A Unique Multilingual Media Platform

The AIDEM

Articles Cinema Gender Society

ഹേമ കമ്മിറ്റി റിപ്പോർട്ട് : സർക്കാർ സംരക്ഷിക്കുന്നത് വേട്ടക്കാരെയോ?

  • May 3, 2022
  • 1 min read
ഹേമ കമ്മിറ്റി റിപ്പോർട്ട് : സർക്കാർ സംരക്ഷിക്കുന്നത് വേട്ടക്കാരെയോ?

സിനിമ മേഖലയിലെ ലൈംഗികാതിക്രമങ്ങൾ സംബന്ധിച്ചുള്ള ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻമേൽ നടപടി സ്വീകരിക്കുന്നത് സംബന്ധിച്ച് സർക്കാരും ഡബ്ലുസിസിയും തമ്മിലുള്ള അഭിപ്രായഭിന്നത വീണ്ടും വാർത്തകളിൽ നിറയുന്നു. സംസ്ഥാന നിയമമന്ത്രി പി രാജീവ് കഴിഞ്ഞദിവസം നടത്തിയ പ്രസതാവനയും തുടർന്ന് ഡബ്ല്യുസിസി നടത്തിയ പ്രതികരണത്തിൻറേയും പശ്ചാത്തലത്തിൽ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിലെ സർക്കാർ നിലപാട് ഹൈക്കോടതി അഭിഭാഷകൻ അഡ്വ.ഹരീഷ് വാസുദേവൻ പരിശോധിക്കുന്നു.



ഏതൊരു തൊഴിലിടം ആയാലും തൊഴിൽ സ്ഥാപനം ആയാലും അവിടെ സ്ത്രീ തൊഴിലാളികൾ നേരിടുന്ന ലൈംഗികാതിക്രമം മുൻകൂട്ടി കണ്ട് തടയുന്നതിനും അത്തരം പരാതികൾ റിപ്പോർട്ട് ചെയ്യപ്പെട്ടാൽ അത് കൈകാര്യം ചെയ്യുന്നതിനും ഇന്റേണൽ കംപ്ലൈൻറ്സ് കമ്മിറ്റി അടക്കമുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടത് ഓരോ തൊഴിലുടമയുടെയും ഉത്തരവാദിത്വമാണ് എന്ന് വിശാഖ കേസിൽ സുപ്രീംകോടതി പറഞ്ഞിട്ട് പതിറ്റാണ്ടുകളായി. രാജ്യത്തെ തൊഴിലെടുക്കുന്ന സ്ത്രീകളുടെ അവകാശം സംബന്ധിച്ച ഗൗരവകരമായ സാഹചര്യം മുൻനിർത്തി ആർട്ടിക്കിൾ 141 അനുസരിച്ച് സുപ്രീംകോടതി ഒരു നിയമ നിർമാണം നടത്തുകയായിരുന്നു. പാർലമെൻറ് അത്തരം അവകാശങ്ങൾ സംരക്ഷിക്കാൻ നിയമം കൊണ്ടുവരുന്നില്ലായെങ്കിൽ വിശാഖ കേസിലെ വിധി അനുസരിച്ച് തങ്ങൾക്ക് ഇത്തരം ഉത്തരവുകളിടേണ്ടി വരുമെന്ന് സുപ്രീംകോടതി ആ കേസിൽ പറഞ്ഞു.

2013 ലാണ് ഇന്ത്യൻ പാർലമെൻറ് തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന ലൈംഗികാതിക്രമം തടയുന്നതിന് വേണ്ടിയുള്ള പ്രത്യേക നിയമം ‘പോഷ് ആക്ട്’ എന്ന് ഇപ്പോൾ പരക്കെ അറിയപ്പെടുന്ന നിയമം കൊണ്ടുവന്നത്. പ്രസ്തുത നിയമം 2013 ൽ വന്നശേഷം, ഇന്ത്യയിലെ ഏത് മേഖലയിലും ഒരു തൊഴിലിടം സൃഷ്ടിക്കുമ്പോൾ ആ തൊഴിലിടത്തിൽ സ്ത്രീകൾ തൊഴിലാളികളായിട്ട് ഉണ്ടാവുമ്പോൾ അവർക്ക് നേരെ നടക്കുന്ന ഏതുതരത്തിലുള്ള ലൈംഗികാതിക്രമത്തെയും നേരിടാൻ സജ്ജമായ ഇന്റേണൽ കംപ്ലൈൻറ്സ് കമ്മിറ്റി ഉൾപ്പെടെയുള്ള നടപടികൾ ഉണ്ടാവണം എന്ന് നിയമം നിഷ്കർഷിക്കുന്നു.

പത്തിൽ താഴെ ആളുകൾ തൊഴിലെടുക്കുന്ന സ്ഥാപനമാണെങ്കിൽ ജില്ലാ കളക്ടറുടെ അധ്യക്ഷതയിൽ ചേരുന്ന പ്രത്യേക സമിതികൾ ഇത്തരം പരാതികൾ പരിശോധിക്കേണ്ടതും അവ കേൾക്കേണ്ടതും അതിൽ നടപടികൾ എടുക്കേണ്ടതുമാണ് എന്ന് നിയമത്തിൽ പറയുന്നു. കേരളത്തിലെ സിനിമാ മേഖല ഒരു തൊഴിലിടമാണ് എന്ന കാര്യത്തിൽ ആർക്കെങ്കിലും തർക്കം ഉണ്ട് എന്ന് കരുതുന്നില്ല. ആ തൊഴിലിടത്തിൽ പ്രമുഖയായ ഒരു നടി ബലാൽസംഗത്തിന് വിധേയമാകുമ്പോൾ സമൂഹത്തിലാകെ അലയടിച്ച വികാരത്തിൻറെ ഭാഗമായിട്ടാണ് സിനിമ മേഖലയിൽ സ്ത്രീകൾ ഒട്ടും സുരക്ഷിതമായല്ല തൊഴിലെടുക്കുന്നത് എന്ന യാഥാർത്ഥ്യം പൊതുസമൂഹം അംഗീകരിക്കുന്നത്. ഇതേതുടർന്ന് കോളിളക്കം ഉണ്ടാക്കുകയും സ്ത്രീകൾക്ക് സിനിമ മേഖലയിലെ തൊഴിലിടത്തിൽ സുരക്ഷിതമായി പ്രവർത്തിക്കാൻ സംവിധാനം ഒരുക്കണമെന്ന് സർക്കാരിനോട് നേരിട്ട് തന്നെ നടിമാരുടെ സംഘടന രൂപീകരിച്ച് ആവശ്യപ്പെടുകയും ചെയ്തു. അങ്ങനെയാണു ഡബ്ല്യുസിസി പോലെയുള്ള സംഘടനകൾ പിറവിയെടുക്കുന്നത്.

സ്ത്രീകൾ തൊഴിലിടത്തിൽ നേരിടുന്ന ലൈംഗിക അതിക്രമങ്ങളും ലിംഗപരമായ വിവേചനങ്ങളും തടയാൻ സർക്കാർ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി തന്നെ നേരിട്ട് ഡബ്ല്യുസിസിക്ക് ഉറപ്പുനൽകുകയുണ്ടായി. അതിൻറെ അടിസ്ഥാനത്തിൽ ഈ മേഖലയിലെ പ്രശ്നങ്ങൾ പഠിക്കുന്നതിന് ഒരു കമ്മിറ്റി രൂപീകരിക്കുമെന്നും വസ്തുതകൾ പരിശോധിച്ച് ആ കമ്മിറ്റി നൽകുന്ന ശുപാർശകൾ സർക്കാർ നടപ്പിലാക്കുമെന്നും പറഞ്ഞു.

മുൻ ഹൈക്കോടതി ജഡ്ജി, ജസ്റ്റിസ് ഹേമ  അധ്യക്ഷയായ സമിതിയിൽ പ്രസിദ്ധ നടി ശാരദയും ഒപ്പം ഭരണതലത്തിൽ പ്രവർത്തി പരിചയം ഉള്ള കെ ബി വത്സലകുമാരി എന്നിവരായിരുന്നു അംഗങ്ങൾ. ഈ സമിതി നിയോഗിക്കപ്പെട്ടത് കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ച് അല്ല എന്നത് കമ്മിറ്റി റിപ്പോർട്ട് പുറത്തു വരാതെ വർഷങ്ങൾ പിന്നിട്ടപ്പോഴാണ് പൊതുസമൂഹം തിരിച്ചറിയുന്നത്. സാധാരണയായി ഒരു മേഖലയിലെ വസ്തുതാന്വേഷണം നടത്താൻ സർക്കാരുകൾ നിയോഗിക്കുന്ന സമിതികൾ കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ചാണ് നിലവിൽ വരിക. കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ച് നിലവിൽ വരുന്ന കമ്മീഷനുകൾ അന്വേഷണ റിപ്പോർട്ട് സർക്കാരിന്  നൽകുമ്പോൾ അത് നിയമനിർമ്മാണസഭയിൽ വയ്ക്കുകയും അതിൽ എന്തു നടപടി സ്വീകരിച്ചുവെന്ന് നിയമനിർമ്മാണസഭയെ അറിയിക്കുകയും വേണം എന്നാണ് നിയമം. എന്നാൽ ഈ കാര്യത്തിൽ നിയമസഭയ്ക്ക് അക്കൗണ്ടബിലിറ്റി ഇല്ലാത്ത, നിയമസഭയ്ക്ക് ആക്സസ് ഇല്ലാത്ത ഒരു നിയമത്തിൻറെ പിൻബലമില്ലാത്ത അന്വേഷണസമിതി ആണ് ഈ ഗുരുതരമായ കാര്യത്തിനു വേണ്ടി സർക്കാർ വെച്ചത് എന്നതുതന്നെ ദുരൂഹമാണ്.

ഹേമ കമ്മിറ്റി റിപ്പോർട്ട് മുഖ്യമന്ത്രിക്ക് കൈമാറുന്നു

എന്തുകൊണ്ടാണ് കമ്മീഷൻ ഓഫ് എൻക്വയറി ആക്ട് അനുസരിച്ച് നിയമനിർമാണസഭയ്ക്ക് കൂടി അക്കൗണ്ടബിൾ ആയ ഒരു സമിതിയെ സർക്കാർ നിയോഗിക്കാഞ്ഞത് എന്നതിൽ തൃപ്തികരമായ ഒരു മറുപടിയും സർക്കാർ ഇതുവരെ പറഞ്ഞിട്ടില്ല. അതിനർത്ഥം വേണ്ടിവന്നാൽ സർക്കാരിൽ പൂഴ്ത്തി വയ്ക്കാൻ കഴിയുന്ന ഒരു റിപ്പോർട്ട് ആയിരിക്കണമെന്ന് ഇതിൻറെ കമ്മിറ്റി രൂപീകരണ വേളയിൽ തന്നെ സർക്കാരിൽ ചിലരെങ്കിലും കണക്കുകൂട്ടിയിരുന്നു എന്നാണ്. മാസങ്ങളോളം നീണ്ട അന്വേഷണത്തെ തുടർന്ന് ജസ്റ്റിസ് ഹേമ കമ്മിറ്റിക്ക് വീണ്ടും വീണ്ടും സമയം നീട്ടി നൽകുകയും ഒടുവിൽ പൊതുജനങ്ങളുടെയും മാധ്യമങ്ങളുടെയും നിരന്തര സമ്മർദ്ദത്തെത്തുടർന്ന് സമിതി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കും ചെയ്തു. ഈ റിപ്പോർട്ടോ അതിന്മേൽ എടുത്ത നടപടികളോ നിയമനിർമാണസഭയിൽ വയ്ക്കില്ല, വയ്ക്കേണ്ട ആവശ്യമില്ല എന്ന നിലപാട് സർക്കാർ പരസ്യമായി നിയമനിർമാണസഭയിൽ പറഞ്ഞു.

തൊഴിലിടങ്ങളിൽ സ്ത്രീകൾ നേരിടുന്ന അതിക്രമം തടയുന്നതിന്, ഈ രാജ്യത്ത് നിയമത്തിൻറെ അഭാവം ഉണ്ടെന്ന് ചൂണ്ടിക്കാട്ടിയത് സുപ്രീംകോടതിയാണ്. അങ്ങനെയാണ് സുപ്രീംകോടതി വിശാഖ കേസ് എന്ന പ്രസിദ്ധമായ കേസിൽ സ്ത്രീകളുടെ തൊഴിലിടത്തിൽ നേരിടുന്ന അതിക്രമം തടയുന്നതിനുള്ള നിയമനിർമാണം നടത്താൻ തുനിഞ്ഞത്. ഭരണഘടനയുടെ ആർട്ടിക്കിൾ 141 നൽകുന്ന പ്രത്യേക അധികാരം ഉപയോഗിച്ച് പാർലമെൻറ് നിയമം നിർമ്മിക്കുന്നത് വരെ ഈ രാജ്യത്തെ സ്ത്രീകൾ നേരിടുന്ന തൊഴിലിടത്തിലെ ലൈംഗികാതിക്രമം തടയുന്നതിന് വേണ്ട മാർഗനിർദ്ദേശങ്ങൾ നിയമമായി ഇറക്കുന്നു എന്നാണ് വിശാഖ കേസിലെ സുപ്രീം കോടതി വിധി.

2013 ൽ മാത്രമാണ് പാർലമെൻറ് ഇക്കാര്യം ഉൾക്കൊണ്ടതും ഇതിനായി പ്രത്യേക നിയമം കൊണ്ടുവന്നതും. പോഷ് ആക്ട് ഏതൊരു തൊഴിലിടത്തിലും സ്ത്രീകൾ നേരിടുന്ന ലൈംഗിക അതിക്രമം തടയുന്നതിന് പര്യാപ്തമാണ്. ഈ രാജ്യത്ത് നിലവിലുള്ള ഒരു നിയമം ഒരു തൊഴിലിടം ആയിട്ടുള്ള കേരളത്തിലെ സിനിമാ മേഖലയിൽ നടപ്പാക്കുന്നില്ല എന്ന ലളിതവും, എന്നാൽ ഗൗരവമായ വിഷയമാണ് 2017 ൽ ഡബ്ല്യുസിസിയും ഭാവന ഉൾപ്പെടെയുള്ള നടിമാരും ചൂണ്ടിക്കാട്ടിയത്.

സർക്കാർ ഇരയ്ക്കൊപ്പം ആണ് അങ്ങനെ നിൽക്കാൻ പ്രതിജ്ഞാബദ്ധമാണ് എന്നൊക്കെ പറയുമ്പോഴും എന്തുകൊണ്ടാണ് കേരളത്തിലെ സിനിമ മേഖലയിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ സർക്കാർ തുനിയാത്തത് എന്ന ചോദ്യം നമ്മുടെ മുമ്പിൽ തെളിഞ്ഞുനിൽക്കുകയാണ്. ഇത്രയധികം കോലാഹലം ഈ സമൂഹത്തിൽ ഉണ്ടായിട്ടും 2017 ൽ ഡബ്ല്യുസിസി മുന്നോട്ടുവെച്ച ആ ആവശ്യം അഞ്ചുവർഷക്കാലം സർക്കാർ നടപ്പാക്കിയില്ല എന്ന് കാണാം. ഇതിനായി പ്രത്യേക നിയമനിർമാണമോ, ഏതെങ്കിലും നിലക്കുള്ള ചട്ട നിർമ്മാണങ്ങളോ ആവശ്യമില്ല എന്നത് സുവ്യക്തമാണ്. ബീഡി തെറുപ്പ് ശാലകളിൽ, ടെക്സ്റ്റൈൽ മില്ലുകളിൽ, സ്കൂളുകളിൽ അത്തരം തൊഴിലിടങ്ങളിലെല്ലാം തന്നെ തൊഴിലാളികളുടെ അവകാശത്തിന് ഒപ്പം നിന്ന് നിയമങ്ങൾ നടപ്പാക്കാൻ പ്രത്യേകശ്രദ്ധ ചരിത്രപരമായിതന്നെ പുലർത്തിയ ഇടതുപക്ഷം പക്ഷേ കേരളത്തിലെ സിനിമാ മേഖലയിലെ നിയമരാഹിത്യത്തെ കണ്ടില്ലെന്ന് നടിച്ചു.

പ്രത്യേക കാരണമില്ലാതെ തന്നെ ഇതിൻറെ നടപ്പാക്കൽ നീട്ടി കൊണ്ടു പോയി എന്നതാണ് യാഥാർത്ഥ്യം. ഒടുവിൽ ഈ രാജ്യത്ത് മറ്റെല്ലാ തൊഴിൽമേഖലയിലും നിലനിൽക്കുന്ന ഒരു നിയമം സിനിമാമേഖലയിൽ നടപ്പാക്കികിട്ടാൻ ഡബ്ല്യുസിസിക്ക് ഹൈക്കോടതി കയറേണ്ടിവന്നു, അഞ്ചു വർഷം കാത്തിരിക്കേണ്ടിവന്നു. 2022 ൽ ഹൈക്കോടതി കർശനമായ ഉത്തരവ് ഇറക്കിയപ്പോൾ മാത്രമാണ് കേരളത്തിലെ സിനിമ പ്രൊഡക്ഷൻ മേഖലയിൽ ഐസിസികൾ പ്രവർത്തിക്കണമെന്ന നിയമം നടപ്പാക്കപ്പെട്ടത്.

മൂന്ന് വ്യത്യസ്ത മേഖലയിൽ പ്രാവീണ്യം തെളിയിച്ച മൂന്ന് വ്യക്തികളടങ്ങിയ ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പഠിച്ച് സർക്കാറിന് നിർദേശങ്ങൾ സമർപ്പിക്കാൻ  സെക്രെട്ടേറിയേറ്റിലെ വകുപ്പുതല ഉദ്യോഗസ്ഥരെ സർക്കാർ ചുമതലപ്പെടുത്തി. അവർ ആ റിപ്പോർട്ട് സർക്കാരിന് നൽകിയിട്ടുണ്ട്. അതിന്മേൽ എന്തുകൊണ്ടാണ് നടപടി വൈകുന്നത് എന്ന് നാളിതുവരെ സർക്കാർ പറഞ്ഞിട്ടില്ല. പരിശോധിച്ച് വരികയാണ് എന്ന സ്ഥിരം പല്ലവിയാണ് ഇപ്പോഴും തുടരുന്നത്. ഈ കാര്യത്തിൽ ഒരു നിയമനിർമ്മാണം ആവശ്യമാണ് എന്ന് സർക്കാർ പറയുന്നുണ്ട്, അത് സർക്കാർ ചെയ്യുമെന്നും ആവശ്യമായ പരിശോധനകൾ നടത്തുമെന്നും, നിയമമന്ത്രി പി രാജീവ് കഴിഞ്ഞ ദിവസവും വ്യക്തമാക്കുകയുണ്ടായി. ഹേമ കമ്മിറ്റി റിപ്പോർട്ട് എന്ത് തരം നിയനിർമ്മാണമാണ് ശുപാർശ ചെയ്യുന്നത് എന്ന് സർക്കാരിന്റെ നിയമസഭയിലെ രേഖകളിൽ നിന്ന് വ്യക്തമല്ല. സിനിമ മേഖലയിൽ സ്ത്രീകളനുഭവിയ്ക്കുന്ന സുരക്ഷാ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് പോഷ് ആക്ട് നടപ്പാക്കാൻ ഒരു നിയമനിർമ്മാണത്തിന്റെയും ആവശ്യമില്ല. ഉദ്യോഗസ്ഥ തലത്തിൽ ഒരുത്തരവിലൂടെ ഇച്ഛാശക്തിയുള്ള ഏതൊരു സർക്കാരിനും അത് നാളെ രാവിലെമുതൽ നടപ്പാക്കാവുന്നതേയുള്ളൂ.

ലൈംഗികാതിക്രമങ്ങൾ നേരിട്ട ഇരകൾ തങ്ങളുടെ സ്വകാര്യത സംരക്ഷിക്കും എന്ന ഉറപ്പുലഭിച്ചശേഷം ഹേമ കമ്മിറ്റിക്കുമുൻപാകെ പരാതിനൽകുകയുണ്ടായി, ഈ പരാതികളിന്മേൽ തുടർനടപടി സ്വീകരിക്കേണ്ടത് സർക്കാരിന്റെ ഭരണഘടനപരവും നിയമപരവുമായ ബാധ്യതയാണ്. ഇത്തരം കുറ്റകൃത്യത്തെ പറ്റി സർക്കാരിന് അറിവുലഭിച്ചാൽ തൊട്ടടുത്ത പോലീസ് സ്റ്റേഷനിൽ അപ്പോൾ തന്നെ ഒരു എഫ് ഐ ആർ രജിസ്റ്റർ ചെയ്യുകയും ആ കേസ് പോലീസ് അന്വേഷിക്കുകയും ചെയ്യണം എന്നാണ് ഈ രാജ്യത്തെ നിയമവ്യവസ്ഥ. ലളിതകുമാരി കേസിലെ സുപ്രീം കോടതി വിധിക്കുശേഷം അത് സർക്കാരിന്റെ ബാധ്യതയുമാണ്. ഏതെങ്കിലും ലൈംഗികാതിക്രമത്തെ സംബന്ധിച്ച് ആരെങ്കിലും കമ്മിറ്റിക്ക് മൊഴികൊടുത്തിട്ടുണ്ടെങ്കിൽ അതിൽ എഫ് ഐ ആർ ഇടുന്നതിന് നിയമനിർമ്മാണമോ മന്തിസഭാതലത്തിലുള്ള തീരുമാനമോ ആവശ്യമില്ല. പ്രസ്തുത ഭാഗം പൊലീസിന് കൈമാറി എഫ് ഐ ആർ ഇട്ട് കേസ് അന്വേഷിപ്പിക്കുക എന്നത് സർക്കാരിന്റെ ഏറ്റവും അടിയന്തരമായ ഉത്തരവാദിത്വമാണ്. ഇതെന്തുകൊണ്ട് ചെയ്യുന്നില്ല എന്ന് സർക്കാർ പറയുന്നില്ല എന്ന് മാത്രമല്ല രണ്ടുവർഷത്തിലേറെയായി അത്തരം തുടർനടപടികൾ എടുക്കാതെ വേട്ടക്കാർ സഹായിക്കുന്ന നിലപാടാണ് സർക്കാർ സ്വീകരിക്കുന്നത് എന്നതും പകൽ പോലെ വ്യക്തമാണ്. ഇത്തരം കേസുകളിൽ അന്വേഷണം വൈകിക്കുന്നതും തെളിവ് ശേഖരണം വൈകിപ്പിക്കുന്നതും കേസിനെ എത്രമാത്രം ദോഷകരമായി ബാധിച്ചേക്കുമെന്ന് ദിലീപിന്റെ കേസിലൂടെ നാം കണ്ടതാണ്. അപ്പോൾ സ്വാഭാവികമായും കേസന്വേഷണവും നടപടിയും വൈകിപ്പിക്കുക വഴി വേട്ടക്കാർക്കുമാത്രമാണ് ഗുണമുണ്ടാകുന്നത് എന്ന കാര്യം സാധാരണക്കാർക്കുപോലും ബോധ്യമാകും. ഹേമ കമ്മിറ്റി റിപ്പോർട്ടിലെ അത്തരം ഭാഗങ്ങൾ ഇരകളുടെ വ്യക്തിവിവരങ്ങൾ മറച്ചുവെച്ചുകൊണ്ടുതന്നെ പ്രസിദ്ധീകരിക്കുന്നതിനും അതിൽ നിയമനടപടി സ്വീകരിക്കുന്നതിനും പ്രായോഗികമായി സർക്കാരിന് മുൻപിലുള്ള തടസ്സമെന്താണെന്ന് എത്ര ചോദിച്ചിട്ടും സർക്കാർ പറയുന്നില്ല എന്നതുതന്നെ ഇക്കാര്യത്തിൽ സർക്കാരിന് ആരെയോ രക്ഷിക്കാനുണ്ട് എന്ന സംശയം ബലപ്പെടുത്തുന്നതാണ്. സർക്കാർ തന്നെ ഇത്രയേറെ കഷ്ടപ്പെട്ട് മറച്ചുപിടിക്കാൻ ശ്രമിക്കുന്ന ആ ഉള്ളടക്കം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സ്തോഭജനകമായ ഉള്ളടക്കമാണ് എന്ന സംശയം ബലപ്പെടുത്തുകയും അതിൽ മറഞ്ഞുവീഴാനിരിക്കുന്നത് സിനിമ മേഖലയിലെ തന്നെ വമ്പൻമാരാണെന്ന സംശയം ബലപ്പെടുത്തുന്നതുമാണ്. അല്ലാത്തപക്ഷം മുടന്തൻ ന്യായങ്ങൾ പറഞ്ഞ് കമ്മിറ്റി റിപ്പോർട്ടിലെ ശുപാർശകൾ പ്രസിദ്ധീകരിക്കുന്നതിനും പ്രസക്തഭാഗങ്ങൾ നിയമസഭയ്ക്ക് മുൻപിൽ വയ്ക്കുന്നതിനും അതിന്മേൽ തുടർനടപടി സ്വീകരിക്കുന്നതിനും ആവശ്യമായ പക്ഷം  കേസുകൾ രജിസ്റ്റർ ചെയ്യുന്നതിനും സർക്കാർ എന്തിനാണ് വൈകിക്കുന്നത് എന്ന ചോദ്യത്തിനുത്തരം നിർബന്ധമായും പൗരന്മാർക്ക് ലഭിക്കേണ്ടതാണ്.

About Author

അഡ്വ. ഹരീഷ് വാസുദേവൻ

കേരളാ ഹൈക്കോടതി അഭിഭാഷകൻ, പരിസ്ഥിതി പ്രവർത്തകൻ, കോളമിസ്റ്റ്.