A Unique Multilingual Media Platform

The AIDEM

Articles Culture Minority Rights National Politics

അയോധ്യ ‘പ്രാണ പ്രതിഷ്ഠ’യുടെ രാഷ്ട്രീയ അർത്ഥതലങ്ങൾ

  • January 29, 2024
  • 1 min read
അയോധ്യ ‘പ്രാണ പ്രതിഷ്ഠ’യുടെ രാഷ്ട്രീയ അർത്ഥതലങ്ങൾ

“അയോധ്യ: രാമക്ഷേത്ര സമർപ്പണത്തിലേക്കുള്ള അധാർമ്മികമായ നാൾവഴി” എന്ന പരമ്പരയിലെ മൂന്നാമത്തെയും അവസാനത്തെയും ഭാഗമാണിത്.


“കലണ്ടറിലെ വെറുമൊരു തീയതിയല്ല, ഒരു പുതിയ കാലചക്രത്തിന്റെ (കാലചക്രം) തുടക്കം”. അയോധ്യ രാമക്ഷേത്രത്തിലെ ‘പ്രാണ പ്രതിഷ്ഠ’ പരിപാടിയിൽ “മുഖ്യ യജമാനൻ” (ആചാരങ്ങളുടെ പ്രധാന രക്ഷാധികാരി) എന്ന സ്ഥാനത്തിരുന്ന ശേഷം, പ്രധാനമന്ത്രി നരേന്ദ്ര മോദി ലോകത്തോട് 2024 ജനുവരി 22 എന്ന ദിനത്തെ വിവരിച്ചത് ഇങ്ങനെയായിരുന്നു. 36 മിനിറ്റ് ദൈർഘ്യമുള്ള ആ പ്രസംഗത്തിന്റെ കേന്ദ്ര സന്ദേശം തെറ്റിദ്ധരിക്കപ്പെടാൻ ഇടയില്ലാത്തത്ര വ്യക്തമായിരുന്നു. ഹിന്ദുത്വ ആധിപത്യത്തിന്റെ യുഗം ഇന്ത്യയിൽ വിളംബരം ചെയ്യപ്പെടുകയായിരുന്നു; രാജ്യത്തിന്റെയും, ഭരണഘടനയുടെയും മതേതര വേരുകളെ പ്രകടമായി പറിച്ചിളക്കിക്കൊണ്ട്. തീർച്ചയായും, സംഘപരിവാറിന്റെയും, രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർഎസ്എസ്) നേതൃത്വത്തിലുള്ള അതിന്റെ വിവിധ ഘടകങ്ങളുടെയും എല്ലാ പരസ്യപ്രസ്താവങ്ങളിലും ഉണ്ടാകാറുള്ള പോലെ, വിരുദ്ധ സന്ദേശങ്ങളുടെ ചില മിശ്രിതങ്ങളും അതിൽ ഉണ്ടായിരുന്നു. ഇത് “വിജയത്തിന്റെ നിമിഷം മാത്രമല്ല, വിനയത്തിന്റെ നിമിഷവുമാണ്” എന്ന് മോദി പറഞ്ഞതാണ്, ആ “മിശ്രിത” നിമിഷങ്ങളിലൊന്ന്. പക്ഷേ, കേന്ദ്ര സന്ദേശം മറ്റെല്ലാ മിശ്ര സന്ദേശങ്ങളെയും നിഷ്പ്രഭമാക്കി. അങ്ങനെ ചെയ്യുന്നതിലൂടെ, മതേതരമെന്ന് അവകാശപ്പെടുന്ന ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രി, ശ്രീരാമനോടുള്ള ഭക്തിയെ, രാഷ്ട്രനിർമ്മാണ പ്രക്രിയയ്ക്ക് തുല്യമാക്കി.

പ്രാണ പ്രതിഷ്ഠ ചടങ്ങ്

പ്രസംഗത്തിലെ ഈ ഭാഗം ശ്രദ്ധിക്കുക: “ഇത് കേവലമൊരു ദൈവിക ക്ഷേത്രമല്ല. ഇന്ത്യയുടെ ദർശനത്തിന്റെയും, തത്ത്വചിന്തയുടെയും ദിശാബോധത്തിന്റെയും ക്ഷേത്രമാണിത്. രാമന്റെ രൂപത്തിലുള്ള ദേശീയ ബോധത്തിന്റെ ക്ഷേത്രമാണിത്. രാമനാണ് ഇന്ത്യയുടെ വിശ്വാസം, ഇന്ത്യയുടെ അടിത്തറ. രാമൻ ഇന്ത്യയുടെ ചിന്തയാണ്, ഇന്ത്യയുടെ നിയമമാണ്. രാമൻ ഇന്ത്യയുടെ ബോധമാണ്, ഇന്ത്യയുടെ ആലോചനയാണ്. രാമൻ ഇന്ത്യയുടെ അഭിമാനമാണ്, ഇന്ത്യയുടെ ശക്തിയാണ്. രാമനാണ് ഒഴുക്ക്, രാമൻ സ്വാധീനമാണ്. രാമനാണ് മാനദണ്ഡം, രാമനാണ് നയം. രാമൻ ശാശ്വതമാണ്, രാമൻ തുടർച്ചയാണ്. രാമൻ വിശാലമാണ്, രാമൻ ബൃഹത്താണ്. രാമൻ എല്ലാം ഉൾക്കൊള്ളുന്നു, രാമൻ പ്രപഞ്ചമാണ്, പ്രപഞ്ചത്തിന്റെ ആത്മാവാണ്. അതിനാൽ, രാമൻ സ്ഥാപിക്കപ്പെടുമ്പോൾ, അതിന്റെ സ്വാധീനം വർഷങ്ങളോ നൂറ്റാണ്ടുകളോ അല്ല നീണ്ടുനിൽക്കുന്നത്. അതിന്റെ അനന്തരഫലങ്ങൾ ആയിരക്കണക്കിന് വർഷങ്ങൾ നീളും.” അയോധ്യയിൽ നിരവധി വളഞ്ഞ വഴികളിലൂടെ മുന്നേറിയ ഹിന്ദുത്വ സംഘടനകളുടെ നീണ്ട പ്രക്ഷോഭം ഒരു സുപ്രധാന നാഴികക്കല്ലിലെത്തിയെന്ന് വ്യക്തമായും മോദി ഉറപ്പിച്ചു പറയുകയായിരുന്നു. ഹിന്ദുത്വ ശക്തികൾ ഈ നാഴികക്കല്ലിൽ നിന്ന് മുന്നോട്ടു സഞ്ചരിച്ച് ഇന്ത്യയെക്കുറിച്ചുള്ള വൈവിധ്യരഹിതവും, ഏകതാനവുമായ ഒരു കാഴ്ചപ്പാട് ജനതക്കുമേൽ അടിച്ചേൽപ്പിക്കാൻ ശ്രമിക്കുമെന്നുറപ്പ്.

മോദി അയോധ്യയിൽ ഉള്ളപ്പോൾ, ക്ഷേത്രനഗരിയിൽ ‘പ്രാണ പ്രതിഷ്ഠ’ ചടങ്ങുകൾ പുരോഗമിക്കുമ്പോൾ, ബഹുസ്വരതയെ പ്രതിനിധീകരിക്കുന്ന മറ്റ് ആശയങ്ങളും അവയുടെ ആൾ രൂപങ്ങളായ വ്യക്തികളും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ചവിട്ടിമെതിക്കപ്പെടുകയായിരുന്നു. സംഘപരിവാറിന്റെ രാഷ്ട്രീയ വിഭാഗമായ ഭാരതീയ ജനതാ പാർട്ടി (ബിജെപി) ഭരിക്കുന്ന സംസ്ഥാനമായ അസമിലെ പ്രധാന പ്രതിപക്ഷമായ കോൺഗ്രസിന്റെ നേതാവ് രാഹുൽ ഗാന്ധിയെ അസമിലെ ഒരു ക്ഷേത്രത്തിൽ പ്രവേശിക്കുന്നതിൽ നിന്ന് ബലമായി തടഞ്ഞതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ സംഭവങ്ങളിലൊന്ന്. വിരോധാഭാസമെന്നു പറയട്ടെ, കോൺഗ്രസ് ഭരിക്കുന്ന തെലങ്കാനയിലും സമാനമായ ഹിന്ദുത്വ ഹുങ്ക് പ്രത്യക്ഷമായി. സംസ്ഥാന തലസ്ഥാനമായ ഹൈദരാബാദിൽ പ്രശസ്ത ചലച്ചിത്ര നിർമ്മാതാവ് ആനന്ദ് പട്‌വർദ്ധന്റെ ഐതിഹാസിക ചിത്രമായ “രാം കേ നാം” പ്രദർശിപ്പിച്ച ഒരു കൂട്ടം വിദ്യാർത്ഥികളെ, ചിലർ നൽകിയ വ്യാജ പരാതിയിൽ അറസ്റ്റ് ചെയ്തു. (സാന്ദർഭികമായി പറയട്ടെ, 1992-ൽ സിനിമ നിർമ്മിക്കപ്പെട്ടപ്പോൾ സെൻസർ ബോർഡിൽ നിന്ന് ചിത്രത്തിന് “U” (സാർവത്രികമായി കാണാവുന്നത്) സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു) തീർച്ചയായും, തെലങ്കാനയിലെ അധികാരികൾ പിന്നീട് തിരുത്തൽ നടപടികൾ സ്വീകരിച്ചു. പക്ഷേ ഹിന്ദുത്വ സ്വഭാവമുള്ള പ്രതികരണങ്ങളുടെ ഒരു ശൃംഖല തന്നെ കോൺഗ്രസിന്റെ വലിയ വിഭാഗങ്ങളെ വിഴുങ്ങുന്നുണ്ടായിരുന്നു. ഇത് നിരവധി മുതിർന്ന നേതാക്കളുടെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പ്രകടമായി.

“രാം കേ നാം”ലെ ഒരു രംഗം

ഹിന്ദുത്വ മേധാവിത്വം അടിച്ചേൽപ്പിക്കുന്നതിന്റെ മറ്റ് പല ലക്ഷണങ്ങളും 2024 ജനുവരി 22 ന് രാജ്യത്തുടനീളം പ്രകടമായി. അയോധ്യ സ്ഥിതി ചെയ്യുന്ന സംസ്ഥാനമായ ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ, തെരുവുകളിലെ വൈദ്യുത, ട്രാഫിക് സിഗ്നൽ തൂണുകളിൽ കാവിക്കൊടി ഉയർത്തുന്നതിനായി പോലീസ് ഉദ്യോഗസ്ഥർ നിരവധി പ്രധാന പാതകളിൽ ഗതാഗതം തടയുന്നത് കണ്ടു. ഹരിയാനയിലെ ഗുഡ്ഗാവിൽ നിന്നുള്ള റിപ്പോർട്ടുകൾ വ്യക്തമാക്കിയത്, ‘പ്രാണ പ്രതിഷ്ഠ’ക്കായി അലങ്കരിച്ചിട്ടില്ലാത്ത ഓഫീസുകളുടെ ഉടമകളെയും, സ്ത്രീകളുൾപ്പെടെയുള്ള ജീവനക്കാരെയും ഹിന്ദുത്വ ഗുണ്ടകൾ വളഞ്ഞിട്ട് ചീത്ത വിളിച്ചു എന്നാണ്. ചില പുരുഷ ജീവനക്കാരെ മർദ്ദിച്ചതായും റിപ്പോർട്ടുകൾ വന്നു. ഇതിനെല്ലാം ഉപരിയായി ബി.ജെ.പി ഭരിക്കുന്ന സംസ്ഥാനങ്ങളിലുടനീളമുള്ള നൂറുകണക്കിന് ജില്ലാ ഭരണകൂടങ്ങളും തദ്ദേശസ്ഥാപനങ്ങളും ‘പ്രാണ പ്രതിഷ്ഠ’ ദിനത്തിൽ മാംസത്തിനും മദ്യത്തിനും നിരോധനം ഏർപ്പെടുത്തിയിരുന്നു. “സാമൂഹ്യമായും, സാംസ്കാരികമായും, രാഷ്ട്രീയമായും, ഈ ദിവസം സംഘപരിവാറിനെ സംബന്ധിച്ച് ഒരു നാഴികക്കല്ലാണ്, മറ്റ് മൂല്യവ്യവസ്ഥകളുടെയും, തത്വങ്ങളുടെയും മേൽ തങ്ങളുടെ മൂല്യങ്ങളുടെ മേൽക്കോയ്മ ഉറപ്പിക്കാനുള്ള അവരുടെ ശ്രമങ്ങളുമായി ബന്ധപ്പെട്ട ഒരു നാഴികക്കല്ല്.” – ലഖ്‌നൗ ആസ്ഥാനമായി പ്രവർത്തിക്കുന്ന സമാജ്‌വാദി പാർട്ടി നേതാവും രാഷ്ട്രീയ നിരീക്ഷകനുമായ പ്രൊഫസർ സുധീർ കുമാർ പൻവാർ ചൂണ്ടിക്കാട്ടി. ‘ഇന്ത്യൻ എക്‌സ്പ്രസി’ൽ സൂക്ഷ്മവും കൃത്യവുമായ വിശകലനം നടത്തിക്കൊണ്ട്, ഗ്രന്ഥകാരനും നിരീക്ഷകനുമായ പ്രതാപ് ഭാനു മേത്ത ഇങ്ങനെ എഴുതി: “അയോധ്യയുടെ ശിലാസ്ഥാപനത്തിന് ശേഷമുള്ള പ്രാണ പ്രതിഷ്ഠ, കൃത്യവും ലളിതവുമായ രീതിയിൽ ഒരു രാഷ്ട്രീയ മതമായി ഹിന്ദുയിസത്തെ പ്രതിഷ്ഠിക്കുന്നതിനെ അടയാളപ്പെടുത്തുന്നു. ഈ സംഭവം സഫലമാക്കാൻ അതിന്റെ എല്ലാ ശക്തിയും അധികാരവും ഊറ്റിയെടുത്തു പ്രയോഗിച്ച ഭരണകൂടം, അതിലൂടെ മതേതരമല്ലാതാവുന്ന നിമിഷം മാത്രമല്ല ഇത്. ഹിന്ദുയിസം അതിന്റെ മതം എന്ന സ്വഭാവം കൈവെടിയുന്ന നിമിഷം കൂടിയാണിത്.”

1992 ഡിസംബർ 6ന് തകർക്കപ്പെട്ട ബാബറി മസ്ജിദിൻ്റെ പഴയകാല ചിത്രം

അയോധ്യയിൽ നടന്ന ‘പ്രാണ പ്രതിഷ്ഠ’യ്‌ക്കൊപ്പം അനുബന്ധമായി രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലും നടന്ന പലവിധമായ സംഗതികൾ, 1992 ഡിസംബർ 6ന് ബാബറി മസ്ജിദ് തകർക്കപ്പെട്ട ദിവസത്തിന്റെ ഓർമ്മകൾ നിരവധി മാധ്യമപ്രവർത്തകരിലും സാമൂഹിക രാഷ്ട്രീയ നിരീക്ഷകരിലും ഉണർത്തി. ഏകദേശം 31 വർഷം മുമ്പ്, അന്ന് മസ്ജിദ് തകർക്കൽ പുരോഗമിക്കുമ്പോൾ, തീവ്ര സംഘപരിവാർ സംഘടനകളുടെ ക്രൂരമായ ആക്രമണം മാധ്യമപ്രവർത്തകർക്ക്, പ്രത്യേകിച്ച് ക്യാമറാ പ്രവർത്തകർക്ക് നേരെയുള്ള ശാരീരിക ആക്രമണമായി മാറിയിരുന്നു. മസ്ജിദ് തകർത്തതിന് ദൃശ്യമായ തെളിവുകൾ സൃഷ്ടിക്കുന്ന ആരെയും അന്നവർ നിഷ്കരുണം ആക്രമിച്ചു. രുചിര ഗുപ്ത, സുമൻ ഗുപ്ത, സജേദ മൊമീൻ തുടങ്ങിയ വനിതാ മാധ്യമപ്രവർത്തകരും ക്രൂരമായി ആക്രമിക്കപ്പെട്ടു. താൻ എങ്ങനെയൊക്കെയോ കർസേവകരുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ലാൽ കൃഷ്ണ അദ്വാനി, മുരളീ മനോഹർ ജോഷി, അശോക് സിംഗാൾ, ഉമാഭാരതി തുടങ്ങിയ നേതാക്കൾക്കായി സജ്ജീകരിച്ച പ്രത്യേക വേദിയിൽ എത്തിയെന്നും, മാധ്യമങ്ങൾക്ക് നേരെയുള്ള ആക്രമണം അവസാനിപ്പിക്കണമെന്ന് അദ്വാനി കർസേവകരോട് മൈക്കിലൂടെ ആവശ്യപ്പെടണമെന്ന് അഭ്യർത്ഥിച്ചുവെന്നും രുചിര ഗുപ്ത പിന്നീട് വെളിപ്പെടുത്തുകയുണ്ടായി. ചരിത്രസംഭവം നടക്കുന്ന ദിനത്തിൽ ഇത്തരം വ്യക്തിപരമായ അസൗകര്യങ്ങൾ പരിഹരിക്കാൻ തനിക്ക് കഴിയില്ലെന്നായിരുന്നു “ഹിന്ദു ഹൃദയ സാമ്രാട്ട്” അന്ന് മറുപടി നൽകിയതെന്ന് രുചിര വെളിപ്പെടുത്തി. അതേസമയം, ഉച്ചകഴിഞ്ഞ് 03:15 ഓടെ, ബാബ്‌റി മസ്ജിദിന്റെ രണ്ടാമത്തെ താഴികക്കുടത്തിന്റെ പതനത്തിന് ശേഷം, സുരക്ഷാ സേനയുടെ നടപടികൾ തടയാൻ, ക്ഷേത്ര നഗരത്തിലേക്കുള്ള എല്ലാ പ്രവേശന കേന്ദ്രങ്ങളും തടസ്സപ്പെടുത്താൻ അദ്വാനി കർസേവകരെ ഉദ്‌ബോധിപ്പിക്കുന്നത് രുചിര ഗുപ്ത കേട്ടു.

 

എന്നാൽ അദ്വാനിയുടെ പ്രബോധനം യഥാർത്ഥത്തിൽ ആവശ്യമില്ലായിരുന്നുവെന്ന് പിന്നീടുള്ള സംഭവങ്ങൾ തെളിയിച്ചു. സ്ഥലത്തുണ്ടായിരുന്ന സൈന്യം മസ്ജിദ് തകർക്കുന്നത് തടയാൻ ഒന്നും ചെയ്തില്ല, അവസാന താഴികക്കുടവും 04:50 PM ഓടെ തകർക്കുന്നതു വരെ മാത്രമല്ല, കർസേവകർ സ്വന്തം വേലികൾ കെട്ടി ഒരു താൽക്കാലിക ഷെഡ് ഒരുക്കി, അവിടെ രാമ-സീതാ-ലക്ഷ്മണ വിഗ്രഹങ്ങൾ സ്ഥാപിക്കുന്നതുവരെ സൈന്യം നിഷ്ക്രിയരായി തുടർന്നു. നഗരത്തിലേക്കുള്ള കാര്യമായ സുരക്ഷാ നീക്കം അടുത്ത ദിവസം, അതായത്, 7 ആം തീയതി വൈകുന്നേരം മാത്രമാണ് ആരംഭിച്ചത്.

ഇതിനോടകം, പി.വി നരസിംഹറാവുവിന്റെ നേതൃത്വത്തിലുള്ള അന്നത്തെ കോൺഗ്രസ് സർക്കാർ, പ്രത്യേക ട്രെയിനുകളിലും ബസുകളിലും കർസേവകരെ ‘സമാധാനപരമായി’ പുറത്തേക്കു കൊണ്ടുപോകാൻ സംഘപരിവാറുമായി ധാരണയിലെത്തിയിരുന്നു. ഡിസംബർ 7ന് രാത്രിയും ഡിസംബർ 8ന് പകലും കർസേവകർ “കാശി, മഥുര ബാക്കി ഹേ” എന്ന മുദ്രാവാക്യം വിളിച്ച് അയോധ്യ വിട്ടു. ഈ “സമാധാനപരമായ ഒഴിപ്പിക്കൽ” പൂർത്തിയാകുന്നതിനുള്ളിൽ, ഈ കർസേവകർ അയോധ്യയിലെ നൂറോളം മുസ്ലീം വീടുകൾ ആക്രമിക്കുകയും കത്തിക്കുകയും ചെയ്തു, അവയിലെ താമസക്കാർ ശ്രീരാമ ജന്മഭൂമി പോലീസ് സ്റ്റേഷനിൽ അഭയം തേടേണ്ടി വന്നു. 1992 നവംബർ അവസാനവാരം മുതൽ പള്ളി പൊളിക്കൽ വരെയുള്ള സംഭവങ്ങളുടെ ക്രമം, മുസ്ലീം ന്യൂനപക്ഷങ്ങളുടെ ദാരുണമായ പീഡനത്തിന്റെയും, പാർശ്വവൽക്കരണത്തിന്റെയും കഥ മാത്രമല്ല. മറിച്ച്, സംഘപരിവാറിന്റെ നേതൃത്വത്തിലുള്ള ഹിന്ദുത്വ ശക്തികളുടെ വളർന്നുവരുന്ന രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക മേധാവിത്വത്തെയും അത് സൂചിപ്പിച്ചു.

1993ൽ രാമചന്ദ്ര പരമഹൻസ് ചൂണ്ടിക്കാണിച്ചതുപോലെ, സംഘപരിവാറിന്റെ “കാം ജാരി ഹേ” എന്ന ആശയം (കൂടുതലറിയാൻ ഈ പരമ്പരയുടെ ഒന്നാം ഭാഗവും രണ്ടാം ഭാഗവും കാണുക), ആ വർഷം എസ്പിയുടെയും ബിഎസ്പിയുടെയും കൈകളിൽ നിന്ന് ബിജെപി നേരിട്ട തിരിച്ചടികളെ മറികടന്നു മാത്രമല്ല നീങ്ങിയത്. 2004ലും 2009ലും കോൺഗ്രസ്, കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) നയിക്കുന്ന ഇടതുപക്ഷ പാർട്ടികൾ – സിപിഐഎം-, ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ), സമാജ് വാദി പാർട്ടി പോലുള്ള പ്രാദേശിക ശക്തികൾ എന്നിവയുൾപ്പെടെയുള്ള വിശാല പ്രതിപക്ഷത്തിന്റെ കൈകളിൽ നിന്ന് തുടർച്ചയായ പരാജയങ്ങൾ ഏറ്റുവാങ്ങിയ സാഹചര്യം കൂടിയാണ് മറികടക്കപ്പെട്ടത്. 1980കളിലും 1990കളിലും അയോധ്യയിൽ കണ്ടത് പോലെ, 2004ലെയും 2009ലെയും പരാജയങ്ങളെ അട്ടിമറിക്കാനും, 2014ലും 2019ലും ഉണ്ടായ വൻ വിജയങ്ങൾ നേടാനും, തെറ്റായ വാർത്താ പ്രചാരണങ്ങളും, വർഗ്ഗീയ ധ്രുവീകരണവും കൊണ്ട് അടയാളപ്പെടുത്തിയ ബഹുമുഖ തന്ത്രങ്ങളും നയങ്ങളും സംഘപരിവാർ പിന്തുടർന്നു. ഈ രണ്ടു തെരഞ്ഞെടുപ്പുകളിലും വർഗീയ ചേരിതിരിവുണ്ടാക്കലായിരുന്നു, സംഘപരിവാർ തെരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ നെടുംതൂൺ.

രാമചന്ദ്ര പരമഹൻസ് (നടുവിൽ)/Image: X

2014നും 2024നും ഇടയിലുള്ള കാലഘട്ടത്തിൽ, ഹിന്ദുത്വ ആധിപത്യത്തിന്റെ പാത വെട്ടിത്തെളിക്കാനുള്ള ബഹുമുഖമായ പ്രവർത്തനങ്ങൾക്ക് അയോധ്യ തന്നെ സാക്ഷ്യം വഹിച്ചു. ഒരു വമ്പൻ രാമക്ഷേത്രം പണിയാൻ ആവശ്യമായ നിയമ നടപടികളും, ഒപ്പം അതിനുള്ള ഭൗതികമായ അടിസ്ഥാനസൗകര്യം ഒരുക്കാനുള്ള പ്രായോഗിക നടപടികളും അന്നുണ്ടായി. രാജ്യത്തിന്റെ ഭരണാധികാര ഘടനയിൽ സംഘപരിവാറിന് ഉണ്ടായിരുന്നതും തുടരുന്നതുമായ വമ്പിച്ച അധികാരവും, ജുഡീഷ്യറിയിൽ അതിന്റെ തടയാൻ പറ്റാത്ത അലയൊലികളും ഇതിനു സഹായകമായി. ഒരേ സമയം പരിഹാസ്യവും അപകടകരവും എന്ന് വിശേഷിപ്പിക്കാവുന്ന ഒരു വിധിന്യായത്തിൽ, 2019 നവംബർ 9ന് സുപ്രീം കോടതി, ബാബറി മസ്ജിദ് നിലനിന്ന തർക്കത്തിലുള്ള ഭൂമിയുമായി ബന്ധപ്പെട്ട കേസിൽ ഹിന്ദുത്വ പക്ഷത്തിന് ആ സ്ഥലം വിട്ടുകൊടുത്തുകൊണ്ട് വിധി പ്രസ്താവിച്ചു. 1949ൽ മസ്ജിദിലേക്ക് ഹിന്ദു വിഗ്രഹങ്ങൾ കടത്തിയതും, 1992ൽ ബാബറി മസ്ജിദ് തകർത്തതും നിയമവിരുദ്ധവും ക്രിമിനൽ നടപടികളുമാണെന്ന് കോടതി വിധിന്യായത്തിൽ അംഗീകരിച്ചിട്ടും ഹിന്ദുത്വ പക്ഷത്തിന് അനുകൂലമായ വിധിയാണ് പുറപ്പെടുവിച്ചത്.

നിരവധി പതിറ്റാണ്ടുകളായി, നിരവധി ഉയർച്ച താഴ്ചകളിലൂടെയും, രാഷ്ട്രീയവും സംഘടനാപരവുമായ കരുനീക്കങ്ങളിലൂടെയും വളർന്ന ഈ നീണ്ട ഹിന്ദുത്വ പദ്ധതിയെ നിർണ്ണായകമായി സഹായിച്ചത് ഇന്ത്യയുടെ മഹത്തായ പഴയ പാർട്ടിയായ കോൺഗ്രസും അതിന്റെ നേതൃത്വവും തന്നെയായിരുന്നു. 1986നും 1992നും ഇടയിലുള്ള ആറ് വർഷകാലയളവിൽ മൂന്ന് തവണയെങ്കിലും ആ സഹായം ഉണ്ടായി. 1986ൽ, രാജീവ്ഗാന്ധി സർക്കാരും കോൺഗ്രസും മൃദു ഹിന്ദുത്വ നയം പിന്തുടരാൻ തീരുമാനിക്കുകയും, അത് തെരഞ്ഞെടുപ്പിൽ തങ്ങളെ സഹായിക്കുമെന്ന് കരുതിക്കൊണ്ട്, ബാബറി മസ്ജിദിന്റെ പൂട്ടുകൾ തുറന്ന് ഹിന്ദു ആരാധനയ്ക്ക് പള്ളിക്കു തൊട്ടു പുറത്ത് അനുവാദം നൽകാൻ തീരുമാനിക്കുകയും ചെയ്തു. ഒരു കീഴ്‌ക്കോടതി ഇതുമായി ബന്ധപ്പെട്ടു സമർപ്പിച്ച ഒരു ഹർജി ഫയലിൽ സ്വീകരിച്ചു എന്ന ന്യായം മാത്രം പരിഗണിച്ചാണ് ഇത് ചെയ്തത്. മൂന്ന് വർഷത്തിന് ശേഷം, 1989ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, രാജീവ് ഗാന്ധി ഒരു പടി കൂടി മുന്നോട്ട് പോയി, ഈ വിഷയത്തിലെ സംഘപരിവാർ അവകാശവാദങ്ങൾക്ക് നിയമസാധുത നൽകിക്കൊണ്ട്, രാമക്ഷേത്രത്തിനുള്ള ശിലാന്യാസ (ശിലാസ്ഥാപനം) ചടങ്ങ് നടത്തി.

പി.വി. നരസിംഹ റാവു

മൂന്നു വർഷത്തിനു ശേഷം, 1992ൽ, അന്നത്തെ പ്രധാനമന്ത്രി പി.വി. നരസിംഹ റാവുവിന്റെ നേതൃത്വത്തിലുള്ള കോൺഗ്രസ് സർക്കാർ, ബാബറി മസ്ജിദ് തകർക്കപ്പെടാൻ വലിയ സാധ്യത നിലനിൽക്കുന്നു എന്ന മിലിട്ടറി ഇന്റലിജൻസ് ഉൾപ്പെടെയുള്ള രഹസ്യാന്വേഷണ സ്രോതസ്സുകളിൽ നിന്നുള്ള നിരവധി റിപ്പോർട്ടുകൾക്കു നേരെ കണ്ണടച്ചു. അയോധ്യയിലെ കർസേവകരുടെ എണ്ണം അനുദിനം വർധിച്ചു വരികയാണെന്നും, ജനക്കൂട്ടം നിയന്ത്രണം വിട്ടാൽ സ്ഥിതിഗതികൾ നിയന്ത്രിക്കാൻ സൈന്യത്തിന്റെ പക്കലുള്ള സുരക്ഷാ സംവിധാനങ്ങൾ കുറവാണെന്നും 1992 നവംബർ അവസാനവാരം തന്നെ മിലിട്ടറി ഇന്റലിജൻസ് വൃത്തങ്ങൾ തങ്ങളുടെ റിപ്പോർട്ടുകളിൽ വ്യക്തമാക്കിയിരുന്നു. എന്നിട്ടും, മിലിട്ടറി ഇന്റലിജൻസ് കേന്ദ്ര ഗവൺമെന്റിനു നൽകിയ ഈ വ്യക്തമായ വിവരങ്ങൾ റാവു സർക്കാരിൽ നിന്ന് ഒരു പ്രതികരണവും ഉണ്ടാക്കിയില്ല.

അയോധ്യയിൽ വിഭാവനം ചെയ്തിരിക്കുന്ന കമ്മ്യൂണിറ്റി സെന്ററിൻ്റെ മോഡൽ

2019 നവംബറിലെ സുപ്രീം കോടതി വിധിയിൽ, അയോധ്യയിൽ ഒരു മസ്ജിദ് പണിയാൻ കൂടി സ്ഥലം നീക്കിവച്ചിരുന്നു. എന്നാൽ അത് നേരത്തെ ബാബറി മസ്ജിദ് നിലനിന്നിരുന്ന സ്ഥലത്ത് നിന്ന് ഏകദേശം 15 കിലോമീറ്റർ അകലെയാണ്. പ്രായോഗിക തലത്തിൽ അയോധ്യയിൽ നിന്ന് വളരെ അകലെ. മാത്രമല്ല, ഇത് കൃത്യമായി ഒരു പള്ളിയല്ല, മറിച്ച് മെഡിക്കൽ, വിദ്യാഭ്യാസ സൗകര്യങ്ങൾ ഉൾക്കൊള്ളുന്ന ഒരു കമ്മ്യൂണിറ്റി സെന്റർ ആയിട്ടാണ് വിഭാവനം ചെയ്തത്. വിധി വന്നു മൂന്ന് വർഷം പിന്നിട്ടിട്ടും ഈ സ്ഥലത്തു മസ്ജിദിന്റെ ഒരു ജോലിയും ആരംഭിച്ചിട്ടില്ല.

1992 നവംബർ-ഡിസംബർ മാസങ്ങളിലെ സംഭവവികാസങ്ങളുടെയും, പരമഹൻസിനെപ്പോലുള്ള സംഘപരിവാർ നേതാക്കളുടെ വിശദീകരണങ്ങളുടെയും പശ്ചാത്തലത്തിൽ കഴിഞ്ഞ 31 വർഷത്തെ തിരിഞ്ഞുനോക്കുമ്പോൾ, ഹിന്ദുത്വ പദ്ധതി, ബാബറി മസ്ജിദ് തകർത്തതിലൂടെ സ്ഥാപിച്ച വിഭാഗീയതയുടെ നാഴികക്കല്ലിനു മേൽ, അവരുടെ ആശയങ്ങൾ കെട്ടിപ്പടുത്തു മുന്നേറുകയാണ് എന്ന് വ്യക്തമാണ്. അയോധ്യയും ഫൈസാബാദും ഉൾക്കൊള്ളുന്നതും, രാജ്യത്ത് ഏറ്റവും കൂടുതൽ ജനസംഖ്യയുള്ളതുമായ സംസ്ഥാനമായ ഉത്തർപ്രദേശിലും കേന്ദ്രത്തിലും വൻഭൂരിപക്ഷമുള്ളതിനൊപ്പം, അതിലൂടെ നേടിയ അധികാര ശക്തി കൂടി കണക്കിലെടുക്കുമ്പോൾ അതിന്റെ രാഷ്ട്രീയ സ്വാധീനം സംശയത്തിനിട നൽകാത്തതാണ്. അത് അഴിച്ചുവിട്ട ആക്രമണാത്മക ഹിന്ദുത്വ പ്രത്യയശാസ്ത്രവും അതിന്റെ പ്രത്യാഘാതങ്ങളും സമൂഹത്തിന്റെ എല്ലാ തലങ്ങളിലും അനുഭവപ്പെട്ടുകൊണ്ടിരിക്കുന്നു.

അയോധ്യയിൽ പണിയുന്ന ക്ഷേത്രത്തിൻ്റെ അകം/ Source: X

മറ്റൊരു വിധത്തിൽ പറഞ്ഞാൽ, സംഘപരിവാറും കേന്ദ്രത്തിലെയും പല സംസ്ഥാനങ്ങളിലെയും സർക്കാരുകളും, ജനങ്ങളുടെ ഭക്ഷണ ശീലങ്ങൾ തൊട്ട് അഭിപ്രായ സ്വാതന്ത്ര്യം വരെയുള്ള വിവിധങ്ങളായ മേഖലകളിൽ ഏർപ്പെടുത്തുന്ന നിയന്ത്രണങ്ങളായും, മുഹമ്മദ് അഖ്‌ലാഖും ഹാഫിസ് ജുനൈദും പോലെയുള്ള മുസ്‌ലിം ന്യൂനപക്ഷ വിഭാഗങ്ങളിൽ പെട്ടവരെ ആൾക്കൂട്ടങ്ങൾ കൊലപ്പെടുത്തുന്നതിനും, ഗൗരി ലങ്കേഷ്, ഗോവിന്ദ് പൻസാരെ, നരേന്ദ്ര ദാഭോൽക്കർ തുടങ്ങിയ ബുദ്ധിജീവികളുടെയും ചിന്തകരുടെയും ക്രൂരമായ കൊലപാതകങ്ങൾ നടത്തുന്നതിനും അനുകൂലമായ കാലാവസ്ഥ സൃഷ്ടിക്കലായും ഒക്കെ സംഘപരിവാറിന്റെ സാമൂഹ്യ രാഷ്ട്രീയ മേധാവിത്വം തെളിഞ്ഞുവരുന്നു. തീർച്ചയായും, 1992 ഡിസംബർ 6നു സ്ഥാപിക്കപ്പെട്ട വർഗീയ-ഫാസിസ്റ്റ് രാഷ്ട്രീയത്തിന്റെ നാഴികക്കല്ല് അതിന്റെ ഭയാനകമായ മുഖം വെളിപ്പെടുത്തിയതിനു ശേഷമുള്ള 30 വർഷത്തിനുള്ളിൽ ഒരു രാക്ഷസക്കല്ലായി വളർന്നിരിക്കുന്നു. ‘പ്രാണ പ്രതിഷ്ഠ’യിലൂടെ അത് മറ്റൊരു രംഗവേദിയിലേക്ക് സ്ഥാനം മാറിയിരിക്കുന്നു.

ഡിഎംകെ ജനറൽ കൗൺസിൽ മീറ്റിംഗ്

എന്നിരുന്നാലും, സർവ്വതലസ്പർശിയായി ആധിപത്യം പുലർത്തുന്ന നിലയിൽ ഹിന്ദുത്വ അജണ്ടയെ രാജ്യത്തിനു മേൽ സ്ഥാപിക്കാൻ ഇനിയും ബഹുദൂരം മുന്നോട്ടു പോകേണ്ടതുണ്ടെന്ന് സംഘപരിവാർ സംഘടനകളുടെ വിവിധ വിഭാഗങ്ങൾ ഇപ്പോഴും സമ്മതിക്കുന്നു. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളായ ഉത്തർപ്രദേശ്, ബിഹാർ, ജാർഖണ്ഡ് എന്നിവിടങ്ങളിൽ നിന്നുള്ള കുറെ ആർഎസ്എസ് നേതാക്കൾ ‘ദി ഐഡ’മിനോട് സംസാരിച്ചപ്പോൾ ഇതേ അഭിപ്രായം പങ്കുവെക്കുന്നുണ്ടായിരുന്നു. അവരുടെ വായ്ത്താരി ഇങ്ങനെ സംഗ്രഹിക്കാം: ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മൊത്തത്തിൽ, ഹിന്ദുത്വ രാഷ്ട്രീയത്തെ ഉൾക്കൊള്ളാൻ ഇതുവരെ തയ്യാറായിട്ടില്ല; ഹിന്ദു മൂല്യങ്ങൾക്കും സാമൂഹിക ആചാരങ്ങൾക്കും ആ മേഖലയിൽ ശക്തമായ വേരോട്ടമുണ്ടെങ്കിലും. തമിഴ് നാട് ഭരിക്കുന്ന പാർട്ടിയായ ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) മുന്നോട്ടുവെക്കുന്ന ദ്രാവിഡ പ്രത്യയശാസ്ത്രത്തിൽ, ഹിന്ദുത്വ വിരുദ്ധതക്ക് ശബ്ദായമാനവും, തീക്ഷ്ണവുമായ ആവിഷ്‌കാരങ്ങളാണ് ഉള്ളത്. ഇത് പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. മോദി ഉൾപ്പെടെയുള്ള സംഘപരിവാറിന്റെ ഉന്നത നേതാക്കൾ തമിഴ്‌നാട്ടിൽ നിന്നുള്ള ഈ പ്രത്യയശാസ്ത്രപരമായ എതിർപ്പിന്റെ പ്രാധാന്യം മനസ്സിലാക്കിയിട്ടുണ്ടെന്നും അതിനെ പ്രതിരോധിക്കാൻ അവർ ശ്രദ്ധാലുക്കളാണെന്നും ഈ നേതാക്കൾ അഭിപ്രായപ്പെട്ടു. അതുകൊണ്ടാണ് ഈ ദിവസങ്ങളിൽ മോദി തമിഴ്‌നാടിന് കൂടുതൽ ശ്രദ്ധ നൽകുന്നതെന്ന് ഇവർക്കിടയിലെ രണ്ട് ഉത്തരേന്ത്യൻ നേതാക്കൾ ‘ദി ഐഡ’മിനോട് പറഞ്ഞു. പ്രാണ പ്രതിഷ്ഠയ്ക്ക് മുന്നോടിയായി പോലും പ്രധാനമന്ത്രി തമിഴ്‌നാട്ടിൽ ഓടി നടന്നു ക്ഷേത്രദർശനം നടത്തുകയായിരുന്നു. വ്യക്തമായും, സംഘപരിവാറിന്റെ അടുത്ത ലക്ഷ്യവും പാതയും നിർണ്ണയിക്കപ്പെട്ടു കഴിഞ്ഞു. ഇനി വരുന്നത് കലുഷമായ വിഭാഗീയതയുടെ കാലഘട്ടമാണ് എന്ന അടയാളപ്പെടുത്തലാണ് ഇത്. ഇന്ത്യ എന്ന ആശയം വലിയ വെല്ലുവിളി നേരിടും എന്ന കാര്യത്തിലും സംശയമില്ല.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

വെങ്കിടേഷ് രാമകൃഷ്ണൻ

ദി ഐഡം മാനേജിങ് എഡിറ്ററും സി.എം.ഡിയും. 'ഫ്രണ്ട് ലൈൻ' സീനിയർ അസ്സോസിയേറ്റ് എഡിറ്റർ ആയി പ്രവർത്തിച്ചു. ദീഘകാലം രാഷ്ട്രീയ നിരീക്ഷണ-മാധ്യമ പ്രവർത്തകനായി ഡൽഹി കേന്ദ്രീകരിച്ച് പ്രവർത്തനം.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x