കോളേജ് വിട്ട് ഏറെ വൈകി മാത്രം മകൾ വീട്ടിലെത്തുന്നതിലെ പരാതിയുമായാണ് അഭിരാമിയുടെ (പേര് സാങ്കൽപികം) അമ്മ കോളേജിലെ ടീച്ചർമാരുടെ മുന്നിലെത്തിയത്. രാത്രി വൈകി വീട്ടിലെത്തും. എത്തിയാൽ തന്നെ ആരോടും മിണ്ടാതെ മുറിയിൽ അടച്ചിരിക്കും. ഭക്ഷണം കഴിക്കാൻ പോലും പുറത്ത് വരില്ല. ചെറിയകാര്യങ്ങൾക്ക് പോലും വലിയതോതിൽ അക്രമാസക്തയാകുന്നു. സ്വഭാവത്തിലെ മാറ്റം അമ്മയെ ഭയപ്പെടുത്തി. അങ്ങനെയാണ് അമ്മ സങ്കടവുമായി ഡിപ്പാർട്ട്മെൻറിലെത്തിയത്. അതോടെ ടീച്ചർ ഇടപ്പെട്ടു. കുട്ടിക്ക് കൌൺസലിങ് നൽകി. അപ്പോൾ പുറത്തറിഞ്ഞത് ഞെട്ടിക്കുന്ന കഥകളാണ്. അഭിരാമിയുടെ ക്ലാസിലേതടക്കം ഇരുപതോളം പെൺകുട്ടികൾ ആ കോളേജിൽ മാത്രം മയക്കുമരുന്നിന് അടിമകൾ. അടിമകൾ മാത്രമല്ല, വിൽപ്പനക്കാരും. ടീച്ചർ മറ്റ് കുട്ടികളേയും വിളിച്ചു സംസാരിച്ചു. കുട്ടികൾക്കെല്ലാം കൌൺസലിങ് നൽകി. പലരുടേയും വീട്ടിൽ ഇപ്പോഴും അറിയില്ല തങ്ങളുടെ മകൾ മയക്കുമരുന്നിന് അടിമകളാണെന്ന്.
മധ്യകേരളത്തിലെ ഒരു പ്രമുഖ കോളേജിൽ ആണ് അഭിരാമിയും കൂട്ടുകാരും പഠിക്കുന്നത്. ഈ കുട്ടികളേയും ടീച്ചറേയും ബന്ധപ്പെട്ട് നേരിട്ട് സംസാരിക്കാൻ ‘ദി ഐഡം’ ശ്രമം നടത്തി. പക്ഷെ ഭയം മൂലം നേരിട്ട് സംസാരിക്കാൻ അവർ തയ്യാറായില്ല. കാരണം ഇതാണ്.
കോവിഡിന് തൊട്ടുമുമ്പായി ഒരു പഠനയാത്രയ്ക്ക് ഈ കുട്ടികളടങ്ങിയ സംഘവുമായി ടീച്ചർ എറണാകുളത്തേക്ക് വന്നു. പക്ഷെ അവരുടെ വാഹനത്തെ പിന്തുടർന്ന് മൂന്ന് ബൈക്കിലായി മറ്റൊരുസംഘവും എത്തി. കുട്ടികൾക്ക് മയക്കുമരുന്ന് എത്തിച്ചുനൽകുന്ന സംഘത്തിലെ അംഗങ്ങൾ. സംഘത്തിൽ കോളേജിലെ മുൻ വിദ്യാർത്ഥികളും ഉൾപ്പെട്ടിരുന്നു. ഇതിന് ശേഷം വീട്ടിൽ നിന്ന് കോളേജിലേക്കുള്ള ടീച്ചറുടെ യാത്രകളിൽ ഈ സംഘം പിന്തുടരാനും തുടങ്ങി. വിഷയത്തിൽ കൂടുതൽ ഇടപെട്ടാൽ പണികിട്ടുമെന്ന് കുട്ടികൾ വഴി ടീച്ചർക്ക് സംഘം ഭീഷണിയും കിട്ടി. സ്വന്തം സുരക്ഷയും വീട്ടുകാരുടെ സുരക്ഷയും കരുതി ഭയന്ന് ടീച്ചർ അതോടെ പിൻമാറി.
നേരിട്ട് മുമ്പ് പരിചയമില്ലാത്തവരാണ് ഇവർക്ക് മയക്കുമരുന്ന് നൽകിയത്. സാമൂഹ്യമാധ്യമമായ ഇൻസ്റ്റാഗ്രാം വഴി പരിചയപെട്ടയാളാണ് അഭിരാമിക്ക് ലഹരി എത്തിച്ചുനൽകിയത്. സിന്തറ്റിക്ക് ലഹരി ഉപയോഗിച്ച് തുടങ്ങിയ അഭിരാമി പിന്നീട് കൂട്ടുകാരികളേയും ഇതിലേക്ക് ആകർഷിച്ചു. ഇൻസ്റ്റാഗ്രാം വഴി തന്നെയാണ് ഇവർ ഇടപാടുകളും നടത്തിയത്.
“ഇൻസ്റ്റഗ്രാം, ടെലിഗ്രാം തുടങ്ങിയ സോഷ്യൽ മീഡിയകൾ വഴിയാണ് ഇവർ ഇടപാടുകാരെ കണ്ടുമുട്ടുന്നതും ഇടപാടുകൾ നടത്തുന്നത്. പലപ്പോഴും അപരിചിതരുമായി ഇവർ സോഷ്യൽ മീഡിയകൾ പരിചയപ്പെടുകയും കുറ്റകൃത്യങ്ങളിലേക്ക് ചെന്നെത്തുകയും ചെയ്യുന്നുവെന്നതാണ് കാണുന്നത്. കോഡുഭാഷകളാണ് ഇവർ ഉപയോഗിക്കുന്നത് എന്നതിനാൽ തന്നെ പലപ്പോഴും പലർക്കും മനസിലാകാറില്ല എന്നതാണ് വസ്തുത.” എക്സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ് ദി ഐഡത്തോട് പറഞ്ഞു.
ഇത്തരം സംഭവങ്ങൾ ചെറുതും വലുതുമായി സംസ്ഥാനത്തെ പലക്യാമ്പസുകളിലും സംഭവിക്കുന്നുണ്ട്. തൃശ്ശൂർ ജില്ലയിലെ പല കോളേജിലും മയക്കുമരുന്ന് മാഫിയകൾ പിടിമുറുക്കിയിട്ടുണ്ട് എന്ന് ‘ദി ഐഡം’ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തി. പെൺകുട്ടികളാണ് പലയിടത്തും ഇവരുടെ ഇരകളും കാരിയർമാരും. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളാണ് പലയിടത്തും മയക്കുമരുന്നിന് അടിമകളായശേഷം കാരിയർമാരായി മാറുന്നത്.
“സാമ്പത്തികവും സാമൂഹികവുമായി മുന്നാക്കം നിൽക്കുന്ന കുട്ടികളാണ് പിയർ ഗ്രൂപ്പായി പലയിടത്തും പ്രവർത്തിക്കുന്നത്. അവർ പിന്നീട് സുഹൃത്തുക്കളെ ഇതിലേക്ക് നയിക്കുന്നു. അവരിൽ തന്നെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് അഡിക്ഷനായ ശേഷം ഇത് വാങ്ങാൻ പൈസയില്ലാതെ വരുമ്പോൾ മയക്കുമരുന്ന് മാഫിയകൾ തന്നെ ഇവരെ കാരിയറാക്കി മാറ്റുകയാണ്. ചിലരാണെങ്കിൽ പുറത്തുകടക്കാനാവാതെ കുടുങ്ങിപോവുകയും ചെയ്യുന്നുണ്ട്.” സൈക്കോളജിസ്റ്റായ ശ്രുതി എൻ വി ‘ദി ഐഡ’ത്തോട് പറഞ്ഞു.
പലപ്പോഴും ഇത് ഇന്നത്തെ സമൂഹത്തിൽ അത്യാവശ്യമാണെന്ന തരത്തിലാണ് ഇവർ അഭിപ്രായപ്പെടുന്നത്. ഇതൊന്നും ഉപയോഗിച്ചില്ലെങ്കിൽ എന്തോ കുറവാണെന്ന അഭിപ്രായമാണ് കൌൺസിലിങ്ങിനെത്തുന്ന കുട്ടികൾക്ക്.
“മയക്കുമുരുന്നും മദ്യവുമെല്ലാം ഉപയോഗിക്കുന്നതാണ് ഇപ്പോഴത്തെ ട്രെൻറ്. അതൊന്നും ഉപയോഗിച്ചില്ലെങ്കിൽ പിന്നെ നമ്മളൊക്കെ ജീവിച്ചിരിക്കുന്നതെന്തിന് എന്നാണ് ഒരു ഒമ്പതാം ക്ലാസുകാരൻ കൌൺസിലിങ്ങിന് വീട്ടുകാർ കൊണ്ടുവന്നപ്പോൾ ചോദിച്ചത്. അതൊക്കെ ഉപയോഗിക്കുന്നവരോട് കടുത്ത ആരാധനയാണെന്ന് ഒരു പത്താംക്ലാസുകാരി പെൺകുട്ടി പറയുമ്പോൾ പുതുതലമുറയെകുറിച്ച് ആശങ്കയേറുകയാണ്”, ശ്രുതി തുടരുന്നു.
ഇത്തരത്തിൽ ലഹരിയുടെ പിടിയിൽ അകപ്പെട്ട പെൺകുട്ടികളും ആൺകുട്ടികളും ഒരുപോലെ ലൈംഗികചൂഷണത്തിന് ഇരയായ സംഭവങ്ങളും കേരളത്തിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പലപ്പോഴും ഇവർക്ക് ഭയം മൂലം മറ്റുള്ളവരോട് ഇതേകുറിച്ച് തുറന്ന് പങ്കുവെക്കാനാവാതെ മാനസിക നില തെറ്റുന്ന അവസ്ഥയും ഉണ്ടാകാറുണ്ട്. ഇത് ആത്മഹത്യകളിൽ വരെ എത്തിച്ച സംഭവങ്ങളുമുണ്ട്.
ഇന്നത്തെ കുട്ടികളിൽ സോഷ്യൽ മീഡിയയും സിനിമയുമെല്ലാം ചെലുത്തുന്ന സ്വാധീനം ചില്ലറയല്ല. പ്രത്യേകിച്ചും ആത്മവിശ്വാസകുറവ് കൂടുതലുള്ള കുട്ടികളിൽ. പലപ്പോഴും സിനിമകളിലെ ഹീറോമാരും വില്ലൻമാരുമെല്ലാം ലഹരി ഉപയോഗിച്ചശേഷം കൂടുതൽ ഊർജ്ജസ്വലരായി മാറുന്ന ദൃശ്യങ്ങൾ ഇവരിൽ വലിയ സ്വാധീനം ചെലുത്തുന്നുണ്ടെന്നാണ് എക്സൈസ് അഡീഷണൽ കമ്മീഷണർ ഡി രാജീവ് ചൂണ്ടിക്കാട്ടുന്നത്. ഇക്കാര്യം ശ്രുതിയും ശരിവെക്കുന്നു.
“രണ്ട് വർഷം മുമ്പ് എൻറെ അടുത്തുവന്ന ഒരു കോളേജ് വിദ്യാർത്ഥിയുടെ കഥ ഇത് ശരിവെക്കുന്നതാണ്. പഠിക്കാനൊക്കെ മിടുക്കനായിരുന്നെങ്കിലും ഭയങ്കര ഷൈയായിരുന്നു ആ പയ്യൻ. പ്ലസ് ടുവിൽ പഠിക്കുമ്പോൾ മുതലെ കുട്ടികൾ അവനെ അത് പറഞ്ഞ് കളിയാക്കി. അവൻറെ ഷൈനസ് മാറാൻ കൂട്ടത്തിലെ ഒരുവനാണ് അവന് മയക്കുമരുന്ന് ആദ്യമായി നൽകിയത്. അത് ഉപയോഗിക്കാൻ തുടങ്ങിയതോടെ അവന് ആത്മവിശ്വാസം കൂടിയത് പോലെ തോന്നിതുടങ്ങി. സ്വയം വലിയആളായി എന്നൊക്കെയുള്ള ഒരു തോന്നൽ. പിന്നെ ഉപയോഗം സ്ഥിരമായി. അതോടെ അവനെ ലഹരി കടത്തിനായും വിൽപ്പനയ്ക്കായുമെല്ലാം മയക്കുമുരുന്ന് മാഫിയകൾ ഉപയോഗിച്ചു. ഇവരുടെ സ്വഭാവത്തിലും വലിയ മാറ്റങ്ങളുണ്ടാക്കുന്നുണ്ട് ഈ ലഹരികൾ. ഈ കുട്ടി വീട്ടുകാരെ ഒക്കെ ആക്രമിക്കാൻ തുടങ്ങിയതോടെയാണ് കൌൺസലിങ്ങിനായി കൊണ്ടുവന്നത്. അന്ന് അവൻ പറഞ്ഞത് അവന് ഉപയോഗിക്കുന്നത് നിർത്തിയാലും വിൽപ്പനയിൽ നിന്ന് ഊരിവരാൻ പറ്റില്ലെന്നാണ്. ഒന്നുകിൽ അവർ തന്നെ കൊല്ലുമെന്ന് അവൻ ഭയപ്പെട്ടിരുന്നു. അല്ലെങ്കിൽ അവൻ ആത്മഹത്യചെയ്യുമെന്ന അവസ്ഥ. അത്രമാത്രം മുറുക്കിയിട്ടുണ്ടായിരുന്നു മയക്കുമരുന്ന് മാഫിയ അവനെ… ഒടുവിൽ ഡീഅഡിക്ഷൻ സെൻററിൽ ഏറെകാലത്തെ ചികത്സയ്ക്കുശേഷം സാധാരണനിലയിലേക്ക് അവൻ മടങ്ങി. പക്ഷെ പുറത്തിറങ്ങി ആഴ്ച്ചകൾക്കകം എംഡിഎംഎ കൈവശം വെച്ചതിന് അവനെ എക്സൈസ് പിടികൂടി ഇപ്പോൾ ജയിലിലാണ്. അവനെ മയക്കുമരുന്ന് മാഫിയക്കാർ പെടുത്തിയതാണെന്ന സംശയവുമുണ്ട്…”
പല കോളേജുകളിലും ലഹരി ഉപയോഗം കണ്ടെത്തിയ കുട്ടികൾക്കെതിരെ അച്ചടക്കനടപടി സ്വീകരിക്കാറുണ്ട്. ചിലരെ കോളേജിൽ നിന്നും സ്ക്കൂളുകളിൽ നിന്നും പുറത്താക്കുകയോ സസ്പെൻറ് ചെയ്യുകയോ ചെയ്യുന്നു. ചിലയിടങ്ങളിൽ അത് പുറത്തറിയാതെ ഒതുക്കിതീർക്കാറുമുണ്ട്. സ്ഥാപനത്തിൻറെ സത്പേരിന് ഇത് കോട്ടംവരുത്തുമെന്നതാണ് ഇതിന് അവർ നൽകുന്ന വിശദീകരണം. പക്ഷെ ഇത്തരത്തിൽ സംഭവങ്ങൾ മറച്ചുവെയ്ക്കപ്പെടുമ്പോൾ തെറ്റുകൾ തിരുത്താനും കുട്ടികൾക്ക് വേണ്ട കൌൺസലിങ്ങ് നൽകുന്നതിനും കൂടുതൽ പേർ ഇതിൽ പെട്ടിട്ടുണ്ടെങ്കിൽ അവരെ കണ്ടെത്തി തിരുത്തിക്കുന്നതിനോ ഉള്ള അവസരമാണ് നഷ്ടമാകുന്നത്. ഒപ്പം ഇതിന് പിന്നിലെ വലിയ ശക്തികൾ രക്ഷപ്പെടുകയും ചെയ്യും. അതിനൊപ്പം തന്നെ കുട്ടികളെ പുറത്താക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്വം കഴിഞ്ഞുവെന്ന് സ്ഥാപനങ്ങളും കരുതരുത്. അറിഞ്ഞോ അറിയാതെയോ തെറ്റിൻറെ വഴിയിലെത്തിയ കുട്ടികളെ തിരികെ നേർവഴിക്ക് കൊണ്ടുവരിക എന്നത് വിദ്യാഭ്യാസസ്ഥാപനങ്ങളുടെ കൂടി ഉത്തരവാദിത്വമാണ്.