കർണാടകയിൽ കടുത്ത കോൺഗ്രസ്സ്-ബി.ജെ.പി പോരാട്ടമെന്ന് “ഈദിന” സർവേ
ആസന്നമായ ലോകസഭാ തിരഞ്ഞെടുപ്പിൽ കർണാടകത്തിൽ കോൺഗ്രസും ബിജെപിയും തമ്മിൽ കടുത്ത പോരാട്ടം നടക്കുമെന്ന് ” ഈ ദിന ” സർവ്വേ കണ്ടെത്തൽ. 2023 മെയ് മാസം നടന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ വൻ വിജയം കൃത്യമായി പ്രവചിച്ച ജനകീയ മാധ്യമസ്ഥാപനമാണ് “ഈദിന” (Eedina.com). സ്ഥാനാർഥിനിർണയം പൂർത്തിയാവുന്നതിന് മുമ്പ് നടത്തിയ ഈ സർവേയിൽ കോൺഗ്രസ് നയിക്കുന്ന ഇന്ത്യ മുന്നണിക്ക് 17 സീറ്റും ബി ജെ പി നയിക്കുന്ന ദേശീയ ജനാധിപത്യ സംഖ്യത്തിനു [ബിജെപി-ജെഡിഎസ് സഖ്യം] 11 സീറ്റുമാണ് പ്രവചിക്കുന്നത്. കർണാടകയിൽ ആകെ 28 ലോക്സഭാ സീറ്റുകളാണ് ഉള്ളത്. തിരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ടത്തിലും (ഏപ്രിൽ 26) മൂന്നാം ഘട്ടത്തിലും (മെയ് 7) ആണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ്.
കോൺഗ്രസിൻ്റെ വോട്ട് വിഹിതം വർധിക്കുന്നതായും ബിജെപിയുടെ വോട്ട് വിഹിതവും സീറ്റുകളും കുറയുന്നതായും സർവേ കാണിക്കുന്നു. പക്ഷെ, സർവേയിൽ പങ്കെടുത്തവരിൽ 45% പേരും നരേന്ദ്രമോദിക്ക് മൂന്നാം തവണയും ഭരണം കിട്ടുന്നതാണ് നല്ലതെന്ന അഭിപ്രായക്കാരാണ്. 2024 ഫെബ്രുവരി 15 മുതൽ മാർച്ച് 5 വരെ ” ഈ ദിന ” ഗ്രൂപ്പ് നടത്തിയ ഈ സർവേയിൽ 52,678-ലധികം ആളുകൾ പങ്കെടുത്തു. ഏഴ് സീറ്റുകളിൽ കടുത്ത പോരാട്ടമാണ് നടക്കുന്നത് എന്ന് സർവേയിൽ എടുത്ത് പറയുന്നുണ്ട്.
സർവേയിൽ പങ്കെടുത്തവർ പ്രധാന വിഷയങ്ങളായി അടയാളപ്പെടുത്തിയത് വിലക്കയറ്റം, പണപ്പെരുപ്പം, രൂക്ഷമായ തൊഴിലില്ലായ്മ എന്നിവയാണ്. സർവേയിൽ പങ്കെടുത്ത 76.55% പേർ അവശ്യവസ്തുക്കളുടെ വില വർദ്ധന ഏറ്റവും വലിയ പ്രശ്നമായി കാണുന്നു. ഏതാണ്ട് 53 ശതമാനം (53.18%) തൊഴിലവസരങ്ങൾ കുറഞ്ഞുവെന്ന് കരുതുന്നു. അഴിമതി വർധിച്ചുവെന്നും (പ്രതികരിച്ചവരിൽ 45.75%) സമ്പന്നരും ദരിദ്രരും തമ്മിലുള്ള അന്തരം വർധിച്ചുവെന്നും (42.02%) ക്ഷേമപദ്ധതികളിൽ ഉൾപെടുന്നവരുടെ എണ്ണം കുറഞ്ഞുവെന്നും (37.63%) സർവേയിൽ പ്രതികരിച്ചവർ അഭിപ്രായപ്പെട്ടു.
വോട്ടിങ് പ്രവണതകളിൽ മാറ്റം
1996 മുതൽ വോട്ട് വിഹിതത്തിൽ ക്രമാനുഗതമായ വർദ്ധനവ് ലഭിച്ച ബിജെപിക്ക് ഈ ലോക്സഭാ തെരഞ്ഞെടുപ്പിൽ വോട്ട് വിഹിതത്തിൽ ഇടിവ് ഉണ്ടാവും എന്നാണ് സൂചന. 2019 ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ബിജെപി 51.38% വോട്ടും കോൺഗ്രസിനു 31.88% വോട്ടും. ജെഡിഎസിന് 9.67% വോട്ടുമാണ് കിട്ടിയത്. ബി.ജെ.പിയുടെ ഈ വോട്ടുവിഹിതത്തിൽ കാര്യമായ കുറവ് ഉണ്ടാകും എന്നാണു സർവേയുടെ സൂചന.
എന്നിരുന്നാലും മോദി ഭരണത്തെ പറ്റി താഴെ പറയുന്ന അഭിപ്രായങ്ങൾ സർവേയിൽ ഉയർന്നു വന്നു.ആഗോള തലത്തിൽ ഇന്ത്യയുടെ സ്ഥാനവും പ്രശസ്തിയും വർദ്ധിച്ചതായി സർവേയിൽ പ്രതികരിച്ച 47.64% പേർ കരുതുന്നു. 56.14% പേർ കോൺഗ്രസ്സിന്റെ ക്ഷേമ പദ്ധതികൾക്ക് അനുകൂലമായി വോട്ട് ചെയ്യുമെന്ന് രേഖപ്പെടുത്തി. പ്രതികരിച്ച സ്ത്രീകളിൽ ഇത് 59.28% ആണ്. 39.67% പേർ കോൺഗ്രസ്സിന്റെ സംസ്ഥാന ഗവൺമെൻ്റ് ഗ്യാരണ്ടി സ്കീമുകൾ സഹായകരമാണെന്ന് കരുതുന്നു, 20.31% കേന്ദ്ര സർക്കാർ പദ്ധതികൾ കൂടുതൽ സഹായകരമാണെന്ന് കരുതുന്നു. 26.31% പേർ കേന്ദ്ര-സംസ്ഥാന പദ്ധതികൾ ഒരു പോലെ ഗുണം ചെയ്യുമെന്ന് അഭിപ്രായപ്പെട്ടു. 35.8% പേർ നരേന്ദ്ര മോദിയുടെ പ്രവർത്തനം തൃപ്തികരമാണെന്നും 33.06% പേർ മോദിയുടെ പ്രവർത്തനം മികച്ചതാണെന്നും അഭിപ്രായപ്പെടുന്നു. 45.19 ശതമാനം പേരും മോദി മൂന്നാം തവണയും അധികാരത്തിൽ വരണമെന്ന് അഭിപ്രായപ്പെടുന്നു.
സർവേയുടെ രീതി
വീടുതോറുമുള്ള, മുഖാമുഖ സർവേകളോടെ, ക്രമാനുഗതമായ സാമ്പിൾ രീതി ഉപയോഗിച്ചാണ് സർവേ നടത്തിയത്. 2023ൽ, കർണാടക തിരഞ്ഞെടുപ്പ് തീയതിയായ മെയ് 10-ന് 21 ദിവസം മുമ്പ് തിരഞ്ഞെടുപ്പ് ഫലം കൃത്യമായി പ്രവചിച്ച ഒരേയൊരു മാധ്യമ സ്ഥാപനമായിരുന്നു “ഈദിന”. 2024-ലെ ലോക്സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിൽ നടത്തിയ ഏറ്റവും വലിയ പ്രീ-പോൾ സർവേയാണ് “ഈദിന”യുടെത്.
സ്ഥാനാർത്ഥികളുടെ പ്രഖ്യാപനത്തിന് മുമ്പുള്ള ഒരു സർവേയാണിത്. സ്ഥാനാർത്ഥിത്വം, തിരെഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ഉയർന്നു വരുന്ന പ്രശ്‌നങ്ങൾ, പാർട്ടികളുടെ പ്രചാരണ രീതി, സിവിൽ സമൂഹത്തിൽ നിന്നുള്ള പ്രതികരണങ്ങൾ എന്നിവ ഈ പ്രവണതകളെ മാറ്റി മറിച്ചേക്കാം എന്ന് ഈ ദിന സർവേ സംഘം എടുത്ത് പറയുന്നുണ്ട്.
ഈ ലേഖനം ഇംഗ്ലീഷിൽ ആദ്യം പ്രസിദ്ധീകരിച്ചത് സബ്രംഗ് ഇന്ത്യയിലാണ്, ഇവിടെ വായിക്കാം.