A Unique Multilingual Media Platform

The AIDEM

Articles Kerala Minority Rights Politics Society

ആനന്ദ തീർഥരും മന്നവും പിന്നെ നവോത്ഥാനവും

  • January 5, 2024
  • 1 min read
ആനന്ദ തീർഥരും മന്നവും പിന്നെ നവോത്ഥാനവും

മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. മന്ത്രി സജി ചെറിയാന്റെ പ്രസംഗ വിവാദം, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തൃശൂർ സന്ദർശനം, മന്നത്തെക്കുറിച്ചുള്ള ദേശാഭിമാനി ലേഖനം തുടങ്ങിയവയാണ് ഈ ലക്കത്തിൽ പരിശോധിക്കുന്നത്.


വൈരുദ്ധ്യാത്മക ഭൗതികവാദം പ്രയോഗിക്കാനും മാത്രം നമ്മുടെ സമൂഹം വളർന്നിട്ടില്ലെന്ന യാഥാർഥ്യം പാർട്ടി സെക്രട്ടറിയാകുന്നതിന് മുമ്പേതന്നെ ഗോവിന്ദൻ മാഷ് ഒരു പ്രഭാഷണത്തിൽ വ്യക്തമാക്കിയപ്പോൾ എന്തായിരുന്നു വിമർശം… ശബരിമലയിൽ ഏതു പ്രായത്തിലുള്ള സ്ത്രീകൾക്കും പ്രവേശിക്കാമെന്ന് ബഹുമാനപ്പെട്ട സുപ്രീംകോടതി ഉത്തരവ് ഉദ്ഘോഷിച്ചതിനെ തുടർന്ന് അതോടെ ഇടതുപക്ഷം മാത്രമല്ല കോൺഗ്രസ്സും അതേക്കാളെല്ലാം ആവേശത്തോടെ സംഘപരിവാറും ആ വിധിയെ സ്വാഗതം ചെയ്തതുമാണല്ലോ. പക്ഷേ ഒന്നോ രണ്ടോ സ്ത്രീകൾ മലകയറാനെത്തിയപ്പോഴേക്കും ചൂലുമായി തല്ലിയോടിക്കാൻ ആദ്യമെത്തിയത് കുറേ സ്ത്രീകളാണ്. അതോടെയാണ് സംഗതി പന്തിയല്ലെന്നും സ്ത്രീപ്രവേശനം തടയലാണ് ലാഭകരമെന്നും കോൺഗ്രസ്സും ബി.ജെ.പി.യും തിരിച്ചറിയുന്നത്. പിന്നെ തരാതരം നാമജപവും തെരുവിലാകെ കണ്ണീരൊഴുക്കലും…. കണ്ണീർച്ചാലുകൾ ഒഴുക്കുന്നതും ജപവും ഒപ്പിയെടുത്ത് പ്രചരിപ്പിക്കുന്നതിനും സംഗതി കൊഴുപ്പിച്ചു നിർത്തുന്നതിനും ചാനലുകളുടെ പരസ്പരമത്സരവും കേരളം കണ്ടതാണ്. (മുഖ്യധാരാ മാധ്യമങ്ങളാണ് ഫാസിസത്തിന്റെ ഏജൻസിയായി പ്രവർത്തിക്കുന്നതെന്ന് അരുന്ധതി റോയി പറഞ്ഞില്ലേ.. അതിന്റെ ഉദാഹരണമായിരുന്നുവല്ലോ ശബരിമലയിൽ അവർ നടത്തിയ കൊടും തെമ്മാടിത്തം) നവോത്ഥാന സദസ്സുകളിലൂടെ ബദലുമായി ഇടതുപക്ഷം എത്തിയെങ്കിലും നാമജപക്കണ്ണീരൊഴുക്കുകാർക്കു മുമ്പിൽ അതൊന്നും ഏശിയില്ല. ലോകസഭാ തിരഞ്ഞെടുപ്പിൽ ആ കണ്ണീർച്ചാലുകൾ പുഴയായി ആർത്തലയ്ക്കുന്നതാണ് കണ്ടത്.

മിത്ത് വിവാദത്തിൽ പ്രതിഷേധം

വൈരുദ്ധ്യാത്മക ഭൗതികവാദം തൽക്കാലം പ്രയോഗിക്കാനാവില്ലെന്ന് ഗോവിന്ദൻ മാഷ് നിരാശയോടെ പ്രതികരിച്ചതിന്റെ പശ്ചാത്തലമിതാണ്. ഇത് മനസ്സിലാക്കാതെയാണ് സ്പീക്കർ എ.എൻ. ഷംസീർ ഗണപതി മിത്തല്ലേ എന്ന് നിർദോഷ സ്വരത്തിൽ ചോദിച്ചുപോയത്. എൻ.എസ്.എസും. അതിന്റെ നേതാവ് സുകുമാരൻ നായരും അതൊരു സുവർണാവസരമാക്കിയെടുത്തു. ശബരിമല സ്ത്രീപ്രവേശ പ്രശ്നത്തിൽ പയറ്റിയ അതേ മുറകൾ പുറത്തെടുത്തു. ശാസ്ത്രമല്ല, വിശ്വാസമാണ് വലുതെന്ന് പ്രഖ്യാപിച്ചു. വ്രണപ്പെട്ട വികാരം കുത്തിയൊഴുകുമെന്ന് വിഭാവനം ചെയ്തെങ്കിലും മിത്തല്ലെന്ന് തിരുത്തിപ്പറയാൻ സ്പീക്കറും ഗോവിന്ദൻ മാഷും തയ്യാറായില്ല. അതോടെ വ്രണപ്പെട്ട വികാരം അവിടെത്തന്നെ അളിഞ്ഞു തീർന്നു.

ഇപ്പോഴിതാ സാംസ്കാരിക മന്ത്രി സജി ചെറിയാൻ മതമേലധ്യക്ഷന്മാരെ ഒന്നു തോണ്ടി. എല്ലാവരെയുമല്ല, പ്രധാനമന്ത്രി നരേന്ദ്രമോദി ക്രിസ്മസിന് ക്ഷണിച്ചു കൊണ്ടുപോയവരെ. ക്രൈസ്തവർക്കെതിരെ ദിവസം രണ്ടെന്ന തോതിൽ രാജ്യത്ത് അതിക്രമം നടക്കുന്നു, അതിക്രമം നടക്കാത്തത് കേരളത്തിൽ മാത്രമാണ്. മണിപ്പൂരിലും മറ്റും ക്രൈസ്തവ വിശ്വാസികളെ സംഘപരിവാർ സർക്കാരും അണികളും നിഗ്രഹിച്ചുകൊണ്ടിരിക്കുകയാണ്. സ്വസമുദായത്തിൽപ്പെട്ടവരെ കൊല്ലുകയും കൊള്ളയടിക്കുകയും ചെയ്യുന്ന സംഭവങ്ങളെക്കുറിച്ചൊന്നും പറയാതെ പ്രധാനമന്ത്രി നൽകിയ കേക്കും വീഞ്ഞും കഴിച്ച് രോമാഞ്ച കഞ്ചുകമണിയുകയായിരുന്നു പുരോഹിത മുഖ്യർ എന്നാണ് സജി ചെറിയാൻ പറഞ്ഞത്. റബ്ബറിന് മുന്നൂറു രൂപയാക്കിയാൽ കേരളത്തിൽനിന്ന് ഒരു എം.പിയെ തരാമെന്ന് വാഗ്ദാനംചെയ്ത പുരോഹിത ശ്രേഷ്ഠരുള്ള നാടാണിത്. അവിടെയാണ് ക്രിസ്മസ് കേക്കിലും മുന്തിരി ജ്യൂസിലും മതമേലധ്യക്ഷന്മാർ രോമാഞ്ചമണിയുന്നതെങ്കിൽ എന്തിന് കൊള്ളാം. അതായിരുന്നു സജി ചെറിയാന്റെ ചോദ്യം. പ്രശനം അതാണ്. രോമാഞ്ചകഞ്ചുകമണിഞ്ഞത് കേക്കിലും മുന്തിരിവെള്ളത്തിലുമല്ല, മറ്റെന്തോ കാര്യമായിത്തന്നെയുണ്ടാവും. എന്തോ ഗ്യാരണ്ടിയുണ്ടാവും. തേക്കിൻകാട് മൈതാനത്ത് മോദിജി പറഞ്ഞ ഗ്യാരണ്ടിയിൽ അതും പെടുമായിരിക്കും. അതിനെ കേവലം കേക്കിലും മുന്തിരിനീരിലുമാക്കി കൊച്ചാക്കിയതാണ് ആതിഥ്യമേറ്റുവാങ്ങിയവരെ ചൊടിപ്പിച്ചത്. ഏതായാലും കേക്കും വീഞ്ഞും രോമാഞ്ചവും സജി ചെറിയാൻ പിൻവലിച്ചു. തൽക്കാലം ഒരടി പുറകോട്ട്. എങ്കിലും രാഷട്രീയമായി ഉയർത്തിയ വിമർശം തല പോയാലും പിൻവലിക്കില്ലെന്ന് സജി ചെറിയാൻ പ്രസ്താവിച്ചിട്ടുണ്ട്. വൈരുദ്ധ്യാത്മക ഭൗതികവാദം തൽക്കാലം പ്രയോഗക്ഷമമല്ലെന്ന ബോധ്യത്തോടെയാണോ എന്നറിയില്ല. പ്രൊഫസർ വി. കാർത്തികേയൻ നായർ മന്നത്ത് പത്മനാഭന്റെ നവോത്ഥാന നായകത്വത്തിന്റെ മഹത്വങ്ങളെ ഭക്ത്യാദരപൂർവം ഒരു ലേഖനത്തിൽ അനുസ്മരിച്ചിട്ടുണ്ട്. സ്വാമി ആനന്ദ തീർഥരും മന്നത്ത് പത്മനാഭനും ജനിച്ചത് ജനുവരി രണ്ടിനാണ്. അതിനാൽ രണ്ടുപേരെയും ചേർത്ത് ഒരു അനുസ്മരണ ലേഖനമാക്കുകയാണ് കാർത്തികേയൻ നായർ ചെയ്തത്. ദേശാഭിമാനിയിലാണത് പ്രസിദ്ധപ്പെടുത്തിയത്. ദോഷം പറയരുതല്ലോ ലേഖനത്തിൽ ആനന്ദ തീർഥനെപ്പറ്റി ആകെ എട്ടിലൊന്നോളം സ്ഥലത്തേ പ്രതിപാദ്യമുള്ളൂ. ബാക്കി മുഴുവൻ മന്നത്തിന്റെ നവോത്ഥാന മഹത്വത്തോടുള്ള ഭക്തിപ്രവാഹമാണ്. ആനന്ദ തീർഥനും എ.കെ.ജി.യും ചേർന്ന് പയ്യന്നൂരിൽ നടത്തിയ ചെറുത്തുനിൽപ്പ് ഇല്ല, പയ്യന്നൂരിൽ സ്ഥാപിച്ച ശ്രീനാരായണ വിദ്യാലയമില്ല- ഗാന്ധിജി എത്തിയ സന്നിധിയാണത്. അമ്മായീം കുടിച്ചു പാക്കഞ്ഞി എന്ന തരത്തിലാണ് ആനന്ദ തീർഥന് ആ ലേഖനത്തിൽ നൽകിയ സ്ഥാനം.

സ്വന്തം സമുദായത്തിന്റെ താല്പര്യങ്ങൾ സംരക്ഷിക്കുന്നതിനപ്പുറം അവകാശങ്ങൾ നിഷേധിക്കപ്പെട്ടവർക്കുവേണ്ടി നിലകൊള്ളുകയും പ്രവർത്തിക്കുകയും ചെയ്ത രണ്ട് മഹദ് വ്യക്തികളാണ് മന്നത്ത് പത്മനാഭനും സ്വാമി ആനന്ദ തീർഥനും എന്ന് തുടങ്ങുന്ന ലേഖനത്തിൽ ആനന്ദതീർഥനെക്കുറിച്ചുള്ള ഒഴുക്കൻ അനുസ്മരണത്തിന് ശേഷം മന്നത്തിനെപ്പറ്റി എഴുതാൻ തുടങ്ങുന്നതിന് മുമ്പുള്ള ആമുഖം അതിശ്രദ്ധേയമാണ്. അതിങ്ങനെ- “പത്തൊമ്പതാം നൂറ്റാണ്ടിന്റെ ഉത്തരാർധത്തിൽ ഉദയംചെയ്ത മധ്യവർഗ ബുദ്ധിജീവികളാണ് സാമൂഹ്യപരിഷ്കരണ പ്രസ്ഥാനത്തിനും കൊളോണിയൽ വിരുദ്ധ സ്വാതന്ത്ര്യ സമരത്തിനും ജന്മിവിരുദ്ധ കർഷകസമരങ്ങൾക്കും നേതൃത്വം കൊടുത്തത്.”!!! ഇത് മാത്രമൊന്നുമല്ല, ഗുരുവായൂർ സത്യാഗ്രഹത്തിന്റെ പ്രചോദക കേന്ദ്രവും മന്നമായിരുന്നുവത്രേ. (സ്വസമുദായ താല്പര്യം എന്ന വാചകം പൊതുവായി പറയുമ്പോൾ ആനന്ദ തീർഥൻ സ്വസമുദായ താല്പര്യാർഥം എന്തു ചെയ്തുവെന്ന് സൂചിപ്പിക്കേണ്ടതല്ലേ.. മന്നത്തെയും ആനന്ദ തീർഥനെയും ഒരുമിച്ച് കെട്ടുമ്പോൾ അതിഭയങ്കരമായ ഒരു ചരിത്രച്ചതിയാണ് ചെയ്യുന്നതെന്നോർക്കാതെ..!)

ലേഖനം അവസാനിപ്പിക്കുന്നത്, ദോഷംപറയരുതല്ലോ ആനന്ദ തീർഥരും ലേഖനത്തിലെ എൺപതുശതമാനത്തിലേറെയും വിവരിക്കപ്പെട്ട മന്നവും ഒരേപോലെ നവോത്ഥാന നായകരാണെന്ന് പറഞ്ഞുകൊണ്ടാണ്. അതിങ്ങനെ- മന്നത്ത് പത്മനാഭനും സ്വാമി ആനന്ദ തീർഥനും വ്യത്യസ്ത മാർഗത്തിലൂടെയാണെങ്കിലും അവർണരുടെയും അവശരുടെയും പ്രശ്നങ്ങൾ പരിഹരിക്കാനാണ് ശ്രമിച്ചത്. തങ്ങൾക്ക് ലഭ്യമായ അവകാശങ്ങൾ സമൂഹത്തിലെ മുഴുവൻ ജനങ്ങൾക്കും ലഭിക്കണമെന്ന ജനാധിപത്യബോധവും സമത്വബോധവുമാണ് ഇവരെ വ്യത്യസ്തരായ പരിഷ്കർത്താക്കളാക്കുന്നത്. (വ്യത്യാസം വ്യക്തമായില്ല!- ലേഖകൻ)  അതുകൊണ്ടാണ് ഇവർ വർത്തമാനകാലത്തും പ്രസക്തരാകുന്നത്.. ശുഭം.  ഹ ഹ ഹ…

മന്നത്ത് പത്മനാഭൻ

പക്ഷേ മന്നത്ത് പത്മനാഭനെ പൊതുചരിത്രത്തിൽ അടയാളപ്പെടുത്തിയ മഹാസംഭവത്തെ, അതിന്റെ മഹോന്നത നേതൃത്വത്തെ കാർത്തികേയൻ നായർ വിസ്മരിച്ചുകളഞ്ഞത് കടുത്ത അന്യായമായി. കേരളത്തെ കമ്മ്യൂണിസ്റ്റ് ഭരണത്തിൽനിന്ന് മോചിപ്പിക്കാൻ ക്രൈസ്തവ പുരോഹിതരിലെ കമ്മ്യൂണിസ്റ്റ് വിരുദ്ധരുമായും കോൺഗ്രസ്സുമായും ചേർന്ന് നടത്തിയ തെമ്മാടിത്തത്തെക്കുറിച്ചാണ് കാർത്തികേയൻ നായർ മിണ്ടാഞ്ഞത്. തമ്പ്രാനെന്ന് വിളിപ്പിക്കും പാളേൽ കഞ്ഞി കുടിപ്പിക്കും എന്ന് വിളിപ്പിച്ചവരെക്കുറിച്ച് മൗനം… കഴിഞ്ഞ രണ്ടാം തീയ്യതി മന്നത്തിന്റെ പ്രതിപുരുഷൻ സുകുമാരൻ നായർ മന്നം ജയന്തി ആഘോഷം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞത് സമുദായം പൂർണമായും ജാതീയമായി സംഘടിച്ചില്ലെങ്കിൽ മുറ്റത്ത് കുഴികുത്തി അതിൽ കഞ്ഞി വാങ്ങി കുടിക്കേണ്ടിവരുമെന്നാണ്. അതായത് ബി.ജെ.പി. നേതാവും സിനിമാനടനുമായ കൃഷ്ണകുമാർ നായർ ഗൃഹാതുരത്വത്തോടെ ഓർത്ത് കോൾമയിർ കൊണ്ടില്ലേ- വീട്ടുപറമ്പിലെ പണിക്കാർ കുഴി കുത്തി അതിൽ ഇലയിട്ട് പഴങ്കഞ്ഞിക്ക് കാത്തിരിക്കുന്നത്… അതിൽ ഒഴിച്ചുകൊടുക്കുന്ന പഴങ്കഞ്ഞിയെപ്പറ്റി… ആ അനുഭവം നായന്മാർക്കുമുണ്ടാകുമെന്ന്…

ജാതിവാൽ ഉപേക്ഷിച്ച മന്നത്തിന്റെ സംഘടനയാണ്, അനുയായികളാണ് ജാതിവാൽ പുനരാനയിച്ച് വീണ്ടും ജാതി മേധാവിത്വത്തിന് ശ്രമിക്കുന്നതെന്നും കാർത്തികേയൻ നായർ കണ്ടില്ല. സ്വന്തം സമുദായത്തിന് വേണ്ടിയല്ല സ്വാമി ആനന്ദ തീർഥൻ പ്രവർത്തിച്ചത്. സ്വന്തം സമുദായമടക്കമുള്ള ജാതി മേധാവിത്വത്തിനെതിരെയാണ്. അധസ്ഥിത സമുദായങ്ങളിൽപ്പെട്ടവർക്കാകെ വേണ്ടിയാണ്. ആ ആനന്ദ തീർഥരെയും മന്നത്തെയും ഒന്നിച്ചുകെട്ടുക!

***

കാലം മാറി… നവോത്ഥാനത്തെക്കുറിച്ചൊന്നും പറയാനാകാത്ത സ്ഥിതിയാണ്. ഭൂമി ഉരുണ്ടതാണെന്ന് പോലും ഉറപ്പിച്ചുപറയാനാവില്ല. ഉരുണ്ടതാണ്. പക്ഷേ പരന്നതുമാണ് എന്നെല്ലാം പറഞ്ഞ് തലയൂരാനേ പറ്റൂ ഇക്കാലത്ത്…. 

ജഡ്ജിമാരിൽ സാമൂഹ്യപ്രതിബദ്ധത കൂടതലുള്ളവർ ഏറെയുണ്ട്. കേരളത്തിലാണെങ്കിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അവരിൽ മുമ്പനാണ്. വിരമിച്ച കമാൽ പാഷ ജഡ്ജിയായിരുന്നപ്പോഴെന്നപോലെ വിരമിച്ച ശേഷവും തനിക്ക് താല്പര്യമുള്ളതിനോട് കടുത്ത പ്രതിബദ്ധത കാട്ടുന്നുണ്ട്. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പൊതു വിഷയങ്ങളിൽ വിധിയുടെ ഭാഗമായും കേസു കേൾക്കുമ്പോൾ ആനുഷംഗികമായും നടത്തുന്ന പ്രതികരണങ്ങൾ അനുകൂലവും പ്രതികൂലവുമായ പ്രതികരണങ്ങളുണ്ടാക്കുന്നുണ്ട്. ചില പത്രങ്ങൾ പ്രതീക്ഷയോടെ ആ വാക്കുകൾക്ക് കാത്തുനിൽക്കുന്നുമുണ്ട്. അതിൽ ചിലതിനെക്കുറിച്ച് പൊതുവേദികളിൽ അദ്ദേഹം പ്രതികരിക്കാറുമുണ്ട്. ആ പ്രതിബദ്ധത ആദരണീയമാണ്. അദ്ദേഹം കേസുകേൾക്കുന്നതിനിടയിൽ ഈയിടെ പുറപ്പെടുവിച്ച ഒരു നിർദേശം വിധിയുടെ ഭാഗമല്ലെങ്കിൽപ്പോലും വളരെ പ്രാധാന്യമുള്ളതാണ്. ക്ഷേമപെൻഷൻ വൈകിയതുമായി ബന്ധപ്പെട്ട് ഇടുക്കിയിലെ ഒരു വീട്ടമ്മയായ മറിയക്കുട്ടി നടത്തിയ സമരമാണ് വിഷയം. മറിയക്കുട്ടിയെ ആരും പരിഹസിക്കരുതെന്നാണ് കേസിന്റെ വാദം കേൾക്കുന്നതിനിടയിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചത്. മറിയക്കുട്ടിയുടെ ചിത്രം പത്രങ്ങളിൽ രൂഢിയായത് ചട്ടിയോടെയാണ്. പഴയ ചട്ടിയല്ല, പുതുപുത്തൻ ചട്ടി. മറിയക്കുട്ടിയെക്കുറിച്ച് ക മ മിണ്ടിക്കൂട. പക്ഷേ ചട്ടിയെക്കുറിച്ച് മിണ്ടുന്നതിന് വിലക്കൊന്നുമില്ല.

മറിയക്കുട്ടിക്ക് പുതിയ ചട്ടി വാങ്ങിക്കൊടുത്തതാരെന്നൊക്കെ ദോഷൈകദൃക്കുകൾ ചർച്ച ചെയ്യട്ടെ. പക്ഷേ അവർക്ക് ചെന്നിത്തലയും സുരേഷ്ഗോപിയും മറ്റ് പല അഭ്യുദയകംക്ഷികളും സ്വന്തം നിലയ്ക്ക് ഗ്രാന്റ് നൽകുകയുണ്ടായി. പുതിയ ചട്ടികളും. ഹൈക്കോടതി കേസ് പരിഗണിച്ചപ്പോൾ അവരുടെ ചിലവിന് കൊടുക്കാൻ വക്കീലന്മാരിൽ നിന്നും മറ്റും പിരിവെടുക്കുന്ന കാര്യം ജസ്റ്റിസ് ദേവൻരാമചന്ദ്രൻ സൂചിപ്പിച്ചു. കാരുണ്യത്തിന്റെ സ്പർശമാണ് നീതിപീഠത്തിൽനിന്നുണ്ടായത്.

***

വിധവാ പെൻഷനാണ് മറിയക്കുട്ടിക്ക് ലഭിച്ചുപോരുന്നത്. അത് നാലുമാസം വൈകിയെന്നതാണ് പ്രശ്നം. പുതിയ മൺചട്ടി വാങ്ങി മുഖ്യമന്ത്രിക്കും മന്ത്രിമാർക്കുമെതിരെ സ്വഭാഷയിൽ അപലപനം നടത്തി സർക്കാർവിരുദ്ധ മുഖ്യധാരാ പത്രങ്ങളുടെ പ്രിയങ്കരിയായി ഒന്നാം പേജിൽ ഇടം നേടിയ അവർ ഏറ്റവുമൊടുവിൽ പ്രത്യക്ഷപ്പെട്ടത് തൃശൂർ തേക്കിൻകാട് മൈതാനത്ത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സമീപത്താണ്, വേദിയിലാണ്. അവരുമായി മോദി കുശലം പറയുകയും ചെയ്തു. വിധവാ പെൻഷൻ നൽകുന്നത് ഇന്ദിരാഗാന്ധി വിധവാ പെൻഷൻ എന്ന കേന്ദ്ര സ്കീം പ്രകാരമാണ്. കേന്ദ്ര സർക്കാർ അനുവദിക്കുന്നത് 200 രൂപയാണ്. ആ 200 രൂപ സംസ്ഥാനത്തിന് അനുവദിക്കാതായിട്ട് കാലമെത്രയോ ആയി. കേന്ദ്രം നൽകുന്ന 200 രൂപയോടൊപ്പം 1400 രൂപ കൂടി ചേർത്താണ് കേരളം നൽകുന്നത്. അത് മുമ്പ് ഉമ്മൻചാണ്ടി ഭരണകാലത്ത് 18 മാസം കുടിശ്ശികയായതുപോലെ ഇപ്പോൾ നാലുമാസം കുടിശ്ശികയായതാണ് മറിയക്കുട്ടിയുടെ ചട്ടിയുടെ പിന്നിലെ കഥ. ഇനി നോക്കുക- പ്രധാനമന്ത്രി നരേന്ദ്രമോദി പാർലമെന്റിൽ പ്രതിനിധാനം ചെയ്യുന്ന ഉത്തർപ്രദേശിൽ 500 രൂപയാണ് വിധവാ പെൻഷൻ. അതായത് കേന്ദ്രം നൽകുന്ന 200ന് പുറമെ 300 രൂപ മാത്രം അധികം. ഗുജറാത്തിൽ അടുത്തകാലത്താണ് 1250 രൂപയായി വർധിപ്പിച്ചത്. അതിലും 350 രൂപ കൂടുതലാണ് കേരളത്തിൽ.

ഏതായാലും ക്ഷേമപെൻഷൻ സമരനായികയായി വൻകിട മാധ്യമങ്ങൾ വാഴ്ത്തുന്ന മറിയക്കുട്ടിയെ നരേന്ദ്രമോദിയുടെ വേദിയിലെത്തിച്ചതിൽ കോൾമയിർ കൊള്ളുകയാണല്ലോ ആ മാധ്യമങ്ങളും കോൺഗ്രസ്സും ബി.ജെ.പി.യും. പക്ഷേ ആ മറിയക്കുട്ടി ചട്ടിയെടുക്കാതെയാണ് മോദിയുടെ വേദിയിലെത്തിയതെന്നതിൽ ആ മാധ്യമങ്ങൾക്ക് അനൗചിത്യം തോന്നുന്നില്ല. ചട്ടി കാണിക്കേണ്ടത് മോദിയെയാണെന്ന് പറയാൻ അവർക്ക് നാക്കില്ല. സംസ്ഥാനങ്ങളെ പിച്ചച്ചട്ടിയെടുപ്പിക്കുന്നതിനുള്ള ഗവേഷണവും അതിന്റെ പ്രയോഗവും നടത്തുന്ന മോദിയുടെ ഗ്യാരണ്ടികളാണ് അവർക്ക് പ്രിയങ്കരം.

പ്രധാനമന്ത്രി നരേന്ദ്രമോദി തൃശൂരിലെ വേദിയിൽ

മറിയക്കുട്ടിയുടെ ചട്ടി ഒരു പ്രതീകമാണ്- വിമോചനസമരത്തിന്റെ പ്രതീകം. വലതുപക്ഷ തീവ്രവാദവും വർഗീയതയും യോജിച്ച് പ്രതീകമായി ഉയർത്തിക്കാണിക്കുന്ന ചട്ടി. മറിയക്കുട്ടി നിഷ്കളങ്കയാണ്. ഹൈക്കോടതി ആനുഷംഗികമായി നിർദേശിച്ചതുപോലെ അവരെ ആക്ഷേപിക്കുകയോ പരിഹസിക്കുയോ പാടില്ല. അവരുടെ കയ്യിൽ പിടിപ്പിച്ച, ചില മാധ്യമങ്ങൾ കോൾമയിർ കൊണ്ട് ഒന്നാം പേജിൽ കാലഘട്ടത്തിന്റെ പ്രതീകമായി ചിത്രീകരിച്ച ആ ചട്ടിയാണ് പ്രശ്നം. കേന്ദ്രം കേരളത്തിന് ന്യായമായും നൽകേണ്ട വിഹിതം കിട്ടണമെന്നാവശ്യപ്പെടാൻ ആ ചട്ടി ഉപയോഗിക്കുമോ എന്നതാണ് പ്രശ്നം. മറിയക്കുട്ടി ജയിപ്പുതാക. മറിയക്കുട്ടി ബി.ജെ.പി.യുടെ മഹിളാസംഗമത്തിന് പോയതിൽ കോൺഗ്രസ്സിന് ആശ്വസിക്കാം.. ഇനി തൊന്തരവില്ലല്ലോ. നടി ശോഭനയും മറിയക്കുട്ടിയുമൊക്കെ മോദിയോടൊപ്പം ആസനസ്ഥരായ ആ വേദി യൂത്തുകോൺഗ്രസ്സുകാർ ചാണകവെള്ളം തളിച്ച് ശുദ്ധിവരുത്താൻ ശ്രമിച്ചതെന്തിനെന്നാണ് മനസ്സിലാവാത്തത്.

മറിയക്കുട്ടി

ലോകത്തിലെ ഏറ്റവും ജനസംഖ്യയുള്ള രാഷ്ട്രം, ജനാധിപത്യത്തിന്റെ കാര്യത്തിൽ ഏറ്റവും വലിയതുമാത്രമല്ല, പെറ്റമ്മയുമായ (നരേന്ദ്ര മോദിയുടെ ഭാഷയിൽ) ഇന്ത്യയിൽ അഥവാ ഭാരതത്തിൽ തൂണുകളിലൊന്നായ ജൂഡീഷ്യറിക്ക് എന്താണ് പറ്റിയത്? അദാനിയുടെ കമ്പനികൾ ഓഹരിത്തട്ടിപ്പ് നടത്തി സാമ്പത്തിക മാഫിയാ പ്രവർത്തനം നടത്തുകയാണെന്ന ഹിൻഡൻ ബർഗ് റിപ്പോർട്ടിനെപ്പറ്റി ആദ്യം സുപ്രീംകോടതി വലിയ ജാഗ്രത കാട്ടിയിരുന്നു. വെറുതെ വിടില്ല, ഓഹരിയുടമകളുടെ താല്പര്യം സംരക്ഷിക്കാൻ ഏതറ്റംവരെയും പോകുമെന്നെല്ലാമുള്ള സൂചനയാണ് ആദ്യം സുപ്രിം കോടതി നൽകിയത്. മോദി സർക്കാരിന്റെ പ്രതീകമായ അദാനിയുടെ കമ്പനിയെപ്പറ്റി സ്വതന്ത്ര അന്വേഷണം നടത്താൻ നിർദേശിക്കാനൊക്കെ….. അമ്പോ എന്ന് ജനം അന്തിച്ചുപോയതാണ്. വ്യാജ കമ്പനികളുണ്ടാക്കി ഓഹരിവില പെരുപ്പിച്ച് കൊടും തട്ടിപ്പുനടത്തിയാണ് സഹസ്ര കോടീശ്വരനായുള്ള അദാനിയുടെ മുന്നേറ്റമെന്നാണ് ഹിൻഡൻ ബർഗ് റിപ്പോർട്ട്. അതിനെക്കുറിച്ച് കേന്ദ്ര ഏജൻസിയായ സെബി തന്നെ- അതായത് കേന്ദ്രത്തിന്റെ ഇ.ഡി പോലുള്ള ഒരുപകരണം അന്വേഷിച്ചാൽ മതിയെന്നാണ് സുപ്രീംകോടതി വിധിച്ചത്. അത്രയൊക്കെയേ അധികാരമുള്ളൂ, അഥവാ അധികാരം പരിമിതമാണ് എന്നാണ് സുപ്രീംകോടതി അദാനി കേസിൽ വ്യക്തമാക്കിയിരിക്കുന്നത്. ആ തുറന്നു പറച്ചിലിൽത്തന്നെ അനീതിയുടെ സ്ഫുരണമില്ലേയെന്നാണ് നിസ്സഹായതയുടെ സൂചനയില്ലേയെന്നാണ് ചോദ്യമുയരുന്നത്. ഗുജറാത്തിലെയോ ഉത്തർപ്രദേശിലെയോ നീതിന്യായം പോലെയാണോ രാജ്യത്താകെ നീതിന്യായത്തിന്റെ പോക്ക് എന്നതാണ് പ്രശ്നം. ബാബരി മസ്ജിദ്-രാമജന്മ ഭൂമി പ്രശ്നത്തിൽ സുപ്രീംകോടതി വിധി പ്രസ്താവിച്ചത് സാധാരണ പോലെയല്ല, വിധി ഏതെങ്കിലും ജഡ്ജി എഴുതിയതെന്ന് വ്യക്തമാക്കാതെ എല്ലാവരുടെയും പൊതു വിധിയാക്കാൻ തീരുമാനിച്ചുവെന്ന് ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് കഴിഞ്ഞ ദിവസം ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞതിന് ഏറെ അർഥതലങ്ങളുണ്ട്. ആ ബെഞ്ചിന് നേതൃത്വം നൽകിയ ചീഫ് ജസ്റ്റീസ് ഗോഗോയിക്ക് വിരമിച്ച ഉടൻ രാജ്യസഭാംഗത്വം ലഭിച്ചതിൽ ചിലർ നെറ്റി ചുളിച്ചു.

***

ഇന്ത്യൻ നീതിന്യായചരിത്രത്തിൽ ഓർമിക്കപ്പെടുന്ന ഒരുപേരായി ഗോഗോയി മാറുന്നത് കരഗതമായ രാജ്യസഭാംഗത്വത്തിന്റെയും പിന്നെ കോടതി ജീവനക്കാരിയുടെ പരാതിയുമായി ബന്ധപ്പെട്ട കേസിന്റെയും പേരിലാണെന്ന് ദോഷൈകദൃക്കുകൾ പറയും. ഇപ്പോഴത്തെ ചീഫ് ജസ്റ്റിസ് പറഞ്ഞ അയോധ്യ വിധിയുടെ പേരിലുമാകാം. വിധിയെഴുതിയതാരെന്ന് പുറത്തറിയരുതെന്ന് ബെഞ്ച് ഏകകണ്ഠേന തീരുമാനിച്ചു. അതിനുപിന്നിലും എന്തെങ്കിലുമുണ്ടോ എന്ന് പിൽക്കാലത്തേ വ്യക്തമാവൂ. അയോധ്യ വിധിയെ തുടർന്ന് അവിടെ ക്ഷേത്രനിർമാണം കേന്ദ്രസർക്കാരിന്റെ നേതൃത്വത്തിൽ നടത്താനും അതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നടത്താനും എല്ലാകാര്യങ്ങളും കേന്ദ്രസർക്കാർ വകയായി നടത്താനും ആരാണനുവദിച്ചത്… ജനാധിപത്യത്തിന്റെ മൂന്ന് തൂണുകളും നാശോന്മുഖമാവുകയാണ്. നാലാമത്തെ തൂണ്- ഹാ കഷ്ടം- ഫാസിസത്തിന്റെ നടത്തിപ്പ് ഏജൻസികളായി മാറുകയാണെന്ന് പറഞ്ഞത് അരുന്ധതി റോയി.

മുൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് (നടുവിൽ)

എല്ലാറ്റിനും ഗ്യാരണ്ടി നൽകാൻ നരേന്ദ്രമോദി തൃശൂരിലെത്തിയത് വൻകിട മാധ്യമങ്ങളെ ഹഠാദാകർഷിച്ചു. അവർ കോൾമയിർകൊണ്ടു. അതായത് രോമം എടുത്തുപിടിച്ചു. രോമാഞ്ചമുണ്ടായി. തേക്കിൻകാട് മൈതാനത്തെ വൃക്ഷങ്ങളും അതിന്റെ ചില്ലകളുമെല്ലാം അവർക്ക് ഇതേവരെ ദൈവികമായിരുന്നു. മണികണ്ഠനാൽ.. ശിവജഡ… മോദിയുടെ വരവുപ്രമാണിച്ച് അതിൽ പലതും വെട്ടിമാറ്റിയപ്പോൾ.. അതെല്ലാം ഹാ  സുരക്ഷാക്രമീകരണങ്ങൾ…. ആക്ഷേപമേയില്ല… പരാമർശമില്ല. നവകേരളയാത്രയുടെ ബസ്സിന് വഴിയൊരുക്കാൻ അന്യായമായി മതിൽ പൊളിച്ചതിൽ അവർക്ക് ഭയങ്കര എതിർപ്പായിരുന്നു. ഏറ്റവും ശരിയായ വിമർശം.. പക്ഷേ മണികണ്ഠനാലിന്റെ മേലെ ശിവജഡ! ശാന്തം പാപം…. കേരളത്തിലാണ് ഏറ്റവും നിഷ്പക്ഷമാധ്യമങ്ങൾ!


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
ആനന്ദ്
ആനന്ദ്
11 months ago

കെ ബി .. കസറുന്നു . തുടരുക