A Unique Multilingual Media Platform

The AIDEM

Articles Economy Kerala Politics Society

ഇവിടെ എല്ലാവരും ഹാപ്പിയാണ്!

  • February 10, 2024
  • 1 min read
ഇവിടെ എല്ലാവരും ഹാപ്പിയാണ്!

പ്രശസ്ത മാധ്യമ പ്രവർത്തകൻ കെ ബാലകൃഷ്ണൻ്റെ രാഷ്ട്രീയ, സാംസ്കാരിക വിശകലന പംക്തി പദയാത്ര തുടരുന്നു. രാഷ്ട്രീയ നേതാക്കളും സാംസ്ക്കാരിക നായകരും കേരളീയരെ മൊത്തം ഹാപ്പിയാക്കുന്ന വിചിത്ര സൂത്രങ്ങളാണ് ഇക്കുറി ലേഖകൻ കാണിച്ചു തരുന്നത്.


കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യാ മാർക്സിസ്റ്റിന്റെ സംസ്ഥാന സെക്രട്ടറിയും പാർട്ടിയുടെ താത്വികാധ്യാപകനുമായ എം.വി ഗോവിന്ദൻ മാസ്റ്റർ കെ.എസ്.ടി.എ സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളത്തിലെ അധ്യാപകർക്ക് സുപ്രധാനമായ ഒരുപദേശം നൽകിയത് നമ്മുടെ മാധ്യമങ്ങൾ വേണ്ടത്ര ശുഷ്കാന്തിയോടെ റിപ്പോർട്ട് ചെയ്തില്ല. എല്ലാവരും സന്തോഷിക്കു, സന്തോഷിക്കാനുള്ള ഒരവസരവും പാഴാക്കാതിരിക്കു എന്നതാണ് മാഷുടെ ഉപദേശം. സന്തോഷിക്കുന്നതിന് മാർഗങ്ങളുണ്ട്. കഴിയാവുന്നത്ര എല്ലാവരേയും അഭിനന്ദിക്കുക. ആർക്കെങ്കിലും എന്തെങ്കിലും നേട്ടങ്ങളുണ്ടാകുമ്പോൾ താനെന്തിനഭിനന്ദിക്കണം എന്ന ചിന്ത പാടില്ല. ഉടനെ അഭിനന്ദിക്കുക. അങ്ങനെ അഭിനന്ദിക്കുമ്പോൾ അഭിനന്ദിക്കപ്പെടുന്നയാൾക്ക് മാത്രമല്ല ആനന്ദം. തന്റെ മണ്ഡലത്തിൽ നടത്തിയ ഹാപ്പിനെസ് ഫെസ്റ്റിലാണ് കാര്യം മനസ്സിലായത്. അഭിനന്ദിക്കുമ്പോൾ നമ്മുടെ ശരീരത്തിൽ സന്തോഷവുമായി ബന്ധപ്പെട്ട നാല് ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നുവെന്നാണ് മനസ്സിലായത്. മാഷ് ഇത്രയുമാണ് പറഞ്ഞത്. 

ചലച്ചിത്ര അക്കാദമി തളിപ്പറമ്പിൽ സംഘടിപ്പിച്ച രണ്ടാമത് ഹാപ്പിനസ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ വേദി

കാര്യമൊക്കെ ശരിയാണ്. കടുത്ത ദാരിദ്ര്യമാണ്, പക്ഷേ മുണ്ടങ്ങനെ മുറുക്കിയുടുക്കാനാകുമോ. സന്തോഷിക്കാനുള്ള അവസരം കാശ് വരുന്നതുവരെ അനന്തമായി നീട്ടിവെക്കാനാവുമോ. അതിനിടയിൽ മരിച്ചുപോയാ… അതുകൊണ്ട് വിസ്മയം പോലെ ലഭിക്കും നിമിഷത്തിനർഥം കൊടുത്തു പൊലിപ്പിച്ചെടുക്കുക തന്നെ. ധനമന്ത്രി ബാലഗോപാലൻ അവതരിപ്പിച്ച ബജറ്റിൽ തന്റെ മണ്ഡലത്തിൽ ഹാപ്പിയോട് ഹാപ്പിയാകുന്നതിനുള്ള പദ്ധതികളാണ് ഗോവിന്ദൻ മാഷ് നേടിയെടുത്തത്. പരക്കേ ഹാപ്പി. നാടുകാണിയിൽ 300 കോടി രൂപ ചിലവിൽ സഫാരി പാർക്കുണ്ടാക്കുന്നതിനുള്ള പ്രാഥമിക ആവശ്യങ്ങൾക്കായി രണ്ടു കോടി. പിന്നെ മണ്ഡലത്തിലെ ഓരോ തദ്ദേശ സ്ഥാപന പരിധിയിലും ഹാപ്പിനസ് പാർക്ക്. പഞ്ഞത്തിനിടയിലും രണ്ടര കോടി രൂപ അതിനായി നീക്കിവെച്ചിട്ടുണ്ട്. വെറും പാർക്കല്ല വരാൻ പോകുന്നത്. എല്ലാവർക്കും ആനന്ദംപകരുന്ന പാർക്ക്.

***

തൃശൂർ പാർലമെന്റ് മണ്ഡലത്തിലാണ് കേരളത്തിൽ ഏറ്റവും സന്തോഷം. സന്തോഷം കൊണ്ടെനിക്കിരിക്കാൻ വയ്യേ എന്ന പരസ്യത്തിലേത് പോലെയാണ് സംഗതികൾ. അവിടെ കേന്ദ്രത്തിന്റെ അരിയെത്തിയിരിക്കുന്നു. രണ്ട് മണിക്കൂർകൊണ്ട് 150 ചാക്കാണ് വിറ്റത്. ഭാരത് ചാവൽ. എഫ്.സി.ഐ ഗോഡൗണുകളിൽ നിന്ന് അരിയെടുത്ത് അഞ്ചും പത്തും കിലോയുള്ള പാക്കുകളിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ചിരിച്ചുകൊണ്ടു നിൽക്കുന്ന ഒരു പടവും കൊടുത്ത് ബ്രാൻഡ് ചെയ്ത അരി. സംസ്ഥാനങ്ങൾക്ക് നൽകി പൊതു വിതരണ കേന്ദ്രങ്ങളിലൂടെ വിതരണം ചെയ്യേണ്ട അരിവിഹിതം മുഴുവൻ നൽകാതെ കേന്ദ്രത്തിന്റെ വക കരിഞ്ചന്ത വില്പനയെന്ന് ആക്ഷേപിച്ചിട്ടൊന്നും കാര്യമില്ല.

‘ഭാരത് ചാവൽ’ അരിയുടെ പാക്കറ്റ്

തൽക്കാലം തൃശൂർ മണ്ഡലത്തിൽ വിൽക്കാൻ തുടങ്ങിയത് സുരേഷ് ഗോപിയുടെ സ്വാധീനം മൂലമാണെന്ന് അവകാശപ്പെടാം. മുൻഗണനേതര വിഭാഗത്തിന് രണ്ടും നാലും കിലോ പത്തുരൂപ തൊണ്ണൂറ് പൈസ നിരക്കിൽ കൊടുക്കേണ്ട അരിയാണ് സംസ്ഥാനത്തിന് കൊടുക്കാതെ 29 രൂപ നിരക്കിൽ കേന്ദ്രം പാക്കറ്റിലാക്കി കൊടുക്കുന്നതെന്നാണ് ആക്ഷേപം. പക്ഷേ പാക്കറ്റിലാക്കിയല്ലേ കൊടുക്കുന്നത്. പാക്കറ്റിന്റെ മേലെ നരേന്ദ്ര മോദിയുടെ ചിത്രമില്ലേ- ഓൾ ആർ ഹാപ്പിയാവാൻ വേറെന്തുവേണം. 

നാഷണൽ കൺസ്യൂമർ ഫെഡറേഷനാണ് ഈ പുതിയ ഭാരത് ചാവൽ കച്ചവടത്തിന്റെ നടത്തിപ്പുകാർ. അവർ ഇനി ചെയ്യാൻപോകുന്നത് അരി, കടല, ഗോതമ്പ് എന്നിവയെല്ലാം പ്രത്യേകം സഞ്ചികളിലാക്കി, സഞ്ചിയിൽ മോദിയുടെ ചിത്രവും വെച്ച് ബ്രാൻഡാക്കി വാനുകളിലും ലോറികളിലും നാടുചുറ്റും. രണ്ടാം ഘട്ടത്തിൽ ഇപ്പോഴത്തെ റേഷൻ ഷാപ്പുകൾക്കടുത്ത് കേന്ദ്രത്തിന്റെ സ്റ്റോർ തുടങ്ങും. ഫലം ക്രമേണ സംസ്ഥാനത്തിന്, സംസ്ഥാനങ്ങൾക്ക് ഭക്ഷ്യധാന്യ വിഹിതം ഗണ്യമായി കുറക്കും. സബ്സിഡി തരുന്നത് കേന്ദ്രമാണ്, ഭക്ഷ്യസുരക്ഷാ നിയമ പ്രകാരം അരി നൽകുന്നത് കേന്ദ്രമാണ്, അതിനാൽ മോദിയുടെ ബ്രാൻഡിൽ വേണം നൽകാൻ എന്നതാണ് നിർദേശം. നാലുലക്ഷം രൂപ ചിലവിൽ സംസ്ഥാന സർക്കാർ നൽകുന്ന ലൈഫ് ഭവന പദ്ധതിയിൽ കേന്ദ്ര ഭവന പദ്ധതി പ്രാകരമുള്ള തൊണ്ണൂറായിരം രൂപയും ഉൾപ്പെടുന്നു.

ബസ്സ് സ്റ്റാന്റുകളിലും റെയിൽവേ സ്റ്റേഷനുകളിലും നിലവിലുള്ള സെൽഫി പോയന്റുകൾ

അങ്ങനെ നിർമിക്കുന്ന വീട്ടിന് മേൽ മോദിയുടെ ചിത്രവും കേന്ദ്ര പദ്ധതിയെന്നും രേഖപ്പെടുത്തണമെന്നും ഇല്ലെങ്കിൽ പണം തരില്ലെന്നുമാണ് ഈയിടെയുണ്ടായ അറിയിപ്പ്. സർവത്ര ഹാപ്പിയാണ്, കേന്ദ്രം വക വരാൻപോകുന്നത്. സർക്കാർ പദ്ധതികളുടെയെല്ലാം പേരുകൾ ഗോസായി ഭാഷയിലായാൽ അതിലേറെ ഹാപ്പി. ഭാരത് ചാവൽ എന്നുകേട്ടാൽ സാധാരണ മലയാളി കാര്യം മനസ്സിലാക്കും. ഭാരത് അവർ കേട്ടിട്ടുണ്ട്. ചാവലും കേട്ടിട്ടുണ്ട്. അർഥം വ്യക്തം.

***

കേരളത്തിലെ ഒരുമാതിരിപ്പെട്ട സാഹിത്യകാരന്മാരെല്ലാം ഭയങ്കര ഹാപ്പിയാണെന്നാണ് കേവലരായ വായനക്കാർ ധരിച്ചിരുന്നത്. വേനൽ കാലമായാൽ ഉത്സവങ്ങളും കളിയാട്ടങ്ങളും ടൂർണമെന്റുകളുമൊക്കെക്കൊണ്ട് തിരക്കോടുതിരക്കായിരിക്കുമല്ലോ. തെയ്യക്കാർക്കും ചെണ്ടക്കാർക്കും നൃത്തക്കാർക്കും കളിക്കാർക്കും മാത്രമല്ല ചട്ടി വെപ്പുകാർക്കും കൈ നോട്ടക്കാർക്കും എന്നുവേണ്ട എല്ലാവർക്കും നല്ലകാലം. ഒരിടത്തേതു കഴിയുമ്പോൾ അടുത്ത ക്ഷേത്രത്തിലെയോ പള്ളിയിലെയോ ഉത്സവമാകും, കാവിലെ കളിയാട്ടമാകും. ഇപ്പോൾ അതിനേക്കാളെല്ലാം ഡിമാൻഡ് സാഹിത്യകാരന്മാർക്കാണ്. നടത്തിപ്പുകാർക്ക് ലബ്ധപ്രതിഷ്ഠർ എന്നുതോന്നുന്നവർക്കാണ് കോള്. വായനക്കാർക്കും എഴുത്തുകാരായിട്ടും ക്ഷണിക്കപ്പെടാത്തവർക്കും കടുത്ത അസൂയയാണ്. എല്ലായിടത്തും സാഹിത്യ ഹാപ്പിനസ് ഫെസ്റ്റ്. കോഴിക്കോട്ട് കടപ്പുറത്തും തലസ്ഥാനത്തെ നിശാഗന്ധിയിലും തൃശൂരിലും എന്നുവേണ്ട.

പക്ഷേ ആ കവി ബാലചന്ദ്രൻ ചുള്ളിക്കാട് രസച്ചരട് മുറിച്ചുകളഞ്ഞു. എറണാകുളത്തുനിന്ന് ടാക്സിയിൽ തൃശൂരിൽ ചെന്ന് ആശാന്റെ കരുണയെക്കുറിച്ച് രണ്ട് മണിക്കൂർ പ്രഭാഷിച്ചിട്ട് കിട്ടിയ പ്രതിഫലം 2400 രൂപയത്രെ. കോഴിക്കോട്ടുനിന്ന് തൃശൂർ ഹാപ്പിനെസ് സാഹിത്യഫെസ്റ്റിൽ പങ്കെടുത്ത നോവലിസ്റ്റ് സുഭാഷ് ചന്ദ്രനും കിട്ടയത് 2400. തിരുവനന്തപുരത്തുനിന്ന് പോയ തനിക്കും അത്രയേ കിട്ടിയിട്ടുള്ളുവെന്ന് വിനോദ് വൈശാഖി. വൈശാഖി സർക്കാരിന്റെ ഒരു സാംസ്കാരിക സ്ഥാപനത്തിന്റെ തലവനാണ്. അതിനാൽ പറഞ്ഞത് പരാതിയല്ല ന്യായീകരണമാണ്. ചുള്ളിക്കാടിന്റെ പരിഭവം പുറത്തുവന്നപ്പോൾ അക്കാദമി പ്രസിഡന്റ് സച്ചിദാനന്ദൻ കൂടുതൽ കുഴപ്പമുണ്ടാക്കി. രാജ്യത്തെ ലിറ്റററി ഫെസ്റ്റിവലുകളിലൊന്നും പ്രതിഫലം കൊടുക്കാറില്ലെന്ന്. അപ്പോഴാണ് ഒരു ഫെസ്റ്റിലും ക്ഷണിക്കപ്പെടാത്തവർക്ക് ഹാപ്പിനെസ്സായത്. ഈ ഭയങ്കരന്മാരായ എഴുത്തുകാരന്മാരും എഴുത്തുകാരികളും പാനൽ ചർച്ചയെന്നൊക്കെ പറഞ്ഞ് മേനിനടിച്ച് പോകുന്നത് പ്രതിഫലമില്ലാതെയാണ്. കേവലം ഹാപ്പിനെസ്സിന്. 

സച്ചിദാനന്ദനും ശ്രീകുമാരൻ തമ്പിയും

ഒരുമാതിരി തരക്കേടില്ലാതെ സാഹിത്യമേള നടത്തി ഹാപ്പിയാക്കി വിട്ട കേരള സാഹിത്യ അക്കാദമി മേള കഴിഞ്ഞതോടെ അൺ ഹാപ്പിയായതാണല്ലോ ഇപ്പോൾ കേരളത്തിലെ പ്രധാന ചർച്ചാവിഷയം. ചുള്ളിക്കാട് ഹാപ്പിയല്ലാത്തതുപോലെ താനും ഹാപ്പിയല്ലെന്നാണ് ശ്രീകുമാരൻ തമ്പി പറഞ്ഞത്. കെ ഫോൺ, കെ സ്മാർട്ട് എന്നിവപോലെ കേരള സർക്കാർ വക കേരള ഗാനമെഴുതാൻ തമ്പിയെ ഏൽപ്പിച്ചു. അത് ക്ലീഷെയാണെന്ന് പറഞ്ഞ് തിരസ്കരിച്ചു. ആ വിവരമറിയിച്ചില്ല എന്നാണ് തമ്പി പറഞ്ഞത്. പുകാസയെയും തപസ്യയെയും ഒരുപോലെ കാണുന്ന ആളാണദ്ദേഹം. സച്ചിദാനന്ദൻ സ്വയം പ്രഖ്യാപിത അന്താരാഷ്ട്ര കവിയാണെന്ന ആക്ഷേപവുമുന്നയിച്ചു. തനിക്ക് ഒരിക്കലും അക്കാദമി അവാർഡ് നൽകിയില്ല, ഇനി സച്ചിദാനന്ദൻ പ്രസിഡന്റായിരിക്കുന്നേടത്തോളം തന്നാലും വാങ്ങില്ല എന്നും അദ്ദേഹം പറഞ്ഞു. സാഹിത്യ കൃതികൾക്കാണല്ലോ അക്കാദമി അവാർഡ്. സച്ചിദാനന്ദൻ പ്രസിഡന്റായി വന്നശേഷം തമ്പി സാർ അവാർഡിന് ഏതെങ്കിലം പുസ്തകം അയച്ചുവോ… അയച്ചുവെങ്കിൽ ഏത് എന്ന് താനയച്ച കേരള ഗാനം പരസ്യപ്പെടുത്തിയതുപോലെ പരസ്യപ്പെടുത്തിയിരുന്നെങ്കിൽ… അതുകൊണ്ട് അക്കാദമി അവഗണിച്ചുവോ എന്ന കാര്യത്തിൽ പന്ത് തമ്പിസാറിന്റെ കോർട്ടിലാണ്. വിശദീകരിച്ച് ദുരൂഹത നീക്കേണ്ടത് അദ്ദേഹമാണ്. ഏതു കൃതി അയച്ചു, എപ്പോൾ അയച്ചു. എന്നാൽ അക്കാദമിക്ക് ഒരു കാര്യം ചെയ്യാമായിരുന്നു. സമഗ്രസംഭാവനയുടെ പേരിൽ പുരസ്കാരം നൽകാമായിരുന്നു. ഫെലോഷിപ്പ് നൽകാമായിരിരുന്നു. നമ്മുടെ ഭാഷയിലെ ഏറ്റവും മികച്ച ഗാനരചയിതാക്കളിൽ ഒരാളെക്കൊണ്ട് ഇങ്ങനെയൊരു ആക്ഷേപമുയർത്താൻ അവസരമുണ്ടാക്കരുതായിരുന്നു. അതുപക്ഷേ ഇപ്പോഴത്തെ ഭാരവാഹികളുടെ കുറ്റമായി കാണുന്നത് ശരിയല്ല. 

ഏതായാലും വായന മരിക്കുന്നു, സാഹിത്യത്തോട് പുതിയ തലമുറ താല്പര്യം കാണിക്കുന്നില്ല, ആഴ്ചപ്പതിപ്പുകൾ ചെലവാകുന്നില്ല എന്നൊക്കെ ആവലാതികളുണ്ടെങ്കിലും കേരളത്തിൽ സാഹിത്യം ഭയങ്കര സംഭവം തന്നെയാണെന്ന് പരക്കെ അംഗീകരിക്കപ്പെടുകയാണ്. ആദ്യം കോഴിക്കോട്ട് ബീച്ചിൽ ഡി.സി, പിന്നെ കനകക്കുന്നിൽ മാതൃഭൂമി, എറണാകുളത്ത് എസ്.പി.സി.എസ് പിന്നെ രണ്ടുവർഷമായി തൃശൂരിൽ സാഹിത്യ അക്കാദമി, ഇപ്പോഴിതാ യുവജനക്ഷേമബോർഡ് കോവളത്ത്, സർവകലാശാലാ യൂണിയനുകളും കോളേജ് യൂണിയനുകളും രംഗത്തിറങ്ങിയിട്ടുണ്ട്. രണ്ട് എഴുത്തുകാർ നടുക്ക് മറ്റൊരു തുടക്കക്കാരമനായ എഴുത്തുകാരൻ മോഡറേറ്റർ… എത്രപെട്ടെന്നാണ് സാഹിത്യോത്സവങ്ങളും ഗതാനുഗതികത്വത്തിന്റെ പിടിയിലമരുന്നത്. 

തൃശ്ശൂരിൽ സമാപിച്ച പ്രഥമ ഐ.എൽ.എഫ്.കെയുടെ പോസ്റ്റർ

ഒരേ ആളുകളെത്തന്നെയാണ് വിവിധ സാഹിത്യോത്സവങ്ങളിൽ വിളിക്കുന്നതെന്നതിനാൽ വൈവിധ്യമില്ലാതാകുന്നുണ്ട്. അവഗണിക്കപ്പെടുന്നവരുടെ എണ്ണം കൂടുകയും. ഓരോ ഗ്രാമത്തിലും ഈ പരിപാടി നടക്കുമെന്നാണല്ലോ കേൾക്കുന്നത്. എല്ലായിടത്തും ഹാപ്പി വേണ്ടേ. സാഹിത്യകാരന്മാർക്ക് നല്ല കോളുതന്നെ. പണമില്ലെങ്കിലും പവറുണ്ടാകുമല്ലോ. പക്ഷേ ഏറെ ദയനീയമായ ഒരു വെളിപ്പെടുത്തൽ സാഹിത്യ അക്കാദമി സെക്രട്ടറി (അദ്ദേഹം അരനൂറ്റാണ്ടിലധികമായി അറിയപ്പെടുന്ന കവിയാണ്, ചരിത്രണ്ഡിതനും എഴുത്തുകാരനുമാണ്) നടത്തിയിരിക്കുകയാണ്. മികച്ച സാഹിത്യമേള നടത്തിയിട്ടും കവികളിൽ പലരും വിരോധികളായി. കാരണം അവരെ വിളിക്കാനായില്ല. മാത്രമല്ല, സംസ്ഥാനത്ത് ഇത്രയധികം മേളകൾ നടന്നിട്ടും തനിക്ക് ഒരു നോട്ടീസുപോലും ആരും അയച്ചുതന്നില്ല!

***

കേരളത്തിന് പദ്ധതി വിഹിതവും ഗ്രാന്റുകളും നിഷേധിച്ച് സഹകരണ ഫെഡറലിസം തകർക്കുന്ന കേന്ദ്ര നയത്തിനെതിരെ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഡെൽഹി ജന്തർമന്ദറിൽ നടന്ന സത്യാഗ്രഹം വലിയൊരു ചുവടുവെപ്പായി. ഫറൂഖ് അബ്ദുളളയും കെജ്‌രിവാളുമടക്കം തെക്കുമുതൽ വടക്കുവരെയുള്ള പ്രധാന രാഷ്ട്രീയ നേതാക്കളുടെ ഐക്യദാർഢ്യം കൊണ്ട് ചരിത്രം കുറിച്ച മഹാസംഭവമായി അത് മാറി. കേരളത്തിന്റെ സമരത്തിൽ പങ്കെടുത്തില്ലെങ്കിലും കോൺഗ്രസ്സിന്റെ അഖിലേന്ത്യാ പ്രസിഡന്റ് സമരത്തിന്റെ ആവശ്യം ന്യായമാണെന്ന് വ്യക്തമാക്കി.

കേരളത്തിന്റെ സമരത്തിൽ പങ്കെടുത്ത വിവിധ രാഷ്ട്രീയ നേതാക്കൾ

കേരളം സമരം പ്രഖ്യാപിച്ച ശേഷമാണ് കോൺഗ്രസ് നേതൃത്വത്തിലുള്ള കർണാടക സർക്കാർ സമരം പ്രഖ്യാപിച്ചത്. കേരള സമരത്തിന് ഒരു ദിവസം മുമ്പേ അതേ വേദിയിൽ കർണാടക സമരം നടത്തി. കേരളം സമരം നടത്തിയ ദിവസം തമിഴ് നാട് മറ്റൊരു രൂപത്തിൽ സമരം നടത്തി. കേന്ദ്രത്തിന്റെ അവഗണന, അധികാരത്തിലുള്ള അധിനിവേശം, നികുതി മുഴുവൻ പിരിച്ചുകൊണ്ടുപോയി ന്യായമായ വിഹിതം തരാതിരിക്കുക. ഇതൊക്കെയാണ് ബി.ജെ.പി ഇതര സംസ്ഥാനങ്ങളെ സമര പാതയിലാക്കിയത്. ഇന്ത്യാ മുന്നണിയിലെ ഘടകക്ഷി നേതാക്കൾ അതിന് ഐക്യദാർഢ്യം പ്രകടിപ്പിച്ചപ്പോൾ എതിർപ്പും പരിഹാസവം കേരളത്തിൽ നിന്ന് മാത്രമാണുണ്ടായത്. വി.ഡി സതീശൻ വക, രമേശ് ചെന്നിത്തല വക. ആവശ്യം ഒന്നുതന്നെയാണെങ്കിലും കർണാടകത്തിന്റെ സമരം ശരി, കേരളത്തിന്റേത് കാപട്യം, ഒത്തുകളി. കേന്ദ്രം എത്രമാത്രം ഞെരുക്കുന്നുവോ അത്രയും ഹാപ്പി. കേന്ദ്രത്തിന്റെ കേരളത്തോടുള്ള സമീപനത്തിൽ സമ്പൂർണ ഹാപ്പി. ഒന്നുകൂടി തീവ്രമാക്കിയാൽ അത്രയുംകൂടി ഹാപ്പി.


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

കെ. ബാലകൃഷ്‌ണൻ

മാതൃഭൂമിയുടെ ലീഡർ റൈറ്ററായി പ്രവർത്തിച്ചിട്ടുള്ള കെ. ബാലകൃഷ്ണൻ കണ്ണൂർ ബ്യൂറോ ചീഫുമായിരുന്നു. അറിയപ്പെടുന്ന പ്രാദേശിക ചരിത്രഗവേഷകനുമാണ്. ദേശാഭിമാനി കണ്ണൂർ ബ്യൂറോ ചീഫായും വാരിക എഡിറ്റർ-ഇൻ-ചാർജായയും പ്രവർത്തിച്ചു. വി.എസ് പ്രതിപക്ഷ നേതാവ് ആയിരുന്നപ്പോഴും മുഖ്യമന്ത്രി ആയിരുന്നപ്പോഴും പ്രസ്സ് സെക്രട്ടറി ആയിരുന്നു. കമ്യൂണിസ്റ്റ് കേരളം, ജനാധിപത്യ കേരളം, കണ്ണൂർ കോട്ട, പഴശ്ശിയും കടത്തനാടും എന്നിവ പ്രധാന കൃതികൾ.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x