ഇക്കോളജിസ്റ്റായ മാര്‍ക്സ്: അപവളർച്ച(degrowth)യുടെ സൈദ്ധാന്തിക സരണികൾ

കുഹൈ സെയ്തോയുടെ ‘മാര്‍ക്സ് ഇന്‍ ദ ആന്ദ്രപോസീന്‍: ടുവേര്‍ഡ്സ് ദ ഐഡിയ ഓഫ് ഡീ ഗ്രോത്ത് കമ്യൂണിസം’ എന്ന പുസ്തകത്തിന്റെ വായന. (ഭാഗം – 3)
മാര്‍ക്സിന്റെ ‘ചരിത്രപരമായ ഭൗതികവാദം’ അതിന്റെ സാമ്പത്തിക നിര്‍ണ്ണയത്വത്തിന്റെ പേരില്‍ ആവര്‍ത്തിച്ച് വിമര്‍ശിക്കപ്പെടുന്നതില്‍ അതിശയിക്കാനില്ലെന്ന് കാള്‍ പോപ്പര്‍ (Popper, 1967) വിലയിരുത്തുന്നുണ്ട്. സാമ്പത്തിക നിര്‍ണ്ണയവാദത്തിന്റെ രണ്ട് പ്രധാന സവിശേഷതകള്‍; ‘ഉല്പാദനവാദം’, ‘യൂറോസെന്‍ട്രിസം’ എന്നിവയാണ്. മുതലാളിത്ത നവീകരണത്തിന്റെ ശുഭാപ്തിവിശ്വാസത്തോടെയുള്ള അംഗീകാരമാണ് ഉല്‍പ്പാദനവാദത്തിന്റെ സവിശേഷത. കാരണം കമ്പോള മത്സരത്തിന് കീഴില്‍ അവതരിപ്പിക്കപ്പെട്ട സാങ്കേതികവും ശാസ്ത്രീയവുമായ കണ്ടുപിടുത്തങ്ങളും നവീകരണങ്ങളും ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും കുറഞ്ഞ ജോലി സമയത്തിനും കാരണമാകുന്നുവെന്നും ഭരണവര്‍ഗത്തിലെ ഒരു ചെറു വിഭാഗങ്ങള്‍ക്കിടയില്‍ നാളതുവരെ ഒതുങ്ങിയിരുന്ന സമ്പന്ന ജീവിതം തൊഴിലാളിവര്‍ഗത്തിന് ലഭ്യമാകുന്നുവെന്നും അത് നിഷ്കര്‍ഷിക്കുന്നു. ഉല്‍പ്പാദന ശക്തികളുടെ വികാസം ചരിത്രപരമായ പുരോഗതിയുടെ പ്രധാന ചാലകശക്തിയായി പരിഗണിക്കപ്പെടുന്നതിനാല്‍ മുതലാളിത്ത വികാസത്തെ ത്വരിതപ്പെടുത്തല്‍ മനുഷ്യ വിമോചനത്തിലേക്കുള്ള ഏറ്റവും കാര്യക്ഷമമായ പാതയായി മാറുന്നുവെന്നായിരുന്നു ആദ്യകാല മാര്‍ക്സിന്റെ നിഗമനം.
അത്തരമൊരു ഉല്‍പ്പാദനവാദ കാഴ്ചപ്പാട് ഒരേസമയം ചരിത്രത്തിന്റെ രേഖീയ പുരോഗതിയെ മുന്നോട്ടുവെക്കുന്നതോടൊപ്പം, മുതലാളിത്തപൂര്‍വ്വ രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഉയര്‍ന്ന ഉല്പാദന ശക്തികളുള്ള പാശ്ചാത്യ-മുതലാളിത്ത രാജ്യങ്ങള്‍ ചരിത്രത്തിന്റെ ഉയര്‍ന്ന ഘട്ടത്തില്‍ സ്ഥിതി ചെയ്യുന്നതായും കണക്കാക്കുന്നു. സോഷ്യലിസം സ്ഥാപിക്കാന്‍ മറ്റ് മുതലാളിത്തേതര രാജ്യങ്ങളും മുതലാളിത്ത വ്യവസായവല്‍ക്കരണത്തിന്റെ യൂറോപ്യന്‍ പാത പിന്തുടരേണ്ടതുണ്ടെന്ന് അത് നിഷ്കര്‍ഷിക്കുന്നു. എന്നാല്‍ 1870 തൊട്ടുള്ള മാര്‍ക്സിന്റെ പഠനങ്ങളും കുറിപ്പുകളും ഈ നിഷ്കര്‍ഷങ്ങളില്‍ നിന്ന് വലിയ തോതില്‍ അദ്ദേഹം പിന്‍വലിഞ്ഞതായി സാക്ഷ്യപ്പെടുത്തുന്നു.

മാര്‍ക്സ് തന്റെ നോട്ട്ബുക്കുകളില്‍ രേഖപ്പെടുത്തിയിട്ടുള്ള ഗവേഷണങ്ങളുടെ വ്യാപ്തി അതിശയിപ്പിക്കുന്നതാണ്. ഈ നോട്ട്ബുക്കുകളില്‍ ഭൂമിശാസ്ത്രം, രസതന്ത്രം, ധാതുശാസ്ത്രം, സസ്യശാസ്ത്രം തുടങ്ങിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്നവയാണ്. അമിതമായ വനനശീകരണം, കന്നുകാലികളോടുള്ള ക്രൂരമായ പെരുമാറ്റം, ഫോസില്‍ ഇന്ധനങ്ങളുടെ പാഴാക്കല്‍, ജീവിവര്‍ഗങ്ങളുടെ വംശനാശം തുടങ്ങിയ പുതിയ വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന, മുതലാളിത്തത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പാരിസ്ഥിതിക വിമര്‍ശനം അടങ്ങിയിരിക്കുന്ന ഈ നോട്ടുബുക്കുകള്‍ അദ്ദേഹം വ്യാപരിച്ച വൈജ്ഞാനിക മണ്ഡലങ്ങള്‍ അതിവിപുലമാണെന്ന് തെളിവു നല്കുന്നു.
മുന്‍കാലത്ത് താന്‍ എത്തിപ്പെട്ട ശുഭാപ്തിപൂര്ണ്ണമായ നിഗമനങ്ങളില്‍ നിന്ന് വളരെ ഭിന്നമാണ് തന്റെ ഗവേഷണ ലക്ഷ്യം എന്ന് മാര്‍ക്സിന്റെ അവസാനകാല നോട്ടുബുക്കുകളില്‍ നിന്ന് മനസ്സിലാക്കാവുന്നതാണ്. മുതലാളിത്തത്തിന്‍കീഴില്‍ വര്‍ദ്ധിച്ചുവരുന്ന ഉല്പ്പാദനശക്തികളുടെ ആഘോഷം ഉപേക്ഷിച്ചുകൊണ്ട്, ഉല്പ്പാദനശക്തികളുടെ സുസ്ഥിര വികസനം മുതലാളിത്തത്തിന് കീഴില്‍ സാധ്യമല്ലെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. കാരണം, അത് ഹ്രസ്വകാല ലാഭത്തിനുവേണ്ടി മനുഷ്യനെയും പ്രകൃതിയെയും തീവ്രവും വിപുലവുമായ രീതിയില്‍ ദുര്‍വിനിയോഗവും കൊള്ളയും പ്രോത്സാഹിപ്പിക്കുന്നുവെന്നും അന്തമില്ലാത്ത മൂലധന സഞ്ചയം കൂടുതല്‍ സങ്കീര്‍ണ്ണവും വിപുലവുമായ പാരിസ്ഥിതിക പ്രശ്നങ്ങള്‍ സൃഷ്ടിക്കുന്നുവെന്നും മനുഷ്യനും പ്രകൃതിയും തമ്മിലുള്ള ഉപാപചയ വിള്ളലിന്റെ പരിഹാരത്തിന് മറ്റൊരു സാമ്പത്തിക വ്യവസ്ഥ ആവശ്യമാണെന്നും ഉള്ള തിരിച്ചറിവിലേക്ക് മാര്‍ക്സ് എത്തിപ്പെടുന്നു. ‘ഇക്കോസോഷ്യലിസ’ത്തെ സംബന്ധിച്ച മാര്‍ക്സിന്റെ അടിസ്ഥാനപരമായ ഉള്‍ക്കാഴ്ച ഇതിലൂടെ വെളിപ്പെടുന്നു.
‘ഇക്കോസോഷ്യലിസ’ത്തിലേക്കുള്ള മാറ്റം മാര്‍ക്സിന്റെ മുന്‍കാല വീക്ഷണത്തിന്റെ സുപ്രധാനമായ പരിഷ്ക്കരണമായി കണക്കാക്കുന്നു. എന്നിരുന്നാലും ഈ സൈദ്ധാന്തിക ചുവടുമാറ്റം കൂടുതല്‍ ആഴത്തിലുള്ള പരിവര്‍ത്തനങ്ങളുടെ തുടക്കം മാത്രമായിരുന്നുവെന്ന് പില്ക്കാല മാര്‍ക്സിന്റെ എഴുത്തുകള്‍ സൂചന നല്‍കുന്നതായി സെയ്തോ കണ്ടെത്തുന്നു. ഉല്പ്പാദനവാദത്തോടുള്ള മാര്‍ക്സിന്റെ നിര്‍ണ്ണായകമായ അകല്‍ച്ച ‘ചരിത്രപരമായ ഭൗതികവാദം’ (historical materialism) എന്ന അദ്ദേഹത്തിന്റെ സുപ്രധാന ലോകവീക്ഷണത്തെ ഉലച്ചു. പാശ്ചാത്യേതര, മുതലാളിത്തേതര സമൂഹങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഉയര്‍ന്ന ഉല്പാദന ശക്തികള്‍ സ്വയം വികസിതമായി പാശ്ചാത്യ-മുതലാളിത്ത രാജ്യങ്ങള്‍ക്ക് ചരിത്രപരമായ ഉയര്‍ന്ന പദവി ഉറപ്പ് നല്കുകയില്ലെന്ന് ഈ ഘട്ടത്തില്‍ മാര്‍ക്സ് തിരിച്ചറിഞ്ഞിരിക്കണം. വിനാശകരമായ സാങ്കേതികവിദ്യകളുടെ വികസനം സ്വതന്ത്രവും സുസ്ഥിരവുമായ മനുഷ്യവികസനത്തിലേക്കുള്ള ‘വികസനം’ ആയി കണക്കാക്കുന്നുണ്ടോ എന്ന് വ്യക്തമല്ല. വാസ്തവത്തില്‍, മൂലധനത്തിന്റെ പ്രകൃതിയില്‍ നിന്ന് കവര്‍ച്ച ചെയ്യാനുള്ള ശക്തിയെ മാര്‍ക്സ് വിശേഷിപ്പിച്ചത് ‘കൊള്ള’ എന്നാണ്. മനുഷ്യചരിത്രത്തെക്കുറിച്ചുള്ള തന്റെ വീക്ഷണത്തിന്റെ അനിവാര്യ ഘടകമായിരുന്ന ഉല്‍പ്പാദനവാദ(productivism)ത്തെ മാര്‍ക്സ് കയ്യൊഴിഞ്ഞപ്പോള്‍, അതേ നാണയത്തിന്റെ മറുവശമായ, തന്റെ പക്ഷപാതപരമായ, യൂറോപ്പ് കേന്ദ്രീകൃത(Eurocentric) ചിന്താ പദ്ധതിയെക്കുറിച്ച് പുനര്‍വിചിന്തനം ചെയ്യാനും അദ്ദേഹം നിര്‍ബന്ധിതനായി. ഉല്പ്പാദനവാദത്തെയും യൂറോസെന്ട്രിസത്തെയും മാര്‍ക്സ് നിരാകരിച്ചെങ്കില്‍, പരമ്പരാഗതമായി മനസ്സിലാക്കിയിട്ടുള്ള ‘ചരിത്രപരമായ ഭൗതികവാദ’വുമായി മാര്‍ക്സ് പൂര്‍ണ്ണമായും വേര്‍പിരിഞ്ഞിരിക്കണം എന്ന് സെയ്തോ അനുമാനിക്കുന്നു. പഴയ മാര്ക്സിന് ഇത് വേദനാജനകമായ ഒരു ദൗത്യമായിരുന്നുവെന്ന് സങ്കല്പ്പിക്കാന് എളുപ്പമാണ്. പക്ഷേ അദ്ദേഹം തന്റെ പദ്ധതി ഉപേക്ഷിച്ചില്ലെന്ന് ലോക ചരിത്രത്തെയും പാശ്ചാത്യ/മുതലാളിത്ത ഇതര സമൂഹങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ഗവേഷണങ്ങള്‍ തെളിവു നല്കുന്നു.
1860കളുടെ അവസാന പകുതിയോടെ, പാശ്ചാത്യേതര സമൂഹങ്ങളിലേക്കുള്ള പടിഞ്ഞാറിന്റെ കടന്നുകയറ്റത്തിന്റെ വിനാശകരമായ സ്വഭാവത്തെക്കുറിച്ചും മൂലധനത്തിന്റെ സാര്‍വത്രിക വല്‍ക്കരണത്തിന്റെ പരിമിതികളെക്കുറിച്ചും മാര്‍ക്സ് കൂടുതല്‍ വിമര്‍ശനാത്മകമായി ചിന്തിച്ചു. കൊളോണിയല്‍ ഭരണകൂടങ്ങളുടെ ‘ഇരട്ട ദൗത്യ’ത്തെക്കുറിച്ചുള്ള ഊന്നലിനുപകരം, മുതലാളിത്ത ലോക വ്യവസ്ഥിതിയിലേക്ക് പ്രാന്തപ്രദേശങ്ങളുടെ അസമമായ കീഴ്പ്പെടുത്തലിനെ മാര്‍ക്സ് പ്രശ്നവല്‍ക്കരിച്ചു. 1860-കളിലെ അദ്ദേഹത്തിന്റെ സ്വരത്തിലുണ്ടായ ഈ മാറ്റം, മുതലാളിത്തത്തിന്റെ പുരോഗമന സ്വഭാവത്തെ പൊതുവായി പുനര്‍വിചിന്തനം ചെയ്ത ‘മൂലധന ഉല്‍പ്പാദന ശക്തികള്‍’ എന്ന പുതിയ ആശയവുമായി ബന്ധപ്പെട്ട് മനസ്സിലാക്കേണ്ടതുണ്ട്. തല്‍ഫലമായി, പാശ്ചാത്യേതര സമൂഹങ്ങളോടുള്ള അദ്ദേഹത്തിന്റെ മനോഭാവം, ആധുനിക പരിസ്ഥിതിശാസ്ത്രത്തിന്റെ മേഖലയ്ക്ക് സമാനമായി വര്‍ത്തിക്കുന്നു. ഇംഗ്ലീഷ് കൊളോണിയല്‍ ഭരണത്തിനെതിരെ അയര്‍ലണ്ടിലെ ജനങ്ങളുമായുള്ള സഖ്യത്തില്‍ അദ്ദേഹത്തിലെ ഈ പരിവര്‍ത്തനം കൂടുതല്‍ പ്രകടമാകുന്നു.
പ്രൊമിഥിയനിസത്തെയും നരവംശ കേന്ദ്രീകരണത്തെയും സംബന്ധിച്ച മാര്‍ക്സിന്റെ സൈദ്ധാന്തിക മാറ്റങ്ങള്‍ ഒരേ സമയം സംഭവിച്ചതാണെന്ന് കരുതുന്നതില്‍ ന്യായമില്ലെന്ന് സെയ്തോ ചൂണ്ടിക്കാട്ടുന്നു. ചരിത്രപരമായ ഭൗതികവാദവുമായി മാര്‍ക്സിന്റെ വേര്‍പിരിയലിന്റെ പ്രതിഫലനമായാണ് ഈ മാറ്റത്തെ കാണേണ്ടത്. ഫ്രാസി(Carl Fraas)ന്റെ കൃതികളില്‍ ‘സോഷ്യലിസ്റ്റ് പ്രവണത’ കണ്ടെത്തിയ 1868 മാര്‍ച്ചിലെ അതേ കത്തില്‍, മൗററുടെ (Georg Ludwig von Maurer) കൃതിയിലും അതേ സോഷ്യലിസ്റ്റ് പ്രവണത മാര്‍ക്സ് കണ്ടെത്തിയിരുന്നു. അക്കാലത്ത്, ഫ്രാസിന്റെ പാരിസ്ഥിതിക അന്വേഷണവും, ട്യൂട്ടോണിക് (വടക്കന്‍ യൂറോപ്പിലെ തദ്ദേശീയ ജനങ്ങള്‍) കമ്യൂണുകളെക്കുറിച്ചുള്ള മൗററുടെ ചരിത്രപരമായ വിശകലനവും അദ്ദേഹം ഒരേസമയം വായിക്കുകയായിരുന്നു. ഈ രണ്ട് ഗവേഷണ വിഷയങ്ങളും-പ്രകൃതി ശാസ്ത്രവും മുതലാളിത്തത്തിനു മുമ്പുള്ള/പാശ്ചാത്യേതര സമൂഹങ്ങളും- പില്ക്കാല മാര്‍ക്സില്‍ ആഴത്തിലുള്ള സ്വാധീനം ഉളവാക്കിയിട്ടുണ്ടെന്ന് കാണാം.
മുതലാളിത്തേതര സമൂഹങ്ങളെക്കുറിച്ചുള്ള വിവിധങ്ങളായ പഠനങ്ങള്‍ വായിച്ചുകൊണ്ട്, മാര്‍ക്സ് തന്റെ മുന്‍കാല ഏകീകൃത സമീപനത്തിലെ പിഴവുകള്‍ പരിശോധിക്കുകയും പാശ്ചാത്യേതര സമൂഹങ്ങള്‍ക്കിടയിലുള്ള സവിശേഷതകളും ഭിന്നതകളും-ഏഷ്യാറ്റിക് ഉത്പാദന രീതികള്‍ സംബന്ധിച്ച്- അവയുടെ ചരിത്രപരമായ മാറ്റങ്ങളും ശ്രദ്ധിക്കുകയും ചെയ്തുവെന്ന് സെയ്തോ തന്റെ പഠനത്തില്‍ വ്യക്തമാക്കുന്നുണ്ട്. പ്രസിദ്ധമായ ദ എത്നോളജിക്കല്‍ നോട്ട്ബുക്കില്‍ ‘വികസനത്തിന്റെ യൂറോകേന്ദ്രീകൃത സങ്കല്‍പ്പത്തെ മാര്‍ക്സ് തകര്‍ക്കുന്ന’തെങ്ങിനെയെന്ന് കോള്ജ ലിന്‍ഡ്നര്‍ (Kolja Lindner, 2010) നിരീക്ഷിക്കുന്നതായി സെയ്തോ ചൂണ്ടിക്കാട്ടുന്നു.
മുതലാളിത്ത നവീകരണത്തിന്റെ വിനാശകരമായ പ്രക്രിയയിലൂടെ കടന്നുപോകാതെ, നിലവിലുള്ള സാമുദായിക സ്വത്തിനെ (communal property) അടിസ്ഥാനമാക്കി, സോഷ്യലിസത്തിലേക്ക് കുതിച്ചുകൊണ്ട്, സ്വന്തം ചരിത്രം സൃഷ്ടിക്കാനുള്ള റഷ്യന്‍ ഗ്രാമീണ കമ്യൂണുകളുടെ ശക്തിയെ വ്യക്തമായി അംഗീകരിക്കുന്നതിലൂടെ ചരിത്രത്തെക്കുറിച്ചുള്ള മാര്‍ക്സിന്റെ വീക്ഷണത്തില്‍, 1881-ഓടെ, വമ്പിച്ച പരിവര്‍ത്തനം സംഭവിച്ചതായി പില്ക്കാല മാര്‍ക്സിന്റെ നോട്ടുബുക്കുകള്‍ തെളിവുനല്കുന്നു. പാശ്ചാത്യേതര സമൂഹങ്ങളിലെ മുതലാളിത്ത വികാസത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ സജീവ ഘടകങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടെ റഷ്യന്‍ വിപ്ലവത്തിന്റെ സാധ്യത മാര്‍ക്സ് കണ്ടെത്തിയെന്ന് ഈ കുറിപ്പുകള്‍ സാക്ഷ്യപ്പെടുത്തുന്നു.
മാര്‍ക്സില്‍ സംഭവിച്ച ഈയൊരു മാറ്റം റഷ്യയുടെ കാര്യത്തില്‍ മാത്രമായി പരിമിതപ്പെടുത്തേണ്ടതില്ലെന്ന് സെയ്തോ ചൂണ്ടിക്കാട്ടുന്നു. ഏഷ്യയിലും ആഫ്രിക്കയിലും ലാറ്റിനമേരിക്കയിലും അടക്കം, അക്കാലത്ത് മാര്‍ക്സ് ആഴത്തില്‍ പഠിച്ചിരുന്ന പ്രദേശങ്ങളിലൊക്കെയും, നിലനിന്നിരുന്ന മറ്റ് കാര്‍ഷിക സമൂഹങ്ങളിലും ഇതേ യുക്തി പ്രയോഗിക്കാവുന്നതാണ്. യുദ്ധങ്ങളും അധിനിവേശങ്ങളും സൃഷ്ടിച്ച നാശത്തെ അതിജീവിച്ച ഏറ്റവും പുതിയ തരത്തിലുള്ള കാര്‍ഷിക ഗ്രാമീണ സമൂഹങ്ങളായി ഏഷ്യന്‍ സമൂഹങ്ങളെ മാര്‍ക്സ് വീക്ഷിച്ചുവെന്ന് പില്ക്കാല മാര്‍ക്സ് രചനകളെ ആഴത്തില്‍ പഠനവിധേയമാക്കിയിട്ടുള്ള തിയോഡര്‍ ഷാനിന് (Toedor Shanin, 1983) അപഗ്രഥിക്കുന്നു.
1850-കളില്‍ നിന്ന് വ്യത്യസ്തമായി, മാര്‍ക്സ് (അധിനിവേശശക്തികളുടെ) ‘ഇരട്ട ദൗത്യത്തെ’ പുകഴ്ത്തുമ്പോള്ത്തന്നെയും സാസുലിച്ചിനുള്ള കത്തിന്റെ മൂന്നാം ഡ്രാഫ്റ്റില്‍ ഇന്ത്യയിലെ ബ്രിട്ടീഷ് കൊളോണിയല്‍ ശക്തികള്‍ നടത്തുന്ന ‘നശീകരണ’ത്തെയും, തദ്ദേശീയ കൃഷിയെ നശിപ്പിക്കുന്നതിനെയും കൂടുതല്‍ വ്യക്തമായി അപലപിക്കുന്നതായി ഷാനിന്റെ പഠനങ്ങളെ ഉദ്ധരിച്ചുകൊണ്ട് സെയ്തോ വിശദീകരിക്കുന്നു. തദ്ദേശീയ കാര്‍ഷിക രീതികളെ നശിപ്പിക്കാനും ക്ഷാമത്തിന്റെ അളവും തീവ്രതയും വര്‍ദ്ധിപ്പിക്കാനും മാത്രമേ അവര്‍ക്ക് കഴിഞ്ഞുള്ളവെന്ന് മാര്‍ക്സ് ഈ ഘട്ടത്തില്‍ വിലയിരുത്തുന്നതായി ഷാനിന് ചൂണ്ടിക്കാട്ടുന്നു.
വ്യത്യസ്ത തലങ്ങളില്‍ മുതലാളിത്തത്തെ ചെറുക്കാന്‍ മുതലാളിത്തേതര സമൂഹങ്ങള്‍ക്ക് കഴിയുമെന്നും സോഷ്യലിസത്തെ മനുഷ്യചരിത്രത്തിന്റെ ഒരു പുതിയ ഘട്ടമായി സ്ഥാപിക്കാനുള്ള കര്‍തൃത്വം അവയ്ക്കുണ്ടെന്നും മാര്‍ക്സ് സങ്കല്പിച്ചു. പില്ക്കാല മാര്‍ക്സിന്റെ ചിന്തയിലെ ഈ പരിവര്‍ത്തനം കണക്കിലെടുക്കുമ്പോള്‍ മാര്‍ക്സിനെ ഒരു ‘ഓറിയന്റലിസ്റ്റ്’ (എഡ്വേര്‍ഡ് സെയ്ദ്) ആയി അപലപിക്കുന്നത് സാധൂകരിക്കാനികില്ലെന്ന് കുഹൈ സെയ്തോ കരുതുന്നു.

ഇതൊരു നിര്‍ണായക വഴിത്തിരിവാണ്. യൂറോകേന്ദ്രീകൃത, ഉത്പാദനവാദ സമീപനങ്ങളുടെ പ്രശ്നങ്ങള്‍ വര്‍ത്തമാനകാല സാഹചര്യങ്ങളില്‍ പരിശോധനാവിധേയമാക്കുമ്പോള്‍ മാത്രമേ പില്ക്കാല മാര്‍ക്സിനെ സംബന്ധിച്ച തികച്ചും നവീനമായൊരു വ്യാഖ്യാനം സാധ്യമാകൂ. മുതലാളിത്തത്തിന്റെ അതിരുകള്‍ കടന്ന് കമ്മ്യൂണിസത്തിന്റെ സ്ഥാപനം എന്നത് മാര്‍ക്സിന്റെ ജീവിതത്തിലുടനീളം സുപ്രധാന സൈദ്ധാന്തിക പ്രായോഗിക കടമയായിരുന്നു. സാസുലിച്ചിന് അദ്ദേഹം എഴുതിയ ആദ്യകാല കത്തുകളില്‍ ഈ പ്രശ്നം ചര്‍ച്ച ചെയ്തിരുന്നില്ലെന്നത് വസ്തുതയാണ്. കാരണം, ഗ്രാമീണ കമ്യൂണുകളെക്കുറിച്ചുള്ള തന്റെ ആഴത്തിലുള്ള പഠനങ്ങളുടെ അടിസ്ഥാനത്തില്‍ വര്‍ഗേതര സമൂഹത്തെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് മാര്‍ക്സ് രൂപപ്പെടുത്തുന്നത് 1881-ലാണ്.
പത്തൊമ്പതാം നൂറ്റാണ്ടില്‍ ജീവിച്ച് മരിച്ച കാള്‍ മാര്‍ക്സ് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ പാരിസ്ഥിതിക മുന്നേറ്റങ്ങള്‍ക്ക് സൈദ്ധാന്തിക സംഭാവനകള്‍ നല്‍കുന്നതെങ്ങിനെയെന്ന് കുഹൈ സെയ്തോ തന്റെ ഗ്രന്ഥത്തിലൂടെ വിശദമാക്കുന്നു. നാളിതുവരെ മറഞ്ഞിരുന്ന മാര്‍ക്സിലെ ഇക്കോളജിസ്റ്റിനെ അദ്ദേഹം ലോകത്തിന് കാട്ടിക്കൊടുക്കുന്നു.
ടോക്യോ യൂണിവേര്സിറ്റിയിലെ അസോസിയേറ്റ് പ്രൊഫസറും മാര്‍ക്സിയന്‍ പഠനത്തില്‍ അഗ്രഗണ്യനുമാണ് കുഹൈ സൈതോ. 2020ല്‍ പ്രസിദ്ധീകരിച്ച ‘ക്യാപിറ്റല്‍ ഇന്‍ ദ ആന്ദ്രപോസീന്‍’ എന്ന സൈതോയുടെ ഗ്രന്ഥം അഞ്ച് ലക്ഷം കോപ്പികളാണ് വിറ്റഴിഞ്ഞത്.