A Unique Multilingual Media Platform

The AIDEM

Articles Book Review Development Economy

വികസന സംവാദവും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആന്തരിക ദൗർബല്യങ്ങളും

  • March 28, 2025
  • 1 min read
വികസന സംവാദവും ഇന്ത്യൻ ജനാധിപത്യത്തിൻ്റെ ആന്തരിക ദൗർബല്യങ്ങളും

Breaking the Mould എന്ന പുസ്തകത്തിൻ്റെ വായന: ഭാഗം-2

 

“The universe is made of stories; not of atoms” -Muriel Rukeyser (പ്രപഞ്ചം കഥകളാൽ നിർമ്മിക്കപ്പെട്ടതാണ്; കണങ്ങളാലല്ല. – മ്യൂറിയൽ റുകേയ്സർ)

 

വികസനത്തിലും സാമ്പത്തിക വളര്‍ച്ചയിലും ജനാധിപത്യത്തിനും സംവാദത്തിനും വലിയ പ്രാധാന്യമുണ്ടെന്ന് രഘുറാം രാജനും രോഹിത് ലാംബയും വാദിക്കുന്നു.

അതേസമയം വികസന സംവാദങ്ങളിൽ മാർജിനിലെ കുറിപ്പുകളായിപ്പോലും ജനാധിപത്യവും സാമൂഹിക നീതിയും പ്രത്യക്ഷമാകാത്ത വർത്തമാനകാല രാഷ്ട്രീയ സാഹചര്യത്തെ വിശകലന വിധേയമാക്കുന്നതിൽ ലേഖകർ പരാജയപ്പെടുന്നതായും കാണാം.

ഇന്ത്യയിലെ സാമ്പത്തിക വികസന സംവാദങ്ങളുടെ ആന്തരിക ദൗര്‍ബല്യമെന്നത് അത് ജനാധിപത്യത്തെ എതിര്‍വശത്ത് നിര്‍ത്തുന്നു എന്നതാണ്. ജവാഹര്‍ലാല്‍ നെഹ്രു തൊട്ടുള്ള മുഴുവന്‍ രാഷ്ട്രീയ ഭരണ നേതൃത്വങ്ങളും സാമ്പത്തിക വളര്‍ച്ചയ്ക്ക് ജനാധിപത്യം ഒരു ബാധയാണെന്ന് വിശ്വസിച്ചിരുന്നവരാണെന്ന് സൂക്ഷ്മ വിശകലനത്തില്‍ കാണാന്‍ കഴിയും. നെഹ്രുവിയന്‍ വികസന മാതൃകകളോട് അതിന്റെ ഇരകള്‍ പ്രതികരിക്കാനാരംഭിച്ച തൊണ്ണൂറുകളില്‍ രാജ്യത്തെമ്പാടുമായി ജനകീയ മുന്നേറ്റങ്ങള്‍ ഉയര്‍ന്നുവന്നതും വികസനത്തിന്റെ ജനാധിപത്യവിരുദ്ധതയെ തുറന്നുകാട്ടാന്‍ ആരംഭിച്ചതും ഒട്ടും വിദൂരമല്ലാത്ത ചരിത്രമാണ്. ഈ പ്രതിഷേധങ്ങളോടുള്ള പ്രതികരണങ്ങള്‍ എന്ന നിലയില്‍ പുതുസഹസ്രാബ്ദത്തിന്റെ ആദ്യത്തില്‍ പല നിയമ നിര്‍മ്മാണങ്ങളും (വിവരാവകാശം, വനാവകാശം, ഭൂമി ഏറ്റെടുക്കല്‍ നിയമം എന്നിവ ഉദാഹരണങ്ങള്‍) ഉരുത്തിരിഞ്ഞുവന്നത് ശ്രദ്ധേയമാണ്.

മ്യൂറിയൽ റുകേയ്സറിൻ്റെ വാക്കുകൾ ന്യൂയോർക്കിലെ പാതകളിൽ ആലേഖനം ചെയ്തിരിക്കുന്നു (Source: Instagram)

എന്നാല്‍ ഇതേ കാലയളവില്‍, മറ്റൊരുഭാഗത്ത്, ഇന്ത്യയില്‍ വലതുപക്ഷ തീവ്ര ഹിന്ദുത്വ പ്രസ്ഥാനങ്ങളും ശക്തിയാര്‍ജ്ജിച്ചുകൊണ്ടിരുന്നുവെന്നതും വസ്തുതയാണ്. സാമ്പത്തിക വികസന സംവാദങ്ങള്‍ ജനാധിപത്യവല്‍ക്കരിക്കപ്പെടുകയും നടപ്പുവികസന മാതൃകകള്‍ ചോദ്യം ചെയ്യപ്പെടുകയും ചെയ്യുന്നതിന് തടയിടേണ്ടത് അവയുടെ ഗുണഭോക്താക്കളെ സംബന്ധിച്ചിടത്തോളം പ്രധാനമായിരുന്നു. ദേശീയത, ഉറച്ച നേതൃത്വം, സാമ്പത്തിക വളര്‍ച്ച എന്നിവ ഭൂരിപക്ഷ വര്‍ഗ്ഗീയതയുടെ മൂശയിലൂടെ കടത്തിവിട്ടാല്‍ മേല്‍പ്പറഞ്ഞ ചോദ്യങ്ങളെ നേരിടാനോ അവഗണിക്കാനോ സാധിക്കുമെന്ന് സാമ്പത്തിക വളര്‍ച്ചാവാദികള്‍ക്ക് അറിയാമായിരുന്നു. ദുര്‍ബലമായ രീതിയിലെങ്കിലും സംവാദങ്ങള്‍ക്ക് ഇടം നല്‍കിയിരുന്ന ഇന്ത്യന്‍ ജനാധിപത്യം ഏകാധിപത്യത്തിന്റെ പൂര്‍വ്വ സൂചനകള്‍ പ്രകടിപ്പിക്കാനാരംഭിച്ച കാലമായിരുന്നു അത്.

ജവാഹര്‍ലാല്‍ നെഹ്രുവില്‍ നിന്നും നരേന്ദ്ര മോദിയിലേക്ക് എത്തി നില്‍ക്കുന്ന ഇന്ത്യന്‍ ‘ജനാധിപത്യ’ത്തിന്റെ ആന്തരിക ദൗര്‍ബല്യങ്ങളെ ആഴത്തില്‍ വിശകലന വിധേയമാക്കാതെ രാജ്യത്തിന്റെ സാമ്പത്തിക ഭാവിയെക്കുറിച്ചുള്ള ആലോചനകളും സങ്കല്പനങ്ങളും നിലവിലുള്ള സാമൂഹിക അസമത്വത്തെ അതേപടി നിലനിര്‍ത്താനോ അല്ലെങ്കില്‍ അതിന്റെ ആഴം വര്‍ദ്ധിപ്പിക്കുവാനോ മാത്രമേ സഹായിക്കുകയുള്ളൂ എന്നതാണ് സത്യം.

ജവഹർലാൽ നെഹ്‌റു

”ജനങ്ങള്‍ക്ക് ആസ്വദിക്കാന്‍ സാധിക്കുന്ന തരത്തില്‍ യഥാര്‍ത്ഥ സ്വാതന്ത്ര്യം വികസിതമാകുന്ന പ്രക്രിയയായിരിക്കണം വികസനം” എന്ന് അമര്‍ത്യാസെന്‍ ‘ഡവലപ്പ്‌മെന്റ് ഈസ് ഫ്രീഡം’ (Developmet is Freedom) എന്ന പുസ്തകത്തില്‍ വികസനത്തെ നിര്‍വ്വചിക്കുന്നുണ്ട്. ജനങ്ങളുടെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തെ ഹനിക്കുന്ന ഒരു പ്രവൃത്തിയെയും ‘വികസനം’ എന്ന് വിശേഷിപ്പിക്കാന്‍ സാധ്യമല്ലെന്നതാണ് സെന്‍ പറഞ്ഞുവെക്കുന്നത്. വികസനത്തെയും ജനാധിപത്യത്തെയും സംബന്ധിച്ച ഇത്തരത്തിലുള്ള എല്ലാ സങ്കല്പങ്ങളും മോദി കാലം അപ്രസക്തമാക്കുന്നുവെന്നാണ് കാണാന്‍ കഴിയുന്നത്.

കെയ്‌നീഷ്യന്‍ സാമ്പത്തിക സിദ്ധാന്തങ്ങളുടെ ആരാധകനായ രഘുറാം രാജന്‍ ഇന്ത്യയുടെ സാമ്പത്തിക ഭാവിയെ സംബന്ധിച്ചുള്ള സങ്കല്പനങ്ങള്‍ മുന്നോട്ടുവെക്കുമ്പോള്‍ അതില്‍ ജനാധിപത്യത്തെയും വികസനത്തെയും കുറിച്ചുള്ള സംവാദസ്ഥലികള്‍ വളരെ നേര്‍ത്തതായിരിക്കുമെന്ന് അറിയായ്കയല്ല. എന്നിരുന്നാലും മോദിണോമിക്‌സിനോട് കലഹിച്ച് നില്‍ക്കുകയും അവയുടെ നിരന്തര വിമര്‍ശകനായി മാറുകയും ചെയ്ത ഒരാളെന്ന നിലയില്‍ രാജ്യത്തെ സെക്യുലര്‍ സമൂഹത്തിനകത്ത് നിര്‍ണ്ണായകമായ സ്വാധീനം ചെലുത്താന്‍ രഘുറാം രാജന് സാധിച്ചിട്ടുണ്ടെന്നത് യാഥാര്‍ത്ഥ്യമാണ്. അതുകൊണ്ടുതന്നെ പുതിയ കാലത്ത് നമ്മുടെ പ്രതീക്ഷകളെ പുനഃപ്രതിഷ്ഠിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങള്‍ക്ക് സ്വീകാര്യത ലഭ്യമാകുമെന്നത് നിസ്സംശയമാണ്.

മോദിണോമിക്‌സ് തകര്‍ത്തെറിഞ്ഞ ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ പുനഃസംഘടിപ്പിക്കാനുള്ള വഴികള്‍, പുതുസങ്കല്പനങ്ങള്‍, രഘുറാം രാജനും രോഹിത് ലാംബയും മുന്നോട്ടുവെക്കുമ്പോള്‍ ബോധപൂര്‍വ്വം തന്നെ വിട്ടുകളയുന്നതോ ശൂന്യതയില്‍ നിര്‍ത്തുന്നതോ ആയ കാര്യം തൊണ്ണൂറുകളില്‍ ഉയര്‍ന്നുവന്ന വികസന സംവാദങ്ങളാണ് എന്ന് പറയേണ്ടതുണ്ട്. ആഗോള സാമ്പത്തിക ശക്തിയായി ഇന്ത്യയെ മാറ്റിയെടുക്കാനുള്ള ഓട്ടത്തില്‍ നാം നഷ്ടപ്പെടുത്തുന്നവയെന്താണെന്ന് ഉറക്കെപ്പറയേണ്ടതുണ്ട്.

രഘുറാം രാജനും രോഹിത് ലാംബയും തങ്ങളുടെ പുസ്തകത്തില്‍ അമേരിക്കന്‍ എഴുത്തുകാരനായ സുകേതു മേഹ്തയെ

ഈ രീതിയില്‍ ഉദ്ധരിക്കുന്നുണ്ട്. “a populist is, basically, a gifted storyteller; someone who can tell a false story well. And the way to fight them is by telling a true story better.” (അടിസ്ഥാനപരമായി ഒരു കേവല ജനപ്രിയവാദകർ കപടമായ ഒരു കഥ നന്നായി പറയാൻ കഴിവുള്ള കഥ പറച്ചിലുകാരാണ്. അവരെ പൊരുതാനുള്ള വഴി സത്യം അവരെക്കാൾ നന്നായി അവതരിപ്പിക്കുന്നതിൽ ആണ്.)

ഒരുകാര്യം തീര്‍ച്ചയാണ്. കഥകള്‍ കൊണ്ട് നിര്‍മ്മിച്ച സാമൂഹ്യസന്ദര്‍ഭങ്ങളിലും ഭൂമിശാസ്ത്ര പരിധികളിലും ജീവിക്കാന്‍ വിധിക്കപ്പെട്ടവരാണ് നാം. കല്പിത കഥകളിലെ യാഥാര്‍ത്ഥ്യങ്ങള്‍ കണ്ടെത്തുക എന്നത് കൂടുതല്‍ കൂടുതല്‍ ശ്രമകരമായി മാറിക്കൊണ്ടിരിക്കുന്നു. വികസനയന്ത്രത്തിന്റെ വാര്‍പ്പ് മാതൃകയ്ക്ക് ഒരു പരുക്കും ഏല്‍പ്പിക്കാതിരിക്കാന്‍ ഇരുവരും നല്‍കുന്ന മായക്കാഴ്ചകള്‍ക്ക് സാധിക്കുന്നുണ്ട് എന്ന് ഉറപ്പിച്ച് പറയേണ്ടതുണ്ട്.

അമേരിക്കൻ പൊളിറ്റിക്കൽ ആക്ടിവിസ്റ്റും കവിയുമായ മ്യൂറിയൽ റുകേയ്സറിൻ്റെ “The universe is made of stories; not of atoms” -Muriel Rukeyser (പ്രപഞ്ചം കഥകളാൽ നിർമ്മിക്കപ്പെട്ടതാണ്; കണങ്ങളാലല്ല. – മ്യൂറിയൽ റുകേയ്സർ) എന്ന വരികൾ ഈ സത്യ-അസത്യ കഥകൾക്കിടയിലെ നമ്മുടെ ജീവിതത്തെ ഓർമ്മിപ്പിക്കുന്നു എന്നുകൂടി പറഞ്ഞുവെക്കട്ടെ.


രണ്ടു ഭാഗങ്ങൾ ഉള്ള ഈ നിരൂപണം ഇതോടെ പൂർത്തിയാവുന്നു. ഈ ലേഖനത്തിന്റെ ഒന്നാം ഭാഗം വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക. 

About Author

കെ. സഹദേവൻ

പരിസ്ഥിതി പ്രവർത്തകൻ, എഴുത്തുകാരൻ, ഇന്ത്യയിലെ വിവിധ ജനകീയ സമരങ്ങളുമായി ബന്ധപ്പെട്ട് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്നു. പരിസ്ഥിതി, ഊർജ്ജം, സാമ്പത്തികശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ ആനുകാലികമാസികകളിലടക്കം എഴുതുന്നു.

Subscribe
Notify of
guest
0 Comments
Inline Feedbacks
View all comments
0
Would love your thoughts, please comment.x
()
x