A Unique Multilingual Media Platform

The AIDEM

Articles Health Interviews

രാജ്യത്തു സാന്ത്വന പരിചരണം വെറും നാലു ശതമാനം രോഗികൾക്ക് മാത്രം

  • July 21, 2023
  • 1 min read
രാജ്യത്തു സാന്ത്വന പരിചരണം വെറും നാലു ശതമാനം രോഗികൾക്ക് മാത്രം

സാന്ത്വനപരിചരണം : ഡോ. എം ആർ രാജാഗോപാലുമായി ഡോ. എസ് എസ് ലാൽ നടത്തിയ അഭിമുഖത്തിന്റെ പൂർണ്ണരൂപം.


ഡോ. എസ് എസ് ലാൽ: നാം അടുത്തകാലത്തായി നിരന്തരമായി കേൾക്കുന്ന പദമാണ് സാന്ത്വനപരിചരണം (Palliative Care). ഇതിനെക്കുറിച്ച് ഏറ്റവും ആധികാരികമായി സംസാരിക്കാൻ കഴിവുള്ള വ്യക്തിത്വമാണ് ഡോ. എം.ആർ രാജഗോപാൽ. അദ്ദേഹം മെഡിക്കൽ കോളേജ് അദ്ധ്യാപകനായിരുന്നു. സാന്ത്വനപരിചരണരംഗത്ത് ശക്തമായ ഇടപെടലുകൾ നടത്തുന്നയാളാണ്. തന്റെ പ്രവർത്തനങ്ങൾക്ക് നോബൽ സമ്മാനത്തിന് വരെ അദ്ദേഹം പരിഗണിക്കപ്പെട്ടിരുന്നു. അദ്ദേഹത്തോട് നമുക്ക് കൂടുതൽ കാര്യങ്ങൾ ചോദിച്ചറിയാം.

സാന്ത്വനപരിചരണം വളരെയധികം തെറ്റിദ്ധരിക്കപ്പെട്ട ഒരു വിഷയമായി തോന്നിയിട്ടുണ്ട്. എന്റെ അനുഭവത്തിൽ തന്നെ ഒരു ഡോക്ടറുടെ പങ്കാളിക്ക് സാന്ത്വനപരിചരണം ആവശ്യമാണ് എന്ന് പറഞ്ഞപ്പോൾ ഡോക്ടർ ക്ഷോഭിച്ച സന്ദർഭമുണ്ട്. മെഡിക്കൽ സമൂഹത്തിൽ പോലും ഇതിനെക്കുറിച്ച് പൂർണ്ണമായ അറിവില്ല എന്നാണ് ഇത് കാണിക്കുന്നത്. മാത്രമല്ല, ഇതൊരു പുതിയ മേഖലയുമാണ്. അതുകൊണ്ട് എല്ലാവരുടെയും അറിവിലേക്കായി സാന്ത്വനപരിചരണം എന്താണ് എന്ന് ഒന്നു വിശദമാക്കാമോ ?

ഡോ. എം ആർ രാജാഗോപാൽ: താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. ഒരുപാട് തെറ്റിദ്ധാരണകൾ ഉള്ള ഒരു മേഖലയാണ് സാന്ത്വനപരിചരണം. ഇത് വിശദമാക്കാൻ ഒരു അവസരം ലഭിച്ചതിൽ സന്തോഷമുണ്ട്. ഒരുപക്ഷേ, മരണത്തോട് അടുക്കുന്ന ആളുകൾക്ക് മാത്രം നൽകേണ്ടതാണ് സാന്ത്വനപരിചരണം എന്ന തെറ്റിദ്ധാരണയാവാം ആ ഡോക്ടറെ കുപിതനാക്കിയത്. അതിനോടൊപ്പം മരണം എന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലും കഴിയാത്ത ആളുമാവാം. ഒരിക്കലും അങ്ങനെയല്ല, ഇത് ജീവിക്കുന്നവർക്കു വേണ്ടിയാണ്. നമ്മുടെ വ്യവസ്ഥാപിത (കഴിഞ്ഞ അര നൂറ്റാണ്ടിലെ) ആരോഗ്യരംഗം ശ്രദ്ധിക്കുന്നത് രോഗം കണ്ടുപിടിച്ച് ഭേദമാക്കുന്നതിനാണ്. രോഗം മാറ്റാൻ സാധിക്കാത്തതാണ് എങ്കിൽ ചികിത്സാശ്രമങ്ങളെ ഇനിയൊന്നും ചെയ്യാനില്ല എന്ന മട്ടിൽ പാടേ ഉപേക്ഷിക്കുകയും ചെയ്യുന്നു. ഇതിനിടയ്ക്ക് രോഗിയും കുടുംബവും അനുഭവിക്കുന്ന പ്രശ്നങ്ങൾ വളരെ വലുതാണ്. വേദന, ഉത്കണ്ഠ, ഡിപ്രഷൻ, സാമ്പത്തികമായ പ്രതിസന്ധികൾ… ഇതൊക്കെ എല്ലാവരുടെയും പ്രശ്നമാണ്. ഇവിടെ രോഗസംബന്ധമായ ദുരിതം മാറ്റുക എന്നതാണ് സാന്ത്വനപരിചരണം ചെയ്യുന്നത്. അതുകൊണ്ടുതന്നെ ഇത് രോഗചികിത്സയോടൊപ്പം വേണ്ട കാര്യമാണ്. 2014ൽ ലോകാരോഗ്യസഭ ഒരു പ്രമേയം പാസ്സാക്കി. ഇന്ത്യയും അതിൽ അംഗമാണ്. അതിൽ പറഞ്ഞിരിക്കുന്നത് രോഗത്തിന്റെ തുടക്കം മുതൽ, രോഗചികിത്സയോടൊപ്പം പോകേണ്ടതാണ് സാന്ത്വനപരിചരണം എന്നാണ്. ആരംഭകാലത്ത് എല്ലാവരും ഉപേക്ഷിക്കുന്നവരാണ് സാന്ത്വനപരിചരണത്തിന് എത്തിയിരുന്നത്. സാമ്പത്തികപരാധീനതയുള്ളവർ അപ്പോളും കുറച്ചുകൂടി നേരത്തെ ഇവിടെ എത്തിയിരുന്നു. സമ്പന്നർ മിക്കവാറും അവസാനത്തെ നാല്പത്തിയെട്ട് മണിക്കൂറിലാണ് എത്തുക. അത് ഒരു യാഥാർത്ഥ്യമാണ്. അങ്ങനെയല്ല വേണ്ടത്.

ഡോ. എസ് എസ് ലാൽ: സാറിന്റെ ഇടപെടലുകൾ പൊതുജനങ്ങൾക്കും മെഡിക്കൽ രംഗത്തുള്ളവർക്കും സാന്ത്വനപരിചരണത്തെക്കുറിച്ച് കൂടുതൽ അറിവുണ്ടാക്കാൻ ഉപകരിച്ചിട്ടുണ്ട്. അങ്ങ് എങ്ങനെയാണ് ഈ രംഗത്തേക്ക് വന്നത് ?

ഡോ. എം ആർ രാജാഗോപാൽ: താങ്കളുടെ പ്രശംസക്ക് നന്ദി. പക്ഷേ, ഇപ്പോൾ നിങ്ങൾ ചെയ്യുന്നതുപോലെ രോഗികളെ നോക്കുന്നതിന്റെ കൂടെ സാന്ത്വനപരിചരണത്തെക്കുറിച്ചുള്ള അവബോധവും കുറച്ചുകൂടി നന്നായി ചെയ്യാമായിരുന്നു. ഈ തെറ്റിദ്ധാരണ വരുന്നത് ഒഴിവാക്കാമായിരുന്നു എന്നു തോന്നുന്നു. തിരുവനന്തപുരത്ത് മുട്ടക്കാട് എന്ന ഗ്രാമത്തിലാണ് എന്റെ വീട്. ഞാൻ മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ വീടിന്റെ അടുത്തുള്ള ഒരു വ്യക്തി ക്യാൻസർ മൂലം നരകിക്കുന്നത് കണ്ടിട്ടുണ്ട്. ഒരു മെഡിക്കൽ വിദ്യാർത്ഥിയാകുമ്പോൾ മുതൽ നമുക്ക് ചുറ്റും കാണുന്നത് വേദനയും ദുരിതങ്ങളുമാണ്. ആദ്യകാലങ്ങളിൽ ആ ദുരിതങ്ങളെ അഭിമുഖീകരിക്കാൻ കൂട്ടാക്കാതെ തിരിഞ്ഞുനടക്കുന്നുണ്ട്. ഇപ്പോൾ തിരിഞ്ഞുനോക്കുമ്പോൾ എനിക്ക് തോന്നുന്നത് അതൊക്കെ ഒരു നിസ്സഹായത കൊണ്ടായിരുന്നു. കാരണം, അഭിമുഖീകരിച്ചാൽ, അതിനെ എങ്ങനെയാണ് നേരിടേണ്ടത് എന്നറിയില്ല!

ഡോ. എസ് എസ് ലാൽ: എന്റെ അനുഭത്തിൽ, എന്റെ അയൽവാസിയായ ഒരു സ്ത്രീ ക്യാൻസർ മൂലം എല്ലാ രാത്രിയും നിലവിളിച്ചിരുന്നത് ഓർക്കുകയാണ്. അതുപോലെ എന്റെ ഒരു അടുത്ത ബന്ധു ക്യാൻസർ ബാധിതനായി മെഡിക്കൽ കോളേജിൽ കിടന്നു നിലവിളിച്ചിരുന്നത് ഓർക്കുന്നു. അന്ന് ഞാനവിടെ വിദ്യാർത്ഥിയാണ്. രാത്രിയിൽ അദ്ദേഹം നിലവിളിക്കുന്നത് കോളേജ് മുഴുവൻ കേൾക്കാമായിരുന്നു. അന്ന് സാന്ത്വനപരിചരണം, വേദന എന്നിവയെക്കുറിച്ച് ആരോഗ്യരംഗത്ത് പോലും ധാരണയില്ലായിരുന്നു. ക്യാൻസർ രോഗ മേഖലയിൽ പിൽക്കാലത്ത് വലിയ പുരോഗതി ഉണ്ടായിട്ടുണ്ട്. ഈ പുരോഗതി വലിയ മാറ്റങ്ങൾക്ക് കാരണമായിട്ടുണ്ടോ?

ഡോ. എം ആർ രാജാഗോപാൽ: കണക്കുകൾ നോക്കിയാൽ നാലു ശതമാനം ആളുകൾക്ക് മാത്രമാണ് വേദനചികിത്സക്ക് സാഹചര്യമുള്ളത്. 96 ശതമാനത്തിനും അത് അപ്രാപ്യമാണ്. എങ്ങനെ കിട്ടാനാണ്! നാം അതൊന്നും പഠിച്ചിട്ടില്ലല്ലോ. ഞാൻ എം.ഡി വരെ പഠിച്ചിട്ടുണ്ട്. പക്ഷെ വേദനചികിത്സയെക്കുറിച്ച് ഒന്നും നമുക്ക് പഠിക്കാനുണ്ടായിരുന്നില്ല. കേൾക്കുന്നവർ വിശ്വസിക്കില്ല, 2019 മുതലാണ് വേദനയുടെ ചികിത്സ എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തിയത്.

ഡോ. എസ് എസ് ലാൽ: ഇത് ഒരു അതിശയമാണ്. ആരോഗ്യമേഖലയിൽ ആധുനികപഠനരീതികൾ ഉള്ളപ്പോൾ പോലും വേദനയോടുള്ള സമീപനത്തിൽ നമ്മൾ പിന്നിലാണ് എന്ന് തോന്നിയിട്ടുണ്ട്. പ്രത്യേകിച്ച് അമേരിക്കയിലും സ്വിറ്റ്സർലന്റിലും മറ്റും ജീവിച്ചപ്പോൾ. വേദന രോഗത്തിന്റെ ഭാഗമാണ്, സഹിക്കേണ്ടതാണ് എന്ന തോന്നലാണ് ഇവിടെ. എങ്ങനെയാണ് ഇതിനെ കാണുന്നത്?

ഡോ. എം ആർ രാജാഗോപാൽ: അതെ. നമ്മൾ എല്ലാം നമ്മുടെ ജീവിതത്തിലെ അനുഭവവുമായിട്ടാണല്ലോ വേദനയെ ബന്ധപ്പെടുത്തുന്നത്. ഭൂരിഭാഗം പേർക്കും അത് ഒരു എല്ലൊടിഞ്ഞ വേദനയോ, ശസ്ത്രക്രിയക്ക് ശേഷമുള്ള വേദനയോ, പ്രസവവേദനയോ ഒക്കെയാവാം. ഇതൊക്കെ ഞാൻ അനുഭവിച്ചതല്ലേ, അതിജീവിച്ചതല്ലേ, അതുകൊണ്ട് മറ്റുള്ളവർക്കും അത് സഹിക്കാൻ പറ്റുന്നതാണ്, സഹിക്കണം എന്ന നിലപാടെടുക്കും. എന്നാൽ, നാം മനസ്സിലാക്കേണ്ടത് നമ്മുടെ അനുഭവം പോലെയാവണം എന്നില്ല മറ്റൊരാളുടേത്. ക്യാൻസർ മാത്രം ആവണമെന്നില്ല. ആകെയുള്ള സാന്ത്വനപരിചരണ ആവശ്യങ്ങളിൽ 30 ശതമാനത്തിൽ താഴെ ആളുകൾ മാത്രമാണ് ക്യാൻസർ കൊണ്ടുള്ള ദുരിതം അനുഭവിക്കുന്നത്. ഉദാഹരണത്തിന് രക്തയോട്ടം കുറഞ്ഞതുകൊണ്ടുള്ള വേദന, ഞരമ്പുസംബന്ധമായ രോഗങ്ങൾ മൂലമുള്ള വേദന ഇവയൊക്കെ സങ്കൽപ്പിക്കാൻ കഴിയുന്നതിന് അപ്പുറമാണ്. ഇതൊക്കെ സഹിച്ചുകൂടേ എന്ന് ചോദിക്കാം, പക്ഷെ സഹിക്കാൻ കഴിയില്ല. സഹിക്കുന്ന ആളിന് ചിലപ്പോൾ മാസങ്ങളോ വർഷങ്ങളോ വരെ വേദനയിൽ ജീവിക്കേണ്ടി വരും. ഇതിനൊന്നും നമ്മൾ പ്രാധാന്യം കൊടുത്തിരുന്നില്ല. എനിക്ക് തോന്നുന്നു ചിലപ്പോൾ പരിഹാരം വളരെ ലളിതമായിരിക്കുന്നതുകൊണ്ടാവാം. ഒരുപക്ഷെ നല്ല ചിലവുള്ള ചികിത്സാരീതിയായിരുന്നെങ്കിൽ കൂടുതൽ ആളുകൾ ശ്രദ്ധിക്കുമായിരുന്നു. ഫാഷൻ കുറഞ്ഞതുകൊണ്ടാവാം പ്രാധാന്യവും കുറഞ്ഞുപോയത്.

ഡോ. എസ് എസ് ലാൽ: ഇന്ന് സാന്ത്വനപരിചരണം ഒരു പ്രത്യേകവിഭാഗമാണോ? എന്താണ് അതിന്റെ സ്ഥിതി?

ഡോ. എം ആർ രാജാഗോപാൽ: എം.ബി.ബി.എസ് പാഠ്യപദ്ധതിയിൽ വരുന്നതിന് ഏഴു വർഷം മുന്നേ പാലിയേറ്റീവ് മെഡിസിൻ ഒരു പ്രത്യേകവിഭാഗമായി മെഡിക്കൽ കൗൺസിൽ ഓഫ് ഇന്ത്യ അംഗീകരിച്ചു. പാലിയേറ്റീവ് മെഡിസിൻ എം.ഡി യും ഡി.എൻ.ബി യുമായി പത്തോളം കേന്ദ്രങ്ങളിൽ തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ ഒരിടത്തുണ്ട്. പക്ഷെ ഇപ്പോളും 30 സീറ്റ് മാത്രമാണ് ഉള്ളത്. 1.3 ബില്യൺ ജനങ്ങളുള്ള രാജ്യത്ത് 30 സീറ്റ് ഒന്നുമല്ല.

ഡോ. എസ് എസ് ലാൽ: ഈ മേഖലയെ കൂടുതൽ ജനകീയമാക്കാൻ ഗവൺമെന്റ് ഏത് നിലയിൽ പ്രവർത്തിക്കും എന്നാണ് കരുതുന്നത്?

ഡോ. എം ആർ രാജാഗോപാൽ: പൊതുജനങ്ങളിലേക്ക് എത്തിക്കാൻ ഗവൺമെന്റിന്റെ ഭാഗത്തുനിന്ന് കാര്യമായിട്ടുള്ള ഇടപെടലുകൾ ഉണ്ടായിട്ടുള്ളതായി എനിക്ക് തോന്നിയിട്ടില്ല. 2012ൽ ഭാരതസർക്കാർ നാഷണൽ പ്രോഗ്രാം ഫോർ പാലിയേറ്റീവ് കെയർ ഉണ്ടാക്കിയിട്ടുണ്ട്. ദിവംഗതനായ മുൻ പ്രിൻസിപ്പൽ ഹെൽത്ത് സെക്രട്ടറി കേശവ് ദേശ് രാജിന്റെ താല്പര്യത്താലാണ്‌ അത് നടപ്പാക്കിയത്. പൊതുജനങ്ങളിൽ അവബോധം വളർത്തുന്നതിനെപ്പറ്റി അതിൽ പറഞ്ഞിട്ടുണ്ട്. എന്നാൽ അത് ഫലപ്രദമായി നടപ്പിലാക്കാൻ സാധിച്ചില്ല. 2017 ലെ നാഷണൽ ഹെൽത്ത് പോളിസിയിൽ പ്രാഥമികാരോഗ്യരംഗത്ത് ഇത് ഉൾപ്പെടുത്തിയിട്ടുണ്ട്. കോവിഡ് കാലത്തുതന്നെ ഇതിന്റെ ഭാഗമായുള്ള പ്രവർത്തനങ്ങൾ ഒരുപാട് മുന്നോട്ടുപോയി. ദേശീയ, സംസ്ഥാന തലത്തിലുള്ള ട്രെയിനർമാർക്കുള്ള പരിശീലനം പൂർത്തിയായി. ഇനി നടപ്പിലാക്കണ്ടത് സംസ്ഥാന ഗവൺമെന്റുകളാണ്. ഇവിടെ ഒരു വിടവുണ്ടാവുന്നു.

ഡോ. എസ് എസ് ലാൽ: ഈ വിടവ് എങ്ങനെയാണ് നമുക്ക് കുറയ്ക്കാൻ സാധിക്കുന്നത് ?

ഡോ. എം ആർ രാജാഗോപാൽ: സർക്കാർ ചെയ്ത പല നല്ല കാര്യങ്ങളെക്കുറിച്ചും ഞാൻ പറഞ്ഞു. നേഴ്സിങ്, മെഡിസിൻ പഠനങ്ങളിൽ സാന്ത്വനപരിചരണം ഉൾപ്പെടുത്തി. പ്രാഥമിക ആരോഗ്യ പരിചരണത്തിൽ സാന്ത്വനപരിചരണം കൊണ്ടുവന്നു. എന്നാൽ ഇത് എല്ലാ തലങ്ങളിലേക്കും ഇനിയും എത്തിയിട്ടില്ല. അവിടെയാണ് പ്രശ്നം. വികസിതരാജ്യങ്ങൾ പ്രാഥമികാരോഗ്യ മേഖലക്ക് മുൻതൂക്കം നൽകുന്നത് അവിടെ മുകൾത്തട്ടിൽ സഹായം എത്തുകയും താഴേ തലങ്ങളിൽ എത്താതിരിക്കുകയും ചെയ്യുന്നതുകൊണ്ടാണ്. വികസിത രാജ്യങ്ങളുടെ മാതൃക അപ്പാടെ അനുകരിക്കുന്നതുമൂലമുള്ള പ്രശ്നമാണ് നമ്മൾ അഭിമുഖീകരിക്കുന്നത്. കേരളത്തിൽ 2008 ലാണല്ലോ പാലിയേറ്റീവ് കെയർ പോളിസി വന്നത്. അതിലും ഈയൊരു പ്രശ്നം ഉണ്ടായി. ബഡ്ജറ്റ് വന്നത് നാഷണൽ റൂറൽ ഹെൽത്ത് മിഷനിൽ നിന്നാണ്. അതുകൊണ്ടുതന്നെ എല്ലാ തലങ്ങളിലും ചെയ്യാൻ ബഡ്ജറ്റ് ഇല്ല. കേരളത്തിൽ 2019 ൽ പോളിസി നവീകരിച്ചപ്പോൾ പ്രാഥമികാരോഗ്യ മേഖലയിൽ മാത്രമല്ല, മുകൾത്തട്ടിലും ഇത് കൊണ്ടുവരാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്.

ഡോ. എസ് എസ് ലാൽ: ധനികർക്ക്, അല്ലെങ്കിൽ കൂടുതൽ അറിവുള്ളവർക്ക് അപമാനം തോന്നിക്കുന്ന ഒരു വിഷയമാണ് ഇത്. എന്നാൽ അവർ എവിടെയെങ്കിലും ഏതെങ്കിലും വിധത്തിൽ ചികിത്സക്ക് എത്തിപ്പെടാൻ സാധ്യതയുണ്ട്. സൗകര്യങ്ങൾ എല്ലായിടത്തും എത്താത്തത് കൊണ്ടോ, സൗകര്യങ്ങളെക്കുറിച്ചുള്ള അറിവില്ലായ്മ കൊണ്ടോ ഏറ്റവുമധികം ബുദ്ധിമുട്ടുന്നത് പാവപ്പെട്ടവരായിരിക്കും. നിർധനരായവരെ സംബന്ധിച്ച് ഇത്തരത്തിൽ ഒരു രോഗി വീട്ടിലുണ്ടെങ്കിൽ മറ്റ് എല്ലാവരുടെയും തൊഴിലിനെയും പഠനത്തെയും അത് ബാധിക്കും. ഇതിന്റെ അടിയന്തരപ്രാധാന്യം ശ്രദ്ധയിൽ കൊണ്ടുവരാൻ നമുക്ക് എന്താണ് ചെയ്യാൻ കഴിയുന്നത്?

ഡോ. എം ആർ രാജാഗോപാൽ: എന്റെ പരിപൂർണ്ണമായ വിശ്വാസം പൊതുജനങ്ങളുടെ ഭാഗത്തുനിന്ന് ശക്തമായ ആവശ്യം വന്നാൽ സർക്കാരിന്റെ നിലപാട് അതിനനുസരിച്ചു മാറും. കേരള സർക്കാർ ഈ കാര്യത്തിൽ വളരെ കാര്യക്ഷമമായിരുന്നു. 2019 ൽ പോളിസി നവീകരിക്കണം എന്ന ആവശ്യം വന്നപ്പോൾ ആ വർഷത്തിൽ തന്നെ അത് നടപ്പിലാക്കി. ഇനി ബഡ്ജറ്റിന്റെ പ്രശ്നമാണ് ഉള്ളത്. നിലവിൽ ബഡ്ജറ്റിൽ പണം അനുവദിച്ചിട്ടുണ്ടെങ്കിലും സാമ്പത്തിക പ്രതിസന്ധി കാരണം അത് ലഭ്യമായിട്ടില്ല. പണം ലഭ്യമായി തുടങ്ങിയാൽ കേരളത്തിൽ എളുപ്പത്തിൽ പ്രാവർത്തികമാക്കാവുന്നതേയുള്ളൂ. പക്ഷെ കേന്ദ്രത്തിൽ ഇങ്ങനെയല്ല. “പ്രാഥമികാരോഗ്യതലത്തിൽ ” എന്ന് നാഷണൽ പോളിസിയിൽ പറഞ്ഞിട്ടുണ്ട്. ഇത് എല്ലാ തലത്തിലേക്കും എന്ന് മാറ്റാൻ വലിയ ബുദ്ധിമുട്ടാണ്. ഒരു പോളിസി രേഖയായിക്കഴിഞ്ഞാൽ അത് എത്ര കാലം കഴിഞ്ഞാണ് ഭേദഗതി ചെയ്യുന്നത്. ഇപ്പോൾ താങ്കൾ ചെയ്യുന്നതുപോലെ കൂടുതൽ ആളുകളിലേക്ക് ഈ ആശയം എത്തിപ്പെട്ടാൽ മാറ്റം എളുപ്പമാകും.

ഡോ. എസ് എസ് ലാൽ: കേരളത്തിന്റെ പ്രത്യേകത എടുക്കുമ്പോൾ ജനസംഖ്യാപരമായ പരിവർത്തനം ചർച്ചചെയ്യാതെ പോകാൻ കഴിയില്ല. നമ്മുടെ ജനങ്ങളുടെ ആയുർദൈർഘ്യം കൂടുതലാണ്. ആയുർദൈർഘ്യം കൂടുന്നതിന് അനുസരിച്ച് അസുഖങ്ങളും കൂടുന്നു. എന്നാൽ വൃദ്ധരായവരെ നോക്കാൻ ഉള്ള സൗകര്യങ്ങൾ കുറവാണ്. ഇതിനെ എങ്ങനെ നോക്കിക്കാണുന്നു?

ഡോ. എം ആർ രാജാഗോപാൽ: ഇന്ന് പത്തിൽ ഒരാൾ ക്യാൻസർ വന്നിട്ടായിരിക്കും മരിക്കുക. ഏഴു ശതമാനം പേർക്ക് മറവിരോഗം ഉണ്ടാവും. 2015 ലെ കണക്കനുസരിച്ച് കേരളത്തിൽ മാത്രം 1.7 ലക്ഷം വൃദ്ധർ ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. അതിൽ 1.43 ലക്ഷം സ്ത്രീകളാണ്. ഇവർ എങ്ങനെയാണ് ജീവിക്കുന്നത്?

ഡോ. എസ് എസ് ലാൽ: കേരളത്തിന്റെ തനത് രീതികൾക്കും ഇതിൽ പങ്കുണ്ട്. പുരുഷന്മാർ തങ്ങളെക്കാൾ കുറഞ്ഞത് അഞ്ചുവയസ്സ് എങ്കിലും താഴെയുള്ളവരെയാണ് വിവാഹം ചെയ്യുന്നത്. മാത്രമല്ല, സ്തീകളെ അപേക്ഷിച്ച് പുരുഷന്മാർക്ക് അ‍ഞ്ച് വർഷം ആയുസ്സ് കുറവുമാണ്. തന്നെക്കാൾ അഞ്ചു വയസ്സ് താഴെയുള്ള ഒരു സ്ത്രീയെ വിവാഹം കഴിക്കുകയും, അയാൾ അഞ്ചുവർഷം മുന്നേ മരണപ്പെടുകയും കൂടി ചെയ്താൽ കേരളത്തിലെ ഒരു സ്ത്രീക്ക് പത്തുവർഷത്തെ വൈധവ്യം ഉറപ്പാക്കപ്പെട്ടതാണ്. അങ്ങനെ സാർ ചിന്തിച്ചിട്ടുണ്ടോ?

ഡോ. എം ആർ രാജാഗോപാൽ: 1.43 ലക്ഷം സ്ത്രീകൾ ഒറ്റയ്ക്ക് താമസിക്കുന്നവരാണ്. അവരുടെ അവസ്ഥ വളരെ ദയനീയമാണ്. അത് നമ്മൾ നിത്യവും കാണുന്നതാണ്. കൂട്ടുകുടുംബത്തിൽ നിന്നും അണുകുടുംബത്തിലേക്കുള്ള പരിവർത്തനം പാശ്ചാത്യസംസ്കാരത്തിന്റെ അനുകരണത്തിലൂടെ കടന്നുവന്നതാണല്ലോ. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് അത് ആവശ്യവുമായിരുന്നു. എന്നാൽ പാശ്ചാത്യലോകത്ത് അവർ അതിനനുസരിച്ച് നേഴ്സിങ് ഹോംസ് പോലെയുള്ള സംവിധാനങ്ങൾ ഉണ്ടാക്കി. ഇവിടെ അത്തരം സംവിധാനങ്ങൾ വളരെ കുറവാണ്. എന്നാൽ ഭാരതത്തിന്റെ മറ്റ് ഭാഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ കേരളം സ്വർഗ്ഗമാണ്.

ഡോ. എസ് എസ് ലാൽ: സാർ പങ്കുവെച്ച കണക്ക് ഭീതിജനകമാണ്. മാതാപിതാക്കളെ നോക്കുന്നില്ല എന്നുപറഞ്ഞു കുട്ടികളെ നാം കുറ്റം പറയാറുണ്ട്. അതിൽ കാര്യം ഇല്ലന്നാണ് എനിക്ക് തോന്നുന്നത്. ചിലപ്പോ അവർ പുറത്ത് പോയി കഷ്ടപ്പെടുമ്പോൾ ആവും ആ വീട്ടിലെ അടുപ്പ് എരിയുന്നത്. അങ്ങനെ ഒരു യഥാർഥ്യമില്ലേ?

ഡോ. എം ആർ രാജാഗോപാൽ: കുട്ടികളെ ചീത്ത വിളിക്കുന്നതിൽ ഒരു കാര്യവുമില്ല. നമ്മുടെ തലമുറയാണ് അവരെ പുറത്തേക്ക് പോകാൻ പ്രേരിപ്പിച്ചത്. കേരളത്തിൽ ഇപ്പോൾ ഒരു ദമ്പതികൾക്ക് 1.6 ആണ് കുട്ടികളുടെ എണ്ണം. പല കുടുംബത്തിലും ഒരു ദമ്പതികൾ, നാലു വയസ്സായ ആളുകളെ നോക്കണം. എന്നാൽ അവർക്ക് അവരുടെ ജീവിതം ഉണ്ട്. അത് നാം മറക്കാൻ പാടില്ല. ചെറുപ്പക്കാരും ഒരുപാട് വേദന അനുഭവിക്കുന്നവരാണ്.

ഡോ. എസ് എസ് ലാൽ: സ്ത്രീകളെക്കുറിച്ച് ഞാൻ പലപ്പോളും ആലോചിക്കാറുണ്ട്. പുരുഷന്മാർ ജോലിക്കും മറ്റുമായി പുറത്ത് പോകുമ്പോൾ പെട്ടുപോകുന്നത് സ്ത്രീകളാണ്. സ്വന്തം അച്ഛനെയും അമ്മയെയും ഭർത്താവിന്റെ അച്ഛനമ്മമാരെയും നോക്കേണ്ടി വരുന്ന അഭ്യസ്തവിദ്യരായ സ്ത്രീകളെ എനിക്ക് അറിയാം. ഇതിന്റെ പരിഹാരം എങ്ങനെയാണ്, എവിടെയാണ് തുടങ്ങേണ്ടത് എന്ന് അറിയില്ല. കേരളത്തിലെ സ്ത്രീകൾക്ക് ഭാരം മുഴുവൻ ചുമക്കേണ്ടി വരുന്ന ഒരു അവസ്ഥ ഇല്ലേ?

ഡോ. എം ആർ രാജാഗോപാൽ: 90 ശതമാനം പരിചരണം നൽകുന്നവർ ആയി കണക്കാക്കപ്പെടുന്നത് സ്ത്രീകളെ ആണല്ലോ. അവർക്ക് വേറെ ഒരു ജീവിതം വേണ്ടല്ലൊ! അങ്ങനെയാണല്ലോ സമൂഹം കൽപ്പിക്കുന്നത്. അവർ അനുഭവിക്കുന്നത് വളരെ വലുതാണ്. അതിക്രൂരമാണ്. ഇപ്പോൾ സമ്പന്നർക്ക് വേണ്ടി ഒരുപാട് കെയർ ഹോംസ് ഉണ്ടാവുന്നുണ്ട്. ഒരു പ്രായം കഴിയുമ്പോൾ അവർ ഇങ്ങനെയുള്ള ഇടങ്ങളിലേക്ക് ചേക്കേറുന്നു. അവിടേ പുതിയ ഒരു സംസ്കാരം രൂപപ്പെടുന്നു. ഇത് അതിസമ്പന്നർക്ക് മാത്രമാണ്. അങ്ങനെയുള്ള ഇടങ്ങൾ എല്ലാവർക്കും ആവശ്യമാണ്.

ഡോ. എസ് എസ് ലാൽ: ഇടങ്ങൾ ഉണ്ടാവുകയും അവർ സ്വയം പോകാൻ സന്നദ്ധരാവുകയും വേണം. മക്കൾ കൊണ്ടാക്കുന്നതിനെ നടതള്ളൽ എന്നാണ് നമ്മൾ പറയുന്നത്. കേരളത്തിലെ പ്രത്യേക സാഹചര്യത്തിൽ എനിക്ക് ഒരു കാര്യം കൂടി ചോദിക്കാനുണ്ട്. കേരളത്തിൽ 60-70 ശതമാനം ആളുകളും സ്വകാര്യമേഖലയെ ആണ് ആശ്രയിക്കുന്നത്. സ്വകാര്യ മേഖലയെ ആശ്രയിക്കുന്നതിന്റെ ഏറ്റവും വലിയ പ്രശ്നം സാമ്പത്തികചെലവ് ആണ്. ഇത് സാന്ത്വനപരിചരണത്തെ ബാധിക്കാറുണ്ടോ?

ഡോ. എം ആർ രാജാഗോപാൽ: തീർച്ചയായും. ഇന്ന് പഠിച്ചിറങ്ങുന്ന ഓരോ ഡോക്ടരും വിചാരിക്കുന്നത് മരണത്തെ ആവുന്നിടത്തോളം വലിച്ചുനീട്ടുന്നതാണ് തങ്ങളുടെ കടമ എന്നാണ്. ഒരു ഡോക്ടറുടെ കടമയായി നിർവചിച്ചിരിക്കുന്നത് ദുരിതം ഇല്ലാതാക്കുക എന്നതാണ്. അതിന് ഒരു അപവാദവും ഇല്ല എന്നാണ് ഐ.സി.എം.ആർ ന്റെ ബയോ എത്തിക്സ് യൂണിറ്റ് പറഞ്ഞിരിക്കുന്നത്. പണ്ട് മരണങ്ങൾ നടന്നിരുന്നത് വീടുകളിലാണ്. ഇന്ന് ഭൂരിഭാഗം മരണങ്ങളും നടക്കുന്നത് തീവ്ര പരിചരണ വിഭാഗത്തിലാണ്. പ്രിയപ്പെട്ടവരുടെ സാമീപ്യം പോലും നിഷേധിക്കുകയാണ് അവിടെ. ഇത് കൊടുംക്രൂരതയാണ്.

ഡോ. എസ് എസ് ലാൽ: ഗുണമേന്മയെപ്പറ്റി നാം ആലോചിക്കുന്നില്ല. ആധുനിക സൗകര്യങ്ങൾ കൂടുന്നതും കുറ്റപ്പെടുത്തൽ ഒഴിവാക്കാനും വേണ്ടിയാണ് മരണങ്ങൾ ആശുപത്രിയിലേക്ക് മാറ്റുന്നത് എന്ന് തോന്നുന്നു. എനിക്ക് അവസാനമായി ചോദിക്കാനുള്ളത് നമ്മുടെ നാട്ടിൽ വ്യത്യസ്ത ചികിത്സാസമ്പ്രദായങ്ങളും അവ തമ്മിലുള്ള പരമ്പരാഗതമായ തർക്കങ്ങളും വിഷയങ്ങളും നിലനിൽക്കുന്നുണ്ട്. എന്നാൽ എല്ലാ വൈദ്യശാസ്ത്രവും രക്ഷപ്പെടില്ല എന്ന് പറയുന്നവരെ ചൂഷണം ചെയ്യുന്ന ഒരു വിഭാഗം ഉണ്ട്. അത്ഭുതചികിത്സ എന്ന് പറഞ്ഞു മോതിരം അണിയുക, രത്നങ്ങൾ അണിയുക. തുടങ്ങി… ഇത് ബിസിനസ് ആണ്. ഇത്തരം അനുഭവങ്ങൾ ശ്രദ്ധിച്ചിട്ടുണ്ടോ?

ഡോ. എം ആർ രാജാഗോപാൽ: ധാരാളം ഉണ്ട്. എനിക്ക് തോന്നുന്നു അത് ഒഴിവാക്കാൻ പറ്റാത്ത ഒരു ദുരന്തമാണ്. മരണത്തെ ആർക്കും അംഗീകരിക്കാൻ താല്പര്യമില്ല. അപ്പോൾ അത് നേരിൽ കാണുന്ന ഒരു സന്ദർഭം ഉണ്ടാകുമ്പോൾ അതിനെ സ്വീകരിക്കാൻ ആരും ഒരുക്കമല്ല. ഡെത്ത് ആൻഡ് ഡയിങ് ലേഡി എന്നറിയപ്പെടുന്ന കുബ്ലർ റോസ് (Elisabeth Kübler-Ross) മരണത്തിന്റെ വിവിധ തലങ്ങളെക്കുറിച്ച് പറയുന്നുണ്ട്. നിരാസം, കോപം, വിലപേശൽ എന്നിങ്ങനെയാണ് അത്. ഈ വിലപേശലിന്റെ ഒരു ഭാഗമാണ് ഇപ്പോൾ പറഞ്ഞത്. ഇപ്പോളത്തെ ഡോക്ടർമാർ ഒരു സമ്പ്രദായത്തിൽ നിന്നും മറ്റൊന്നിലേക്ക് മാറിക്കൊണ്ടേയിരിക്കും. “System hopping and doctor shopping” എന്ന അവസ്ഥ. അത് ചൂഷണം ചെയ്യാൻ ഒരുപാട് പേർ ഉണ്ടാവും.

ഡോ. എസ് എസ് ലാൽ: സാറിനോടൊപ്പമുള്ള ഈ സംഭാഷണം വളരെ വിജ്ഞാനപ്രദമായിരുന്നു. സാന്ത്വനപരിചരണം മരിക്കാൻ കിടക്കുന്നവർക്കോ ക്യാൻസർ ബാധിതർക്കോ വേണ്ടി മാത്രമുള്ളതല്ല എന്ന് മനസ്സിലാക്കാൻ ഈ വർത്തമാനം കാരണമായി. എല്ലാ വിധത്തിലുള്ള രോഗങ്ങൾ കൊണ്ടും ബുദ്ധിമുട്ടുന്നവർക്ക് അവരുടെ ദുരിതം ഇല്ലാതെയാക്കാനുള്ള ഒന്നാണ് സാന്ത്വനപരിചരണം. അത് ചികിത്സയോടൊപ്പം മുന്നോട്ട് കൊണ്ടുപോകേണ്ടതാണ്. ഗവൺമെന്റുകൾ ഈ കാര്യത്തിൽ കൂടുതൽ ശ്രദ്ധവയ്ക്കുകയും സാമ്പത്തികമായും അല്ലാതെയുമുള്ള ഇടപെടലുകൾ നടത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. സ്വകാര്യ മേഖലയിലേക്കും ഇത് വ്യാപിപ്പിക്കാൻ നമുക്ക് സാധിക്കണം. ഇനിയും കണ്ടുമുട്ടാം എന്ന പ്രതീക്ഷയിൽ, നന്ദി സർ.


See more from MedTalk Series, Here.

About Author

ദി ഐഡം ബ്യൂറോ