A Unique Multilingual Media Platform

The AIDEM

Articles Development Law National Politics

മഹുവയോ മോദാനിയോ? കൃഷ്ണനഗറില്‍ ഉയരുന്ന നൈതികചോദ്യം

  • March 11, 2024
  • 1 min read
മഹുവയോ മോദാനിയോ? കൃഷ്ണനഗറില്‍ ഉയരുന്ന നൈതികചോദ്യം

വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പിൽ ഇന്ത്യയിൽ അങ്ങോളമിങ്ങോളം ഉള്ള 543 മണ്ഡലങ്ങളിലും തിരഞ്ഞെടുപ്പ് നടക്കുമെങ്കിലും പശ്ചിമ ബംഗാളിലെ കൃഷ്ണ നഗർ ഒരു സവിശേഷ പ്രതീകമാണ്. കോർപ്പറേറ്റ് അധീശത്വത്തിന് കീഴ്പെട്ടിരിക്കുന്ന നരേന്ദ്രമോദി സർക്കാരിന്റെ ഭരണരീതികൾക്ക് എതിരായ, ജനാധിപത്യത്തിൽ അധിഷ്ഠിതമായ രാഷ്ട്രീയ പ്രവർത്തന പോരാട്ടത്തിന്റെ പ്രതീകം. എഴുത്തുകാരനും സാമൂഹിക പ്രവർത്തകനുമായ കെ സഹദേവൻ ഈ പോരാട്ടത്തിലെ രണ്ടു ബിംബങ്ങൾ ആയ തൃണമൂൽ കോൺഗ്രസ് നേതാവ് മഹുവാ മോയ്ത്രയെയും കോർപ്പറേറ്റ് ഭീമൻ അദാനിയെയും കുറിച്ച് എഴുതിയ കുറിപ്പാണ് ഇവിടെ.


2024 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ രാജ്യം ഉറ്റുനോക്കുന്ന ഒരു മണ്ഡലം പശ്ചിമ ബംഗാളിലെ കൃഷ്ണനഗർ പാര്‍ലമെന്റ് സീറ്റായിരിക്കും. ഈ മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥികളില്‍ ഒരു ഭാഗത്ത് മഹുവാ മൊയ്ത്ര ആണെന്ന് ഇന്നലെ തൃണമൂല്‍ കോണ്‍ഗ്രസ്സ് പുറത്തുവിട്ട സ്ഥാനാര്‍ത്ഥി പട്ടിക വ്യക്തമാക്കുമ്പോള്‍ മറുഭാത്ത് ബിജെപിയുടെ ഏത് സ്ഥാനാര്‍ത്ഥിയുടെ പേര് പ്രഖ്യാപിക്കപ്പെട്ടാലും അയാള്‍ പ്രതിനിധാനം ചെയ്യുന്നത് ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളായ ഗൗതം അദാനിയെ ആയിരിക്കും എന്നതില്‍ സന്ദേഹമൊന്നുമില്ല. 63,000ത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം കരസ്ഥമാക്കി തൊട്ടടുത്ത ബിജെപി സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്തി കൃഷ്ണനഗര്‍ സീറ്റ് നേടിയെടുത്ത മഹുവാ മൊയ്ത്ര എന്ന പേര് ചെറിയൊരു കാലയളവുകൊണ്ടുതന്നെ ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശ്രദ്ധാകേന്ദ്രമായി മാറിക്കഴിഞ്ഞകാര്യം നമുക്കറിയാം.

ഒരു പാര്‍ലമെന്റ് മണ്ഡലത്തിന്റെ പ്രാദേശികമായ വികസന പ്രശ്‌നങ്ങളില്‍ മാത്രം കേന്ദ്രീകരിക്കാതെ ദേശീയപ്രാധാന്യമുള്ള നിരവധി വിഷയങ്ങളില്‍ അംഗങ്ങളുടെയും അതോടൊപ്പം രാജ്യത്തിന്റെയും ശ്രദ്ധ ക്ഷണിക്കാന്‍ മഹുവ മൊയ്ത്രയ്ക്ക് സാധിച്ചു. അന്താരാഷ്ട്ര മാധ്യമങ്ങള്‍ അടക്കം മഹുവയുടെ വാക്കുകള്‍ താല്‍പ്പര്യപൂര്‍വ്വം ശ്രദ്ധിക്കുന്നതും നാം കണ്ടു. ഒരു എംപി എന്ന നിലയില്‍ മഹുവ മൊയ്ത്ര താന്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലത്തിന് വേണ്ടി എന്തുചെയ്തു എന്നതിന് കൃഷ്ണനഗര്‍ പാര്‍ലമെന്റ് മണ്ഡലത്തിലെ ജനങ്ങള്‍ ഇത്തവണ ഉത്തരം നല്‍കുമായിരിക്കും.

പക്ഷേ ഒരു രാജ്യത്തിന്റെ പൊതുവായ ഭാവിയെ സംബന്ധിച്ച ഉത്കണ്ഠകള്‍ ജനാധിപത്യപരമായ രീതിയില്‍ ഉന്നയിക്കുകയും പാര്‍ലമെന്റിന് അകത്തും പുറത്തും വളരെ ഗൗരവമായ രീതിയില്‍ ഉയര്‍ത്തുകയും ചെയ്തതിന്റെ പേരില്‍ മാത്രം മഹുവ മൊയ്ത്ര വീണ്ടും തെരഞ്ഞെടുക്കപ്പെടേണ്ടതുണ്ട്. മോദി-അദാനി ബന്ധത്തെ സംബന്ധിച്ച്, അങ്ങേയറ്റം സൂക്ഷ്മതയോടെ പഠിക്കുകയും അവ അതത് സമയങ്ങളില്‍ ജനങ്ങളെ അറിയിക്കുകയും ചെയ്ത മറ്റൊരു പാര്‍ലമെന്റേറിയന്‍ ഇല്ലെന്ന്തന്നെ പറയാം. അതിന് അവര്‍ക്ക് നല്‌കേണ്ടി വന്ന വില തന്റെ പാര്‍ലമെന്റ് അംഗത്വം തന്നെയായിരുന്നു.

കള്ളക്കേസുകളിലും വ്യക്തിഹത്യയിലും പെടുത്തി മഹുവ മൊയ്ത്രയെ കുടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടത് ലോകത്തിലെ തന്നെ അതിസമ്പന്നരില്‍ ഒരാളായ ഗൗതം അദാനി ആണ് എന്നത് വിസ്മരിക്കാവുന്നതല്ല. മഹുവാ മൊയ്ത്ര വീണ്ടും തെരഞ്ഞെടുക്കപ്പെടാതിരിക്കാന്‍ ഗൗതം അദാനി തന്റെ എല്ലാ കഴിവുകളും പുറത്തെടുക്കും എന്നതില്‍ സംശയമൊന്നുമില്ല. മോദി-അദാനി ബന്ധത്തെക്കുറിച്ച് പാര്‍ലമെന്റിനകത്തും പുറത്തും നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിയ വ്യക്തിയാണ് മഹുവ മൊയ്ത്ര എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം.

തുറമുഖങ്ങള്‍, കല്‍ക്കരി ഖനികള്‍, വൈദ്യുതി വിതരണ കരാറുകള്‍ തുടങ്ങി നിരവധി മേഖലകളില്‍ വഴിവിട്ട രീതിയില്‍ അദാനി നേടിയെടുത്ത സൗജന്യങ്ങള്‍ തെളിവുകള്‍ സഹിതം മഹുവാ മൊയ്ത്ര ചോദ്യങ്ങളായി ഉയര്‍ത്തിയിട്ടുണ്ട്. അദാനി കമ്പനികളില്‍ ഫോറിന്‍ പോര്‍ട്ട് ഫോളിയോ ഇന്‍വെസ്റ്റ് പങ്കാളികളായ, 20000 കോടി രൂപയുടെ നിഗൂഢ നിക്ഷേപം നടത്തിയ, ചൈനീസ് പൗരനുമായുള്ള അദാനിബന്ധങ്ങള്‍ അടക്കം മഹുവയുടെ നിശിതമായ ചോദ്യങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. 4.5 മില്യണ്‍ ടണ്‍ പാചകവാതക സംഭരണശേഷി മാത്രമുള്ള ഒഡീഷയിലെ ധാംമ്ര തുറമുഖ ടെര്‍മിനല്‍ ഉപയോഗത്തിനായി 46,000 കോടിയുടെ കരാര്‍ 2042 വരെയുള്ള കാലാവധിക്ക്, യാതൊരുവിധ ടെണ്ടര്‍ നടപടികളും കൂടാതെ, അദാനിയുമായി ഒപ്പുവെച്ചത് തൊട്ട് നിരവധി വിഷയങ്ങള്‍ മഹുവാ മൊയ്ത്ര പാര്‍ലമെന്റില്‍ ഉന്നയിച്ചിട്ടുണ്ട്.

മഹുവ മൊയ്ത്ര ഉയര്‍ത്തുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ, വ്യക്തിപരമായി പരിഹസിക്കാനും ആക്രമിക്കാനുമായിരുന്നു ബിജെപി തുനിഞ്ഞത്. ലോക്‌സഭയില്‍ മഹുവ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് രാജ്യത്തെ ഒരു ബിസിനസ്സ് ഗ്രൂപ്പില്‍ നിന്ന് പണം ലഭിക്കുന്നുണ്ടെന്ന ആരോപണം ഉയര്‍ത്തിക്കൊണ്ടായിരുന്നു തുടക്കം. എന്നാല്‍ ബിജെപി ഉയര്‍ത്തിയ ‘cash for query’ ആരോപണത്തെ സാധൂകരിക്കുന്ന യാതൊരു തെളിവുകളും നാളിതുവരെയായി പുറത്തു കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. അവയൊന്നും ഫലിക്കാതെ വന്നപ്പോള്‍, ബിജെപി എംപിമാര്‍ അവരെ നേരിട്ട് സന്ദര്‍ശിച്ച് തെരഞ്ഞെടുപ്പ് കഴിയുന്നതുവരെ നിശ്ശബ്ദയായിരിക്കാന്‍ എന്തുവേണമെങ്കിലും തരാന്‍ തയ്യാറാണെന്ന് അറിയിച്ചതായി മഹുവാ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആരോപിക്കുകയുണ്ടായി.
മോദിക്കും അദാനിക്കും എതിരായി ഗുരുതരമായ ഭാഷയില്‍ നിരന്തരം ചോദ്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ടുവന്നതും ഭീഷണികളും പ്രലോഭനങ്ങളും അവരെ അതില്‍ നിന്ന് തടയുന്നില്ലെന്നതും ബിജെപിയെ സംബന്ധിച്ചിടത്തോളം ആശങ്കപ്പെടുത്തുന്ന സംഗതിയായിരുന്നു. ഇതോടെ ചില സാങ്കേതിക വിഷയങ്ങള്‍ ഉയര്‍ത്തുകയും ലോക്‌സഭയിലെ ചോദ്യങ്ങള്‍ക്ക് പണം പറ്റിയെന്ന ആരോപണം കൂടുതല്‍ ശക്തമാക്കാന്‍ ബിജെപി തീരുമാനിക്കുകയും പാര്‍ലമെന്റിന്റെ എത്തിക്‌സ് കമ്മറ്റിയെ വിഷയത്തില്‍ ഇടപെടുവിക്കുകയും ചെയ്തു. പാര്‍ലമെന്റില്‍ മുസ്ലീം അംഗത്തെ ഏറ്റവും അശ്ലീല ഭാഷയില്‍ അഭിസംബോധന ചെയ്ത ബിജെപി എംപി രമേഷ് ബിധൗരിക്ക് ഏറ്റവും കുറഞ്ഞ ശിക്ഷപോലും നല്‍കാന്‍ തയ്യാറാകാത്ത പാര്‍ലമെന്റ് എത്തിക്‌സ് കമ്മറ്റി, മഹുവയുടെ കാര്യത്തില്‍ അനാവശ്യ ധൃതിയോടെ ഇടപെടുകയും അവരെ വ്യക്തിപരമായി അപമാനിക്കുന്ന ചോദ്യങ്ങള്‍ ചോദിക്കുകയും ചെയ്തു.

പാര്‍ലമെന്ററി എത്തിക്‌സ് കമ്മറ്റിക്ക് മുന്നില്‍ പരാതി നല്‍കിയ വ്യക്തി മഹുവയുടെ മുന്‍ജീവിതപങ്കാളിയും അഭിഭാഷകനുമായ അനന്ത് ദേഹാദ്രായിയായിരുന്നു. മഹുവാ മൊയ്ത്രയുമായി നേരത്തെതന്നെ പ്രശ്‌നഭരിതമായ ബന്ധമുള്ള ദേഹാദ്രായിയുടെ പരാതി ‘താല്‍പ്പര്യ സംഘര്‍ഷങ്ങളുടെ’ (conflict of interest) പശ്ചാത്തലത്തില്‍ സാധൂകരിക്കാവുന്ന ഒന്നല്ല. എന്നുമാത്രമല്ല പരാതി നല്‍കുന്ന വ്യക്തിയോ അംഗമോ ആരോപണങ്ങളെ ബലപ്പെടുത്തുന്ന തെളിവുകള്‍ നല്‍കേണ്ടതുണ്ടെന്നും എതിക്‌സ് കമ്മറ്റി പ്രസിദ്ധീകരിച്ച ഹാന്‍ഡ്ബുക്കില്‍ പറയുന്നുണ്ട്. അത്തരത്തില്‍ ഒരു തെളിവുകളും പരാതിക്കാരന്‍ നല്‍കിയിട്ടില്ലെന്നിരിക്കെ പാര്‍ലമെന്ററി എതിക്‌സ് കമ്മറ്റി ഈ കേസ് ഏറ്റെടുത്തതിലൂടെ തെറ്റായ കീഴ് വഴക്കം സൃഷ്ടിക്കുകയുമായിരുന്നു. അതുകൂടാതെ, ലോക്‌സഭയില്‍ അദാനിയുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ഉന്നയിക്കുവാന്‍ ഇന്ത്യന്‍ വ്യവസായി ദര്‍ശന്‍ ഹീരാനന്ദാനിയില്‍ നിന്ന് പണം കൈപ്പറ്റി എന്ന ആരോപണങ്ങളുമായി ബന്ധപ്പെട്ട തെളിവുകളും നല്‍കാന്‍ പരാതിക്കാര്‍ക്ക് സാധിച്ചിട്ടില്ല.

പരാജയപ്പെട്ട കുടുംബ ബന്ധങ്ങള്‍ ഉപയോഗപ്പെടുത്തി, വ്യാജ പരാതി നല്‍കി, സുഹൃത്തുക്കളെ സമ്മര്‍ദ്ദത്തിലാഴ്ത്തി രാജ്യത്തെ ഏറ്റവും കര്‍മ്മനിരതയായ ഒരു വനിതാ എംപിയെ അപകീര്‍ത്തിപ്പെടുത്താനും അവരുടെ ലോക്‌സഭാംഗത്വം ഇല്ലാതാക്കാനും ഉള്ള കളികളായിരുന്നു യാതൊരു രാഷ്ട്രീയ നൈതികതയും തൊട്ടുതീണ്ടിയിട്ടില്ലാത്ത, ബിജെപി അംഗം വിനോദ് കുമാര്‍ സോന്‍കര്‍ അധ്യക്ഷനായുള്ള, എത്തിക്‌സ് കമ്മറ്റി നടത്തിയത്. ലോക്‌സഭാംഗമെന്ന നിലയില്‍ 69 ചോദ്യങ്ങളാണ് മഹുവാ മൊയ്ത്രയുടേതായുള്ളത്. ഇതൊരു റെക്കോര്‍ഡ് നമ്പര്‍ ഒന്നുമല്ല. 130ഓളം ചോദ്യങ്ങള്‍ ഉന്നയിച്ച മറ്റ് ലോക്‌സഭാംഗങ്ങള്‍ ഇതേ സഭയിലുണ്ട്. എന്നാല്‍ ഇവിടെ സുപ്രധാനമായ കാര്യം മേല്‍പ്പറഞ്ഞ 69 ചോദ്യങ്ങളില്‍ 9 എണ്ണം അദാനിയുമായി ബന്ധപ്പെട്ടതാണ് എന്നതാണ്.

ഈ ചോദ്യങ്ങളൊക്കെയും അന്താരാഷ്ട്ര മാധ്യമങ്ങളില്‍ അടക്കം ഉന്നയിക്കപ്പെട്ടതും രാജ്യതാല്‍പ്പര്യങ്ങളുമായി ബന്ധപ്പെട്ടതും ആണെന്നത് ശ്രദ്ധിക്കേണ്ട സംഗതിയാണ്. ഒരു മുന്‍ ബാങ്കര്‍ എന്ന നിലയില്‍, ഫോറിന്‍ പോര്‍ട്ട്‌ഫോളിയോ ഇന്‍വെസ്റ്റ്‌മെന്റുകള്‍ അടക്കമുള്ള നിക്ഷേപ സംബന്ധിയായ കാര്യങ്ങളെക്കുറിച്ച്, അവയുടെ സങ്കീര്‍ണ്ണതകള്‍, മറ്റേതൊരു പാര്‍ലമെന്റ് അംഗത്തേക്കാളും നന്നായി മനസ്സിലാക്കാന്‍ കഴിവുള്ള വ്യക്തിയാണ് മഹുവാ മൊയ്ത്ര. അതുകൊണ്ടുതന്നെ, അദാനിയുടെ ഉടമസ്ഥതയിലുള്ള കമ്പനികളിലേക്ക് ലിക്വിഡിറ്റിയില്ലാത്ത സ്റ്റോക്കിന്റെ ഉടമസ്ഥാവകാശം ആരുടേതാണ്? എങ്ങിനെയാണ് കൃത്യമായ ടെണ്ടറുകളും കരാര്‍ നടപടികളും കൂടാതെ അദാനി ഗ്രൂപ്പ് തുറമുഖങ്ങളും വിമാനത്താവളങ്ങളും വാങ്ങിക്കൂട്ടുന്നത്? സൗജന്യ ഫ്‌ലോട്ടുകള്‍ അനുവദിക്കാത്ത അദാനി കമ്പനികളുടെ ഓഹരികള്‍ ആരുടേതാണ്? മറഞ്ഞുനില്‍ക്കുന്ന നിക്ഷേപകര്‍ ആരാണ്? തുടങ്ങിയ മര്‍മ്മപ്രധാനങ്ങളായ ചോദ്യങ്ങള്‍ ഉയര്‍ത്തുവാന്‍ അവര്‍ക്ക് സാധിച്ചു.

വളരെ ശ്രദ്ധയോടും സൂക്ഷ്മതയോടും കൂടി തയ്യാറാക്കപ്പെടുന്ന അവരുടെ ചോദ്യങ്ങളെ, ദേശീയ മാധ്യമങ്ങളില്‍ നല്‍കപ്പെടുന്ന അഭിമുഖങ്ങളെ ഭരണകൂടം ഭയക്കുന്നുണ്ടെന്നത് വസ്തുതയാണ്. അതുകൊണ്ടുതന്നെ, അവരുടെ ധാര്‍മ്മികതയ്ക്ക് മേല്‍ കരിനിഴല്‍ വീഴ്ത്തിക്കൊണ്ട്, സാങ്കേതിക പ്രശ്‌നങ്ങള്‍ ഉയര്‍ത്തിക്കാട്ടി ലോക്‌സഭാംഗത്വത്തില്‍ നിന്ന് പുറന്തള്ളാനുള്ള നീക്കങ്ങള്‍ വളരെ തകൃതിയായി പിന്നണിയില്‍ നടക്കുന്നുണ്ടായിരുന്നു.

പാര്‍ലമെന്റ് ലോഗിന്‍ ഐഡി പുറത്തുള്ള വ്യക്തിക്ക് കൈമാറിയെന്ന ആരോപണത്തെ മുന്‍നിര്‍ത്തി, ഗുരുതരമായ എന്തോ തെറ്റ് പ്രവര്‍ത്തിച്ചതുപോലുള്ള പ്രചരണം നടത്തിക്കൊണ്ടായിരുന്നു ബിജെപി മഹുവ മൊയ്ത്രയെ നേരിട്ടത്. ഉന്നയിക്കേണ്ട ചോദ്യങ്ങള്‍ തയ്യാറാക്കുന്നതിന്, പാര്‍ലമെന്റ് തന്നെ അനുവദിച്ചിട്ടുള്ള നിയമനിര്‍മ്മാണ സഹായികളെ (Legislative Assistans to Member of Parliament-LAMP) ഉപയോഗപ്പെടുത്തുക എന്നത് സാധാരണ സംഗതിമാത്രമാണ്. നിയമ നിര്‍മ്മാണ ഗവേഷണം, ഡാറ്റാ വിശകലനം, പാര്‍ലമെന്ററി ചോദ്യങ്ങള്‍ തയ്യാറാക്കല്‍, പാര്‍ലമെന്ററി ചര്‍ച്ചകളുടെ പശ്ചാത്തല ഗവേഷണം, സ്റ്റാന്‍ഡിംഗ് കമ്മറ്റി മീറ്റിംഗുകള്‍ സംബന്ധിച്ച ഗവേഷണം, അംഗങ്ങള്‍ക്ക് വേണ്ടി സ്വകാര്യ ബില്‍ തയ്യാറാക്കല്‍, മാധ്യമങ്ങള്‍ക്ക് വേണ്ടിയുള്ള പത്രക്കുറിപ്പുകള്‍, അഭിമുഖങ്ങള്‍ എന്നിവ തയ്യാറാക്കല്‍ തുടങ്ങി നിരവധി കാര്യങ്ങളില്‍ മേല്‍പ്പറഞ്ഞ സഹായികളുടെ സേവനങ്ങള്‍ ഉപയോഗപ്പെടുത്തിക്കൊണ്ടാണ് അംഗങ്ങള്‍ പ്രവര്‍ത്തിക്കുന്നത്.

പാര്‍ലമെന്റ് ലോഗിന്‍ ഐഡി, മറ്റൊരാള്‍ക്ക് നല്‍കിയതിനെ സംബന്ധിച്ച് വളരെ വ്യക്തതയോടെ തന്നെ മഹുവ വിശദീകരണം നല്‍കിയിട്ടുണ്ട്. ചോദ്യോത്തരങ്ങള്‍ അപ്‌ലോഡ് ചെയ്യുന്നതിനുള്ള പാസ്‌വേര്‍ഡ് എന്നത് പാര്‍ലമെന്റിലെ ബജറ്റ് ഡോക്യുമെന്റുകളോ മറ്റ് രഹസ്യസ്വഭാവമുള്ള രേഖകളോ കൈക്കലാക്കുന്നതിനുള്ള താക്കോലൊന്നുമല്ല. ഇത് സംബന്ധിച്ച് പാര്‍ലമെന്റ് അംഗങ്ങള്‍ക്ക് പ്രത്യേകമായ ചട്ടങ്ങളും രൂപപ്പെടുത്തിയിട്ടില്ല. പക്ഷേ ഇത്തരത്തിലുള്ള ന്യായവാദങ്ങള്‍ക്കോ, നൈതികതയെ സംബന്ധിച്ച ചോദ്യങ്ങള്‍ക്കോ മോദി കാലത്ത് പ്രസക്തിയില്ലെന്നത് സുവ്യക്തമായ കാര്യമാണ്.

ചോദ്യങ്ങള്‍ ഉയര്‍ത്തുന്നവരെ വേട്ടയാടിപ്പിടിക്കുക, സിബിഐ, ഇഡി, തുടങ്ങിയ എല്ലാ സ്വതന്ത്ര സ്ഥാപനങ്ങളെയും അതിനായി വിനിയോഗിക്കുക. അദാനി-അംബാനിമാരുടെ മൂലധന ബലത്തില്‍ സ്വന്തമാക്കിയ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തി കുപ്രചരണങ്ങള്‍ അഴിച്ചുവിടുക എന്നിവ മോദി ഭരണത്തിന്റെ മുഖമുദ്രയായി മാറിയിരിക്കുന്നു. 2014ല്‍ ഗൗതം അദാനിയുടെ വിപണി മൂലധനം 7.8 ബില്യണ്‍ അമേരിക്കന്‍ ഡോളര്‍ ആയിരുന്നത് 2023 ആകുമ്പോഴേക്കും 43 ബില്യണ്‍ ഡോളര്‍ ആയി ഉയര്‍ന്നു. ഇന്ത്യയിലെ മറ്റേതൊരു വ്യവസായ ഗ്രൂപ്പിനും സ്വപ്നം കാണാന്‍ പോലും സാധിക്കാത്ത തരത്തിലുള്ള ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ മോദി-അദാനി ബന്ധമാണെന്ന വസ്തുത നിരന്തരമായി ലോകത്തോട് വിളിച്ചുപറയാന്‍ ധൈര്യം കാണിച്ചുവെന്നതാണ് മഹുവ മൊയ്ത്രയുടെ പ്രസക്തി. അതുകൊണ്ടുതന്ന മഹുവ പാര്‍ലമെന്റില്‍ എത്തേണ്ടത് ഇന്ത്യന്‍ ജനതയെ സംബന്ധിച്ചിടത്തോളം വളരെ പ്രാധാന്യമുള്ള കാര്യമാണ്.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venkktesh k
Venkktesh k
10 months ago

well articulated , kudos sahadevan sir