A Unique Multilingual Media Platform

The AIDEM

Articles Society

മ’ദ’മിളകുമ്പോൾ

  • April 23, 2022
  • 1 min read
മ’ദ’മിളകുമ്പോൾ

ഒരു ശബ്ദ കോലാഹലം കേട്ടപ്പോഴാണ് പോസ്റ്റ് ഓപ്പറേറ്റീവ് വാർഡിൻ്റെ ജനലിലൂടെ പുറത്തെ വഴിയിലേക്ക് നോക്കിയത്.

അതെ,  മോർച്ചറിക്കുള്ളിൽ എന്ന പോലെ , അതിനു മുന്നിൽ കൂടി നിന്നവരും  ആ മതരാഷ്ട്രീയ കൊലപാതകത്തിൻ്റെ പോസ്റ്റ്മോർട്ടം നടത്തിക്കൊണ്ടിരിക്കുകയാണ്.

മോർച്ചറിക്ക് മുന്നിലെ കോലാഹലങ്ങൾ മുദ്രാവാക്യങ്ങളായും ആൾക്കൂട്ടം വിലാപയാത്രയായും പരിണമിച്ചിരിക്കുന്നു.

ഇപ്പോൾ വീട്ടിലേക്ക് പോയാൽ ശരിയാവില്ല. ഒരു എമർജൻസി വന്നാൽ റോഡിൽ കുടുങ്ങും… നോമ്പല്ലേ… ഭക്ഷണം കഴിക്കുകയും വേണ്ടല്ലോ.

ഇന്നത്തെ ഡ്യൂട്ടിയിൽ ഇപ്പോൾ നാല് സുഖപ്രസവവും രണ്ട് സിസേറിയനും കഴിഞ്ഞിരിക്കുന്നു.  ഒരു ഗർഭിണിക്ക് പ്രസവം അടുത്തിരിക്കുന്നു, ചിലപ്പോൾ ഒരു കുടിൽ ഇടേണ്ടിവന്നേക്കാം.

“ഡോക്ടറെ ഞാൻ പോക്വാണ് ട്ടോ, ഒരുപാട് നന്ദിയുണ്ട്. നിങ്ങളെയെല്ലാരെയും കണ്ട് യാത്ര പറയണംന്ന് വിചാരിച്ചതാ… പോട്ടെ ട്ടോ…” മൂന്നാമത്തെ ബെഡിൽ കിടന്നിരുന്ന ജയശ്രീ ആണ്, ഓപറേഷൻ കഴിഞ്ഞ് ഇന്നേക്കാണ് അവരുടെ ഡിസ്ചാർജ്. കണ്ണിലെ ജലകണത്തിൽ അവളുടെ സ്നേഹം നിറഞ്ഞു. അവൾ എൻ്റെ കൈ പിടിച്ചു.

“അതിനെന്താ ജയശ്രീ…  ഒ.പി. യിൽ വരുമ്പോൾ എല്ലാരേയും കാണാല്ലോ”.

റോബിൻസൺ റോഡിലൂടെ വഴിമാറി പോന്നതു കൊണ്ട് വിലാപയാത്രയുടെ ബ്ലോക്കിൽ കുടുങ്ങിയില്ല.

മുകളിലെ വീട്ടുപണിയിൽ ആശാരിപ്പണികളുടെ ശബ്ദത്തിനും മുകളിലായി, വാപ്പ ടി.വി യിൽ ന്യൂസിട്ടിരിക്കുന്നു.

എതിർ മതരാഷ്ട്രീയ പാർട്ടിയിലെ മറ്റൊരാളെ പട്ടാപ്പകൽ കൊന്ന് പക തീർത്തിരിക്കുന്നു, ചോരയ്ക്കു ചോര. ടിവിയിൽ ഞാൻ വരേണ്ടുന്ന അങ്ങാടി വഴികളിലെ വിജനത കണ്ടപ്പോൾ മനസ്സിൽ ഒരു പേടിയും വിങ്ങലും… ഇതിനിയെങ്ങോട്ടാണ്???

വാട്സാപ്പ് കോൾ . ഭൂമിയുടെ മറുവശത്ത് നിന്ന് ആങ്ങളയാണ്.
“എടാ വാപ്പാക്ക് തീരെ വയ്യ ട്ടോ”. “ഞാൻ വരണോ താത്താ… ഇനി ലീവ് കിട്ടുമോന്ന് അറിയൂല്ല.”

“ഇവ്ടത്തെ കഥയൊന്നും പറയേണ്ടടാ… അതാ ഇന്നലെത്തേതിനു പകരം ഇന്നും വെട്ടിക്കൊലപ്പെടുത്തിയിരിക്കേണ്. എവിടെ നിക്കുവോ ആവോ… നോമ്പു കാലത്താണ്.”

ആ കോൾ മറ്റൊരു കോളിൽ കട്ടായി. ആശുപത്രിയിൽ നിന്ന് ജൂനിയർ ഡോക്ടറാണ്, “മേഡം , ഇപ്പോ വന്ന പേഷ്യന്റാണ്, ഗ്രേഡ് 3 മെക്കോണിയം ആണ്. കുട്ടീടെ ഹാർട്ട് ബീറ്റ് കുറവാണ്”.

“വേഗം സിസേറിയന് പ്രിപെയർ ചെയ്യ് ട്ടോ… അനസ്തേഷ്യ ഡോക്ടറെ വേഗം വിളിച്ചറിയിക്ക്… ഞാനിതാ എത്തി…”

ആങ്ങള വീണ്ടും വിളിച്ചിരിക്കുന്നു. “താത്താ…  ഇന്ന് മരിച്ചത് എനിക്ക് നല്ലോണം അറിയണ ആളാണ്. നമ്മടെ രാജേഷിൻ്റെ അടുത്ത വീട്ടിലുള്ള ചേട്ടനാണ്… അവനെ ഞാൻ ഇടയ്ക്കിടെ വിളിക്കണതാണ്. അവനോട് ഞാനെങ്ങനെ ഇനി സംസാരിക്കും. ഈ മനുഷ്യന്മാരുടെ ഒരു കാര്യം. എന്തിനാണിങ്ങനെ എല്ലാർ ടെയും സമാധാനം കെടുത്ത്ണത്… താത്ത ആശുപത്രീൽ പൊയ്ക്കോ… ഞാൻ പിന്നെ വിളിക്കാം…”

ആങ്ങളേടെ ഫ്രണ്ടാണ് രാജേഷ്. ചെറുപ്പം മുതൽ എന്നെ താത്താ എന്ന് വിളിക്കുന്ന മറ്റൊരു ആങ്ങള. ഇന്നലെയും വിഷു ആശംസകൾ അയച്ചിരുന്നു …

ടി.വി ചാനൽ ആക്രോശിക്കുന്നു. ‘വാർത്താ മഴ’ ആണത്രെ!!! പാലക്കാട്ടെ മതരാഷ്ട്രീയ കൊലപാതകം. റിപ്പോർട്ടർ മരണം നടന്ന ആശുപത്രി മുറ്റത്ത് മൈക്കും പിടിച്ച് മഴ കൊളളാനും കൊടുക്കാനും കിതച്ചു കൊണ്ട് ഓടുന്നുണ്ട്…

കാറിൽ കയറി തലയിലെ തട്ടം ശരിയാക്കിയപ്പോൾ തന്നെ ചാടിയിറങ്ങി ലേബർ റൂമിലേക്ക് ഫോൺ ചെയ്തു, “സിസ്റ്റർജി ആശുപത്രിവണ്ടി അയക്കൂ ട്ടോ”

വണ്ടിയിൽ പോകുമ്പോഴാണ് പുതുപ്പള്ളിത്തെരുവ് കടന്നുപോയത്. ഞാൻ എട്ടാം ക്ലാസിലായിരുന്ന സമയത്ത് ബാബറി മസ്ജിദിനെ ചൊല്ലിയുള്ള ഒരു വിവാദത്തിനിടെയാണ് ഇവിടെ ഇങ്ങനെ ഒരു സാമുദായിക സംഘർഷം ഉണ്ടായിരുന്നത്… സൈക്കിൾ ചെയിൻ പിടിച്ചു നടന്ന് വണ്ടികൾ കത്തിക്കുന്ന ആൾക്കൂട്ടത്തെ നിയന്ത്രിക്കാൻ പോലീസ് മാനത്തേക്കു വെച്ച വെടിയിൽ അന്നാണ് ഇതൊന്നുമറിയാതെ വീട്ടുമുറ്റത്തു കളിച്ചു കൊണ്ടിരുന്ന സിറാജുന്നീസ കൊല്ലപ്പെട്ടത്… ഞാൻ ഡ്രൈവറോടും അനസ്തീഷ്യ ഡോക്ടറോടുമായി മനസ്സിൽ പതിഞ്ഞ ബ്ലാക്ക് ആൻഡ് വൈറ്റ് ഫ്ലാഷ്ബാക്ക് കഥ പറഞ്ഞു കൊണ്ടേയിരുന്നു…

പൊലീസുകാർ മാത്രമുള്ള ഒഴിഞ്ഞ വഴിയിലൂടെ ആശുപത്രിയിൽ വേഗമെത്തി.

ഞാനും അനസ്തേഷ്യ ഡോക്ടറും ഓപ്പറേഷൻ തിയേറ്ററിലേക്കോടി. പുറത്തു നിന്ന ഗർഭിണിയുടെ അമ്മയോടായി ഒറ്റശ്വാസത്തിൽ വിവരം പറഞ്ഞു. കുട്ടിക്ക് മഷിയിളകീട്ടുണ്ടെന്നും, ഹൃദയമിടിപ്പ് കുറവുണ്ടെന്നും, പെട്ടെന്ന് ഓപ്പറേഷൻ ചെയ്യേണ്ടതുണ്ടെന്നും.

കുട്ടികളുടെ ഡോക്ടറും ഓപ്പറേഷൻ തിയേറ്ററിൽ എത്തിയിരിക്കുന്നു.

നോമ്പ് തുറക്കാനുള്ള സമയമായതെല്ലാം മറന്നിരിക്കുന്നു…

കുട്ടിയെ പെട്ടെന്ന് തന്നെ എടുത്തു. കുട്ടിയുടെ ശ്വാസകോശത്തിൽ തടഞ്ഞ മഷി സക്ഷൻ ചെയ്ത് എടുത്തപ്പോഴേക്കും അവൻ ഉറക്കെ കരയാൻ തുടങ്ങി… “ഹാവൂ…”

എല്ലാവർക്കും ഇപ്പോഴാണ് ശ്വാസം വീണത്.

പിന്നെ സമാധാനത്തിൽ ഗർഭപാത്രം തുന്നുമ്പോഴാണ് ഞാൻ ചന്ദ്രിക സിസ്റ്ററോട് സംസാരിച്ചത്.

“തട്ടമിട്ടു വണ്ടിയോടിച്ചു വന്നാൽ ജീവനോടെ എത്തുമോ എന്നറിയാത്തതു കൊണ്ട് ഹോസ്പിറ്റൽ വണ്ടിയിൽ ആണ് വന്നത്. ഇത് എവിടെ എത്തുമോ… അല്ലേ..”

“ഞാനുമതെ മേഡം… പൊട്ടിട്ട് സ്കൂട്ടറോടിച്ച് വരുമ്പോൾ ആകെ പേടിയായിരുന്നു, മനുഷ്യരുടെ ബുദ്ധിയെല്ലാം നശിച്ചിരിക്കുന്നു.”

“ഞാൻ മുസ്ലിമായത് മുസ്ലിം കുടുംബത്തിൽ ജനിച്ചതു കൊണ്ടാണ്. ചന്ദ്രിക സിസ്റ്റർ ഹിന്ദുവായത് ഹിന്ദു കുടുംബത്തിൽ ജനിച്ചതു കൊണ്ടല്ലേ… ജോസ് ഡോക്ടർ ക്രിസ്ത്യൻ ആയതും അങ്ങനെത്തന്നെയല്ലേ… പിന്നെയാണ് ഈ വിഡ്ഢിത്തങ്ങൾ…”

സർജറി കഴിഞ്ഞിറങ്ങുമ്പോഴേക്ക് നോമ്പുതുറക്കാനുള്ള സമയത്തേക്കാൾ അരമണിക്കൂർ വൈകിയിട്ടുണ്ട്.

ഓപറേഷൻ തിയേറ്റർ സ്റ്റാഫ് ബിൽസിത്ത് ചേട്ടൻ താഴത്തെ ചായക്കടയിൽ നിന്ന് രണ്ട് ചായ കൊണ്ടു വന്ന് വെച്ചിട്ടുണ്ട്. ഞാൻ ആ ചായകുടിച്ച് നോമ്പുതുറന്നു. ചായയുടെ പൈസ കൊടുത്തപ്പോൾ ചേട്ടൻ വാങ്ങുന്നില്ല. “അതുവേണ്ട മേഡം…”

ജനനവും മരണവും നേർക്കുനേർ കാണുന്ന ഞങ്ങൾ മതത്തിൻ്റെ മതിലുകൾ എന്നേ പൊളിച്ചിരിക്കുന്നു.

ഓപ്പറേഷൻ തിയേറ്ററിൻ്റെ വരാന്തയുടെ അറ്റത്ത്, സിസ്റ്റർ, ബൈസ്റ്റാർഡറുടെ കയ്യിൽ കുട്ടിയെ ഏൽപിക്കുന്നുണ്ട്.

മരണത്തിൽ നിന്നും രക്ഷപ്പെട്ടിട്ടും കുഞ്ഞേ നീ ഉറക്കെ കരയുന്നതെന്തിനാണെന്ന് എനിക്കറിയാം.

അമ്മയുടെ വയറിൽ നിന്ന്, ഒരു കൈയ്യിൽ നിന്നെ ഏൽപിക്കുന്നതു മുതൽ,  അവർ നിനക്കൊരു പേരിടുന്നതു മുതൽ, ‘മനുഷ്യത്വം വെടിഞ്ഞ മനുഷ്യ കുലത്തിൽ’ നീ അംഗത്വമെടുത്തിരിക്കുന്നു.

പിന്നീട് നിൻ്റെ ചിന്തയും ഭാവിയും ബുദ്ധിയും നിൻ്റെ ആധാർകാർഡിലെ മതം കോർത്ത പേരുമായി ലിങ്ക് ചെയ്യപ്പെടും…

ഗർഭപാത്രത്തിൻ്റെ ശാന്തതയിൽ മനുഷ്യനായി ജനിച്ച നിൻ്റെ പേര് ‘മനുഷ്യൻ ‘ എന്നു മാത്രമായാൽ മതിയായിരുന്നെന്ന് നീ ഇപ്പോൾ കൊതിക്കുന്നില്ലേ…

നീയെങ്കിലും, വിഷുവിൻ്റെ ഐശ്വര്യവും റമളാനിലെ സഹനവും
ഈസ്റ്ററിൻ്റെ പ്രതീക്ഷയും ആയിത്തീരാൻ ഞാൻ പ്രാർത്ഥിക്കട്ടെ…

About Author

ഡോ. രേഷ്മ സാജൻ

പാലക്കാട് മെഡിക്കൽ കോളേജ് ഗൈനക്കോളജി ഡിപ്പാർട്മെൻ്റിൽ അഡീഷണൽ പ്രൊഫസർ.