സീതാറാം യെച്ചൂരി ഇനിയില്ല. ഹിന്ദുത്വ വർഗീയത അധികാരം നിയന്ത്രിക്കുന്ന, സത്യാനന്തര കാലത്ത് പ്രതിപക്ഷ സഖ്യത്തിന് മുഖവും നയവും ദിശയും നൽകിയ നേതാക്കളിലൊരാളാണ് വിട പറയുന്നത്. അൽപ്പം കടന്നു പറഞ്ഞാൽ ഒരു ഇന്ത്യൻ കമ്യണിസ്റ്റ് പാർട്ടിയുടെ അവസാനത്തെ ദേശീയ നേതാവ് ഇല്ലാതായിരിക്കുന്നു. സി പി ഐ (എം) യുടെ നയങ്ങളിൽ നിന്ന് വ്യതിചലിക്കാതെ, ഇടത് പാർട്ടികളുടെ ഐക്യമാണ് രാജ്യത്തിന്റെ ഭാവിയെന്ന ചിന്ത പങ്കുവെച്ചുകൊണ്ട്, ഇന്നത്തെ രാഷ്ട്രീയ സാഹചര്യത്തിൽ പ്രായോഗികമായി ചെയ്യാവുന്നത് എന്താണെന്ന് ആലോചിക്കുകയും സ്വന്തം പാർട്ടിയിൽ നിന്നുള്ള എതിർപ്പുകളെ അനുനയിപ്പിച്ച് അത് നടപ്പാക്കാൻ ശ്രമിക്കുകയും ചെയ്ത നേതാവ്.
തെലുങ്ക് ബ്രാഹ്‌മണ കുടുംബത്തിൽ പിറവി. അസാധാരണ മേധാശക്തി. എന്തും എത്തിപ്പിടിക്കാവുന്ന കുടുംബ ബന്ധങ്ങൾ. സീത എന്നു വിളിക്കപ്പട്ട സീതാറാം യെച്ചൂരി പക്ഷേ എല്ലാം തിരസ്‌കരിച്ചു. പടിയിറങ്ങി തെരുവിലേക്ക്. അറുപതുകളുടെ ഒടുവിൽ തെലങ്കാന ജ്വലിച്ചു. സി ബി എസ് ഇ ഹയർ സെക്കൻഡറി പരീക്ഷയിൽ ഒന്നാം റാങ്കോടെ ജയിച്ച യെച്ചൂരി വഴി തെറ്റാതിരിക്കാൻ വീട്ടുകാർ ഡൽഹിയിലേക്ക് അയച്ചു.
പ്രക്ഷോഭങ്ങൾ പക്ഷേ ഉരുണ്ടു കൂടി, യെച്ചൂരിക്ക് അകത്തും പുറത്തും. എഴുപതുകൾ. തീവ്ര ഇടതു കാറ്റു വീശിയ പശ്ചിമ ബംഗാളല്ല, ജയപ്രകാശിന്റെ നവനിർമാൺ പ്രക്ഷോഭങ്ങളാണ് സീതയെ ആകർഷിച്ചത്. 1974. അദ്ദേഹം എസ് എഫ് ഐയിൽ ചേർന്നു. പിന്നാലെ അടിയന്തരാവസ്ഥ. ജെ എൻ യുവിൽ യെച്ചൂരി തീക്കാറ്റായി. തെളിവിലും ഒളിവിലും. അറസ്റ്റ് വൈകിയില്ല. മുന്നു വട്ടം ജെ എൻ യു വിദ്യാർഥികൾ ഡൽഹി പൊലീസിനെയും ഭരണകൂടത്തെയും പുച്ഛിച്ച് യെച്ചൂരിയെ തിരെഞ്ഞടുത്തു. യെച്ചൂരി പ്രവർത്തിച്ച 12 കൊല്ലങ്ങളിൽ ഇന്ത്യയിൽ എസ് എഫ് ഐ എന്ന വിദ്യാർഥി സംഘടന വളർന്നു. ബംഗാളിൽ നിന്നോ കേരളത്തിൽ നിന്നോ അല്ലാതെ എസ് എഫ് ഐയുടെ ദേശീയ പ്രസിഡന്റ് സ്ഥാനത്തെത്തിയ ആദ്യത്തെയാൾ.
പിന്നീട് യെച്ചൂരി സി പി ഐ (എം) കേന്ദ്ര കമ്മിറ്റിയിലെത്തി, പോളിറ്റ് ബ്യൂറോയിലെത്തി, രാജ്യസഭാംഗമായി, പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി. 2004ൽ ഒന്നാം യു പി എ സർക്കാരിന്റെ പൊതു മിനിമം പരിപാടിയുടെ കരടുണ്ടാക്കി. ആണവ കരാറിനെച്ചൊല്ലിയുള്ള കടുംപിടിത്തങ്ങളിൽ ഇടതുപക്ഷം യു പി എ വിട്ടപ്പോൾ യെച്ചൂരി ഖിന്നനായി. കാരാട്ടിന്റെ വാക്കുകളോട് വിധേയപ്പെട്ടു.
കമ്യൂണിസ്റ്റ് ഇന്റർനാഷണലിൽ എം എൻ റോയിയെ കണ്ടപ്പോൾ പണ്ട് ലെനിൻ ചോദിച്ചു. ‘നിങ്ങൾ ഇത്ര ചെറുപ്പമോ?’ അത്ര ചെറുപ്പത്തിൽ യെച്ചൂരിയും തിളങ്ങി. നേപ്പാളിൽ പ്രചണ്ഡയ്ക്കു അധികാരപദ്ധതികൾ ചമച്ചു കൊടുക്കുന്നിടം വരെ. രാജ്യത്തിന് പുറത്ത് നടന്ന കമ്മ്യൂണിസ്റ്റ് – സോഷ്യലിസ്റ്റ് കൂട്ടായ്മകളിൽ സി പി ഐ (എം) പ്രതിനിധിയായി. ഇന്ത്യ മുഴുവൻ ബന്ധങ്ങളുള്ള അവസാനത്തെ കമ്യൂണിസ്റ്റ് നേതാക്കളിൽ ഒരാളാണ് യെച്ചൂരി. ചിരി സീതയ്ക്ക് പാർട്ടി വിരുദ്ധമായിരുന്നില്ല. ജെ.പി യുടെ മൂശയിലാണ് ആ രാഷ്ട്രീയം വിളക്കിയത്. പ്രത്യയ ശാസ്ത്രപരമായി എന്നും എതിർത്ത അടൽ ബിഹാരി വാജ്പേയിയെപ്പോലെ എപ്പോഴും അദ്ദേഹം എതിരാളികളെ കെട്ടിപ്പിടിച്ചു.
അപ്പോഴും ഇന്ത്യൻ ഹൃദയം തൊടാൻ യെച്ചൂരിക്ക് കഴിഞ്ഞോ? സംശയമാണ്. ജ്യോതി ബസുവിനെ പ്രധാനമന്തി ആക്കാൻ നിർദേശമുയർന്ന കാലം. കേരള ഘടകത്തെ കൂട്ടുപിടിച്ച് യെച്ചൂരിയും കാരാട്ടും എതിർത്തു. ഹിമാലയൻ മണ്ടത്തരം എന്ന് ബസു തന്നെ പറഞ്ഞു പിന്നീട്. ആദ്യം സിദ്ധാന്തവും പിന്നെ പ്രയോഗവും എത്രത്തോളം ജന ബന്ധമില്ലാത്തതാവുന്നു എന്ന് യെച്ചൂരി തന്നെ കാണിച്ചു തന്നു. ഇന്ത്യ പോലൊരു മഹാരാജ്യത്ത് സി പി ഐ (എം) പോലുള്ള ഒരു പാർട്ടിക്ക് ഇനിയൊരിക്കലും കിട്ടാൻ ഇടയില്ലാത്ത ക്ഷണപ്പത്രം.
വെള്ളത്തിലെ മീനിനെപ്പോലെ ജീവിക്കാൻ കഴിയാവുന്ന ശൈലിയുണ്ടായിരുന്നു യെച്ചൂരിക്ക്. പ്രത്യയശാസ്ത്ര ശാഠ്യങ്ങളെ പിന്നീട് പലപ്പോഴും ഒരു കണ്ണിറുക്കിച്ചിരി കൊണ്ട് അദ്ദേഹം മറികടന്നു. ബംഗാളിൽ മമതക്ക് വഴിയൊരുക്കിയ നന്ദിഗ്രാമിലും സിംഗൂരിലും ജനങ്ങളെ കൂടി കേൾക്കണമെന്ന് യെച്ചൂരി ആഗ്രഹിച്ചു. അനിൽ ബിശ്വാസിന്റെ അഭാവം ബുദ്ധദേബിനേയും കാരാട്ടിനേയും അതിന് വിമുഖരാക്കി.
കേരള പ്രശ്നങ്ങളിൽ വി എസിനൊപ്പമായിരുന്നു യെച്ചൂരി. പാർട്ടി സെക്രട്ടറിയുടെ നിർമമതകളിൽ കാരാട്ടും പിണറായിയും സന്ധിച്ചു. വി എസ് പക്ഷത്ത് വി എസ് പോലും ഇല്ലാതായപ്പോൾ യെച്ചൂരിയും പിണറായിക്കൊപ്പമായി. പുറത്ത് പാർട്ടി അപ്പോഴേക്കും അതീവ ദുർബലമായി മാറിക്കഴിഞ്ഞിരുന്നു.
അധികാര രാഷ്ട്രീയത്തിന്റെ ബാധ്യതകളില്ലാത്ത ആസ്വാദനത്തിലേക്ക് സി പി എം വീണു പോയ കാലത്താണ് യെച്ചൂരി ജീവിച്ചത്. അടിയന്തരാവസ്ഥക്ക് പിമ്പേ ഉയർന്നുവന്ന ചെറുപ്പക്കാരുടെ പ്രതിനിധി. വിശാലമായ നെറ്റിത്തടത്തിൽ ഇന്ത്യൻ വ്യഥകളുടെ ചാലു കീറൽ, കണ്ണിൽ അഗ്നിസ്ഫുലിംഗങ്ങൾ, നിറയെ സ്വപ്നങ്ങൾ. കോർപറേറ്റുകളുടെ ക്ലെപ്റ്റോക്രാറ്റിക് ഒലിഗാർക്കികളിലേക്ക് അധികാരം വൈകാതെ കൈമാറ്റം ചെയ്യപ്പെട്ടു. കാലം മാറി. ലോകം മാറി. ഇന്ത്യ മാറി. സാങ്കേതികത വിപ്ലവത്തെത്തന്നെ അസാധ്യമാക്കി. ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾ അപ്പോഴും പഴയ വേദ പുസ്തകത്താളുകളിൽ ഉത്തരം തേടി.
ഇന്ത്യൻ സമസ്യകൾ നിർധാരണം ചെയ്യാൻ ശേഷിയുണ്ടായിരുന്ന അവസാനത്തെ കമ്മ്യൂണിസ്റ്റുകാരാ, വിട പറയുന്നു. സോവിയറ്റ് യൂണിയന്റെ ശിഥിലീകരണമോ സി പി എമ്മിന്റെ ശൈഥില്യമോ, ഏതാണ് അങ്ങയെ കൂടുതൽ സങ്കടപ്പെടുത്തിയിട്ടുണ്ടാവുക? അതോ ഇന്ത്യൻ ബഹുസ്വരതയുടെയും മതനിരപേക്ഷതയുടെയും നിലനിൽപ്പ് ചോദ്യംചെയ്യപ്പെട്ടതോ? അവസാന ദശകത്തിൽ അതേക്കുറിച്ചായിരുന്നുവല്ലോ എറ്റവും വേവലാതിപ്പെട്ടത്.
Poor words. Never expected from AIDEM.👎