കാലാവസ്ഥാ പ്രതിസന്ധി ഒരു യാഥാർത്ഥ്യമായി നമ്മുടെ മുന്നിൽ അവതരിച്ചു കഴിഞ്ഞിരിക്കുന്നു. പ്രതിസന്ധികൾക്ക് കാരണമായി മാറുന്ന ഘടകങ്ങളെ ഇഴപിരിച്ചു കാണാൻ നാം ശ്രമിക്കുകയാണ്. ഈ ഇഴപിരിക്കലിലൂടെ ഓരോ വിജ്ഞാന ശാഖയും തങ്ങളുടേതായ അനുമാനങ്ങളിലേക്കും നിഷ്കർഷതകളിലേക്കും എത്തിപ്പെടുന്നു. ഫലം, വിഷയത്തെ അതിൻ്റെ സമഗ്രതയിൽ മനസ്സിലാക്കുവാനുള്ള അവസരങ്ങൾ നഷ്ടപ്പെടുത്തുക എന്നതായി മാറുന്നു.
ജൈവവ്യവസ്ഥയുടെ പ്രവർത്തനം പരസ്പരാശ്രിതത്വത്തിന്മേലാണ് എന്ന ഒരൊറ്റ ബോധ്യം ഈ പരസ്പരാശ്രിതത്വത്തിന് വിഘാതമാകുന്ന ഘടകങ്ങളെ സമഗ്രതയിൽ മനസ്സിലാക്കാൻ നമ്മെ സഹായിക്കും.
വിവിധ വിജ്ഞാനശാഖകൾ തമ്മിലുള്ള സംവാദ സാധ്യതകൾ ഈയൊരു ബോധ്യത്തിൽ നിന്നും ഉറവെടുക്കും. ആർജ്ജിതാനുഭവങ്ങളും ആധുനിക ശാസ്ത്ര ബോധ്യങ്ങളും മാനവരാശിയുടെ നിലനിൽപ്പിനായി കൈകോർക്കും.
ഭൗതിക വികസനത്തിൻ്റെ നാൾവഴികൾക്കിടയിൽ പാരസ്പര്യം നഷ്ടമായ രണ്ട് വിജ്ഞാനശാഖകൾ തമ്മിലുള്ള ഒരു സംവാദം നമുക്കൊന്ന് സങ്കല്പിച്ചു നോക്കാം.
ഭൗതിക ശാസ്ത്രം: മാനവ സമൂഹത്തിന്റെ മുന്നോട്ടുപോക്കിനെ വളരെയധികം സ്വാധീനിക്കുന്ന ഒരു ശാസ്ത്ര ശാഖയെന്ന നിലയില്‍ താങ്കളുമായി കൂടിക്കാഴ്ച വളരെക്കാലമായുള്ള എന്റെ ആഗ്രഹമാണ്. ഒരു സംഭാഷണത്തിനുള്ള സാധ്യത നമ്മള്‍ തമ്മില്‍ ഉണ്ടെന്ന് ഞാന്‍ കരുതുന്നു.
സാമ്പത്തിക ശാസ്ത്രം: തീര്‍ച്ചയായും. മനുഷ്യന്റെ പരിധിയില്ലാത്ത സ്വപ്നങ്ങള്‍ക്ക് സാക്ഷാത്കാരം നല്‍കാനുള്ള ശ്രമങ്ങള്‍ക്കിടയില്‍ ചില തടസ്സങ്ങള്‍ ഉയര്‍ന്നുവരുന്ന ഘട്ടങ്ങളില്‍ താങ്കളെക്കുറിച്ച് ഞാനും ചിന്തിക്കാറുണ്ട്.
ഭൗ. ശാ: അത്. നന്നായി. അടുത്തകാലത്തായി എന്റെ ചിന്തകള്‍ പരിധിയില്ലാത്ത സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് തന്നെയാണ്. താങ്കളുമായി ഇക്കാര്യം സംസാരിക്കാമല്ലോ. സാമ്പത്തിക വളര്‍ച്ച അനിശ്ചിതമായി തുടരാനാവില്ലെന്നാണ് എന്റെ ഉറച്ച വിശ്വാസം.
സാ. ശാ: എന്താ പറഞ്ഞത്? വളര്‍ച്ച എന്നെന്നേക്കുമായി തുടരാന്‍ കഴിയില്ലെന്നോ?
ഭൗ. ശാ.: അതെ. പ്രപഞ്ചത്തിന്റെ ഭൗതിക പരിമിതികള്‍ (Physical Constraints) ഇക്കാര്യം സ്വയം ഉറപ്പിക്കുന്നുവെന്ന് ഞാന്‍ കരുതുന്നു.
സാ. ശാ.: അത് വളരെ ശരിയായ കാര്യമാണ്. ഒന്നും ശാശ്വതമായി നിലനില്‍ക്കില്ല. ഉദാഹരണത്തിന്, സൂര്യന്റെ ജ്വലനം എക്കാലത്തേക്കുമായി നിലനില്‍ക്കുകയില്ല എന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കോടിക്കണക്കിന് വര്‍ഷങ്ങള്‍ക്കിടയില്‍ എല്ലാം സ്വയം എരിഞ്ഞ് തീരും എന്നത് തന്നെയാണ് സത്യം.
ഭൗ. ശാ: അത്തരമൊരു ശാശ്വത സത്യത്തെക്കുറിച്ചല്ല എന്റെ വിവക്ഷ. മറിച്ച്, ഒട്ടും ദീര്‍ഘമല്ലാത്ത ഒരു സമയക്രമത്തെക്കുറിച്ചാണ്. ഭൂമിയിലെ ഭൗതിക വിഭവങ്ങള്‍-പ്രത്യേകിച്ച് ഊര്‍ജ്ജം-പരിമിതമാണ്, ഇത് സമീപഭാവിയില്‍ത്തന്നെ നിരന്തര വളര്‍ച്ചയ്ക്ക് തടയിട്ടേക്കാം. അല്ലെങ്കില്‍ നമ്മുടെ തിരഞ്ഞെടുപ്പുകള്‍ വളരെ പരിമിതമായി മാറിയേക്കാം. താപഗതിക നിയമങ്ങള്‍ അക്കാര്യം ഉറപ്പാക്കുന്നുവെന്നാണ് ഞാന്‍ പറയാന്‍ ശ്രമിക്കുന്നത്.
സാ. ശാ: സാമ്പത്തിക വളര്‍ച്ചയെ പരിമിതപ്പെടുത്തുന്ന ഘടകമായി ഊര്‍ജ്ജം മാറുമെന്ന് ഞാന്‍ കരുതുന്നില്ല. പരമ്പരാഗത ഫോസില്‍ ഇന്ധനങ്ങള്‍ പരിമിതമാണ് എന്നത് തീര്‍ച്ചയാണ്. എന്നാല്‍ ടാര്‍ സാന്‍ഡ്, ഷെയ്ല്‍ ഓയില്‍, ഷെയ്ല്‍ ഗ്യാസ് തുടങ്ങിയ പാരമ്പര്യേതര വിഭവങ്ങള്‍ അവക്ക് പകരം വയ്ക്കാം. ഇവ തീരുമ്പോഴേക്കും, കാറ്റ്, സൗരോര്‍ജ്ജം, ഭൗമതാപം എന്നിവയുടെ പുനരുല്‍പ്പാദിപ്പിക്കാവുന്ന ചില അടിസ്ഥാന സൗകര്യങ്ങളുടെ അടുത്ത തലമുറ കൂടി നാം നിര്‍മ്മിച്ചിട്ടുണ്ടാകും. കൂടാതെ, ആണവ വിഘടന-സംയോജന (Nuclear Fission & Fussion) സാങ്കേതികവിദ്യകളും കൂടെയുണ്ട്. അതോടൊപ്പം ഇനിയും കണ്ടെത്താന്‍ കഴിയാത്ത പല ഊര്‍ജ്ജ സാങ്കേതികവിദ്യകളും ഉയര്‍ന്നുവരാനിരിക്കുന്നതേയുള്ളൂ.
ഭൗ. ശാ: ശരിയാണ്, അവ സംഭവിച്ചേക്കാം. ഒട്ടും നിസ്സാരമല്ലാത്ത അളവില്‍ത്തന്നെ അവ വികസിക്കുമെന്ന് ഞാനും പ്രതീക്ഷിക്കുന്നു. എന്നാല്‍ ഭാവിയിലെ ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയുടെ ഭൗതിക പ്രത്യാഘാതങ്ങള്‍ പരിശോധിക്കേണ്ടതുണ്ടെന്ന് ഞാന്‍ ഉറച്ചുവിശ്വസിക്കുന്നു. കഴിഞ്ഞ ഏതാനും നൂറ്റാണ്ടുകളായി വാര്‍ഷിക ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയുടെ സാധാരണ നിരക്ക് എന്താണെന്ന് ശ്രദ്ധിച്ചിട്ടുണ്ടോ?
സാ. ശാ: 3-4%ത്തിനിടയിലാണെന്നാണ് തോന്നുന്നത്.
ഭൗ. ശാ: അതെ. 1650 മുതല്‍ ഇന്നുവരെയുള്ള അമേരിക്കന്‍ ഊര്‍ജ്ജ ഉപഭോഗം കണക്കുകൂട്ടിയാല്‍, പ്രതിവര്‍ഷം ഏകദേശം 3% എന്ന നിരക്കിലുള്ള വളര്‍ച്ചാനിരക്ക് കാണാന്‍ കഴിയും. ലോക രാഷ്ട്രങ്ങളുടെ മുഴുവന്‍ സ്ഥിതി ഇതാണെന്നതും ഓര്‍ക്കുക. ഇത്തരമൊരു വളര്‍ച്ചാ പ്രവണത എത്രകാലം തുടരാന്‍ നമുക്ക് കഴിയുമെന്നാണ് താങ്കള്‍ കരുതുന്നത്?
സാ. ശാ.: ശരി, നമുക്ക് നോക്കാം. 3% വളര്‍ച്ചാ നിരക്ക് അര്‍ത്ഥമാക്കുന്നത് 23 വര്‍ഷം പോലെയുള്ള ഇരട്ടി സമയമാണ്. അതിനാല്‍ ഓരോ നൂറ്റാണ്ടിലും 15-20x വര്‍ദ്ധന എന്ന നിരക്കില്‍ ആകാം. താങ്കള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്ന് എനിക്ക് മനസ്സിലായി. എന്നാല്‍ കഴിഞ്ഞ നൂറ്റാണ്ടുകളിലെ ജനസംഖ്യാ വര്‍ദ്ധനവിനെ കണ്ടില്ലെന്ന് നടിക്കരുത്. വരും നൂറ്റാണ്ടുകളില്‍ ജനസംഖ്യാ വര്‍ദ്ധനവ് ഈ രീതിയില്‍ തുടരില്ലെന്ന കാര്യത്തില്‍ സംശയമുണ്ടാകാനിടയില്ലല്ലോ.
ഭൗ. ശാ: തികച്ചും ശരിയാണ്. എന്നാല്‍ ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ച അനിശ്ചിതമായി തുടരാനാകില്ലെന്ന കാര്യത്തില്‍ നമുക്ക് യോജിക്കാമല്ലോ. കൂട്ടത്തില്‍ രണ്ട് കാര്യങ്ങള്‍ കൂടി സൂചിപ്പിക്കേണ്ടതുണ്ട്. ഒന്നാമതായി, ഊര്‍ജ ഉപഭോഗ വളര്‍ച്ച ജനസംഖ്യാ വളര്‍ച്ചയെക്കാള്‍ വളരെ കൂടുതലാണ്. അതിനാല്‍ ആളോഹരി ഊര്‍ജ്ജ ഉപയോഗം കാലക്രമേണ വലിയതോതില്‍ ഉയര്‍ന്നു. ഇന്നത്തെ നമ്മുടെ ഊര്‍ജ്ജ ഉപഭോഗം നമ്മുടെ പൂര്‍വ്വികരേക്കാള്‍ എത്രയോ പതിന്മടങ്ങാണ്. അതുകൊണ്ടുതന്നെ ജനസംഖ്യ സ്ഥിരത പ്രാപിച്ചാലും, പ്രതിശീര്‍ഷ ഊര്‍ജ്ജ വിനിയോഗ വളര്‍ച്ചയ്ക്ക് നാം അടിമപ്പെട്ടിരിക്കുന്നു എന്നതാണ് വസ്തുത. ഈയൊരു ഉപഭോഗ രീതി തുടര്‍ന്നുകൊണ്ടിരിക്കണമെങ്കില്‍ മൊത്തം ഉര്‍ജ്ജ ലഭ്യതയില്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടേയിരിക്കണം.
രണ്ടാമതായി, താപഗതിക നിയമങ്ങള്‍ (Laws of Thermodynamics) ഇത്തരമൊരു ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയ്ക്ക് പരിധി ഏര്‍പ്പെടുത്തുന്നുണ്ടെന്നത് അറിയുക. ആഗോളതാപനം, കാര്‍ബണ്‍ ഡൈ ഓക്‌സൈഡ്, ബില്‍ഡ്-അപ്പ് എന്നിവയെക്കുറിച്ചല്ല ഞാന്‍ സംസാരിക്കുന്നത്. ചെലവഴിച്ച ഊര്‍ജ്ജം (spent energy) ബഹിരാകാശത്തേക്ക് പ്രസരിപ്പിക്കുന്നതിനെക്കുറിച്ചാണ്. ബഹിരാകാശത്തേക്കുള്ള പലായനം, ഇതര ഗ്രഹങ്ങളിലെ കോളനിവല്‍ക്കരണം തുടങ്ങിയ സ്വപ്നങ്ങളെ തല്‍ക്കാലം മാറ്റിനിര്‍ത്തി നമ്മുടെ സംഭാഷണം ഭൂമിയില്‍ പരിമിതപ്പെടുത്തി നിര്‍ത്താമല്ലോ?
സാ. ശാ: നമ്മുടെ ചര്‍ച്ച ഭൂമിയെ അടിസ്ഥാനമാക്കി നിലനിര്‍ത്തുന്നത് തന്നെയാണ് കൂടുതല്‍ ഉചിതം.
ഭൗ. ശാ.: സന്തോഷം. ബഹിരാകാശത്തേക്ക് താപം പ്രസരിപ്പിക്കുന്നതിന് ഭൂമിക്ക് ഒരേയൊരു സംവിധാനം മാത്രമേയുള്ളൂ, അത് (ഇന്‍ഫ്രാറെഡ്) വികിരണം വഴിയാണ്. ഈ പ്രതിഭാസത്തെ നമുക്ക് കൂടുതല്‍ നന്നായി മനസ്സിലാക്കേണ്ടതുണ്ട്. മനുഷ്യവംശം എത്രമാത്രം ഊര്‍ജ്ജം ഉത്പാദിപ്പിക്കുന്നു എന്നത് ഗ്രഹത്തിന്റെ ഉപരിതല താപനിലയെ (Surface Temperature) അടിസ്ഥാനപ്പെടുത്തി പ്രവചിക്കാന്‍ കഴിയും. ഏകദേശം 400 വര്‍ഷത്തിനുള്ളില്‍ ശരാശരി വളര്‍ച്ചാ നിരക്ക് 2.3% എന്ന നിലയില്‍ തിളനില (Boiling temperature)യില്‍ എത്തിക്കാന്‍ നമുക്ക് കഴിയും എന്നതാണ് ഇതിന്റെ ഫലം. ഈ പ്രസ്താവന സാങ്കേതികവിദ്യയില്‍ നിന്ന് സ്വതന്ത്രമാണ്. ഇനിയും കണ്ടെത്തപ്പെട്ടിട്ടില്ലാത്ത ഊര്‍ജ സ്രോതസ്സുകളെക്കുറിച്ച് നമുക്ക് സ്വപ്നം കാണാമെങ്കില്‍ കൂടിയും, അത് താപഗതിക നിയമങ്ങള്‍ അനുസരിക്കുന്നിടത്തോളം കാലം, നിരന്തരമായ ഊര്‍ജ്ജ വര്‍ദ്ധനയോടെ ഈ ഭൂമിയില്‍ നാം നമ്മെത്തന്നെ വേവിച്ചെടുക്കുകയാണ് ചെയ്യുന്നത് എന്ന് സാരം.
സാ. ശാ: അത് ശരിയാണ്. താപ വികിരണത്തെ ആശ്രയിക്കുന്നതിനുപകരം സാങ്കേതികവിദ്യകള്‍ ഉപയോഗപ്പെടുത്തി താപത്തെ മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കില്ലേ?
ഭൗ. ശാ.: പ്രതീക്ഷ നല്‍കുന്ന ഒരു ആലോചനയാണത്. പ്രകാശം, ലേസര്‍, റേഡിയോ തരംഗങ്ങള്‍ തുടങ്ങിയ താപേതര വികിരണം ബഹിരാകാശത്തേക്ക് പ്രവഹിപ്പിക്കാന്‍ നമുക്ക് (ഒരു പരിധി വരെ) കഴിയും. എന്നാല്‍ ഈ ‘സ്രോതസ്സുകള്‍’ ഉയര്‍ന്ന ഗുണതയുള്ള- ലോ എന്‍ട്രോപ്പി- ഊര്‍ജ്ജ രൂപങ്ങളാണ് എന്നതാണ് പ്രശ്‌നം.. പകരം, നമ്മള്‍ ഊര്‍ജ്ജം ഉപയോഗിക്കുന്ന എല്ലാ പ്രക്രിയകളില്‍ നിന്നും മാലിന്യ താപം (Waste Heat) ഒഴിവാക്കുന്നതിനെക്കുറിച്ചാണ് സംസാരിക്കുന്നത്. ഈ ഊര്‍ജ്ജം താപ സ്വഭാവമുള്ളതാണ്. വളരെ കുറഞ്ഞ താപഗതിക ദക്ഷതയില്‍ ഉപയോഗപ്രദമായ ‘ജോലി’ ചെയ്യാന്‍, നമുക്ക് ഇവയില്‍ ചിലത് ഉപയോഗപ്പെടുത്താന്‍ കഴിഞ്ഞേക്കും. ആദ്യംതന്നെ നാം ഉയര്‍ന്ന ഗുണതയുള്ള ഊര്‍ജ്ജം ഉപയോഗിക്കുകയാണെങ്കില്‍ അതിന്റെ അനിവാര്യ പരിണതി എന്ന നിലയില്‍ ഉയര്‍ന്ന എന്‍ട്രോപി മാലിന്യ താപം ഉണ്ടാകുന്നത് ഒഴിവാക്കാനാവാത്തതാണെന്ന വസ്തുതയെ അംഗീകരിച്ചേ മതിയാകൂ.
സാ. ശാ.: ശരി, പക്ഷേ നമ്മുടെ വളര്‍ച്ചാ പാതയ്ക്ക് ഒരു സുസ്ഥിര ഊര്‍ജ്ജ വിനിയോഗ രൂപരേഖ എളുപ്പത്തില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുമെന്ന് ഞാന്‍ ഇപ്പോഴും കരുതുന്നു. ഇത് നമുക്ക് കൂടുതല്‍ കാര്യക്ഷമമായും വളര്‍ച്ചയെ പിന്തുണയ്ക്കുന്ന പുതിയ കാര്യങ്ങള്‍ക്കായും ഉപയോഗിക്കാമെന്ന് തന്നെയാണ് കരുതുന്നത്.
ഭൗ. ശാ: അതിനുമുന്നെ, നമ്മള്‍ വളരെയധികം യോജിപ്പിലെത്താന്‍ സാധ്യതയുള്ള ഒരു കാര്യം കൂടി സൂചിപ്പിക്കേണ്ടതുണ്ട്. 2.3% വളര്‍ച്ചാ നിരക്കില്‍, 400 വര്‍ഷത്തിനുള്ളില്‍ ഭൂമിലേക്ക് പതിക്കുന്ന മൊത്തം സൗരോര്‍ജ്ജത്തിന് സമാനമായ നിരക്കില്‍ നാം ഊര്‍ജ്ജം ഉപയോഗിച്ചിട്ടുണ്ട്. വളര്‍ച്ചാ നിരക്ക് ഇതേരീതിയില്‍ തുടരുകയാണെങ്കില്‍ ഇന്നുതൊട്ട് അടുത്ത 1400 വര്‍ഷത്തിനുള്ളില്‍ ഭൂമിയില്‍ പതിക്കുന്ന മുഴുവന്‍ സൗരോര്‍ജ്ജവുമായി താരതമ്യപ്പെടുത്താവുന്ന ഊര്‍ജ്ജം നാം ഉപയോഗപ്പെടുത്തിയിരിക്കും. 2500 വര്‍ഷമാകുമ്പോഴേക്കും, ഒരു ക്ഷീരപഥം (Galaxy) മുഴുവന്‍ -100 ബില്യണ്‍ നക്ഷത്രങ്ങളുള്ള- ഊര്‍ജം നാം ഉപയോഗിക്കും! നിരന്തര ഊര്‍ജ്ജ ഉപഭോഗ വളര്‍ച്ചയുടെ അസംബന്ധം താങ്കള്‍ക്ക് മനസ്സിലായിക്കാണുമെന്ന് ഞാന്‍ കരുതുന്നു. ചരിത്രപരമായ വീക്ഷണകോണിലൂടെ നോക്കിയാല്‍ 2500 വര്‍ഷങ്ങള്‍ അത്ര ദൈര്‍ഘ്യമേറിയതല്ല. 2500 വര്‍ഷങ്ങള്‍ക്ക് മുമ്പ് നമ്മള്‍ എന്താണ് ചെയ്തിരുന്നത് എന്ന് നമുക്കറിയാം. അതുപോലെ 2500 വര്‍ഷങ്ങള്‍ക്ക് ശേഷം നാം എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് നമുക്ക് കണക്കുകൂട്ടാനും സാധിക്കും.
സാ.ശാ: ഇത് ശരിക്കും ആലോചനാവിഷയം തന്നെയാണ്. ഇത്തരമൊരു ആലോചനയിലേക്ക് കൂട്ടിക്കൊണ്ടുപോയതില്‍ സന്തോഷം. സൗരോര്‍ജ്ജ ഉല്‍പ്പാദനവുമായി തുല്യത കൈവരിക്കാന്‍ ഏകദേശം 1400 വര്‍ഷം വേണ്ടിവരുമെന്നാണ് താങ്കള്‍ പറയുന്നത്?
ഭൗ. ശാ.: അതെ. ഈ സാഹചര്യത്തിലും താപഗതികവുമായി ബന്ധപ്പെട്ട വിഷയം കടന്നുവരുന്നത് താങ്കള്‍ക്ക് കാണാം. 1400 വര്‍ഷത്തിനുള്ളില്‍ സൂര്യനേക്കാള്‍ ആനുപാതികമായ ഊര്‍ജ്ജം ഉത്പാദിപ്പിക്കാന്‍ നാം ശ്രമിക്കുകയും ഭൂമിയില്‍ അത് സാധ്യമാക്കുകയും ചെയ്താല്‍ ഭൗമോപരിതലം സൗരോപരിതലത്തേക്കാള്‍ ചൂടായിരിക്കണമെന്ന് ഭൗതികശാസ്ത്ര നിയമം പറയുന്നു.
സാ. ശാ: എനിക്ക് മനസ്സിലാക്കാന്‍ കഴിയും. ഈ സംഭാഷണം നമുക്ക് തുടരേണ്ടതുണ്ട്.
ഭൗ. ശാ.: തീര്‍ച്ചയായും. മാനവരാശിയെ അടിയന്തിരമായ ഒരു വിനാശത്തില്‍ നിന്ന് തടയിടാന്‍ ഈ സംഭാഷണം തുടരുകതന്നെ വേണം.
(ഹെര്‍മന്‍ ഡാലിയുടെ Ecological Economics: Principles & Applications, ജോര്‍ജെസ്‌ക്യൂ റോഗന്റെ The Entropy Law and the Economic Process, ഡൊണെല്ലാ & ഡെന്നിസ് മെഡോവ്‌സിന്റെ The Limits to Growth, ടോം മര്‍ഫിയുടെ Energy & Human Ambitions on a Finite Planet എന്നീ പുസ്തകങ്ങളെ ആധാരമാക്കി തയ്യാറാക്കിയത്)