ഫോട്ടോ ലാബിന്റെ ഗിനിപ്പന്നികൾ
ബഹുമാനപ്പെട്ട ശാസ്ത്രജ്ഞനും സാംസ്കാരിക വിമർശകനും ഒക്കെയായ എതിരൻ കതിരവനും ഫോട്ടോ ലാബിന്റെ പ്രലോഭനത്തിൽ വീണ് എടുത്ത ചിത്രം കണ്ടപ്പോൾ മനസിലങ്കുരിച്ച കാര്യങ്ങൾ എഴുതട്ടെ: നിർമ്മിതബുദ്ധിയുടെ ദോഷലക്ഷ്യങ്ങളിൽ ഒന്നാണ് യൂജെനിക്സ്. അതായത് വംശീയമായി മെച്ചപ്പെട്ട ഒരു മനുഷ്യവർഗത്തെ സൃഷ്ടിക്കുക. മൃഗങ്ങളിൽ ഇത് ബ്രീഡിംഗിലൂടെയും ക്ലോണിങ്ങിലൂടെയും സാദ്ധ്യമായിക്കഴിഞ്ഞു. മനുഷ്യരിൽ സാദ്ധ്യമാകാത്തതു കൊണ്ടല്ല മറിച്ച് അതൊരു മോറൽ എത്തിക്കൽ പ്രശ്നം ആയതു കൊണ്ട് മാത്രമാണ്. വംശം, വർഗം എന്നീ സംജ്ഞകൾ ഞാൻ ഒരു വാചകത്തിൽ ഉപയോഗിച്ചത് ചിലരെങ്കിലും ശ്രദ്ധിച്ചിരിക്കും. മെച്ചപ്പെട്ട വംശം എന്നത് മെച്ചപ്പെട്ടതല്ലാത്ത വർഗങ്ങളെ സൃഷ്ടിക്കുന്നു എന്നു തന്നെയാണ് ഉദ്ദേശിക്കുന്നത്. അങ്ങനെ അതിഭീകരമായ ഒരു വർഗ്ഗീകരണം സമൂഹത്തിൽ ഉണ്ടാകുന്നു. നിർമ്മിത ബുദ്ധിയാൽ സാദ്ധ്യമാകുന്ന ഒരു വരേണ്യവർഗവും അതു വഴി ഉണ്ടാകുന്ന അവക്ഷിപ്ത വർഗ്ഗവും.
നിർമ്മിത ബുദ്ധി വംശീയമായ വരേണ്യതയെ സൃഷ്ടിക്കുന്നത് ക്ലോണിങ്ങിലൂടെയോ സെലക്റ്റീവ് ബ്രീഡിംഗിലൂടെയോ അല്ല. അത് ഡാറ്റയുടെ അധികാരത്തിലൂടെയാണ് സാധിതമാക്കുന്നത്. ഡാറ്റയുടെ അധികാരം എന്നത് ഡാറ്റയുടെ നിയന്ത്രണത്തിലൂടെയുമാണ്. അങ്ങനെ വരുമ്പോൾ സ്മാർട്ട് ഫോണുകൾ വഴിയും സമാനമായ ഗാഡ്ജെറ്റുകൾ വഴിയും ഉള്ള ഡാറ്റാ ഉപയോഗം മനുഷ്യ വംശത്തെ ഒന്നാകെ നിയന്ത്രിക്കാനുള്ള ഉപാധിയാകുന്നു. എന്നാൽ ഏത് വർഗം ഏത് ഡാറ്റ, എത്ര ഡാറ്റ ഉപയോഗിക്കണം എന്നത് വരേണ്യ ന്യൂന പക്ഷം തീരുമാനിക്കുന്നു. വരേണ്യ വർഗ സൃഷ്ടിയിൽ ഇൻവേസീവ് ടെക്നിക്കുകൾ അഥവാ ചിപ്പ് ഇംപ്ലാന്റുകൾ ഉപയോഗിക്കുന്നതിന്റെ സാദ്ധ്യതയെക്കുറിച്ചു പറയുമ്പോൾ നിർമ്മിത ബുദ്ധിയെ കാര്യമായി പഠിച്ചിട്ടുള്ള രാജീവ് മൽഹോത്ര പറയുന്നത് ഇംപ്ലാന്റുകളേക്കാൾ പ്രധാനം ഡാറ്റയുടെ നിയന്ത്രണം എന്നത് തന്നെയാണ് എന്നാണ്. നിർമ്മിത ബുദ്ധി ഇംപ്ലാന്റുകളിലൂടെ ആണെങ്കിലും അല്ലെങ്കിലും ഡാറ്റയുടെ അധികാരത്തിന് പുറത്തുള്ള മനുഷ്യരെല്ലാം ലെഫ്റ്റ് ഓവർ കാറ്റഗറിയിൽ വരും എന്ന് യുവാൽ നോവാ ഹരാരി പറയുന്നു. ജിയോർജിയോ അഗംബെന്റെ ബെയർ ലൈഫ് തീയറി പ്രകാരം ഈ അവക്ഷിപ്ത മനുഷ്യർക്ക് ഡാറ്റാ വരേണ്യ വർഗത്തിന് കീഴടങ്ങി അതിജീവിക്കുകയേ നിവൃത്തിയുള്ളൂ എന്ന് ഹരാരി പറയുന്നു. മനുഷ്യന്റെ ചോയ്സുകൾ നിർമ്മിത ബുദ്ധിയുടെ നിയന്ത്രണത്തിന് വിട്ടു കൊടുക്കുക, അറിവ് സമ്പാദനം ഗൂഗിൾ സെർച്ചായി ചുരുക്കുക എന്നതൊക്കെ ഈ അവക്ഷിപ്ത ജനതയുടെ അതിജീവനതന്ത്രം ആയിക്കഴിഞ്ഞു എന്നും ഹരാരി പറയുന്നു.
ഫോട്ടോലാബിലേയ്ക്ക് വരട്ടെ. ഒരു നിർമ്മിത ബുദ്ധി പ്രോഗ്രാം എങ്ങനെ മനുഷ്യനെ (ബുദ്ധിജീവികൾ ഉൾപ്പെടെ) നിർമ്മിത ബുദ്ധിയുടെ കോർ ഐഡിയോളജിയ്ക്ക് വിധേയപ്പെടുത്തുന്നു എന്നതിന് ഉദാഹരണമാണിത്. നിർമ്മിത ബുദ്ധിയിലൂടെ വന്ന നമ്മുടെ ചിത്രങ്ങളെ നിർമ്മിത ചിത്രങ്ങൾ അഥവാ കൺസ്ട്രക്ടഡ് പിക്ച്ചേഴ്സ് എന്ന് വിളിക്കാം. ഫോട്ടോലാബ് എന്നാണ് പേര് തന്നെ. ഒരു പരീക്ഷണ കേന്ദ്രം. ഈ പരീക്ഷണ കേന്ദ്രത്തിലൂടെ വംശീയവരേണ്യതയുടെ ഒരു ഡിസയറും പ്രത്യയശാസ്ത്രവും രൂപപ്പെടുന്നു എന്ന് മാത്രമല്ല അത് പൊതു സമൂഹത്തിനാകമാനം ആഗ്രഹിക്കത്തക്ക തരത്തിലുള്ള ഒന്നായി മാറുന്നു. കൊക്കേഷ്യൻ-ആംഗ്ലോ-സാക്സൺ ബോഡി ടൈപ്പിലേയ്ക്ക് പരാവർത്തനം ചെയ്യപ്പെടുന്ന നമ്മുടെ അശുരൂപങ്ങൾ പൊടുന്നനെ ഒരു കോൺഫ്ലിക്റ്റിൽ എത്തുകയാണ്. കൗതുകം സംഘർഷമാവുകയാണിവിടെ. നവോമി ക്ലെയിനിന്റെ ഏറ്റവും പുതിയ പുസ്തകമായ ഡോപ്പിൾഗാംഗർ (Doppelganger: A Trip Into the Mirror World) പറയുന്നത് മറ്റൊന്നല്ല. നമ്മുടെ അപരസ്വത്വം രൂപീകരിക്കപ്പെടുന്നതോടെ അതിനെ പ്രതിരോധിക്കുകയോ സ്വീകരിക്കുകയോ ചെയ്യേണ്ട ഒരു ബാധ്യത നമുക്കുണ്ടാകുന്നു. നമ്മുടെ കറുത്ത-തവിട്ടു നിറമുള്ള തൊലിയും കറുത്ത കൃഷ്ണമണിയും കറുത്ത മുടിയും പതിഞ്ഞ മൂക്കുമെല്ലാം വൈറ്റ് സ്റ്റീരിയോ ടൈപ്പിലേയ്ക്കും മാർവൽ യൂണിവേഴ്സ് കഥാപാത്രങ്ങളിലേയ്ക്കും പറിച്ചു നടപ്പെടുമ്പോൾ നമ്മൾ ഇന്ന് പ്രതിരോധിക്കുന്നതിലേറെ അതിനു വഴങ്ങുകയോ അതിനെ സ്വീകരിക്കുകയോ ചെയ്യുന്നത് ഹരാരിയുടെ വാദത്തെ ശരി വയ്ക്കുന്നു. അങ്ങനെ നമ്മൾ നമ്മളല്ലാത്ത ഒന്നിലേയ്ക്ക് പരാവർത്തനം ചെയ്യപ്പെടുമ്പോൾ അതാകാനുള്ള അല്ലെങ്കിൽ അതിന്റെ സുപ്പീരിയോറിറ്റി അംഗീകരിക്കാനുള്ള പ്രവണത രൂപപ്പെടുന്നിടത്താണ് ഡാറ്റ അധികാരികൾ നിയന്ത്രണം ഏറ്റെടുക്കുന്നത്.
പുതിയൊരു രൂപ വരേണ്യത വ്യാജ വരേണ്യതയെ താത്കാലികമായി ഉണ്ടാക്കുന്നത് കൂടാതെ വരേണ്യതയെ ന്യായീകരിക്കാനുള്ള പ്രത്യയശാസ്ത്രപരമായ ഉത്തരവാദിത്തം കൂടി നമുക്ക് തരുന്നു. തമാശയെന്നു കരുതി തള്ളാനാകാത്ത വിധം നിർമ്മിത ചിത്രങ്ങളിൽ അഭിരമിക്കാനുള്ള അടിത്തറ രൂപപ്പെട്ടു കഴിഞ്ഞു. പേഴ്സണൽ ഡിസയർ ഡാറ്റ അധികാരിയുടെ കൈകളിലായിക്കഴിഞ്ഞു. നമ്മൾ അവക്ഷിപ്ത ജനതയാകാൻ സമ്മത പത്രത്തിൽ ഒപ്പിട്ടു കഴിഞ്ഞു. ഫേസ് ആപ്പ്, അവതാർ, പ്രിസ്മ തുടങ്ങിയ പലതും വന്നു പോയതു പോലെ ഇതും പോകും എന്ന് പറയാമെങ്കിലും ഫോട്ടോലാബ് നിർമ്മിത ബുദ്ധിയുടെ നേരിട്ടുള്ള ഉപകരണങ്ങളാക്കുകയാണ് നാമോരോരുത്തരെയും.