ഇന്ത്യയെ കാത്തിരിക്കുന്നത് കാലാവസ്ഥാ ദുരിതങ്ങൾ
ഐക്യരാഷ്ട്ര സഭയുടെ 27 ആം വാർഷിക കാലാവസ്ഥാ സമ്മേളനം, ദി കോൺഫറൻസ് ഓഫ് പാർട്ടീസ് (COP) 27, ഈജിപ്തിലെ ചെങ്കടൽ തീരത്തെ ഷരം എൽ ഷെയ്ഖ് പട്ടണത്തിൽ കഴിഞ്ഞ ദിവസം സമാപിച്ചു. കാലാവസ്ഥ മാറ്റത്തെക്കുറിച്ച് 200 രാജ്യങ്ങൾ പങ്കെടുക്കുന്ന ആഗോളതലത്തിലുള്ളതും, സമഗ്രവുമായ ഈ സമ്മേളനം, കാലാവസ്ഥാമാറ്റത്തിന്റെ ഭാഗമായി ദാരിദ്രവും വികസ്വരവുമായ രാജ്യങ്ങൾ നേരിടുന്ന ദുരന്തങ്ങളെയും നഷ്ടങ്ങളെയും മറികടക്കാൻ വികസിത-ധനിക രാജ്യങ്ങൾ പണം നൽകണം എന്ന വ്യവസ്ഥ തത്വത്തിൽ അംഗീകരിച്ചു. ഈ സമ്മേളനത്തിന്റെ മുന്നോടിയായി ഡൽഹിയിലെ പ്രശസ്ത പരിസ്ഥിതി സംഘടനയായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയോൺമെന്റ് (CSE) പുറത്തിറക്കിയ, 2022 ലെ ആദ്യ ഒൻപതു മാസങ്ങളിൽ ഇന്ത്യയിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങൾ സംബന്ധിച്ച റിപ്പോർട്ടിൽ നിന്നുള്ള പ്രസക്ത ഭാഗങ്ങൾ ആണ് ഈ വീഡിയോവിൽ ഉള്ളത്. എന്തുകൊണ്ട് കാലാവസ്ഥ മാറ്റത്തെ മനസ്സിലാക്കലും അതിനെ ഫലപ്രദമായി നേരിടലും ഇന്ത്യക്ക് വളരെ പ്രധാനമാണ് എന്ന് ഈ റിപ്പോർട്ട് വ്യക്തമാക്കുന്നു. കഴിഞ്ഞ ഒൻപതു മാസത്തിൽ ഇന്ത്യയിൽ ഏതാണ്ട് എല്ലാ ദിവസവും ഒരു പ്രകൃതി ദുരന്തം ഉണ്ടായി എന്ന ആശങ്കപ്പെടുത്തുന്ന വിവരം കൂടി പങ്കുവെക്കുന്നുണ്ട് ഈ റിപ്പോർട്ട്.