞ്ചന-ആത്മവഞ്ചനയും പരവഞ്ചനയും എണ്ണിയെണ്ണിപ്പറഞ്ഞ്, സ്വതസിദ്ധമായ ശൈലിയിൽ വി.എസ്. വിശദീകരിച്ചു. പ്രചാരണരംഗത്ത് അതും വലിയതോതിൽ ചർച്ചയായി.
പ്രചാരണമെല്ലാം കഴിഞ്ഞ് തിരിച്ചുപോയശേഷം-മിക്കവാറും എല്ലാ മണ്ഡലത്തിലുമെത്തുകയോ എല്ലാ മണ്ഡലത്തിലുള്ളവരുമായി സംസാരിക്കുകയോ ചെയ്തതിന്റെ അനുഭവത്തിൽ ഞങ്ങൾ കണക്കുകൂട്ടി. സാധാരണ ഇക്വേഷൻ മാറാൻപോകുന്നു. ഒരു പക്ഷേ ഭരണത്തുടർച്ചയുണ്ടാവാം… പക്ഷേ എങ്ങനെ കൂട്ടിയിട്ടും 63 സീറ്റിലപ്പുറമെത്തിക്കാനാവുന്നില്ല. വോട്ടെണ്ണിക്കൊണ്ടിരിക്കുമ്പോഴും 63ന് അപ്പുറം എത്തിക്കാനാവുന്നില്ല. മന്ത്രിസഭായോഗം ചേരുന്ന മുറിയോടുചേർന്നാണ് പ്രസ്സ് സെക്രട്ടറിയുടെ മുറി. അവിടെ ഞാനും വി.കെ ശശിധരനും മാത്രം. അഴീക്കോട്, മണലൂർ ഉറപ്പായും ജയിക്കുമെന്ന് പ്രതീക്ഷിച്ച ഏതാനും മണ്ഡലങ്ങൾ നഷ്ടപ്പെട്ടിട്ടും ഞങ്ങൾ പ്രതീക്ഷിച്ച 63-ലും അഞ്ച് സീറ്റ് അധികം… യു.ഡി.എഫിന് 72-ഉം എൽ.ഡി.എഫിന് 68-ഉം… തൊട്ടുമുമ്പത്തെ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിലായിരുന്ന ജനതാദൾ യു.ഡി.എഫിലേക്ക് മാറിയിരുന്നു. അവർക്ക് രണ്ടുസീറ്റാണ് കിട്ടിയത്. കൂത്തുപറമ്പും കല്പറ്റയും…
***
നീണ്ടകാലത്തെ രാഷ്ട്രീയ പത്രപ്രവർത്തനത്തിനിടയിൽ വി.എസ് അച്യുതാനന്ദൻ്റെ രാഷ്ട്രീയ ജീവിതം സജീവമായി പിന്തുടർന്ന ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണൻ വി.എസിന്റെ വ്യക്തി സവിശേഷതകൾ പ്രതിപാദിക്കുന്ന ” സ്പെഷ്യൽ ഫോക്കസ് ” ഇവിടെ കാണുക.