A Unique Multilingual Media Platform

The AIDEM

Articles Politics Travel

അവധിക്കാല യാത്രാനിരക്കിൽ തെളിയുന്നത് കേന്ദ്രത്തിന്റെ ജനവിരുദ്ധത തന്നെ

  • December 23, 2022
  • 1 min read
അവധിക്കാല യാത്രാനിരക്കിൽ തെളിയുന്നത് കേന്ദ്രത്തിന്റെ  ജനവിരുദ്ധത തന്നെ

അവധിക്കാലമാണ്. അന്യസംസ്ഥാനങ്ങളിൽ ജോലിക്ക് പോയിട്ടുള്ള മലയാളികൾ നാട്ടിലേക്ക് ആഘോഷിക്കാൻ മടങ്ങാൻ വെമ്പുന്ന കാലം. ഏറെെകാലം കാത്തിരുന്നിട്ടാവും ഇത്തവണ ക്രിസ്തുമസ് ആഘോഷിക്കാൻ പലരും നാട്ടിലേക്ക് തിരിക്കുന്നത്. എന്നാൽ നാട്ടിലേക്ക് എത്തുകയെന്നത് വലിയ കടമ്പയായി മാറിയിരിക്കുകയാണ് അന്യദേശത്തുള്ള മലയാളികൾക്ക്. യാത്രാക്കൂലി പ്രീമിയം എന്ന് ഓമനപ്പേരിട്ട് തോന്നുംപടി കൂട്ടി റെയിൽവേയും യാത്രാക്കൂലി ആകാശത്തോളമുയർത്തി വിമാനകമ്പനികളും അവസരം മുതലാക്കി സ്വകാര്യബസ്സുകളും യാത്രക്കാരെ ഊറ്റുകയാണ്.

റെയിൽവേ ആകട്ടെ പൂച്ച പാല് കുടിക്കുന്ന പോലുള്ള ഒരു തന്ത്രം പ്രയോഗിച്ചാണ് യാത്രക്കാരെ പിഴിയുന്നത്. സാധാരണ ട്രെയിൻ റിസർവേഷൻ ടിക്കറ്റുകൾക്ക് ചാർജു വർധിപ്പിച്ചിട്ടില്ലെങ്കിലും അവയെല്ലാം സ്വാഭാവികമായും വിറ്റു തീർന്നു. എന്നിട്ട് തത്ക്കാൽ ക്വാട്ടയിൽ നിന്ന് വലിയൊരു ഭാഗം ടിക്കറ്റുകൾ ഡൈനാമിക് നിരക്കുള്ള പ്രീമിയം തത്ക്കാൽ ആക്കി മാറ്റി, തോന്നിയ പോലെ വലിയ തുക വസൂലാക്കുകയാണ് റയിൽവേയുടെ പരിപാടി. മുഖ്യമായും തീവണ്ടികളെയാണ് സാധാരാണ യാത്രക്കാർ അവധിക്കാലത്ത് ആശ്രയിക്കാറ്. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള തീവണ്ടികളിലെ ടിക്കറ്റുകളെല്ലാം ആഴ്ച്ചകൾക്ക് മുമ്പ് തന്നെ വെയ്റ്റിങ് ലിസ്റ്റ് ഇരുന്നൂറിനും മുന്നൂറിനും അപ്പുറമാണ്. പൂർണ്ണമായും സർക്കാർ ഉടമസ്ഥതയിലുള്ള ഇന്ത്യൻ റെയിൽവേയ്‌സ് ആണ് ഇത്രയേറെ ജനവിരുദ്ധമായ നിലപാടുകൾ സ്വീകരിക്കുന്നത്. കഴിയുന്നത്ര വണ്ടികൾ ഓടിക്കാതെ പ്രീമിയം തത്ക്കാൽ (PT) വഴി സാധാരണ യാത്രക്കാരെ പിഴിഞ്ഞ്, അവരുടെ പുര കത്തുമ്പോൾ വാഴ വെട്ടുന്നതാണ്‌ ഏറെ അത്ഭുതപ്പെടുത്തുന്നത്. പ്രമിയം തൽക്കാൽ പ്രകാരം യഥാർത്ഥ നിരക്കിന്റെ 50 ശതമാനത്തോളമാണ് പല തീവണ്ടികളിലും നിരക്ക് വ‍ർദ്ധിപ്പിച്ചത്. രാജധാനി അടക്കമുള്ള പ്രീമിയം തീവണ്ടികളുടെ നിരക്ക് സാധാരണക്കാരന് താങ്ങാനാവാത്തവിധമാണ്. കോവിഡ് പ്രതിസന്ധിയുടെ പേരിൽ മുതിർന്ന പൗരന്മാർക്കുള്ള ഉണ്ടായിരുന്ന സൗജന്യനിരക്കുകൾ (പുരുഷന്മാർക്ക് 40%,സ്ത്രീകൾക്ക് 50 % ഇളവ് ) പൂർണ്ണമായും എടുത്ത് കളഞ്ഞത് കോവിഡൊക്കെ പോയിട്ടും പുനസ്ഥാപിച്ചിട്ടില്ല എന്നതും ഓർക്കാതിരിക്കാൻ സാധിക്കുന്നില്ല, നിലവിലുള്ള എം പി മാർക്കും മുൻ എം പി മാർക്കും സൗജന്യം ഇപ്പോഴും തുടരുന്നുണ്ടെങ്കിലും. (വൃദ്ധശാപത്താൽ നശിക്കാൻ സാധ്യതയുണ്ട് സർക്കാർ!)

Passengers rushing to enter train

സംസ്ഥാനത്തേക്കുള്ള സ്വകാര്യബസ്സുകളുടെ നിരക്കും വലിയതോതിലാണ് ഉയ‍ർത്തിയത്. സാധാരണ നിലയിൽ 1800 രൂപ വിലവരുന്ന ചെന്നൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്ക് ഈ അവധിക്കാലത്ത് സ്വകാര്യബസ്സുകൾ ഈടാക്കുന്നത് 2400 മുതൽ 2800 രൂപവരേയാണ്. ബാം​ഗ്ലൂരിൽ നിന്ന് കൊച്ചിയിൽ ഈ അവധിക്കാലത്തെത്താൻ ഒരാൾ നൽകേണ്ടത് 3500 ലേറെ രൂപയാണ് (സോഴ്സ് – റെഡ് ബസ്). 30 മുതൽ 40 ശതമാനം വരേയാണ് പല സ്വകാര്യട്രാവൽസുകളും അവധിക്കാലത്ത് ടിക്കറ്റ് നിരക്ക് ഉയ‍ർത്തിയത്.
വിമാനയാത്രാക്കൂലിയിലെ വർദ്ധനവ് അഞ്ചും ആറും ഇരട്ടിയാണ്. ഡൽഹിയിൽ നിന്ന് കൊച്ചിയിലേക്ക് സാധാരണ​നിലയിൽ 6000 മുതൽ 6500 രൂപവരെ വിലവരാറുള്ള വിമാനടിക്കറ്റിന് ഇപ്പോൾ 18000 ത്തിന് മുകളിലാണ് വിമാനകമ്പനികൾ ഈടാക്കുന്നത്. മുംബൈ – കൊച്ചി റൂട്ടിൽ 4500- 5000 രൂപ വിലവരുന്ന വിമാനടിക്കറ്റ് അവധിക്കാലത്ത് യാത്രക്കാർക്ക് വിൽക്കുന്നത് 17000 ത്തിലേറെ ഉയ‍ർന്ന നിരക്കിനാണ്. മലയാളികൾ കൂടുതലുള്ള ചെന്നൈ, ബം​ഗ്ലൂരു തുടങ്ങിയ ന​ഗരങ്ങളിൽ നിന്ന് കൊച്ചിയിലേക്കുള്ള വിമാന നിരക്കിൻറെ അവസ്ഥയും മറിച്ചല്ല.

Source :Akbar Travels of India

ഈ നിരക്ക് വർദ്ധനവ് കാരണം നട്ടം തിരിയുന്ന യാത്രക്കാർക്ക് തുണയാവേണ്ട കേന്ദ്ര സർക്കാർ ആകട്ടെ, ഈ നഗ്നമായ കൊള്ളയടിക്ക് കൂട്ടുനിൽക്കുകയാണ്. പാ‍ർലമെന്റിൽ വിമാനകമ്പനികളുടെ ചാർജ് വർദ്ധനയെ ന്യായീകരിച്ച കേന്ദ്ര വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ, കോവിഡ് കാലത്തുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ഇതെന്ന് വിശദീകരിച്ചത്. സർക്കാർ ഒരു കാരണവശാലും ഇതിൽ ഇടപെട്ടില്ല എന്നും മന്ത്രി വ്യക്തമാക്കി. ഇതിനർത്ഥം, കോർപറേറ്റുകളുടെ ലാഭം മാത്രമാണ് സർക്കാർ സംരക്ഷിക്കുന്നതെന്നതാണ്. കോവിഡ് ഇന്ത്യയിലെ ജനങ്ങൾക്കുണ്ടാക്കിയ സാമ്പത്തിക പ്രതിസന്ധി ജനകീയ സർക്കാർ സൗകര്യപൂർവ്വം മറന്നു പോയി എന്നു തന്നെയാണ്. സ്ഥാപനങ്ങൾ അടച്ചു പൂട്ടിയത് കൊണ്ടും ജീവനക്കാരെ വലിയ തോതിൽ പിരിച്ചു വിട്ടത് കൊണ്ടും ജോലി നഷ്ടപ്പെട്ട ലക്ഷക്കണക്കിനു സാധാരണക്കാർ , ലഭിച്ചിരുന്നതിൽ പകുതി പോലും ശമ്പളമില്ലാതെ ജോലിയിൽ കഷ്ടപ്പെട്ട് തുടരേണ്ടി വന്നവർ , പൂട്ടിപ്പോയ ചില്ലറ ബിസിനസ്സുകാർ , പാടെ തുടച്ചു നീക്കപ്പെട്ട വഴിവാണിഭക്കാർ , വിദേശങ്ങളിൽ നിന്ന് എല്ലാം നഷ്ടപ്പെട്ട് തിരിച്ചെത്തി സ്വന്തം നാട്ടിൽ അഭയാർത്ഥികളായ അനേകായിരങ്ങൾ, അന്നന്നത്തെ അപ്പം ലഭിക്കാതെ പട്ടിണി കിടന്ന ദിവസവേതനക്കാർ, പ്രവിശ്യകളിൽ നിന്ന് പ്രവിശ്യകളിലേക്ക് ദുരിതഭാണ്ഡങ്ങളുമായി ഇഴഞ്ഞു നീങ്ങിയ അതിഥിത്തൊഴിലാളികൾ….. വിമാനക്കമ്പനികളും റെയിൽവേയും യാത്രാ കൂലി ഭീമമായി ഉയർത്തുകയും സ്‌പെഷ്യൽ വണ്ടികൾ ഓടിക്കാൻ വിസമ്മതിക്കുകയും ചെയ്യുമ്പോൾ ഇവരെ ആരേയും ഓർക്കാൻ സർക്കാർ തയ്യാറല്ല. സാധാരണ ജനങ്ങളോട്, അവർക്ക് കോവിഡ് കാലമേൽപ്പിച്ച ആഴമേറിയ മുറിവുകൾ ഉണങ്ങും മുമ്പേ, വിമാനക്കമ്പനികൾക്കും റെയിൽവെക്കും സംഭവിച്ച നഷ്ടങ്ങൾ നികത്തിക്കൊടുക്കാൻ, തികച്ചും അന്യായമായ ഭാരം ഏറ്റെടുക്കാൻ പറയുകയാണ്, ‘ജനകീയ’ സർക്കാർ. ജ്യോതിരാദിത്യസിന്ധ്യമാർക്ക് സാധാരണ മനുഷ്യരുടെ പ്രശ്നങ്ങളല്ല , കോർപ്പറേറ്റുകളുടെ പ്രശ്നങ്ങളാണ് എളുപ്പം മനസ്സിലാവുക.

A snap from Airport

കൊവിഡ് കാലത്ത് കോർപറേറ്റുകൾക്ക് ഉണ്ടായ നഷ്ടത്തെക്കുറിച്ച് സങ്കടപ്പെടുന്ന സർക്കാർ പക്ഷെ കൊവിഡ് കാലത്ത് തൊഴിൽ നഷ്ടപ്പെട്ടവരേയും കൊവിഡ് കാലത്ത് നിവ‍ർത്തിയില്ലാതെ സ്വന്തം നാട്ടിലേക്ക് കിലോമീറ്ററുകളോളും നടന്നുപോയവരേയും മരണപ്പെട്ടവരേയും ഓർത്ത് സങ്കടപ്പെടുന്നില്ല. അസംഘടിതമേഖലയിൽ മാത്രം ഇന്ത്യയിൽ 40 കോടി പേ‍ർക്ക് തൊഴിൽ നഷ്ടമായി ദാരിദ്രത്തിലേക്ക് തള്ളിവിടപ്പെട്ടതായാണ് ഇന്റർനാഷണൽ ലേബ‍ർ ഓർ​ഗനൈസേഷന്റെ പഠനങ്ങൾ സൂചിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് 24 ശതമാനം വരെ ഉയർന്ന തൊഴിലില്ലായ്മ നിരക്ക് രാജ്യത്ത് ഇപ്പോഴും 8 ശതമാനത്തിനടുത്താണ്. ഈ തൊഴിലില്ലായ്മ പരിഹരിക്കാൻ കാര്യമായ ഒന്നും ചെയ്യാതെയാണ് സർക്കാർ കൊവിഡ് കാലത്ത് കോർപറേറ്റുകൾക്കുണ്ടായ നഷ്ടം നികത്താൻ സാധാരണജനത്തെ പിഴിയാൻ കൂട്ടുനിൽക്കുന്നത്.

Migrant workers walking back to their villages during covid days

കോവിഡ്, ഗതാഗതക്കമ്പനികൾക്ക് സാമ്പത്തിക ആഘാതം ഏൽപ്പിച്ചിട്ടുണ്ടെന്നതും ആഗോളവ്യാപകമായി ടിക്കറ്റുനിരക്കുകൾ ഉയർന്നിട്ടുണ്ടെന്നതും യാഥാർഥ്യമാണ്. പക്ഷെ, ജനങ്ങളെ അവരുടെ നിസ്സഹായാവസ്ഥയിൽ പരമാവധി ചുഷണം ചെയ്യാൻ ഒരു ജനാധിപത്യ വ്യവസ്ഥയിൽ സർക്കാർ കൂട്ടു നിൽക്കരുത്. ജനങ്ങളുടെ പരിദേവനങ്ങൾക്ക് ചെവി കൊടുക്കണം. അതുകൊണ്ട് തന്നെ ഫ്‌ളൈറ്റ് ടിക്കറ്റു റേറ്റിന്റെ പരിധി സർക്കാർ എടുത്തുകളഞ്ഞത് ഇനിയും തുടരരുത്. സാധാരണ ടിക്കറ്റ് റേറ്റിൽ യാത്ര ചെയ്യാൻ സ്പെഷ്യൽ ട്രെയിനുകൾ അവധിക്കാലത്ത് അനുവദിക്കുകയും വേണം .

ഇത്തരം പ്രതിസന്ധി ഘട്ടങ്ങളിൽ ജനങ്ങൾക്കൊപ്പം നിൽക്കാനും സ്വന്തം ഉടമസ്ഥതയിലുള്ള സ്ഥാപനങ്ങളിൽ നിന്ന് പരമാവധി സഹായം ജനങ്ങൾക്ക് ചെയ്തു കൊടുക്കാനും സ്വകാര്യസ്ഥാപനങ്ങൾക്ക് നിയന്ത്രണങ്ങൾ ഏർപ്പെടുത്താനും കഴിയില്ലെങ്കിൽ ഒരു സർക്കാരിന്റെ പ്രസക്തി എന്താണ്? അതെ, അവശ്യഘട്ടങ്ങളിൽ മാർക്കറ്റിൽ ഇടപെടാൻ ഉള്ള ശേഷി ഒരു സർക്കാരിന്റെ പ്രവർത്തന മികവിന്റെ പ്രധാന ഉരകല്ലാണ്.


Subscribe to our channels on YouTube & WhatsApp

About Author

ഡോ. എസ്. ശ്രീനാഥൻ

പാലക്കാട് എൻ.എസ്.എസ്. എഞ്ചിനീയറിങ് കോളേജ് ഇൻസ്ട്രുമെൻറേഷൻ വിഭാഗം മുൻ മേധാവി.

4 Comments
Oldest
Newest Most Voted
Inline Feedbacks
View all comments
G Ushakumari
G Ushakumari
2 years ago

നല്ല വിവരണം. ഏതു സർക്കാർ ആയാലും സാധാരണക്കാരായ ജനങ്ങൾക്കു വേണ്ടി , ജനങ്ങളോടൊപ്പം തന്നെയാവണം.

Sreenadhan
Sreenadhan
2 years ago
Reply to  G Ushakumari

Thank you

Viswanath Babu
Viswanath Babu
2 years ago

Well written article. For the Government it’s corporates first, not citizens. They are proving it time and again. The AIDEM should continue to bring up the common man’s issues.

Sreenadhan
Sreenadhan
2 years ago
Reply to  Viswanath Babu

Thank you