സി എസ് ചന്ദ്രിക
കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവർത്തകയുമാണ് സി എസ് ചന്ദ്രിക. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തിലും വിമന്‍സ് സ്റ്റഡീസിലും മാസ്റ്റേഴ്‌സ് ബിരുദവും ജെൻ്ററും തിയേറ്റവും സംബന്ധിച്ച വിഷയത്തില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റും നേടി. 1988 മുതല്‍ സ്ത്രീനാടക പ്രവര്‍ത്തനരംഗത്തും 1996 മുതല്‍ 2006 വരെ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2006 വരെ ലിംഗപദവി, വികസന ഗവേഷണ പ്രവര്‍ത്തനമേഖലയില്‍ തിരുവനന്തപുരത്ത് 'സഖി' വിമന്‍സ് റിസോഴ്‌സ് സെൻ്ററിലും തുടര്‍ന്ന് സെൻ്റർ ഫോര്‍ വിഷ്വല്‍ ആൻ്റ് പെര്‍ഫോമിങ് ആര്‍ട്‌സ്, കേരള യൂണിവേഴ്‌സിറ്റി, സെൻ്റർ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ പ്രിന്‍സിപ്പല്‍ സയൻ്റിസ്റ്റ് (സോഷ്യല്‍ സയൻ്റിസ്റ്റ്) ആയി ജോലി ചെയ്യുന്നു. മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം 2010-ല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ എന്ന ലേഖന സമാഹാരത്തിനും തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം 2011-ല്‍ ക്ലെപ്‌റ്റോമാനിയ എന്ന കഥാസമാഹാരത്തിനും ലഭിച്ചു. കഥകള്‍ ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.