A Unique Multilingual Media Platform

The AIDEM

Articles Politics South India

രാഹുലിന്റെ സ്ഥലജലഭ്രമങ്ങൾ

  • April 22, 2024
  • 1 min read
രാഹുലിന്റെ സ്ഥലജലഭ്രമങ്ങൾ

പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. ഇന്ത്യാ മുന്നണി നേതാവ് രാഹുൽ ഗാന്ധി കേരളത്തിന് പുറത്തെ സഖ്യകക്ഷിയായ സി.പി.എംൻ്റെ പി.ബി. അംഗം പിണറായി വിജയനെ ഇ.ഡി അറസ്റ്റ് ചെയ്യണമെന്ന് വാദിക്കുന്നതിലെ അനൗചിത്യമാണ് ഈ ലക്കം പദയാത്രയിൽ.


രാഹുൽ ഗാന്ധിക്കുള്ള ഒരു ഗുണം പുതുമയാണ്. എല്ലാറ്റിലും പുതുമ കാണുന്നത് കാല്പനികമാണ്, മനോഹരമാണ്, നല്ലതാണ്. സ്വന്തം കണ്ണിലൂടെ കാണുകയും അതിൽ താല്പര്യമുണ്ടാവുകയും ചെയ്യുക- സാഹിത്യത്തിൽ ഇംപ്രഷനിസം എന്നൊക്കെ പറയാറുള്ള അപ്പപ്പോൾ തോന്നുന്നത്,അനുഭവിക്കുന്നത്. രാഹുൽ രാഷ്ട്രീയത്തിലെ പരിശീലനത്തിന്റെ ഭാഗമായി ഒരു അപ്രന്റിസായി 2011-ലാണ് കേരളത്തിൽ വരുന്നത്. അന്ന് എം.പിയൊക്കെയാണ്. ഇറ്റലിയിലാണ് ജനിച്ചതെന്നതിനാൽ തനിക്ക് സ്വീകരിക്കാൻ കഴിയാതെ പോയ പ്രധാനമന്ത്രി സ്ഥാനം പുത്രന് ലഭ്യമാകണം എന്ന ആഗ്രഹത്തോടെ സോണിയാഗാന്ധി 2004ൽ ത്തന്നെ എം.പി.യൊക്കെ ആക്കിയതാണ്. പക്ഷേ അപ്രന്റിസ്ഷിപ്പ് അനിവാര്യമാണെന്ന് ബോധ്യപ്പെട്ട സോണിയാജി 2011ലെ കേരളനിയമസഭാ തിരഞ്ഞെടുപ്പുകാലത്ത് മകനെയും കൂട്ടി കേരളത്തിലെത്തി. ഹെലികോപ്റ്ററുകൾ തലങ്ങും വിലങ്ങും പറന്നാൽ ജയം ഉറപ്പെന്നുകരുതി രണ്ടെണ്ണം റൊക്കമായി കേരളത്തിന് വിട്ടുകൊടുത്തതാണ്. തനിക്കും മകനും സഞ്ചരിക്കാൻ വേറെയും ഹെലികോപ്റ്റർ. അപ്പോഴാണ് രാഹുൽ ജി പ്രസ്താവിച്ചത് അച്യുതാനന്ദൻ വീണ്ടും മുഖ്യമന്ത്രിയായാൽ 95 വയസ്സാകും. വൃദ്ധരെ വാഴിക്കണോ എന്ന്.

രാഷ്ട്രീയമെന്തെന്നറിയാത്ത അമുൽ ബേബിയെന്ന് വിശേഷിപ്പിച്ച് വി.എസ്. തക്കതായ മറുപടി നൽകിയപ്പോൾ പരിഹാസ്യനായി തിരിച്ചുപോയ കഥാപാത്രമാണ് രാഹുൽ ഗാന്ധി. കടുത്ത ആരോഗ്യപ്രശ്നങ്ങളാൽ പാർട്ടി യോഗങ്ങളിലോ റാലികളിലോ അധികം പ്രത്യക്ഷപ്പെടാനാവാത്ത ആളാണ് യു.പി.എ. ചെയർപേഴ്സൺ സോണിയാഗാന്ധി. 78 വയസ്സ് അത്ര വലിയ വയസ്സൊന്നുമല്ലെങ്കിലും രോഗ പ്രശ്നമുണ്ടല്ലോ- പക്ഷേ അതൊന്നും കാര്യമില്ലെന്ന് പറഞ്ഞ് സോണിയാജിയെ രാജ്യസഭാംഗമാക്കിയത് ഒരുമാസം മുമ്പാണ്! തല നരക്കുവതല്ലെന്റെ വൃദ്ധത്വം എന്ന് അച്ചുതാനന്ദൻ അന്ന് നീട്ടിപ്പാടിയത് രാഹുൽ ഓർക്കുന്നുണ്ടാവില്ല.

പിന്നീട് കാലം കുറെ കഴിഞ്ഞു. ഇന്ത്യയുടെ ഗതികേടിൽ എല്ലാവരുടെയും യോജിപ്പ് അനിവാര്യമായപ്പോൾ കോൺഗ്രസ്സിന്റെ നേതാവെന്നനിലയിൽ രാഹുലിനെ അംഗീകരിക്കാൻ പ്രതിപക്ഷകക്ഷികൾ തയ്യാറായി. വിവിധ ഗോസായി മേഖലകളിൽ പോകുമ്പോൾ ഭക്തഗ്രേസരനും മറ്റുമായി വേഷം കെട്ടുകയും ഹനുമാൻ വേഷംവരെ കെട്ടുകയും ചെയ്യുമെങ്കിലും തികഞ്ഞ സെക്കുലർ നിലപാടുകാരനാണ് രാഹുൽ എന്നതിൽ ആർക്കും സംശയമില്ല. പക്ഷേ പക്വത അസാരം കുറവാണെന്ന് മാത്രം.

543 സീറ്റുള്ള ഇന്ത്യൻ ലോകസഭയിൽ രാഹുൽ ഗാന്ധിക്ക് വലിയ വിയർപ്പൊഴുക്കാതെ ജയിച്ചുകയറാൻ പറ്റുന്ന മണ്ഡലങ്ങൾ കേരളത്തിലേ ഉള്ളൂ എന്നാണ് വോട്ടുവിദഗ്ധർ നടത്തിയ ഗവേഷണത്തിൽ കണ്ടെത്തിയത്. ഇന്ത്യയിൽ മറ്റെവിടെ മത്സരിച്ചാലും ഉറപ്പില്ല. കേരളത്തിൽത്തന്നെ ഏറ്റവും നല്ല ഭൂരിപക്ഷത്തിൽ ജയിക്കാൻ ഒരു സീറ്റേയുള്ളൂ. എം.എ. ഷാനവാസ് വരെ ലക്ഷത്തിലധികം വോട്ടിന് ജയിച്ച വയനാട്. അതല്ലെങ്കിൽ പ്പിന്നെ മലപ്പുറം സീറ്റാണുള്ളത്. ഏതായാലും കേരളത്തിന് അഭിമാനിക്കാം, വയനാട്ടിന് അഭിമാനിക്കാം- ഇന്ത്യയിലെ പ്രതിപക്ഷ പാർട്ടികളുടെ സംയുക്തസമിതിയായ ഇന്ത്യാ മുന്നണിയുടെ ദേശീയനേതാവായ ഉത്തർപ്രദേശ് സ്വദേശി രാഹുൽ ഗാന്ധിയെ ജയിപ്പിക്കാൻ അവസരം ലഭിക്കുന്നതിൽ. വർഗീ യഫാസിസ്റ്റുകളെ തടഞ്ഞുനിർത്താൻ ഒരു കോട്ടപോലെ നിലകൊള്ളുന്നവെന്നതിൽ വയനാട്ടിനും കേരളത്തിനും അഭിമാനിക്കാം.

പക്ഷേ ഒരേയൊരു കുഴപ്പം…. സ്വന്തം കൊടിയും ഘടകക്ഷികളുടെ കൊടിയും. കൊടിയുടെ വർണം വ്യക്തമാക്കുന്ന തോരണങ്ങൾ പോലും ഒഴിവാക്കണമെന്ന തിരഞ്ഞെടുപ്പ് വിദഗ്ധരുടെ ഉപദേശം സ്വീകരിക്കണമായിരുന്നോ? രാഹുൽ ഗാന്ധി മത്സരിക്കുന്ന വയനാട്ടിൽ മാത്രമല്ല, രാഹുൽ ഗാന്ധി പ്രസംഗിക്കുന്ന കേരളത്തിലെ റാലികളിലൊന്നിലും കൊടികൾ ഉപയോഗിച്ചുപോകരുതെന്ന്. കണ്ണൂരിൽ ഉത്തരകേരളത്തിലെ മൂന്ന് മണ്ഡലങ്ങളിലെ പ്രവർത്തകരെ സംഘടിപ്പിച്ച നടത്തിയ റാലിയിൽ ഒരു ലീഗുകാരൻ ഈ വിവരമൊന്നുമറിയാതെ ലീഗിന്റെ പച്ചക്കൊടിയുമായെത്തി വീശാൻ തുടങ്ങിയതും അയാളെ മൈതാനത്തുനിന്ന് പുറത്താക്കിയതും വാർത്തയായി. മുസ്ലിം ലീഗിന്റെ കൊടിയുടെ നിറം പച്ചയാണ്. പച്ച കൃഷിയുടെയും പരിസ്ഥിതിയുടെയും ആർദ്രതയുടെയുമൊക്കെ നിറമാണ്. ആ നിറമുള്ള കൊടി കോൺഗ്രസ്സിന്റെ ത്രിവർണ പതാകക്കൊപ്പം കണ്ടാൽ ഉത്തരേന്ത്യയിൽ സംഘപരിവാർ പാകിസ്താന്റെ കൊടിയെന്നും മുസ്ലിം കൊടിയെന്നും ആക്ഷേപിക്കും. അതൊഴിവാക്കാൻ ലീഗിന്റെ കൊടി രാഹുലിന്റെ റാലിയിൽ കണ്ടുപോകരുത്. അങ്ങനെ പറയുന്നത് അവർക്ക് പ്രയാസമുണ്ടാക്കുമെന്നതിനാൽ കോൺഗ്രസ്സിന്റെ പതാകയും റാലികളിൽ നിന്ന് ഒഴിവാക്കി. അങ്ങനെ കൊടിയില്ലാത്ത ചിഹ്നം മാത്രമുള്ള റാലികളാണ് കേരളത്തിലെ തിരഞ്ഞെടുപ്പിന് രാഹുൽ ഗാന്ധിയുടെ സംഭാവന.

മുസ്ലിം ലീഗും കോൺഗ്രസ്സും ഒരു മുന്നണിയുടെ ഭാഗമാണെന്ന് കേരളത്തിനും തമിഴ്നാട്ടിനുമപ്പുറത്ത് തുറന്നുപറയാനാവുന്നില്ലെന്നത് കോൺഗ്രസ്സിന്റെ ഗതികേടല്ല, ഈ രാജ്യത്തിന്റെതന്നെ ഗതികേടാണ്. പക്ഷേ രാജ്യത്തിന്റെ ഈ ഗതികേടിനെ നേരിടുന്നതിന് എല്ലുറപ്പു വേണ്ടേ പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസ്സിന്. പണ്ട് തൊള്ളായിരത്തി അറുപതിൽ കേരളത്തിൽ മുസ്ലിം ലീഗുമായി മുന്നണിയുണ്ടാക്കി അധികാരത്തിലെത്തിയെങ്കിലും മന്ത്രിസ്ഥാനം ലീഗിന് നൽകാഞ്ഞത് ഹൈക്കമാൻഡ് സമ്മതിക്കാതിരുന്നതിനാലാണ്. ഒടുവിൽ സ്പീക്കർ സ്ഥാനം നൽകി. പക്ഷേ ലീഗിന്റെ നിയമസഭാകക്ഷിയിൽ നിന്ന് രാജിവെച്ച് സ്വതന്ത്രനായ ശേഷമാണ് സ്പീക്കർസ്ഥാനം നൽകിയത്. ലീഗ് ഒപ്പം വേണം, എന്നാ ലീഗിന്റെ കൊടി പുറത്തുകണ്ടുപോകരുത് എന്ന് പുതിയ നയം.

***

പറഞ്ഞുവന്നത് ഇതൊന്നുമല്ല, രജ്ദീപ് സർദേശായിയൊക്കെ ചോദിച്ച അതേ ചോദ്യമാണ്. ബി.ജെ.പിയെ നേരിടാൻ നിൽക്കാതെ കേരളത്തിൽ പോയി രാഹുൽ ഗാന്ധി എന്ത് സന്ദേശമാണ് നൽകുന്നതെന്നാണ് സർദേശായി ചോദിച്ചത്. പത്തിരുപത് വർഷമായി എം.പിയായി പ്രവർത്തിക്കുന്ന ആളാണ്, എ.ഐ.സി.സി. ജനറൽ സെക്രട്ടറിയായി അഞ്ച്പത്തു വർഷം പ്രവർത്തിച്ചു. പിന്നീട് കഴിഞ്ഞ പാർലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് എ.ഐ.സി.സി. പ്രസിഡൻ്റായി. തിരഞ്ഞെടുപ്പിൽ തോറ്റതോടെ പ്രസിഡൻ്റ് സ്ഥാനം ഇട്ടെറിഞ്ഞ് കാശിക്കുപോയി. അതെല്ലാം കഴിഞ്ഞ് കരുത്തെടുക്കാനെന്നപേരിൽ എവിടെയോ പോയി തപസ്സനുഷ്ഠിച്ചു, പിന്നെ രണ്ടുതവണയായി ജോഡോ യാത്ര നടത്തി. എന്നിട്ടും ഒരു രാഷ്ട്രീയനേതാവിന്റെ പക്വത വന്നോ, കരുത്തുവന്നോ… ഇവിടെയാണ് രാജ്ദീപ് സർദേശായിയുടെ ചോദ്യത്തിൻ്റെ പൊരുൾ. രാഹുൽ ഗാന്ധി ഇന്ത്യ സഖ്യത്തിന്റെ നേതാവാണ്. ഇന്ത്യ സഖ്യത്തിലെ രണ്ടു മുഖ്യമന്ത്രിമാരെ ഇ.ഡിയെക്കൊണ്ട് കേന്ദ്രസർക്കാർ ജയിലിലടപ്പിച്ചതിനെതിരെ ഡൽഹിയിൽ നടന്ന റാലിയിൽ രാഹുലും പ്രിയങ്കയുമെല്ലാം പങ്കെടുത്തതാണ്. ഇപ്പോൾ തിരഞ്ഞെടുപ്പ് പ്രചരണത്തിന് കേരളത്തിൽ വന്ന രാഹുൽ ഗാന്ധി ഒരു കാര്യം കണ്ടെത്തി- മുഖ്യമന്ത്രി പിണറായി വിജയൻ നരേന്ദ്രമോദിയെയോ ബി.ജെ.പിയെയോ വിമർശിക്കുന്നില്ല. സംഘപരിവാറിനെ പിണറായി വിജയൻ വിമർശിക്കുന്നില്ല.

മലയാളം വായിക്കാനറിയാത്ത രാഹുലിന് കെ.സി വേണുഗോപാലനാണല്ലോ പ്രധാന സഹായി. ആ വേണുഗോപാലൻ ചെവിയിൽ ഓതിക്കൊടുത്തതും മറ്റാരെക്കൊണ്ടെങ്കിലും എഴുതിക്കൊടുത്തതുമായിരി .ക്കുംഈ കാര്യം. മുഖ്യമന്ത്രിയാവുന്നതിന് മുമ്പും രാഷ്ട്രീയപ്രവർത്തനം തുടങ്ങിയതുമുതലും മുഖ്യമന്ത്രിയായ ശേഷവും പിണറായി വിജയന്റെ പ്രധാന പരിപാടി സംഘപരിവാറിനെ പുലഭ്യം പറയലാണെന്നാണ് അവരുടെ ആക്ഷേപം. മാത്രമല്ല, മറ്റ് ശത്രുക്കൾ ഭള്ളു പറയുകയേയുള്ളുവെങ്കിലും ഈ പറഞ്ഞ പിണറായി വിജയൻ അതുകൊണ്ടൊന്നും നിർത്താതെ അവതാരലക്ഷ്യംപോലെ, ജന്മലക്ഷ്യംപോലെ ഹിന്ദുത്വവർഗീയതയുടെ മുഖ്യ എതിരാളിയാണ്, ശത്രുവാണ്, അത് വാചകത്തിലൊതുങ്ങാറുമില്ല എന്ന് കേരളത്തിൽ ആരോടും പറഞ്ഞുകൊടുക്കേണ്ടതില്ല. 2016ൽ പിണറായി വിജയൻ മുഖ്യമന്ത്രിയാവാൻ പോകുന്നുവെന്ന സൂചനയുള്ള നിയമസഭാ തിരഞ്ഞെടുപ്പ് വന്നപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ വന്ന് നടത്തിയ പ്രസംഗങ്ങളിൽ ഒരു കാര്യം പറഞ്ഞു. പിണറായി വിജയൻ കൊലക്കേസ് പ്രതിയാണെന്ന്. ജനസംഘം പ്രവർത്തകനായ വാടിക്കൽ രാമകൃഷ്ണനെ കൊല ചെയ്ത കേസിൽ പിണറായിയാണ് മുഖ്യപ്രതിയെന്ന്. ആ സംഭവത്തിന് ശേഷമാണ് കേരളത്തിൽ ആർ.എസ്.എസ്-മാർക്സിസ്റ്റ് സംഘർഷം തുടങ്ങിയതെന്ന്. – ഇതേപ്പറ്റിയൊന്നും വിവരലേശമില്ലാത്ത കെ.സി വേണുഗോപാലൻ രാഹുലിനെ ബുദ്ധ്യുപദേശത്തിന്റെ പേരിൽ കുളത്തിൽ ചാടിക്കുകയാണ്. രണ്ട് മുഖ്യമന്ത്രിമാരെ ജയിലിലടച്ചു, എന്തുകൊണ്ടാണ് പിണറായി വിജയനെ ഇ.ഡി ചോദ്യംചെയ്യാത്തത്, ജയിലിലടക്കാത്തത് എന്നാണ് രാഹുലിനെക്കൊണ്ട് കണ്ണൂരിലെ റാലിയിൽ വേണുഗോപാലനടക്കമുള്ളവർ ചോദിപ്പിച്ചത്.

ഇന്ത്യാ മുന്നണി നേതാവ് ചോദിക്കേണ്ട ചോദ്യംതന്നെ. അഴിമതിയെക്കുറിച്ചും ക്രമക്കേടിനെക്കുറിച്ചും രാഹുലിനോട് ആരും പറഞ്ഞുകൊടുക്കേണ്ടതില്ല. അഞ്ചുകൊല്ലം പിതാവും 18 കൊല്ലത്തോളം മുത്തശ്ശിയും പിന്നീട് 10 കൊല്ലം ഭരണത്തിന്റെ പിൻസീറ്റ് ഡ്രൈവറായി അമ്മയും ഭരിച്ചതാണ് ഈ രാജ്യം. മുത്തശ്ശിയുടെ പിതാവായ നെഹ്റുവിന്റെ ഭരണകാലം വിടാം. അതിന് ശേഷം മുത്തശ്ശിയും അച്ഛനും ഭരിച്ചപ്പോൾ, അമ്മ യു.പി.എ. അധ്യക്ഷയായി 10 കൊല്ലം മൻമോഹൻസിങ്ങിനെ ഭരിപ്പിച്ചപ്പോൾ നടന്ന കാര്യങ്ങളെല്ലാം അറിയുകമാത്രമല്ല, അനുഭവിക്കുയും ചെയ്തയാളാണല്ലോ രാഹുൽ ഗാന്ധി. കേന്ദ്രഭരണത്തിന്റെ ശീതളഛായയിലാണല്ലോ അദ്ദേഹം വളർന്നത്. ഈ കാലത്തൊക്കെ കേട്ട അഴിമതി പുരാണങ്ങൾ ഒന്നും അദ്ദേഹത്തിനിപ്പോൾ ഓർമ്മയില്ല. അദ്ദേഹത്തിന് ആകെ ഓർമവരുന്നത് യങ്ങ് ഇന്ത്യാ പബ്ലിക്കേഷന്റെ നാഷണൽ ഹെറാൾഡ് പത്രത്തിന്റെ 90 ശതമാനം ഓഹരികളും തന്റെ കുടുംബത്തിന്റെ കയ്യിലെത്തിയതും അതിനെതിരെ ഇ.ഡി സ്വീകരിച്ച നടപടികളും 800കോടിയോളം രൂപയുടെ ആസ്തികൾ മരവിപ്പിച്ചതുമാണ്.

ഇന്ത്യാ മുന്നണിയുടെ നേതാവാണ് രാഹുൽ ഗാന്ധി. അദ്ദേഹത്തിന്റെ ഉപദേശകരായി വിലസുന്നവർ പക്വതയോടെ സംസാരിക്കാൻ നാടറിഞ്ഞ് പ്രതികരിക്കാൻ ഉപദേശിക്കുമോ എന്നാണിനി നോക്കാനുള്ളത്. 2019ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ തോറ്റപ്പോൾ അദ്ദേഹത്തിന്റെ നേതൃശേഷി നാട് കണ്ടറിഞ്ഞതാണ്. അത്തരം ബാലിശ കൃത്യങ്ങൾ ഇനിയും തുടരുമോ ആവോ.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.