ഇന്ത്യ 2022: കാലാവസ്ഥാ വ്യതിയാനം ഉയർത്തുന്ന വെല്ലുവിളികൾ
സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് പുറത്തിറക്കിയ റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ നവംബർ 6 ന് ആരംഭിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 200 രാജ്യങ്ങൾ പങ്കെടുക്കുന്ന ആഗോളതലത്തിലുള്ളതും, സമഗ്രവുമായ ഈ സമ്മേളനം, കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി ഏറി വരുന്ന കാലാവസ്ഥ ദുരന്തങ്ങളെ അതിജീവിച്ചു മുന്നേറാനുള്ള മനുഷ്യരാശിയുടെ ഏറ്റവും വലിയ പ്രതീക്ഷയെ ഉൾക്കൊള്ളുന്നു. ഭൂമിയിലുടനീളം ഉണ്ടായിക്കൊണ്ടിരിക്കുന്ന വെള്ളപ്പൊക്കങ്ങളും കൊടുങ്കാറ്റുകളും പോലുള്ള വലിയ പ്രകൃതി ദുരന്തങ്ങൾ നിത്യസംഭവമാകുന്ന ഒരു കാലത്താണ് ഈ സമ്മേളനം നടക്കുന്നത്.
കാലാവസ്ഥാ മാറ്റത്തിനു കാരണമായ ആഗോളതാപനത്തിന് ഏറ്റവും കുറച്ചു മാത്രം ഉത്തരവാദിത്വമുള്ള ദരിദ്ര രാജ്യങ്ങൾ ഈ പ്രകൃതി ദുരന്തങ്ങളുടെ ഏറ്റവും വലിയ ഇരകളും ആവുന്നു എന്ന വിരോധാഭാസം ഒരു വശത്തുണ്ട്. ഈ ദുരന്തങ്ങളെ അതിജീവിക്കാനും അവയെ തടയാനുമുള്ള നടപടികൾക്ക് വേണ്ട പണം ഈ രാജ്യങ്ങൾക്ക് തനിയെ കണ്ടെത്താനാവില്ലെന്നും, അതിനാൽ ആഗോളതാപനത്തിനു പല വിധത്തിൽ കാരണക്കാരായ ധനിക രാജ്യങ്ങൾ ആ പണം നൽകണമെന്നുമുള്ള ചർച്ച ഈ സമ്മേളനത്തിലെ ഒരു പ്രധാന വിഷയമായി ഉയർന്നു വരും. കാലാവസ്ഥാ സമ്മേളന വേദിക്കു പുറത്തു സമരവേദികളും സജീവമായിട്ടുണ്ട്. സമരം ചെയ്യുന്നവർക്കെതിരെ ഈജിപ്ഷ്യൻ ഭരണകൂടം എടുത്ത നടപടികൾ അന്താരാഷ്ട്ര തലത്തിൽ തന്നെ വിമര്ശനവിധേയമാവുകയും ചെയ്തു. ദി കോൺഫറൻസ് ഓഫ് പാർട്ടീസ് 27 (COP 27) സമ്മേളനത്തിന്റെ വിശദ വിവരങ്ങൾ ദി ഐഡം ഈ ദിവസങ്ങളിൽ നിങ്ങളിൽ എത്തിക്കും.
ഈ സമ്മേളനം തുടങ്ങുന്നതിനു തൊട്ടുമുൻപ് ഡൽഹിയിലെ പ്രശസ്ത പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) പുറത്തിറക്കിയ, 2022 ലെ ആദ്യ ഒൻപതു മാസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ആണ് ഈ കുറിപ്പിൽ ഉള്ളത്. എന്തുകൊണ്ട് കാലാവസ്ഥ മാറ്റത്തെ മനസ്സിലാക്കലും അതിനെ ഫലപ്രദമായി നേരിടലും ഇന്ത്യക്ക് വളരെ പ്രധാനമാണ് എന്ന് ഈ റിപ്പോർട്ടിലെ വിവരങ്ങൾ വ്യക്തമാക്കുന്നു. കഴിഞ്ഞ ഒൻപതു മാസത്തിൽ ഇന്ത്യയിൽ ഏതാണ്ട് എല്ലാ ദിവസവും ഒരു പ്രകൃതി ദുരന്തം ഉണ്ടായി എന്ന ആശങ്കപ്പെടുത്തുന്ന വിവരം കൂടി പങ്കുവെക്കുന്നുണ്ട് ഈ റിപ്പോർട്ട്.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ
2022 ലെ ആദ്യത്തെ ഒമ്പത് മാസങ്ങളിൽ ഇന്ത്യ മിക്കവാറും എല്ലാ ദിവസവും ഒരു പ്രകൃതി ദുരന്തം കണ്ടു. ചൂടും, അതിശൈത്യവും, ചുഴലിക്കാറ്റും, മിന്നലും, കനത്ത മഴയും, വെള്ളപ്പൊക്കവും, ഉരുൾപൊട്ടലും വരെ. പ്രകൃതി ദുരന്തങ്ങൾ മൂലം ഏറ്റവും കൂടുതൽ തകർന്ന വീടുകളും മൃഗങ്ങളുടെ മരണവും റിപ്പോർട്ട് ചെയ്തത് ആസ്സാമിലാണ്.
2022 ലെ ആദ്യ 9 മാസങ്ങളിൽ ഇന്ത്യയുടെ മധ്യമേഖലയിലാണ് ഏറ്റവും കൂടുതൽ ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനം റിപ്പോർട്ട് ചെയ്തത്- 198 ദിവസം. വടക്കുപടിഞ്ഞാറൻ മേഖലയിൽ 195 ദിവസം പതിവില്ലാത്ത കാലാവസ്ഥ അനുഭവപ്പെട്ടു. നഷ്‌ടമായ മനുഷ്യജീവനുകളുടെ കാര്യത്തിലും ഇന്ത്യയുടെ മധ്യമേഖല ഏറ്റവും കൂടുതൽ ബാധിക്കപ്പെട്ടു – 887 മരണം. കിഴക്ക്, വടക്കുകിഴക്കൻ മേഖലകളിൽ 783 മരണങ്ങൾ പ്രകൃതി ദുരന്തങ്ങൾ മൂലം ഉണ്ടായി.
കിഴക്കൻ ഇന്ത്യയും വടക്കുകിഴക്കൻ ഇന്ത്യയും 121 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയതും വരണ്ടതുമായ ജൂലൈ ഇത്തവണ കണ്ടു. 2022-ൽ ഈ പ്രദേശത്ത് 121 വർഷത്തിലെ ഏറ്റവും ചൂടേറിയ ഓഗസ്റ്റുമാസം ആയിരുന്നു. കാലാവസ്ഥാ വ്യതിയാനത്തിന്റെ മുഖമുദ്രയാണിത്. അത് ഒറ്റപ്പെട്ട സംഭവങ്ങളായല്ല ഒരു പ്രദേശത്തെ ബാധിക്കുന്നത്. മറിച്ച് സംഭവ പരമ്പരകളായാണ്.
കാലാവസ്ഥാ മാറ്റത്തിന്റെ ഏറ്റവും മോശമായ പ്രത്യാഘാതങ്ങൾ നേരിടുന്ന പാവപ്പെട്ടവരുടെ ഉപജീവനം തകർക്കപ്പെടുന്നു. ആവർത്തിച്ചുള്ള ഈ കാലാവസ്ഥാ തകിടം മറിച്ചിലുകളെ ഓരോ തവണയും നേരിടാനുള്ള അവരുടെ ശേഷി അതിവേഗം കുറഞ്ഞു വരുന്നു, നഷ്‌ടപ്പെടുന്നു.
2022 ജനുവരി മുതൽ സെപ്റ്റംബർ വരെ ഇന്ത്യയിലെ മാറിവന്ന വേനലിലും, മഴക്കാലത്തും, മഞ്ഞുകാലത്തുമൊക്കെ അനുഭവപ്പെട്ട കാലാവസ്ഥയുടെ അസ്വാഭാവിക മാറ്റങ്ങൾ ഇനി വെവ്വേറെ പരിശോധിക്കാം.
ശീതകാലം (ജനുവരി – ഫെബ്രുവരി)
ജനുവരിയിൽ പകൽസമയത്തെ തണുപ്പ് കുറഞ്ഞപ്പോൾ ഫെബ്രുവരിയിൽ സാധാരണയേക്കാൾ അര ഡിഗ്രി തണുപ്പ് കൂടുതൽ അനുഭവപ്പെട്ടു. അതിന്റെ ഫലമായി 30 അതിശൈത്യ ദിവസങ്ങളും 12 ആലിപ്പഴവർഷമുണ്ടായ ദിവസങ്ങളും ഉണ്ടായി. ജനുവരിയിലും അസാധാരണമായി അന്തരീക്ഷത്തിലെ ഈർപ്പമുണ്ടായിരുന്നു. ഫെബ്രുവരി സാധാരണത്തേക്കാൾ വരണ്ടതായിരുന്നു. 25 ദിവസങ്ങളിൽ ഉത്തർപ്രദേശ് അതിരൂക്ഷശൈത്യം നേരിട്ടു. അതിന് പിന്നാലെ മധ്യപ്രദേശിൽ 24 ദിവസങ്ങളിൽ സമാനമായ കാലാവസ്ഥ അനുഭവപ്പെട്ടു.
വർഷപൂർവ്വ മാസങ്ങൾ (മാർച്ച്-മെയ്)
മാർച്ചിലും ഏപ്രിലിലും അസാധാരണമായ ചൂടാണ് ഈ വർഷം വേനൽതുടക്കത്തിലേക്കു നയിച്ചത്. മെയ് മാസത്തിൽ താപനില സാധാരണ നിലയിലായിരുന്നെങ്കിലും, കനത്ത മഴ അസമിലും മേഘാലയയിലും വെള്ളപ്പൊക്കത്തിന് കാരണമായി.
രാജസ്ഥാനിലും അസമിലും 36 ദിവസങ്ങളിലായി നീണ്ട തീവ്ര കാലാവസ്ഥാ സംഭവങ്ങൾ ജനജീവിതത്തെ വല്ലാതെ ബാധിച്ചു. പിന്നാലെ മധ്യപ്രദേശും (32 ദിവസം) ഇതേ പ്രതിഭാസത്തിന് ഇരയായി.
വർഷകാലം (ജൂൺ-സെപ്റ്റംബർ)
2022 ജൂൺ മുതൽ സെപ്തംബർ വരെയുള്ള എല്ലാ 122 ദിവസങ്ങളിലും അതിരൂക്ഷമായ കാലാവസ്ഥാ സംഭവങ്ങൾ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്യപ്പെട്ടു, അവ 2,400-ലധികം മനുഷ്യരുടെ ജീവൻ അപഹരിക്കുകയും 1.8 ദശലക്ഷം ഹെക്ടർ കൃഷിയിടത്തിനും 0.4 ദശലക്ഷം വീടുകൾക്കും കേടുപാടുകൾ വരുത്തുകയും ചെയ്തു.
ഇന്ത്യയിൽ മൊത്തത്തിൽ സാധാരണ മൺസൂൺ അനുഭവപ്പെട്ടപ്പോൾ, വരൾച്ചയും വെള്ളപ്പൊക്കവും പലയിടത്തും മാറി മാറി അനുഭവപെട്ടു. ജൂണിൽ വടക്കുകിഴക്കൻ ഇന്ത്യയിൽ, പ്രത്യേകിച്ച് അസമിലും മേഘാലയയിലും വിനാശകരമായ വെള്ളപ്പൊക്കത്തോടെയാണ് ഇത് ആരംഭിച്ചത്. ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ ഈ പ്രദേശം വരണ്ട ഘട്ടത്തിലൂടെ കടന്നുപോയി. ജൂലൈയിൽ ഗുജറാത്ത്, രാജസ്ഥാൻ, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ വെള്ളപ്പൊക്കമുണ്ടായി. കേരളം, കർണാടക, മധ്യപ്രദേശ്, ഒഡീഷ എന്നിവിടങ്ങളിൽ ഓഗസ്റ്റിൽ പെയ്ത മഴ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യങ്ങൾ കൊണ്ടുവന്നു.
കാലാവസ്ഥ വ്യതിയാനവും നാം നൽകേണ്ടി വരുന്ന വിലയും
വരൾച്ച
20-ാം നൂറ്റാണ്ടിലും 2000 ദശകത്തിലും ദക്ഷിണേഷ്യയുടെ ഭൂരിഭാഗം പ്രദേശങ്ങളിലും ചൂട് കൂടുന്നതായും, താപ തരംഗങ്ങളുടെ ആവൃത്തി വർദ്ധിക്കുന്നതായും ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (IPCC) 2019-ൽ റിപ്പോർട്ട് ചെയ്തു.
ഈ പ്രാദേശിക പ്രവണത രാജ്യത്തും ദൃശ്യമാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ (ഐഎംഡി) ഡാറ്റ സൂചിപ്പിക്കുന്നു.
1901-ന് ശേഷം ഉണ്ടായ ഏറ്റവും ചൂടേറിയ അഞ്ചാമത്തെ വർഷമാണ് 2021 എന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിരുന്നു. രാജ്യത്തെ ഏറ്റവും ചൂടേറിയ പതിനഞ്ചു വർഷങ്ങളിൽ പതിനൊന്നും കഴിഞ്ഞ 15 വർഷങ്ങളിലാണ് (2007-2021) ഉണ്ടായത്. കഴിഞ്ഞ ദശകത്തിൽ (2012-2021) രേഖപ്പെടുത്തിയതിൽ ഏറ്റവും കൂടിയ ചൂടുമായിരുന്നു ഇത്.
അതിവർഷം
പ്രാദേശികമായ കനത്ത മഴയുടെ ആവൃത്തി ഏകദേശം 50 ശതമാനത്തോളം വർദ്ധിച്ചു. ഇത് ആഗോളതാപനത്തിന്റെയും ഭൂവിനിയോഗം/ഭൂപരിധിയിലെ മാറ്റങ്ങൾ പോലുള്ള പ്രാദേശിക ഘടകങ്ങളുടെയും സംയോജനമാണ്; പ്രത്യേകിച്ച് നഗരവൽക്കരണം പോലുള്ള ഘടകങ്ങളുടെ.
കഴിഞ്ഞ 50 വർഷങ്ങളിൽ, അതിശക്തമായ മഴ പെയ്യുന്ന സംഭവങ്ങൾ അത്രയൊന്നും വർധിച്ചില്ലെങ്കിലും, മിതമായ മഴയുടെ എണ്ണം കുറഞ്ഞു. ഇത് ഇന്ത്യയിൽ വെള്ളപ്പൊക്കത്തിന്റെയും വരൾച്ചയുടെയും വർദ്ധനവിന് കാരണമായി. മിതമായ മഴ കുറയുകയും, തീവ്ര മഴ പെയ്യുന്നത് കൂടുകയും ചെയ്തപ്പോൾ മൺസൂണിന്റെ സ്വഭാവം തന്നെ മാറി.
സാമ്പത്തിക പ്രത്യാഘാതങ്ങൾ
ഖാരിഫ്, റാബി സീസണുകളിൽ കടുത്ത താപനിലയുടെ ആഘാതം, കർഷകരുടെ ശരാശരി വരുമാനം 4.3 ശതമാനവും 4.1 ശതമാനവും കുറയ്ക്കുമെന്ന് ഇന്ത്യാ ഗവൺമെന്റിന്റെ കണക്ക് സൂചിപ്പിക്കുന്നു. കാലാവസ്ഥാ വ്യതിയാനം കാർഷിക വരുമാനത്തെ സ്വാധീനിക്കുന്ന പ്രധാന വഴികൾ താപനിലയിലെ വർദ്ധനവ്, മഴയുടെ കുറവ്, വരണ്ട ദിവസങ്ങളുടെ എണ്ണത്തിലെ വർദ്ധനവ് എന്നിങ്ങനെയാണ്. ഇവ മൂന്നും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു. അതിനാൽ കാലാവസ്ഥാ വ്യതിയാനത്തിന്റെ ആകെ ആഘാതം ഇവ ഒന്നിച്ചു ചേരുമ്പോൾ ഉണ്ടാകുന്നതാണ്. അത് ഓരോന്നും വെവ്വേറെ കണക്കാക്കുന്നതിനേക്കാൾ പതിന്മടങ്ങു കൂടുതലായിരിക്കും.
ഹരിതഗൃഹ വാതകങ്ങൾ ലഘൂകരിക്കുന്നതിനുള്ള ആഗോള നടപടി എന്തുതന്നെയായാലും, കാലാവസ്ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ നേരിടാൻ ഇന്ത്യ കൂടുതൽ പണവും, പരിശ്രമവും ചെലവിടേണ്ടി വരുമെന്ന് ഈ കണക്കുകൾ എല്ലാം വളരെ വ്യക്തമായി നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട്.