പ്രമുഖ മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. നാനൂറിലേറെ സീറ്റും ‘വിഷൻ 2047’ഉം വിഷയമാക്കി തുടങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം, രണ്ടു ഘട്ടം വോട്ടെടുപ്പ് കഴിഞ്ഞതോടെ ഇതെല്ലാം വിട്ട് സമ്പൂർണ്ണ വർഗീയതയിലേക്കും കല്ലുവെച്ച നുണകളിലേക്കും മാറ്റിയതിൻ്റെ രാഷ്ട്രീയ ധ്വനികളാണ് ഈ ലക്കത്തിലെ മുഖ്യ വിശകലന വിഷയം.
മനുഷ്യരുടെയെന്നല്ല, മനുഷ്യരടക്കമുള്ള എല്ലാ ജന്തുക്കളുടെയും ഒരു സവിശേഷത ഭയങ്കര വേദനയനുഭവപ്പെടുമ്പോൾ, തീവ്രദുഖമുണ്ടാകുമ്പോൾ മുഖംമൂടി അഴിഞ്ഞുവീണുപോകുമെന്നതാണ്. മലയാളം മറന്നുപോയ മലയാളി കാലിൽ വലിയൊരു മുള്ളു തറച്ചാൽ ഉയ്യന്റമ്മേ എന്നോ മറ്റോ വിളിച്ചുപോവുക സ്വാഭാവികമാണല്ലോ. അതുപോലെതന്നെയാണ് നേതാക്കളുടെയും ഭരണാധികാരികളുടെയും കാര്യം. ഉദാഹരണത്തിന് നരേന്ദ്ര മോദിയെന്ന ഗുജറാത്ത് സ്വദേശിയായ ആർ.എസ്.എസ്. പ്രചാരകപ്രമുഖ് ബഹുകക്ഷി, ബഹുമത, ബഹുജാതി-ബഹുഭാഷാ, ബഹുസംസ്കാര രാഷ്ട്രമായ ഇന്ത്യയുടെ മൊത്തം പ്രധാനമന്ത്രിയാണല്ലോ ഭരണഘടനാപരമായി. പക്ഷേ നിർണായക മുഹൂർത്തങ്ങളിൽ അദ്ദേഹം തനി സ്വരൂപത്തിലാകും. അതായത് വിശ്വരൂപം പുറത്തുകാട്ടും. സംഘത്തിൽ ഉച്ചനീചത്വമില്ലെന്നാണല്ലോ വെപ്പ്. അത് പൂർണമായും ശരിയാണ്. നരേന്ദ്രമോദി അദ്ദേഹം ദണ്ഡ് എടുത്ത് കവാത്ത് തുടങ്ങിയപ്പോഴത്തെ അതേ നിലയിലാണ് ഇപ്പോഴും.
രാജസ്ഥാനിലെ ബെൻസാറയിൽ മോദി നടത്തിയ തിരഞ്ഞെടുപ്പു പ്രചാരണ പ്രസംഗം ഇപ്പോൾ അമേരിക്കയിലും യൂറോപ്പിലുമൊക്കെ ചർച്ച ചെയ്യപ്പെടുന്നു. രാഷ്ട്രമീമാംസ പഠിപ്പിക്കുന്ന ലോകത്തെങ്ങുമുള്ള സർവകലാശാലകളിൽ ഒരുഗ്രൻ അധ്യായമായിരിക്കും ഭാവിയിൽ ഈ പ്രസംഗങ്ങൾ. ഒരാൾ എത്ര ഉന്നതസ്ഥാനത്തെത്തിയാലും മനസ്സിന്റെ അടിത്തട്ടിൽ വിഷമുണ്ടെങ്കിൽ അതിന്റെ യഥാരൂപത്തിൽ ചിലപ്പോൾ വമിച്ചുപോകും.
നരേന്ദ്രമോദിയുടെ പ്രസംഗത്തിൽ അദ്ദേഹം ആവർത്തിക്കുന്നത് മുസ്ലീങ്ങൾ രാജ്യത്ത് നുഴഞ്ഞുകയറിയവരാണെന്നാണ്. മുസ്ലിം സ്ത്രീകൾ കൂടുതൽ പ്രസവിച്ചുകൂട്ടുന്നുവെന്നും കണക്കുകളെയെല്ലാം മൂടിവെച്ച് വ്യാജപ്രസ്താവം ചെയ്യുന്നു. ഹിന്ദുക്കളുടെ സ്വത്തും പണവും പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കലാണ് കോൺഗ്രസ്സിന്റെ മുഖ്യ അജണ്ടയെന്നും അത് അവരുടെ പ്രകടനപത്രികയിലുണ്ടെന്നും മോദി പ്രസംഗിക്കുന്നു. ഹിന്ദു സ്ത്രീകളുടെ താലിമാലയും ആഭരണങ്ങളും കോൺഗ്രസ് പിടിച്ചെടുത്ത് മുസ്ലീങ്ങൾക്ക് കൊടുക്കാൻ പോകുന്നു. ഏറ്റവുമൊടുവിൽ നടത്തിയ പ്രസംഗത്തിൽ പാകിസ്ഥാന്റെ പ്രിയപ്പെട്ടവരാണ് കോൺഗ്രസ് എന്നാണ് കാച്ചിയത്. രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാൻ പാകിസ്ഥാൻ ആഗ്രഹിക്കുന്നുവെന്ന്. പ്രധാനമന്ത്രിയായ നരേന്ദ്രമോദിക്ക് എന്താണ് സംഭവിച്ചതെന്ന് വിദേശത്തുള്ള ചില പത്രങ്ങൾക്കും നിരീക്ഷകർക്കും അത്ഭുതം തോന്നിയേക്കാം. പക്ഷേ അതിന്റെ ഒരു കാര്യവുമില്ല. 543ൽ നാനൂറ് സീറ്റ് പ്രതീക്ഷിച്ച് തിരഞ്ഞെടുപ്പ് പ്രവർത്തനം തുടങ്ങിയ മുന്നണിയാണ് എൻ.ഡി.എ. അതിന്റെ തുറുപ്പ് ചീട്ടായി പറയുന്നത് മോദിയുടെ ഗ്യാരണ്ടിയാണ്. മാസങ്ങളായി ശതകോടികൾ ഒഴുക്കി നടത്തുന്ന പ്രചാരണം ഈ ഗ്യാരണ്ടിയാണ്. പക്ഷേ രണ്ടു ഘട്ടം പോളിങ്ങ് കഴിഞ്ഞപ്പോഴേക്കും സംഗതി അത്ര പന്തിയല്ലെന്ന തോന്നൽ സംഘപരിവാർ അരമനകളിലും ചർച്ചയാകുന്നു. നാലിൽ മൂന്ന് ഭൂരിപക്ഷം പ്രതീക്ഷിച്ചാണ് 1977-ൽ അടിയന്താരാവസ്ഥക്ക് അയവുവരുത്തി ഇന്ദിരാഗാന്ധി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഫലം വന്നപ്പോൾ ഇന്ദിരാഗാന്ധിപോലും തോറ്റു. ഇതെല്ലാം ഓർത്താവാം നരേന്ദ്രമോദി പൂഴിക്കടകൻ പുറത്തെടുത്തത്. സമ്പൂർണമായും വർഗീയ വിഷം തളിക്കൽ. കാസർകോട് മേഖലയിൽ എൻഡോ സൾഫാൻ ആകാശത്തുനിന്ന് വർഷിക്കുകയാണല്ലോ ചെയ്തത്. പ്രധാനമന്ത്രി വർഗീയവിഷം വമിപ്പിച്ചത് നേർക്കുനേരെയാണ്.
പക്ഷേ ഇതിലൊന്നും വലിയ കാര്യമില്ല. തിരഞ്ഞെടുപ്പ് കമ്മീഷണർമാർ ഇതെല്ലാം കേട്ട് ജോറായി ചിരിക്കുകയാവണം. പ്രധാനമന്ത്രിയും പ്രധാനമന്ത്രിക്ക് കൂടുതൽ ഇഷ്ടമുള്ള മറ്റൊരു മന്ത്രിയും ചേർന്നുണ്ടാകുന്ന ഭൂരിപക്ഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയോഗിച്ചത്. ഇപ്പോഴത്തെ മൂവരും അങ്ങനെതന്നെ. സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ച് പറഞ്ഞു അത് ശരിയല്ല, രാജ്യത്തിന്റെ ചീഫ് ജസ്റ്റീസും പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചേർന്ന സമിതിയാണ് തിരഞ്ഞെടുപ്പ് കമ്മീഷണർമാരെ നിയമിക്കേണ്ടതെന്ന്. രായ്ക്കുരാമാനമെന്നോണം സുപ്രിംകോടതിയെ മറികടക്കാൻ നിയമഭേദഗതി കൊണ്ടുവന്ന് ചീഫ് ജസ്റ്റീസിനെ വേണ്ട, പ്രധാനമന്ത്രി നിശ്ചയിക്കുന്ന ഒരു സഹമന്ത്രി കൂടി മതിയെന്ന് തീരുമാനിക്കുകയായിരുന്നല്ലോ. ഈ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന്റെ തലേയ്ക്കുതലേന്ന് പ്രധാനമന്ത്രിയും മറ്റേ മന്ത്രിയുംകൂടി രണ്ടുപേരെ കമ്മീഷണർമാരായി നിശ്ചയിക്കുയും ചെയ്തു. അവരടങ്ങുന്ന സമിതിക്ക് മുമ്പാകെയാണ് പ്രധാനമന്ത്രി വർഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നു, വിദ്വേഷ പ്രസംഗങ്ങളുടെ പരമ്പരതന്നെ നടത്തി നാടിനെയും ജനതയെയും വിഭജിക്കാൻ ശ്രമിക്കുന്നുവെന്ന തെളിവുകൾ സഹിതമുള്ള പരാതികൾ എത്തിയത്. അവരെന്തുചെയ്യാനാണ്. പ്രസംഗിച്ചയാൾക്കല്ല, പ്രസംഗിച്ചയാളുടെ പാർട്ടി പ്രസിഡണ്ടിന് പേരിന് ഒരു നോട്ടീസ് അയച്ചു. അതിൽ എന്താവും നടപടി തീർപ്പെന്ന് നോട്ടീസ് കിട്ടിയവർതന്നെ അങ്ങോട്ടറിയിക്കുമായിരിക്കും.
ഏതായാലും ജനസംഖ്യയിൽ ഒന്നാമതായതോടെ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യരാഷ്ട്രമായിരിക്കുന്നു! ഭ്രാന്തിലേക്കിനിയെത്ര ദൂരം എന്ന് കവി ചോദിച്ചതുപോലെയാണ് കാര്യങ്ങൾ. ഭ്രാന്ത് ഒരു സാമൂഹ്യരോഗമാവുന്നുവെന്നാണല്ലോ വർഗീയതയുടെ അർഥം. അതിളക്കിവിടാനുള്ള ഇഞ്ചക്ഷനാണ് ഏറ്റവും ഉത്തരവാദപ്പെട്ടവർ നടത്തുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷനും നീതിപീഠവുമൊക്കെ കണ്ണും ചെവിയും വായും അടച്ചുപിടിക്കുകയാണോ…
ഏതുകാര്യത്തിലും ഫലം രണ്ടുവിധത്തിലാവാമല്ലോ. ഏതായാലും നരേന്ദ്രമോദിയുടെ വർഗീയപ്രസംഗം കേരളത്തിൽ കോൺഗ്രസ്സിന് തൽക്കാലം പരോക്ഷ ഗുണംചെയ്തുവെന്നുവേണം കരുതാൻ. പൗരത്വനിയമഭേദഗതിയിൽ പ്രചാരണം കേന്ദ്രീകരിച്ചത് ഇടതുപക്ഷമാണ്. പൗരത്വനിയമഭേദഗതിയെക്കുറിച്ച് സമ്പൂർണമൗനമാണ് കോൺഗ്രസ്സിന്റെ പ്രകടനപത്രികയിൽ. അതിനെ വല്ലാതെ കളിയാക്കുന്നതിലാണ് ഇടതുപക്ഷം പ്രചാരണത്തിന്റെ അവസാനകാലത്ത് ഊർജം ഏറെ ഉപയോഗിച്ചത്. പക്ഷേ പ്രധാനമന്ത്രി കോൺഗ്രസ് പ്രകടനപത്രികയെ കുറിച്ച് അപവാദത്തിന്റെ പെരുമഴതന്നെ പെയ്യിച്ചപ്പോൾ യു.ഡി.എഫിന് അതൊരു വീണുകിട്ടലായി. രാഷ്ട്രീയത്തിൽ, തിരഞ്ഞെടുപ്പിൽ എതിരാളിയുടെ പ്രചരണായുധങ്ങളും ചിലപ്പോൾ അനുകൂലഫലമുണ്ടാക്കും.
***
ഇതേവരെ എല്ലാ ദോഷൈകദൃക്കുകളുടെയും പ്രയാസം എന്തുകൊണ്ടാണ് രാഹുൽ ഗാന്ധി ഉത്തരേന്ത്യയിൽ മത്സരിക്കാത്തതെന്നാണ്. റായ്ബറേലി മണ്ഡലത്തിൽ ഇരുപത്തിനാലാം മണിക്കൂറിൽ ഒറ്റ കൈകൊണ്ട് പത്രിക കൊടുത്ത് രാജ്യത്തിന്റെ പ്രയാസം പരിഹരിച്ചിരിക്കുകയാണ് രാഹുൽ. പത്രിക നൽകുന്നതിന് കേവലം എട്ട് മണിക്കൂർ മുമ്പാണ് ആകാംക്ഷക്ക് അറുതിയായത്. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് ശേഷം രണ്ടുമാസംവരെ കഥയുടെ നിർവഹണം എന്തെന്ന ആകാംക്ഷ നിലനിർത്താൻ, അഥവാ പരിണാമഗുപ്തി നിലനിർത്താൻ കോൺഗ്രസ്സിന് സാധിച്ചുവെന്നത് വിസ്മയമാണ്. അമ്മയും മോനും മത്സരിക്കുന്ന രണ്ട് സീറ്റിൽ സ്ഥാനാർഥിയെ പ്രഖ്യാപിക്കാതെ ഒഴിച്ചുനിർത്തുക, അമ്മ ലോകസഭയിലേക്ക് മത്സരിക്കുന്നില്ല, രാജ്യസഭയിലേക്ക് മതിയെന്ന് പ്രഖ്യാപിക്കുക. ലോകസഭാ തിരഞ്ഞെടുപ്പ് പ്രക്രിയക്കിടയിൽത്തന്നെ രാജ്യസഭയിലേക്ക് മത്സരിച്ച് ജയിക്കുക- ഇതെല്ലാമായതോടെ രണ്ട് സീറ്റ് കാലി. അതിൽ രാഹുൽ കയറിയിരിക്കുമോ, അതോ പ്രിയങ്കാപതി റോബർട്ട് വാദ്രെ കയറി ഇരിക്കുമോ എന്നെല്ലാം കിവദന്തികൾ. പുരാതന നാടകങ്ങളിൽ പ്രധാന നടൻ അരങ്ങത്തെത്തുന്നതിന് മുമ്പ് കാണികളുടെ വിരസതയകറ്റാൻ ഏതെങ്കിലും ഉപകഥാപാത്രം വന്ന് ചില വിക്രിയകളൊക്കെ കാട്ടുന്ന ഏർപ്പാടുണ്ടായിരുന്നുവല്ലോ. അതുപോലെ ഒരു നമ്പർ അമേഠിയിലും അരങ്ങേറി. നിലവിൽ രാഷ്ട്രീയത്തിലില്ലാത്ത, ബിസിനസ്സുമായി മുഖത്തല്പം കറുത്ത ചായമൊക്കെ പുരണ്ടുനിൽക്കുന്ന വദ്രെയുടെ അവകാശവാദം. രാഷ്ട്രീയത്തിൽ സജീവമാകാത്തതുകൊണ്ടാണ് തനിക്കെതിരെ വിവാദങ്ങളൊക്കെ. താൻ അമേഠിയിൽ മത്സരിക്കാനാഗ്രഹിക്കുന്നു. എന്നുമാത്രമല്ല, അമേഠിക്കാരും രാഷ്ട്രമൊട്ടാകെയും അതാഗ്രഹിക്കുന്നുവെന്നാണ് അദ്ദേഹം പറയുകയോ പറയിക്കുകയോ ഒക്കെ ചെയ്തത്. മണ്ഡലത്തിലാകെ ബോർഡുകൾ വെക്കുകയും ചെയ്തു.
രാഹുലാണെങ്കിൽ ഉറച്ച സീറ്റായ കേരളത്തിലെ വയനാട്ടിൽ മത്സരിച്ച് വോട്ടും പെട്ടിയിലാക്കി ഉത്തരേന്ത്യയിലേക്ക് പോയതാണ്. ആകാംക്ഷക്ക് അറുതിവരുത്താനെന്നോണം റായ്ബറേലിയിൽ പ്രിയങ്കയും അമേഠിയിൽ രാഹുലും മത്സരിച്ചേക്കും, പാർട്ടി നിർബന്ധിച്ചിട്ടും രാഹുൽ വഴങ്ങുന്നില്ല എന്നെല്ലാമുള്ള വാർത്തകൾ പുറത്തുവിട്ടുകൊണ്ടിരുന്നു. 2004-ൽ മൂന്ന് ലക്ഷത്തിലേറെയും 2009-ൽ നാലുലക്ഷത്തിലേറെയും 2014-ൽ ഒരു ലക്ഷത്തിന്റെയും ഭൂരിപക്ഷത്തിൽ അമേഠിയിൽ ജയിച്ച രാഹുൽ അതേ അമേഠിയിൽ 2019-ൽ അരലക്ഷത്തിലേറെ വോട്ടിന് സ്മൃതി ഇറാനിയോട് തോറ്റത് സ്വയംകൃതാനർഥമല്ലെങ്കിൽ മറ്റെന്താണ്. മൂന്നുതവണ തുടർച്ചയായി ജയിച്ചിട്ടും അവിടെ ഇടയ്ക്കിടെ പോകാനോ സംഘടനാസംവിധാനം ഉറപ്പിച്ചുനിർത്താനോ തയ്യാറായില്ല. പോരാത്തതിന് അമേഠിയെ വിശ്വാസമില്ലാതെ വയനാട്ടിൽ മുസ്ലിംലീഗുമായുള്ള മുന്നണിയി മത്സരിക്കുന്നുവെന്ന ആരോപണവുംകൂടിയായപ്പോഴാണ് കഴിഞ്ഞ തവണ തോറ്റത്.
ഏതായാലും ഇത്തവണ ഒടുവിൽ രാഹുൽ റായ്ബറേലിയിലും പത്രിക നൽകിയിരിക്കുന്നു. വയനാട്ടിലെ ഇടതുപക്ഷ സ്ഥാനാർഥി ആനിരാജ പറയുന്നത് കോൺഗ്രസ്സും രാഹുലും വയനാട്ടിലെയും കേരളത്തിലെയും ജനങ്ങളെ വഞ്ചിച്ചുവെന്നാണ്. വഞ്ചിച്ചത് രാഹുലായിരിക്കില്ല. കഴിഞ്ഞതവണ ആന്റണിയായിരുന്നെങ്കിൽ ഇത്തവണ കെ.സി വേണുഗോപാലായിരിക്കും. രാഹുൽ കേരളത്തിൽ മത്സരിച്ചാൽ മറ്റ് സീറ്റുകളിലും ചിലവിഭാഗം വോട്ടുകൾ ഏകോപിപ്പിച്ച് ട്രെൻഡ് സെറ്റ് ചെയ്യാം, അങ്ങനെ കഴിഞ്ഞതവണത്തെപ്പോലെ തരംഗമുണ്ടാക്കാം എന്ന കേരള ഹൈക്കമാൻഡിന്റെ തന്ത്രമാണ് രാഹുലിന്റെ വയനാട് മത്സരം. ഒരിക്കൽ തേങ്ങ വീണ് മുയൽ ചത്തുവല്ലോ… ഇത്തവണയും തേങ്ങ വീണാലോ… ഏതായാലും പരിണാമഗുപ്തിയുണ്ടാക്കാൻ കഴിഞ്ഞതിൽ കോൺഗ്രസ്സിനെ അഭിനന്ദിക്കണം.