A Unique Multilingual Media Platform

The AIDEM

Articles Development Economy National Technology

‘ആത്മനിർഭര’ വെടികളും ‘വെടിക്കോപ്പുകളി’ലെ ആത്മനിർഭരതയും

  • March 21, 2024
  • 1 min read
‘ആത്മനിർഭര’ വെടികളും ‘വെടിക്കോപ്പുകളി’ലെ ആത്മനിർഭരതയും

സൈന്യം, പ്രതിരോധം തുടങ്ങിയ മേഖലകൾ ദേശസ്‌നേഹവുമായി ബന്ധപ്പെടുത്തി നിർത്തുകയും അവയ്ക്ക് നേരെ ഉയരുന്ന എല്ലാ ചോദ്യങ്ങളും ദേശവിരുദ്ധമായി പ്രഖ്യാപിക്കുകയും ചെയ്യുക എന്നതാണ് സംഘപരിവാറിന്റെ നടപ്പുരീതി. വളരെ സെൻസിറ്റീവായ ഈ മേഖലയിൽ അധികം ഇടപെടൽ നടത്താൻ രാഷ്ട്രീയ പാർട്ടികളും മാധ്യമങ്ങളും പൊതുവിൽ തയ്യാറാകാറുമില്ല. അതുകൊണ്ടുതന്നെ പ്രതിരോധ മേഖലയെ സംബന്ധിച്ച് എന്ത് അവകാശവാദങ്ങൾ ഭരണകൂടം നടത്തിയാലും അതിനെ വസ്തുതാപരമായി പരിശോധിക്കുവാനോ അവയിലെ കള്ളത്തരങ്ങൾ തുറന്നുകാട്ടാനോ ആരും തയ്യാറാകാറുമില്ല. അഥവാ ഇതുമായി ബന്ധപ്പെട്ട് എന്തെങ്കിലും ചർച്ചകൾ ഉയർന്നുവന്നാൽ തന്നെയും അവ ഒരു പ്രത്യേക വിഭാഗത്തിനകത്ത് മാത്രമായി ഒതുങ്ങുകയും ചെയ്യും.

ധനുഷ് ആർട്ടിലറി ഗൺ റിപ്പബ്ലിക്ക് ദിന റാലിയിൽ

ഈയൊരു സാഹചര്യത്തെ മുതലെടുത്തുകൊണ്ട് പ്രതിരോധ മേഖലയെക്കുറിച്ച് എന്ത് കള്ളത്തരങ്ങളും വിളിച്ചുപറയാൻ രാജ്യത്തെ പ്രധാനമന്ത്രിക്കോ അദ്ദേഹം നയിക്കുന്ന മന്ത്രിസഭയ്‌ക്കോ അതിനെ താങ്ങിനിർത്തുന്ന സംഘപരിവാർ രാഷ്ട്രീയത്തിനോ യാതൊരു മടിയുമില്ലെന്നാണ് മനസ്സിലാക്കേണ്ടത്. ഇന്ത്യൻ പ്രതിരോധ മേഖല ‘ആത്മനിർഭര’മാക്കിയതിനെ സംബന്ധിച്ച് പ്രധാനമന്ത്രി നിരന്തരം വാചാലനാകാറുണ്ട്. എന്നാൽ ഇതിന് പിന്നിലുള്ള സത്യമെന്താണ്?

ദേശസുരക്ഷാ – പ്രതിരോധ സിദ്ധാന്ത വിശ്ലേഷകനായ (ഡിഫൻസ് അനലിസ്റ്റ്) പ്രവീൺ സാഹ്നി ഇതേക്കുറിച്ച് പറയുന്നത് ഓരോ ഇന്ത്യക്കാരനും അറിഞ്ഞിരിക്കേണ്ടതാണ്. പ്രവീൺ സാഹ്നി (Pravin Sawhney) ഇന്ത്യൻ മിലിട്ടറിയിൽ കേണൽ പദവിയിൽ നിന്ന് വിരമിച്ചയാളും, പ്രതിരോധ മേഖലയെ സംബന്ധിച്ച് Force എന്നൊരു ജേർണലിൻ്റെ എഡിറ്ററായി പ്രവർത്തിക്കുന്ന വ്യക്തിയുമാണ്. പ്രധാനമന്ത്രി ആത്മനിർഭർ പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിച്ചതെന്ന് അവകാശപ്പെടുന്ന പടക്കോപ്പുകൾ പലതും വിദേശങ്ങളിൽ നിർമ്മിച്ചവയോ, വിദേശ സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി കേവലം അസംബ്ലിംഗ് നടത്തിയവയോ ആണെന്നാണ് പ്രവീൺ സാഹ്നി അഭിപ്രായപ്പെടുന്നത്.

വജ്ര കെ9 ആർട്ടിലറി ഗൺ റിപ്പബ്ലിക്ക് ദിന റാലിയിൽ

അദ്ദേഹം പറയുന്നു: ”ഇന്ത്യ നിർമ്മിച്ചെതെന്ന് പറയുന്ന ആർട്ടിലറി ഗൺ വജ്ര -കെ9-യുടെ കാര്യമെടുക്കാം. ദക്ഷിണ കൊറിയൻ സാങ്കേതിക വിദ്യ ഉപയോഗിച്ച് ലാർസൻ ആന്റ് ടൂബ്രോ നിർമ്മിച്ച ഈ ഗൺ പൂർണ്ണമായും വിദേശത്ത് നിർമ്മിക്കപ്പെട്ടവയാണ്. ഇതിന്റെ ഒറിജനൽ മാതൃക കെ-93 എന്നാണ് അറിയപ്പെടുന്നത്. ഇതിന് എന്തെങ്കിലും കുറവുകൾ ഉണ്ടെന്നല്ല ഇപ്പറഞ്ഞതിനർത്ഥം. ഇത് പൂർണ്ണമായും വിദേശ നിർമ്മിതമാണെന്ന് മാത്രമാണ്. ഇനി ധനുഷ് എന്ന ആർട്ടലറി ഗണ്ണിന്റെ ഉദാഹരണമെടുക്കാം. 45 കാലിബറുള്ള ഈ ഗൺ ഇന്ത്യയുടെ ഓർഡിനൻസ് ഫാക്ടറിയിൽ ഉണ്ടാക്കിയതെന്നാണ് മറ്റൊരു അവകാശവാദം. വാസ്തവത്തിൽ ധനുഷ് ഗണ്ണിന്റെ നിർമ്മാതാവ് ബോഫോർസ് കമ്പനിയാണ്. ബോഫോർസ് കമ്പനിയിൽ നിന്ന് രാജീവ് ഗാന്ധിയുടെ കാലത്തുതന്നെ ധനുഷ് ടെക്‌നോളജിയുടെ ബ്ലൂപ്രിൻ്റ് ഇന്ത്യ വാങ്ങിയിരുന്നു. വർഷങ്ങളായി ഇന്ത്യൻ ഓർഡിനൻസ് ഫാക്ടറിയുടെ ഫയലുകളിൽ ഒളിച്ചിരുന്ന ധനുഷ് സാങ്കേതികവിദ്യയാണ് വീണ്ടും പൊടിതട്ടിയെടുത്ത് നിർമ്മിച്ചിരിക്കുന്നത്. അടുത്തത് ആകാശ് എയർ ഡിഫൻസ് സിസ്റ്റത്തെക്കുറിച്ച് പരിശോധിക്കാം. റഷ്യയിൽ നിന്ന് 1983 കാലയളവിൽ (ഇന്ദിരാഗാന്ധിയുടെ കാലത്ത്) വാങ്ങിയ ഈ എയർ ഡിഫൻസ് സിസ്റ്റത്തിൽ ചില പരിഷ്‌കരണങ്ങൾ വരുത്തിയതാണ് മോദി അവകാശപ്പെടുന്ന ആത്മനിർഭരത. സമാനമായ രീതിയിൽ തേജസ്, പിനാകാ തുടങ്ങിയ പ്രതിരോധ ഉപകരണങ്ങളുടെ മോദി സർക്കാർ അവകാശപ്പെടുന്ന ‘ആത്മനിർഭരത’ വാസ്തവത്തിൽ കണ്ണിൽ പൊടിയിടൽ മാത്രമാണ്. ‘പിനാക’ എന്ന മൾട്ടി പാരൽ റോക്കറ്റ് ലോഞ്ചർ, വളരെ പഴക്കംചെന്ന, ഇന്ത്യയിൽ തന്നെ വികസിപ്പിച്ചെടുത്ത സാങ്കേതികവിദ്യയാണ്. പല തകരാറുകളും നിലനിൽക്കുന്നതു കാരണം റഷ്യയുടെ സഹായത്തോടെ നടത്തിയ പലവിധ നവീകരണങ്ങൾക്കും ശേഷമാണ് ‘പിനാക’ ഇന്ന് കാണുന്ന രീതിയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്.”

ഇനി ഇന്ത്യ തന്നെ നിർമ്മിച്ചെടുത്ത ‘അർജുൻ’ യുദ്ധ ടാങ്കുകളെക്കുറിച്ച് സാഹ്നി പറയുന്നത് അത് വെളളാനയുടെ ഫലം മാത്രമേ ചെയ്യൂ എന്നാണ്. ചൈനക്കെതിരായ യുദ്ധത്തിൽ അവ കേവല പ്രദർശന വസ്തു മാത്രമായിരിക്കുമെന്നും അദ്ദേഹം വിശദീകരിക്കുന്നു. കാരണം അവയുടെ ഭാരം താങ്ങാൻ ഇന്ത്യയിലെ പാലങ്ങൾക്ക് സാധിക്കുകയില്ല. മറ്റൊരു പ്രമുഖ ഡിഫൻസ് അനലിസ്റ്റായ ഭരത് കർണ്ണാഡും (Bharat Karnad) പ്രതിരോധ മേഖലയിലെ ‘ആത്മനിർഭരതാ’ വെടികളെക്കുറിച്ച് സൂചന നൽകുന്നുണ്ട്.

പ്രവീൺ സാഹ്നിയുടെ വാദങ്ങൾ കൂടുതൽ മനസ്സിലാക്കേണ്ടവർക്ക് അദ്ദേഹം എഡിറ്ററായിട്ടുള്ള Force; a complete news magazine on National Security (forceindia.net) എന്ന ജേർണൽ വായിക്കാം.

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x