മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. ഈ ലക്കത്തിൽ രാമ ക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന്റെ രാഷ്ട്രീയവും അതിലൂടെ പ്രധാനമന്ത്രി നാടിന്റെ രാജാവായി സ്വയം പ്രതിഷ്ഠിക്കുന്നതും പുരാണ കഥകളുടെ അകമ്പടിയോടെ ലേഖകൻ വിശദീകരിക്കുന്നു. കെ.എൽ.എഫിൽ എം.ടി നടത്തിയ പ്രസംഗത്തിന്റെ വ്യാഖ്യാനങ്ങളും ആ പ്രസംഗത്തിന്റെ പ്രസക്തിയും ഇവിടെ പരിശോധിക്കപ്പെടുന്നു.
ഓരോരുത്തർക്കും അവരുടെ വലുപ്പം വേഗം മനസ്സിലാവണമെന്നില്ല. മൂന്നുവട്ടം ഗുജറാത്ത് മുഖ്യമന്ത്രിയായ ശേഷമാണ് നരേന്ദ്രമോദി ഇന്ത്യയുടെ പ്രധാന മന്ത്രിയായത്. അപ്പോൾ വിനീതനായി അദ്ദേഹം പറഞ്ഞത് താനൊരു പാവം ചായക്കടക്കാരന്റെ മകനാണ്, ചായ വില്പനക്കാരനായിരുന്നു എന്നാണ്. ഇപ്പോൾ മൂന്നാമതും താനാണ് പ്രധാന മന്ത്രിയാകാൻ പോകുന്നതെന്ന് പരസ്യമായി അവകാശപ്പെടുക മാത്രമല്ല, നാടിന്റെ മുതലാളിയാണ് താനെന്ന് അവകാശപ്പെടുംവണ്ണം മോദിയുടെ ഗ്യാരണ്ടി, മോദിയുടെ ഗ്യാരണ്ടി എന്ന് ഒരേ പ്രസംഗത്തിൽ ഇരുപത് തവണയൊക്കെ പറയുന്ന സ്ഥിതി വന്നിരിക്കുന്നുവെന്നാണ് എതിരാളികളുടെ ആരോപണം. അത് ഞാൻ ഇതു ഞാൻ എല്ലാം ഞാൻ. മണ്ണിലും വിണ്ണിലും ഞാൻ…
അയോധ്യയിൽ 1800 കോടി രൂപ ചെലവിൽ നിർമിക്കുന്ന രാമക്ഷേത്രത്തിന്റെ ഉദ്ഘാടനം നടത്തേണ്ടത് രാഷ്ട്രീയ നേതാവായ പ്രധാന മന്ത്രിയാണോ, പൂജാരിമാരല്ലേ എന്ന ചോദ്യം നാല് ശങ്കരാചാര്യന്മാരും ഉന്നയിച്ചിരിക്കുന്നു. അടുത്ത ഡിസംബറിലേ നിർമാണം പൂർത്തിയാവുകയുള്ളുവെന്ന് ക്ഷേത്രം നിർമിക്കുന്ന ട്രസ്റ്റ് തന്നെ പറയുന്നു. പൂർത്തിയാകാത്ത ക്ഷേത്രത്തിൽ ഇത്ര തിടുക്കപ്പെട്ട് എന്തിനാണ് പ്രാണ പ്രതിഷ്ഠ, അഥവാ വിഗ്രഹ പ്രതിഷ്ഠയെന്നാണ് ആചാര്യന്മാർ ഒരേ സ്വരത്തിൽ ചോദിക്കുന്നത്. പുരി ശങ്കരാചാര്യർക്കും ശൃംഗേരി ശങ്കരാചാര്യർക്കും ദ്വാരകയിലെ ശങ്കരാചാര്യർക്കും ഉത്തരാഖണ്ഡിലെ ശങ്കരാചാര്യർക്കും അങ്ങനെ ചോദിക്കാം. പക്ഷേ വിഗ്രഹം പ്രതിഷ്ഠിക്കാതെ ലോകസഭാ തിരഞ്ഞെടുപ്പ് എങ്ങനെ നടത്തുമെന്ന് അവർക്കുണ്ടോ ബോധം. ലോകസഭാ തിരഞ്ഞെടുപ്പ് ക്ഷേത്രം പണി തീരുന്നതുവരെ മാറ്റിവെക്കാനും പറ്റില്ല. മാത്രമല്ല, വിഗ്രഹത്തിന് താൽക്കാലിക ആവാസകേന്ദ്രമായി ബാലാലയം എന്ന ഒരു സംഗതിയില്ലേ ആചാര്യന്മാർ പറയുന്ന ശാസ്ത്രത്തിൽ. ശാസ്ത്രം എന്നാ സയൻസല്ല, ആചാര സമുച്ചയങ്ങളാണല്ലോ. വിഗ്രഹം വെക്കാൻ മാത്രമായി ഒരു കൊച്ചു ഗൃഹം. ഇപ്പോൾ അയോധ്യയിൽ നടക്കുന്നത് ബാലാലയ പ്രതിഷഠയാണെന്നെങ്കിലും കരുതി ശങ്കരാചാര്യന്മാർക്ക് അയോധ്യയിൽ പോകാമായിരുന്നു.
അയോധ്യയിലെ “തർക്കസ്ഥലത്ത്” രാമവിഗ്രഹം 1949 ഡിസംബറിൽ പ്രത്യക്ഷമായതിന് പിന്നിൽ കുട്ടനാട്ടുകാരനായ കാടാങ്കളത്തിൽ കരുണാകരൻ നായർ എന്ന കെ.കെ നായരുടെ ബുദ്ധിയോ കരം തന്നെയോ ഉണ്ടെന്നാണല്ലോ ആരോപണം. കോൺഗ്രസ്സുകാരനായ മുഖ്യമന്ത്രി ജി.ബി. പന്തിനെയും പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവിനെയും പരസ്യമായി തള്ളി പറഞ്ഞ് ധിക്കരിച്ച് ഇന്ത്യയുടെ ഭാവിയിലേക്ക് സംഘർഷത്തിന്റെ വിത്തുവിതയ്ക്കുകയായിരുന്നല്ലോ ഫൈസാബാദ് എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റായിരുന്ന നായർ ചെയ്തത്. സിവിൽ സർവീസ് ഉദ്യോഗസ്ഥന്റെ ഉത്തരവാദിത്വമല്ല, രഹസ്യമായ സംഘബന്ധമാണ് നായരിൽ പൊന്തിച്ചു നിന്നത്. പിൽക്കാലത്ത് ലോകസഭയിലേക്ക് മത്സരിപ്പിച്ച് ജയിപ്പിച്ച് ജനസംഘം കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.
സനാതന ധർമശാസ്ത്രത്തിലെ കാര്യങ്ങൾ കമ്പോടുകമ്പ് പാലിച്ചല്ല 1949ൽ കാടാങ്കളത്തിൽ കരുണാകരൻ നായർ സംഗതി നടത്തിയത്. അപ്പോൾ പ്രധാനമന്ത്രിയല്ല പ്രാണപ്രതിഷ്ഠ നടത്തേണ്ടത് ശാസ്ത്രവിധിപ്രകാരമാകണം എന്ന് പറയുന്നതിലൊന്നും കാര്യമില്ല. ആരെങ്കിലും പ്രതിഷ്ഠിച്ചിട്ടു കാര്യമില്ല. ആരാണോ ഗുണഭോക്തവാകാൻ ശ്രമിക്കുന്നത്, അവർതന്നെ വേണം സംഗതി നടത്താൻ.
വാസ്തവത്തിൽ പ്രധാനമന്ത്രിയായല്ല, കേവലം ഭക്തനായാണ് നരേന്ദ്രമോദി അയോധ്യയിലെ ക്ഷേത്രോദ്ഘാടനത്തിന് പോകുന്നത്. അതിന്റെ തെളിവ് ആർക്കും പരിശോധിക്കാവുന്നതാണ്. അദ്ദേഹം ആദ്യം പോവുക നിർമിച്ചുകൊണ്ടിരിക്കുന്ന രാമക്ഷേത്രത്തിലെ ഹനുമാൻ കോവിലിലാണ്. ഹനുമാനാണല്ലോ രാമനു ശേഷം അയോധ്യ വാണത്. ഹനുമാനാണെങ്കിൽ അഷ്ട ചിരഞ്ജീവികളിലൊരാളായതിനാൽ ഇന്നും ജീവിച്ചിരിപ്പുണ്ടെന്നാണ് വിശ്വാസം. അപ്പോൾ മോദി ഹനുമാൻ സന്നിധിയിലെത്തി രാമക്ഷേത്രോദ്ഘാടനത്തിനുള്ള അനുമതി തേടും. ആ അനുമതിയുമായെത്തിയാണ് ഉദ്ഘാടനം കർമം നിർവഹിക്കുക. 121 വൈദിക ബ്രാഹ്മണരുടെ സാന്നിധ്യത്തിലാണ് പ്രാണപ്രതിഷ്ഠ. അതിനാൽ വേദശാസ്ത്ര വിധി പ്രകാരമല്ല പ്രതിഷ്ഠ എന്ന് ശങ്കരാചാര്യന്മാർ പറയുന്നതിലൊന്നും കാര്യമില്ല. ഇത് സാധാരണ ക്ഷേത്രമല്ലെന്ന് എന്തേ മറന്നുപോകുന്നു ആചാര്യവര്യന്മാർ. അയോധ്യയിലിരുന്നാണ് ശ്രീ രാമചന്ദ്രൻ ഭാരതവർഷം ഭരിച്ചത്. അതുകൊണ്ട് ഭാവിയിൽ തലസ്ഥാനം ഡൽഹിയിൽ നിന്ന് അയോധ്യയിലേക്ക് മാറ്റണമെന്ന ആവശ്യം വരെ ഉയർന്നേക്കാം. രാജ്യത്തിന്റെ തലസ്ഥാന ക്ഷേത്രമെന്ന പ്രഖ്യാപനവും വന്നേക്കാം. ഏതായാലും തിരഞ്ഞെടുപ്പിന് വിഷയമായിക്കഴിഞ്ഞു. ഒരേയൊരു വിഷയം. രാമന്റെ അനുയായികളും എതിരാളികളും! ദേവന്മാരും അസുരന്മാരും എന്ന സമവാക്യപ്രചരണവും പ്രതീക്ഷിക്കാം. പക്ഷേ സനാതനധർമശാസ്ത്രത്തിന്മേൽ കൈവെക്കാമോ എന്ന ചോദ്യമാണ് ശങ്കരാചാര്യന്മാർ ചോദിക്കുന്നത്. സംഘപരിവാറല്ലേ മോദിയല്ലേ അതുമാവാം.
***
ഭാരതവർഷത്തെ ആദ്യം ഭരിച്ച ചക്രവർത്തിമാരിൽ മുഖ്യസ്ഥനായിരുന്നല്ലോ നഹുഷൻ. ഭൂമി പോരാ, സ്വർഗ്ഗവും അതായത് ദേവലോകവും തന്റെ അധീനതയിലാവണമെന്ന് നഹുഷന് മോഹമുണ്ടായി. ദേവാസുരയുദ്ധത്തിൽ തുടർച്ചയായ തോൽവിയെ തുടർന്ന് ഭയവിഹ്വലനായ ദേവേന്ദ്രൻ ഭൂമിയിലോ പാതാളത്തിലോ എവിടെയോ ചെന്ന് ഒളിവിലായപ്പോൾ ദേവലോകത്ത് ഭരണകൂടം കൊഴിഞ്ഞു വീഴുന്ന അസാധാരണ സാഹചര്യം സംജാതമായി. ദേവന്മാർ സകല സ്ഥലത്തും അന്വേഷിച്ചിട്ടും ഒരു തുമ്പും കിട്ടിയില്ല. വേറെ ഗത്യന്തരമില്ലാതെ ചില പ്രമുഖരുടെ ഉപദേശാനുസരണവും ബ്രഹ്മാവിന്റെ അനുമതിയോടെയും അവർ നഹുഷനെ സമീപിച്ചു. ഉർവശിയുടെയും പുരൂരവസ്സിന്റെയും പൗത്രനായ നഹുഷൻ ഭൂമിയിലെ ഏറ്റവും പ്രതാപിയായ രാജാവാണ്. ദേവലോകത്തിന്റെ ആക്ടിങ്ങ് പ്രധാനമന്ത്രിയായി, താൽക്കാലിക ദേവേന്ദ്രനായി നഹുഷൻ പ്രവർത്തിക്കണം. രോഗി ഇഛിച്ചതും വൈദ്യൻ കല്പിച്ചതും പാല്…
അങ്ങനെ നഹുഷൻ ദേവലോകത്തിന്റെ ചാർജെടുത്തു. അവിടെ അളവറ്റ സുഖഭോഗങ്ങൾ. കാലംപോകെ ഇന്ദ്രന്റെ ഭാര്യയായ ശചീദേവിയോടൊപ്പം ശയിക്കാൻ നഹുഷന് ഒരു മോഹം. ഉഭയകക്ഷി ചർച്ചകളും വിലപേശലുമെല്ലാം നടന്നു. ശചീദേവി വെച്ച നിബന്ധന അല്പം ഓവറായിരുന്നു. 12 മഹാസന്ന്യാസിമാർ പേറുന്ന പല്ലക്കിൽ വേണം നഹുഷൻ തന്നെ പ്രാപിക്കാനായി എത്താൻ. പുലസ്ത്യനും വസിഷ്ഠനും അഗസ്ത്യനും നാരദനുമടക്കം നഹുഷന്റെ സന്നിധിയിലെത്തി. പല്ലക്ക് ചുമക്കലിൽ അതും വ്യഭിചാരത്തിന്- മഹർഷിമാർ പ്രതിഷേധിച്ചു. ചക്രവർത്തിമാർ ഋഷിമാരെ കണ്ടാൽ മുമ്പിൽ ഇരിക്കുക പോലുമില്ല. എന്നിട്ടും താങ്കൾ ഞങ്ങളോട് പല്ലക്കു ചുമക്കാൻ ആജ്ഞാപിക്കുന്നു. ശാന്തം പാപം. പക്ഷേ നഹുഷന്റെ അഹങ്കാരം കൂടിക്കൂടി വന്നതേയുള്ളു. പല്ലക്കു ചുമന്നേ തീരൂ. അവർ പുറപ്പെട്ടു. കാമാന്ധനായ നഹുഷൻ വേഗം, വേഗം എന്ന് കുതിരകളെ തെളിക്കും പോലെ മഹർഷിമാരെ ഓടിച്ചുകൊണ്ടിരുന്നു. തന്റെ തൊട്ടടുത്തുള്ള അഗസ്ത്യ മുനി മെല്ലെപ്പോക്കാണെന്ന് തോന്നിയ നഹുഷൻ ഒറ്റ ചവിട്ട് വെച്ചുകൊടുത്തു. അതോടെ ആകെ ബഹളമയം. അഗസ്ത്യൻ പല്ലക്ക് താഴെയിട്ടു. മറ്റെല്ലാ ഋഷിമാരും പല്ലക്ക് താഴ്ത്തി. ചവിട്ട് കിട്ടിയ അഗസ്ത്യൻ നഹുഷനെ ശപിച്ചു. നീ പെരുമ്പാമ്പായി ഭൂമിയിലേക്ക് പതിക്കും. ശാപമോക്ഷം വേണമെന്ന അപേക്ഷ സ്വീകരിച്ച അഗസ്ത്യൻ ഒരിളവ് പ്രഖ്യാപിച്ചു. മുപ്പത്തെട്ട് ലക്ഷം സംവത്സരങ്ങൾക്ക് ശേഷം നഹുഷൻ പെരുമ്പാമ്പിന്റെ രൂപത്തിൽ നിന്ന് മാറുകയും ശാപമോക്ഷം ലഭിച്ച് സ്വർഗസ്ഥനാവുകയും ചെയ്യുമെന്ന് അറിയിച്ചു. ശാപം ഫലിച്ചതിനെ തുടർന്ന് നഹുഷന് ലക്ഷക്കണക്കിന് കൊല്ലം പാമ്പായി ജീവിക്കേണ്ടിവന്നു. നഹുഷന്റെ അധികാരാഹങ്കാരം… തീരാത്ത അഹങ്കാരം… പൂജാരിമാരും പുരോഹിതരും ചെയ്യേണ്ട പണി അധികാരി ചെയ്യുക, പുരോഹിതന്മാരെ കേവലം ആജ്ഞാനുവർത്തികളാക്കുക…
***
അധികാരക്കൊതിക്കും അധികാരാഹങ്കാരത്തിനും നേതൃപൂജ അഥവാ രാഷ്ട്രീയത്തിലെ വ്യക്തിപൂജയ്ക്കും എതിരെ അതിശക്തമായ ഒരു പ്രസംഗമാണ് കോഴിക്കോട്ടെ കേരള ലിറ്ററേച്ചർ ഫെസ്റ്റിവലിൽ എം.ടി വാസുദേവൻ നായർ നടത്തിയത്. അത് മുഖ്യമന്ത്രി പിണറായി വിജയനെതിരെയാണെന്ന് എം.എൻ കാരശ്ശേരിയും മനോരമയും മാതൃഭൂമിയും ബാക്കി സകലമാന പത്രങ്ങളും സകലമാന ചാനലുകളും അവകാശപ്പെടുന്നു. പിണറായിക്കെതിരെയല്ല നരേന്ദ്രമോദിക്കെതിരെയാണെന്നാണ് എൽ.ഡി.എഫ് കൺവീനർ ഇ.പി ജയരാജന്റെ നിരീക്ഷണം. അതല്ല ജീർണിക്കുന്ന അധികാര രാഷ്ട്രീയത്തിനാകമാനമെതിരായ പൊതുവായ ആക്രമണമാണെന്ന് ഒരു സമദൂരസിദ്ധാന്തവുമുണ്ട്.
ചൈനായുദ്ധകാലത്ത് ഇ.എം.എസ് പറഞ്ഞതുപോലെയാണ് എം.ടി യുടെ ശരം ആർക്കുനേരെയെന്നതിന്റെ വ്യാഖ്യാനം. അവർക്കെതിരെയെന്ന് നമ്മളും നമ്മൾക്കെതിരെയെന്ന് അവരും എന്ന ഒരു സമവാക്യമുണ്ടാക്കിയാൽ തീർന്നു, പ്രശ്നം തീർന്നു.
എം.ടി കെ.എൽ.എഫിലെ വ്യാഴാഴ്ചത്തെ പ്രസംഗത്തിനായി തയ്യാറാക്കിയ പ്രബന്ധം അദ്ദേഹത്തിന്റെ തന്നെ പഴയ ഒരു ലേഖനത്തിന്റെ തനിപ്പകർപ്പാണ്. തുടക്കത്തിൽ ഫെസ്റ്റിവലിനെക്കുറിച്ച് രണ്ട് വാചകം പുതിയതുണ്ട്. അവസാനിപ്പിക്കുമ്പോൾ ഇത് കാലത്തിന്റെ ആവശ്യമാണെന്ന് ഉൾക്കൊണ്ട് പ്രവർത്തിക്കാൻ അധികാരത്തിലുള്ളവർ തയ്യാറാവുമെന്ന പ്രത്യാശയോടെ അവസാനിപ്പിക്കുന്നുവെന്നും കൂട്ടിച്ചേർത്തു. കൂട്ടിച്ചേർപ്പ് സാന്ദർഭികം. 2003ൽ എം.ടി എഴുതിയ ഒരു ലേഖനം. എം.ടി.യുടെ തിരഞ്ഞെടുത്ത ലേഖനങ്ങളിൽ അത് ഉൾക്കൊള്ളുന്നു.
എന്നാൽ എം.ടി നടത്തിയ ആവർത്തനത്തിൽ ഔചിത്യക്കുറവില്ല. 20 വർഷം മുമ്പെന്നപോലെ ഇന്നും പ്രസക്തമായ വിഷയമാണ്, ഉള്ളടക്കമാണ്. പ്രസംഗാവസാനത്തിൽ അധികാരത്തിലുള്ളവർ ഉൾക്കൊണ്ട് പ്രവർത്തിക്കാൻ തയ്യാറാവുമെന്ന് പ്രത്യാശിക്കുന്നുവെന്ന ഒറ്റ വരിയോടെ അത് സമകാലികമാകുന്നുണ്ട്. എന്നാൽ പ്രസംഗത്തിന്റെ തുടക്കത്തിൽ അദ്ദേഹവും ഒരു സൂചന നൽകേണ്ടതായിരുന്നുവെന്നത് ഔചിത്യക്കാര്യം.
ഇതെല്ലാമാണെങ്കിലും നമ്മൾ അവരെപ്പറ്റിയും അവർ നമ്മളെപ്പറ്റിയും എന്ന പ്രശ്നം നിലനിൽക്കുന്നു വിമർശവും സ്വയംവിമർശവും വേണമെന്ന്, അതുണ്ടായാലേ മുന്നേറാനാവുകയുള്ളുവെന്ന പാഠം തന്നെയല്ലേ എം.ടിയും ഓർമിപ്പിച്ചത്. വ്യക്തി പൂജയും നേതൃ പൂജയുമുണ്ടാകുമ്പോൾ പൂജിക്കപ്പെടുന്നവർക്ക് അമ്പട ഞാനേ എന്ന തോന്നലുണ്ടാവുക സ്വാഭാവികമാണ്. വിമർശത്തിന് പകരം നേതൃ പൂജയാകുമ്പോൾ ഇളക്കമില്ലാത്ത ജലാശയം പോലെയാകുന്നു. എം.ടി പ്രസംഗം നടത്തുന്നതിന് ഒരാഴ്ച മുമ്പാണ് കെ.ജി ശങ്കരപ്പിള്ള ‘ഉടയോൻ’ എന്ന കവിതയെഴുതിയത്. ഇത്തരത്തിൽ വിമർശങ്ങൾ വരുന്നുണ്ട്. അതിൽ ശരിയും തെറ്റുമുണ്ടാകാം. അതേതെന്ന് മനസ്സിലാക്കണമെങ്കിലും ആത്മപരിശോധന ആവശ്യമാണ്. എം.ടി ആരെപ്പറ്റി പറഞ്ഞുവെന്നതല്ല, എന്തു പറഞ്ഞുവെന്നതാണ് കാര്യം. പറഞ്ഞത് ഉറപ്പിച്ചും ഉച്ചത്തിലും വിളിച്ചുപറയേണ്ട കാര്യമാണ്. അത് ആർക്കെങ്കിലും ആത്മപരിശോധനയ്ക്ക് സഹായകമായെങ്കിൽ അത്രയ്ക്ക് കൃതാർഥനായെന്നാണ് എം.ടി തന്റെ പ്രസംഗത്തെക്കുറിച്ചുള്ള വിവാദത്തെക്കുറിച്ച് പ്രതികരിച്ചത്. പക്ഷേ വൈകി മാത്രം, അടിയേറ്റശേഷം മാത്രം തിരിച്ചറിവുണ്ടാകലാണല്ലോ രാഷ്ട്രീയത്തിലെ രീതിശാസ്ത്രം.
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.