മോദി ഭരണത്തിലെ അഴിമതി ആരോപണ യുദ്ധങ്ങളിലൂടെ
മോദി ഭരണത്തിലെ അഴിമതിയെക്കുറിച്ചും അവ ഒളിപ്പിച്ചുവയ്ക്കാൻ നടത്തുന്ന ഹീനശ്രമങ്ങളെക്കുറിച്ചും പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകനായ രവി നായർ വെളിപ്പെടുത്തുന്നു. ദി ഐഡം മാനേജിങ് എഡിറ്റർ വെങ്കിടേഷ് രാമകൃഷ്ണനുമായി നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം. (പരിഭാഷ: സാമജ കൃഷ്ണ)
വെങ്കിടേഷ് രാമകൃഷ്ണൻ: ഐഡത്തിലേക്ക് സ്വാഗതം. നാമിപ്പോൾ ഡൽഹിയിലാണ്. അഴിമതിയാരോപണങ്ങൾ കാറ്റിൽ കരിയിലകൾ പോലെ പാറുന്നു. അഴിമതിക്കെതിരെ പോരാടുന്നതുകൊണ്ട് പ്രതിപക്ഷം തന്നെ വളഞ്ഞിട്ടാക്രമിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞദിവസം പാർലമെന്റിലെ ബിജെപി അംഗങ്ങളെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു. ആം ആദ്മി പാർട്ടി നേതാവ്, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ നിയമസഭയിൽ പറഞ്ഞത് അദാനിയുമായി ബന്ധപ്പെട്ട അഴിമതിയാരോപണങ്ങൾ മോദിയുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നു എന്നുമാത്രമല്ല, അദ്ദേഹം സമ്പാദിച്ചിരിക്കുന്ന അനധികൃതമായ പണം മോദിക്ക് വേണ്ടിയാണ് എന്നാണ്. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയും ദീർഘകാലമായി മോദി ഭരണത്തിലെ അഴിമതിയെക്കുറിച്ച് ആരോപണങ്ങൾ ഉന്നയിക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ദി ഐഡം പ്രശസ്ത അന്വേഷണാത്മക പത്രപ്രവർത്തകനായ രവി നായരുമായി സംഭാഷണത്തിന് ഒരുങ്ങുന്നത്. റഫാൽ മുതൽ അദാനി സാമ്രാജ്യ കഥകളിലേക്ക് വരെ നീളുന്ന ഉന്നതസ്ഥാനങ്ങളിലെ നിരവധി അഴിമതികളെ തുറന്നുകാണിച്ച ആളാണ് അദ്ദേഹം.
വെങ്കിടേഷ് രാമകൃഷ്ണൻ: റഫാൽ അഴിമതിയെക്കുറിച്ച് 2022 ഡിസംബറിൽ പുറത്തിറങ്ങിയ താങ്കളുടെ പുസ്തകത്തിന്റെ പേര് ‘പറക്കുന്ന നുണകൾ’ (Flying Lies) എന്നാണ്. ഇന്ന് അതുതന്നെയാണ് സംഭവിക്കുന്നത്. ഈ സാഹചര്യം മുൻകൂട്ടി കണ്ടിരുന്നോ? ഇന്നത്തെ രാഷ്ട്രീയ അന്തരീക്ഷത്തെ, അതിന്റെ ആണിക്കല്ലായ അഴിമതിയാരോപണങ്ങളെ എങ്ങനെയാണ് നോക്കിക്കാണുന്നത്?
രവി നായർ: രാഷ്ട്രീയമായും അല്ലാതെയും നമ്മൾ വളരെ രസകരമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. എനിക്കിപ്പോൾ അൻപതു വയസ്സായി. തങ്ങൾക്കെതിരെയുള്ള അഴിമതിയാരോപണങ്ങളിൽ അന്വേഷണം പോലും പ്രഖ്യാപിക്കാത്ത ഒരു ഗവൺമെന്റ് എന്റെ ഓർമ്മയിൽ ഇത് ആദ്യമാണ്! മോദി അധികാരത്തിൽ വന്ന് ഒൻപതുവർഷം പിന്നിടുമ്പോൾ, നല്ല അറിവുള്ള, വായിക്കുന്ന ആളുകൾ പോലും അഴിമതിരഹിതമായ ഒരു ഗവൺമെന്റായാണ് അതിനെ കാണുന്നത്. ഇതു ശരിയല്ല. രാജ്യത്ത് നിരവധി അഴിമതികൾ നടക്കുന്നുണ്ട്. അതിൽ പലതും എളുപ്പത്തിൽ കണ്ടുപിടിക്കാവുന്നതാണ്. എന്നാൽ ഗവൺമെന്റ് ഇതിനെതിരെ ചെറുവിരൽ പോലും അനക്കാൻ തയ്യാറല്ല.
വെങ്കിടേഷ് രാമകൃഷ്ണൻ: അദാനി കേസിലെ സെബിയുടെ പങ്ക് താങ്കൾ വെളിപ്പെടുത്തിയിരുന്നല്ലോ. സെബി തലവനുമായി അദാനി കൂടിക്കാഴ്ച നടത്തിയത് അന്വേഷിക്കുന്ന ഒരു സാഹചര്യമുണ്ടായി. അതിനെക്കുറിച്ച് വിശദീകരിക്കാമോ?
രവി നായർ: ഞങ്ങൾ അദാനിയെക്കുറിച്ച് അന്വേഷിക്കാനും എഴുതാനും തുടങ്ങിയിട്ട് കുറേക്കാലമായി. ഈ പ്രശ്നം ഉണ്ടാവുന്നത് 2021 ജൂലൈയിലാണ്. പാർലമെന്റിൽ ധനകാര്യ സഹമന്ത്രി, തൃണമൂൽ കോൺഗ്രസ് എം പി മഹുവ മോയ്ത്രയ്ക്ക് നൽകിയ മറുപടിയിൽ പറഞ്ഞത് സെബി അന്വേഷണം നടത്തുന്നുണ്ട് എന്നാണ്. ധനകാര്യ മന്ത്രിയും ഇതു ശരിവെച്ചു. ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസും അന്വേഷിക്കുന്നുണ്ടെന്നാണ് മന്ത്രി പറഞ്ഞത്. ജൂലൈ 2021 മുതൽ അന്വേഷണം നടക്കുന്നുവെന്നാണ് പറയുന്നതെങ്കിൽ ഇന്ന് ആ അന്വേഷണത്തിന്റെ അവസ്ഥ എന്താണ്? അന്വേഷണ റിപ്പോർട്ട് എവിടെ? ഹിൻഡൻബർഗ് റിപ്പോർട്ട് പുറത്തുവന്നതിനുശേഷവും ഗവൺമെന്റ് പറയുന്നത് സെബി അന്വേഷിക്കുമെന്നാണ്. കഴിഞ്ഞ ഒക്ടോബറിൽ ഗൗതം അദാനി, സെബി ചെയർപേഴ്സൺ മാധുരി പുരി ബുചിയും ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെക്കുറിച്ച് ചോദ്യം ഉയർന്നപ്പോൾ അത് ഒരു പതിവ് കൂടിക്കാഴ്ച മാത്രമാണ് എന്നാണ് അദാനി ഗ്രൂപ്പിന്റെ ഭാഗത്തുനിന്നും ഉണ്ടായ മറുപടി. കൂടിക്കാഴ്ച നടത്തുന്നതിൽ തെറ്റില്ല. പക്ഷെ അന്വേഷണത്തിന്റെ സാഹചര്യത്തിൽ നടക്കുന്ന ഇത്തരം കൂടിക്കാഴ്ചകളുടെ സാംഗത്യത്തെയാണ് ചോദ്യം ചെയ്യുന്നത്. അന്വേഷണത്തിന്റെ ഭാഗമായി അദാനിയെ ചോദ്യം ചെയ്തിട്ടുപോലുമില്ല. അപ്പോൾ എന്ത് അന്വേഷണമാണ് നടക്കുന്നത്?
വെങ്കിടേഷ് രാമകൃഷ്ണൻ: താങ്കൾ എന്താണ് പറയാൻ ശ്രമിക്കുന്നത്, സെബി കാര്യങ്ങൾ മറച്ചുവയ്ക്കുകയാണ് എന്നാണോ?
രവി നായർ: അന്വേഷണം നടക്കുന്നില്ല എന്നുതന്നെ. എന്റെ അറിവിൽ സെബിക്ക് ആദ്യം മുതൽ തന്നെ കാര്യങ്ങൾ അറിയാമായിരുന്നു. അദാനി ഗ്രൂപ്പിൽ മുഖ്യമായും നിക്ഷേപം നടത്തുന്ന വിദേശ പോർട്ട്ഫോളിയോ നിക്ഷേപകരുണ്ട്. ഇവർ 100 ശതമാനം മാർക്കറ്റിൽ ഇറക്കുന്നതിൽ 89-90 ശതമാനവും അദാനി ഗ്രൂപ്പിൽ നിക്ഷേപിക്കുന്നു. ഈ നിക്ഷേപങ്ങൾ ഒട്ടും സുതാര്യമല്ല. നിക്ഷേപകർ ആരെന്നോ, ആരാണ് യഥാർത്ഥ ഗുണഭോക്താക്കൾ എന്നോ നമുക്ക് അറിയില്ല. അന്വേഷിക്കുമ്പോൾ മൗറീഷ്യസിലും മറ്റും രജിസ്റ്റർ ചെയ്തിട്ടുള്ള ഇവയ്ക്ക് ഒരേ ഉടമസ്ഥന്റെ പേരാണ് രേഖപ്പെടുത്തിയിച്ചുള്ളത് എന്നാണ് അറിയാൻ സാധിക്കുന്നത്. ഒരു തരം കടലാസ് കമ്പനികൾ. സെബിക്ക് തീർച്ചയായും ഇതിനെക്കുറിച്ച് അറിയാമായിരുന്നു. ഈ പണം ആരുടേതാണ് എന്ന പ്രശ്നമാണ് ഞങ്ങൾ ഉന്നയിച്ചത്. ഇതാണ് സെബി അന്വേഷിക്കുന്നു എന്ന് മന്ത്രി അന്ന് പറഞ്ഞത്.
വെങ്കിടേഷ് രാമകൃഷ്ണൻ: അദാനിയുമായി ബന്ധപ്പെട്ട കാര്യങ്ങൾ മാത്രം കൈകാര്യം ചെയ്യുന്ന ഒരു പ്രത്യേക വെബ്സൈറ്റ് താങ്കൾക്കുണ്ടല്ലോ..
രവി നായർ: ശരിക്കും അത് എന്റെ വെബ്സൈറ്റ് അല്ല. അത് ഓസ്ട്രേലിയയിലെ ബോബ് ബ്രൗൺ ഫൗണ്ടേഷന്റെയാണ്. ഓസ്ട്രേലിയയിലെ ഗ്രീൻ പാർട്ടിയുടെ എംപി യായിരുന്നു ബോബ് ബ്രൗൺ. അദാനിയുമായി ബന്ധപ്പെട്ട ഓസ്ട്രേലിയയിലെ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുവാൻ അവർ തുടങ്ങിയ വെബ്സൈറ്റാണ്. പിന്നീട് സമാനമായ പ്രശ്നങ്ങൾ മറ്റ് രാജ്യങ്ങളിലും ഉണ്ട് എന്ന് കണ്ടെത്തുകയായിരുന്നു. ഇന്ത്യയിൽ ഇത്തരം വാർത്തകൾ പ്രസിദ്ധീകരിക്കാൻ ആരും തയ്യാറാകാതിരുന്നതുകൊണ്ടും അതിന് മാന്യമായ പ്രതിഫലം ലഭിക്കില്ല എന്നതുകൊണ്ടുമാണ് ഞങ്ങൾ ബോബ് ബ്രൗണുമായി സഹകരിക്കാൻ തീരുമാനിച്ചത്.
വെങ്കിടേഷ് രാമകൃഷ്ണൻ: താങ്കൾ ഷെൽ കമ്പനികളെക്കുറിച്ചും പണത്തിന്റെ ഉറവിടത്തെക്കുറിച്ചും പറഞ്ഞു. ഇത് കഴിഞ്ഞദിവസം അരവിന്ദ് കെജ്രിവാൾ നിയമസഭയിൽ ഉന്നയിച്ചതിനെ സാധൂകരിക്കുന്നതല്ലേ? കൂടാതെ, രാഹുൽ ഗാന്ധി ഇരുപതിനായിരം കോടിയുടെ കണക്കും പറഞ്ഞു. ഈ വിഷയത്തിലെ ഒരു വിദഗ്ധൻ എന്ന നിലയിൽ ഈ കാര്യങ്ങളിൽ കൂടുതൽ വെളിച്ചം വീശുവാൻ താങ്കൾക്ക് കഴിയുമെന്ന് പ്രതീക്ഷിക്കുന്നു.
രവി നായർ: അരവിന്ദ് കെജ്രിവാൾ സഭയിൽ പറഞ്ഞതിനെക്കുറിച്ച് എന്തെങ്കിലും സംസാരിക്കുവാൻ ഞാനാഗ്രഹിക്കുന്നില്ല. കാരണം, അദ്ദേഹം അത് സഭയിലാണ് പറഞ്ഞത്. അതിന് അദ്ദേഹത്തിന് സവിശേഷാധികാരങ്ങളുമുണ്ട്. എനിക്കില്ല! മാത്രമല്ല, അതിനെക്കുറിച്ച് പറയാൻ വേണ്ടത്ര തെളിവുകളും എന്റെ പക്കലില്ല.
രാഹുൽ ഗാന്ധി പറഞ്ഞതിനെക്കുറിച്ചാണെങ്കിൽ ആളുകൾ അത് പല രീതിയിൽ വിശദീകരിക്കുന്നുണ്ട്. എന്നോട് ചോദിക്കുകയാണെങ്കിൽ, അദാനി ഗ്രൂപ്പിന്റെ ഘടന വളരെ ദുർഗ്രഹമാണ്. വ്യോം ട്രേഡ് ലിങ്ക്സ് (Vyom Tradelinks) എന്ന ഒരു കമ്പനി ഉണ്ട്. 2010ൽ ആന്ധ്രപ്രദേശ് പവർ ജനറേഷൻ കോർപറേഷന് കൽക്കരി ഇറക്കുമതി ചെയ്തതിൽ ടെൻഡറിൽ കൃത്രിമം കാണിച്ചതു സംബന്ധിച്ച് അദാനി ഗ്രൂപ്പിനെതിരെ 2020ൽ സിബിഐ കേസെടുത്തു. എൻസിസിഎഫ് എന്ന പൊതുമേഖലാ സ്ഥാപനത്തിലെ ഗവൺമെന്റ് ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൃത്രിമം നടന്നത്. ഇതിൽ അദാനി എന്റർപ്രൈസിനു പകരം വ്യോം ട്രേഡ് ലിങ്ക്സിന്റെ പേരാണ് വെച്ചിരിക്കുന്നത്. ഈ കേസിലെ അന്വേഷണം ഇതുവരെ ഒരിടത്തുമെത്താത്തത് എന്തുകൊണ്ടാണ് എന്നറിയില്ല. ഞങ്ങൾ ഈ കേസ് അന്വേഷിക്കുകയുണ്ടായി. അതിൽ നിന്നും ഞങ്ങൾക്ക് മനസ്സിലായത് ഈ കമ്പനി പണ്ട് അദാനിയുടെ ഉടമസ്ഥതയിൽ ഉണ്ടായിരുന്നതാണ്. ടെൻഡർ വിളിച്ചയുടനെ ചൈനീസ് പൗരനായ ചാങ് ചുങ് ലീ (ലിം കോ ചാങ്) യുടെ പേരിൽ മൗറീഷ്യസിൽ രജിസ്റ്റർ ചെയ്ത മറ്റൊരു കമ്പനി (വിനോദ് അദാനിയും ഈ കമ്പനിയുടെ ഡയറക്ടറ്‍മാരിൽ ഒരാളാണ്) ഈ കമ്പനിയെ ഏറ്റെടുത്തു. ഇവ പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതെല്ലാം പൊതുജനങ്ങളുടെ മുന്നിലുണ്ട്. ഞങ്ങൾ ഇത് അന്വേഷിക്കാൻ ഒരാഴ്ചയാണ് എടുത്തത്. സിബിഐ മൂന്നു വർഷമായി അന്വേഷിക്കുകയാണ്!
മൗറീഷ്യസ് പോലെയുള്ള ടാക്സ് ഹെവൻ രാജ്യങ്ങളിൽ ലിസ്റ്റ് ചെയ്തിട്ടുള്ള അദാനിയുടെ പ്രമോട്ടർ കമ്പനികളെ എടുത്തുനോക്കുകയാണെങ്കിൽ അവ വെറും കടലാസുകമ്പനികളാണ് എന്ന് കാണാൻ കഴിയും. ഇവയുടെ വെബ്സെറ്റുകൾ പരിശോധിച്ചാൽ നമുക്ക് ഒന്നും ലഭിക്കില്ല.(ഉദാഹരണം ആഫ്രോ ഏഷ്യ ട്രേഡ് ആൻഡ് ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ്, ഗാർഡീനിയ ഇൻവസ്റ്റ്മെന്റ് ലിമിറ്റഡ്…) ഈ കമ്പനികൾ നേരിട്ടുള്ള വിദേശനിക്ഷേപം വഴി (എഫ്. ഡി. ഐ) ഇന്ത്യയിലെ അദാനി കമ്പനികളിൽ പണം നിക്ഷേപിക്കുന്നു. 2016-17 മുതൽ 2020-21 വരെ 3.4 ബില്യൺ ഡോളറാണ് ഇത്തരത്തിൽ എഫ്. ഡി. ഐ വഴി വിദേശത്തെ അദാനി കമ്പനികൾ ഇന്ത്യയിലെ അദാനി കമ്പനികളിലേക്ക് എത്തിച്ചിരിക്കുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: ഈ കമ്പനികൾ ഏത് രാജ്യങ്ങളിലാണ്?
രവി നായർ: സിംഗപ്പൂർ, മൗറീഷ്യസ്, ദുബായ്, യുഎഇ, സൈപ്രസ്… അങ്ങനെ അനേകം ടാക്സ് ഹെവൻ രാജ്യങ്ങളാണ് ഇവയുടെ താവളം. ദുബായിയിൽ ആർവിജി എക്സിം ഡിഎംസിസി എന്നൊരു കമ്പനിയുണ്ട്. അദാനി കമ്പനിയിൽ നിക്ഷേപം ഉള്ള ഈ കമ്പനിയുടെ വെബ്സൈറ്റ് എന്തോ ഭാഗ്യത്തിന് എനിക്ക് കണ്ടുപിടിക്കാൻ സാധിച്ചു. തമാശ എന്തെന്നാൽ അത് ഒരു ഒറ്റ പേജ് വെബ്സൈറ്റായിരുന്നു. അതിൽ യാതൊരു വിവരങ്ങളുമുണ്ടായിരുന്നില്ല. ഇന്ത്യയിൽ ഈ കമ്പനികൾ ഇത്രയും വലിയ നിക്ഷേപം നടത്തുമ്പോൾ അവയുടെ പണത്തിന്റെ സ്രോതസ്സ് എന്താണ് എന്ന് ഗവൺമെന്റ് അന്വേഷിക്കണം. ഏതെങ്കിലും തീവ്രവാദസംഘടനകളോ, മയക്കുമരുന്നുകടത്തു സംഘങ്ങളോ ആണോ ഇവയ്ക്ക് പുറകിലുള്ളത്, അവ ഇന്ത്യയിലേക്ക് പണം എത്തിക്കുന്നതാണോ എന്ന് ഗവൺമെന്റ് അന്വേഷിക്കേണ്ടതല്ലേ? എന്തുകൊണ്ടാണ് അന്വേഷിക്കാത്തത്?
വെങ്കിടേഷ് രാമകൃഷ്ണൻ: രാഹുൽ ഗാന്ധി പറഞ്ഞ ഇരുപതിനായിരം കോടിയുടെ കണക്കിലേക്ക് മടങ്ങിവരികയാണെങ്കിൽ…
രവി നായർ: അതിനെക്കുറിച്ചാണ് ഞാൻ പറഞ്ഞത്. 3.4 ബില്യൺ ഡോളർ ഇന്നത്തെ വിനിമയ നിരക്ക് പ്രകാരം ഏകദേശം 22000 കോടി രൂപ വരും. രാഹുൽ ഗാന്ധി ഇതിനെക്കുറിച്ചാണ് പറഞ്ഞത് എന്ന് ഞാൻ വിചാരിക്കുന്നു.
വെങ്കിടേഷ് രാമകൃഷ്ണൻ: ഞാനിതിന്റെ രാഷ്ട്രീയത്തിലേക്ക് വീണ്ടും തിരിച്ചുവരികയാണ്. 1990 കളിൽ നരസിംഹ റാവു ഗവൺമെന്റിൽ സംഭവിച്ചതുപോലെ ആരോപണങ്ങൾ ഉയർത്തിക്കൊണ്ടുവരുന്നവരെ ജയിലിലടക്കുന്ന ഒരു ഗെയിം പ്ലാനിന്റെ സാധ്യത ഇവിടെ കാണുന്നുണ്ടോ?
രവി നായർ: അതാണല്ലോ ഇവിടെ സംഭവിക്കുന്നത്. ബി.ജെ.പി. ക്കോ, അതിലെ അംഗങ്ങൾക്കോ, ഗവൺമെന്റിനോ എതിരെ എന്തെങ്കിലും ആരോപണങ്ങൾ ഉയർന്നുവന്നാൽ, സംസ്ഥാന തലങ്ങളിലായാൽ പോലും ഒരു വിധത്തിലുള്ള അന്വേഷണവും നടക്കാറില്ല. കർണ്ണാടകയിലെ കോൺട്രാക്ടേഴ്സ് അസോസിയേഷൻ കോൺട്രാക്ട് നൽകുന്നതിനും ബില്ലുകൾ ക്ലിയർ ചെയ്യുന്നതിനുമായി നാല്പതു ശതമാനം കമ്മീഷൻ ജനപ്രതിനിധികൾ ആവശ്യപ്പെട്ടതായി ആരോപിച്ചിരുന്നു. അവർ പ്രധാനമന്തിക്ക് ഇതുസംബന്ധിച്ച് കത്തയയ്ക്കുകയും ചെയ്തു. എന്നാൽ ഒരു നടപടിയും ഉണ്ടായില്ല.
വെങ്കിടേഷ് രാമകൃഷ്ണൻ: അടുത്തയിടക്ക് കർണ്ണാടകയിലെ മറ്റൊരു എംഎൽഎ യുടെ വീട്ടിൽ നിന്നും എട്ടു കോടി രൂപ പിടിച്ചെടുക്കുകയുണ്ടായല്ലോ.
രവി നായർ: അതേ. എന്നിട്ടെന്തുണ്ടായി? ദിവസങ്ങൾക്കുള്ളിൽ അദ്ദേഹം ജാമ്യം നേടി പുറത്തുവന്നു. ഇന്ന് അതിനെക്കുറിച്ച് ആരാണ് പറയുന്നത്? അഴിമതിയാരോപണങ്ങൾ ബി.ജെ.പി.ക്കും അതിന്റെ നേതാക്കൾക്കും എതിരെയാകുമ്പോൾ ആരും ഒന്നും പറയില്ല.
വെങ്കിടേഷ് രാമകൃഷ്ണൻ: പ്രതിപക്ഷത്തെ നേതാക്കളെയെല്ലാം ഒന്നല്ലെങ്കിൽ മറ്റൊരു കുറ്റത്തിന് ജയിലിൽ അടയ്ക്കുന്ന സാഹചര്യമാണ് വരാൻ പോകുന്നത് എന്ന് താങ്കൾ കരുതുന്നുണ്ടോ?
രവി നായർ: മഹാരാഷ്ട്രയിൽ ഇത് നല്ല രീതിയിൽ നടന്നിട്ടുണ്ട്. കേസുകളും ദേശീയ അന്വേഷണ ഏജൻസികളുടെ അന്വേഷണവും നടക്കുന്നുണ്ട് എങ്കിലും മറ്റ് സംസ്ഥാനങ്ങളിൽ അത്ര പ്രശ്നം ഇതുവരെ ഉണ്ടായിട്ടില്ല. എതിർശബ്ദങ്ങളെ ഇല്ലായ്മ ചെയ്യുന്നതിനുള്ള ശ്രമമാണ് പൊതുവേ നടന്നുവരുന്നത്.
വെങ്കിടേഷ് രാമകൃഷ്ണൻ: യാഥാർത്ഥ്യങ്ങളിൽ നിന്നും വിദൂരമായ ആരോപണങ്ങളാണ് ഉന്നയിക്കപ്പെടുന്നതും. അനിൽ ദേശ്മുഖിനെതിരെ നൂറു കോടിയുടെ അഴിമതിയാണ് ഉന്നയിച്ചത്. എന്നാൽ എഫ്.ഐ.ആർ വന്നപ്പോൾ അത് ഒരു കോടിയായി ചുരുങ്ങി.
രവി നായർ: അതേ. ഇന്ത്യ ടുഡേ കോൺക്ലവിൽ അരുൺ പൂരി നടത്തിയ പ്രസംഗം താങ്കൾ ഓർക്കുന്നുണ്ടാവുമല്ലോ. അതിനെക്കുറിച്ചൊക്കെ എന്തുപറയാനാണ്!
വെങ്കിടേഷ് രാമകൃഷ്ണൻ: ‘പറക്കുന്ന നുണകളെ’ക്കുറിച്ച് (Flying Lies)… ബുക്ക് എങ്ങനെ സ്വീകരിക്കപ്പെടുന്നു?
രവി നായർ: ഞങ്ങൾ ഏകദേശം മൂവായിരം കോപ്പികൾ വിറ്റു.
വെങ്കിടേഷ് രാമകൃഷ്ണൻ: ആ ബുക്ക് ചെയ്യാനുള്ള പ്രേരണ എന്തായിരുന്നു?
രവി നായർ: ഞാനാദ്യമായാണ് പ്രതിരോധമേഖലയെക്കുറിച്ച് എഴുതുന്നത്. രാഷ്ട്രീയ സാമ്പത്തികശാസ്ത്രമായിരുന്നു എന്റെ മേഖല. ഒരു ദിവസം രാവിലെ ഞാൻ മുംബൈയിലേക്ക് പോവുകയായിരുന്നു. എകണോമിക് ടൈംസിന്റെ ഒരു കോപ്പി വിമാനത്താവളത്തിൽ നിന്നും മേടിച്ചു. അതിൽ റഫാലിനെക്കുറിച്ച് ഒരു ലേഖനം ഉണ്ടായിരുന്നു. എന്റെ സഹയാത്രികൻ ഇതുകണ്ട് ‘മോദിജി ഭംഗിയായി ചെയ്തു’ എന്ന് പ്രശംസിച്ചുകൊണ്ടിരുന്നു. അതു പറയുമ്പോളുള്ള അദ്ദേഹത്തിന്റെ മുഖം എന്റെ മനസ്സിൽ പതിഞ്ഞു. ഞാൻ അയാളുമായി സംസാരിക്കാൻ തീരുമാനിച്ചു. അയാൾ ഒരു വ്യവസായിയാണ്. പ്രതിരോധമേഖലയുമായി യാതൊരു ബന്ധവുമില്ല. ‘മോദിജി വലിയകാര്യമാണ് ചെയ്തത് എന്ന് താങ്കൾക്ക് എങ്ങനെയറിയാം’ എന്ന് ഞാൻ അയാളോടു ചോദിച്ചു. ‘ഇത്രയും വർഷങ്ങളായിട്ട് കോൺഗ്രസ് ഗവൺമെന്റിന് ചെയ്യാൻ കഴിയാത്തത് മോദിജി ഒരു ദിവസം കൊണ്ടു ചെയ്തു’ എന്നാണ് അയാൾ മറുപടി പറഞ്ഞത്. ആ ഉത്തരമാണ് എന്നെ ഈ അന്വേഷണത്തിലേക്ക് നയിച്ചത്.
വെങ്കിടേഷ് രാമകൃഷ്ണൻ: താങ്കളുടെ രാഷ്ട്രീയ സാമ്പത്തികശാസ്ത്ര റിപ്പോർട്ടുകളും അന്വേഷണാത്മകമായിരുന്നു എന്ന് ഞാനോർക്കുന്നു.
രവി നായർ: തീർച്ചയായും. പക്ഷെ റഫാലാണ് പ്രതിരോധ ആയുധങ്ങൾ വാങ്ങിക്കുന്നതിൽ രാഷ്ട്രീയം എങ്ങനെയാണ് പ്രവർത്തിക്കുന്നത് എന്ന് അന്വേഷിക്കാൻ എന്നെ പ്രേരിപ്പിച്ചത്.
വെങ്കിടേഷ് രാമകൃഷ്ണൻ: ഇത് വളരെ വിജ്‍ഞാനപ്രദമായ സംഭാഷണമായിരുന്നു. സാധാരണ പത്രപ്രവർത്തകരിൽ നിന്നും വ്യത്യസ്തമായി വാർത്തകളുടെ ആഴത്തിലേക്ക് ഇറങ്ങിച്ചെല്ലുകയും വിശകലനം ചെയ്യുകയും ചെയ്യുന്ന ആളാണ് താങ്കൾ. ഇത്തരത്തിലുള്ള വർത്തമാനങ്ങൾ ഇന്നത്തെ കാലത്ത് വളരെ അനിവാര്യമാണ്. ദി ഐഡം ഇനിയും നിങ്ങളെ തേടി എത്തും. വീണ്ടും കാണാം. നന്ദി.