മുതിർന്ന മാദ്ധ്യമപ്രവർത്തകൻ കെ. ബാലകൃഷ്ണൻ എഴുതുന്ന പ്രതിവാര രാഷ്ട്രീയ പ്രതികരണ പംക്തി ‘പദയാത്ര’ തുടരുന്നു. ഇന്ത്യൻ ജനാധിപത്യ സംസ്ക്കാരത്തിൻ്റെ വേരറുക്കാൻ ബി.ജെ.പി സർക്കാർ നടത്തുന്ന ശ്രമങ്ങളെ സമീപകാല സംഭവങ്ങളുടെ പശ്ചാത്തലത്തിൽ വിലയിരുത്തുകയാണ് ലേഖകൻ ഈ ലക്കത്തിൽ.
കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നുവരുത്തുന്നതും ഭവാൻ.. രണ്ടുനാലുദിനം കൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാൻ.. മാളികമുകളിലേറിയ മന്നന്റെ തോളിൽ മാറാപ്പുകേറ്റുന്നതും ഭവാൻ… എന്നാണ് പൂന്താനം നമ്പൂതിരി ചണ്ടിക്കാട്ടിയത്. കുറച്ച് ഈണത്തിലായതിനാലാണ് ആ ജ്ഞാനം പാനയായത്, പാട്ടായത്. ആരാണീ ഭവാൻ എന്നതിൽ പണ്ട് ആർക്കും സംശയമുണ്ടായിരുന്നില്ല. നിയതിയാണ്, കർമഫലമാണ്, ദൈവിക നിയമമാണ് എന്നെല്ലാം വിശ്വസിച്ചുപോന്നു. ഇപ്പോൾ ആ ചുമതല ഭരണകൂടം നേരിട്ട് ഏറ്റെടുത്തിരിക്കുകയാണെന്നതിനാൽ ഭഗവാനല്ല, ആ ഭവാൻ എന്ന് എല്ലാവർക്കും നിശ്ചയമായി. അദാനിയെ രണ്ടുനാലുദിനം കൊണ്ട് തണ്ടിൽ, അതായത് പല്ലക്കിലേറ്റിയതും ഭവാൻ, അദാനി നടത്തുന്നത് തട്ടിപ്പും വഞ്ചനയുമാണെന്ന് വാദിക്കാൻ ശ്രമിച്ച മെഹുവ മൊയ്ത്രയെ അവരുടെ മാറാപ്പും തോളിലേറ്റിക്കൊടുത്ത് ബംഗാളത്തിലേക്ക് ഇറക്കിവിട്ടതും ആ തിരുവടികൾ തന്നെ..
ഗ്രഹണസമയത്ത് തേളിയാനും പടം വിടർത്തുമെന്ന് പറഞ്ഞതുപോലെയാണ് തിരഞ്ഞെടുപ്പടുത്തപ്പോൾ ആ തന്തിരുവടികളുടെ ആവേശം കൂടിയത്. കയറുമായി ഇ.ഡി നാടാകെ ചുറ്റുന്നു. ഇന്നലേവരെ ഭരിച്ചു കൊണ്ടിരുന്ന ഷിബുസോറനെയാണ് ആദ്യം വരിഞ്ഞുകെട്ടിക്കൊണ്ടുപോയത്. ഡൽഹിയിലും പഞ്ചാബിലും ഹരിയാനയിലും ഭീഷണിയായ ആം ആദ്മിയെ വരിഞ്ഞുകെട്ടിക്കൊണ്ട് പോകുന്നതിന് മാരത്തൺ യത്നമാണ്. രണ്ട് മന്ത്രിമാർ എപ്പോഴേ ജയിലിൽ. ഇപ്പോഴിതാ മുഖ്യമന്ത്രി കേജരിവാളിന്റെ വീട്ടിന് ചുറ്റും കുടുക്കിട്ട കയറുമായി പാത്തും പതുങ്ങിയും നിൽക്കുന്നു. ലാലുയാദവിനെയും കുടുംബത്തെയും പിടിക്കാൻ എത്രയോ കാലമായി പാടലീപുത്രത്തിൽ കറങ്ങുന്നു. ലാലുവിന്റെ ഭരണകാലത്ത് കൊച്ചുകുട്ടിയായിരുന്ന തേജസ്വിയാദവാണിപ്പോൾ ആർ.ജെ.ഡിയുടെ നേതാവ്. ബിഹാറിൽ ലാലുവും കുടുംബവുമുണ്ടാക്കുന്നത് ചില്ലറ തൊന്തരവല്ല. തിരഞ്ഞെടുപ്പിന് മുമ്പ് തേജസ്വിയെ കെട്ടിവരിഞ്ഞാൽ അവിടെയും ഒരു കൈനോക്കാം. പാടലീപുത്രത്തിൽ ഇ.ഡി കിങ്കരർ കയറും വീശി നടക്കുന്നതതിനാണത്രെ..
ഇന്നലെവരെ ഇന്ത്യ മുന്നണിയിൽ കണ്ട നിതീഷ്കുമാർ എന്ന മുഖ്യമന്ത്രിയെ അവിടെ കാണാതാക്കുകയും കേന്ദ്ര ഭരണമുന്നണിയിൽ പ്രത്യക്ഷപ്പെടുത്തുകയും ചെയ്യുന്നു. കണ്ടുകണ്ടങ്ങിരിക്കും ജനത്തിനെ കണ്ടില്ലെന്നുവരുത്തുക, മറ്റിടത്ത് കാണിക്കുക… അഹോ ഭയങ്കരം തന്നെ. കക്ഷിമാറലോ മുന്നണി മാറലോ നിതിഷ്കുമാറിന് പുത്തരിയല്ല. ഹരിയാനയിലെ ആയാറാം ഗയാറാമിനെയും ഹരിയാനയിലെ തന്നെ ഭജൻലാലിനെയുമെല്ലാം നാണിപ്പിക്കുന്ന വേഗത്തിലും സുന്ദരമായുമാണ് നിതീഷ് യാദവന്റ രൂപ-ഭാവമാറ്റങ്ങൾ. കുളമെത്ര…. കണ്ടുവെന്ന നാടൻ ഞായമാണദ്ദേഹത്തിന്. ഇന്ത്യൻ രാഷ്ട്രീയത്തിലെ ഈ അതിസാമർഥ്യത്തിന് ഇദ്ദേഹമല്ലേ പണ്ടെന്നോ അന്തരിച്ച കർപ്പൂരി താക്കൂറിനേക്കാൾ ഭാരതരത്നത്തിന് യോഗ്യൻ. പിന്നെ അമ്മായീം കുടിച്ചു പാക്കഞ്ഞിയെന്ന ന്യായത്തിൽ എൽ.കെ അദ്വാനിക്കും ഭാരതരത്ന നൽകുമത്രെ. കർസേവ നടത്തി പള്ളി പൊളിച്ച അദ്ദേഹത്തെ ക്ഷേത്രം ഉദ്ഘാടനത്തിന് വിളിക്കാത്തതിന്റെ പ്രായശ്ചിത്തം ഭാരതരത്ന…
ലജിസ്ലേച്ചറും എക്സിക്യൂട്ടീവും വല്ലാതെ വഴിതെറ്റിയാലും ജനാധിപത്യത്തിന് പോറലൊന്നുമേൽക്കില്ല, അത് സംരക്ഷിക്കാൻ അതിശക്തമായ ജൂഡീഷ്യറി ഇവിടെയുണ്ടെന്ന് ആശ്വസിക്കുന്ന അതിബുദ്ധികളോ ഋജുബുദ്ധികളോ ഏറെയേറെയുണ്ട്. എക്സിക്യൂട്ടീവിന് മേൽ ജൂഡീഷ്യറി പറക്കും, അത് അത്രയും സ്വതന്ത്രവും ഭീതിരഹിതവുമായ, ദൈവികംപോലുമായ സംവിധാനമാണെന്ന്. ഭോജരാജാവിന് കാട്ടിൽ നിന്ന് കിട്ടിയ സിംഹാസനം പോലെയത്രെ നീതിപീഠം എന്നാണക്കൂട്ടരുടെ വിശ്വാസാശ്വാസങ്ങൾ. ഭോജരാജാവിന്റെ കിങ്കരന്മാർ കണ്ട ഒരു വിസ്മയമുണ്ടല്ലോ… കാട്ടിലെ ഒരു പാറമേൽ ഇരിക്കുന്ന കുട്ടി അസധാരണമായ യുക്തിബോധം, നീതിബോധം ഉണ്ടാവുന്നു, ചോദ്യങ്ങൾക്ക് കൃത്യമായ ബുദ്ധ്യുത്തരം കുട്ടി പറയുന്നു. ശരിയായ വിധിന്യായങ്ങൾ പറയുന്നു. പക്ഷേ ആ പാറപ്പുറത്തുനിന്നിറങ്ങിയാൽ മൂക്കൊലിക്കുന്ന, ട്രൗസറിന്റെ വള്ളി ഇടക്കിടെ ഊർന്നുവീഴുന്ന സാദാ കുട്ടി. ഇതെന്താണിതിന്റെ ഗുട്ടൻസെന്നറിയാൻ ഭോജരാജൻ ഖനനം നടത്തുകയും അങ്ങഗാധതയിൽ നിന്ന് വിക്രമാദിത്യന്റെ സിംഹാസനം കണ്ടെടുക്കുകയും ചെയ്തല്ലോ.. ജഡ്ജിയല്ല, പ്രധാനം നീതിപീഠമാണെന്നതാണിതിന്റെ ഗുണപാഠം…
ഈ പീഠം പക്ഷേ ഭോജരാജാവിന് സ്വന്തമായില്ല, സാലഭഞ്ജികകൾ ചോദ്യംചെയ്തുചെയ്തുമുന്നേറി അവസാനമായപ്പോൾ എല്ലാ ഗുണവും തികയാത്തതിനാൽ അത് നഷ്ടപ്പെട്ടുപോയല്ലോ. പിന്നീടത് പ്രത്യക്ഷപ്പെട്ടത് ഭാരതവർഷത്തിലാണ്. ജനാധിപത്യത്തിന്റെ മാതാവാണല്ലോ. പണ്ടിവനൊരു കടിയാലൊരു പുലിയെ കണ്ടിച്ചതു ഞാൻ കണ്ടറിയുന്നേൻ എന്നു കുഞ്ചൻ നമ്പ്യാർ പാടിയതുപോലെയാണ് കാര്യങ്ങൾ.. ജനാധിപത്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. കൽക്കത്ത ഹൈക്കോടതിയിലെ ജസ്റ്റീസ് അഭിജിത്ത് ഗംഗോപാദ്ധ്യായ ഇടയ്ക്കിടെ പുറപ്പെടുവിക്കുന്ന വിധികൾ, അത് നേടുന്ന തലക്കെട്ടുകൾ.. ദോഷം പറയരുതല്ലോ തലക്കെട്ടുകളിൽ ഭ്രമം ലെജിസ്ലേച്ചറിൽ നിന്ന് പകർന്നുപകർന്ന് മറ്റു തൂണുകളെ വല്ലാതെ ബാധിച്ചിരിപ്പാണ്. തന്റെ വിധികൾ റദ്ദാക്കുന്ന ഡിവിഷൻ ബെഞ്ചിന് രാഷ്ട്രീയ താല്പര്യമുണ്ട്, അതായത് അവർ കള്ളന്മാരാണ്, അതിനാൽ ഡിവിഷൻ ബെഞ്ചിന്റെ വിധി സിംഗിൾ ബെഞ്ചായ ഞാൻ റദ്ദാക്കുന്നുവെന്നാണ് അഭിജിത് ഗംഗോപാധ്യായുടെ ഒടുവിലത്തെ വിധി. എന്നിട്ടും മൂന്ന് ജഡ്ജിമാരും അതേ കോടതിയിൽ തുടരുന്നു. ഗതികേട് സമുന്നതനീതിപീഠത്തിനല്ലേ, എന്തുചെയ്യും. സ്വമേധയാ കേസെടുത്ത് ഒരു വിപുല ബെഞ്ചുണ്ടാക്കി ആ കേസ് കൽക്കത്താ ഹൈക്കോടതിയി നിന്ന് സുപ്രിംകോടതിയിലേക്ക് പറിച്ചെടുത്തുവെന്ന് മാത്രം…
നിന്നോതിക്കൻ മുള്ളുന്നേരം കുട്ടികൾ മരമേറീട്ടും മുള്ളും എന്ന് സ്യമന്ധകം തുള്ളലിൽ നമ്പ്യാർ പാടുന്നുണ്ട്. സാക്ഷാൽ കൃഷ്ണൻ തന്നെ പിടിച്ചുപറിക്കാൻ തുടങ്ങിയാൽ മറ്റുള്ളവരുടെ കാര്യം പറയാനുണ്ടോ എന്നാണ് വ്യംഗ്യം. വർഗീയമായ ഒരു തർക്കം നിലനിൽക്കുന്ന ഒരു ആരാധനാലയത്തിലെ പൂജ സംബന്ധിച്ച് ഒരു ജില്ലാ കോടതി മുൻപിൻ നോക്കാതെ വിധി പറയുമ്പോൾ– സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ജില്ലാ കോടതികളിൽ പലതും അപക്വമാണെന്ന് വിമർശിച്ചത് ഈയിടെയാണ്. ഉത്തരപ്രദേശിലെ രണ്ട് ജഡ്ജിമാർ രണ്ടു വർഷം വീണ്ടും കോളേജിൽ പോയി പഠിച്ചു വരട്ടെയെന്ന് വിധിച്ചതും സുപ്രിംകോടതിതന്നെ. അയോധ്യയിൽ വിധി പറഞ്ഞത് ജഡ്ജിമാർ തമ്മിൽ ധാരണയുണ്ടാക്കി, ആരാണ് വിധിയെഴുതിയതെന്ന് പുറത്തിറിയിക്കരുതെന്ന് തീരുമാനിച്ചാണ്. തർക്കസസ്ഥലം ഹിന്ദു ട്രസ്റ്റിന് നൽകിയപ്പോൾ തന്നെ മുസ്ലിം ആരാധനാലയം പണിയാൻ അഞ്ചേക്കർ സ്ഥലം സൗജന്യമായി അനുവദിക്കുകയും ചെയ്തു.. കക്ഷിരഹിത ഒത്തുതീർപ്പ്. ബാബറി മസ്ജിദ് പൊളിച്ച സ്ഥലത്ത് രാമക്ഷേത്രം യജമാനനായ നരേന്ദ്രമോദിയുടെ നേതൃത്വത്തിൽ ഉദ്ഘാടനം ചെയ്തപ്പോൾ സാക്ഷ്യംവഹിച്ചവരിൽ ആ കേസിലെ വിധി പറഞ്ഞ ജഡ്ജിയുണ്ടായിരുന്നു. നിരവധി മുൻ ചീഫ് ജസ്റ്റിസുമാരും ജ്സ്റ്റിസുമാരുമുണ്ടായിരുന്നു….
അയോധ്യയുടെ കാര്യത്തിൽ ആകാമെങ്കിൽ ഉത്തരപ്രദേശിലെ തന്നെ ജ്ഞാൻ വ്യാപിയിൽ എന്തുകൊണ്ടായിക്കൂടാ. ജില്ലാ ജഡ്ജിക്ക് കിട്ടിയ അവസരം പാഴാക്കിയില്ല. ഒരാഴ്ചക്കകം ഹിന്ദുപൂജയ്ക്ക് സൗകര്യമൊരുക്കാൻ ജില്ലാ ഭരണകൂടത്തിന് നിർദേശം നൽകുകയായിരുന്നു ജില്ലാ ജഡ്ജി. അദ്ദേഹത്തിനുണ്ടോ എക്സിക്യൂട്ടീവിന്റെയും ഹരജിക്കാരുടെയും വേഗമറിയുന്നു. ഒരാഴ്ചയല്ല, ഒരുദിവസം പോലും കാത്തുനിൽക്കാതെ പൂജയും തുടങ്ങി. പളളിക്കാരുടെ അപ്പീലാകട്ടെ അലഹാബാദ് ഹൈക്കോടതി സ്റ്റേ അനുവദിക്കാതെ മാറ്റിവെച്ചു. സർക്കാർ കാര്യം മുറ പോലെ നടക്കുമായിരിക്കും..
മുഖ്യമന്ത്രിയായ ഷിബു സോറനെ തെളിവൊന്നും കയ്യിലില്ലാതെ അറസ്റ്റ് ചെയ്തതിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ പ്രത്യേക ബെഞ്ചുണ്ടാക്കി പരിഗണിച്ചു. പക്ഷേ നിർദേശിച്ചത് ഹൈക്കോടതിയെ സമീപിക്കാനാണ്. കാരണം ഈ കേസ് പരിഗണിച്ചാൽ ഇത്തരം കേസുകളുടെ പ്രവാഹമായിരിക്കുമെന്നാണ്. നീതിപീഠവും കാണുന്നുണ്ട്, പാശവുമായി ഇ.ഡിക്കാർ തലങ്ങും വിലങ്ങും ഓടുന്നത്.
ഡൽഹിയിലെ സിവിൽ സർവീസ് ഉദ്യോഗസ്ഥരെ നിയമിക്കാനും സ്ഥലംമാറ്റാനും സംസ്ഥാന സർക്കാരിനാണധികാരമെന്ന് സുപ്രിം കോടതി വിധിച്ചപ്പോൾ അടുത്ത ദിവസംതന്നെ ഓർഡിനൻസ് കൊണ്ടുവന്ന് ആ വിധി റദ്ദാക്കിയത് നീതിപീഠത്തിനേൽപ്പിച്ച മുറിവ് ഉണങ്ങിയിട്ടില്ല. സുപ്രിം കോടതിയുടെ ഭരണഘടനാ ബെഞ്ച് മാസങ്ങളോളം വാദംകേട്ട ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മീഷനെ നിയമിക്കുന്നത് പ്രധാനമന്ത്രിയും പ്രതിപക്ഷനേതാവും ചീഫ് ജസ്റ്റിസും ഉൾപ്പെട്ട സമിതിയാകണമെന്ന് വിധിച്ചത്. അതിന്റെ മഷിയുണങ്ങുന്നതിന് മുമ്പാണ് ഈ വിധി റദ്ദാക്കുന്ന ബിൽ പാസാക്കിയത്. സുപ്രിംകോടതി വിധിയുടെ മേൽ അപ്പീൽ കോടതിയുണ്ട്, അത് ലെജിസ്ലേച്ചറും എക്സിക്യൂട്ടീവുമാണ്, എന്നുവെച്ചാൽ കേന്ദ്ര ഭരണാധികാരിയാണ് എന്നു വരികയാണ്. ഇത്തരത്തിൽ കോടതി വിധി മറികടക്കാൻ നേരിട്ടുള്ള നിയമനിർമാണങ്ങൾ ആശാസ്യമല്ലെന്ന ജൂഡീഷ്യറിയുടെ വാക്കുകൾ ആരു കേൾക്കാൻ…
ഭൂരിപക്ഷമുണ്ടായാൽ ജയിക്കുമെന്ന സ്ഥിരം പ്രതീക്ഷക്കും ഇന്നത്തേതുമാതിരി ജനാധിപത്യത്തിൽ ഇനിയധികം സ്ഥാനമില്ല. ചണ്ഡീഗഡ് നഗരസഭയിൽ കോൺഗ്രസ്സിനും ആം ആദ്മിക്കും ചേർന്ന് എട്ട് പേരുടെ ഭൂരിപക്ഷമുണ്ട്. ബി.ജെ.പി.ക്ക് പക്ഷേ തുണയായി റിട്ടേണിങ്ങ് ഓഫീസറുണ്ട്. കോൺഗ്രസ്സിനും ആപ്പിനും അധികമായുള്ള എട്ടുപേരുടെ വോട്ടുകൾ അസാധുവാക്കി പ്രഖ്യാപിക്കാൻ ആ റിട്ടേണിങ്ങ് ഓഫീസർക്ക് അധികം ആലോചിക്കേണ്ടിവന്നില്ല. മുകളിൽ നിന്നുള്ള നിർദേശം പാലിച്ചുവെന്നു മാത്രം. അത് കോടതിയിലെത്തിയാൽ തീർപ്പുണ്ടാവുകയെപ്പോഴാണ്…..
ചെറിയ രോഗമല്ല, ജനാധിപത്യത്തിന് അർബുദബാധതന്നെയാണ് സംഭവിക്കുന്നത്, ഓരോ കോശങ്ങളെ നശിപ്പിച്ചുനശിപ്പിച്ചുകൊണ്ട് വ്യാപിക്കുകയാണ്. നീതിപീഠത്തിന് മാത്രമായി ജനാധിപത്യത്തെ നിലനിർത്താനോ സംരക്ഷിക്കാനോ സാധിക്കുമെന്ന് എന്നിട്ടും വിശ്വസിക്കുകയും ആശ്വസിക്കുകയും ചെയ്യുന്നു. അതെ അങ്ങനെ ആഗ്രഹിക്കാം… ജനാധിപത്യത്തെ രക്ഷിക്കാൻ ജനങ്ങൾക്കേ കഴിയൂ എന്നൊക്കെ പറഞ്ഞിട്ടെന്താ കാര്യം.
ബാബറി മസ്ജിദ് വർഗീയ കർസേവയിലൂടെ പൊളിച്ചിടത്ത് സർക്കാർ ആഭിമുഖ്യത്തിൽ രാമക്ഷേത്രം നിർമിക്കുകയും നിർമാണം പൂർത്തിയാകുന്നതിന് മുമ്പ് തിരഞ്ഞെടുപ്പ് പ്രമാണിച്ച് അതിന്റെ ഉദ്ഘാടനം പ്രധാനമന്ത്രി നിർവഹിക്കുകയും ചെയ്തതിൽ പ്രതിഷേധിച്ചതിന് ഒരു മുൻ കേന്ദ്രമന്ത്രിക്ക് ഊരുവിലക്ക് വന്നിരിക്കുന്നു. ദീർഘകാലം കേന്ദ്രമന്ത്രിസ്ഥാനത്ത് പ്രശംസനീയമാംവിധം പ്രവർത്തിച്ചയാളാണ് മണിശങ്കർ അയ്യർ. അദ്ദേഹത്തിന്റെ മകൾ സുരണ്യ അയ്യർ മതത്തിൽ രാഷ്ട്രീയത്തെ മുക്കിയ, അഥവാ രാഷ്ട്രീയത്തിൽ മതത്തെ മുക്കിയ ഈ സംഭവത്തിൽ പ്രതിഷേധിച്ച് സ്വഗൃഹത്തിൽ ഒരു ദിവസം ഉപവസിച്ചുവെന്ന് സാമൂഹ്യമാധ്യമത്തിൽ പോസ്റ്റിട്ടു. അവർ പിതാവിനോടൊപ്പം താമസിക്കുന്ന വീട് ഉൾപ്പെടുന്ന കോളനിക്കാർ, റെസിഡന്റ്സ് അസോസിയേഷൻ നേതൃത്വം ചാടി ഇറങ്ങി. സുരണ്യ അയ്യർ ഉടൻ വീടൊഴിയണം. അവർ മതിവികാരം വ്രണപ്പെടുത്തിയെന്ന ആരോപണവും വിധിയും. പിതാവായ മണിശങ്കർ അയ്യർ മകളെ തളളിപ്പറയുന്നില്ലെങ്കിൽ അദ്ദേഹവും വീടൊഴിഞ്ഞേ പറ്റൂ എന്നാണ് തിട്ടൂരം..
അതേസമയം ഇങ്ങ് കേരളത്തിൽ കേന്ദ്രസ്ഥാപനമായ കോഴിക്കോട് എൻ.ഐ.ടിയിലെ ഒരു വനിതാ പ്രൊഫസർ ഷൈജ ആണ്ടവൻ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ ഇട്ട പോസ്റ്റ് ആർക്കും പ്രത്യേകാൽ വികാരമൊന്നും ഉണർന്നില്ല, ഗാന്ധിജിയെച്ചൊല്ലി വലിയ അവകാശവാദങ്ങളുന്നയിക്കുന്ന മാധ്യമങ്ങൾക്കടക്കം അത് വാർത്തയല്ല. ഗോഡ്സേ ഇന്ത്യയെ രക്ഷിച്ചതിൽ അഭിമാനമുണ്ട് എന്നാണ് ആ ഷൈജ ആണ്ടവൻ പോസ്റ്റ് ചെയ്തത്. അതിൽ ഉറച്ചുനിൽക്കുന്നതായി അവർ ചില മാധ്യമപ്രവർത്തകർക്ക് മറുപടിയും നൽകി. കോഴിക്കോട് എൻ.ഐ.ടിയിൽ 20 വർഷമായി പ്രവർത്തിക്കുന്ന പ്രൊഫസറാണിവർ. ആരിഫ് മുഹമ്മദ് ഖാനോ, പി.സി ജോർജോ, സുരേഷ് ഗോപിയോ തിരുവനന്തപുരത്തെ ആ നടൻ കൃഷ്ണകുമാറോ അല്ല, ആ നിലവാരത്തിലുള്ളവരല്ല ഗോഡ്സെയുടെ പേരിൽ അഭിമാനിച്ചത്. അവരൊക്കെയാണെങ്കിൽ സാംസ്കാരികമായി അത്രതന്നെ എന്നു വിചാരിക്കാം. എന്നാൽ ഗാന്ധിജിയെ രാഷ്ട്രപിതാവായി ഇപ്പോഴും അംഗീകരിക്കുന്ന രാജ്യത്തെ, കേന്ദ്ര സർക്കാർ സ്ഥാപനത്തിലെ ഉന്നതോദ്യോഗസ്ഥയാണ്, പ്രൊഫസറാണ് മിസിസ് ആണ്ടവൻ. ആ മിസിസ് ആണ്ടവന്റെ നേതൃത്വത്തിൽ ഒന്നുകൂടി ചെയ്തു. എൻ.ഐ.ടി.യിൽ അയോധ്യയിൽ നരേന്ദ്രമോദി ക്ഷേത്രം ഉദ്ഘാടനം ചെയ്യുമ്പോൾ അവിടെ വലിയ ആഘോഷം സംഘടിപ്പിച്ചു. അതിൽ സംഘപരിവാറുകാർ രാജ്യത്തിന്റെ ഭൂപടം തെറ്റായി വരഞ്ഞുവെച്ചു. അതിൽ പ്രതിഷേധിച്ച വിദ്യാർഥികളിൽ ദളിത് വിഭാഗത്തിൽ പ്പെട്ട വൈശാഖ് എന്ന വിദ്യാർഥിയെ സസ്പെൻ്റ് ചെയ്യാൻ ഒത്താശചെയ്തു. ഇതൊക്കെയാണ് നമ്മുടെ നാട്ടിൽ നടക്കുന്നത്. അപ്പോഴാണ് വിയോജിപ്പിന്റെ മേഖലകളേതുണ്ടെന്ന് കണ്ടെത്താൻ ജനാധിപത്യപാർട്ടികളും ബുദ്ധിജീവികളും മാരത്തൺ ശ്രമം നടത്തുന്നത്…
To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.