
മഖ്ദൂമിൻ്റെ പടാപ്പുറത്തും ഖാദി ഹൗസുകളിലും സ്റ്റെല്ലാർ ഒബ്സർവേറ്ററിയും ഗണിതജ്ഞരുമില്ലാതെ ചന്ദ്രമാസം പിറക്കുമ്പോൾ കോപർനിക്കസിനെ അമ്പരപ്പിച്ച മറിയം ഇജ്‌ലിയയും സർഖാവിയും പുനർവായിക്കപ്പെടുന്ന പ്രമേയമാണ് ഈ ലേഖനം
2874 ൽ ഞാൻ ഉണ്ടാകില്ല.
ആ വർഷത്തിന് ഒരു സവിശേഷതയുണ്ട്. ചന്ദ്രമാസം അടിസ്ഥാനമായ ഹിജ്റ കലണ്ടർ അന്ന് സൗര കലണ്ടറിനെ മറികടക്കും. സൗര കലണ്ടറിനേക്കാൾ പത്ത് ദിവസം നേരത്തെ പുതുവർഷം ആരംഭിക്കുന്ന ഹിജ്റ കലണ്ടർ ‘സഞ്ചരിച്ച്’ 2874ൽ സൗര കലണ്ടറിനൊപ്പം എത്തിച്ചേർന്നാണ് ഈ മറികടക്കൽ.
കലണ്ടറുകൾ ഒട്ടനേകമുണ്ട്. “ഇന്ത്യക്ക് ഇനി വേണ്ടത് മന്ദിരങ്ങളും മിനാരങ്ങളുമല്ല; ഡാമുകളും പാലങ്ങളുമാണ്” എന്ന് പറഞ്ഞ നെഹ്റു സ്വതന്ത്ര ഇന്ത്യയുടെ ആദ്യ നാളുകളിൽ രൂപീകരിച്ച കലണ്ടർ കമ്മീഷൻ ദൗത്യം പൂർത്തിയാക്കുന്നതിനു മുമ്പേ സന്ദേഹിയായ നെഹ്റുവിൻ്റെ ‘ഭൗമ ദൗത്യം’ അവസാനിച്ചു. ഒരു പക്ഷെ, പൂജ്യം കണ്ടെത്തിയ ഇന്ത്യയുടെ മറ്റൊരു സംഭാവനയാകുമായിരുന്നു പുതിയ കലണ്ടർ കോളങ്ങൾ. നിലവിലെ കലണ്ടറുകൾക്ക് അപാകതയുള്ളതായി നെഹ്റുവിൻ്റെ സന്ദേഹമാണ് കമ്മീഷൻ രൂപീകരണത്തിന് നിദാനമായത്.
ജനുവരി ഒന്നിന് പുതുവർഷം ആഘോഷിക്കുന്ന കലണ്ടർ ആരുടെതാണ്? ഒരു പുതുവർഷദിനം ലഭിച്ച സന്ദേശം ഇങ്ങനെയാണ്:
“ജനുവരി ഒന്ന്;
ഇന്നേ ദിവസം മായക്കാരുടെ ഒന്നാം ദിനമല്ല. ജൂതർക്കും അറബികൾക്കും ചീനർക്കും, ഭൂമിയെ വാസസ്ഥലമാക്കിയ മറ്റനേകം ജനതകൾക്കുമതെ. ഇംപീരിയൽ റോം തിരഞ്ഞെടുത്ത തീയ്യതിക്ക് വത്തിക്കാൻ റോം അനുഗ്രഹം ചൊരിഞ്ഞപ്പോൾ വിശ്വജനതയുടെ വർഷങ്ങളായി…”
എത്യോപ്യയിൽ എത്തിയപ്പോഴാണ് കലണ്ടറിൻ്റെ ‘ചെറുത്ത് നിൽപ്’ കണ്ടത്. രാജ്യം മുഴുക്കെ പാരമ്പര്യ നിദാനത്തിൽ സ്വന്തം കലണ്ടറും പഞ്ചാംഗവും ഉണ്ടാകുമെങ്കിലും ആചാരങ്ങളിൽ മാത്രമായി അവ ചുരുങ്ങും. എത്യോപ്യ അങ്ങനെയല്ല. സ്വന്തമായ സമയവും ഉണ്ട്. പ്രചാരത്തിലുള്ള റോമൻ ക്രൈസ്തവ കലണ്ടറിനെക്കോളും ഏഴ് വർഷം പിറകിലാണ് എത്യോപ്യൻ കലണ്ടർ.
മുൻകാലങ്ങളിൽ പുരോഹിതരിൽ വാനനിരീക്ഷകരുണ്ടായിരുന്നു. ചന്ദ്രനെ നിർണ്ണയിച്ച് പുതിയ മാസം കുറിച്ച് കൊടുക്കുന്നത് ഇവരാണ്. രാജാവ് മാസത്തിലെ ആദ്യ തീയ്യതി പ്രഖ്യാപിക്കും. ആ പ്രക്രിയയെ കാലണ്ടസ് എന്നാണ് വിശേഷിപ്പിച്ചിരുന്നത്. റോമൻ, ജർമ്മൻ, ബാബിലോണിയൻ, ലവന്ത്, ഹിബ്രു ജനതകൾ ചന്ദ്രമാസം നിർണ്ണയിച്ചിരുന്നത് അങ്ങനെയാണ്. ഇന്ത്യയിലും ചൈനയിലും നിർണ്ണയിക്കപ്പെട്ടിരുന്നതും സമാനമായിരുന്നു. നമ്മുടെ അമാവാസി പരിചയപ്പെടുത്തേണ്ടതില്ലല്ലോ. റോമൻ തിയ്യതി നിർണ്ണയ മാപിനി എത്യോപ്യയിലെ കോപ്റ്റുകളും ഈജിപ്തിലെ ക്രൈസ്തവ സഭയും അംഗീകരിച്ചിരുന്നില്ല.
ബാബിലോൺ കലണ്ടർ കൊയ്ത്തിന് അനുസൃതമായാണ്. അതിനാൽ വ്യവഹാരങ്ങളിൽ മാസങ്ങൾക്ക് പ്രസക്തിയില്ല. മാസങ്ങൾ നിർണ്ണയിക്കാൻ സിവിൽ കലണ്ടർ ഒരുപാട് നാളുകൾക്ക് ശേഷമാണ് രൂപപ്പെടുന്നത്. അപ്പോഴും രണ്ട് കലണ്ടറുകൾ തുടർന്നു. കൃഷിയിറക്കാൻ സിവിൽ കലണ്ടറും ആചാരങ്ങൾക്ക് പുരോഹിത കലണ്ടറും. സിവിൽ കലണ്ടറിലെ മാസങ്ങൾ മൂന്ന് ഘട്ടങ്ങളാക്കി- നൈലിൻ്റെ കരകവിയൽ, നൈലിൻ്റെ ഒഴുക്ക്, നൈലിൻ്റെ ഉൾവലിയൽ. പ്രളയത്തെ നിർണ്ണയിക്കാൻ സിവിൽ കലണ്ടറിനെ സൂര്യനിലേക്ക് ബന്ധിപ്പിച്ച് ഈജിപ്ത് തയ്യാറാക്കിയതാണ് സിഡ്രിയൽ കലണ്ടർ. അന്ന് കലണ്ടറുകളുടെ ആവശ്യം അത്രയെ ഉള്ളൂ. കാലത്തെ രേഖപ്പെടുത്തിയത് രാജാവിൻ്റെ വാഴ്ച്ചയുടെ ഗണനത്തിലാണ്.
“വാഴ്ച്ചയുടെ രണ്ടാം വർഷം/ നൈലിൻ്റെ കരകവിയലിൻ്റെ മൂന്നാം മാസം അഞ്ചാം നാൾ”
വാമൊഴിയിൽ രേഖപ്പെടുത്തിയ കൂർത്ത ഓർമ്മയുടെ കംപ്യൂട്ടിങ്ങിലെ ഒരു തിയ്യതിയാണിത്. പഴയ നാഗരികതകൾ മാസങ്ങളും ചന്ദ്രൻ്റെ ഭ്രമണവും പലയിടങ്ങളിൽ രേഖപ്പെടുത്തിയിരുന്നു. പത്തൊമ്പതിനായിരം വർഷങ്ങളിലൂടെയുള്ള ചന്ദ്രൻ്റെ ഘട്ടങ്ങൾ ഫ്രാൻസിലെ സാകോക്സ് ഗുഹകളിൽ കൊത്തിവെച്ചത് ഈയടുത്താണ് കണ്ടെത്തിയത്. അധിവർഷം എന്ന് നാം പറയുന്ന ലീപ് ഇയർ ഗണനയും പഴയ കാർഷിക- സിവിൽ കലണ്ടറുകളിൽ ഉണ്ടായിരുന്നു.
ഓരോ വർഷങ്ങളിലും ഓരോ മാസങ്ങൾ രാജാവിൻ്റെ ഉപദേശകരാൽ ചേർക്കലായിരുന്നു. ഭ്രമണവും ദിനരാത്രങ്ങളുടെ കണക്കുകളും ഗ്രഹിച്ചതിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. ഈ കണക്കുകൾ ഇഴകീറിയാണ് അധിവർഷ സങ്കല്പം രൂപപ്പെട്ടത്.
പ്രപഞ്ചത്തിൻ്റെ കേന്ദ്രം ഭൂമിയാണ് എന്ന ബൈബിൾ സങ്കല്പം വരുന്നതിനു മുന്നേയുള്ള കാലത്തെ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലാണ് ഇത് നടപ്പിൽ വന്നത്. ക്രിസ്താബ്ദത്തിന് മുന്നെ 541 ൽ ഈ പ്രക്രിയയ്ക്ക് വ്യവസ്ഥാപിതമായ ഘടകങ്ങൾ തയ്യാറാക്കി. അതിനു മുന്നെ ഓരോ പ്രവിശ്യയും തങ്ങളുടേതായ സൗകര്യങ്ങൾ ഗൗനിച്ചായിരുന്നു ഓരോ വർഷത്തിലെയും മാസങ്ങൾ തീരുമാനിച്ചിരുന്നത്. അധിവർഷത്തിൻ്റെ ഒരു ഘട്ടത്തിനകം, നീട്ടുകയും ചുരുക്കുകയും ചെയ്യുന്ന മാസങ്ങളുടെ ‘കടം’ വീട്ടിത്തീർക്കും .
എത്യോപ്യയിൽ യാത്ര ചെയ്യുമ്പോൾ നാണയനിരക്ക് മാത്രമല്ല ഗണിക്കേണ്ടത്. സമയവും “പരിവർത്തനം” ചെയ്യണം. മനുഷ്യൻ ഉറങ്ങി കിടക്കുന്ന അർദ്ധരാത്രി 00.00 മണിക്ക് തുടങ്ങേണ്ടതല്ല ഒരു ദിവസം എന്നതാണ് അവരുടെ യുക്തി. മിക്ക നാഗരികതയുടെയും സമയം സൂര്യാസ്തമയമോ ഉദയമോ ആസ്പദമാക്കിയാണ്. അറബി കലണ്ടറിൽ ദിനം അസ്തമയത്തിലാണ് “അരുണോദയം” ചെയ്യുന്നത്. അസ്തമയം പുത്തൻ ദിനത്തിൻ്റെ “അരുണിമ” ആവുകയാണ്. ആഗോളമായി നാം ഉപയോഗിക്കുന്ന സമയത്തെ എത്യോപ്യ പറയുന്നത് യൂറോപ്യൻ സമയം എന്നാണ്. മൂന്ന് സമയമാണ് മനസ്സിൽ പതിക്കേണ്ടത്. ഹോം ടൈം- നമ്മുടെ നാട്ടിലെ സമയം, യൂറോപ്യൻ ടൈം- സ്മാർട് ഫോണിൽ കാണുന്ന ആഗോള സമയത്തിൻ്റെ എത്യോപ്യൻ “പ്രാദേശിക” സമയം. “യൂറോപ്യൻ സമയം” അവർ ഗൗനിക്കുന്നില്ല. നമ്മുടെ സൗകര്യത്തിന് ഒരു മനക്കണക്ക് എന്നു മാത്രം. ആറു മണിക്കൂർ മുന്നോട്ടാണ് അവരുടെ ക്ലോക്ക്.
ആഡിസ് അബാബയിലെ മാർക്കാത്തോ മാർക്കറ്റ് വൈകീട്ട് പതിനൊന്ന് മണിവരെ കച്ചവടമുണ്ടാകുമെന്ന വിവരത്താൽ ഒരിക്കൽ സന്ധ്യയോടടുത്ത് അറുമണിക്ക് അവിടെയെത്തിയപ്പോൾ പ്രവർത്തനം അവസാനിപ്പിച്ചതാണ് കണ്ടത്. ആറു മണിയായപ്പോഴേക്കും കടകൾ അടച്ചത് ചോദിച്ചപ്പോൾ ആശ്ചര്യം സമ്മാനിച്ചു; എത്യോപ്യൻ സമയം പതിനൊന്ന് യൂറോപ്യൻ ക്ലോക്കിലെ “പ്രാദേശിക” സമയം അഞ്ച് മണിയാണത്രെ!
എത്യോപ്യൻ കാറ്റലൻ തവാഹിദോ ചർച്ചും റോമൻ ഗ്രിഗോറിയൻ കലണ്ടർ അംഗീകരിക്കുന്നില്ല. കാരണം ഗുരുതരമാണ്. റോമൻ ചാൻസിലർ ബോനഫിഷ്യസ് ഈസ്റ്റർ നാളിനെ തിട്ടപ്പെടുത്താൻ ഒരു കലണ്ടർ തയ്യാറാക്കാനുള്ള ദൗത്യം ഡിയോനിയസ് എക്സിജസിനെ ഏല്പിച്ചു. ക്രിസ്തുവിൻ്റെ ജനനത്തിനും 525 വർഷങ്ങൾക്ക് ശേഷമാണ് ഇതെന്ന് റോമൻ ചർച്ച് പറയുമ്പോൾ എത്യോപ്യയും തവാഹിദോ യും ഏഴ് വർഷത്തിൻ്റെ പിഴവ് ചൂണ്ടുകയാണ്. അതായത് ക്രിസ്തു ജനിച്ചു എന്ന തീയതി കണക്കാക്കിയതിൽ ഏഴു വർഷം മുന്നോട്ട് കടന്നത്രെ. അതിനാലാണ് ഗ്രിഗോറിയനിൽ നിന്നും എത്യോപ്യൻ കലണ്ടറിനെ ഏഴ് വർഷം പിന്നോട്ടേക്ക് വലിച്ചത്. ഈ കലണ്ടറിനെ ജൂലിയൻ കലണ്ടർ എന്ന് വിളിക്കുന്നു.
ക്രൈസ്തവ കലണ്ടർ കണക്കുകൂട്ടലിൽ പിഴവ് കടന്നു എന്ന് പോപ് ബെനഡിക്ട് പതിനാറാമൻ പ്രസ്താവിച്ചത് എങ്ങനെയാണ് ചർച്ചയിൽ നിന്ന് ” മാഞ്ഞുപോയത്” എന്ന് മനസ്സിലാകുന്നില്ല.
മുസ്‌ലിം ഹിജ്റ കലണ്ടർ ഖലീഫ ഉമറിൻ്റെ നിർദ്ദേശത്താൽ തയ്യാറാക്കിയതാണ്. പ്രവാചകൻ മദീനയിലേക്ക് പലായനം ചെയ്ത തിയ്യതി ഹിജ്റ കലണ്ടറിന്റെ ഒന്നാം തിയ്യതി ആക്കി ക്രിസ്താബ്ദം 16 ജൂലൈ 622 എന്ന തിയ്യതിയിൽ കലണ്ടർ കോളം തുടങ്ങി. ഉമർ നവീനമായും സ്പഷ്ടമായും പദ്ധതികൾ ചിന്തിച്ചു. ഉമറിൻ്റെ ഓരോ നയവും സൂക്ഷ്മമായിരുന്നു. സൂയസിലൂടെ ചാലു കീറിയാൽ സഞ്ചാരം എളുപ്പമാകുമെന്ന് ധരിപ്പിച്ച ഈജിപ്ത് ഗവർണ്ണർക്ക് ഉമർ സമ്മതം നൽകിയില്ല. ഫ്രഞ്ച് നാവികർ അതുവഴി കടന്നാൽ അപകടം വ്യാപകമാകും എന്നതായിരുന്നു ഉമറിൻ്റെ “സ്റ്റാറ്റർജിക് ഫോർകാസ്റ്റ്”. ഉമറിൻ്റെ നയങ്ങൾ ഗാന്ധിയെ സ്വാധീനിച്ചത് വെറുതെയല്ല. ഗവർണർമാർ ടർക്കിഷ് കുതിരകളിൽ സഞ്ചരിക്കരുതെന്ന് ഉമർ നിർദ്ദേശിച്ചിരുന്നു. അക്കാലത്തെ അൾട്രാ ലക്ഷ്വറി വാഹനമായിരുന്നത്രെ ടർക്കിഷ് കുതിരകൾ.
അറബ് കലണ്ടറും മാസങ്ങളും പ്രവാചകൻ്റെ കാലത്തിനു മുന്നേ ഉണ്ട്. ഹജ്ജും അതുപോലെ തന്നെ. ഹജ്ജിൻ്റെ ആതിഥേയർ എന്നതാണ് ഖുറൈശി ഗോത്രത്തിൻ്റെ യശസ്സ്. ഹിജ്റ കലണ്ടറിൽ മാസങ്ങളുടെ നാമങ്ങൾ നിലനിർത്തി. ഒരു കുടുംബത്തിൻ്റെ പേരാണ് അറബ് മാസം റജബ്. നിവാരണം ചെയ്യപ്പെടാത്ത എൻ്റെ സംശയങ്ങളിൽ ഒന്നാണ് റബീഉൽ അവ്വൽ (ആരംഭ വസന്തം) റബീഉൽ ആഖിർ (ഒടുവിലെ വസന്തം) എന്ന മാസങ്ങൾ. സീസണുകൾ അടിസ്ഥാനമല്ല അറബ് മാസങ്ങൾ. ഈ കലണ്ടറിൻ്റെ സൗകര്യങ്ങളിൽ ഒന്ന് ഈ “നോൺലീനിയർ സീസണൽ സൈക്കിൾ” തന്നെ. റമദാനിലെ വ്രതാനുഷ്ഠാനം ഒരു പ്രദേശത്തുകാരെ നിത്യ ക്ലേശത്തിലേക്ക് നയിക്കുന്നില്ല. മഴയും വേനലും ശൈത്യവും ശിശിരവും മാറിമാറി വരും. അങ്ങിനെയെങ്കിൽ റബീഇ് മാസങ്ങളിൽ വസന്തം കൊണ്ടുവരുന്നത് ആരാണ്?!
ഉമറിന് ഉത്തരം ഉണ്ടായേക്കും. അധിവർഷങ്ങളടക്കം 19 വർഷത്തെ ചംക്രമണത്തിലുള്ള മെറ്റോണിക് ചക്രങ്ങളിലെ കലണ്ടർ അറേബ്യയിൽ പ്രചാരമുണ്ടായിരുന്നു. 12 മാസത്തിൻ്റെ 12 വർഷങ്ങളും 13 മാസങ്ങളുടെ 7 വർഷങ്ങളും, മൊത്തം 19 വർഷത്തിൻ്റെ സൈക്കിൾ. ഉമർ ഈ കലണ്ടറിന്റെ സാധ്യത പഠിച്ചു. മാസനിർണ്ണയ പ്രക്രിയയിൽ ഭരണതാല്പര്യങ്ങളിലെ സ്വാധീനം ഉണ്ടാകാമെന്ന സന്ദേഹത്താൽ മെറ്റോണിക് കലണ്ടറിനു പകരം ഇന്നത്തെ ഹിജ്റ കലണ്ടർ സങ്കല്പം ഉമർ പ്രാവർത്തികമാക്കി.
ഉമറിൻ്റെ യുക്തി അങ്ങനെയാണ്. ഖലീഫ സ്ഥാനാരോഹിതനായ ഉമറിനെ അലട്ടിയത് നയങ്ങൾ നീതിപൂർവ്വകമാണോ എന്നതായിരുന്നു. ആ വെപ്രാളം വേഷപ്രച്ഛന്നനായി പ്രജാക്ഷേമം അന്വേഷിക്കാൻ ഉമറിനെ ഇറക്കി. മാനസികമായി ഏറ്റവും ആടുപ്പം പുലർത്തിയ പത്നി തന്നെ ഭരണത്തിൽ സ്വാധീനിച്ചേക്കാമെന്ന് ആശങ്കപ്പെട്ടു. വ്യക്തമായ ചിത്രങ്ങളുടെ അടിസ്ഥാനത്തിലാണ് ഉമറിൻ്റെ നയങ്ങൾ; കലണ്ടറും ഭരണവും കുടുംബവും.
165 ലേറെ നക്ഷത്രങ്ങൾക്ക് അറബി നാമങ്ങളാണ് ഇപ്പോഴും. കോപ്പർനിക്കസ് ഗ്രന്ഥങ്ങളിൽ സർഖാവിയും ബത്താനിയും അടിക്കടി പരാമർശിക്കപ്പെട്ടു. ഒമ്പതാം നൂറ്റാണ്ടിൽ ഖലീഫ മഅ്മൂൻ്റെ ദാറുൽ ഹിക്മ (വിവേക സദനം) വിവർത്തനം ചെയ്ത പ്രഥമ കൃതി ടോളമിയുടെ പ്രപഞ്ച പഠനമാണ്. ചന്ദ്രൻ്റെ സമയങ്ങൾ, സിഡറിയൽ സൗരവർഷങ്ങളുടെ ദൈർഘ്യം, ഗ്രഹണ പ്രവചനം എന്നിവയിൽ കേന്ദ്രീകരിച്ച് ട്രിഗണോമെട്രിയിൽ ദാറുൽ ഹിക്മ സൂക്ഷ്മത പുലർത്തി.
ഭൂമിയിൽ നിന്ന് നക്ഷത്രങ്ങളിലേക്കുള്ള ദൂരത്തിനിടെ സൂര്യൻ്റെ സ്ഥാനം നിർണ്ണയിക്കുന്ന അപ്പോജി പ്രക്രിയയിൽ മുസ്‌ലിം ഗോളശാസ്ത്രജ്ഞർ വ്യാപൃതരായി. ഗ്രീക്ക് നിരീക്ഷകർ 65 ഡിഗ്രി ലോങ്ങിറ്റ്യൂഡിൽ സൂര്യനെ “പൊസിഷൻ” ചെയ്തിരുന്നു. പിന്നീട് 82 ഡിഗ്രി ലോങ്ങിറ്റൂഡിൽ “പൊസിഷൻ” ചെയ്ത് കൃത്യത പാലിക്കാൻ പ്രയത്നിച്ച ഗോളശാസ്ത്രജ്ഞനാണ് അൽ-ബത്താനി.
4.6 അടി ഡയാമീറ്റർ ആസ്ട്രൊലാബിൽ ഇബ്നു യൂസുഫ് പണിയെടുത്ത് സൂര്യൻ്റെ പത്തായിരത്തോളം സ്ഥാന നിർണയ “എൻട്രികൾ” രേഖപ്പെടുത്തി. ഖലീഫ മഅ്മൂൻ ബാഗ്ദാദിലും ഡമസ്കസിലും ഒബ്സർവേറ്ററികൾ സ്ഥാപിച്ചു. 1261ൽ സ്ഥാപിച്ച ഒബ്സർവേറ്ററിയുടെ ശിലകൾ കിഴക്കൻ തബ്മസിൽ അവശേഷിക്കുന്നു. സമർഖണ്ഡിലെ നിരീക്ഷകൻ മർഗാൻ ഈ കേന്ദ്രത്തിൽ രാപാർത്തു. താരാപഥങ്ങളുടെ ഗണിതം പഠിക്കാൻ ചൈനയിലേക്ക് യാത്ര ചെയ്തു മർഗാൻ.
സ്റ്റെല്ലാർ വർഷങ്ങളെ ഗണിതത്തിലെ കൃത്യതയാൽ ഉലുബേഗ് രേഖപ്പെടുത്തിയത് 365 ദിവസവും 6 മണിക്കൂറും 10 മിനുട്ടും 8 സെക്കൻ്റും എന്നാണ്. ഈ കണക്കിന് അത്യാധുനിക യുഗം തിരുത്ത് നൽകിയത് കേവലം 62 സെക്കൻ്റ് മാത്രമാണ്.
ആസ്ട്രൊലാബ് നിർമ്മാണത്തിലും ഗ്ലോബ് നിർമ്മാണത്തിലും സ്പെയ്നിലെ കുടുംബങ്ങൾ വ്യാപൃതരായി. മധ്യയുഗ നാവികരുടെ പോക്കറ്റ് വാച്ചും അക്കാലത്തെ “ആസ്ട്രൊണമിക്കൽ അനലോഗ് കമ്പ്യൂട്ടറും” ആയിരുന്നു ആസ്ട്രൊലാബ്. സെക്സാഗെസിമൽ ആനുപാതം ചിട്ടപ്പെടുത്തി സെക്സൻ്റ് ഉപകരണം 994ൽ നിർമ്മിച്ചു. 1387ൽ ചോസർ മകൻ ലെവിസിന് അയച്ച കത്ത് ഇതിൻ്റെ പ്രമാണമാണ്:
“Lewis, My Son…
1. You can be sure that all conclusions have been found
2. Possibly might be found in so noble an instrument as an astrolabe.
3. Are not known perfectly to any mortal man in our region, as I suppose…”
അൽകിന്ദിയുടെ സ്ഫെറിക്കൽ ജിയോമതി നമസ്ക്കാരത്തിന് ഖിബ്‌ലയുടെ ദിശനിർണ്ണയം എളുപ്പമാക്കി. അസ്ട്രോലാബ് നിർമ്മാണത്താൽ അന്തരാളവും സമയവും (Space & Time) കൈപത്തിയിൽ ഒതുക്കി. 944ൽ ജനിച്ച മറിയം ഇജ്ലിയ ആസ്ട്രോലാബ് നിർമ്മാണത്തിൽ പിതാവിനെ സഹായിച്ച് തുടങ്ങി ക്രമേണ സ്വന്തമായ ഉപകരണ ഘടകങ്ങൾ രൂപപ്പെടുത്തി. 967 ൽ ഇജ്ലിയ നിര്യാതയാകുമ്പോൾ വയസ്സ് ഇരുപത്തി മൂന്ന്.
ഈയടുത്ത് വരെയും കേരളത്തിലെ പള്ളികൾ മക്കയിലേക്ക് ഭൂരേഖ നിദാനമാകാതെ പടിഞ്ഞാറ് ദിശ” കണക്കാക്കിയപ്പോൾ അഭിമുഖമാക്കിയത് ആഫ്രിക്കയിലേക്കായിരുന്നു! മലേഷ്യൻ പള്ളികളിൽ ലോങ്ങിറ്റ്യൂഡും ലാറ്റിറ്റ്യൂഡും ഖിബ്‌ല നിർണ്ണയ കോമ്പസിൽ രേഖപ്പെടുത്തിയ സാക്ഷ്യപത്രം ചുവരിൽ തൂക്കിയിട്ടത് കാണാം. കേരളത്തിലെ പള്ളികളിൽ ചുവരിൽ കാണാവുന്നത് സംഘടനാ സ്വത്വം സാക്ഷ്യപ്പെടുത്തുന്ന കലണ്ടറുകളാണ്.
കൾച്ചറൽ ആസ്ട്രണോമി ചർച്ചകളുമായി ബന്ധപ്പെട്ട എത്യോപ്യൻ യാത്രയാണ് കലണ്ടറുകളെ കുറിച്ച് ഇത്രമേൽ ചിന്തിക്കാൻ കാരണമായത്. സമുദ്രനിരപ്പിൽ നിന്ന് 2500 അടി ഉയരത്തിലെ എൻടോട്ടോ കുന്നുകളിൽ സ്വകാര്യ വ്യക്തികൾ രൂപീകരിച്ച സ്പെയ്സ് സൊസൈറ്റിയുടെ ഒബ്സർവേറ്ററിയിലേക്ക് യാത്രയാവുന്നത് ഇതിനെ തുടർന്നാണ്. ഓൾ വീൽ ഡ്രൈവ് വാഹനത്തിലേ അങ്ങോട്ട് എത്താനാകൂ. കൃഷിയുടെ അന്തരീക്ഷം നിർണ്ണയിക്കാനാണ് ഈ ഒബ്സർവേറ്ററി സ്ഥാപിച്ചത്.
ആഡിസ് അബാബ നഗരത്തിലെ ഔട്ട് റീച്ച് കേന്ദ്രത്തിലെ ശാസ്ത്രജ്ഞരുമായി ഹ്രസ്വ സംഭാഷണം നടത്തിയ ശേഷമാണ് നഗരകേന്ദ്രത്തിൽ നിന്നും ഒരു മണിക്കൂർ ദൂരത്തുള്ള ഒബ്സർവേറ്ററിയിലേക്ക് യാത്രയായത്. ഇന്ത്യയിലെ കൾച്ചറൽ ആസ്ട്രണോമി വിവരിക്കുവാൻ അവർ ആവശ്യപ്പെട്ടു. ലളിതമായ സാരാംശം അവർക്ക് നൽകിയത് ഇങ്ങനെയായിരുന്നു:
“കൾച്ചറൽ ആസ്ട്രണോമി അല്ല; റിച്ചുവൽ ആസ്ട്രണോമിയാണ് ഇന്ത്യയിൽ പ്രചാരം. സ്പെയ്സ് ഞങ്ങൾ രണ്ടായി തിരിച്ചിരിക്കുന്നു. ഒന്ന്, ആസ്ട്രണോമി- അത് ശാസ്ത്രജ്ഞരുടേത്. രണ്ട്, ആസ്ട്രളോജി- അത് ജോത്സ്യരുടേത്.
അഞ്ചും പത്തും രൂപ ടിക്കറ്റെടുത്ത് കയറുന്ന നക്ഷത്ര ബംഗ്ലാവുകളാണ് ഞങ്ങളുടെ സിവിൽ ആസ്ട്രണോമി കേന്ദ്രങ്ങൾ
സ്പേസ് ശാസ്ത്രജ്ഞനായ രാഷ്ട്രത്തലവൻ ഞങ്ങൾക്കുണ്ടായിരുന്നു. ഇപ്പോൾ ഞങ്ങളുടെ പ്രധാനമന്ത്രി ശൂന്യാകാശത്തിൽ അതീവ താല്പര്യമെടുക്കുന്നു. ദൂരം ഹരിച്ചെടുക്കുമ്പോൾ ഓട്ടോറിക്ഷയുടെ ഇന്ധന ചിലവുപോലുമില്ലാതെ ഭ്രമണപഥത്തിലേക്ക് ഉപഗ്രഹം അയച്ചുവെന്ന് ഞങ്ങളെ ആവേശഭരിതരാക്കി ഞങ്ങളുടെ പ്രധാനമന്ത്രി”.
ഒബ്സർവേറ്ററിയിലേക്ക് അത്യപാരമായ ഉയരത്തിലേക്കുള്ള യാത്ര ഭൂമിയുടെ അറ്റത്തേക്കെന്നെ പ്രതീതിയേകി. ക്ലിയർ സ്കൈ ലഭിക്കുവാനാണത്രെ ഇവിടം തിരഞ്ഞെടുത്തത്. വാഹനത്തിൻ്റെ ചലനം 7ഡി കസേരയിൽ സഞ്ചരിക്കുന്ന അനുഭവം. ചരൽ വഴികൾക്ക് പ്രത്യേക സൗന്ദര്യമായിരുന്നു. ഉരുണ്ട കല്ലുകൾ, ചെത്തി വൃത്തിയാക്കിയതു പോലുള്ള ചരൽഭിത്തികൾ, പുൽമേട്ടിൽ വെയിൽ പതിഞ്ഞ് വെള്ളിത്തകിട് പോലെ. മൈക്രോസോഫ്റ്റ് എക്സിപി ഡെസ്ക്ടോപ്പ് ചിത്രം ഇവിടെയെവിടെയോ പകർത്തിയതു പോലെ. അവസാനിച്ചെന്ന് കരുതുന്ന ഇടത്തിൽ വഴി തിരിഞ്ഞു കയറ്റവും ഇറക്കവും.
എഴുപത് കടന്ന റഷ്യൻ ശാസ്ത്രജ്ഞനാണ് ഒബ്സർവേറ്ററിയിലെ മുഖ്യനിരീക്ഷകൻ. സാധാരണ വസ്ത്രം ധരിച്ച എന്നെ കണ്ട് അദ്ദേഹം പതിഞ്ഞ സ്വരത്തിൽ പറഞ്ഞു: “ഇവിടെ രാത്രികളിൽ റഷ്യയിലെ മൈനസ് ഡിഗ്രി തണുപ്പാണ്”. തിളങ്ങുന്ന വെള്ളിവെളിച്ചമാണ് ചുറ്റും. മേഘങ്ങളിൽ പല ഭൂപടങ്ങളും. ഒറ്റപ്പെട്ട ചെറു കാറ്റും. മരങ്ങളുടെ കമ്പിൻ്റെ വാസനയും ആ കാറ്റിനൊപ്പം പതുക്കെ തഴുകുന്നുണ്ട്. ഇരുട്ടിയ ശേഷമാണ് നിരീക്ഷണം. ആ വൈകുന്നേരം പുൽത്തകിടിൽ അദ്ദേഹത്തോടൊപ്പം നടന്നു. പത്തടി പിന്നിട്ട ശേഷം അദ്ദേഹത്തിൻ്റെ ആദ്യ ചോദ്യം:
ഡോക്ടർ എബിനറ്റ് ആർസെ നിങ്ങളെ കുറിച്ച് പറഞ്ഞു; എന്താണ് നിങ്ങൾക്ക് ഇത്ര താല്പര്യം?”
റഷ്യൻ യുവതി മിർജാനയും ഞങ്ങളോടൊപ്പം നടന്നു. ചിലിയിലും ദക്ഷിണാഫ്രിക്കയിലും ഒബ്സർവേറ്ററികളിൽ നിരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട് മിർജാന. പടിപടിയായി ഞാൻ വിവരിച്ചു:
“ഞങ്ങളുടെ നാട്ടിൽ വലിയ സംഘർഷമുണ്ട്. വർഷങ്ങൾക്കപ്പുറമുളള ഗ്രഹണവും ഭ്രമണങ്ങളിലെ സഞ്ചാരവും പ്രവചിക്കാമെങ്കിൽ ഓരോ മാസത്തിൻ്റെയും അവസാന ചന്ദ്രൻ്റെ അവസാന കലകൾ കാണാൻ ഒരു ഒബ്സർവേറ്ററിക്ക് സാധ്യമാണോ?
“എന്താണ് സംഘർഷം?” അദ്ദേഹം ചോദിച്ചു.
“ചന്ദ്രൻ്റെ നിർണ്ണയത്തിന് അനുസൃതമായാണ് മാസങ്ങൾ തീരുമാനിക്കുക. ഞങ്ങളുടെ വ്രതവും ആഘോഷവും ഈ നിർണ്ണയത്തിലാണ്. ശാസ്ത്രീയമായ യാതൊരു അച്ചടക്കവുമില്ല.
ശാസ്ത്രം പറയുന്നവർ കേവലം കണക്കുകൾ മാത്രം നിരത്തുന്നു. ചിലപ്പോൾ അവർ ഓട്ടിസ്റ്റിക് സ്വഭാവം കാണിക്കും; തീവ്രതയും. കണക്കുകൾ അവർക്കും തെറ്റാറുണ്ട്.
പാരമ്പര്യ സമൂഹം പത്രങ്ങളിൽ വിജ്ഞാപനം നടത്തലാണ് പതിവ്.
ഞങ്ങളുടെ പൂർവ്വീകർ ഗോള- വാന – നിരീക്ഷണത്തിൽ നിപുണരാണ് . മിക്കവരും ഗോളശാസ്ത്രം പഠിച്ചു. കവി ഉമർ ഖയ്യാം ഒരു ഉദാഹരണം.
ഈജിപ്തിൽ നമസ്കാരത്തിനുള്ള ക്ഷണം – അദാൻ – വിളിച്ചിരുന്നത് മുവാഖീത്തുകൾ ആയിരുന്നു. ടൈം കീപ്പേഴ്സ് എന്ന് അർത്ഥം.
ഇന്ന് അദാൻ വിളിക്കുന്നവർ ഞങ്ങളുടെ പള്ളികളുടെ വാതിൽ തുറക്കുന്നവരും മൂത്രപ്പുരകൾ വൃത്തിയാക്കുന്നവരും ആണ്. ശാരീരിക അവശരുടെ വരുമാനം!
ഞങ്ങളുടെ സംഘടനകൾ സമ്മേളനങ്ങൾക്ക് കോടികൾ ചെലവിടും. ഒബ്സർവേറ്ററി സ്ഥാപിക്കാൻ ആരും ആലോചിക്കുന്നില്ല”.
എൻടോട്ടോ കുന്നുകളിലെ മേച്ചിൽപുറങ്ങളിലൂടെ നടത്തം തുടർന്നു. മൂന്ന് ടെലിസ്കോപുകളാണ് അവിടെയുള്ളത്. നിരീക്ഷണം തുടങ്ങുന്നതിനു മുന്നേയുള്ള സന്ധ്യയിൽ മിർജാന അറബ് കലണ്ടറുകളെ കുറിച്ച് ചോദിച്ചറിഞ്ഞു. ഡമസ്കസിലെ മഅ്മൂൻ ഒബ്സർവേറ്ററിയുടെ ചർച്ച മുഹമ്മദ് ഫാരിസ് എന്ന സിറിയൻ ബഹിരാകാശ സഞ്ചാരിയിലേക്കെത്തി. സോവിയറ്റ് ദൗത്യത്തിലാണ് ഫാരിസ് ബഹിരാകാശത്ത് എത്തിയത്. ഈയടുത്ത് വരെയും തുർക്കിയിൽ “അഭയാർത്ഥി” ആയിരുന്നു ഈ ബഹിരാകാശ സഞ്ചാരി.
സൂര്യരശ്മികൾ സ്വർണ്ണവും ഓറഞ്ചും കലർന്ന നിറമേകി. ആകാശം കൈയ്യെത്തിച്ചാൽ തൊടാവുന്ന സമീപസ്ഥമായി. ഉയരങ്ങളിൽ എത്തുമ്പോൾ പ്രപഞ്ചത്തിന് സൗന്ദര്യം വർദ്ധിക്കും. നമുക്ക് ചുറ്റും സൗന്ദര്യം സ്പർശിക്കും. ബഹിരാകാശത്ത് നിന്ന് ഇന്ത്യയെ കാണാൻ എങ്ങനെയുണ്ടെന്ന് രാകേഷ് ശർമയോട് പ്രധാനമന്ത്രി ഇന്ദിരയുടെ ചോദ്യത്തിന് മറുപടി ഇഖ്ബാലിൻ്റെ വരികളായിരുന്നു:
“സാരേ ജഹാൻ സെ അഛാ, ഹിന്ദു സിതാര ഹമാര…”
ഫാരിസിനോട് സിറിയൻ പ്രസിഡൻ്റ് ഹാഫിസുൽ അസദ് സാറ്റ്ലൈറ്റ് ഫോണിൽ നടത്തിയ സംഭാഷണവും സമാനമായിരുന്നു.
“ഭൂമിയിലേക്ക് നോക്കുമ്പോൾ എൻ്റെ നാട് കാണാം; പുഴകളും അരുവികളും പർവ്വതങ്ങളും…”
കോപ്പർനിക്കസിനെ അമ്പരപ്പിച്ച ഒബ്സർവേറ്ററിയായിരുന്നു മുസ്‌ലിം വാനനിരീക്ഷകരുടേത്. മെഡിറ്ററേനിയനിലും സെൻട്രലേഷ്യയിലെയും ചില രാജ്യങ്ങളിൽ ചന്ദ്രമാസം നിർണ്ണയിക്കുന്നതിന് ഗണിതജ്ഞർ ചാർട്ട് തയ്യാറാക്കുന്ന പതിവുണ്ട് ഇപ്പോൾ.
സ്വന്തമായ ഒബ്സർവേറ്ററിയും ഗണിതജ്ഞരുമില്ലാത്ത ഖാദി ഹൗസുകളിലും മഖ്ദൂമിൻ്റെ പടാപ്പുറത്തും ചന്ദ്രമാസം നിർണ്ണയിക്കാൻ കാപ്പാടും കൊയിലാണ്ടിയും ബേപ്പൂരും പൊന്നാനിയും കടൽ തീരത്ത് കണ്ണുനട്ടിരിക്കലാണ്; നഗ്‌നനേത്രങ്ങളാൽ ചന്ദ്രക്കലയുടെ ദർശനത്തിനായ്
സൂര്യൻ്റെ നിഴലിനെയും ചാൺ-അളവിനെയും ഗണിച്ചല്ല ഇവർ നമസ്കാര സമയം കണക്കാക്കുന്നത്. കലണ്ടറിൽ അച്ചടിച്ച സമയത്തിന് ക്ലോക്കിൽ നോക്കിയാണ് ബാങ്ക് വിളിക്കുന്നത്. ഒബ്സർവേറ്ററി സ്വീകാര്യമല്ലെങ്കിൽ പിന്നെ പള്ളികളിൽ ക്ലോക്കുകൾ ആവശ്യമില്ല.
ഖാദിയുടെ തീരുമാനത്തിന് അർദ്ധരാത്രി കാത്തിരിക്കുന്നത് ആധുനിക നിരീക്ഷണങ്ങൾ ഇത്രയും വികസിച്ച കാലത്താണ്.
ആധിപത്യം ഉറപ്പിക്കാൻ എത്ര കാലം സൗദിയും ഒമാനും തീയതികൾ മുന്നോട്ടും പിന്നോട്ടും നീക്കി നിരക്കും?
ഒരു ഫലിതം അതായിരുന്നു: “ഖിയാമത്ത് നാൾ പ്രഖ്യാപിച്ചു; സൗദിയിലും മറ്റു അറബ് രാജ്യങ്ങളിലും ഇന്ന്. കേരളത്തിൽ നാളെ. ഒമാനിൽ മറ്റന്നാൾ”
മനുഷ്യ നിലനിൽപ്പിന് അനിവാര്യമായ കൃഷിക്ക് കാലഗണന അനിവാര്യമാണ്.
ദശാബ്ദങ്ങളോ നൂറ്റാണ്ടുകളോ കഴിഞ്ഞാലും അതിൽ മാറ്റം വരരുത്. അത് കൃഷിയിറക്കലിനെ ബാധിക്കും.
ഒരു വർഷം എന്നത് Leap year ഒഴികെ 365 ദിവസമാണ് ഹിജ്റ വർഷം കൂടിയാൽ 355 ദിവസങ്ങളും. എല്ലാ മുമ്മൂന്ന് വർഷങ്ങളിലും ഒരു മാസം സ്കിപ് ആയി പോകുന്നു.
മകരത്തിലും ഡിസംബറിലും ലഭിക്കുന്ന തണുപ്പ് ഹിജ്റി മാസങ്ങളിൽ മാറിമാറി വരും.
ജൂൺ ആദ്യത്തിലാണെപ്പോഴും ഇടവപ്പാതി. കാലാവസ്ഥാ മാറ്റങ്ങൾക്കനുസൃതമായി നമുക്ക് തയ്യാറെടുപ്പ് നടത്തണമെങ്കിൽ മാസങ്ങൾക്ക് കാലിക കൃത്യത വേണ്ടേ?
*ഹിജ്റി* ഒരു അശാസ്ത്രീയ കലണ്ടറായാണ് എനിക്ക് തോന്നിയിട്ടുള്ളത്.😊🙏