ദേശീയ ചലച്ചിത്ര അവാർഡ്, അഭിമാനമായി മലയാളം സിനിമ, വേദനയായി സച്ചി
അറുപത്തിയെട്ടാമത് ദേശീയ ചലച്ചിത്ര അവാര്‍ഡില്‍ അഭിമാന നേട്ടം നേടി മലയാള സിനിമ. മികച്ച സംവിധായകനടക്കം ഒന്നിലധികം പുരസ്കാരങ്ങൾ നേടി സംവിധായകൻ സച്ചിയുടെ ‘അയ്യപ്പനും കോശിയും’. അഭിമാന നേട്ടത്തിന് സാക്ഷിയാവാൻ മലയാളികളുടെ പ്രിയങ്കരനായ സംവിധായകൻ സച്ചിയുടെ അഭാവം സിനിമാപ്രേമികളുടെ മനസ്സിൽ വലിയ വേദനയായി. മരണത്തിന് ശേഷവും സിനിമ മേഖലയിൽ തന്റെ സ്ഥാനം ഒരിക്കൽ കൂടി ഉറപ്പിക്കുകയായിരുന്നു അവാർഡ് നേട്ടത്തിലൂടെ സച്ചി.
‘അയ്യപ്പനും കോശിയി’ലെയും അഭിനയത്തിന് ബിജു മേനോന്‍ മികച്ച സഹനടനായി തെരഞ്ഞെടുക്കപ്പെട്ടു. സച്ചിയുടെ മറ്റൊരു കണ്ടെത്തലുകളിൽ ഒന്നായ നഞ്ചിയമ്മ മികച്ച പിന്നണി ഗായികയായി. അയ്യപ്പനും കോശിയും എന്ന സിനിമയിലെ ഗാനത്തിനാണ് പുരസ്കാരം.
‘സൂരരൈ പൊട്രു’വിലെ അഭിനയത്തിന് അപര്‍ണ ബാലമുരളി മികച്ച നടിയായി. തനാജി എന്ന ചിത്രത്തിലെ അഭിനയത്തിന് അജയ് ദേവ്ഗണും ‘സൂരറൈ പോട്ര്’ എന്ന ചിത്രത്തിലെ അഭിനയത്തിന് സൂര്യയും മികച്ച നടൻമാരായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച സംഗീത സംവിധായകനുള്ള അവാര്‍ഡ് ‘സൂരരൈ പൊട്രു’വിലൂടെ ജീ വി പ്രകാശ് കുമാര്‍ നേടി.
മികച്ച സംഘട്ടനത്തിനുള്ള അവാർഡ് അയ്യപ്പനും കോശിയും എന്ന സിനിമയിൽ സംഘട്ടനം ഒരുക്കിയ മാഫിയ ശശിക്ക് ലഭിച്ചു. ‘ശബ്‍ദിക്കുന്ന കലപ്പ’യുടെ ഛായാഗ്രാഹണത്തിന് നിഖില്‍ എസ് പ്രവീണിനും പുരസ്‍കാരം ലഭിച്ചു. വിപുൽ ഷാ അധ്യക്ഷനായ ജൂറിയാണ് ജേതാക്കളെ പ്രഖ്യാപിച്ചത്.
മികച്ച ശബ്ദമിശ്രണം മാലിക്കിനു ലഭിച്ചു. ‘കപ്പേള’ എന്ന ചിത്രത്തിലൂടെ അനീസ് നാടോടി മികച്ച പ്രൊഡക്ഷൻ ഡിസൈനർ പുരസ്കാരം നേടി. അനൂപ് രാമകൃഷ്‍ണന്‍ എഴുതിയ എംടി: അനുഭവങ്ങളുടെ പുസ്‍തകം മികച്ച സിനിമ പുസ്‍തകമായി തെരഞ്ഞെടുക്കപ്പെട്ടു. കാവ്യ പ്രകാശ് സംവിധാനം ചെയ്ത മലയാള സിനിമ ‘വാങ്ക്’ പ്രത്യേക ജൂറി പുരസ്കാരത്തിനർഹമായി. മികച്ച മലയാള ചിത്രത്തിനുള്ള പുരസ്കാരം ഈ അടുത്തകാലത്ത് ഏറെ ചർച്ചചെയ്യപ്പെട്ട സെന്ന ഹെഗ്ഡെ സംവിധാനം ചെയ്ത ‘തിങ്കളാഴ്ച നിശ്ചയ’ത്തിനാണ്. മികച്ച വിദ്യാഭ്യാസ ചിത്രം ‘ഡ്രീമിംഗ് ഓഫ് വേര്‍ഡ്സ്'(നന്ദൻ). മികച്ച വിവരണം ശോഭ തരൂര്‍ ശ്രീനിവാസന്‍. സിനിമാ സൗഹൃദ സംസ്ഥാനമായി മധ്യപ്രദേശ് തെരഞ്ഞെടുക്കപ്പെട്ടു.