ഒക്ടോബര്‍ പത്തിന് പ്രദര്‍ശനത്തിനെത്തിയ വേട്ടയന്‍ എന്ന രജനീകാന്ത്- ടി ജെ ജ്ഞാനവേല്‍ ചിത്രം, ആ ദിവസം തന്നെ കണ്ട് എഫ് ബിയില്‍ ഇപ്രകാരം ഒരു കുറിപ്പെഴുതിയിരുന്നു – ‘റിലീസ് ദിവസം തന്നെ ‘വേട്ടയന്‍’ എന്ന പുതിയ രജനീകാന്ത് ചിത്രം കണ്ടിരുന്നു. അമിതാഭ് ബച്ചന്‍, റാണ ദഗ്ഗുബതി, ഫഹദ് ഫാസില്‍, മഞ്ജു വാരിയര്‍, അലന്‍സിയര്‍, ദുഷാര വിജയന്‍, രോഹിണി, ദസറ, അഭിരാമി, റിതു സിങ്ങ് എന്നിങ്ങനെ നിരവധി അഭിനേതാക്കള്‍ ഒന്നിക്കുന്ന, ഒരു ഒരു പാന്‍ ഇന്ത്യന്‍ സ്വഭാവം ഉളള ചിത്രമായിക്കൂടിയാണ് ഈ സിനിമയുടെ റിലീസ് എന്ന് പറയാം. അതിയന്‍ എന്ന ഒരു ‘ട്രിഗര്‍-ഹാപ്പി’ പോലീസ് സൂപ്രണ്ടായി രജനീകാന്ത് പ്രത്യക്ഷപ്പെടുന്ന ഈ ടി ജെ ജ്ഞാനവേല്‍ ചിത്രം (അദ്ദേഹത്തിൻ്റെ ജയ് ഭീം എന്ന ചിത്രമാണ് രജനി-ജ്ഞാനവേൽ ടീം ഒന്നിക്കാൻ കാരണമായത്), എന്‍കൗണ്ടര്‍ കൊലകളെക്കുറിച്ചുളള ഒരു ധാര്‍മിക പ്രശ്നമാക്കാന്‍ സംവിധായകന്‍ ശ്രമിക്കുന്നുണ്ട്. ഒപ്പം, മനുഷ്യത്വം തൊട്ടുതീണ്ടിയിട്ടില്ലാത്ത ചില വന്‍ കോര്‍പ്പറേറ്റ് കമ്പനികള്‍ വിദ്യാഭ്യാസ മേഖലയെയും ദരിദ്രരായ രക്ഷിതാക്കളുടെ വിദ്യഭ്യാസ സ്വപ്നങ്ങളെയും ചൂഷണം ചെയ്യുന്നതിന്റെ – മനുഷ്യന്റെ അടിസ്ഥാന ആവശ്യങ്ങളെത്തന്നെ നിര്‍ദ്ദാക്ഷിണ്യം കച്ചവടവത്കരിക്കുന്നതിന്റെ (കുടിവെളളം, മരുന്ന്, ഭൂമി തുടങ്ങി സമാനമായ പ്രമേയങ്ങള്‍ നേരത്തെയും തമിഴ് സിനിമയില്‍ വന്നിട്ടുളളത് ഓര്‍ക്കാം) – ഒരു വിചാരണയായിക്കൂടി സംവിധായകന്‍ ചിത്രത്തെ വിഭാവനം ചെയ്യുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
ഒരു മാസ്സ് ചിത്രത്തിലെ, ‘അതിമാനുഷിക’ ചലനങ്ങള്‍ ഉള്‍പ്പെടെ എല്ലാ പതിവു ഘടകങ്ങളും നിലനിര്‍ത്തിക്കൊണ്ടു തന്നെയാണ്, ജ്ഞാനവേല്‍ ‘ജയ് ഭീമി’ലേതു പോലെ ഒരു സാമൂഹിക സന്ദേശത്തിനും വിശകലനത്തിനും മുതിരുന്നത്. അമിതാഭ് ബച്ചന്റെ കഥാപാത്രം സിനിമയില്‍ സൃഷ്ടിക്കുന്ന ധാര്‍മ്മികമണ്ഡലം കൂടിയാണ് ഒരര്‍ഥത്തില്‍ സിനിമയയുടെ സംഘര്‍ഷാത്മക സന്ദര്‍ഭമായിത്തീരുന്നതെന്ന് പറയാം. ഫഹദിൻ്റെയും മഞ്ജു വാര്യരുടെയും വ്യത്യസ്തമായ സാന്നിധ്യം പ്രത്യേക പരാമർശമർഹിക്കുന്നു.’ ഈ ലഘു കുറിപ്പിനെ ഒന്നു കൂടി വിശദീകരിക്കുക മാത്രമാണ് ഈ സിനിമാപര്യാലോചനയുയെ ലക്ഷ്യം എന്നു പറയട്ടെ.
ഒരര്‍ഥത്തില്‍, വളരെ സാധാരണമായ ഒരു സൂപ്പര്‍-സ്റ്റാര്‍, മാസ്സ് സിനിമ എന്ന രീതിയില്‍ മാത്രം കാണാവുന്ന, ഒപ്പം നിരവധി പരിമിതികളും ദൗര്‍ബല്യങ്ങളും എണ്ണിപ്പറയാവുന്ന ഒരു ചിത്രത്തെ, സംവിധായകന്‍ അസാധാരണമാക്കാന്‍ ശ്രമിച്ചത്, അല്ലെങ്കില്‍ അസാധാരണമാക്കിയത് അതില്‍ നിത്യപ്രസക്തിയുളള ചില രാഷ്ട്രീയ-നൈതിക പ്രശ്നങ്ങള്‍ ഗൗരവമായും വിദഗ്ദമായും ഏകോപിപ്പിച്ചതിനാലാണ്. ഒരര്‍ഥത്തില്‍ തമിഴ് സിനിമ ആകെത്തന്നെ കൈവരിക്കുന്ന ക്രമാനുഗതമായ മാറ്റമായിക്കൂടി ഈ സന്ദര്‍ഭത്തെ നമുക്ക് കാണാന്‍ കഴിയും. ഗുരുതരമായ സാമ്പത്തിക സമൂഹിക അസമത്വങ്ങളെക്കുറിച്ച് പറയാന്‍ മുമ്പ് സമാന്തര സിനിമകളെ മാത്രം ആശ്രയിച്ചിരുന്ന തമിഴ് ചലച്ചിത്രലോകം, അത്തരം സുപ്രധാന സാമൂഹിക രാഷ്ട്രീയ ചര്‍ച്ചകളെയും വിചാരണകളെയും മുഖ്യധാരാ സിനിമയിലേക്ക് കൊണ്ടുവരുന്നതിന്റെ വലിയ മാറ്റം കൂടിയാണ് ഞാന്‍ ഇവിടെ ഉദ്ദേശിക്കുന്നത്.
പാ രഞ്ജിത്ത്, മാരി സെല്‍വരാജ്, ടി ജെ ജ്ഞാനവേല്‍ എന്ന സംവിധായകത്രയം ഇപ്പോള്‍ തമിഴ് സിനിമയില്‍ സൃഷ്ടിക്കുന്നത് വ്യത്യസ്തമായ ഒരു ഭാവുകത്വവും കലയുടെ രാഷ്ട്രീയവും കൂടിയാണെന്ന് പ്രത്യേകം പറയേണ്ടി വരും. അത്തരം സാഹചര്യത്തിലൂടെ തമിഴ് സിനിമ കടന്നു പോകുന്നതിന്റെ ഭാഗമായിക്കൂടി വേണം ടി ജെ ജ്ഞാനവേലിന്റെ ജയ് ഭീം എന്ന ചിത്രത്തേയും, റിലീസായി ഏതാനും ദിവസങ്ങള്‍ക്കം വലിയ സാമ്പത്തിക വിജയം നേടിക്കഴിഞ്ഞ വേട്ടയന്‍ എന്ന പുതിയ ചിത്രത്തേയും മനസ്സിലാക്കേണ്ടത്. 2021ല്‍ ആമസോസണ്‍ പ്രൈമില്‍ റിലീസ് ചെയ്ത സൂര്യ നായകനായ ജയ് ഭീം എന്ന ചിത്രമാണ് രജനീകാന്തിനെ ജ്ഞാനവേലിലേക്ക് അടുപ്പിച്ചത് എന്ന് അദ്ദേഹം പറഞ്ഞിരുന്നു. ഒരര്‍ഥത്തില്‍ ജയ് ഭീം പോലൊരു ചിത്രത്തിന് വഴിയൊരുങ്ങിയത് പോലും പാ രഞ്ജിത്ത് സിനിമകള്‍ സൃഷ്ടിച്ച ഗുണപരമായ മാറ്റത്തിന്റെ പശ്ചാത്തലത്തിലാണെന്ന് പറയാം.
പാ രഞ്ജിത്ത് സാധ്യമാക്കിയ ഈ ‘തനിവഴി’ നേരത്തേ സൂചിപ്പിച്ചതുപോലെ, സമാന്തരസിനിമയ്ക്കും കൊമേഴ്ഷ്യല്‍ സിനിമക്കും ഇടയില്‍ സ്വന്തം ഇടം അടയാളപ്പെടുത്താന്‍ ഏറെ പ്രയാസപ്പെട്ടിരുന്ന- സാഹസിക സമരങ്ങള്‍ തന്നെ നടത്തിയിരുന്ന- ഇത്തരത്തിലൂള്ള രാഷ്ട്രീയ സിനിമകളെ, സിനിമയുടെ മുഖ്യധാരയില്‍ പ്രതിഷ്ഠിക്കുക തന്നെ ചെയ്തു. സിനിമയില്‍ രൂപപ്പെട്ട വിപ്ലവകരമായ ഈ മുന്നേറ്റം കൊമേഴ്സ്യല്‍ സിനിമയുടെ സ്വഭാവത്തിലും നിലവാരത്തിലും മാറ്റമുണ്ടാക്കി എന്നു സാരം. സ്വാഭാവികമായി സിനിമാപ്രേക്ഷകരുടെ കാഴ്ചപ്പാടിനേയും സംസ്കാരത്തേയും പുതിയ രീതിയില്‍ സ്വാധീനിക്കുന്ന ഒരു ‘സിനിമാറ്റിക് നവോത്ഥാനം’ തന്നെയായിരുന്നു അത്. കാരണം അമിതമായി ജാതിബോധത്തില്‍ അഭിരമിക്കുന്ന സിനിമകളും പ്രമേയപരമായി സവര്‍ണരുടെയും സമ്പന്നരുടെയും ലോകത്തെ നിരന്തരം ആവിഷ്കരിക്കുന്ന കാലാവസ്ഥയുമാണ് കൊമോഴ്സ്യല്‍ സിനിമയില്‍ പതുക്കെ മാറിത്തുടങ്ങിയത്.
ഇപ്പോള്‍ ഏറെ ചര്‍ച്ച ചെയ്യപ്പെടുന്ന മാരി സെല്‍വരാജിന്റെ വാഴൈ പോലുളള പൊള്ളുന്ന ഒരു ചിത്രം മുമ്പ് തമിഴ് മുഖ്യധാരാ സിനിമയ്ക്ക് ചിന്തിക്കാന്‍ കഴിയുമായിരുന്നില്ല എന്നു ചുരുക്കം. അതുതന്നെ, മാരി ശെല്‍വരാജ് ഒരു അഭിമുഖത്തില്‍ സൂചിപ്പിക്കുന്നതു പോലെ, അദ്ദേഹത്തിന്റെ ഫലിമോഗ്രഫിയിലെ ആദ്യ സിനിമയായി വാഴൈ എന്ന ചിത്രത്തെ കാണാനുളള സാധ്യതയും ഓര്‍ക്കാം. കാരണം അവിടെ ഒരു ബാലന്‍ ചൂഷണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ നാടുവിടാന്‍ ശ്രമിക്കുന്ന ദാരുണ കഥയാണുളളത്. എന്നാല്‍ മാമന്നനും (അടിച്ചമര്‍ത്തലിനെതിരെ, രാഷ്ട്രീയത്തിലൂടെയുളള പ്രതിരോധം) കര്‍ണ്ണനും (അടിച്ചമര്‍ത്തലിനെതിരെ, ആയുധത്തിലൂടെയുളള പ്രതിരോധം) പരിയേറും പെരുമാളും (അടിച്ചമര്‍ത്തലിനെതിരെ, വിദ്യാഭ്യാസത്തിലൂടെയുളള പ്രതിരോധം) കൃത്യമായ, ക്രമാനുഗതമായ പ്രതിരോധങ്ങളിലേക്കു കൂടി നീങ്ങുന്നു.
അടിച്ചമര്‍ത്തലും അധിനിവേശവും ചൂഷണവും ജാതിവിരുദ്ധതയും, മൗലികാവകാശങ്ങളുടെ നിഷേധവും എല്ലാം തമിഴ് സിനിമ ഉച്ചത്തില്‍ വെളിപ്പെടുത്തുകയും വിചാരണ ചെയ്യുകയും ചെയ്യുന്നത്, അത് ആഖ്യാനത്തില്‍ സൃഷ്ടിച്ച നവീനത കൊണ്ടുകൂടിയാണ്. കാരണം മദ്രാസ്, കബാലി, കാല തുടങ്ങി തന്റെ സിനിമകളിലൂടെ ജാതിക്കെതിരേ ക്യത്യമായ രാഷ്ട്രീയമായിരുന്നു പാ രഞ്ജിത്ത് പറഞ്ഞത്. അദ്ദേഹം വഴിമരുന്നിട്ട ഈ പുതിയ ആഖ്യാനവും അനുഭവവും പൊതുവില്‍ തമിഴ് സിനിമാലോകം സ്വീകരിക്കുന്ന കാഴ്ചയാണ് നാം പിന്നീട് കണ്ടത്. പരിയേറും പെരുമാള്‍ എന്ന മാരി സെല്‍വരാജ് ചിത്രത്തിന്റെ പ്രൊഡ്യൂസര്‍ കൂടിയായിരുന്നു പാ രഞ്ജിത്ത് എന്ന് ഓര്‍ക്കുമ്പോഴാണ്, ഇങ്ങനെയൊരു സിനിമാ കാലാവസ്ഥ രൂപപ്പെടുന്നതില്‍ ഇവര്‍ വഹിച്ച പങ്ക് നമുക്ക് എളുപ്പം തിരിച്ചറിയാന്‍ കഴിയുക. ‘I am my politics, without it I’m nothing’എന്ന് ‘തങ്കലാന്‍ ‘ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗില്‍ പാ രഞ്ജിത്ത് പറഞ്ഞത് ഈ സന്ദര്‍ഭത്തില്‍ ഓര്‍ക്കാം. ‘കുറി വെച്ചാല്‍ എര വിഴണം’ എന്ന, ‘വേട്ടയനി’ല്‍ രജനീകാന്ത് കഥാപാത്രം ഒരു പ്രമാണവാക്യം പോലെ ആവര്‍ത്തിക്കുന്ന ഡയലോഗ്, ഒരര്‍ഥത്തില്‍ തമിഴ് സിനിമയില്‍ നടപ്പിലാക്കുകയായിരുന്നു ഈ പാ രഞ്ജിത്ത്, മാരി സെല്‍വരാജ്, ടി ജെ ജ്ഞാനവേല്‍ സംവീധായകത്രയം.
വേട്ടയന്‍ എന്ന ചിത്രത്തിന്റെ അടിസ്ഥാന പ്രമേയമായിത്തീരുന്നത് മനുഷ്യാവകാശ ധ്വംസനമാണെന്ന് ആദ്യമേ സൂചിപ്പിച്ചിരുന്നുവല്ലോ. ജയ് ഭീം എന്ന ചിത്രത്തില് സംവിധായകന്‍ ടി ജെ ജ്ഞാനവേല്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മനുഷ്യരുടെ- ഇരുളര്‍ എന്ന ഗോത്രവിഭാഗത്തിലെ മനുഷ്യരുടെ കഠിന ജീവിതം ആവിഷ്കരിക്കുകയായിരുന്നു. ഇരുളർ എന്ന ഗോത്രക്കാരായ വ്യക്തികളുടെ ജീവിതത്തിൽ നടന്ന യഥാർത്ഥ സംഭവങ്ങളും, ചന്ദ്രുവെന്ന വക്കീൽ (സൂര്യ) ഇവർക്കായി നടത്തുന്ന നിയമ പോരാട്ടവുമാണ് ചിത്രത്തിൽ ആവിഷ്ക്കരിച്ചിട്ടുളളത്. തൊണ്ണൂറുകളുടെ മധ്യത്തില്‍ ആരംഭിക്കുന്ന ചിത്രം, അനേക വർഷങ്ങളായി തീരുമാനമാകാതെ കിടന്ന കേസുകൾ പൂർത്തിയാക്കാൻ മുകളിൽ നിന്നും സമ്മർദ്ദം വരുമ്പോൾ, അശരണരും ദുര്‍ബലരും ദരിദ്രരുമായ നിരപരാധികളുടെ തലയിലേക്ക് പോലീസ് കുറ്റങ്ങള്‍ അടിച്ചേൽപ്പിക്കുന്നതാണ് ചിത്രത്തിന്റെ ആരംഭ ദൃശ്യങ്ങള്‍. തങ്ങളുടെ കൃഷിയിടങ്ങളിലെ എലികളേയും, പാമ്പുകളേയും മറ്റും പിടിച്ചും, കൂലിപ്പണി ചെയ്തും എല്ലാം ജീവിക്കുന്ന ഇരുളര്‍ ഗോത്രവിഭാഗത്തിലെ രാജാക്കണ്ണ്, സെങ്കേനി എന്നീ കഥാപാത്രങ്ങളിലൂടെയാണ് ചിത്രം പുരോഗമിക്കുന്നത്. ഉയർന്ന ജാതിക്കാരനും, പാർട്ടിയിലെ നേതാവുമായ ആളുടെ വീട്ടിൽ നിന്നും സ്വർണ്ണം കളവ് പോയപ്പോൾ എത്രയും പെട്ടെന്ന് അതു വീണ്ടെടുക്കാൻ പോലീസിന് സമ്മര്‍ദ്ദമുണ്ടായിരുന്നു. രാജാക്കണ്ണിനെയാണ് (മണികണ്ഠന്‍) ഇത്തവണ പോലീസ് കുറ്റവാളിയായി മുദ്രകുത്തുന്നത്.
ഇയാളുടെ ഭാര്യ സെങ്കേനിയേയും (ലിജോമോള്‍ ജോസ്), സഹോദരി, സഹോദരൻ അടക്കമുള്ള ഉറ്റവരേയും സ്റ്റേഷനിൽ കൊണ്ടുപോയി അതിക്രൂരമായി മർദ്ധിക്കുകയാണ് പോലീസ് ചെയ്തത്. പോലീസിൻ്റെ കസ്റ്റഡിയിലിരിക്കെ രാജാക്കണ്ണടക്കം മൂന്ന് പേർ രക്ഷപെട്ടതായി പോലീസ് പിന്നീട് നിസ്സംഗമായി അറിയിക്കുമ്പോള്‍ വാസ്തവത്തില്‍ അതിൽ ദുരൂഹതകൾ മാത്രമാണ് ഉണ്ടായിരുന്നത്. ഒരിക്കലും ഭർത്താവിനെ കണ്ടെത്താൻ കഴിയാതെ വരുമ്പോളാണ് പൂര്‍ണ്ണഗർഭിണിയായ സെങ്കേനി ചെന്നൈ ഹൈക്കോടതിയിലെ വക്കീലായ ചന്ദ്രുവിനെ (സൂര്യ) സമീപിക്കുന്നത്. മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയുള്ള കേസുകൾ ഫീസില്ലാതെ വാദിക്കുന്ന സമർത്ഥനായ ചന്ദ്രുവിന്, അങ്ങനെ പോലീസ് കെട്ടിച്ചമച്ച തെളിവുകൾക്കെതിരെ പൊരുതാനുളള സന്ദര്‍ഭമൊരുങ്ങുന്നു. ഇവിടെ അമിതാഭ് ബച്ചന്റെ വേട്ടയനിലെ, മനുഷ്യാവകാശ പ്രവര്‍ത്തകനായ സത്യദേവ് എന്ന റിട്ടയേഡ് ബോംബെ ഹൈക്കോടതി ജഡ്ജിയിലേക്ക്, സൂര്യയുടെ ചന്ദ്രുവില്‍ നിന്ന് ഒരു നേര്‍രേഖ വരയ്ക്കാന്‍ നമുക്ക് തീര്‍ച്ചയായും കഴിയും. ഇങ്ങനെയൊരു ചിത്രം നിർമ്മിക്കാനും അതില്‍ ഇപ്രകാരം ഒരു വേഷം അവതരിപ്പിക്കാനും തയ്യാറായ സൂര്യ ആ നിലയില്‍ അഭിനന്ദനമര്‍ഹിക്കുന്നുണ്ട്. അംബേദ്കറും ഭരണഘടനയും നിയമവും സവിശേഷമായി നമ്മളില്‍ നിറയുന്ന ഈ ലീഗല്‍ ഡ്രാമ ചിത്രത്തിലൂടെ ജ്ഞാനവേല്‍ തമിഴ് സിനിമയില്‍ ഒരു പുതിയ തുറസ്സു തന്നെ സൃഷ്ടിക്കുകയുണ്ടായി. കാഴ്ചക്കാരെ കഠിനമായി നീറ്റുന്ന കഥാസന്ദര്‍ഭങ്ങളിലൂടെ ഒരു റിയലിസ്റ്റിക് ചിത്രത്തിന്റെ വലിയ സാധ്യതയാണ് സംവിധായകൻ ജ്ഞാനവേൽ ആവിഷ്കരിച്ചത്. അതിന് മുമ്പ് 2015ല്‍ ദേശീയ പുരസ്കാരത്തിന് അര്‍ഹമായ, വെട്രിമാരന്റെ ‘വിസാരണൈ’ ചിത്രം ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതുണ്ട്. ദിനേഷ്, ആനന്ദി, സമുദ്രക്കനി, ആടുകളം മുരുഗദോസ്, മിഷ ഘോഷൽ എന്നിവര്‍ അഭിനേതാക്കളായെത്തിയ വിസാരണൈ, പോലീസ് പീഡനത്തിന്റെയും അഴിമതിയുടെയും ക്രൂരതകളുടെയും യഥാതഥമായ ചിത്രീകരണമായിരുന്നു. അധികാരം, ഭൂമി, ജാതി എന്നിവയുടെ സമസ്യകള്‍ കൈകാര്യം ചെയ്യുന്നതില്‍, തമിഴ് സിനിമയില്‍ വെട്രിമാരന്റെ അസുരന്‍ (ധനുഷ്, മഞ്ജു വാര്യര്‍) പോലുളള ശ്രദ്ധേയ ചിത്രം വഹിച്ച പങ്കും ചെറുതല്ലെന്ന ഇവിടെ എടുത്തു പറയട്ടെ.
ഇത്രയും പറഞ്ഞു വന്നത് ജ്ഞാനവേലിന്റെ ‘വേട്ടയന്‍ ‘ എന്ന പുതിയ ചിത്രത്തെക്കുറിച്ച് പ്രത്യേകം പറയാനായിരുന്നു. ഇത്തവണ സംവിധായകന്‍ ‘ഏറ്റുമുട്ടല്‍ കൊല’ (Encounter Killing) എന്ന നിയമ പ്രശ്നത്തെ-ഭരണകൂട പ്രശ്നത്തെ സിനിമയില്‍ മുഖ്യ പ്രമേയമാക്കുന്നു. ഏറ്റുമുട്ടല്‍ എന്നത് തന്നെ പലപ്പോഴും വ്യാജ ഏറ്റുമുട്ടല്‍ അഥവാ ഫേക്ക് എന്‍കൗണ്ടര്‍ ആയിരിക്കുമെന്നതാണ് ഇതിലെ ഏറ്റവും സങ്കീര്‍ണ്ണമായ വശം. പൊതുവില്‍ തമിഴ് പോലീസ്, ട്രിഗര്‍-ഹാപ്പി പോലീസാണെന്ന് – ആളുകളെ വെടിവെച്ചുകൊല്ലാന്‍ വ്യഗ്രതപ്പെടുന്നവര്‍-ആണെന്ന കുപ്രസിദ്ധി നിലനില്‍ക്കുന്നുണ്ട്. ഏറ്റവുമധികം ഏറ്റുമുട്ടല്‍ കൊലകള്‍ നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ തമിഴ്നാടും ഉണ്ട് എന്നത് ഇവിടെ ഓര്‍ക്കാം. ഉത്തര്‍ പ്രദേശ്, മഹാരാഷ്ട്ര, മധ്യപ്രദേശ്, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്ന ക്രമത്തിലാണ്, ആംനെസ്റ്റി ഇന്‍റര്‍നാഷണലിന്റെ ഇതു സംബന്ധിച്ച ഒരു പഠനത്തില്‍ സംസ്ഥാനങ്ങളെക്കുറിച്ച് വായിക്കാന്‍ ഇടയായത്. കേരളത്തില്‍ ഏറ്റവും വിമര്‍ശനവിധേയമായിട്ടുളളത് മാവോവാദികളുടെ ഏറ്റുമുട്ടല്‍ കൊലകളാണ് എന്നതും അതില്‍ കാണാന്‍ കഴിഞ്ഞു.
ഇത്തരം കൊലപാതകങ്ങള്‍ നിയമവിരുദ്ധമായ കൊലപാതകങ്ങളാണെന്നതും ഉത്തരവാദിത്തത്തിന്റെയും സുതാര്യതയുടെയും അഭാവം അതില്‍ എപ്പോഴും ഉണ്ടാകും എന്നതും മനുഷ്യാവകാശ ലംഘനങ്ങള്‍ ഏറ്റുമുട്ടല്‍ കൊലകളുടെ ഭാഗമാണെന്നും പോലീസ് ക്രൂരതയുടെ സാധ്യത അവിടെ വലുതാണെന്നും പരിഷ്കാരങ്ങളുടെയും മേല്‍നോട്ട സംവിധാനങ്ങളുടെയും അനിവാര്യത അവിടെ സുപ്രധാനമാണെന്നും മനുഷ്യാവകാശ കമ്മീഷന്‍ പ്രത്യേകം പറയുന്നുമുണ്ട്. ഇതെല്ലാം- ഇത്തരം സന്ദേശങ്ങളെല്ലാം ഒരു മാസ്സ്-തലൈവര്‍ സിനിമയിലൂടെ ജ്ഞാനവേല്‍ ചര്‍ച്ചയില്‍ കൊണ്ടുവരുന്നു എന്നതാണ് വേട്ടയന്‍ എന്ന ചിത്രത്തിനെ പ്രസക്തമാക്കുന്നത്. സിനിമയുടെ രണ്ടാം പാതിയില്‍ തിരക്കഥയ്ക്ക് സംഭവിക്കുന്ന ദുര്‍ബലതയുള്‍പ്പെടെയുളള നിരവധി വിമര്‍ശനങ്ങള്‍ക്കിടയിലും ഈ ചര്‍ച്ചയും ചിന്തയും സന്ദേശവും പ്രധാനമായിത്തീരുകയാണ്.
നീതി വൈകുന്നത് നീതി നിഷേധിക്കുന്നതിന് തുല്യമാണെന്ന ആപ്തവാക്യം- justice delayed is justice denied- നമുക്ക് പരിചിതമാണ്. എന്നാല്‍ ധൃതിപിടിച്ചുളള നീതി നടപ്പാക്കല്‍ പലപ്പോഴും യഥാര്‍ഥ നീതിയെ കുഴിച്ചുമൂടുന്നതിന് തുല്യമാകുമെന്ന – justice hurried is justice buried മറ്റൊരു പ്രധാന നിയമചിന്ത കൂടി ഈ സിനിമ അവതരിപ്പിക്കുന്നു. -അമിതാഭ് ബച്ചന്റെ സത്യദേവ് എന്ന കഥാപാത്രം എന്‍കൗണ്ടര്‍ വിദഗ്ധനായ എസ് പി അതിയാനില്‍ (രജനീകാന്ത്) രൂപപ്പെടുത്തുന്ന വീണ്ടുവിചാരം കൂടിയാണത്. കന്യാകുമാരി ജില്ലയിലെ പൊലീസ് സൂപ്രണ്ട് ചെന്നൈയില്‍ നടക്കുന്ന ഒരു കൊലപാതക അന്വേഷണത്തിന് എത്തിച്ചേരുന്ന സവിശേഷ സാഹചര്യം സിനിമയില്‍ ഉണ്ടാകുന്നു. കുറ്റവാളി കൈവിട്ടു പോകുമെന്ന ഘട്ടത്തിലെത്തുന്ന ആഭ്യന്തര വകുപ്പിന് എന്‍കൗണ്ടര്‍ സ്‌പെഷ്യലിസ്റ്റായ എസ് പിയുടെ സഹായം തേടേണ്ടി വരികയും അദ്ദേഹം നാലപത്തിയെട്ട് മണിക്കൂറിനകം നമ്മള്‍ ചര്‍ച്ചചെയ്യുന്ന ‘നീതി’ നമ്മുടെ കൂടി മന:സാക്ഷിയെ ബോധ്യപ്പെടുത്തുന്ന വിധം നടപ്പാക്കുകയും ചെയ്യുന്നു. എന്നാല്‍, അയാള്‍ ചെയ്യുന്നത് നീതിയല്ലെന്നും അതില്‍ വലിയ അനീതിയുണ്ടായിരുന്നുവെന്നും വൈകാതെ വെളിപ്പെടുന്നു. കോര്‍പ്പറേറ്റ് കുതന്ത്രങ്ങള്‍ എപ്രകാരം ഒരു പോലീസ് ഓഫീസറെ വെറും ഒരു ഉപകരണം മാത്രമാക്കി മാറ്റുന്നു എന്ന തിരിച്ചറിവിലാണ് സിനിമയുടെ സുപ്രധാന വികാസം സംഭവിക്കുന്നത്. പൊതുവില്‍, കുറ്റവാളികളെന്ന് കരുതുന്ന പൊലീസ് പിടികൂടുന്ന ആളുകളില്‍ പലരും പണവും സ്വാധീനവും നല്ല വക്കീലുമായി കോടതിയില്‍ നിന്നും എളുപ്പത്തില്‍ കുറ്റവിമുക്തരായി പുറത്തിറങ്ങുന്നുവെന്ന ചിന്തയാണ് ഒരളവുവരെ ഏറ്റുമുട്ടല്‍ കൊലപാതകങ്ങളെ സാമാന്യജനം കയ്യടിച്ച് പ്രോത്സാഹിപ്പിക്കുന്നതിന് പ്രധാന കാരണ മാകുന്നതെന്ന് പറയാം. തൂക്കു ശിക്ഷക്കു വേണ്ടി ജനങ്ങള്‍ വാദിക്കുന്നതിലും ഈ മാനസികാവസ്ഥ പ്രകടമായിക്കാണാം. കോടതിയിലെത്തുന്ന കേസുകള്‍ വര്‍ഷങ്ങള്‍ വൈകുന്നതും ശിക്ഷ തീരെ കുറവ് മാത്രം ലഭിക്കുകയോ ഒട്ടും കിട്ടാതിരിക്കുകയോ ചെയ്യുന്നതും എല്ലാം ആളുകളെ ആശങ്കപ്പെടുത്താറുണ്ട് അല്ലെങ്കില്‍ പ്രയാസപ്പെടുത്താറുണ്ട്. ഈ പൊതുസാഹചര്യത്തിലാണ് മിക്കപ്പോഴും പൊലീസ് ഏറ്റുമുട്ടല്‍ കൊലകളെന്ന പേരില്‍ കൊലകള്‍ നടപ്പാക്കി ആഘോഷിക്കാറുള്ളത്. അതിയന്‍ എന്ന കഥാപാത്രം താന്‍ ചെയ്തത് ഏറ്റുമുട്ടല്‍ അല്ല ശുദ്ധ കൊലപാതകമാണ് എന്ന് ഏറ്റു പറയുന്നത് സിനിമയിലെ സുപ്രധാന സന്ദര്‍ഭമാണെന്നത് പ്രത്യേകം ഓര്‍ക്കാം.
മാത്രമല്ല, ചേരിയിലുളള മനുഷ്യര്‍ കുറ്റവാളികളായിരിക്കുമെന്ന ഏറ്റവും അപകടകമായ പൊതുബോധത്തെയും സിനിമ വിചാരണ ചെയ്യുന്നത് ശ്രദ്ധേയമാണ്. കാരണം കൊല്ലപ്പെടുന്ന പലരും കുറ്റാരോപിതര്‍ മാത്രമാണെന്നും അത് തെളിയിക്കാനുള്ള ഒരവസരം പോലും അവര്‍ക്കോ പൊലീസിനോ ഉണ്ടായിട്ടില്ലെന്നും സൗകര്യപൂര്‍വ്വം മറക്കര ന്നതാണ് ഇവിടെ മറുപുറമായി സംഭവിക്കുന്നത്. ഒരു രജനീകാന്ത് ചിത്രത്തിന് ആവശ്യമായ എല്ലാ ചേരുവകളുമുളള സിനിമ, പക്ഷേ രജനീകാന്ത് യാഥാര്‍ഥ്യബോധത്തിലേക്കും നിയമബോധത്തിലേക്കും എത്തുന്നതു കൂടി ഗ്ലോറിഫൈ ചെയ്യുമ്പോഴാണ് അതിന്റെ രാഷട്രീയം സാക്ഷാത്കരിക്കുന്നത്. ഫഹദ് ഫാസിലിന്റെ പാട്രിക്കിനെ പോലെ ദുഷാര വിജയന്റെ ശരണ്യയും വേട്ടയനെ ശ്രദ്ധേയമാക്കുന്നതില്‍ നല്ല പങ്കുവഹിക്കുന്നു. ദുഷാരയുടെ കഥാപാത്രത്തെ കേന്ദ്രമാക്കിയാണ് സിനിമയുടെ കഥ നീങ്ങുന്നത് എന്നു കൂടി പറയാം. വാര്‍ത്തകളില്‍ നിറയുന്ന ഒരു എജുക്കേഷന്‍ ആപ്പുമായി ബന്ധപ്പെട്ട് നമുക്ക് അറിയാവുന്ന ചില വസ്തുതകളും ഈ സിനിമയുടെ പ്രമേയവുമായി ബന്ധപ്പെട്ടു നില്‍ക്കുന്ന കാര്യം പെട്ടെന്നു തന്നെ പ്രേക്ഷകര്‍ തിരിച്ചറിയുക സ്വാഭാവികം. ഫഹദ് ഫാസില്‍, മഞ്ജുവാര്യര്‍, സാബുമോന്‍ അബ്ദുസ്സമദ്, അഭിരാമി, രോഹിണി, അലന്‍സിയര്‍ തുടങ്ങി ധാരാളം മലയാള നടീനടന്‍മാര്‍ ഈ സിനിമയുടെ ഭാഗമായിട്ടുളളത്, മലയാളിയെ സംബന്ധിച്ചിടത്തോളം, ഒരു ഭാഷാഭേദ ചിന്ത കടന്നുവരാത്ത ഒന്നാക്കി വേട്ടയനെ മാറ്റിയിട്ടുണ്ടെന്ന് പറയാം.
അനിരുദ്ധ് രവിചന്ദറിന്റെ സംഗീതം, എസ് ആര്‍ കതിറിന്റെ ക്യാമറ, ഫിലോമിന്‍ രാജിന്റെ എഡിറ്റിംഗ് തുടങ്ങിയവയെല്ലാം സിനിമയെ മാസ്സ് സിനിമയുടെ ഗണത്തില്‍ നിലനിര്‍ത്തുക കൂടിയാണ്. അമിതാഭ് ബച്ചന്റെ ആദ്യ തമിഴ് സിനിമയെന്ന കൗതുകവും പ്രേക്ഷകര്‍ക്ക് ഈ ചിത്രം നല്‍കുന്നു. ജ്ഞാനവേലിന് സ്ക്രിപ്റ്റിന്റെ കാര്യത്തില്‍ അല്പം അടി പതറിയിട്ടുണ്ട് വേട്ടയനില്‍ എന്ന വസ്തുതകൂടി ഇവിടെ പ്രത്യേകം പറയേണ്ടി വരുന്നു. എങ്കിലും ആദ്യം സൂചിപ്പിച്ച നിയമചിന്തകളും മനുഷ്യാവകാശ ബോധ്യങ്ങളും സിനിയുടെ പ്രസക്തി ഉയരത്തിലാക്കുന്നു.