പ്രകൃതിയുടേയും വിദ്യാഭ്യാസത്തിന്റേയും ഭാവി വിൽപ്പനയ്ക്കല്ല: ഹൈദരാബാദ് യൂണിവേഴ്സിറ്റിയുടെ ഭൂമി സംരക്ഷിക്കണം

ഹൈദരാബാദ് യൂണിവേഴ്സിറ്റി ക്യാമ്പസ് ഇപ്പോള്‍ കലുഷിതമാണ്. ഏതാണ്ട് രണ്ടായിരത്തിയഞ്ഞൂറോളം ഏക്കര്‍ വരുന്ന ക്യാമ്പസിന്റെ നാനൂറു ഏക്കര്‍ ആണ് തെലങ്കാന സര്‍ക്കാര്‍ ഇപ്പോള്‍ കയ്യേറി നശിപ്പിച്ചിരിക്കുന്നത്. ഇനിയത് ലേലത്തിൽ വെക്കുമെന്നും വലിയ വലിയ IT കമ്പനികൾക്ക് വിൽക്കുമെന്നും, വികസനത്തിന്റെ ഭാഗമായി അവിടെ പുതിയ ഒരു IT പാർക്ക് വരുമെന്നുമാണ് തെലങ്കാനയുടെ മുഖ്യമന്ത്രി പറയുന്നത്.
1974-ൽ ഭരണഘടനാ ഭേദഗതി പ്രകാരം നിലവിൽ വന്ന യൂണിവേഴ്സിറ്റിയുടെ ഭാഗമായി അന്ന് മുതൽ ഇന്നലെ വരെ നിലകൊണ്ടിരുന്ന പ്രദേശമാണ് ഈ നാനൂറു ഏക്കർ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എമിനെൻസ് എന്ന ബഹുമതിക്ക് അർഹമായ ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റികളിൽ ഒന്നായ എച്ച്.സി.യു, അതിന്റെ ക്യാമ്പസ്സിന്റെ വിസ്തൃതി കൊണ്ടും അതിനകത്ത് നിലനിൽക്കുന്ന വലിയ വനപ്രദേശവും, അനേകം ശിലാരൂപങ്ങളും ജലാശയങ്ങളും മൃഗങ്ങളും പക്ഷികളും ഉൾക്കൊള്ളുന്ന ജൈവവൈവിദ്ധ്യങ്ങൾ കൊണ്ടും കൂടി പ്രത്യേകതയുള്ളതാണ്. മാനും മയിലും കാട്ടുമുയലും മുള്ളൻപന്നിയും കാട്ടുപന്നികളും അപൂർവ പക്ഷികളും ഉരഗങ്ങളും അടക്കം, ഒട്ടനേകം ജീവജാലങ്ങൾ അധിവസിക്കുന്ന ഒരു ആവാസവ്യവസ്ഥയാണ് എച്ച്.സി.യുവിന്റേത്.
നിയമപരമായ ഭൂമി ഏറ്റെടുക്കലിനെക്കുറിച്ച് സർക്കാർ പറഞ്ഞത്, 2022 സെപ്റ്റംബർ 14-ന് പുതിയ ഭൂമി അനുവദിക്കൽ നയം പ്രകാരം ഐ & സി വകുപ്പ് അനുസരിച്ച് അന്യാധീനപ്പെടുത്തൽ നിർദേശങ്ങൾ ശുപാർശ ചെയ്തിട്ടുണ്ടെന്നാണ്. 2004-ൽ അന്നത്തെ ആന്ധ്രാപ്രദേശ് സർക്കാർ ഈ 400 ഏക്കർ ഭൂമി ഒരു സ്വകാര്യ സ്ഥാപനത്തിന്റെ ഉപയോഗത്തിന് അനുവദിച്ചതായി ഗവണ്മെന്റ് അധികൃതർ പറഞ്ഞു. നിയമപരമായ വശങ്ങൾ വിശദീകരിച്ചുകൊണ്ട്, അന്നത്തെ ആന്ധ്രാപ്രദേശ് സർക്കാർ 2004 ജനുവരി 13-ന് കാഞ്ച ഗച്ചിബൗളി വില്ലേജിലെ സർവേ നമ്പർ 25-ൽ ഉള്ള ഈ പ്രദേശം കായിക സൗകര്യങ്ങളുടെ വികസനത്തിനായി ഐ.എം.ജി അക്കാദമിസ് ഭാരത പ്രൈവറ്റ് ലിമിറ്റഡിന് അനുവദിച്ചതായി പ്രസ്താവനയിൽ പറയുന്നു. ഐ.എം.ജി അക്കാദമിസ് ഭാരത പ്രൈവറ്റ് ലിമിറ്റഡിന്റെ പദ്ധതി നടക്കാത്തതിനാൽ, അന്നത്തെ ആന്ധ്രാപ്രദേശ് സർക്കാർ 2006 നവംബർ 21-ന് അലോട്ട്മെന്റ് റദ്ദാക്കി. പുതിയ സർക്കാർ ഈ വിഷയം ശക്തമായി മുന്നോട്ടു കൊണ്ട് പോവുകയും, 2024 മാർച്ച് 7-ന് ഹൈക്കോടതി സർക്കാരിന് അനുകൂലമായ ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തു. ഇപ്പോഴത്തെ കോൺഗ്രസ് സർക്കാർ സുപ്രീം കോടതിയിൽ ഈ സ്വകാര്യസ്ഥാപനത്തിനെതിരെ കേസ് നടത്തി ഭൂമി തിരിച്ചുപിടിച്ചു. അതനുസരിച്ച്, 2024 ജൂൺ 19-ന്, ഇൻഫർമേഷൻ ടെക്നോളജി (ഐടി) മിക്സഡ്-യൂസ് പ്രോജക്റ്റ് സ്ഥാപിക്കുന്നതിനായി തെലങ്കാന ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ കോർപറേഷൻ (ടി.ജി.ഐ.ഐ.സി)ന് മുൻകൂർ കൈവശാവകാശം കൈമാറാൻ സർക്കാർ അഭ്യർത്ഥിച്ചു. പഞ്ചനാമം കൃത്യമായി നടത്തിക്കൊണ്ടാണ് 2024 ജൂലൈ 1-ന് ഭൂമി ടി.ജി.ഐ.ഐ.സി ക്ക് കൈമാറിയത് എന്നാണ് ഗവണ്മെന്റ് ഉന്നയിക്കുന്ന വാദം.
എന്നാല്‍, സര്‍ക്കാര്‍ അവകാശപ്പെടുന്നതും പ്രമുഖ പത്ര-മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതും പ്രകാരം ഐ.എം.ജി അക്കാദമിസ് ഭാരത പ്രൈവറ്റ് ലിമിറ്റഡിൽ നിന്ന് 2006 ൽ സംസ്ഥാന സർക്കാർ ഏറ്റെടുത്തു എന്ന് പറയപ്പെടുന്ന 400 ഏക്കർ ഭൂമിയുടെ അതിർത്തി നിർണയിക്കുന്നതിനായി റവന്യൂ അധികൃതർ 2024 ജൂലൈയിൽ യൂണിവേഴ്സിറ്റി കാമ്പസിൽ ഒരു സർവേയും നടത്തിയിട്ടില്ല എന്നും, ഇതുവരെ സ്വീകരിച്ച ഏക നടപടി ഭൂമിയുടെ ഭൂപ്രകൃതിയെപ്പറ്റിയുള്ള പ്രാഥമിക പരിശോധന മാത്രമാണ് എന്നുമാണ് 31 മാര്‍ച്ച് 2025നു യൂണിവേഴ്സിറ്റി അധികൃതര്‍ പുറത്തിറക്കിയ പ്രസ്‌നോട്ടില്‍ പറയുന്നത്. ഭൂമിയുടെ അത്തരമൊരു അതിർത്തി നിർണയത്തിന് സമ്മതിച്ചതായി കാണിച്ചുകൊണ്ടുള്ള ടി.ജി.ഐ.ഐ.സിയുടെ പ്രസ്താവനയും യൂണിവേഴ്സിറ്റി നിഷേധിക്കുന്നു. അങ്ങിനെയൊരു അതിര്‍ത്തി നിര്‍ണയം യൂണിവേഴ്സിറ്റിയുടെ അറിവോടെയോ സമ്മതത്തോടെയോ നടന്നിട്ടില്ല എന്നാണ് യൂണിവേഴ്സിറ്റി അഡ്മിനിസ്ട്രേഷന്‍ അവകാശപ്പെടുന്നത്.
യൂണിവേഴ്സിറ്റി ക്യാമ്പസ് ജൈവവൈവിധ്യത്തിന്റെ കലവറയാണ്. ത്വരിതഗതിയില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന നഗരത്തിന്റെ പ്രധാന ജീവവായുകേന്ദ്രം കൂടിയാണ് ഇത്. പഠനങ്ങള്‍ അനുസരിച്ച് ഏതാണ്ട് എഴുനൂറോളം സസ്യലതാദികളും ഇരുന്നൂറോളം പക്ഷികളും മുപ്പതിയഞ്ചോളം ഉരഗങ്ങളും സസ്തനികളും ഈ കാമ്പസ്സിൽ കാണപ്പെടുന്നുണ്ട്. നിരവധി തടാകങ്ങളും പാറക്കെട്ടുകളും ഉള്ള ഒരിടം കൂടിയാണ് ക്യാമ്പസ്. ഇപ്പോൾ തെലങ്കാന സർക്കാർ വെട്ടിത്തെളിച്ചുകൊണ്ടിരിക്കുന്ന പ്രദേശം ഏതാണ്ട് രണ്ട് ബില്യൺ വർഷത്തോളം പഴക്കമുള്ള ഒരു ശിലാരൂപം കൂടി ഉൾക്കൊള്ളുന്നതാണ്. മഷ്‌റൂം റോക്ക് എന്ന പേരിൽ അറിയപ്പെടുന്ന ഈ ശിലാരൂപം യൂണിവേഴ്സിറ്റി കേടു കൂടാതെ നിലനിർത്തിപ്പോന്നിരുന്ന ഒന്ന് കൂടി ആയിരുന്നു.
അതേസമയം, മഷ്‌റൂം റോക്ക് ഉൾപ്പെടെയുള്ള പാറക്കെട്ടുകളെ ഹരിത ഇടങ്ങളായി സംരക്ഷിച്ചുകൊണ്ട് ടി.ജി.ഐ.ഐ.സി ഒരു ലേഔട്ട് തയ്യാറാക്കിയിട്ടുണ്ട് എന്നാണ് സർക്കാർ അവകാശപ്പെടുന്നത്. അനേകം വരുന്ന ജീവജാലങ്ങളെ അനാഥരാക്കി കാട് നശിപ്പിച്ചതിന് ശേഷം പാറക്കെട്ടുകളെ ഹരിത ഇടങ്ങളായി സംരക്ഷിക്കുന്നത് പ്രകൃതിക്ക് ഏതു രീതിയ്ക്ക് സഹായകമാകുമെന്നത് ഒരു പ്രാഥമികചോദ്യമാണ്. ടി.ജി.ഐ.ഐ.സി യുടേത് എന്ന് അവകാശപ്പെടുന്ന ഈ സ്ഥലം ഇപ്പോൾ ഐ.ടി മേഖലയുടെ വളർച്ചയുടെ പേരിൽ സ്വകാര്യമേഖലയ്ക്ക് ലേലത്തിൽ വിട്ടു കൊടുക്കുമ്പോൾ, സർക്കാരിന് എന്ത് ഉറപ്പാണ് അവിടുത്തെ ജൈവമേഖലയെ സംരക്ഷിക്കുന്നതിനെ സംബന്ധിച്ച് നൽകാൻ കഴിയുക? സർക്കാരിന് വരുമാനം ഉണ്ടാക്കുന്നതിനും അടിസ്ഥാന സൗകര്യ വികസനത്തിനുമുള്ള ഒരു ചുവടുവയ്പ്പായിട്ടുമാണ് ലേലം നടത്തുന്നതെന്ന് സർക്കാർ അവകാശപ്പെടുമ്പോൾ, എച്ച്.സി.യു-വുമായി ബന്ധപ്പെട്ട ഒരു നീണ്ട ചരിത്രമുള്ള ഭൂമിയുടെ പാരിസ്ഥിതിക പ്രാധാന്യം അവഗണിക്കപ്പെട്ടുവെന്നത് നിഷേധിക്കാൻ കഴിയാത്ത ഒരു യാഥാർത്ഥ്യമാണ്.
നഗരത്തിന്റെ മറ്റു ഇടങ്ങളിൽ നിന്നും വ്യത്യസ്തമായി ഇത്രയും വൈവിധ്യമാർന്ന ചെടികളും മരങ്ങളും പക്ഷിമൃഗാദികളും ഉള്ള ഈ പ്രദേശത്തെ ഒരു വരണ്ട ഭൂമിയായി ചിത്രീകരിച്ചുകൊണ്ടാണ് മുഖ്യമന്ത്രി രേവന്ത് റെഡ്‌ഡി തുടക്കത്തിൽ ഈ വിഷയത്തെ സമീപിച്ചത്. ഏതാണ്ട് രണ്ടു ആഴ്ചകൾക്കു മുൻപ് മഷ്‌റൂം റോക്കിനു സമീപം ഏതാനും ജെ സി ബികൾ കാണാനിടയായ വിദ്യാർഥികൾ ഉടനടി പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തുടർന്ന് ഒരു പബ്ലിക് പെറ്റീഷൻ പ്രചരിക്കുകയും ചേഞ്ച്.ഓർഗ് എന്ന വെബ്‌സൈറ്റ് വഴി ഏതാണ്ട് അൻപത്തിരണ്ടായിരത്തോളം ആളുകൾ അതിൽ ഒപ്പു വെക്കുകയും ചെയ്യുകയുണ്ടായി. ജൈവവൈവിധ്യത്തെയും ലോലമായ പാരിസ്ഥിതിക ഇടത്തെയും ദോഷകരമായി ബാധിക്കുന്നതിനാല്‍ ലേലം ഉടൻ റദ്ദാക്കണമെന്ന് പ്രതിഷേധത്തിന് നേതൃത്വം നൽകിക്കൊണ്ട് വിദ്യാർത്ഥി യൂണിയൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ഹൈദരാബാദിന്റെ പ്രകൃതിദത്തമായ കാലാവസ്ഥയുടെ സന്തുലിതാവസ്ഥയെ നിയന്ത്രിക്കുകയും, നഗരത്തിലെ ഉയർന്ന താപനിലയുടെ പ്രത്യാഘാതങ്ങൾ കുറയ്ക്കുകയും ചുറ്റുമുള്ള പ്രദേശങ്ങളെ തണുപ്പിക്കുകയും ചെയ്യുന്ന പച്ചപ്പിന്റെ ഇടമാണ് ഇതെന്നതാണ് യാഥാർത്ഥ്യം. ‘സേവ് സിറ്റി ഫോറസ്റ്റ്’ എന്ന മുദ്രാവാക്യത്തോടുകൂടി വന്യജീവിസംരക്ഷകരും സമീപവാസികളും ഈ ഭൂമി സംരക്ഷിക്കപ്പെടേണ്ടതിന്റെ ആവശ്യകതയെപ്പറ്റി സംസാരിക്കുന്നുണ്ട്.
View this post on Instagram
വിദ്യാർത്ഥികൾ സമർപ്പിച്ച പെറ്റിഷന്റെ മേല്‍ ഹൈകോടതി വാദം കേള്‍ക്കുന്നതിനും അതിന്മേല്‍ വിധി വരുന്നതിനും മുൻപാണ് മാര്‍ച്ച് 29നു ഏതാണ്ട് ഇരുപതോളം മണ്ണുമാന്തികളുമായി മഷ്‌റൂം റോക്ക് പരിസരത്തെ കാട് വ്യാപകമായി വെട്ടിത്തെളിക്കാൻ സര്‍ക്കാര്‍ ആരംഭിച്ചത്. ഇത് അന്വേഷിക്കാൻ ചെന്ന ഏതാണ്ട് നാല്പത്തിയഞ്ചോളം വിദ്യാർത്ഥികളെ പോലീസ് ബലം പ്രയോഗിച്ച് അവിടെ നിന്നും നീക്കം ചെയ്യുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചെടുക്കുകയും മണിക്കൂറുകളോളം സ്റ്റേഷനിൽ തടഞ്ഞുവെയ്ക്കുകയുമാണ് ഉണ്ടായത്. രണ്ടു വിദ്യാർത്ഥികൾക്കെതിരെ എഫ്.ഐ.ആര്‍ രേഖപ്പെടുത്തിയിട്ടുമുണ്ട്.
തർക്കഭൂമിയിൽ ഇപ്പോഴും ജെ.സി.ബികൾ പ്രവർത്തിക്കുന്നുണ്ട്. രാത്രിയെന്നും പകലെന്നുമില്ലാതെ തെലങ്കാന സർക്കാറിന്റെ നേതൃത്വത്തിൽ നഗരത്തിന്റെ ഈ ശ്വാസകോശം പകുതിയോളം കാർന്നെടുത്തു കഴിഞ്ഞിരിക്കുന്നു. വിദ്യാർത്ഥികൾക്ക് ഇപ്പോൾ അങ്ങോട്ട് പ്രവേശനമില്ല. അവിടെ നിലനിന്ന വനപ്രദേശം ഇപ്പോൾ ഏതാണ്ട് നാമാവശേഷമാണ്. വികസനത്തിന്റെ പേരിൽ ഇവിടുത്തെ ഗവണ്മെന്റ് നടത്തുന്ന പ്രത്യക്ഷമായ ഈ പരിസ്ഥിതിനാശത്തിനെ ചെറുക്കാൻ കഴിയുന്നതെല്ലാം ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലെ സ്റ്റുഡന്റസ് യൂണിയൻ ചെയ്യുന്നുണ്ട്. മാർച്ച് 29 ന് ഉണ്ടായ സംഘർഷാവസ്ഥയ്ക്ക് ശേഷം ക്യാമ്പസ്സിലെ അന്തരീക്ഷം കലുഷിതമാണ്. കലാലയത്തിലെ എല്ലാ വിദ്യാർത്ഥിസംഘടനകളും ഒരുമിച്ചു വരികയും ഏപ്രിൽ 1 മുതൽ അനിശ്ചിതകാല സമരം പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ഈ അവസരത്തിൽ പൂർവ്വവിദ്യാര്ഥികളും സാമൂഹികപ്രവർത്തകരും അടക്കമുള്ളവരുടെ പിന്തുണ വിദ്യാര്‍ത്ഥികള്‍ക്ക് ആവശ്യമാണ്. ഈ നാനൂറു ഏക്കർ ഭൂമിയുടെ ലേലം നിർത്തി വെക്കുക, ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്ന വനഭൂമി നശിപ്പിക്കുന്ന പ്രവർത്തനങ്ങൾ നിർത്തലാക്കുക, പോലീസ് ക്യാമ്പസ് വിടുക, ഈ ഭൂമി യൂണിവേഴ്സിറ്റിയുടെ പേരിൽ രജിസ്റ്റർ ചെയ്യാനുള്ള നടപടികൾ സ്വീകരിക്കുക എന്നിവയാണ് വിദ്യാര്‍ഥികള്‍ മുന്നോട്ടു വയ്ക്കുന്ന ആവശ്യങ്ങള്‍.
വികസനത്തിന്റെ പേരിൽ നടക്കുന്ന ഈ റിയൽ എസ്റ്റേറ്റ് മാഫിയ പ്രവര്‍ത്തനം പ്രകൃതിക്കും മനുഷ്യരാശിക്കും ഒരുപോലെ അപകടകരമാണ്. ഇവിടെ വസിക്കുന്ന അനേകായിരം ജീവജാലങ്ങളുടെ ആവാസവ്യവസ്ഥ തകർക്കുക വഴി ഭാവിയിൽ വരാനിരിക്കുന്ന പ്രതിസന്ധികളെപ്പറ്റി ഓരോ വിദ്യാർത്ഥിക്കും ബോധ്യമുണ്ട്. യൂണിവേഴ്സിറ്റിയുടെ ഭാവിയിലെ വളർച്ചയ്ക്ക് കൂടി ഇത് ഒരു വിലങ്ങുതടി ആകുമെന്ന കാര്യത്തിൽ സംശയമില്ല. സർക്കാരിന്റെ അറിവോടും അംഗീകാരത്തോടുമുള്ള ഇത്തരത്തിലുള്ള ഭൂമി കയ്യേറ്റവും കച്ചവടവും ഒരു തുടർക്കഥയാവുമോ എന്ന ഭയം വിദ്യാർഥികൾക്കുണ്ട്. അതുപോലെ തന്നെ, ഒരു പൊതു സർവ്വകലാശാലയുടെ മൗലികമായ നിലനില്പിനെ ചോദ്യം ചെയ്യുന്ന ഇത്തരം പ്രവർത്തനങ്ങൾ ഉന്നതവിദ്യാഭ്യാസത്തിന്റെ ഗുണമേന്മയേയും പ്രതികൂലമായി ബാധിച്ചേക്കാം. അതിൽ യൂണിവേഴ്സിറ്റിയുടെ അടിസ്ഥാനസൗകര്യങ്ങളുടെ വികസനവും പുതിയ ഗവേഷണകേന്ദ്രങ്ങളുടെ വരവും അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെടും.
വികസനം നടപ്പിലാക്കുമ്പോള്‍ രാജ്യത്തെ സർക്കാരുകൾ പ്രകൃതിയേയും അവിടെയുള്ള ജീവജാലങ്ങളെയും പറ്റിയും ഒരിക്കലും ഓര്‍ക്കാറില്ല എന്നതിന് ഏറ്റവും പുതിയ ഉദാഹരണമാണ് കാഞ്ച ഗച്ചിബൗളി ഭൂമിയുടെ ഈ ലേലം. പെട്ടെന്നുള്ള ലാഭം കൊയ്യാനുള്ള തെറ്റായ മുൻഗണനാക്രമമാണ് സർക്കാറിന്റെ നടപടികൾ.
നിലവിൽ വനനശീകരണം തടഞ്ഞുകൊണ്ട് താൽക്കാലികമായ ഒരു സ്റ്റേ ഹൈക്കോടതി ഏർപ്പെടുത്തിയിട്ടുണ്ട് എന്നത് ആശാവഹമാണ്. എങ്കിലും തുടർവിസ്താരങ്ങളിൽ എത്രമാത്രം നീതിപൂർവമായിരിക്കും തീരുമാനങ്ങൾ എന്ന് കാത്തിരുന്നു കാണേണ്ടിയിരിക്കുന്നു. പ്രധാനപ്പെട്ട ഒരു നഗരപ്രാന്തത്തിലെ വളരെ പ്രധാനപ്പെട്ട ഈ ആവാസവ്യവസ്ഥയെ സംരക്ഷിക്കേണ്ടത് ഒരു ആവശ്യമല്ല, അനിവാര്യതയാണ് എന്ന ബോദ്ധ്യം നിയമസംവിധാനത്തിന് ഉണ്ടാവുമെന്ന് പ്രതീക്ഷിക്കാം.
Save the land