പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ പംക്തി ‘പദയാത്ര’ തുടരുന്നു. ഇലക്ടറൽ ബോണ്ട് കേസിലെ സുപ്രിംകോടതി വിധിയും അതിനെ തുടർന്ന് കേന്ദ്ര ഭരണ കക്ഷി നടത്തുന്ന ബോണ്ട് വെളുപ്പിക്കൽ നാടകവുമാണ് ഈ ലക്കം പദയാത്രയിൽ കെ ബാലകൃഷ്ണൻ വിഷയമാക്കുന്നത്. ഇലക്ടറൽ ബോണ്ട് എങ്ങിനെ അഴിമതി ബോണ്ടായി പരിണമിക്കുന്നു എന്നും അദ്ദേഹം വിശദീകരിക്കുന്നു.
അഴിമതിയുടെ മുഖ്യശത്രുവായ നരേന്ദ്രമോദിയുടെ കുചേലന്മാർ അങ്ങനെ പാതിയെങ്കിലും വെളിച്ചത്തുവന്നിരിക്കുന്നു. തലയിൽ മുണ്ടിട്ടതിനാൽ ആകെക്കൂടി കാണാറായിട്ടില്ല. ആർക്കൊക്കെ എത്രയൊക്കെ ഓരോ കമ്പനി കൊടുത്തുവെന്ന കാര്യം ഇപ്പോഴും ഇരുട്ടിലാണ്. ഇലക്ടറൽ ബോണ്ട് ഭരണഘടനാ വിരുദ്ധമാണെന്ന് സുപ്രിംകോടതി വിധിച്ചപ്പോൾ മോദി പെട്ടെന്നോർത്തത് കുചേലനെയാണ്. പാവപ്പെട്ട ശതകോടീശ്വര കുചേലന്മാരെ. അയ്യോ ഈ ഭരണഘടനയുടെ പേരും പറഞ്ഞ് കുചേലന്മാരെ മാത്രമല്ല പാവപ്പെട്ടവരുടെ ദൈവമായ കൃഷ്ണനെയും അഴിമതിക്കേസിൽ പെടുത്തുമല്ലോ. സാന്റിയാഗോ മാർട്ടിൻ ഒരു കുചേലൻ, തെലങ്കാനയിലെ മേഘ കൺസ്ട്രക്ഷൻ കമ്പനിയണ് മറ്റൊരു കുചേലൻ. ഈ കുചേലനാണ് ദേശീയ പാത അതോറിറ്റിയിൽ നിന്ന് കേരളത്തിലെ പല ബൈപ്പാസുകളുടെയും കരാറെടുത്തിട്ടുളളത്. ആദ്യത്തെ കുചേലനെ കേരളത്തിലെ കുഞ്ഞുകുട്ടികൾക്കു പോലുമറിയാം. ലോട്ടറിക്കുചേലനാണ്. സിക്കിമും മേഘാലയയുമൊന്നുമറിയാതെ അവരുടെ ലോട്ടറി അച്ചടിച്ചു കോടാനുകോടികൾ ഇവിടെ നിന്ന് വാരിക്കൊണ്ടുപോയ കൊച്ചുകള്ളനാണ് സാൻ്റിയാഗോ കുചേലൻ. അയാൾ 58 മാസത്തിനുള്ളിൽ 1368 കോടി രൂപയേ നൽകിയിട്ടുള്ളൂ ഇലക്ടറൽ ബോണ്ടിൽ. അതായത് ആകെ പിരിഞ്ഞു കിട്ടിയതിന്റെ പത്തുശതമാനത്തോളം മാത്രം. രണ്ടാമത്തെ കരാറുകാരൻ മേഘക്കുചേലൻ 966 കോടിയേ കൊടുത്തുള്ളു. സി.ബി.ഐ അന്വേഷണം പേടിച്ച് ഹാൽദിയ എനർജി കമ്പനി വാങ്ങിയത് 377 കോടിയുടെ ബോണ്ടാണ്. അങ്ങനെയങ്ങനെ ബോണ്ട് വാങ്ങിയ വൻകിട കോർപ്പറേറ്റ് കമ്പനികളിൽ മിക്കതിലും ഇ.ഡിയോ ആദായ നികുതി വകുപ്പോ, അതല്ലെങ്കിൽ മറ്റേതെങ്കിലും സർക്കാർ ഏജൻസികളോ സാമ്പത്തിക കുറ്റകൃത്യം ആരോപിച്ച് റെയിഡ് നടത്തിയതാണ്. ഉത്തരാഖണ്ഡിൽ കഴിഞ്ഞ വർഷം നിർമാണത്തിനിടെ ഒരു തുരങ്കം ഇടിഞ്ഞുവീണുവല്ലോ- അതിന്റെ കരാറുകാരായ ഹൈദരാബാദിലെ നവയുഗ കമ്പനി 55 കോടിയേ നൽകിയുള്ളൂ. അംബാനിയുമായി ബന്ധമുള്ള ക്വിക്ക് സപ്ലൈ ചെയിൻ ഗ്രൂപ്പിന് 2021-22ൽ ആകെ ലാഭം 21 കോടിയാണ്. പക്ഷേ അവർ അതേ വർഷം വാങ്ങിച്ച ഇലക്ടറൽ ബോണ്ടിന്റെ വില കേവലം 360 കോടി രൂപ!
പഴയ കാലത്തെ കോൺസ്റ്റബിൾമാർ കള്ളവാറ്റുകേന്ദ്രവും മറ്റും പരിശോധിക്കുമ്പോൾ പറയുന്ന വാചകമുണ്ടല്ലോ- അങ്ങത്തയെ കാണേണ്ടതുപോലെ കണ്ടാ മതി. ചുരുക്കിപ്പറഞ്ഞാൽ 2018 മുതൽ കേന്ദ്ര സർക്കാർ വിവിധ അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് ചെയ്തുകൊണ്ടിരിക്കുന്ന മധുരമനോഹരമായ കാര്യം പ്രധാനമായും ഇതത്രെ. അതായത് തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ആദായ നികുതി, അതല്ലെങ്കിൽ ഇ.ഡിയുടെ ഭീഷണി. അതല്ലെങ്കിൽ ഏതെങ്കിലും ഭീമൻ പ്രവൃത്തികളുടെ കരാർ കൊടുക്കുന്ന സമയത്താവും പ്രലോഭനം. ഭരിക്കുന്ന കക്ഷിക്ക് തിരഞ്ഞെടുപ്പ് ഫണ്ട് ലഭ്യമാക്കാൻ ഉഗ്രൻ പദ്ധതി തന്നെയാണ്. ഇത് പൂർണമായും അഴിമതിയാണെന്ന് കണ്ണുകൊണ്ടും മനസ്സുകൊണ്ടും കണ്ട് ബോധ്യപ്പെട്ടതിനാലാണ് സുപ്രിംകോടതിയുടെ ഭരണഘടനാ ബെഞ്ച് കർക്കശ നിലപാടെടുത്തത്. ഇന്ത്യയുടെ കേന്ദ്ര ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയെ ഇടനിലക്കാരാക്കിയാണ് കോർപ്പറേറ്റ് കമ്പനികളുടെ നികുതിവെട്ടിപ്പ് ഇലക്ട്റൽ ബോണ്ട് സ്കീം വഴി നടപ്പാക്കിയത്. മോദിയാകുന്ന കൃഷ്ണനെ കാണാൻ ബോണ്ടാകുന്ന അവിൽ പ്പൊതിയുമായി പോകുന്ന സുധാമാവ്, അഥവാ കുചേലൻ.
ഇടനിലക്കാരായ എസ്.ബി.ഐ സുപ്രിംകോടതിയോട് പറഞ്ഞത് തിരഞ്ഞെടുപ്പെല്ലാം കഴിഞ്ഞ് ഒരുമാസത്തെകൂടി അവധി തരണം. അതായത് ജൂൺ 30ന് വിവരങ്ങൾ കൈമാറാം. പുതിയ സർക്കാർ വന്ന് 30-35 ദിവസത്തിന് ശേഷം ഉറപ്പായും രേഖകൾ നൽകാം. ഏതുരേഖകൾ- കോർപ്പറേറ്റുകൾ ബോണ്ട് എന്ന ഓമനപ്പേരിൽ ഇഷ്ട കക്ഷികൾക്ക് നൽകുന്ന കോഴ അഥവാ സംഭാവന. ആകെ പന്തീരായിരത്തിൽ ചില്വാനം കോടിയാണെന്നാണ് ഇതേവരെ വ്യക്തമായത്. അതിൽ പാതിയും ഒരു പാർട്ടിക്കാണ് കിട്ടിയത്. പോരാ, നല്ല പണവീഴ്ചയുണ്ടായ കുറേ മാസത്തെ കണക്ക് വന്നിട്ടേയില്ല. മൂന്നുമാസത്തെ സാവകാശം ആവശ്യപ്പെട്ട എസ്.ബി.ഐയോട് ഒറ്റദിവസം കൊണ്ട് രേഖകൾ നൽകിയേ തീരൂ അല്ലെങ്കിൽ കോടതിയലക്ഷ്യക്കേസിന് ഒരുങ്ങിക്കോളൂ എന്ന് സുപ്രിംകോടതി പറഞ്ഞപ്പോൾ വേണമെങ്കിൽ ചക്ക വേരിലും കായ്ക്കുമെന്ന് മനസ്സിലായല്ലോ. ഒറ്റ ക്ലിക്കിൽ കിട്ടാവുന്ന വിവരങ്ങളാണ് മൂന്നുമാസത്തേക്ക് വൈകിക്കാൻ എസ്.ബി.ഐ ശ്രമിച്ചത്. ആ കബളിപ്പിക്കൽ തന്ത്രം പരമോന്നത നീതിപീഠം തിരിച്ചറിഞ്ഞു. പക്ഷേ രാഷ്ട്രീയാധികാരമാണല്ലോ നിയാമകം. അവരാണല്ലോ യജമാനന്മാർ. ഹിസ് മാസ്റ്റേഴ്സ് വോയിസ്. അത് ശ്രദ്ധിക്കാതിരിക്കുന്നതെങ്ങനെ. പണം ആരെല്ലാം കൊടുത്തുവെന്നറിയിക്കാം, പക്ഷേ ആർക്കെല്ലാം എന്നത് കൃത്യമായങ്ങനെ ചോദിച്ചേക്കരുത് എന്നതാണിപ്പോഴത്തെ നില. മൂന്നുമാസത്തെ സാവകാശം വേണമെന്ന് പറഞ്ഞ ഒരു കാര്യം 24 മണിക്കൂറിനുളളിൽ നടത്തിയേ പറ്റൂ എന്ന് പറഞ്ഞപ്പോൾ നടപ്പാക്കിയതായി എസ്.ബി.ഐ. പക്ഷേ എല്ലാ വിവരവും തന്നുകൂടാ- കാരണം രാജ്യസുരക്ഷയെ ബാധിക്കുന്ന പ്രശ്നമാണ്. രാജ്യം ഭരിക്കുന്ന കക്ഷിയെ ബാധിക്കുന്ന പ്രശ്നമാണ്. ഭരണകക്ഷിയെ ബാധിക്കുന്ന പ്രശ്നമാണല്ലോ രാജ്യദ്രോഹം. ഇപ്പോൾ ഏറ്റവും ഒടുവിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറയുന്നത് രാഷ്ട്രീയത്തിലെ, തിരഞ്ഞെടുപ്പിലെ കള്ളപ്പണം ഒഴിവാക്കാനാണ് ഇലക്ടറൽ ബോണ്ട് നടപ്പാക്കിയതെന്നാണ്.
അതുശരി അതാണ് കാര്യം. മൂന്നുവർഷത്തിനിടെ 1368 കോടി രൂപ ഫ്യൂച്ചർ ഗെയിമിങ്ങ് അഥവാ കള്ള ലോട്ടറിക്കമ്പനി നടത്തുന്ന രാജ്യത്തെ വലിയ സാമ്പത്തിക കുറ്റവളിയായ സാന്റിയാഗോ മാർട്ടിൻ എസ്.ബി.ഐയിൽ നിന്ന് വാങ്ങിയെന്നാണല്ലോ സുപ്രിംകോടതിയിൽ എസ്.ബി.ഐ സമർപ്പിച്ച രേഖയിലുള്ളത്. ആ പണം ആർക്കാണ് കിട്ടിയത്, ബി.ജെ.പിക്കു മാത്രമാണോ കോൺഗ്രസ്സിനും മറ്റേതെങ്കിലും പാർട്ടിക്കും കിട്ടിയോ എന്നെല്ലാം വ്യക്തമാകാനിരിക്കുന്നതേയുള്ളൂ. പക്ഷേ ഈ കുചേലൻ ബോണ്ട് വാങ്ങാൻ ഉപയോഗിച്ച പണം വെളുത്ത പണമാണോ, അയാൾ ആ കാലയളവിൽ എത്ര കോടി ആദായനികുതി അടച്ചിട്ടുണ്ട്- ഇതെല്ലാം പുറത്തുവരേണ്ടതല്ലേ? 21 കോടി രൂപ മാത്രം ലാഭമുള്ള കമ്പനി എങ്ങനെയാണ് രാഷ്ട്രീയ പാർട്ടികൾക്ക് കൊടുക്കാനായി 366 കോടി രൂപയുടെ ബോണ്ട് വാങ്ങുക. കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിച്ച് പ്രതിപക്ഷത്തെ നേതാക്കളെയും മറ്റും കുരുക്കികുരുക്കി ജയിലിലടക്കുന്ന പരമോന്നത ജനാധിപത്യമാണല്ലോ ഇന്ത്യയിൽ. ഇ.ഡിയെന്ന ഒരു ഉപകരണം കൊണ്ട് കള്ളക്കേസുകളുടെ പ്രളയം സൃഷ്ടിക്കുമ്പോഴാണ് കേന്ദ്രസർക്കാർ കള്ളപ്പണ മാഫിയയെ വെളുപ്പിക്കാനാണ് ഇലക്ട്റൽ ബോണ്ട് നടപ്പാക്കിയതെന്ന് വ്യക്തമാകുന്നത്.
രാഷ്ട്രീയ പാർട്ടികളുടെ അക്കൗണ്ടും ഇപ്പോൾ ആദാനികുതി വകുപ്പിനും ഇ.ഡിക്കുമെല്ലാം പരിശോധിക്കാം. സുതാര്യമാണതെല്ലാം എന്നാണല്ലോ വെപ്പ്. സംഭാവന പോലും ബാങ്ക് വഴിയേ പറ്റൂ. അപ്പോൾ ഒരു പ്രശ്നമുണ്ട്. തിരഞ്ഞെടുപ്പിൽ ഓരോ മണ്ഡലത്തിലും ചെലവഴിക്കാവുന്ന പണം എത്രയെന്ന് ഇലക്ഷൻ കമ്മീഷന്റെ കർശന മാനദണ്ഡമുണ്ട്. ചെലവുകണക്ക് പരിശോധിക്കാൻ ഓരോ മണ്ഡലത്തിലേക്കും ഓരോ കേന്ദ്ര ഉദ്യോഗസ്ഥനുണ്ട്. വോട്ടെടുപ്പ് കഴിഞ്ഞ് ഇത്ര ദിവസത്തിനകം കണക്ക് നൽകണം. നൽകിയില്ലെങ്കിൽ, അധികം ചെലവാക്കിയെങ്കിൽ അയോഗ്യരാക്കലടക്കമുള്ള നടപടികളുണ്ട്. ഇവിടെയാണ് ഏതു പാർട്ടിക്ക് പണം കിട്ടിയെന്നത് അറിയിക്കാതിരിക്കുന്നതിന്റെ ഗുട്ടൻസ്. കിട്ടിയ പണം എവിടെ ചെലവാക്കിയെന്ന് പറയേണ്ട. നേരത്തെ കൊടുത്ത കണക്കുമായി പൊരുത്തപ്പെടേണ്ട. കൂടുതൽ പണം കുതിരക്കച്ചവടത്തിന് അതായത് കൂറുമാറ്റിക്കലിനാണ് ചെലവഴിച്ചതെങ്കിൽ കണക്കുണ്ടാകില്ല. കർണാടകയിൽ നിന്ന് കേരളത്തിൽ ബി.ജെ.പിക്ക് ചെലവഴിക്കാൻ കൊണ്ടുവന്ന കള്ളപ്പണം കൊടകരയിൽ നിന്ന് കേരളാ പോലീസ് പിടിച്ചു. ഇ.ഡിയോട് കേസെടുക്കാൻ ആവശ്യപ്പെട്ടു. കേസെടുത്തില്ല. കാരണം ശരിയായി അന്വേഷിച്ചാൽ ഇലക്ട്റൽ ബോണ്ടിന്റെ കടയക്കലേക്കുവരെ അന്വേഷണം നീളും.
അപ്പോൾ സംഭവിച്ചതിത്രയുമാണ്. കള്ളപ്പണക്കാരെ രക്ഷിക്കാനാണ്, കമ്പനികളെ രക്ഷിക്കാനാണ് ഇലക്ടറൽ ബോണ്ട് കൊണ്ടുവന്നത്. ഒരു കള്ളപ്പണം ഇരട്ട കള്ളപ്പണക്കേസായി മാറുമെന്നതാണ് മുഴുവൻ വിവരങ്ങളും പുറത്തുവന്നാലുള്ള പ്രശ്നം. അതായത് കള്ളപ്പണം ബോണ്ടിന്റെ രൂപത്തിൽ സ്വീകരിച്ച് കണക്കില്ലാതെ കള്ളപ്പണ രൂപത്തിൽ തന്നെ ചെലവഴിക്കുക- ഇതാണ് ഇന്ത്യൻ ജനാധിപത്യത്തിലെ കള്ളപ്പണവിരുദ്ധ കുരുക്ഷേത്രയുദ്ധം.
കള്ളപ്പണക്കാരെ മുഴുവൻ വെളിച്ചത്തുകൊണ്ടുവരും അവരുടെ കയ്യിലുള്ള പണം മുഴുവൻ പിടിച്ചെടുത്ത് സാദാ ജനത്തിന് കൊടുക്കുമെന്നതായിരുന്നു കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പിലും മോദിയുടെ ഗ്യാരണ്ടി. പക്ഷേ മോദി വന്നശേഷമാണ് അയ്യായിരവും പതിനായിരവും കോടികളുമായി നീരവ് മോദിയും മെഹുൽ ചോസ്കിയും ലളിത് മോദിയും വിജയ് മല്ല്യയുമെല്ലാം വിദേശത്തുകടന്ന് സ്വസ്ഥമായി ജീവിക്കാൻ തുടങ്ങിയത്. പതിനായിരക്കണക്കിന് കോടികൾ ബാങ്കുകളെ കബളിപ്പിച്ച് തട്ടിക്കൊണ്ടുപോയ മോദിമാരെയോ മല്ല്യമാരെയോ തിരികെ കൊണ്ടുവരാനായില്ലെന്നു മാത്രമല്ല, സ്വിസ് ബാങ്കിലെ അനധികൃത നിക്ഷേപവും തിരികെ കൊണ്ടുവരാനായില്ല. ആ ഗ്യാരണ്ടിയെല്ലാം പൊളിഞ്ഞപ്പോഴാണ് തിരഞ്ഞെടുപ്പ് സുതാര്യമാക്കാനെന്ന പേരിൽ ഇലക്ടറൽ ബോണ്ട് പ്രഖ്യാപിച്ചത്.അപ്പോൾ അവരും- അതായത് കോൺഗ്രസ്സും തൃണമൂലുമെല്ലാം പ്രതിസ്ഥാനത്തല്ലേയെന്ന ചോദ്യമുയരാം. ആരാണ് നിയമം കൊണ്ടുവന്ന് നടപ്പാക്കിയത്, അവരാണ് പ്രതികൾ. നിയമം നിലവിലുള്ളതിനാൽ കിട്ടിയത് വാങ്ങിയെന്നതിൽ അവർ അത്ര വലിയ കുറ്റവും ചെയ്തതായി പറയാനാവില്ല. സി.പി.ഐ.എം ബോണ്ടിനെതിരെ കേസുകൊടുക്കുകയും ബോണ്ട് വാങ്ങില്ലെന്ന നിലപാട് സ്വീകരിക്കുയും ചെയ്തു. അതുപോലെ എല്ലാവരും ചെയ്യണമായിരുന്നുവെന്ന് ആഗ്രഹിക്കാനല്ലേ പറ്റൂ.
കോൺഗ്രസ്സിന്റെ കാര്യമാണെങ്കിൽ പരമകഷ്ടമാണ്. ശരിയായി കണക്കു സൂക്ഷിക്കാനോ അന്വേഷണം വന്നാൽ നേരിടാനോ പോലുമുള്ള സംവിധാനമില്ല. രണ്ടുവർഷം മുമ്പ് നൽകേണ്ട ആദായനികുതി നൽകിയില്ലെന്നാരോപിച്ച് അവരുടെ അക്കൗണ്ടിലുള്ള പണമത്രയും പിടിച്ചെടുക്കുകയോ മരവിപ്പിക്കുകയോ ആണ് ആദായനികുതി വകുപ്പ് ചെയ്തത്. തികഞ്ഞ ഫാസിസ്റ്റ് നടപടിയാണ് കേന്ദ്രം എ.ഐ.സി.സിക്കെതിരെ സ്വീകരിച്ചത്. പക്ഷേ കേരളത്തിലെ കോൺഗ്രസ് നേതാക്കൾക്ക് മിണ്ടാട്ടമില്ല. ആദായനികുതി വകുപ്പും ഇ.ഡിയുമൊക്കെ കേരളത്തിൽ അവർക്ക് പ്രിയങ്കരരത്രെ.
ഏതായാലും തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഇനിയെല്ലാം കമ്മീഷന്റെ കയ്യിലാണ്. സുപ്രിംകോടതിയുടെ ഭരണഘടനാബെഞ്ചിന്റെ വിധിക്ക് കാൽക്കാശിന്റെ വില കല്പിക്കാതെ പുതിയ നിയമമുണ്ടാക്കിയാണ് രണ്ട് പുതിയ കമ്മീഷണർമാരെ തിരഞ്ഞെടുപ്പ് കമ്മീഷനിൽ കുടിയിരുത്തിയത്. ഇനി സുപ്രിംകോടതിയുടെ ഇടപെടലുകൾ തൊന്തരവാണെന്നും ഇനിയും അധികാരത്തിൽ വന്നാൽ ഭരണഘടന തന്നെ ഭേദഗതി ചെയ്യുമെന്നും അങ്ങിങ്ങ് ആക്രോശങ്ങളുയരുന്നുണ്ട്. സുപ്രിംകോടതിയിലെ ബാർ അസോസിയേഷന്റെ പ്രസിഡന്റ്, അസോസിയേഷന്റെ പൊതുയോഗമോ എക്സിക്യൂട്ടീവ് യോഗമോ വിളിക്കാതെ, സ്വന്തം നിലയ്ക്ക് ആദ്യം രാഷ്ട്രപതിക്കും പിന്നീട് ചീഫ് ജസ്റ്റിസിനും ഓരോ കത്തെഴുതി. ഭരണഘടനാ ബെഞ്ചിന്റെ വിധി- അതായത് തിരഞ്ഞെടുപ്പ് ബോണ്ട് വിവരങ്ങൾ പരസ്യപ്പെടുത്തണമെന്ന വിധി- റദ്ദാക്കണം, പിൻവലിക്കണം എന്നതാണ് കത്തിന്റെ സാരം. ആ മഹാനുഭാവൻ പറയുന്നത് രഹസ്യസ്വഭാവം കാത്തുസൂക്ഷിക്കും എന്ന് പറഞ്ഞതിനാലല്ലേ കമ്പനികൾ കോടികളുടെ ബോണ്ട് വാങ്ങിയത്. അവരുടെ മൗലികാവകാശം സംരക്ഷിക്കേണ്ടതില്ലേ എന്നാണ്!
ഏതായാലും ബോണ്ട് വിവരം പുറത്തായി. 21 കോടി ലാഭമുള്ള കമ്പനി 366 കോടിയുടെ ബോണ്ടു വാങ്ങിയതും സാന്റിയാഗോ മാർട്ടിൻ ഇ.ഡി നോട്ടീസും റെയിഡും വന്നപ്പോൾ 1368 കോടിയുടെ ബോണ്ട് വാങ്ങിയതും ആദായനികുതി വകുപ്പം ഇ.ഡിയും കണ്ടുവോ ആവോ.