A Unique Multilingual Media Platform

The AIDEM

Articles Memoir National Politics Social Justice

അനിതരസാധാരണം, അതാണ് നരിമാനുള്ള പദം

  • February 23, 2024
  • 1 min read
അനിതരസാധാരണം, അതാണ് നരിമാനുള്ള പദം

കഴിഞ്ഞ ദിവസം (21-02-2024) നമ്മെ വിട്ടുപിരിഞ്ഞ ഫാലി എസ് നരിമാനെ (96) കുറിച്ച്…


2024 ഫെബ്രുവരി 9ന് നടന്ന ഇന്റർനാഷണൽ പ്രെസ്സ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ അവാർഡ് ദാനചടങ്ങിൽ ഞാൻ പങ്കെടുക്കാനുള്ള ഒരു പ്രധാന കാരണം മുഖ്യാതിഥിയായ ഫാലി എസ് നരിമാനെ കേൾക്കുക എന്നതായിരുന്നു. ഒരിക്കൽ പവിത്രമായി കണ്ടിരുന്ന അഭിപ്രായ സ്വാതന്ത്ര്യം ഭീഷണി നേരിടുന്ന കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത് എന്ന് അദ്ദേഹം ആ യോഗത്തിൽ എടുത്ത് പറഞ്ഞു. നമ്മുടെ ചിന്തകളെ പോലും ഭരണകൂടം നിയന്ത്രിക്കുന്ന ഒരു കാലത്ത് തനിക്ക് ജീവിക്കേണ്ടിവരില്ല എന്ന് അദ്ദേഹത്തിന് നല്ല ആത്മവിശ്വാസമുണ്ടായിരുന്നു. പറഞ്ഞതുപോലെ തന്നെ, എല്ലാ കാലത്തും നീതി നിലനിൽക്കുന്ന ഒരു ലോകത്തേക്ക് അദ്ദേഹം യാത്രയായി.

കാൽനൂറ്റാണ്ടിനു മുമ്പാണ്, ‘ഇന്ത്യൻ കറന്റ്സി’ലെ ഫാദർ സേവ്യർ വടക്കേക്കര ഇന്ത്യൻ മതനിരപേക്ഷതയെക്കുറിച്ചുള്ള ഒരു സെമിനാറിൽ ക്രിസ്തു മതത്തെ പ്രതിനിധീകരിച്ചുകൊണ്ട് പങ്കെടുക്കുവാൻ എന്നെ ക്ഷണിച്ചത്. പൊതുപരിപാടികളിൽ പങ്കെടുക്കുന്നതിലുള്ള ഇഷ്ടത്തെക്കാളേറെ അദ്ദേഹത്തോടുള്ള ആദരസൂചകമായാണ് ഞാൻ ആ ക്ഷണം സ്വീകരിച്ചത്. മറ്റു മതങ്ങളെയും വിശ്വാസങ്ങളെയും പ്രതിനിധീകരിക്കുന്ന പണ്ഡിതന്മാരായ ഇമാംമാരുടെയും പണ്ഡിറ്റ്‌കളുടെയും ഇടയിൽ 2000 വർഷത്തോളം പാരമ്പര്യമുള്ള, ഇന്ത്യയിൽ 40 മില്യൺ ജനങ്ങൾ വിശ്വസിക്കുന്ന ക്രിസ്തു മതത്തെ പ്രതിനിധീകരിക്കാൻ ഞാൻ ഏറ്റവും കുറവ് മാത്രം യോഗ്യത ഉള്ളയാളായി തോന്നി.

രാഷ്ട്രപതി എപിജെ അബ്ദുൾ കലാമിൽ നിന്ന് ഫാലി എസ് നരിമാൻ പത്മവിഭൂഷൺ ഏറ്റുവാങ്ങുന്നു

ന്യൂ ഡൽഹിയിലെ സെന്റ് കൊളംബസ് സ്കൂളിൽ നടന്ന ആ സെമിനാറിനെക്കുറിച്ച്, അതിന്റെ വിശദശാംശങ്ങളെ കുറിച്ച്, എനിക്ക് അധികം ഓർമയില്ല. എന്നാൽ അന്നത്തെ പരിപാടിയിൽ മുഖ്യാതിഥിയായി പങ്കെടുത്ത നരിമാന്റെ പ്രസംഗം ഞാൻ വ്യക്തമായി ഓർമിക്കുന്നു. വെറുതെ എന്തെങ്കിലും ഒക്കെ പറഞ്ഞു പോകുന്നവരിൽ നിന്നും വ്യത്യസ്തമായി എഴുതി തയ്യാറാക്കിയ ഒരു പ്രസംഗവുമായാണ് അദ്ദേഹം വന്നത്. മതനിരപേക്ഷ ഇന്ത്യയിൽ ഒരു ഇന്ത്യക്കാരനായി ജീവിക്കുന്നതിൽ താൻ എത്ര അഭിമാനിക്കുന്നു എന്ന് അദ്ദേഹം വാചാലനായി. പ്രസംഗ പീഠത്തിൽ വീശിയടിച്ച ഫാനിന്റെ കാറ്റ് പെട്ടെന്ന് അദ്ദേഹത്തിന്റെ കടലാസുകൾ പറപ്പിച്ചു കളഞ്ഞു. ഞങ്ങളിൽ ഒരാൾ പറന്നുപോയ കടലാസ്സുകൾ എടുത്ത് കൃത്യമായി അടുക്കി വയ്ക്കുമ്പോഴേക്കും അദ്ദേഹം കുറിപ്പുകളില്ലാതെ തന്നെ തന്റെ പ്രസംഗം തുടർന്നു.

സുപ്രീംകോടതി വിധി പറഞ്ഞ ഒരു കേസിനെ കുറിച്ച് ആ പ്രസംഗത്തിൽ അദ്ദേഹം പരാമർശിച്ചു. കേരളത്തിൽ യഹോവ സാക്ഷികളുടെ വിഭാഗത്തിൽപ്പെടുന്ന ഒരു സ്കൂൾകുട്ടി ദേശീയ ഗാനം പാടാൻ വിസമ്മതിച്ചതാണ് കേസ്. ആ കുട്ടിയുടെ മതവിശ്വാസം

തങ്ങളുടെ ദൈവത്തെ അല്ലാതെ മറ്റാരെയും വാഴ്ത്തി പാടുന്നത് അംഗീകരിക്കുന്നില്ല. ബന്ധപ്പെട്ട അധികാരികൾ ആ കുട്ടിയെ സ്കൂളിൽ നിന്നും പുറത്താക്കി. ഒടുവിൽ കേസ് മേൽകോടതിയിൽ എത്തി. മറ്റെല്ലാ കുട്ടികളെയും പോലെ തന്നെ ദേശീയ ഗാനം ആലപിക്കുമ്പോൾ ഈ കുട്ടിയും എഴുന്നേറ്റ് നിൽക്കുകയും ദേശീയ ഗാനത്തോടോ അത് പാടുന്നതിനോടോ യാതൊരു തരത്തിലുള്ള അനാദരവും കാണിക്കുകയോ ചെയ്തിട്ടില്ല എന്ന് കോടതി വിലയിരുത്തി. സ്കൂളിൽ പഠിക്കണമെന്ന കുട്ടിയുടെ അപേക്ഷ ശരി വയ്ക്കുകയും ചെയ്തു.

ന്യൂനപക്ഷങ്ങൾ കൂടുതലായി ഉണ്ടായിരുന്ന ആ സദസ്സിൽ ഈ കഥ ചെലുത്തിയ സ്വാധീനം അത് കണ്ടാലല്ലാതെ നിങ്ങൾക്ക് മനസ്സിലാവുകയില്ല. അവർക്ക് അറിയാം നരിമാൻ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നാണ് അത് സംസാരിച്ചതെന്ന്. അദ്ദേഹവും ഒരു ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള ആളാണ്. തികച്ചും നിസാരമായ, മൈക്രോസ്കോപ്പിക്കായ ഒരു ന്യൂനപക്ഷം. മൗലികവാദികൾ രാജ്യത്തിന്റെ മതനിരപേക്ഷ സ്വഭാവത്തിന് ഏൽപ്പിക്കുന്ന ഭീഷണികളെ കുറിച്ച് സെമിനാറിന്റെ സംഘാടകരെ പോലെ അദ്ദേഹവും വ്യാകുലനായിരുന്നു. ജോൺ ദയാൽ പറഞ്ഞതുപോലെ “ആ പ്രസംഗം തയ്യാറാക്കുന്നതിന് മണിക്കൂറുകൾ ചിലവഴിക്കുന്നതിന് പകരം പുതിയൊരു കേസ് എടുക്കുകയായിരുന്നു എങ്കിൽ ആ സമയത്തിനുള്ളിൽ അദ്ദേഹത്തിന് ഏതാനും ലക്ഷങ്ങൾ സ്വരൂപിക്കാമായിരുന്നു”. മതനിരപേക്ഷതയെക്കാൾ മറ്റൊന്നും തനിക്ക് വലുതല്ല എന്ന് അദ്ദേഹത്തിന് അറിയാമായിരുന്നു. അതുകൊണ്ടാണ് ആ മധ്യാഹ്നം മുഴുവൻ അദ്ദേഹം ഞങ്ങളോടൊപ്പം ചിലവഴിച്ചത്. വിവിധ മതങ്ങളിൽ ദിനോസറുകളുടെ സംഖ്യ വർധിക്കുന്നതിന്റെ പേടിപ്പെടുത്തുന്ന വേഗതയെക്കുറിച്ച് ഉച്ചത്തിൽ ചിന്തിച്ചത്.

ഒരു മതത്തിലെ ഡിനോസറുകൾ മറ്റൊരു മതത്തിൽ അവയുടെ പ്രജനനത്തിന് വഴിവയ്ക്കുന്നതിനെക്കുറിച്ച് വളരെ രസകരമായി അദ്ദേഹം കോറിയിട്ടു. വലിയൊരു ഉൽക്കാപതനമാണ് ദിനോസറുകൾ ഭൂമിയിൽ നിന്ന് അപ്രത്യക്ഷമാകാൻ കാരണമെന്നാണ് ശാസ്ത്രജ്ഞന്മാർ പറയുന്നത്. അങ്ങനെയാണ് എങ്കിൽ ആ ഉൽക്ക ദൈവത്തിന്റെ പ്രതീകാത്മകമായ ഉഗ്രകോപമായിട്ടാണ് ഞാൻ കരുതുന്നത്. ഈ പശ്ചാത്തലത്തിൽ, ‘ഓർമ്മകൾ മായുന്നതിനു മുൻപ്’ എന്ന തന്റെ ആത്മകഥ നരിമാൻ ഇങ്ങനെ അവസാനിപ്പിച്ചതിൽ അത്ഭുതപ്പെടാനില്ല: “ഞാൻ ഈ രാജ്യത്ത് ജീവിച്ചത് ഭൂരിപക്ഷത്തിന്റെ എന്തെങ്കിലും പ്രത്യേക സമ്മതത്തോടെയാണ് എന്ന് ഞാൻ കരുതിയിട്ടേയില്ല. ഭൂരിപക്ഷത്തെപ്പോലെ തന്നെ ന്യൂനപക്ഷവും ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ് എന്നു മനസ്സിലാക്കി കൊണ്ടാണ് ഞാൻ വളർന്നത്. ഞാൻ വളർന്നു വികസിച്ചത് മതനിരപേക്ഷ ഇന്ത്യയിലാണ്. ദൈവം അനുവദിച്ചാൽ അതേ മതനിരപേക്ഷ ഇന്ത്യയിൽ മരിക്കണമെന്നുമാണ് എന്റെ ആഗ്രഹം.”

രാജ്യം അദ്ദേഹത്തിന്റെ സേവനങ്ങൾ ആവശ്യപ്പെട്ടു കൊണ്ടിരിക്കുമ്പോൾ മരണം അദ്ദേഹത്തിന്റെ ചിന്തയിൽ നിന്നും അതിവിദൂരത്തിൽ ആയിരുന്നിരിക്കണം. എന്തിന്, അദ്ദേഹം താമസിക്കുന്നതിന് ചുറ്റുമുള്ള തെരുവു നായകൾ പോലും അദ്ദേഹം എപ്പോഴും കൂടെയുണ്ടാവണമെന്ന് ആഗ്രഹിക്കും. ഒരു ഉച്ചസമയം മുഴുവൻ അദ്ദേഹത്തിനോടൊപ്പം അദ്ദേഹത്തിന്റെ വീട്ടിൽ ചിലവഴിച്ചപ്പോഴാണ് ഞാനിത് മനസ്സിലാക്കിയത്. എനിക്കും ദി ട്രിബ്യൂണിലെ മറ്റൊരു മാധ്യമപ്രവർത്തകനും എതിരെ പഞ്ചാബ് ഹരിയാന ഹൈക്കോടതി സ്വമേധയാ എടുത്ത ഒരു കേസിൽ അദ്ദേഹത്തോട് ഉപദേശം ചോദിക്കുവാനായി ഞങ്ങളുടെ ചണ്ഡീഗഡ് അഭിഭാഷകനുമായി പോയതായിരുന്നു ഞങ്ങൾ.

ഞങ്ങൾ അവിടെ ചെന്നപ്പോൾ അദ്ദേഹം വീട്ടിൽ ഇല്ലായിരുന്നു. ഒഴിവുസമയത്ത് ഞാൻ ആ കോമ്പൗണ്ടിനുള്ളിൽ ‘പ്രത്യേക പാർപ്പിടങ്ങളിൽ ‘ താമസിക്കുന്ന പൂച്ചകളുടെയും അവരുടെ കുഞ്ഞുങ്ങളുടെയും എണ്ണമെടുക്കാൻ തുടങ്ങി. പൂച്ച കുഞ്ഞുങ്ങളെ എണ്ണുന്നത് അസാധ്യമായ കാര്യമാണ് എന്ന് ഞാൻ മനസ്സിലാക്കി. അവ വളരെ അധികം ഉണ്ട്. മാത്രമല്ല എണ്ണാൻ വേണ്ടി അവർ നിന്നു തരുന്നുമില്ല. അത്താഴസമയത്ത് വേലക്കാരൻ അവയ്ക്ക് ഇറച്ചി ഇട്ടുകൊടുക്കുന്നത് കണ്ടു.

പൂച്ചകളെ എല്ലാം ഊട്ടികഴിഞ്ഞപ്പോൾ തെരുവുനായകളുടെ ഒരു നീണ്ട നിര ഗേറ്റിനു മുന്നിൽ അണിനിരന്നു. അവ കുരയ്ക്കുകയോ തമ്മിൽ അടി കൂടുകയോ ചെയ്തില്ല. പിന്നീട് അതേ വേലക്കാരൻ ഈ തെരുവ് നായകളുടെ മുന്നിൽ പ്ലേറ്റുകൾ വെച്ചുകൊടുത്തു. ഒരു വലിയ പാത്രത്തിൽ നിന്ന് കിച്റി തരത്തിലുള്ള ഭക്ഷണം വിളമ്പി. ബഹളമുണ്ടാക്കാതെ അവരത് കഴിച്ചു പിരിഞ്ഞു. ആ പ്രദേശത്തെ നായകൾക്ക് ഒരു ദിവസത്തെ സമൃദ്ധമായ ഭക്ഷണം ആ വീട്ടിൽ ഉറപ്പാണ്.

ഏതാനും ദശലക്ഷങ്ങൾ മുടക്കി നരിമാന്റെ സേവനം ഉറപ്പാക്കാൻ നിങ്ങൾക് കഴിഞ്ഞാൽ ആരെ വേണമെങ്കിലും കൊലപ്പെടുത്തി സുഖമായി രക്ഷപെടാം എന്ന് തമാശയായി പറയാറുണ്ടായിരുന്നു. എന്നാൽ പണം മാത്രമല്ല അദ്ദേഹത്തെ സ്വാധീനിക്കുന്ന ഘടകം, എന്റെ ഓർമ്മയിൽ. ഞങ്ങളുടെ കേസ് അദ്ദേഹം വിശദമായി പഠിക്കുകയും ഹൈക്കോടതിയിൽ നൽകാനുള്ള സത്യവാങ്മൂലത്തിൽ പല തിരുത്തുകളും നിർദ്ദേശിക്കുകയും ചെയ്തിട്ടും ഒരു അണ പോലും ഞങ്ങളിൽ നിന്നും ഈടാക്കിയില്ല. മുൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന ആർ.എസ്. പഥക് ആണ് ദി ട്രിബ്യൂൺ ട്രസ്റ്റിന്റെ തലവൻ എന്നതായിരുന്നു അദ്ദേഹത്തെ സംബന്ധിച്ച് പ്രധാനം.

എങ്കിലും അദ്ദേഹത്തിന്റെ ആത്മകഥ വായിക്കുന്നത് വരെ അദ്ദേഹം എത്രത്തോളം പഥക്കിനെ ബഹുമാനിച്ചിരുന്നു എന്ന് എനിക്ക് അറിയില്ലായിരുന്നു. ഞാൻ അതിലേക്ക് ഉടൻ തിരിച്ചു വരാം. ഇരുവർക്കും തങ്ങൾ പ്രധാന പങ്കുവഹിച്ച ഒരു കേസിന്റെ പേരിൽ അധിക്ഷേപം കേൾക്കേണ്ടി വന്നു. ഭോപ്പാൽ ഗ്യാസ് ദുരന്തകേസ് ആണ് ഇത്. നരിമാൻ യൂണിയൻ കാർബൈഡിന് വേണ്ടി ഹാജരായി. പഥക്കാവട്ടെ 470 മില്യൻ ഡോളർ (615 കോടി രൂപ) ഒറ്റയടിക്ക് നൽകി ഒരു ഒത്തുതീർപ്പിന് മുൻകൈയെടുത്തു.

അദ്ദേഹം തന്റെ ആത്മകഥയിൽ ഈ കേസിനെ കുറിച്ച് പറയാൻ ഒരു അധ്യായം മാറ്റിവെച്ചിട്ടുണ്ട്. CNN-IBN ന്റെ ‘ചെകുത്താന്റെ അഭിഭാഷകൻ’ എന്ന കരൺ ഥാപറിനൊപ്പമുള്ള പരിപാടിയിൽ അദ്ദേഹം പറഞ്ഞത് അഭിഭാഷകനായി എനിക്ക് ഒരിക്കൽ കൂടി ജീവിക്കാൻ അവസരം ലഭിച്ചാൽ, ഈ കേസ് എന്റെ മുന്നിൽ വീണ്ടും വന്നാൽ, ഞാൻ പിന്നീട് മാത്രം അറിഞ്ഞ അതിന്റെ യഥാർത്ഥ വസ്തുതകളെ കുറിച്ച് എനിക്ക് അറിവുണ്ടായിരുന്നു എങ്കിൽ ഞാനൊരിക്കലും ആ കേസ് എടുക്കില്ലായിരുന്നു എന്നാണ്. ആ അഭിമുഖവും പുസ്തകവും ഒരുമിച്ചു വായിച്ചാൽ രാജ്യത്തെയും, ഇരകളെയും ജസ്റ്റിസ് പഥക്കും നരിമാനും ചേർന്ന് നിരാശപ്പെടുത്തി എന്നു പറയുന്നവർക്ക് അത് തെറ്റാണ് എന്ന് ബോധ്യപ്പെടും.

ഈ കാലങ്ങളിൽ ഭോപ്പാലിനു വേണ്ടിയുള്ള വെറും പ്രകടനപരമായ നെഞ്ചത്തടികൾ ഒരുപാടുണ്ടായി. ഭോപ്പാൽ പ്രശ്നത്തിൽ ഇരകളായവരുടെ വേദന ശമിപ്പിക്കാൻ ഇത്രയും കാലമായി ഒന്നും ചെയ്യാത്തവർ പെട്ടെന്നു ഉണരുകയും മരിച്ചുപോയ വാറൺ ആൻഡേഴ്സണെ ഇന്ത്യയിൽ കൊണ്ടുവരണം എന്നും യൂണിയൻ കാർബൈഡിൽ നിന്നും ബില്യൺ ഡോളറുകൾ ഈടാക്കി ഭോപ്പാലിലെ ഓരോ ആളുകൾക്കും മില്യൺ ഡോളറുകൾ വച്ച് നൽകണമെന്നും ആവശ്യപ്പെട്ടു. ഇതെല്ലാം പൊതുജനത്തെ കബളിപ്പിക്കാൻ വേണ്ടിയാണ് എന്ന് അവർക്ക് അറിയാമായിരുന്നു.

യൂണിയൻ കാർബൈഡിന്റെ ഭോപ്പാലിലെ ഫാക്ടറി

470 മില്യൺ ഡോളറിൽ കാര്യങ്ങൾ ഒത്തുതീർപ്പാക്കാൻ സുപ്രീം കോടതി ഒരു പ്രാവശ്യം അല്ല, വിവിധ ചീഫ് ജസ്റ്റിസുമാരുടെ കീഴിൽ മൂന്ന് പ്രാവശ്യം വിധിച്ചു എന്ന സുപ്രധാനമായ വിഷയം ആണ് നരിമാൻ മുന്നോട്ടുവെച്ചത്. അദ്ദേഹം കോടതിയെ ഉദ്ധരിച്ചു: “നിലവിലെ നടപടികളിൽ സമർപ്പിച്ചിരിക്കുന്ന രേഖകൾ തുക കുറവാണ് എന്നതിനെ സംബന്ധിച്ചോ ഒത്തുതീർപ്പ് പുന:പരിശോധിക്കണം എന്നതിനെ സംബന്ധിച്ചൊ ഒരു പ്രശ്നവും ഉന്നയിക്കുന്നില്ല.” 1989ൽ 115 കോടി രൂപ എത്ര വലുതായിരുന്നു എന്ന് നാം പരിശോധിക്കണം. (അന്ന് ജോലി ചെയ്തിരുന്നവർ അന്നത്തെ ശമ്പളവും ഇന്ന് അവർക്ക് ലഭിക്കുന്ന ശമ്പളവും തമ്മിൽ താരതമ്യം ചെയ്തു നോക്കിയാൽ 30 വർഷത്തിനു മുൻപ് അത് എത്ര വലിയ തുകയായിരുന്നു എന്ന് മനസ്സിലാക്കാം).

ജസ്റ്റിസ്‌ പഥക് ആഗ്രഹിച്ചതുപോലെ പെട്ടെന്നുള്ള ഒത്തുതീർപ്പിന്റെ ഗുണഫലം ആളുകളിലേക്ക് വേഗത്തിൽ എത്തിക്കാൻ സാധിച്ചില്ല എന്നത് ഇപ്പോൾ എല്ലാവരും മറന്നുതുടങ്ങി. പണം സുപ്രീം കോടതിയുടെ ബാങ്ക് അക്കൗണ്ടിൽ കിടന്നപ്പോൾ ഓരോ ദിവസവും ഒരു ലക്ഷം പ്രകാരം പലിശയിനത്തിൽ കൂടിക്കൊണ്ടിരുന്നു. ഭോപ്പാലുമായി ബന്ധപ്പെട്ട ചർച്ചകളിൽ, വ്യാജ അവകാശവാദികൾ വൻതോതിൽ ഉണ്ടെന്ന വസ്തുത സമ്മതിക്കാൻ ആളുകൾ മടിക്കുന്നു. യൂണിയൻ കാർബൈഡിൽ നിന്ന് വളരെ ദൂരെയുള്ള ടിടി നഗറിൽ താമസിക്കുന്ന ചിലരെ എനിക്കറിയാം, അവരും പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ തുടക്കത്തിൽ നാശനഷ്ടങ്ങളുടെ അവകാശവാദം ഉന്നയിച്ചു.

പണം തികയുന്നില്ല എന്ന് എന്തുകൊണ്ടാണ് പറയുന്നത് എന്ന് വിശദീകരിച്ച നരിമാൻ ആ വാദങ്ങളുടെ മുനയൊടിച്ചു: പണത്തിന് അപര്യാപ്തത ഉണ്ടായത് ദുരിതമനുഭവിച്ച ആളുകൾക്ക് അത് വിതരണം ചെയ്യാൻ പറ്റാത്തതുകൊണ്ടല്ല, ആ പ്രദേശത്തത് ജീവിച്ചകാരണം കൊണ്ടുമാത്രം എല്ലാവർക്കും വലിയ തുക വിതരണം ചെയ്യാൻ ശ്രമിച്ചത് കൊണ്ടാണ്. യഥാർത്ഥ ഇരകൾക്ക് ലഭിക്കേണ്ടിയിരുന്നത് വലിയ ഒരു വിഭാഗം ആളുകളുടെ ഇടയിൽ വിതരണം ചെയ്യേണ്ടി വന്നതിലൂടെയുണ്ടായ നഷ്ടം നികത്താൻ പ്രാദേശിക രാഷ്ട്രീയക്കാർ തങ്ങളുടെ ശിങ്കിടികളോട് കൂടുതൽ പണം ആവശ്യപ്പെടാൻ പ്രേരിപ്പിച്ചത് എനിക്കറിയാം.

മറ്റൊരു രീതിയിൽ പറഞ്ഞാൽ തുക ചുരുങ്ങി. യഥാർത്ഥ വസ്തുതകൾ മനസ്സിലാക്കാൻ എന്തുകൊണ്ടാണ് പ്രശ്നബാധിത സ്ഥലങ്ങളിൽ ആരും പ്രായാധിക്യം കാരണം മരിക്കാത്തത് എന്ന് നോക്കിയാൽ മതി. ഇന്നും അവിടെ ഉണ്ടാകുന്ന ഓരോ മരണത്തിനും കാരണം യൂണിയൻ കാർബൈഡ് ഫാക്ടറിയിൽ നിന്നും ചോർന്നുപോയ വിഷവാതകമാണ്. ഇന്നും യൂണിയൻ കാർബൈഡിന്റെ പിഴവിനെക്കുറിച്ച് സംസാരിക്കുമ്പോൾ ഉപയോഗിക്കുന്നത് ‘ഒരു മരണക്കാറ്റിന്റെ ഖ്യാതി’ എഴുതിയ ഡാൻ കുർസ്മാനെപ്പോലെയുള്ളവരുടെ പുസ്തകങ്ങളിൽ നിന്നും ലേഖനങ്ങളിൽ നിന്നും ഉള്ള ഉദ്ധരണികളാണ്.

1989ലെ ഒത്തുതീർപ്പിനെ പുന:പരിശോധിക്കുവാൻ നമ്മുടെ മുന്നിൽ ഒരു പൂർണമായ കേസ് ഉണ്ടോ? ഉത്തരമില്ല. എന്നാൽ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ഏറ്റവും പരിജ്ഞാനം ഉള്ള നേതാവ് എന്ന് വിശേഷിപ്പിച്ച അന്നത്തെ നിയമ മന്ത്രി വീരപ്പമൊയ്ലി ഉൾപ്പെടെയുള്ള നേതാക്കന്മാർ അദ്ദേഹത്തിന്റെ രാമായണത്തെക്കുറിച്ചുള്ള പുസ്തക പ്രകാശനത്തിനിടയിൽ പോലും സത്യം അംഗീകരിക്കാൻ തയ്യാറായില്ല. ഭോപ്പാലിലെ ഇരകൾക്ക് അനന്തമായ പ്രതീക്ഷ നൽകാനാണ് അവർ ശ്രമിക്കുന്നത്. സുപ്രീംകോടതിയിൽ ജഡ്ജിമാരെ നിയമിക്കുന്നതിനുള്ള ജസ്റ്റിസ്‌ പഥക്കിന്റെ ശുഷ്കാന്തിയെക്കുറിച്ച് നരിമാൻ എഴുതിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ആയിരുന്നപ്പോൾ ഓരോ സംസ്ഥാനങ്ങളും സന്ദർശിക്കുന്ന സമയത്ത് അദ്ദേഹം ഹൈക്കോടതിയിലെ ജഡ്ജിമാരെ കഴിവിന്റെ അടിസ്ഥാനത്തിൽ കൃത്യമായി വിലയിരുത്താറുണ്ടായിരുന്നു. അന്ന് കർണാടക ഹൈക്കോടതിയിൽ സീനിയർ പോലുമല്ലായിരുന്ന എം വെങ്കിടചെല്ലയ്യയുടെ സാധ്യത തിരിച്ചറിഞ്ഞത് അദ്ദേഹമാണെന്നും നരിമാൻ എഴുത്തിയിട്ടുണ്ട്.

ഫാലി എസ് നരിമാൻ്റെ ആത്മകഥ

ഞാനിത് വായിച്ചപ്പോൾ ഒരിക്കൽ ജസ്റ്റിസ് പഥക്ക് എന്നെക്കുറിച്ച് കൂടുതൽ അറിയുവാൻ വേണ്ടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചതാണ് എനിക്ക് ഓർമ്മ വരുന്നത്. ഞാൻ ട്രിബ്യൂണിൽ ചേർന്നപ്പോൾ അദ്ദേഹം ചണ്ഡിഗഡിലേക്ക് വരികയും എന്നെ വ്യക്തിപരമായി സ്റ്റാഫിന് പരിചയപ്പെടുത്തുകയും ചെയ്തു. നിയമന ഉത്തരവ് കൈമാറിയതിനുശേഷം അദ്ദേഹം എന്നോട് ചോദിച്ചു: “ട്രിബ്യൂൺ എന്ന വാക്കിന്റെ അർഥം എന്താണ് എന്ന് അറിയാമോ?” “ക്ഷമിക്കണം, എനിക്ക് അറിയില്ല” എന്ന് പറയുന്നതിന് പകരം ഞാൻ തെല്ലു വിഡ്ഢിത്തത്തോടെ ചോദിച്ചു: “അത് ട്രിബ്യൂണൽ എന്ന വാക്കിൽ നിന്നും അല്ലേ രൂപം കൊണ്ടിട്ടുള്ളത്?” “അല്ല, ട്രിബ്യൂൺ റോമൻ സാമ്രാജ്യത്തിലെ ഒരു ഉദ്യോഗസ്ഥനാണ്. സാധാരണക്കാരുടെ താല്പര്യങ്ങൾ സംരക്ഷിക്കുകയാണ് അയാളുടെ കർത്തവ്യം.” ജസ്റ്റിസ് പഥക് പറഞ്ഞു. ദി ട്രിബ്യൂണിന്റെ വായനക്കാരുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയാണ് എന്റെ പ്രധാന ഉത്തരവാദിത്വം എന്ന് എന്നോട് പറയാതെ പറയുകയായിരുന്നു അദ്ദേഹം.

ഇത്രയും മാന്യനായ ഒരാൾക്ക് ജനങ്ങളുടെ താൽപ്പര്യം മുൻനിർത്തിയല്ലാതെ അങ്ങനെയൊരു ഒത്തുതീർപ്പിന് സമ്മതിക്കാനാകുന്നത് എങ്ങിനെനെയാണ്? രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോൾ ഇന്ത്യയുടെ അഡീഷണൽ സോളിസിറ്റർ ജനറൽ സ്ഥാനം രാജിവച്ച നരിമാന് എങ്ങിനെയാണ് അതിൽ കക്ഷി ചേരാൻ കഴിയുക? അദ്ദേഹത്തിൻ്റെ ആത്മകഥ മനോഹരമായ ഒരു നോവൽ പോലെ ആസ്വാദ്യകരമാണെന്ന് ഞാൻ കണ്ടെത്തി. ഇന്ത്യയുടെ മഹാന്മാരായ പുത്രന്മാരിൽ ഒരാളായി അദ്ദേഹം എൻ്റെ ആദരവ് ഉയർത്തി.

കുറച്ച് വർഷങ്ങൾക്ക് ശേഷം, ദർശന ടിവിക്ക് വേണ്ടി ഞാൻ അദ്ദേഹത്തെ അഭിമുഖം ചെയ്തപ്പോൾ അദ്ദേഹത്തെയും ഭാര്യ ബാപ്‌സിയെയും കാണാൻ എനിക്ക് അവസരം ലഭിച്ചു. എൻ്റെ ആദ്യ അഭിമുഖമായിരുന്നു അത്. നാല് വർഷം മുമ്പ് അദ്ദേഹത്തിൻ്റെ ഭാര്യ മരിച്ചപ്പോൾ, അദ്ദേഹത്തിൽ ഊഷ്മളമായ പ്രതികരണം ഉളവാക്കിയ ഒരു ചരമക്കുറിപ്പ് ഞാൻ എഴുതി. രാജ്യത്തിൻ്റെ ഭാവി ഏതെങ്കിലും ഒരു സമുദായത്തിൻ്റെ മഹത്വവൽക്കരണത്തിലല്ലെന്നും “ഇന്ത്യയിലെ ജനങ്ങളായ നമ്മുടെ”, മഹത്വത്തിലാണ് എന്നും വിശ്വസിച്ച ഒരു മഹാനായ അഭിഭാഷകനെയാണ് അദ്ദേഹത്തിന്റെ മരണത്തിലൂടെ നമുക്ക് നഷ്ടമാവുന്നത്.

About Author

എ.ജെ ഫിലിപ്പ്

മുതിർന്ന പത്രപ്രവർത്തകനും 1939ൽ സ്ഥാപിതമായ ന്യൂ ഡൽഹിയിലെ കേരള ക്ലബ്ബിൻ്റെ ആക്ടിംഗ് പ്രസിഡൻ്റുമാണ് എ.ജെ ഫിലിപ്പ്.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x