പ്രശസ്ത മാദ്ധ്യമപ്രവർത്തകനായ രവീഷ് കുമാർ ഇന്ത്യയിലെ മാദ്ധ്യമങ്ങളെക്കുറിച്ചും ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ നാം നേരിടുന്ന വെല്ലുവിളികളെക്കുറിച്ചും സംസാരിക്കുന്നു.
ഒക്ടോബർ 28ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ “ഭരണഘടനാരാഷ്ട്രമെന്ന നിലയിൽ ഇന്ത്യ നേരിടുന്ന പ്രതിസന്ധികളും വെല്ലുവിളികളും” എന്ന വിഷയത്തിൽ സെമിനാർ നടന്നു. കവിയും സാഹിത്യ-സാംസ്കാരിക നിരൂപകനുമായ അശോക് ബാജ്പേയ്, അക്കാദമീഷ്യൻ ആകൃതി ഭാട്ടിയ, അഡ്വക്കേറ്റ് കബീർ ശ്രീവാസ്തവ, ചലച്ചിത്ര സംവിധായകൻ നിഥിൻ വൈദ്യ, പ്രൊഫസർ രാജ്കുമാർ ജെയ്ൻ, മാദ്ധ്യമപ്രവർത്തകൻ രവീഷ് കുമാർ എന്നിവർ പങ്കെടുത്തു. ഇവിടെ രവീഷ് കുമാർ ഹിന്ദിയിൽ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ വായിക്കാം.
ഞാൻ മാദ്ധ്യമങ്ങളിലൂടെ സംവദിക്കാൻ തുടങ്ങിയിട്ട് പത്തുവർഷത്തോളമായി. ഈ സമയത്ത് ഞാൻ അവയെ പുറത്തുനിന്നും അകത്തുനിന്നും നോക്കിക്കാണാൻ ശ്രമിച്ചു. മാത്രമല്ല, ഞാൻ പറയുന്നതിൽ എത്രത്തോളം സത്യമുണ്ട് എന്ന് എന്റെ തന്നെ വാക്കുകളെ സംശയത്തോടെ വീക്ഷിക്കാറുണ്ട്. എത്രത്തോളം അത് യാഥാർത്ഥ്യത്തോട് അടുത്തുനിൽക്കുന്നു? മാദ്ധ്യമങ്ങളുടെ അസ്തിത്വവും അവയ്ക്ക് സമൂഹത്തിൽ ഉള്ള വലിയ സ്ഥാനവും ഇപ്പോൾ അവരുടെ പേരിൽ മാത്രമാണ് ഉള്ളത്. പ്രവർത്തനങ്ങൾ ആകൃതിയില്ലാത്തതായി മാറിയിരിക്കുന്നു. അതുകൊണ്ട് ഇപ്പോൾ ഇല്ലാത്തത് എന്തൊക്കെയാണ് എന്നതിനെ പറ്റിയാണ് എനിക്ക് സംസാരിക്കേണ്ടി വരുന്നത്.
ആത്മാർത്ഥമായി ജോലിചെയ്യുന്ന, സത്യസന്ധമായ തെറ്റുകൾ വരുത്തുന്ന യഥാർത്ഥ മാദ്ധ്യമപ്രവർത്തകർ ഉണ്ടായിരുന്നെങ്കിൽ നമുക്ക് അവരെ വിശകലനം ചെയ്യാമായിരുന്നു. ക്രിക്കറ്റ് കളിക്കാതെ നിങ്ങളെ ക്രിക്കറ്റ് കളിക്കുന്ന ആൾ എന്ന് വിശേഷിപ്പിക്കുക സാധ്യമാണോ? അത് സംഭവിക്കില്ല. പക്ഷെ മാദ്ധ്യമപ്രവർത്തനം നടത്താതെ നിങ്ങൾക്ക് വാർത്താ അവതാരകരാവാൻ സാധിക്കും. മാദ്ധ്യമം എന്ന് പറയുമ്പോൾ ഗവൺമെന്റും കോർപ്പറേറ്റുകളും കോടികൾ പരസ്യം നൽകുന്ന മുഖ്യധാരാമാദ്ധ്യമങ്ങളെക്കുറിച്ചാണ് ഞാൻ പറയുന്നത്. മാദ്ധ്യമങ്ങൾ ജനാധിപത്യത്തിന്റെ പ്രധാനപ്പെട്ട വാഹകരായാണ് കണക്കാക്കുന്നത്. ഇന്ന് അതേ മാദ്ധ്യമങ്ങൾ ജനാധിപത്യത്തിന്റെ ഘാതകരാണ്. ജനാധിപത്യത്തെ, ഭരണഘടനാമൂല്യങ്ങളെ, മിച്ചമുള്ള അല്പമായ ജനാധിപത്യത്തെയെങ്കിലും രക്ഷിക്കുക എന്നതാണ് ഇന്നത്തെ പ്രശ്നമെങ്കിൽ, അതിന് ആദ്യം ജനാധിപത്യത്തെ മാദ്ധ്യമങ്ങളിൽ നിന്ന് സംരക്ഷിക്കുകയാണ് വേണ്ടത്. 2014ന് ശേഷമുളള പത്തുവർഷത്തെ പ്രധാനമന്ത്രി മാറ്റത്തിന്റെ യുഗമെന്നാണ് വിശേഷിപ്പിച്ചത്. ഈ യുഗപരിവർത്തനം മാദ്ധ്യമ രംഗത്ത് എങ്ങനെയാണ് പ്രതിഫലിച്ചത്. ഒന്ന് നോക്കാം.
എന്റെ ജോലിയിൽ ഇപ്പോൾ ഇല്ലാത്തത് സ്വപ്നങ്ങളാണ്. മുഖ്യധാരാമാദ്ധ്യമങ്ങളിൽ ജോലിചെയ്യുന്നവർക്ക് അവരുടെ പ്രവർത്തനമേഖലയെക്കുറിച്ചുള്ള സ്വപ്നങ്ങൾ നഷ്ടപ്പെട്ടിരിക്കുന്നു. സ്വപ്നങ്ങൾ ഇല്ലാതാവുമ്പോൾ താത്പര്യവും അതിനോടൊപ്പം ഇല്ലാതാകുന്നു. ഭരണഘടനാ മൂല്യങ്ങളും ജനാധിപത്യമൂല്യങ്ങളുമില്ലാതെ മാദ്ധ്യമമൂല്യങ്ങൾക്ക് നിലനിൽക്കാനാവില്ല. നല്ല മാദ്ധ്യമപ്രവർത്തകനാവാനുള്ള സ്വപ്നങ്ങളും മത്സരങ്ങളും മുഖ്യധാരാമാദ്ധ്യമങ്ങളിൽ അസ്തമിച്ചിരിക്കുന്നു. സമയാസമയങ്ങളിലോ, അല്ലാതെയോ, ശീലംകൊണ്ടോ കാര്യങ്ങൾ തുറന്നുപറയുന്നത് ഇന്ന് ആടിന്റ കരച്ചിലായി മാറി.
മുഖ്യധാരാമാദ്ധ്യമമെന്നത് ഒരു വലിയ മേഖലയാണ്. ആയിരക്കണക്കിനാളുകൾ ഇവിടെ ജോലിചെയ്യുന്നു. അത്രയും തന്നെ ആളുകൾ ജോലിക്കുവേണ്ടി മാദ്ധ്യമപ്രവർത്തനം പഠിക്കുന്നു. എല്ലാം കൂടെക്കൂട്ടിയാൽ അത് തരക്കേടില്ലാത്ത ഒരു സംഖ്യയുണ്ട്. ബാറ്റിങോ ബൗളിങോ ചെയ്യുന്ന ഒരാൾ തങ്ങളുടെ പ്രകടനത്തെക്കുറിച്ച് സ്വപ്നം കാണുന്നതുപോലെ ഇവരിലാർക്കും മാദ്ധ്യമപ്രവർത്തനത്തെക്കുറിച്ച് സ്വപ്നങ്ങൾ ഒന്നുമില്ല. അവരുടെ ചിന്തകൾക്ക് തീപിടിക്കുന്നില്ല. ചിലപ്പോൾ എന്റെ കാഴ്ചയുടെ പ്രശ്നമാകാം. മാദ്ധ്യമപ്രവർത്തനത്തിൽ ഇനി ഒന്നും അവശേഷിക്കുന്നില്ല എന്നിരിക്കെ ഇത്രയധികം കുട്ടികൾ യൂണിവേഴ്സിറ്റികളിൽ മാദ്ധ്യമപ്രവർത്തനം പഠിക്കാൻ പോകുന്നത് എന്തിനാണ് എന്ന് ഞാൻ പലപ്പോഴും ചിന്തിക്കാറുണ്ട്. ആ പ്രവർത്തനമേഖല തന്നെ അസ്തമിച്ച സ്ഥിതിക്ക് സിലബസിൽ ഇത് പഠിച്ചിട്ട് എന്തിനാണ്!
ഞങ്ങളുടെ കാലത്ത് കുറച്ചെങ്കിലും കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾക്ക് അവസരം ഉണ്ടായിരുന്നു. എന്നാൽ ഇന്നത്തെ ആളുകൾക്ക് അവർ ജോലിക്ക് ശേഷം വീട്ടിൽ പോകുമ്പോൾ, അല്ലെങ്കിൽ ജോലി ചെയ്യാൻ ഓഫീസിലേക്ക് വരുമ്പോൾ എന്താണ് സംസാരിക്കാനുള്ളത്? ജനങ്ങളെക്കുറിച്ച്, സമൂഹത്തെക്കുറിച്ച് ഉള്ള എന്തുതരം വാർത്തയുമായാണ് റിപ്പോർട്ടർ എഡിറ്ററുടെ മുന്നിലേക്ക്, എഡിറ്റർ വായനക്കാരുടെ മുന്നിലേക്ക് ഓടുന്നത്. പണ്ടുകാലത്ത് ഞങ്ങൾ ഇത്തരം ആവേശം അനുഭവിച്ചിട്ടുണ്ട്.
ഞങ്ങൾ ഈ മേഖലയിലേക്ക് കടന്നുവന്നപ്പോൾ മറ്റു ചാനലുകളിലെ മാദ്ധ്യമപ്രവർത്തകരുമായി ഞങ്ങളുടെ വാർത്തയെക്കുറിച്ച് ഔത്സുക്യത്തോടെ സംസാരിക്കുമായിരുന്നു. അവർ ചിലപ്പോൾ വാർത്ത വേറെ ചില ദിശകളിൽക്കൂടി സമീപിക്കാമായിരുന്നു എന്നോ, ഞങ്ങളുടെ വാർത്തകൾ കൂടുതൽ കൃത്യമാണ് എന്നോ, ഞങ്ങൾ ചെയ്തതിന്റെ ഉറവിടം വ്യാജമാണെന്നോ പറയാറുണ്ട്. ക്യാമറാമാൻ നല്ലതായതുകൊണ്ട് നിങ്ങളുടെ ഷോട്ടുകൾ നന്നായി എന്ന് പറയുന്നവർ ഉണ്ട്. ഇങ്ങനെയുള്ള സംസാരങ്ങൾ സ്വാഭാവികമായിരുന്നു. ക്യാമറാമാനോട് ചോദിക്കുമ്പോൾ ശബ്ദത്തിന്റെ ഗുണനിലവാരം കുറവായിരുന്നു എന്ന് അദ്ദേഹവും പറയുമായിരുന്നു. എന്തെങ്കിലും ചെയ്യുന്നതിന്റെ സന്തോഷം ഞങ്ങൾക്കിടയിലുണ്ടായിരുന്നു. ഇത് ഞങ്ങൾക്ക് ഒരു ശീലമായിരുന്നു. ഇന്ന് മാദ്ധ്യമങ്ങളും മാദ്ധ്യമപ്രവർത്തകരും മാദ്ധ്യമസ്ഥാപനങ്ങളുടെ ഉടമകളും എല്ലാം ചേർന്ന് ആ ആനന്ദം നശിപ്പിച്ചു.
സ്വപ്നങ്ങളോ മത്സരങ്ങളോ ഇല്ലാത്ത മാദ്ധ്യമലോകം മറ്റെന്തൊക്കെ പേരിട്ടുവിളിച്ചാലും ബിസിനസ്സല്ല. ഇന്ന് ‘ഗോദി’ മാദ്ധ്യമങ്ങളുടെ ചാനലുകളെ പോലും അവയിലെ വാർത്തകളുടെ അടിസ്ഥാനത്തിൽ തരംതിരിക്കാൻ നിങ്ങൾക്ക് കഴിയില്ല. മാദ്ധ്യമങ്ങൾക്കിടയിൽത്തന്നെ ഏറ്റവും മികച്ചതാവാൻ, അല്ലെങ്കിൽ മറ്റൊന്നിനെക്കാൾ മികച്ചതാവാൻ ഉള്ള മത്സരം അവസാനിച്ചിരിക്കുന്നു. പക്ഷെ, അവരുടെ ബിസിനസ്സ് നടന്നുകൊണ്ടേയിരിക്കുകയാണ്. പരസ്യവും കോർപ്പറേറ്റ് മൂലധനവും വെറുപ്പ് വിതയ്ക്കുകയും ജനാധിപത്യത്തെ വധിക്കുകയും ചെയ്യുന്ന ഈ വ്യവഹാരത്തിൽ എങ്ങനെ ചിലവഴിക്കാം എന്നതിനെക്കുറിച്ച് ദീർഘമായ ചർച്ചകൾ ഉണ്ടാവും.
നേരത്തെ വളരെ മോശമായ ഉള്ളടക്കത്തോടെയുള്ള കാര്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനെക്കുറിച്ച് ചോദ്യങ്ങൾ ഉണ്ടാകുമ്പോൾ മാദ്ധ്യമങ്ങൾ ഒഴിഞ്ഞുമാറുമായിരുന്നു. കാഴ്ചക്കാർക്ക് ഇഷ്ടപ്പെടുന്നതുകൊണ്ടാണ് എന്നോ, ടി.ആർ.പി റേറ്റിങിന് വേണ്ടി ആണെന്നോ എന്നൊക്കെ പറയുമായിരുന്നു. പക്ഷെ ഇന്ന് മുകേഷ് അംബാനിക്ക് അങ്ങനെയുള്ള സമ്മർദ്ദങ്ങളില്ല. അദ്ദേഹത്തിന് ധാരാളം പണമുണ്ട്. ടി.ആർ.പി യിലൂടെ എത്ര രൂപ ലഭിക്കും? പരാമവധി 20-25 കോടി. പണമാണ് പ്രധാനമെങ്കിൽ, ഏറ്റവും മികച്ച ചാനൽ മുകേഷ് അംബാനിയുടെ ചാനലാകുമായിരുന്നു. പക്ഷെ അവരുടെ തന്നെ അവതാരകർ പറയുന്നത് പണം കൊണ്ട് മാത്രം നല്ല ചാനൽ ഉണ്ടാവുന്നില്ല എന്നാണ്. അതുകൊണ്ട്, ഈ ഒഴിവുകഴിവുകളുടെ കാലം കഴിഞ്ഞു.
ജനാധിപത്യത്തിനോ ജനാധിപത്യ സംവാദങ്ങൾക്കോ ബഹുമാനം കിട്ടുന്നില്ല എന്നതാണ് ഇന്ന് നമ്മൾ കാണുന്നത്. ജനാധിപത്യം സുരക്ഷിതമാണ് എന്ന് ഉറപ്പുനൽകാനാവാത്ത ഒരു വാർത്താസംസ്കാരം. 2014ന് മുന്നേ മാദ്ധ്യമങ്ങളുടെ പൗരധർമ്മത്തെക്കുറിച്ച് വാചാലമായ അതേ മാദ്ധ്യമങ്ങളാണ് ഇത്. ഒരു സമയത്ത്, പൊതുസമൂഹത്തിൽ മാദ്ധ്യമങ്ങൾക്ക് ഒരു ഉത്തരവാദിത്വമുണ്ട് എന്ന ചിന്ത ഉൾക്കൊണ്ട കുറെ കാര്യങ്ങൾ സംഭവിച്ചു. ഉത്തരവാദിത്വപ്പെട്ട പ്രതികരണങ്ങൾ ആവശ്യമായ സമയത്ത് അവ ഏറ്റെടുക്കുന്ന ഒരുപാട് മാദ്ധ്യമപ്രവർത്തകരുമുണ്ടായിരുന്നു. ആ ബോധ്യങ്ങളുടെ തുടർച്ചയായാണ് ചാനലുകൾ പൊതു പ്രസ്ഥാനങ്ങൾക്ക് ഇടയിലേക്കും അവയുടെ ബഹളങ്ങൾക്കിടയിലേക്കും ഇറങ്ങിയത്. പൊതുജന പ്രസ്ഥാനങ്ങളുടെ വേദികൾക്കിടയിൽ സ്റ്റുഡിയോകൾ നിർമ്മിക്കാനും ലൈവ് റെക്കോഡിങ് നടത്താനും തുടങ്ങിയത്. അതായത്, പൊതുജനങ്ങൾക്കിടയിൽ നിന്നുകൊണ്ട് അവിടെ കസേരയിട്ട് ഇടമുണ്ടാക്കി. ആത്യന്തികമായി ഒരു മാദ്ധ്യമപ്രവർത്തകൻ തന്റെ പ്രവർത്തനങ്ങൾക്കുള്ള ഊർജ്ജം കണ്ടെത്തുന്നത് പൊതുജനങ്ങളിൽ നിന്നാണ്.
പക്ഷെ 2014ന് ശേഷം മാദ്ധ്യമങ്ങൾക്ക് അവരുടെ ശക്തി നഷ്ടപ്പെട്ടു. പൊതുജനങ്ങളിൽ നിന്നും ശക്തി സംഭരിക്കുന്നത് അവർ നിർത്തി. അവ ഗവൺമെന്റിൽ നിന്നും ശക്തി കണ്ടെത്താൻ തുടങ്ങി. ഗവൺമെന്റിനോട് ചോദ്യങ്ങൾ ചോദിക്കുന്നത് അവസാനിപ്പിക്കുകയും പൊതുജനങ്ങളോട് ചോദിച്ചുതുടങ്ങുകയും ചെയ്തു. സ്വതന്ത്ര എഴുത്തുകാരെ വഞ്ചകർ എന്നും രാജ്യദ്രോഹികൾ എന്നും പലപേരിൽ വിളിക്കാൻ തുടങ്ങി. ഒരു വിധത്തിൽ തെരഞ്ഞെടുപ്പ് സമയത്ത് നമ്മൾ കാണാറുള്ള മസിൽ ഗുണ്ടകളായി മാദ്ധ്യമങ്ങൾ മാറി. ഇവ വിവരങ്ങളുടെ ബാഹുബലിമാരാണ് (ശക്തരാണ്). ഇവരാണ് ലാത്തികളായി പ്രവർത്തിക്കുന്നത്. അവർ വിവരദാതാക്കളല്ല, വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്തുന്നത് തടയുന്നവരാണ്. അവർ പൊതുജനത്തെ ഭയപ്പെടുത്തുന്നു.
ഒളിമ്പിക് ജോതാക്കളായ സ്ത്രീകൾ പ്രതിഷേധിച്ചപ്പോൾ ഒരുപാട് ആളുകൾ അഭിമുഖം എടുക്കാൻ വന്നെങ്കിലും അത് ആരും പ്രസിദ്ധീകരിച്ചില്ല എന്ന് പറയുകയുണ്ടായി. കർഷകസമരത്തിലും സമാനമായ പരിപാടി നാം കണ്ടു. മാദ്ധ്യമങ്ങൾ അവരെ ഉടനടി തീവ്രവാദികൾ എന്നു വിളിച്ചു. ഇത് പണ്ട് ഉണ്ടായിട്ടില്ല. ഒരിക്കൽ അന്നദാതാക്കൾ എന്ന് വിളിച്ചിരുന്നവരെ വിശേഷിപ്പിക്കാനായി കുടിലമായ പുതിയ പ്രയോഗങ്ങൾ രൂപംകൊണ്ടു. അവർ ഒറ്റയടിക്ക് തീവ്രവാദികളായി മുദ്രകുത്തപ്പെട്ടു. മാദ്ധ്യമങ്ങൾ കർഷകരിൽ നിന്ന്, അഥവാ പൊതുജനങ്ങളിൽ നിന്ന് ശക്തി സംഭരിക്കേണ്ടതില്ല എന്ന് തീരുമാനിച്ചു. അവ ജനങ്ങൾക്കും പ്രതിപക്ഷത്തിനും എതിരായപ്പോൾ ഭരണഘടനാധിഷ്ഠിതമായി അവർ പ്രവർത്തിക്കണം എന്ന് പ്രതീക്ഷിക്കുന്നത് നമ്മുടെ സമയം കളയുന്ന പ്രവർത്തനം മാത്രമായി. ഞാൻ അതല്ല അവരിൽ നിന്നും പ്രതീക്ഷിക്കുന്നത്. ജനാധിപത്യത്തെ എതിർക്കുന്നതിന് മാദ്ധ്യമങ്ങൾക്ക് ജനങ്ങളെയും പ്രതിപക്ഷത്തെയും ഒഴിവാക്കിയേ പറ്റൂ. അതുകൊണ്ട് 2014 ഒരു വർഷമല്ല, മാറ്റങ്ങളുടെ പുതിയ യുഗത്തുടക്കമാണ്.
ഇതിനുശേഷം ഒരു കാര്യം കൂടി ആവശ്യമായി വന്നു: യഥാർത്ത വിവരത്തെ മറച്ചുവയ്ക്കുക അല്ലെങ്കിൽ മാറ്റി മറിക്കുക. ആ പ്രവർത്തനവും വളരെ എളുപ്പമായിരുന്നു. അതുകൊണ്ട് നിങ്ങൾ പത്രത്താളുകൾ മറിക്കുമ്പോൾ ഗവൺമെന്റിനകത്തുള്ള പല വിഷയങ്ങളെക്കുറിച്ചും അന്വേഷണാത്മക വാർത്തകൾ കാണാമെങ്കിലും ആരാണ് ആ വാർത്തകൾ കൊണ്ടുവന്നത് എന്ന് ഒരിക്കലും കാണാൻ കഴിയില്ല. പ്രത്യേകിച്ചും ഗോദി മാദ്ധ്യമങ്ങളിൽ. ഞാൻ അവയെക്കുറിച്ചാണ്, അവയെക്കുറിച്ച് മാത്രമാണ് പറയുന്നത്. കള്ളങ്ങളുടെ ഒരു കുത്തൊഴുക്ക് തന്നെ ഉണ്ടാകുമ്പോൾ, ആയുധമായി അവ ഉപയോഗിക്കപ്പെടുമ്പോൾ, മാദ്ധ്യമങ്ങൾ അവയെ എതിർക്കുന്നില്ല എന്നുമാത്രമല്ല, ചങ്ങാത്തം കൂടുകയും ചെയ്യുന്നു. പക്ഷെ ഈ കള്ളത്തോട് പൊരുതുന്നവരുമുണ്ട്. അവർ ആരാണ്? പുറത്തുനിന്നുള്ളവർ. ആൾട്ട് ന്യൂസിനെപ്പോലെയും ബൂം ലൈവിനെപ്പോലെയുമുള്ള സംഘടനകൾ. ഒരർത്ഥത്തിൽ ഈ യുദ്ധം അവർക്കായി പുറത്തുനിന്ന് കരാർ കൊടുത്തത് പോലെയുണ്ട്.
എന്തുകൊണ്ടാണ് അത് പുറംകരാർ കൊടുത്തത്? വ്യാജവാർത്തകളെ തടയാൻ മുഖ്യധാരാമാദ്ധ്യമങ്ങൾ ശ്രമിക്കാത്തതുകൊണ്ട്. എന്തുകൊണ്ടാണ് മുഖ്യധാരാമാദ്ധ്യമങ്ങൾ പിൻവലിയുന്നത്? കാരണം, വ്യാജ രാഷ്ട്രീയ വാർത്തകൾ ഗവൺമെന്റ് വാർത്തകളാണ് എന്നത് തന്നെ. രാഷ്ട്രീയമായ ആ വ്യാജവാർത്തയെ നിങ്ങൾ തടയുകയാണെങ്കിൽ, ഗോദി മാദ്ധ്യമങ്ങളുടെ എല്ലാം തലതൊട്ടപ്പനായ ഗവൺമെന്റ് നിങ്ങളെ ശ്രദ്ധിക്കുകയും ചെയ്യും. അതുകൊണ്ട് ആൾട്ട് ന്യൂസും ബൂം ലൈവും ഈ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായി. ഇപ്പോൾ കള്ളങ്ങൾ മാദ്ധ്യമങ്ങളാണോ ഗവൺമെന്റാണോ സൃഷ്ടിക്കുന്നത് എന്ന് വേർതിരിച്ചറിയാൻ സാധിക്കാതെയായി. പക്ഷെ നിങ്ങൾ മുഹമ്മദ് സുബൈറിന്റ (ആൾട്ട് ന്യൂസ് സഹ സ്ഥാപകൻ) ടൈംലൈനിൽ കൂടി കടന്നുപോയാൽ, നിങ്ങൾക്ക് അസാധ്യമായ പ്രവർത്തനങ്ങൾ കാണാൻ കഴിയും. ഈ ചെറുപ്പക്കാരൻ ഇന്ത്യയിലെ വ്യാജവാർത്തകളെക്കുറിച്ച് പറയുക മാത്രമല്ല ചെയ്യുന്നത്. ഇസ്രായേലിന്റെ ആഖ്യാനങ്ങൾക്ക് അനുകൂലമായി ഇവ എങ്ങനെയാണ് ഉപയോഗിക്കുന്നത് എന്ന് തുറന്നുകാണിക്കുകയും ചെയ്യുന്നു. വ്യാജവാർത്തകൾ എങ്ങനെയാണ് ഉപയോഗിക്കപ്പെടുന്നത് എന്ന് അദ്ദേഹം തുറന്നുകാണിക്കുന്നത് അത്ഭുതാവഹമാണ്. എനിക്ക് ഇത്ര പണം ആവശ്യമാണെന്ന് എല്ലാ മുപ്പതാം തീയതിയും ട്വിറ്ററിൽ പ്രഖ്യാപിക്കുന്ന ഒരാൾ. ഒരു ലക്ഷമേ ഇതുവരെ വന്നുള്ളു, കുറച്ചുകൂടി അയയക്കൂ എന്ന് ജനങ്ങളോട് തുറന്നു പറയുന്ന ഒരാളാണ് സുബൈർ. എ.എൻ.ഐ ഏജൻസിയുടെ വാർത്തകളെ എല്ലാദിവസവും എത്ര അടുത്തുനിന്നാണ് ഈ ചെറുപ്പക്കാരൻ നിരീക്ഷിക്കുന്നത്. പലപ്പോഴും വാർത്തതന്നെ ഡിലീറ്റ് ചെയ്യാൻ എ.എൻ.ഐയെ നിർബന്ധിക്കുന്ന തരം മാദ്ധ്യമ നിരീക്ഷണമാണ് സുബൈറിന്റേത്.
ഈ വ്യാജവാർത്തകൾ പ്രചരിപ്പിക്കുന്ന വാട്സപ്പ് യൂണിവേഴ്സിറ്റി ആരുടേതാണെന്ന് എല്ലാ പത്രസ്ഥാപനങ്ങളുടെയും എല്ലാ ചാനലുകളുടെയും മുതലാളിമാർക്കറിയാം. അതിൽ ഇടപെടാതിരിക്കുക എന്നതാണ് അവരുടെ നയം. പക്ഷെ സാധ്യമെങ്കിൽ തങ്ങളുടെ അന്തിചർച്ചയ്ക്കുള്ള വിഷയങ്ങൾ അതിൽ നിന്നും തെരഞ്ഞെടുക്കുക എന്നതും അവർ ചെയ്യുന്നു. ഇന്ന് ഒരു മാദ്ധ്യമത്തിന് മാദ്ധ്യമങ്ങൾ തന്നെ ഉത്പാദിപ്പിക്കുന്ന കള്ളങ്ങളോട് പടവെട്ടേണ്ടിയിരിക്കുന്നു. നിങ്ങൾ സ്വന്തമായി നിൽക്കാൻ പ്രാപ്തരാകണം. അതുകൊണ്ടാണ് ഇന്ത്യയിൽ നിലനിക്കുന്നില്ലാത്ത മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് എത്ര ദുഷ്കരമാണെന്ന് ഞാൻ പറഞ്ഞത്. ഗോദി മാദ്ധ്യമങ്ങൾ ആദ്യം കൊന്നത് അവരുടെയുള്ളിലെ മാദ്ധ്യമപ്രവർത്തനത്തെയാണ്. അവർക്ക് അവരുടെ കഴിവുകളെയും വികാരങ്ങളെയും തല്ലിക്കെടുത്തിക്കൊണ്ടുമാത്രമേ മുന്നോട്ട്പോകാൻ കഴിയൂ. ഇന്നവർ ഒരുപാട് ദൂരം സഞ്ചരിച്ചുകഴിഞ്ഞു.
മാദ്ധ്യമപ്രവർത്തനം പഠിക്കുമ്പോൾ എന്തൊക്കെ മറന്നാലും 5 Wകൾ ഒരിക്കലും മറക്കരുതെന്നാണ് പഠിച്ചിട്ടുള്ളത്. ആര്, എന്ത്, എപ്പോൾ, എങ്ങനെ, എന്തിന് (Who, What, When, Where, Why). ഇപ്പോൾ ഒരു W മാത്രമേ അവശേഷിക്കുന്നുള്ളു. എന്ത് (What). അതിന്റെ താഴെയാണ് ഗോദി മാദ്ധ്യമങ്ങൾ സത്യമെന്ന വ്യാജേന അവരുടെ കള്ളങ്ങൾ എഴുതിപ്പിടിപ്പിക്കുന്നത്. അവർ തങ്ങളെ സ്വയം വിവരമില്ലാത്തതാക്കി മാറ്റി. ജനാധിപത്യം ജനങ്ങളെയും പ്രതിപക്ഷത്തെയും ഒഴിവാക്കുന്നതായി. ഇപ്പോൾ ജനങ്ങളും പ്രതിപക്ഷവും മാദ്ധ്യമങ്ങളുടെ തിരശ്ശീലയ്ക്ക് പിറകിലാണ്. വാർത്തയ്ക്ക് ഇന്ന് ഒരു മുഖമേയുള്ളു. അത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടേതാണ്. അദ്ദേഹത്തിന്റെ മുഖം കാണിക്കുന്നതിനപ്പുറം അവയിൽ മറ്റൊരു വിവരവുമില്ല. ഇത് ഒരു പ്രത്യേകതരം വിവരവിനിമയമാണ്. വിവരങ്ങൾ ഇല്ലാതാവുന്നത് ജനങ്ങൾ അറിയാതെയുള്ള വിവരവിനിമയം! ഈ പത്തുവർഷത്തിനിടയിൽ പ്രധാനമന്ത്രിയുടെ ജനകീയത പല സംസ്ഥാനങ്ങളിലും ഏറുകയും കുറയുകയും ചെയ്തു. പക്ഷെ ഗോദി മാദ്ധ്യമങ്ങൾ എന്നും അദ്ദേഹത്തോട് വിശ്വസ്തത പുലർത്തി. അദ്ദേഹമാണ് അവരുടെ എഡിറ്റർ; അവരുടെ വാർത്ത; അവരുടെ ചിന്ത; അവരുടെ പ്രചാരണം. ഈ മാദ്ധ്യമങ്ങളിൽ നിങ്ങൾക്ക് മോദിയുടെയും ബിജെപി യുടെയും, ആർഎസ്എസിന്റെയും, ബജ്രംഗദളിന്റെയും ഗുണവിശേഷങ്ങൾ കാണുവാൻ സാധിക്കും. എന്നാൽ പ്രതിപക്ഷം വരുമ്പോൾ അവരെ ദുർബ്ബലം എന്ന് വിളിക്കുകയും പരിഹസിക്കുകയും ചെയ്യുന്നു. പ്രതിപക്ഷത്തിന്റ ചോദ്യങ്ങൾക്ക് അവർ ഉത്തരം നൽകുന്നില്ല. അവർ അദാനിയെക്കുറിച്ചോ ഫുൽവാമയെക്കുറിച്ചോ ചോദ്യങ്ങൾ ഉന്നയിക്കുന്നില്ല. പ്രതിപക്ഷത്തിന്റെ പ്രവർത്തനങ്ങളെയും പ്രതിപക്ഷത്തെത്തന്നെയും വെളിച്ചത്ത് കൊണ്ടുവരാതിരിക്കാനാണ് അവർ ശ്രമിക്കുന്നത്. അവർക്ക് ലഭിക്കുന്ന പിന്തുണ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. അമ്പതുവയസ്സോ അതിൽ താഴയോ ഉള്ള യുവനേതാക്കളാണ് രാഹുൽ ഗാന്ധിയും ആദിത്യ താക്കൂറും തേജസ്വി യാദവും. അവരെ ഗോദി മാദ്ധ്യമങ്ങൾ കോമാളികളായാണ് അവതരിപ്പിക്കുന്നത്. അഴിമതിക്കാരായി ചിത്രീകരിക്കുന്നു. യുവനേതാക്കന്മാരെക്കുറിച്ച് ചർച്ചചെയ്യുന്ന ഒരു രാജ്യത്തിനുമുന്നിൽ ഈ യുവനേതാക്കളെ കാണിക്കുന്നില്ല. പകരം എഴുപതുവയസ്സായവരെയാണ് യുവാക്കളായി കാണിക്കുന്നത്. അവരുടെ ജോലി സമയം പരസ്യമാക്കാം, പക്ഷെ ചോദ്യം ചെയ്യില്ല. ബദലിൽ നിന്നുള്ള ഒരുതരം സ്വാതന്ത്ര്യം. ഗോദി മാദ്ധ്യമങ്ങൾ മോദിക്ക് വേണ്ടി പ്രതിജ്ഞയെടുത്തവരാണ്. അവർ മോദിയെ ആരാധിക്കുകയും അവരുടെ കാഴ്ചക്കാരെ ആരാധിക്കാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
ഒരു അവതാരകൻ ഒരിക്കൽ ചോദിച്ചു: പ്രധാനമന്ത്രിക്ക് നൂറു മണിക്കൂർ ജോലിചെയ്യാമെങ്കിൽ യുവാക്കൾക്ക് എഴുപതുമണിക്കൂർ എന്തുകൊണ്ട് ചെയ്തുകൂടാ? രാജ്യത്ത് തൊഴിലില്ലായ്മ രൂക്ഷമാണ്, കുറഞ്ഞ വേതനമുള്ള ജോലികളുണ്ട്. പക്ഷെ അവതാരകൻ ആവർത്തിച്ചുചോദിച്ചത് നിങ്ങൾ എഴുപതു മണിക്കൂർ എന്തുകൊണ്ട് ജോലിചെയ്യുന്നില്ല എന്നാണ്. എല്ലാവർക്കും ജോലിയുള്ളപ്പോൾ യുവാക്കൾ മാത്രമാണ് ജോലിചെയ്യാൻ വിമുഖത കാണിക്കുകയും വിട്ടുനിൽക്കുകയും ചെയ്യുന്നത് എന്നാണ് ഇതിന്റെ വിവക്ഷ. അവർ ഓഫീസിൽ പോകാതെ വീട്ടിൽ അവധിയെടുത്തിരിക്കുകയാണ്. 2019ൽ പക്കോട വറക്കുന്നതും വിൽക്കുന്നതും ഒരു ജോലിയാണ് എന്നാണ് ഈ യുവാക്കളോട് പറഞ്ഞിരുന്നത്. ഇപ്പോൾ അവർക്ക് എന്താണ് ചെയ്യേണ്ടത് എന്നുപോലും അറിയാത്തപ്പോൾ എഴുപതുമണിക്കൂർ ജോലിചെയ്യാനാണ് പറയുന്നത്. പട്ടാളത്തിൽ ജോലിക്ക് ചേരുമ്പോൾ ജീവിതകാലം മുഴുവൻ ആ ജോലി വേണം എന്നാണു യുവാക്കൾ ആഗ്രഹിക്കുന്നത്. പക്ഷെ നിങ്ങൾ നമ്മുടെ യുവാക്കളെ നാലുവർഷത്തെ അഗ്നിവീറുകളാക്കിമാറ്റി. അവതാരകൻ എന്തുകൊണ്ടാണ് സൈനികർക്ക് പൂർണ്ണമായ ജോലി ഉറപ്പുവരുത്തണം എന്ന് പറയാത്തത്? അങ്ങനെ പ്രാധാന്യമുള്ള ചോദ്യങ്ങൾക്ക് പകരം എന്ത് തരം ചോദ്യങ്ങളാണ് മാദ്ധ്യമങ്ങൾ സമൂഹത്തിനുമുന്നിൽ ഉയർത്തിക്കാണിക്കുന്നത്? ഉത്തരം ലളിതം. നമ്മുടെ മുഖ്യധാരാമാദ്ധ്യമങ്ങൾക്ക് സമൂഹത്തോട് സംസാരിക്കാൻ താത്പര്യമില്ല, മറിച്ച് അവരെ കുറ്റപ്പെടുത്തുകയാണ്. വളരെ ധാർഷ്ട്യത്തോടെ അവർ ജനങ്ങളെ ഭീഷണിപ്പെടുത്തിയോടിക്കാൻ ശ്രമിക്കുകയാണ്. ഏറ്റവും അതിശയിപ്പിക്കുന്നത്, വൈകുന്നേരങ്ങളിൽ ഇതെല്ലാം കാണുകയും രാവിലെ വായിക്കുകയും ചെയ്യുന്ന ജനങ്ങൾ എങ്ങനെയാണ് ഇവ സഹിക്കുന്നത് എന്നാണ്. അവർക്ക് ഗോദി മാദ്ധ്യമങ്ങൾ കാണാതിരിക്കാൻ ഒരു കാരണവുമില്ലേ? അതോ ജനാധിപത്യപരമായ മറ്റൊരു ബദൽ ഇന്ന് നിലനിൽക്കുന്നില്ലേ?
*****
ഈ ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ രണ്ടാം ഭാഗത്തിൽ വായിക്കുക.
പരിഭാഷ: സാമാജ കൃഷ്ണ | Click here to read in other languages.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here.