തുടർച്ചയായി രണ്ടാമത്തെ പൊതു തിരഞ്ഞെടുപ്പിലും നരേന്ദ്രമോദി നയിച്ച ഭാരതീയ ജനതാ പാർട്ടിയിൽ നിന്ന് തകർപ്പൻ പരാജയം കോൺഗ്രസ് ഏറ്റുവാങ്ങിയത് 2019 മെയ് മാസത്തിൽ ആയിരുന്നു. ആ വലിയ തോൽവി സംഭവിച്ച് ഏതാനും ആഴ്ചകൾ കഴിഞ്ഞപ്പോൾ പാർലമെൻറ് സമുച്ചയത്തിലെ കോൺഗ്രസ് പാർലമെൻററി പാർട്ടി ഓഫീസിന് സമീപം രാഹുൽ ഗാന്ധിയെ ഒരു സംഘം പത്രപ്രവർത്തകർ കണ്ടുമുട്ടി. അക്കൂട്ടത്തിൽ ഞാനും ഉണ്ടായിരുന്നു. തുടർന്നുണ്ടായ സംഭാഷണം ഹൃസ്വവും അനൗപചാരികവും ആയിരുന്നുവെങ്കിലും സാരവത്തായിരുന്നു.
താനും തന്റെ പാർട്ടിയും സമർപ്പിത ബുദ്ധിയോടെ, തങ്ങളുടെ കഴിവിന്റെ പരമാവധി അധ്വാനിച്ചുവെങ്കിലും രാജ്യത്തിനാവശ്യമായ ആ വലിയ മാറ്റം കൊണ്ടുവരാൻ മതിയാകാതെ വന്നു എന്നാണ് രാഹുൽ ഗാന്ധി ആ സംസാരത്തിനിടെ പറഞ്ഞ ഒരു പ്രധാന കാര്യം. അങ്ങനെ ഒരു വാചകം പറഞ്ഞു കേട്ടപ്പോൾ രാഹുൽ ഗാന്ധി ആവശ്യപ്പെട്ടില്ലെങ്കിലും, പറയാനുള്ള അർഹതയൊന്നും എനിക്കില്ലെങ്കിലും ഏകപക്ഷീയമായ ഒരു ഉപദേശം ഞാൻ മുന്നോട്ടുവച്ചു. അത് ഇങനെയായിരുന്നു, “ഉമ്മൻചാണ്ടിയെ കേന്ദ്ര കോൺഗ്രസ് നേതൃനിരയിൽ ഒരു സവിശേഷ പദവിയോടെ അവരോധിക്കുക. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള കോൺഗ്രസ് നേതാക്കളെ സംഘടനാ തലത്തിൽ ചില ഉന്തലിനും തള്ളലിനും വിധേയരാക്കി ഉഷാറാക്കാൻ അദ്ദേഹത്തെ അനുവദിക്കുക. രാജ്യം മുഴുവനായുള്ള നിങ്ങളുടെ സംഘടനാ ഘടകങ്ങൾക്ക് അദ്ദേഹം ഒരു പുതുജീവൻ നൽകും. അദ്ദേഹം ഉറങ്ങുകയില്ല. മറ്റു നേതാക്കളെ ഉറങ്ങാൻ അനുവദിക്കുകയുമില്ല.” രാഹുൽ ഗാന്ധി വെറുതെ ഒന്ന് ചിരിച്ചിട്ട് മറ്റൊരു വിഷയത്തിലേക്കു പോയി.
ഉമ്മൻ ചാണ്ടിയുടെ ഒരു അടുത്ത സഹപ്രവർത്തകൻ മുഖേന രാഹുൽ ഗാന്ധിയോടുള്ള എന്റെ ഈ ‘സന്ദേശ’ത്തെ പറ്റി ഞാൻ അദ്ദേഹത്തിന് വിവരം നൽകി. ഉമ്മൻ ചാണ്ടിയും ആദൃം ഒരു ചിരിയോടെ കേൾക്കുക മാത്രമാണ് ചെയ്തതെന്ന് സഹപ്രവർത്തകൻ പറഞ്ഞു. പക്ഷേ അല്പം കഴിഞ്ഞപ്പോൾ തനിക്ക് അങ്ങനെയൊരു അവസരം ലഭിച്ചാൽ ആ വെല്ലുവിളിക്കൊത്ത് ഉയരാൻ കഴിയും എന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചതായും ആ സുഹൃത്ത് സൂചിപ്പിച്ചു. പിന്നീടുള്ള ദിവസങ്ങളിലും മാസങ്ങളിലും പലപ്പോഴും കേന്ദ്രത്തിലെ കോൺഗ്രസിനകത്ത് തനിക്ക് ചെയ്യാൻ പറ്റുന്ന സംഘടനാപരമായ കാര്യങ്ങളെക്കുറിച്ച്, അതിന്റെ സാധ്യതകളെക്കുറിച്ച് ഉമ്മൻചാണ്ടി സംസാരിക്കുകയുണ്ടായി എന്നും ആ സുഹൃത്ത് പിൽക്കാലത്ത് എന്നോട് പറയുകയുണ്ടായി. പല തലങ്ങളിലും ആ സംഭാഷണങ്ങൾ ഉമ്മൻചാണ്ടി തനിക്ക് തന്നെ നൽകിയ ഒരു സംഘടനാപരമായ വാഗ്ദാനമായാണ് പ്രതിഫലിച്ചിരുന്നത് എന്ന് ആ സുഹൃത്ത് എന്നോട് പറഞ്ഞിരുന്നു. എന്നാൽ പല കാരണങ്ങളാൽ, പ്രത്യേകിച്ചും അദ്ദേഹത്തിന്റെ ആരോഗ്യസ്ഥിതി മൂലം, കഴിഞ്ഞ നാല് വർഷങ്ങളിൽ ആ വാഗ്ദാനം സ്വയം നിറവേറ്റാൻ അദ്ദേഹത്തിനായില്ല. കേരളത്തിന്റെ മുൻ മുഖ്യമന്ത്രിയുടെ സംഘടനാ വ്യക്തിത്വത്തെ പ്രതിഫലിപ്പിക്കുന്ന ഒരു സംക്ഷിപ്ത പ്രസ്താവനയാണ് അന്ന് രാഹുൽ ഗാന്ധിയോട് അധികമൊന്നും ആലോചിക്കാതെ ഞാൻ നടത്തിയതെന്ന് പിന്നീട് പലപ്പോഴും എനിക്ക് തോന്നി. ആറു ദശകങ്ങൾ നീണ്ട ഉമ്മൻ ചാണ്ടിയുടെ ബൃഹത്തായ രാഷ്ട്രീയ ജീവിതത്തിൽ 24 മണിക്കൂറൂം ഏഴു ദിനവും ജനങ്ങളുമായി സദാ ബന്ധപ്പെട്ടുകൊണ്ടേയിരിക്കുക എന്നതായിരുന്നു ആധാരശില എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. ഒരു തരത്തിൽ പറഞ്ഞാൽ ജീവിതമന്ത്രം തന്നെ. മനുഷ്യസാധ്യമല്ല എന്ന് തോന്നിക്കുന്നത്രയും മണിക്കൂറുകൾ ദിവസവും ജോലി ചെയ്തുകൊണ്ടിരിക്കാനുള്ള ഉമ്മൻ ചാണ്ടിയുടെ അസാധാരണമായ കഴിവ് സഹപ്രവർത്തകരായ രാഷ്ട്രീയക്കാരെയും, രാഷ്ട്രീയ നിരീക്ഷകരെയും, മാധ്യമപ്രവർത്തകരെയും അമ്പരപ്പിച്ചിട്ടുണ്ട്.
ജനങ്ങളുമായി ഇടപെടുകയും സംസാരിക്കുകയും ചെയ്തുകൊണ്ട് ഒരേ നിൽപ്പിൽ പത്തു മണിക്കൂർ നേരം ഉമ്മൻചാണ്ടി നിൽക്കുന്നതിന്റെ ദൃക്‌സാക്ഷി വിവരണം അദ്ദേഹത്തിന്റെ ബദ്ധ ശത്രുക്കളായ കമ്മ്യുണിസ്റ്റ് പാർട്ടി നേതാക്കൾ ഉൾപ്പെടെ, പല പാർട്ടിക്കാരായ മുതിർന്ന രാഷ്ട്രീയ പ്രവർത്തകർ അനവധിപേർ നടത്തിയിട്ടുണ്ട്. ജോലിയിലെ ഈ നിഷ്ഠയുടെ പശ്ചാത്തലത്തിൽ, എന്റെ ഒരു സഹ മാധ്യമപ്രവർത്തകൻ പലതവണ പറഞ്ഞു, ഉമ്മൻചാണ്ടിയുമായുള്ള ഔദ്യോഗികതലത്തിൽ നടന്ന അവിശ്വസനീയമായ ഒരു കണ്ടുമുട്ടലിനെപ്പറ്റി.
അന്ന് ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരുന്നു. എന്റെ സുഹൃത്തായ മാധ്യമപ്രവർത്തകൻ പത്രപ്രവർത്തക യൂണിയന്റെ ഭാരവാഹിയായി തെരഞ്ഞെടുക്കപ്പെട്ടിട്ടേ ഉണ്ടായിരുന്നുള്ളൂ. ഒരു ഔദ്യോഗിക കാര്യം ചർച്ച ചെയ്യാൻ മുഖ്യമന്ത്രിയെ കാണാനുള്ള സമയം ആവശൃപ്പെടേണ്ടി വന്നു. കേരളത്തിലെ ഒരു ജില്ലയിൽ ജേണലിസ്റ്റ്സ് യൂണിയൻ ഒരു കെട്ടിടം പണിയുന്നുണ്ടായിരുന്നു, അതിനു ചില കടലാസുകൾ നീങ്ങിക്കിട്ടണം.
മുഖ്യമന്ത്രിയുടെ കൂടിക്കാഴ്ച അനുവദിച്ചു കൊണ്ടുള്ള മറുപടി വന്നപ്പോൾ അതൊരു തമാശയാണ് എന്നാണ് മാധ്യമപ്രവർത്തക സുഹൃത്തിനും അദ്ദേഹത്തിൻറെ കൂടെ പ്രവർത്തിച്ചിരുന്ന മറ്റു പത്രപ്രവർത്തകർക്കും തോന്നിയത്. ഒരു നിശ്ചിത ദിവസം പുലർച്ചെ നാലുമണിക്ക് മധ്യകേരളത്തിലെ ഷൊർണൂർ ജംഗ്ഷനിൽ എത്തുന്ന ഒരു തീവണ്ടിയിൽ ആണ് കൂടിക്കാഴ്ച എന്നായിരുന്നു അറിയിപ്പ്. ഇതൊരു നടക്കാത്ത കൂടിക്കാഴ്ച ആവാനാണ് സാധ്യത എന്ന് എന്റെ മാധ്യമപ്രവർത്തക സുഹൃത്തിനും അദ്ദേഹത്തിന്റെ സഹപ്രവർത്തകർക്കും സ്വാഭാവികമായും തോന്നി. ഇത്തരമൊരു സമയത്ത് തീവണ്ടി യാത്രയ്ക്കിടയിൽ മുഖ്യമന്ത്രി തീർച്ചയായും ഉറക്കമായിരിക്കും എന്ന് അവർ ഉറപ്പിച്ചിരുന്നു.
എന്തായാലും അറിയിപ്പ് വന്നതല്ലേ ഒന്ന് ശ്രമിച്ചു നോക്കാം എന്ന് കരുതി അവർ പറഞ്ഞ സമയത്ത് റെയിൽവേ സ്റ്റേഷനിൽ എത്തി. ആ പ്ലാറ്റ്ഫോമിൽ അവരെ കാത്തിരുന്നത് അവരുടെ ജീവിതത്തിലെ തന്നെ ഏറ്റവും വലിയ അതിശയമായിരുന്നു. വണ്ടി സ്റ്റേഷനിൽ എത്തിയപ്പോൾ അവർക്ക് വേണ്ടി കമ്പാർട്ട്മെന്റിന്റെ വാതിൽ തുറന്നു കൊടുത്തത് തന്നെ മുഖ്യമന്ത്രിയായിരുന്നു. അദ്ദേഹം ഉറങ്ങുകയായിരുന്നില്ല എന്നു മാത്രമല്ല നല്ലവണ്ണം ഉണർന്നിരിക്കുകയായിരുന്നു, പ്രസന്ന വദനനായി. ഷൊർണൂരിൽ നിന്ന് മുന്നോട്ടുള്ള ഒന്നരമണിക്കൂർ യാത്രയിൽ പത്രപ്രവർത്തക യൂണിയന്റെ പ്രശ്നങ്ങൾ സമഗ്രമായി ചർച്ച ചെയ്യപ്പെട്ടു. കാര്യങ്ങൾക്ക് പരിഹാരമായി. കുറച്ചു മാസങ്ങൾക്കകം യൂണിയന്റെ പദ്ധതി സുഗമമായി മുന്നോട്ടു പോവുകയും ചെയ്തു.
അത്ഭുതകരമായ ഈ ചാണ്ടി സ്റ്റൈൽ പ്രവർത്തനരീതിയെ പറ്റി കോൺഗ്രസ്സിലെ പല ദേശീയ നേതാക്കൾക്ക് മാത്രമല്ല, ഉത്തരേന്ത്യയിലെ പ്രാദേശിക പാർട്ടികളായ സമാജ് വാദി പാർട്ടി, രാഷ്ട്രീയ ജനതാ ദൾ, ജനതാ ദൾ യുണൈറ്റഡ് എന്നിവയുടെ നേതാക്കൾക്കും അറിയാമായിരുന്നു. റാം കൃപാൽ സിങ്ങിനെയും, പ്രമോദ് തിവാരിയെയും പോലുള്ള ഉത്തർപ്രദേശിലെ കോൺഗ്രസ്സിന്റെ മുതിർന്ന നേതാക്കൾ അതിനെ, “കോൺഗ്രസ് രാഷ്ട്രീയത്തിലെ വളരെക്കാലമായുള്ള കേരള സ്പർശത്തിലേക്ക് ഉമ്മൻചാണ്ടിയുടെ മൂല്യ വർധിത സംഭാവന” എന്ന് വിളിച്ചു. ഇന്ദിരാ ഗാന്ധിയുടെ സംഘടനാ ചുമതലയുടെ ഒരു ഘട്ടത്തിൽ, എ. കെ. ആന്റണിയെയും, ഉമ്മൻചാണ്ടിയെയും, വയലാർ രവിയേയും പോലുള്ള കേരളത്തിൽ നിന്നുള്ള യുവനേതാക്കൾ എങ്ങനെയാണ് കോൺഗ്രസ്സിന്റെ കേന്ദ്ര നേതൃത്വത്തിൽ സുപ്രധാന സ്ഥാനങ്ങൾ വഹിച്ചിരുന്നത് എന്ന് ഈ പഴയകാലനേതാക്കൾ ഓർത്തിരിക്കുന്നുണ്ടായിരുന്നു. കോൺഗ്രസ് എന്ന പഴയ പ്രോജ്വല പാർട്ടിയിൽ ആ കാലഘട്ടത്തെ അവർ സർഗ്ഗാത്മകതയുടെ കാലമായി കണക്കാക്കി.
ആ പഴയ നേതാക്കളുടെ കാഴ്ചപ്പാടിൽ സമകാലിക ദേശീയ രാഷ്ട്രീയത്തിൽ ഉമ്മൻചാണ്ടിയും ഇപ്പോഴത്തെ കോൺഗ്രസ് പ്രവർത്തക സമിതിയിലെ സംഘടനാ ചുമതലയുള്ള സെക്രട്ടറി കെ.സി. വേണുഗോപാലുമാണ് ഇപ്പോൾ ആ കേരള സ്പർശത്തെ പ്രതിനിധീകരിക്കുന്നത്. ശ്രദ്ധേയമായ മറ്റൊരു കാര്യം, കെ.സി.വേണുഗോപാൽ സ്വയം ഉമ്മൻചാണ്ടിയുടെ ഒരു പിൻഗാമിയായി കണക്കാക്കുന്നു എന്നതാണ്. രണ്ടു തവണ കേരള മുഖ്യമന്ത്രി ആയപ്പോഴും ഇന്ത്യയുടെ പല ഭാഗങ്ങളിലെ കോൺഗ്രസ് പ്രവർത്തകരെയും, ഒപ്പം ഇന്ത്യയിലെ പല തട്ടിലുള്ള രാഷ്ട്രീയ മനസ്സിനെ പൊതുവായും, ഉമ്മൻചാണ്ടിയുടെ രാഷ്ട്രീയ വ്യക്തിത്വം ആകർഷിക്കുകയും, ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തിരുന്നുവെന്ന് റാം കൃപാൽ സിങ്ങും, പ്രമോദ് തിവാരിയും ‘ദി ഐഡ’ത്തോട് പറഞ്ഞു.
2004ൽ മുഖ്യമന്ത്രിയായ സമയത്താണ് ഇതിന്റെ തുടക്കം. 2004 ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസ്സിന് കേരളത്തിൽ സംഭവിച്ച പൂർണ്ണമായ വിനാശത്തിനുശേഷം എ.കെ. ആന്റണിയെ പോലെ ഒരു നേതാവിനെ മാറ്റിക്കൊണ്ട് ഉമ്മൻചാണ്ടി മുഖ്യമന്ത്രിയാവാൻ തെരഞ്ഞെടുക്കപ്പെട്ടു എന്നത് തന്നെ ദേശീയ തലത്തിൽ കൗതുകം ഉണർത്തിയിരുന്നു. 2006 വരെയുള്ള അദ്ദേഹത്തിന്റെ മുഖ്യമന്ത്രി കാലഘട്ടത്തിൽ ഈ കൗതുകം വളർന്നു. “2011ൽ ആരംഭിച്ച അദ്ദേഹത്തിന്റെ മുഖ്യമന്ത്രിയായുള്ള രണ്ടാമത്തെ ടേമിൽ ഈ താൽപ്പര്യം കൂടുതൽ ഉയരത്തിലെത്തി,” റാം കൃപാൽ സിങ് ‘ദി ഐഡ’ത്തോട് പറഞ്ഞു.
ഉമ്മൻചാണ്ടിയുടെ ക്ഷീണം ബാധിക്കാത്ത രാഷ്ട്രീയ ചടുലതയും ഊർജ്ജവും പുതിയ കാലത്തിനാവശ്യമായ തീക്ഷ്ണമായ രാഷ്ട്രീയ ഇടപെടൽ ശൈലി എന്ന രീതിയിൽ തന്നെ ചർച്ച ചെയ്യപ്പെട്ടിരുന്നു. കോൺഗ്രസ്സിൽ നിന്ന് രാഷ്ട്രീയമായും, പ്രത്യയശാസ്ത്രപരമായും വളരെ അകലെ നിൽക്കുന്ന സമാജ് വാദി പാർട്ടി നേതാവ് അഖിലേഷ് യാദവിനെ പോലുള്ള രാഷ്ട്രീയ നേതാക്കൾ പോലും ഉമ്മൻചാണ്ടിയുടെ ഈ പ്രഭാവത്തെ പറ്റി ഈ ലേഖകനോട് വ്യക്തിപരമായി സംസാരിച്ചിട്ടുണ്ട്.
എന്നാൽ, വിശാലമായ മറ്റൊരു രാഷ്ട്രീയ പശ്ചാത്തലത്തിൽ, ഉമ്മൻചാണ്ടിയുടെ പ്രത്യയശാസ്ത്ര സമീപനത്തെയും, പ്രതിബദ്ധതയെയും പറ്റി ചോദ്യങ്ങൾ ഉയർന്നിട്ടുമുണ്ട്. അദ്ദേഹം മുഖ്യമന്ത്രിയായിരുന്നപ്പോൾ വളരെ നേരിട്ടുള്ള ഒരു ചോദ്യം ഈ ലേഖകൻ തന്നെ ഒരിക്കൽ ഉന്നയിച്ചിരുന്നു. ഇടത്, വലത്, മദ്ധ്യം, എന്നീ തരംതിരിവുകളിൽ താൻ വിശ്വസിക്കുന്നില്ലെന്നും, തന്റെ അടിസ്ഥാന പ്രത്യയശാസ്ത്രം ജനങ്ങളുടെ ക്ഷേമവും, സമഗ്രമായ വികസനവുമാണെന്നും അന്നദ്ദേഹം മറുപടി പറഞ്ഞു. ഇത് കേട്ടിരുന്ന പല രാഷ്ട്രീയ നിരീക്ഷകരും, മാധ്യമപ്രവർത്തകരും അതിനെ വിലയിരുത്തിയത് ആ നേതാവ് നടത്തിയ ആലോചനയില്ലാത്ത ഒരു സാമാന്യവത്കരണം ആയിട്ടാണ്.
ഈ വിമർശനം നിലനിൽക്കെ തന്നെ, നയപരമായ വിഷയങ്ങളിൽ മുഖ്യമന്ത്രി എന്ന നിലയിൽ ഉമ്മൻചാണ്ടി നടപ്പാക്കിയ പല കാര്യങ്ങളും പ്രത്യയശാസ്ത്രപരമായി കൂടുതൽ കെട്ടുറപ്പുള്ള ഒരു രാഷ്ട്രീയ പദ്ധതിയായി വളരാൻ കെൽപ്പുള്ളവ തന്നെ ആയിരുന്നുവെന്ന് അംഗീകരിക്കുന്നുണ്ട്. തീർച്ചയായും, അവയിലൂടെ സുബദ്ധമായ ഒരു പ്രത്യയശാസ്ത്ര നിലപാട് ഉരുത്തിരിഞ്ഞുവരാൻ തടസ്സമായി നിന്ന പല ഘടകങ്ങളും ഒപ്പം ഉണ്ടായിരുന്നു.
ഇന്നത്തെ കേരളം, ഏറിയും കുറഞ്ഞും, ഈ ജനസമൂഹം അർഹിക്കുന്ന വിധത്തിൽ പക്വത കൈവരിച്ച രാഷ്ട്രീയ നേതാക്കളെ സൃഷ്ടിക്കുന്നില്ല എന്നൊരു പൊതു അഭിപ്രായം ഉണ്ട്. കേരള വികസന മാതൃകയെ വാനോളം പുകഴ്ത്തുന്ന ഗവേഷകരും, ധൈഷണികചിന്തകരും പോലും ഈ അഭിപ്രായം പങ്കുവെക്കുന്നുണ്ട്. മാറുന്ന ലോകത്തിലേക്ക് കേരളത്തെ ഇണക്കി ചേർക്കാൻ കൂടുതൽ സുചിന്തിതമായ രാഷ്ട്രീയവും, സർഗ്ഗാത്മകതയും, വേറിട്ട പരീക്ഷണങ്ങളും ആവശ്യമാണെന്നത് വ്യക്തം.
ഒരുപക്ഷെ ഉമ്മൻചാണ്ടിയുടെ വിയോഗം, വരും നാളുകളിൽ ഈ വിഷയത്തിൽ കൂടുതൽ ആഴത്തിലുള്ളതും, ആത്മാർത്ഥവുമായ, വിശാലമായ ചർച്ചകൾക്ക് വഴിവെച്ചേക്കാം. അത്തരം ചർച്ചകൾക്കായി കാത്തിരിക്കുമ്പോൾ തന്നെ നമുക്കറിയാം, ഉമ്മൻചാണ്ടി ദേശീയ തലത്തിൽ കോൺഗ്രസ് രാഷ്ട്രീയത്തിലെ കേരള സ്പർശം വീണ്ടും ശ്രദ്ധേയമാക്കുന്നതിലും, ഒപ്പം വളരെ ഉയർന്ന ഫലസാധ്യതയുള്ള പ്രയോഗപദ്ധതിയുടെ പ്രയോക്താവ് എന്ന നിലയിലും വഹിച്ച പങ്ക് നിഷേധിക്കാനാവില്ല. അതിന്റെ കൂടി പശ്ചാത്തലത്തിൽ, ദേശീയ തലത്തിൽ കോൺഗ്രസ്സിനകത്തേക്ക് കൂടുതൽ ഊർജ്ജം പ്രസരിപ്പിക്കുക എന്ന, ഉമ്മൻചാണ്ടി സ്വയം നൽകിയ ആ വാഗ്ദാനം നിറവേറ്റപ്പെടാതെ പോയി എന്നത്, അദ്ദേഹത്തിന്റെ അനുയായികളെയും, സുഹൃത്തുക്കളെയും വല്ലാതെ വേദനിപ്പിക്കുക തന്നെ ചെയ്യും.