A Unique Multilingual Media Platform

The AIDEM

Articles Gender

ജെൻ്റർ ബഡ്‌ജറ്റിംഗിനു മുന്നോടിയായി ജെൻ്റർ ഓഡിറ്റിംഗ്‌ വേണം

  • March 14, 2022
  • 1 min read
ജെൻ്റർ ബഡ്‌ജറ്റിംഗിനു മുന്നോടിയായി ജെൻ്റർ ഓഡിറ്റിംഗ്‌ വേണം

1996 ല്‍ കേരളത്തില്‍ നടപ്പാക്കിയ അധികാര വികേന്ദ്രീകരണത്തിൻ്റെ ഭാഗമായി പ്രാദേശിക സര്‍ക്കാരുകളിലൂടെ ഒമ്പതാം പഞ്ചവത്സര പദ്ധതിയോടു കൂടി തുടങ്ങിയ ശ്രമമാണ്‌ കേരളത്തിലെ ജെൻ്റർ  ബഡ്‌ജറ്റിനുള്ള ആദ്യ ശ്രമമെന്ന്‌ എല്ലാവര്‍ക്കുമറിയാം. വികസന ഫണ്ടിന്റെ പത്തു ശതമാനമെങ്കിലും സ്‌ത്രീകള്‍ക്കായി നീക്കി വെയ്‌ക്കണം എന്ന നിര്‍ദ്ദേശം ജനകീയാസൂത്രണത്തിന്റെ സവിശേഷ സമീപനമായിക്കൂടി കാണാം. ഇതിന്റെ ഭാഗമായി നിലവില്‍ വന്നതാണ്‌ വനിതാ ഘടക പദ്ധതി. പത്തു വര്‍ഷം കഴിഞ്ഞ്‌, പതിനൊന്നാം പഞ്ചവത്സര പദ്ധതിയുടെ ആസൂത്രണത്തിനു മുമ്പായി ഒമ്പതും പത്തും പഞ്ചവത്സരപദ്ധതികളില്‍ നടന്ന വനിതാ ഘടകപദ്ധതിയുടെ സൂക്ഷ്‌മമായ വിലയിരുത്തലും കേരളത്തില്‍ നടന്നിട്ടുണ്ട്‌. അപ്പോഴാണ്‌ കേരളത്തിന്റെ വികസന രംഗത്ത്‌ ആദ്യമായി ജെൻ്റർ പ്ലാനിംഗ്‌, ജെൻ്റർ ബഡ്‌ജറ്റിംഗ്‌, ജെൻ്റർ ഓഡിറ്റിംഗ്‌ എന്നീ ആശയങ്ങളും വിലയിരുത്തലിനായുള്ള ഗവേഷണ പ്രവര്‍ത്തനങ്ങളും തുടങ്ങുന്നത്‌. 2006 ല്‍ തദ്ദേശ സ്വയം ഭരണ വകുപ്പ്‌ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എസ്‌ എം വിജയാനന്ദിന്റെ കയ്യൊപ്പോടു കൂടി പ്രസിദ്ധീകരിച്ചിട്ടുള്ള തല്‍ വിഷയസംബന്ധമായ പരിശീലന സഹായി, കൈപ്പുസ്‌തകങ്ങള്‍ എന്നിവ തയ്യാറാക്കിയ സഖി വിമന്‍ റിസോഴ്‌സ്‌ സെൻ്ററിൻ്റെ ആക്ഷന്‍ റിസര്‍ച്ച്‌ ടീമില്‍ അന്ന്‌ ഞാനും അംഗമായിരുന്നു.

അന്നത്തെ വിലയിരുത്തലില്‍ കണ്ടെത്തിയ നിരാശാജനകമായ കാര്യം വനിതാഘടകപദ്ധതി നിര്‍ബ്ബന്ധിതമായതു കൊണ്ട്‌ പത്തു ശതമാനം തുക നീക്കി വെയ്‌ക്കുകയും ആ ഫണ്ടില്‍ നിന്ന്‌ വനിതാ റോഡ്‌. വനിതാ കിണര്‍, വനിതാ കക്കൂസ്‌ തുടങ്ങി പൊതു ഫണ്ടില്‍ നിന്ന്‌ നടത്തേണ്ടതായ കാര്യങ്ങള്‍ക്ക്‌ ഈ പണം ചെലവഴിക്കുന്നതും ബാക്കി തുക അന്നത്തെ സ്വയം സഹായ സംഘങ്ങള്‍ക്ക്‌ സോപ്പ്‌, മെഴുകുതിരി, അച്ചാറ്‌ നിര്‍മ്മാണം ആട്‌ വളര്‍ത്തല്‍, കോഴി വളര്‍ത്തല്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ക്കായി വീതിച്ചു നല്‍കിയതുമാണ്‌ കണ്ടത്‌. അതില്‍ ഭൂരിഭാഗവും തുടര്‍ച്ചയില്ലാതെ പരാജയപ്പെടുകയും ചെയ്‌തിരുന്നു. മാത്രമല്ല, തൊണ്ണൂറു ശതമാനം പൊതുഫണ്ടില്‍ നിന്ന്‌ ബോധപൂര്‍വ്വം സ്‌ത്രീകള്‍ക്കായി തുകയൊന്നും ചെലവഴിക്കുകയുമുണ്ടായില്ല. ബസില്‍ സ്‌ത്രീകള്‍ക്ക്‌ സംവരണം ചെയ്‌ത സീറ്റില്‍ മാത്രം സ്‌ത്രീകളിലരുന്നാല്‍ മതി എന്നും ബാക്കി എല്ലാ സീറ്റും പുരുഷന്‍മാരുടേതാണ്‌ എന്ന തെറ്റായ പൊതു ധാരണയാണ്‌ ഇവിടെയും സംഭവിച്ചത്‌. ഈ സന്ദര്‍ഭത്തിലാണ്‌ പ്രാദേശിക സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജെൻ്റർ പ്ലാനിംഗും ബഡ്‌ജറ്റിംഗും ഓഡിറ്റിംഗും നിര്‍ദ്ദേശിച്ചു കൊണ്ടുള്ള ഗവേഷണ പ്രസിദ്ധീകരണം തയ്യാറാക്കപ്പെട്ടതും അതിൻ്റെ അടിസ്ഥാനത്തില്‍ വിവിധ സര്‍ക്കാര്‍ വകുപ്പുകളിലെ തെരഞ്ഞെടുത്ത ഉദ്യോഗസ്ഥര്‍ക്ക്‌ പരിശീലന ക്ലാസ്സുകള്‍ നല്‍കിയതും. എന്തായാലും ആ തെറ്റുകള്‍ തിരുത്താനുള്ള കുറച്ചെങ്കിലും നല്ല ശ്രമങ്ങള്‍ ഉണ്ടായിട്ടുണ്ട്‌. സംസ്ഥാന കുടുംബശ്രീ മിഷനിലൂടെ പ്രാദേശിക തലത്തില്‍ കുറേയെങ്കിലും വിജയിച്ച മാതൃകകള്‍ ഉണ്ടാവുകയും പൊതു ശ്രദ്ധയിലേക്കു വരികയും ചെയ്‌തു കഴിഞ്ഞിട്ടുണ്ട്‌. ഇപ്പോള്‍ സംസ്ഥാന വികസന കാഴ്‌ചപ്പാടിലും  ജെൻ്റർ ബഡ്‌ജറ്റിംഗ്‌ ഇടം പിടിച്ചുകഴിഞ്ഞിട്ടുണ്ട്‌. കഴിഞ്ഞ ബഡ്‌ജറ്റ്‌ അവതരണം മുതല്‍ അത്‌ മുന്നോട്ട്‌ തുടരുകയാണ്‌. പതിനൊന്നാം പഞ്ച വത്സര പദ്ധതിയോടു കൂടി സംസ്ഥാന സര്‍ക്കാരിൻ്റെ ബഡ്‌ജററില്‍ ജെൻ്റർ മെയിന്‍സ്റ്റീമിംഗ്‌ ലക്ഷ്യം വെച്ചുള്ള ബഡ്‌ജറ്റിംഗ്‌ ഉള്‍ച്ചേര്‍ത്തിട്ടുണ്ട്‌. പുതിയ സ്‌കീമുകളും ഫണ്ട്‌ വിഹിതം വെയ്‌ക്കലുമായിട്ടാണ്‌ അത്‌ അവതരിപ്പിക്കപ്പെടുന്നത്‌.

പതിമൂന്നാം പഞ്ചവത്സര പദ്ധതിയില്‍ ഊന്നല്‍ നല്‍കിയിരുന്നത്‌ സ്‌ത്രീകളുടെ വ്യവസായ സംരംഭങ്ങളിലൂടെയുള്ള ഉപജീവന മാര്‍ഗ്ഗ വികസനത്തിനും സ്‌ത്രീസൗഹൃദ പശ്ചാത്തല സൗകര്യ വികസനത്തിനും സ്‌ത്രീ സുരക്ഷയ്‌ക്കുമായിരുന്നു എന്ന്‌ പുതിയ ബഡ്‌ജറ്റ്‌ അവതരണത്തില്‍ ധനമന്ത്രി ബാലഗോപാല്‍ പറയുന്നുണ്ട്‌. അത്‌ വിജയകരമായിരുന്നു എന്ന്‌ സ്ഥാപിക്കുന്നതിനായി, 19 – 20 ലെ ലേബര്‍ സര്‍വേ പ്രകാരം കേരളത്തിലെ സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തം 26.3 ആയി വര്‍ദ്ധിച്ചിട്ടുണ്ട്‌ എന്നും ബഡ്‌ജറ്റ്‌ അവതരണത്തില്‍ പറയുന്നു. വിദ്യാഭ്യാസം കുറഞ്ഞ, കുറഞ്ഞ വേതനം കിട്ടുന്ന സ്‌ത്രീകളുടെ തൊഴില്‍ പങ്കാളിത്തമാണ്‌ കൂടിയിട്ടുള്ളത്‌.
2022 – 23 ലെ ജെൻ്റർ ബഡ്‌ജറ്റിന്റെ അടങ്കല്‍ 4665.20 കോടിയാണ്‌. ആകെ പദ്ധതി വിഹിതത്തിൻ്റെ 20.90 ശതമാനമാണ്‌ ഈ തുക. നിലവിലുള്ള സ്‌കീമുകള്‍ക്കു പുറമേ സ്‌ത്രീകള്‍ക്കും കുട്ടികള്‍ക്കും ട്രാന്‍സ്‌ ജെൻ്റർ വിഭാഗങ്ങള്‍ക്കും സാമൂഹ്യ സുരക്ഷ ഉറപ്പു വരുത്തുന്നതിനായുള്ള പതിനാറ്‌ സ്‌കീമുകള്‍ ഇത്തവണ പുതിയതായി ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. മറ്റെല്ലാം വിവിധ വകുപ്പുകളിലൂടെ നിലവില്‍ നടപ്പാക്കി വരുന്ന പദ്ധതികളുടെ തുടര്‍ച്ചയാണ്‌.
കേരള സംസ്ഥാന ബഡ്‌ജറ്റ്‌ 2022 – 23 മേഖലകള്‍ തിരിച്ചുള്ള പദ്ധതികള്‍, അതിനുള്ള പദ്ധതി വിഹിതം എന്നിവ പരിശോധിച്ചതില്‍ നിന്നും കണ്ടെടുത്ത ചില വസ്‌തുതകളിലൂടെ, വരും വര്‍ഷങ്ങളിലേക്കുള്ള ചില ക്രിയാത്മക നിര്‍ദ്ദേശങ്ങള്‍ മുന്നോട്ടു വെയ്‌ക്കാന്‍ മാത്രമാണ്‌ ഞാന്‍ ആഗ്രഹിക്കുന്നത്‌.
ലിംഗനീതി വികസനം ലക്ഷ്യം വെയ്‌ക്കുന്ന ജെൻ്റർ ബഡ്‌ജറ്റിംഗില്‍ ലിംഗസമത്വത്തിനു വേണ്ടിയുള്ള സാമൂഹ്യ, സാമ്പത്തിക, സാംസ്‌ക്കാരിക സുരക്ഷിതത്വത്തിനും അവസരങ്ങള്‍ക്കും സ്‌ത്രീ മുന്നേറ്റത്തിനും വേണ്ടിയുള്ളതാണ്‌ മാറ്റി വെയ്‌ക്കുന്ന പദ്ധതി വിഹിതം. 2020 – 21 നേക്കാള്‍ 1.36 ശതമാനം വര്‍ദ്ധനവോടെ 20.90 വിഹിതം ജെൻ്റർ ബഡ്‌ജറ്റിംഗിന്റെ ഭാഗമായി നല്‍കിയിട്ടുണ്ടെന്നും വരുന്ന 5 വര്‍ഷത്തിനുള്ളില്‍ 25% എത്തിക്കാനാണ്‌ ഉദ്ദേശിക്കുന്നത്‌ എന്നും ധനമന്ത്രി പറയുന്നുണ്ട്‌.

ജെൻ്റർ ബഡ്‌ജറ്റിംഗ്‌ ആഗ്രഹിക്കുന്ന വിധത്തില്‍ ഫലപ്രദമായി നടപ്പിലാക്കപ്പെടുന്നില്ല എന്ന വിമര്‍ശനം നിലവിലുണ്ട്‌. തീര്‍ച്ചയായും വിവിധ ഡിപ്പാര്‍ട്ടുമെന്റുകള്‍ തമ്മിലുള്ള ഏകോപനത്തിലൂടെ നടപ്പാക്കേണ്ടതായ സ്‌ത്രീ വികസന പദ്ധതികൾ ആ വിധത്തിലല്ല ഇപ്പോഴും നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്‌. പദ്ധതികളുടെ നടപ്പിലാക്കലും അതിനായുള്ള പ്രക്രിയകളും പല വകുപ്പുകളിലുടെ, പലവഴിക്കാണ്‌ നടക്കുന്നത്‌. ഫലപ്രാപ്‌തി സംബന്ധിച്ച കൃത്യവും സമയബന്ധിതമായ മോണിറ്ററിംഗും നടപ്പാക്കുന്ന സംവിധാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുമില്ല. യഥാര്‍ത്ഥത്തില്‍  ജെൻ്റർ പ്ലാനിംഗിനാവശ്യമായ ജെൻ്റർ ബഡ്‌ജറ്റിംഗ്‌ നടക്കേണ്ടത്‌ ഓരോ വകുപ്പുകളിലേയും പദ്ധതികളുടേയും സ്ഥാപന സംവിധാനങ്ങളിലെ പ്രക്രിയകളേയും പ്രൈമറി സ്റ്റേക്ക്‌ ഹോള്‍ഡര്‍മാരായ വിവിധ വിഭാഗം സ്‌ത്രീകളുടേയും യഥാര്‍ത്ഥ വികസന അനുഭവങ്ങളെ ഉള്‍പ്പെടുത്തി നടത്തുന്ന വിശദമായ ജെൻ്റർ ഓഡിറ്റിംഗിനു ശേഷമായിരിക്കണം. അതായിരിക്കണം സംസ്ഥാനത്തിന്റെ ലിംഗനീതി വികസനത്തിൻ്റെ ബേസ്‌ ലൈന്‍. അതില്‍ വിജയകരമായ പല അനുഭവങ്ങളുണ്ടായിരിക്കും, പരാജയപ്പെട്ടു പോയ നിരവധി അനുഭവങ്ങളുമുണ്ടായിരിക്കും. ഇവിടെയാണ്‌ ജെൻ്റർ ഓഡിറ്റിംഗിൻ്റെ പ്രസക്തി. അടുത്ത വര്‍ഷത്തെ ജെൻ്റർ പ്ലാനിംഗിനും ജെൻ്റർ ബഡ്‌ജറ്റിംഗിനുമുള്ള നിര്‍ദ്ദേശങ്ങള്‍ ഈ ഓഡിറ്റിംഗ്‌ റിപ്പോര്‍ട്ടില്‍ ഉണ്ടായിരിക്കും.

ഇപ്പോഴും സംസ്ഥാനത്തിന്റെ Gender disaggregated data പൂര്‍ത്തിയാക്കിയിട്ടില്ല എന്നാണറിയുന്നത്‌. അത്‌ പൂര്‍ത്തിയാക്കുകയും അടുത്ത ജെൻ്റർ ബഡ്‌ജറ്റിനു മുമ്പായി നിശ്ചിത സമയത്തിനുള്ളില്‍  ജെൻ്റർ ഓഡിറ്റിംഗ്‌ ടീം അടക്കമുള്ള സംവിധാനങ്ങള്‍ നിലവില്‍ വരികയും എല്ലാ വകുപ്പുകളുടേയും പദ്ധതി നടത്തിപ്പുകളെ ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ജെൻ്റർ ഓഡിറ്റിംഗ്‌ റിപ്പോര്‍ട്ട്‌ പ്രസിദ്ധീകരിക്കപ്പെടുകയും വേണ്ടതുണ്ട്‌. ജെൻ്റർ ബഡ്‌ജറ്റിംഗിനെ പൂര്‍ണ്ണമായ അര്‍ത്ഥത്തില്‍ വികസിപ്പിച്ചെടുക്കാനും സൂക്ഷ്‌മമായ കരുതലോടുകൂടി സംസ്ഥാനത്തിന്റെ സ്‌ത്രീ വികസനരംഗത്ത്‌ സുസ്ഥിരത ഉണ്ടാക്കിയെടുക്കാനുമുള്ള പ്രവര്‍ത്തനങ്ങളേയും തന്ത്രങ്ങളേയും രൂപപ്പെടുത്താനും ഏകോപിപ്പിക്കാനും അത്‌ സഹായകമായിരിക്കും.

About Author

സി എസ്‌ ചന്ദ്രിക

കഥാകാരിയും നോവലിസ്റ്റും സ്ത്രീവിമോചന പ്രവർത്തകയുമാണ് സി എസ് ചന്ദ്രിക. സസ്യശാസ്ത്രത്തില്‍ ബിരുദവും മലയാളസാഹിത്യത്തിലും വിമന്‍സ് സ്റ്റഡീസിലും മാസ്റ്റേഴ്‌സ് ബിരുദവും ജെൻ്ററും തിയേറ്റവും സംബന്ധിച്ച വിഷയത്തില്‍ കോഴിക്കോട് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫൈന്‍ ആര്‍ട്‌സില്‍ ഡോക്ടറേറ്റും നേടി. 1988 മുതല്‍ സ്ത്രീനാടക പ്രവര്‍ത്തനരംഗത്തും 1996 മുതല്‍ 2006 വരെ കേരളത്തിലെ ഫെമിനിസ്റ്റ് പ്രസ്ഥാനത്തിൻ്റെ നേതൃനിരയിലും പ്രവര്‍ത്തിച്ചു. 1998 മുതല്‍ 2006 വരെ ലിംഗപദവി, വികസന ഗവേഷണ പ്രവര്‍ത്തനമേഖലയില്‍ തിരുവനന്തപുരത്ത് 'സഖി' വിമന്‍സ് റിസോഴ്‌സ് സെൻ്ററിലും തുടര്‍ന്ന് സെൻ്റർ ഫോര്‍ വിഷ്വല്‍ ആൻ്റ് പെര്‍ഫോമിങ് ആര്‍ട്‌സ്, കേരള യൂണിവേഴ്‌സിറ്റി, സെൻ്റർ ഫോര്‍ വിമന്‍സ് സ്റ്റഡീസ്, പോണ്ടിച്ചേരി സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ ഗസ്റ്റ് ലക്ചററായും പ്രവര്‍ത്തിച്ചിട്ടുണ്ട്. എം എസ് സ്വാമിനാഥന്‍ റിസര്‍ച്ച് ഫൗണ്ടേഷനില്‍ പ്രിന്‍സിപ്പല്‍ സയൻ്റിസ്റ്റ് (സോഷ്യല്‍ സയൻ്റിസ്റ്റ്) ആയി ജോലി ചെയ്യുന്നു. മുതുകുളം പാര്‍വതി അമ്മ സാഹിത്യ പുരസ്‌കാരം 2010-ല്‍ ആര്‍ത്തവമുള്ള സ്ത്രീകള്‍ എന്ന ലേഖന സമാഹാരത്തിനും തോപ്പില്‍ രവി സാഹിത്യ പുരസ്‌കാരം 2011-ല്‍ ക്ലെപ്‌റ്റോമാനിയ എന്ന കഥാസമാഹാരത്തിനും ലഭിച്ചു. കഥകള്‍ ഇംഗ്ലീഷ്, തമിഴ്, കന്നട എന്നീ ഭാഷകളിലേക്ക് തര്‍ജ്ജമ ചെയ്യപ്പെട്ടിട്ടുണ്ട്.