ചെരുപ്പിടാത്ത കണങ്കാലിനു മുകളിൽ വൃത്തിയുള്ള ക്രീം കളർ മുണ്ട്….
നരച്ച ചുവപ്പ്നിറമുള്ള ബ്ലൗസിനു മുകളിൽ, ഇടത്തേച്ചുമലിൽ, കല്ലിൽ അലക്കിയെടുത്ത വെള്ളത്തോർത്ത്….
തീരെ ചെറുതാക്കി വെട്ടിയൊതുക്കിയ നരച്ച മുടി…
ചെറിയ മുഖത്ത് ചുളിവുകൾ പടർത്തുന്ന നിഷ്ക്കളങ്കമായ ചിരിക്കിടയിൽ ഒളിഞ്ഞു നോക്കുന്ന പുഴുപ്പല്ലുകൾ…..
ഇതാണ് വള്ളിയമ്മ.
കഴിഞ്ഞ ഒരു കൊല്ലമായി ഗൈനക്കോളജി ഒ. പി. യിലെ സ്ഥിരം സന്ദർശക.
വയറിലെ മുഴയുമായി ആദ്യം വന്നതുമുതൽ ശ്രദ്ധിക്കുന്നത്, മാറി മാറിക്കൊണ്ടിരിക്കുന്ന ബൈ സ്റ്റാന്റർമാർ എന്ന കൂട്ടിരുപ്പുകാരെയാണ്.
ഓപ്പറേഷന്റെ കാര്യം സംസാരിക്കാൻ നേരത്താണെങ്കിൽ ബൈ സ്റ്റാൻഡേഴ്സ് ഇല്ല താനും!
” എന്താ അമ്മാ…. ആരെയെങ്കിലും കൊണ്ടു വരണ്ടേ?”
“വലിയ ഓപ്പറേഷനല്ലേ ….. രക്തം കൊടുക്കാനൊക്കെ ആളു വേണല്ലോ….”
പ്രായമായ മെലിഞ്ഞ ഒരാളാണ് ഓപ്പറേഷന്റെ കാര്യം സംസാരിക്കാനായി അടുത്ത വരവിലെ ബൈസ്റ്റാൻഡർ.
“ഇവർക്ക് ഗർഭപാത്രത്തിൽ മുഴയുണ്ടെല്ലോ അതിന് ഓപ്പറേഷൻ ചെയ്യണം ട്ടോ… ഓപ്പറേഷന് ഡേറ്റ് തരണെങ്കിൽ രക്തം ഒക്കെ റെഡിയാക്കണ്ടെ. ഇവരുടെ കൂടെ വരുന്ന കുടുംബക്കാർ മാറിമാറിക്കൊണ്ടിരിക്കുകയാണ്.”
“ഡോക്ടർ ഞാൻ ഇവരുടെ സ്ഥലത്തെ പാർട്ടി മെമ്പറാണ്. ഇവര് ഒറ്റയ്ക്ക് ഒരു വീട്ടിലാണ് താമസം. കുടുംബക്കാരൊന്നുമില്ല. അതുകൊണ്ട് ഇവർ അറിയിച്ചപ്പോൾ വിവരം അറിയാൻ വന്നതാണ് …..”
“അമ്മാ… അപ്പോ നിങ്ങടെ കൂടെ മുമ്പ് വന്നവരൊക്കെ??”
“എനിക്കാരൂല്ല മനെ….. ഒരു ദൂസം ഒരാള് ഇങ്ങ്ട്ട് കൂടെ വരാൻ ഞാൻ അവര്ക്ക് അഞ്ഞൂറ് ഉറുപ്യ കൊടുക്ക്ണ്ട്. ഇപ്പൊ കൂടുതൽ പൈസ ചോദിക്യാണ് …..”
പെട്ടെന്ന് എനിക്കാണ് ഉത്തരം മുട്ടിപ്പോയത്.
“എന്നാ ഓപ്പറേഷന് ആളുണ്ടാകുമല്ലോ ല്ലേ. ഇവിടെ സ്ത്രീകൾടെ വാർഡിൽ, കൂടെ നിക്കാൻ സ്ത്രീകൾ വേണം താനും…”
“കൂടെ ഇരിക്കാൻ ഒരു പെണ്ണിനെ ഞാൻ സരിയാക്കാട്ടൊ….. ഞാൻ പണ്ട് പണിയെടുത്ത പൈസ കൊറച്ച് എടുത്ത് വെച്ചിട്ടുണ്ടെയ്…”
രാവിലെ ഏഴേമുക്കാലിന് ആശുപത്രിയുടെ ഗേറ്റ് കടന്ന ഉടനെ ഉള്ള ചായപ്പീടികയിൽ നിന്ന് വൈകുന്നേരം വരെ നിക്കാനുള്ള ‘ സീക്രട്ട് ഓഫ് മൈ എനർജി’ യായ ബ്രേക്ക്ഫാസ്റ്റ് ചായയും ഒരു കഷണം സ്പോഞ്ച് കേക്കും കഴിക്കുമ്പോൾ; അതാ എതിർ വശത്ത് നമ്മടെ വള്ളിയമ്മേടെ ‘വാടക ബൈ സ്റ്റാൻഡർ ‘ വാങ്ങിയ ഇഡ്ഡലിയും ചായയും ശ്രദ്ധ തെറ്റാതെ തിണ്ടത്തിരുന്ന് കഴിക്കുകയാണ്…
പത്തു മണിക്ക് ഞാൻ ആ വാർഡിൽ റൗണ്ട്സിനു വന്നപ്പോഴും, വള്ളിയമ്മ മാത്രം പട്ടിണിയാണ്…
മുറിവിന്റെ വേദന കാരണം ഒന്നു തിരിഞ്ഞു പോലും കിടക്കാനാവുന്നില്ല..
“മാഡം. ഇവരുടെ കൂടെയുള്ള ബൈസ്റ്റാൻഡർ ഇവരെ നോക്കുന്നേയില്ല. ഭക്ഷണം കൊടുക്കാനും ഇരുത്താനും ടോയ്ലറ്റിൽ പോകാനും ഒന്നും സഹായിക്കാൻ അവരെ വാർഡിൽ കാണുന്നേയില്ല..”
സിസ്റ്റർ രണ്ടു ദിവസമായി ഈ അന്യായം കാണുന്നു..
“താഴെ ചായക്കടയിൽ അവർ ഭക്ഷണം വാങ്ങിക്കഴിക്കുന്നുണ്ടായിരുന്നല്ലോ. പിന്നെന്താ ഇവർക്കു മാത്രം അവർ ഭക്ഷണം വാങ്ങിക്കൊടുക്കാത്തത് ?”
എനിക്കും ക്ഷമ നശിച്ചിരിക്കുന്നു…
വള്ളിയമ്മയുടെ കൺകോണിൽ നിന്ന് ഒരു തുള്ളി കണ്ണീർ ഒഴുകി …
മുഴ നീക്കം ചെയ്ത ഓപ്പറേഷന്റെ വേദനയേക്കാൾ, മനസ്സിൽ നിന്ന് നീക്കാൻ കഴിയാത്ത ഒറ്റപ്പെടലിന്റെ വേദന…
“ഞാൻ അവര്ക്ക് പതിനാറായിരം ഉറുപ്യാണ് കൊടുത്തത് ശിശ്റ്ററെ ….”
പിറ്റേന്ന് റൗണ്ട്സിന്, ഈ മണിക്കൂറിലെ പ്രധാന വാർത്തയെത്തി… വള്ളിയമ്മയുടെ കൂടെയിരിക്കാത്ത കൂട്ടിരുപ്പുകാരി കോവിഡ് ടെസ്റ്റ് പോസിറ്റീവായി സ്ഥലം വിട്ടിരിക്കുന്നു …..
പനിച്ച് വിറച്ച് വള്ളിയമ്മയും കോവിഡ് വാർഡിലേക്ക് …..
കോവിഡ് വാർഡ് എന്ന ഒറ്റപ്പെട്ട തുരുത്തിലെ, സ്നേഹത്തിന്റെ കൊടുക്കൽ വാങ്ങലുകളിൽ; ഡോക്ടർമാരുടെയും സിസ്റ്റർമാരുടെയും അറ്റൻഡർമാരുടെയും കൂടെ വള്ളിയമ്മയും.
ഒറ്റപ്പെടലറിയാതെ..
പട്ടിണിയറിയാതെ, ഡിസ്ചാർജ്ജായി വീട്ടിലേക്ക് …..
ഒറ്റയ്ക്ക് കുടത്തിൽ വെള്ളമെടുത്ത് ഇടുപ്പിൽ വെച്ച് വീട്ടിലേക്ക് കൊണ്ട് വന്നതിന്റെ വയറുവേദനയുമായിട്ടാണ് ഓപറേഷൻ കഴിഞ്ഞ് രണ്ടാഴ്ച കഴിഞ്ഞപ്പോഴേക്കും വള്ളിയമ്മേടെ ഒറ്റയ്ക്കുള്ള അടുത്ത ഒ.പി വിസിറ്റ്.
മരുന്ന് മാത്രം പോരാത്തിടത്ത്, അയൽവാസിയോട് കുടിവെള്ളം വാങ്ങാനുള്ള പ്രത്യേക പ്രിസ്ക്രിപ്ഷനും.
അതിനുശേഷം ആഴ്ചയിലൊരിക്കൽ ഒപിയിലേക്കൊരു വിരുന്നു വരവാണ്.
ഒപിയിൽ നടന്ന് എല്ലാ ഡോക്ടർമാരോടും ചിരിച്ച് കൈ പിടിച്ചും കൈകൂപ്പിയും കുശലം പറയുന്ന വള്ളിയമ്മ….
“അമ്മാ …. ഇനി മൂന്നു മാസം കഴിഞ്ഞ് വന്നാ മതി ട്ടോ….”
“പറ്റൂല്ല മാഡം…
ഞാൻ എടയ്ക്കെടയ്ക്ക് വരും…. എനിക്കാരൂല്ല…..
നിങ്ങളൊക്കെയേ ഉള്ളൂ … ഞാൻ ഫോൺ കുത്തിയാ മാഡം ഫോൺ എടുക്കണം ട്ടോ….”
കഴിഞ്ഞയാഴ്ച “എളനീരു കുടിച്ചോട്ടെ” ന്ന് ചോദിക്കാൻ അയൽക്കാരിയെക്കൊണ്ട് എന്റെ ഫോൺ നമ്പർ കുത്തിച്ചിട്ട്ണ്ട്.
ഇപ്പൊ ഓപറേഷൻ കഴിഞ്ഞ് എട്ടൊമ്പത് മാസമായിക്കാണും.
ഒരു ബുദ്ധിമുട്ടും ഇല്ലാഞ്ഞിട്ടും കഴിഞ്ഞ രണ്ടാഴ്ചയിലെ രണ്ടാമത്തെ ആശുപത്രി വിസിറ്റിൽ ഫ്രീയായി പകർന്നു കിട്ടിയ പനിയുമായാണ് ഇന്ന് ഒ പി യിൽ.
കഴിഞ്ഞ ഒ. പി.യിൽ ക്ലാസ് എടുക്കാൻ പോയ എന്നെ കാണാഞ്ഞതിനാൽ; പന്ത്രണ്ടു മണി വരെ കാത്തിരുന്നു തിരിച്ചു പോയതാണ്.
അറ്റൻഡർ ചേച്ചി ആശുപത്രി പരിസരത്തു മുഴുവൻ രണ്ടു വട്ടം വള്ളിയമ്മയെ തിരഞ്ഞിട്ടും കിട്ടിയിരുന്നില്ല…
അതുകൊണ്ട് കഴിഞ്ഞ രണ്ടു ദിവസത്തിലെ നാലാമത്തെ ഫോൺകോൾ.
“ഡോക്ടർ ഞാൻ വള്ളിയമ്മയാണ്. ഇവിടെ ഒ. പി.യിൽ എത്തീട്ട്ണ്ട്. നിങ്ങൾ വരൂല്ലേ. എനിക്ക് വയ്യേയ് “
“റൗണ്ട്സ് കഴിഞ്ഞ് ഞാൻ ഇപ്പൊ വരും. അവിടെ ഇരുന്നോളു അമ്മാ”
സ്റ്റെതസ്കോപ്പ് നെഞ്ചിൽ വെച്ച് നോക്കുന്നതിടയ്ക്ക് ശ്വാസം ശ്രദ്ധ തെറ്റാതെ വലിച്ചും വിട്ടും വള്ളിയമ്മ ഒരു അനുസരണയുള്ള കുട്ടിയായി…..
“സന്ധ്യ ഡോക്ടറ് വള്ളിയമ്മേനെ ഫോട്ടം എടുക്ക്ണ്ട് ട്ടോ ”
“ഫോട്ടം പുടിച്ചോ മാഡം. ഞങ്ങക്ക് നിങ്ങളൊക്കേ ഉള്ളൂ. ഞാൻ മരിച്ചാലും നിങ്ങക്ക് എന്നെ കാണാല്ലോ….”
മാസ്ക് മാറ്റി ശ്വാസം പോലും വിടാതെ ചിരിച്ച് പോസ് ചെയ്യുന്നുണ്ട്…..
കൊഴലു വെച്ച് നോക്കി മരുന്നെഴുതി, ഒരു മാസം കഴിഞ്ഞ് വന്നാ മതീന്ന് പറഞ്ഞു തീരുന്നതിനു മുന്നേ വിചാരിച്ച പോലെ സ്ഥിരം മറുപടി എത്തി….
“അങ്ങനെ പറയല്ലേ മാഡം…..
ഞാൻ അടുത്താഴ്ചയും നിങ്ങൾനെയൊക്കെ കാണാൻ വരും….”
ഫോട്ടോക്കുള്ള ചിരിപ്പോസിൽ ഒരു സങ്കടത്തിന്റെ ‘ പോസ് ‘ വേണ്ടായിരുന്നു….
“എന്നാ ശരി അമ്മാ…..”
വള്ളിയമ്മയ്ക്കുള്ള പ്രിസ്ക്രിപ്ഷൻ കംപ്ലീറ്റ് ആക്കി:
…..റിവ്യൂ SOS …..
അതായത് …..
വള്ളിയമ്മാ…..
നിങ്ങൾ ആവശ്യം തോന്നുമ്പോഴൊക്കെ ഞങ്ങളുടെ അടുത്തേക്ക് വരിക…
അങ്ങാടിയിൽ തോറ്റതിന് ആരോഗ്യ പ്രവർത്തകരെ തല്ലാനോങ്ങുന്നവർക്കും….
ഞങ്ങൾ ആരോഗ്യ പ്രവർത്തകരുടെ ‘അനാസ്ഥ സ്പെഷ്യൽ’ ബ്രേക്കിങ്ങ് ന്യൂസ് മെനയാനായി മെനക്കെട്ട് നടക്കുന്ന മാധ്യമ പ്രവർത്തകർക്കും…
അതു കണ്ട് സന്തോഷിച്ച് ‘ലോക വയോജന ദിനവും’ ‘ലോക പട്ടിണി ദിനവും’ അതാതു ദിനങ്ങളിൽ… അതും സോഷ്യൽ മീഡിയയിൽ മാത്രം…. ആഘോഷിക്കുന്ന ചിലർക്കൊക്കെയും…
ഇതെല്ലാം കണ്ടിട്ടും കാണാത്തപ്പോലെ ഇരിക്കുന്ന ചിലർക്കൊക്കെയും…
ഒരു പക്ഷേ , നിങ്ങളെ കാണാൻ സമയമില്ലായിരിക്കാം…..
പക്ഷേ ഞങ്ങൾ ആരോഗ്യ പ്രവർത്തകർക്കെല്ലാം നിങ്ങൾക്കായി നൽകാൻ ഒരുപാട് നന്മ നിറഞ്ഞ സമയമുണ്ട്….
അതുകൊണ്ട് വള്ളിയമ്മാ നിങ്ങൾ എപ്പൊ വേണമെങ്കിലും റിവ്യൂ SOS..
നിങ്ങളുടെ മനസ്സുനിറഞ്ഞ ചിരിയാണ് ഞങ്ങളെ ഈ ജോലിയിൽ ഇക്കാലത്തും പിടിച്ചു നിർത്തുന്നത്.
എന്നത്തേയും പോലെ super എഴുത്ത് love you dear Reshma
Indeed , phenomenal writing . Touching too , wish we had more doctors like this , and of course such “ spirited “ patients too ..