A Unique Multilingual Media Platform

The AIDEM

Articles National Society

മുംബൈയിലെ പത്രാത്ഭുതം, അല്ലെങ്കിൽ പത്രങ്ങൾ എങ്ങനെയാണ് അവിശ്വസനീയമായ ആ സാഹസം കാണിച്ചത്?

  • July 17, 2024
  • 1 min read
മുംബൈയിലെ പത്രാത്ഭുതം, അല്ലെങ്കിൽ പത്രങ്ങൾ എങ്ങനെയാണ് അവിശ്വസനീയമായ ആ സാഹസം കാണിച്ചത്?

അത്യാഡംബര അംബാനി വിവാഹത്തിന് ലഭിച്ച മാധ്യമപരിലാളനയെ ആർ രാജഗോപാൽ വിശകലനം ചെയ്യുന്നു. ‘ടെലെഗ്രാഫി’ന്റെ എഡിറ്റർ അറ്റ് ലാർജ് ആണ് അദ്ദേഹം. രാജഗോപാലിന്റെ സാമൂഹ്യമാധ്യമങ്ങളിലെ പോസ്റ്റുകൾ സംക്ഷിപ്ത ലേഖനമായി ദി ഐഡത്തിൽ വായിക്കാം. 


മാധ്യമപഠനസ്കൂളുകൾ കുട്ടികളോട് ‘പ്രധാനപ്പെട്ട’, ‘ചരിത്രപരമായ’, ‘ആകർഷകമായ’, ‘മഹത്തരമായ’, ‘വിശിഷ്ടമായ’, ‘ശ്രേഷ്ഠമായ’ തുടങ്ങിയ വിശേഷണപദങ്ങൾ ഒഴിവാക്കി റിപ്പോർട്ട്‌ തയ്യാറാക്കാൻ ആവശ്യപ്പെടാറുണ്ട്. കണിശമായ റിപ്പോർട്ടിങ് രീതികൾ പരിശീലിപ്പിക്കുന്നതിനു വേണ്ടിയാണു ഇത്. ഞായറാഴ്ചത്തെയും തിങ്കളാഴ്ചത്തെയും പത്രങ്ങൾ ഏറെക്കാലമായി മറന്നുകിടന്ന ആ വ്യായാമത്തെക്കുറിച്ച് എന്നെ ഓർമിപ്പിച്ചു. നരേന്ദ്ര മോദിയെയും രാഹുൽ ഗാന്ധിയെയും പരാമർശിക്കാതെ അംബാനി കല്യാണം കവർ ചെയ്യുകയോ കവർ ചെയ്യാതിരിക്കുകയോ ചെയ്യുക എന്ന അസാധ്യമായ ദൗത്യം മിക്ക പത്രങ്ങളും പിൻവലിച്ചു.

നരേന്ദ്ര മോദി ദമ്പതികളെ അനുഗ്രഹിക്കുന്നു 

ഞാൻ കണ്ട ഒമ്പത് പത്രങ്ങളിൽ ഒരെണ്ണം ഒഴികെ മറ്റൊന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അംബാനിയുടെ വിവാഹത്തിൽ പങ്കെടുത്തതായി പരാമർശിച്ചിട്ടില്ല. ഒരു പത്രം മാത്രമാണ് പ്രധാനമന്ത്രിയുടെ ചിത്രം നൽകിയത്. മാധ്യമങ്ങളെ സംബന്ധിച്ച് എങ്ങനെയാണ് പ്രധാനമന്ത്രിയുടെ വാർത്ത ഒഴിവാക്കാൻ സാധിക്കുന്നത്! അത് ഒരു അത്ഭുതം തന്നെയാണ്.

ഈ ഒഴിവാക്കൽ വളരെ പ്രകടമായിരുന്നു. ഞാൻ ആദ്യം വിചാരിച്ചത് സ്വകാര്യമായ ഒരു ചടങ്ങിൽ പങ്കെടുത്ത അതിഥികളുടെ വിവരങ്ങൾ വെളിപ്പെടുത്താൻ പാടില്ലെന്ന് കരാർ ഉണ്ടായിരിക്കും എന്നാണ്. അല്ലെങ്കിൽ അങ്ങനെ ഒരു നിർദ്ദേശം വളരെ വൈകിയായിരിക്കും അവർക്ക് ലഭിച്ചത് എന്ന് ഞാൻ കരുതുന്നു.

പിന്നീട് ഞായറാഴ്ചത്തെ ടൈംസ് ഓഫ് ഇന്ത്യയിൽ മോദി വിവാഹത്തോട് അനുബന്ധിച്ചുള്ള ഒരു ചടങ്ങിൽ നവവധൂവരന്മാരോടും അവരുടെ മാതാപിതാക്കളോടും ഒപ്പം നിൽക്കുന്ന ചിത്രം കണ്ടു. ചിത്രം പ്രസിദ്ധീകരിച്ച പത്രം പ്രത്യക്ഷത്തിൽ നമുക്ക് രണ്ടു ചോദ്യങ്ങൾക്കുള്ള ഉത്തരങ്ങൾ നൽകി: ഒന്ന്, വിവാഹത്തെക്കുറിച്ചുള്ള കാര്യങ്ങൾ പുറത്തുപോകരുത് എന്ന നിർദ്ദേശം നൽകിയിട്ടില്ലായിരുന്നു. രണ്ട്,സമയപരിധിക്കുള്ളിൽ ടൈംസ് ഓഫ് ഇന്ത്യയ്ക്ക് കൃത്യസമയത്ത് ചിത്രം ലഭിച്ചെങ്കിൽ, മറ്റുള്ളവർ ശ്രമിച്ചാൽ അവർക്കും ലഭിക്കുമായിരുന്നു. അപ്പോൾ മറ്റുള്ളവർ ശ്രമിച്ചില്ല എന്നാണ് നമുക്ക് മനസിലാകുന്നത്.

ഡൊണാൾഡ് ട്രമ്പിന് നേരെയുണ്ടായ വെടിവെപ്പ് റിപ്പോർട്ട് ചെയ്യുന്ന ഇന്ത്യൻ ദിനപത്രം

അമേരിക്കയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ ട്രമ്പിന് നേരെയുണ്ടായ വധശ്രമം ഇന്ത്യയിലെ മാധ്യമങ്ങൾ എല്ലാ വിശദാംശങ്ങളോടും (സംഭവം നടന്ന സ്ഥലത്തെ മാപ്, ഗ്രാഫിക്സ്, ഇതിനു മുന്നേ നടന്ന വധശ്രമങ്ങളുടെ പട്ടിക) കൂടിയാണ് കവർ ചെയ്തത്. ഇന്ത്യൻ മാധ്യമങ്ങൾ ശ്രമിച്ചാൽ അവർക്ക് ചിത്രങ്ങൾ ലഭിക്കാവുന്നതേയുള്ളു എന്ന് ചുരുക്കം. ട്രമ്പിന്റെ വാർത്ത ഇന്ത്യയിലെ മാധ്യമങ്ങൾ കൈകാര്യം ചെയ്ത രീതി കണ്ടാൽ മണിപ്പൂരിൽ ആക്രമണത്തിന് ഇരയാക്കപ്പെട്ടവരേക്കാൾ, കഴിഞ്ഞ ഏതാനും ആഴ്ചകൾക്കിടയിൽ രാജ്യത്ത് ആക്രമിക്കപ്പെട്ട മുസ്ലിങ്ങളെക്കാൾ വാർത്താമുറികൾ കേഴുന്നത് ട്രമ്പിന് വേണ്ടിയാണെന്ന് തോന്നും.

ഞായറാഴ്ച രാവിലെ ഞാൻ വിചാരിച്ചത് തെരഞ്ഞെടുപ്പ് ക്യാമ്പയിനുകളിൽ മോദി ഉണ്ടാക്കിയ ഗതിവേഗം ഒന്നാം പേജിൽ ഇടംപിടിക്കും എന്നാണ്. എന്നാൽ ആ ധാരണ തെറ്റായിരുന്നു. ഉപതെരഞ്ഞെടുപ്പ് ഫലത്തിന്റെ പശ്ചാത്തലത്തിൽ, അംബാനി രാഹുൽ ഗാന്ധിക്ക് പണം നൽകുന്നു എന്ന മോദിയുടെ വെളിപ്പെടുത്തൽ, മോദി അംബാനിയുമായി അടുക്കുന്നു തുടങ്ങിയ കാര്യങ്ങൾ മുൻനിർത്തി ഒരു നല്ല വാർത്ത മാധ്യമങ്ങൾക്ക് നൽകാമായിരുന്നു. എന്നാൽ അതല്ല ഉണ്ടായത്.

രാഹുൽ ഗാന്ധി അംബാനി കല്യാണത്തിൽ പങ്കെടുക്കാതിരുന്നതും വാർത്തയായില്ല. അടുത്ത ദിവസത്തെ പത്രം അച്ചടിക്കാൻ തുടങ്ങിയതിനു ശേഷം കല്യാണസ്ഥലത്ത് രാഹുൽ ഒളിച്ചു കടക്കുകയായിരുന്നു എങ്കിൽ പത്രങ്ങളെ നമുക്ക് കുറ്റം പറയാൻ സാധിക്കില്ല. അതോടൊപ്പം രാഹുലിന്റെ ‘പിസ ചിത്രം’ എന്നെടുത്തതാണ് എന്ന് വ്യക്തവുമല്ല. യഥാർത്ഥ വസ്തുതകൾ പരിശോധിക്കാതെ ചിത്രങ്ങൾ പ്രസിദ്ധീകരിക്കുന്നത് ശരിയല്ല. അതുകൊണ്ട് രാഹുലിനെ ഒഴിവാക്കിയത് നമുക്ക് മനസിലാക്കാം.

രാഹുൽ ഗാന്ധി

ദേശീയ നേതാക്കളിൽ രാഹുൽ ഗാന്ധി മാത്രമാണ് അംബാനി കല്യാണത്തിൽ നിന്ന് വിട്ടുനിന്നതെന്നു (ഈ ലേഖനം എഴുതുന്ന സമയം വരെ )സെന്റ് സ്റ്റീഫൻസ് കോളേജിന്റെ പ്രിൻസിപ്പൽ കൂടിയായ വത്സൻ തമ്പു ചൂണ്ടിക്കാട്ടി. ഇന്ത്യ മുന്നണിയിലെ വിവിധ നേതാക്കൾ കല്യാണത്തിൽ പങ്കെടുത്തു. കോൺഗ്രസ്സ് നേതാവ് ഡികെ ശിവകുമാർ പോലും അവിടെ സന്നിഹിതനായിരുന്നു. ഇന്ത്യൻ പൊതുജീവിതത്തെ സംബന്ധിച്ച് ആവേശകരമായ നിമിഷമായാണ് രാഹുൽ ഗാന്ധിയുടെ അഭാവത്തെ തമ്പു വിശേഷിപ്പിച്ചത്. ‘ഇന്ത്യൻ രാഷ്ട്രീയത്തെ നിയന്ത്രിക്കുന്ന പണാധികാരത്തോടുള്ള നിഷേധമാണ് ഇത്. ജനഹിതം മറികടന്ന് പണമുപയോഗിച്ച് ഗവൺമെന്റുകളെ താഴെയിറക്കുകയും അധികാരത്തിൽ വരികയും ചെയ്യുന്നത് നാം കണ്ടു. കോർപറേറ്റുകളും രാഷ്ട്രീയ പാർടികളും തമ്മിലുള്ള സഖ്യം തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ വെളിപ്പെട്ടു.’

 

അധികാരദല്ലാളന്മാരും കോർപറേറ്റ് പണചാക്കുകളും തമ്മിലുള്ള സഖ്യമാണ് രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി എന്ന് രാഹുൽ ഗാന്ധിയുടെ ‘ബാലബുദ്ധി’ക്ക് മനസിലായി എന്ന് തമ്പു പറയുന്നു. ‘വിലയ്ക്കുവാങ്ങാൻ സാധിക്കാത്ത രാഷ്ട്രീയക്കാർ ഇന്നും നിലനിൽക്കുന്നുണ്ട് എന്ന വ്യക്തമായ സന്ദേശമാണ് രാഹുൽ ഗാന്ധി നൽകുന്നത്. ജനാധിപത്യ ഇന്ത്യയുടെ ചരിത്രത്തിലെ അഭിമാന നിമിഷമാണ് ഇത്. രാഷ്ട്രീയത്തിനപ്പുറം രാഹുൽ ഗാന്ധി ഒരു വലിയ സല്യൂട്ട് അർഹിക്കുന്നുണ്ട്. അംബാനി കല്യാണത്തിലെ അദ്ദേഹത്തിന്റെ അഭാവം ഒരു ശക്തമായ പ്രസ്താവനയാണ്’. അദ്ദേഹം കൂട്ടിച്ചേർത്തു.

 

അംബാനി കല്യാണത്തിൽ നിന്നും രാഹുൽ വിട്ടുനിന്നതിനെക്കുറിച്ച് സുനിത ദേവദാസ് ചെയ്ത മികച്ച ഒരു വീഡിയോ കാണാനിടയായി. തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ട സ്മൃതി ഇറാനിയെ ബുദ്ധിമുട്ടിക്കരുതെന്ന് പറഞ്ഞ രാഹുൽ ഗാന്ധിയുടെ നിലപാടിനെയും അവർ വിഡിയോയിൽ പരാമർശിക്കുന്നു. പൊതുജീവിതത്തിൽ മാന്യതയും സത്യസന്ധതയും കൊണ്ടുവരുന്നതിന്റെ ശ്രമമാണ് ഇത്. ഒരു ഡീലറും (ദല്ലാളും) ലീഡറും (നേതാവും) തമ്മിലുള്ള യഥാർത്ഥ വ്യത്യാസം സുനിത ദേവദാസ് വരച്ചുകാണിക്കുന്നു.

നിങ്ങൾ തമ്പുവിനോടോ ദേവദാസിനോടോ യോജിക്കേണ്ട ആവശ്യമില്ല. രാഷ്ട്രീയനേതാക്കളുടെ കാര്യത്തിൽ, അതിപ്പോൾ രാഹുൽ ഗാന്ധിയായാൽ പോലും, സംശയദൃഷ്ടിയോടെ നോക്കിക്കാണണം എന്നാണ് എന്റെ അഭിപ്രായം.

ശനിയാഴ്ച വൈകുന്നേരം മുംബൈയിൽ നിന്ന് മാറിനിൽക്കാനുള്ള രാഹുൽ ഗാന്ധിയുടെ തീരുമാനം ഒരുപാട് ആളുകൾ ശ്രദ്ധിക്കുകയും അത്ഭുതപ്പെടുകയും ചെയ്തു. ജനങ്ങൾ ശ്രദ്ധിക്കുകയും ചർച്ചയാക്കുകയും ചെയ്യുന്ന ഒരു കാര്യം മാധ്യമങ്ങൾക്ക് എങ്ങനെയാണ് തമസ്കരിക്കാനാവുന്നത്? മോദിയുടെ സാന്നിധ്യത്തെയും രാഹുൽ ഗാന്ധിയുടെ അസാന്നിധ്യത്തെയും പൂർണ്ണമായി ഒഴിവാക്കി പണക്കൊഴുപ്പിനെ മാത്രം കാണിക്കാൻ അവർക്ക് എങ്ങനെയാണ് കഴിഞ്ഞത്?

പ്രതിപക്ഷ പാർട്ടികളിലെ നേതാക്കൾ

പ്രശസ്തരായ വ്യക്തികൾ സാധാരണജനങ്ങൾക്ക് അപ്രാപ്യരാണ്. അങ്ങനെ ജനങ്ങൾക്ക് നേരിട്ട് ചോദ്യം ചോദിക്കാൻ സാധിക്കാത്തവരോട് അവർക്കുള്ള ചോദ്യങ്ങൾ ആരാഞ്ഞ് ഉത്തരങ്ങൾ നൽകുകയല്ലേ പത്രങ്ങളുടെ ധർമം? അതോ ട്രമ്പിന് വെടിയേറ്റ തിന് മിനിറ്റുകൾക്കകം ദി ന്യൂയോർക്ക് ടൈംസിൽ വന്ന വാർത്തകൾ അണുവിട വിടാതെ അതേപടി പകർത്തുകയാണോ വേണ്ടത്?

About Author

ആർ രാജഗോപാൽ

എഡിറ്റർ അറ്റ് ലാർജ്, ദി ടെലെഗ്രാഫ്