A Unique Multilingual Media Platform

The AIDEM

Articles Development National Social Justice Society

കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും റൂസയുടെ നഷ്ട സുഗന്ധവും | ഭാഗം 01

  • February 7, 2024
  • 1 min read
കേരളത്തിലെ ഉന്നത വിദ്യാഭ്യാസ രംഗവും റൂസയുടെ നഷ്ട സുഗന്ധവും | ഭാഗം 01

കേരളത്തിലെ വിദ്യാഭ്യാസ രംഗം നേരിടുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്ന് ഉന്നത വിദ്യാഭ്യാസ രംഗത്തെ പലതരത്തിലുള്ള ന്യൂനതകളും പരിമിതികളുമാണ്. ഈ സ്ഥിതി വിശേഷം മാറ്റാൻ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ ശ്രമിച്ചിട്ടുണ്ടെങ്കിലും പല സുപ്രധാന മേഖലകളിലും നോട്ട പിശകും അലംഭാവവും നടമാടുക തന്നെ ചെയ്യുന്നു.

കേന്ദ്ര സർക്കാർ 2009 മുതൽ മുന്നോട്ടു നീക്കിയ ദേശീയ വിദ്യാഭ്യാസ നയത്തിൻ്റെ ഭാഗമായ രാഷ്ട്രീയ ശിക്ഷാ അഭിയാൻ പദ്ധതി (റൂസ) കൃത്യമായ രീതിയിൽ സംസ്ഥാനത്ത് നടപ്പാക്കുന്നതിൽ സംഭവിച്ച വീഴ്ചയിലേക്കും അത് കാരണം ഉണ്ടായ നഷ്ടങ്ങളിലേക്കും വിരൽ ചൂണ്ടുകയാണ് കേരള-കേന്ദ്ര സർവകലാശാലയിലെ പ്രൊഫസറും വിദ്യാഭ്യാസ ഗവേഷകനുമായ അമൃത് ജി കുമാർ. രണ്ടു ഭാഗങ്ങളായി പ്രസിദ്ധീകരിക്കുന്ന ലേഖനത്തിന്റെ ആദ്യ ഭാഗം ഇവിടെ വായിക്കാം.


ഇന്ത്യൻ ഭരണഘടന ആർട്ടിക്കിൾ 45 അനുസരിച്ച്, സൗജന്യവും നിർബന്ധിതവുമായ വിദ്യാഭ്യാസം, ഭരണഘടന നിലവിൽ വന്നു 10 വർഷത്തിനുള്ളിൽ, പൗരന് നൽകണമെന്ന് നിർദ്ദേശിക്കുന്നുണ്ട്. എന്നിരുന്നാലും, ആർട്ടിക്കിൾ 45ൻ്റെ അന്തസത്ത ഭരണഘടന നിലവിൽ വന്ന പത്തു വർഷത്തിനുള്ളിൽ സാധ്യമാക്കാൻ നമുക്ക് സാധിച്ചില്ല. 2002ൽ ഇന്ത്യയുടെ സുപ്രീം കോടതിയുടെ ചരിത്രപരമായ വിധി വിദ്യാഭ്യാസം മൗലിക അവകാശം ആക്കിക്കൊണ്ടുള്ള ഒരു ഭരണഘടനാ ഭേദഗതിയിലേക്ക് നയിച്ചു. തുടർന്ന്, 2009ൽ വിദ്യാഭ്യാസ അവകാശ നിയമം വിദ്യാഭ്യാസത്തെ ഒരു മൗലികാവകാശമാക്കി മാറ്റുകയും, വിഭവങ്ങളുടെ ലഭ്യതയ്ക്ക് വിധേയമായി എല്ലാവർക്കും ഉന്നത വിദ്യാഭ്യാസത്തിനുള്ള അവകാശം ഉറപ്പാക്കാനുള്ള നിർദ്ദേശം നൽകുകയുമുണ്ടായി. സ്വാതന്ത്ര്യാനന്തരം, ഉന്നത വിദ്യാഭ്യാസത്തിൽ വളർച്ചയും സമത്വവും പ്രോത്സാഹിപ്പിക്കുന്നതിനായി നിരവധി പദ്ധതികൾ ദേശീയ തലത്തിലും സംസ്ഥാന തലങ്ങളിലും നടപ്പിലാക്കിയിട്ടുണ്ട്. ഉന്നത വിദ്യാഭ്യാസത്തിന്റെ വികസനം സാമ്പത്തിക വളർച്ചയ്ക്ക് മാത്രമല്ല, തുല്യതയുടെയും സാമൂഹിക നീതിയുടെയും പശ്ചാത്തലത്തിലും അത്യന്താപേക്ഷിതമാണെന്ന് വീക്ഷണം ആഗോളതലത്തിൽ ശക്തിപ്പെട്ടു വന്നത് ഇതിനുള്ള ഒരു പ്രധാന കാരണമാണ്.

ഐ.ഐ.ടി പാലക്കാട് ക്യാമ്പസ്

ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാപ്യതയും തുല്യനീതിയും ഉറപ്പാക്കുന്നതിനുവേണ്ടി ഭരണഘടന വിഭാവനം ചെയ്ത ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളിൽ ഒന്നായ സംവരണം ഒരു പ്രധാന ഉപാധി ആയിരുന്നു. ഇതിനുപുറമേ ഉന്നത വിദ്യാഭ്യാസത്തിൽ പ്രവേശനവും ഗുണനിലവാരവും തുല്യതയും വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ, ദേശീയ ലോൺ സ്കീം (2001), കോളേജ്, യൂണിവേഴ്സിറ്റി വിദ്യാർത്ഥികൾക്കുള്ള സ്കോളർഷിപ്പുകളുടെ സെൻട്രൽ സ്കീം (2013) എന്നിങ്ങനെ രാജ്യവ്യാപകമായി നിരവധി സംരംഭങ്ങൾ ദേശീയ തലത്തിൽ ഏറ്റെടുക്കുകയുണ്ടായി. ഇവയിൽ പ്രധാനമായത് ദേശീയ ഉന്നത വിദ്യാഭ്യാസ മിഷൻ (2013), ദേശീയ ഉന്നത വിദ്യാഭ്യാസ യോഗ്യതാ ചട്ടക്കൂട് (NHEQF 2023), ഇൻഫർമേഷൻ ആന്റ് കമ്മ്യൂണിക്കേഷൻ ടെക്നോളജിയിലൂടെയുള്ള വിദ്യാഭ്യാസത്തെക്കുറിച്ചുള്ള ദേശീയ മിഷൻ (എല്ലാ സർവകലാശാലകളെയും കോളേജുകളെയും ഡിജിറ്റലായി ബന്ധിപ്പിക്കുന്നതിന്) (2013), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റാങ്കിംഗ് ഫ്രെയിംവർക്ക് (2015), ഹയർ എജ്യുക്കേഷൻ ഫിനാൻസ് ഏജൻസി (2017), കൂടാതെ SWAYAM (2017 ആരംഭിച്ച ഓൺലൈൻ വിദ്യാഭ്യാസ പരിപാടി) എന്നിവയാണ്. ഇതേ ഉദ്ദേശത്തോടെ, വിദ്യാഭ്യാസപരമായി പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങളിൽ 374 ഡിഗ്രി കോളേജുകൾ 2009ൽ സ്ഥാപിച്ചു.

ദേശീയ പ്രാധാന്യമുള്ള സ്ഥാപനങ്ങൾ ഇല്ലാത്ത സംസ്ഥാനങ്ങളിൽ കേന്ദ്ര സർവ്വകലാശാലകൾ, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, മോഡൽ കോളേജുകൾ, പോളി ടെക്നിക്കുകൾ തുടങ്ങിയവ സ്ഥാപിക്കുന്നതും ഉന്നത വിദ്യാഭ്യാസത്തെ  സാർവത്രികമാക്കുന്നതിന് വേണ്ടിയുള്ള പ്രവർത്തനങ്ങളുടെ ഭാഗമായി ഇന്ത്യയിൽ നടപ്പാക്കുകയുണ്ടായി.

2020ലെ ദേശീയ വിദ്യാഭ്യാസ നയം എൻറോൾമെന്റ് അനുപാതം 2035ഓടെ 50% ആക്കി ഉയർത്താൻ നിർദ്ദേശിക്കുന്നുണ്ട്. ഇതോടെപ്പം തന്നെ ഉന്നത വിദ്യാഭ്യാസരംഗത്ത് വലിയ ഘടനാപരമായ പരിഷ്കാരങ്ങൾ 2020ലെ ദേശീയ വിദ്യാഭ്യാസ നയം വിവക്ഷിക്കുന്നു. ഭരണഘടന ഉറപ്പുനൽകുന്ന സംവരണങ്ങളും മറ്റ് നടപടികളും പിന്നാക്ക വിഭാഗങ്ങളുടെ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിൽ വളരെ ശ്രദ്ധേയമായ ഫലങ്ങൾ നൽകി എന്നകാര്യത്തിൽ സംശയമില്ല. എന്നിരുന്നാലും, ഉന്നത വിദ്യാഭ്യാസമേഖലയിൽ അസമത്വങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു എന്ന് താഴെക്കൊടുത്തിരിക്കുന്ന ഗ്രാഫ്  വ്യക്തമാക്കുന്നു. വിദ്യാഭ്യാസം നേടുന്നതിൽ സ്ത്രീ-പുരുഷ അനുപാതത്തിൽ നിലനിൽക്കുന്ന അസമത്വം വളരെ ശ്രദ്ധിക്കപ്പെടേണ്ടതാണ്.

Source: AISHE 2020-21

ഇതിനേക്കാൾ ഉപരിയായി സാമൂഹ്യമായി പിന്നോക്കം നിൽക്കുന്ന വിഭാഗങ്ങളുടെ വിദ്യാഭ്യാസപരമായ പിന്നോക്കാവസ്ഥ വലിയ മാറ്റമൊന്നുമില്ലാതെ നിലനിൽക്കുന്നത് വിദ്യാഭ്യാസരംഗത്ത് നടപ്പാക്കപ്പെട്ട സാമൂഹിക ക്ഷേമ പദ്ധതികളുടെ കാര്യക്ഷമതയെ തന്നെ ചോദ്യം ചെയ്യുന്നുണ്ട്. ഇതിനെ സംബന്ധിക്കുന്ന ഒരു ഗ്രാഫും താഴെ കൊടുത്തിരിക്കുന്നു.

Source: AISHE 2020-21

ഷെഡ്യൂൾഡ്കാസ്റ്റ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ എൻറോൾമെൻറ് വർദ്ധിക്കുന്നുണ്ട് എങ്കിലും ഷെഡ്യൂൾഡ്ട്രൈബ് വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികളുടെ പ്രവേശന അനുപാതം ഇപ്പോഴും ആശങ്കാജനകമാണ്. വിദ്യാഭ്യാസ മേഖലയിൽ ഇത്തരത്തിൽ നിലനിൽക്കുന്ന അസമത്വങ്ങളെ പരിഹരിക്കുന്നതിനുവേണ്ടിയിട്ട് ധാരാളം മാർഗ്ഗങ്ങൾ കേന്ദ്ര ഗവൺമെൻ്റിൻ്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടുണ്ട്. കേരളമടക്കമുള്ള എല്ലാ സംസ്ഥാനങ്ങളിലും ഈ അസമത്വങ്ങൾ നിലനിൽക്കുന്നു എന്നുള്ള തിരിച്ചറിവും വളരെ പ്രധാനപ്പെട്ടതാണ്. ഇത്തരത്തിൽ പ്രാപ്യതയും തുല്യതയും ഉറപ്പാക്കുന്ന പ്രധാനപ്പെട്ട പദ്ധതികൾ സ്കൂൾതലം മുതൽ ഉന്നത വിദ്യാഭ്യാസ തലം വരെ ഉണ്ടായിട്ടുണ്ട്.

സാർവത്രിക വിദ്യാഭ്യാസം എന്ന ആശയത്തിൽ ഊന്നിയാണ് 2005ൽ സർവ്വശിക്ഷാ അഭിയാൻ എന്ന ബൃഹത് പദ്ധതി കേന്ദ്ര ഗവൺമെൻറ് ആവിഷ്കരിച്ചത്. ഇതിൻറെ പിന്നോടിയായി 2009ൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ എന്ന പദ്ധതിക്കും തുടക്കം കുറിക്കുകയുണ്ടായി. സർവ്വശിക്ഷാ അഭിയാൻ പ്രൈമറി തലത്തിലാണ് ശ്രദ്ധ പതിപ്പിച്ചിരുന്നതെങ്കിൽ രാഷ്ട്രീയ മാധ്യമിക് ശിക്ഷാ അഭിയാൻ സെക്കണ്ടറി തലത്തിലുള്ള വിദ്യാഭ്യാസത്തെ സാർവ്വത്രികമാക്കുന്നതിന് വേണ്ടിയുള്ള പദ്ധതിയായിരുന്നു. സെക്കൻഡറി തലത്തിൽ വിദ്യാഭ്യാസം സാർവത്രികവും കൂടുതൽ ഫലപ്രദവും ആകുന്നതിന്റെ പരിണിതഫലമായി ഉന്നത വിദ്യാഭ്യാസ രംഗത്തേക്ക് കൂടുതൽ വിദ്യാർത്ഥികൾ എത്തുന്നതിനുള്ള സാധ്യത മുന്നിൽകണ്ട് കേന്ദ്ര ഗവർമെൻറ് 2013 ഓടുകൂടി രാഷ്ട്രീയ ശിക്ഷാ അഭിയാൻ (RUSA/ റൂസ) എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ഉണ്ടായി. ഉന്നത വിദ്യാഭ്യാസരംഗത്ത് എൻറോൾമെന്റ് വർദ്ധിപ്പിക്കുക എന്നതായിരുന്നു റൂസയുടെ അടിസ്ഥാനപരമായ ലക്ഷ്യം. പ്രധാനമായും സംസ്ഥാന ഗവർമെന്റുകളുടെ കീഴിലുള്ള കോളേജുകളും യൂണിവേഴ്സിറ്റികളും എൻറോൾമെന്റ് വർധിപ്പിക്കുന്നതിന് വേണ്ടി സ്വീകരിക്കേണ്ട അടിസ്ഥാന വികസന പ്രവർത്തനങ്ങൾക്കാണ് റൂസ പ്രധാനമായും ഊന്നൽ നൽകിയത്. 25000 കോടി രൂപ വകയിരുത്തി കൊണ്ടാണ് റൂസയ്ക്ക് തുടക്കം കുറിച്ചത്. ഉന്നത വിദ്യാഭ്യാസ രംഗത്ത് പ്രാപ്യത, തുല്യത ഗുണമേന്മ എന്നിവ മെച്ചപ്പെടുത്തുന്നതിന് വേണ്ടി പുതിയ സംസ്ഥാന ഗവർമെന്റുകളുടെ കീഴിൽ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ നിർമിക്കുകയും നിലനിൽക്കുന്നവയെ വിപുലീകരിക്കുകയും ചെയ്യുക എന്നുള്ളതായിരുന്നു ഇതിൻറെ പ്രധാനപ്പെട്ട പ്രവർത്തന രീതി. കേന്ദ്ര ഗവൺമെന്റിന്റെ കീഴിലുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുള്ള സാമ്പത്തിക സഹായം റൂസയുടെ ലക്ഷ്യമായിരുന്നില്ല. മറിച്ച് സംസ്ഥാനങ്ങളുടെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് 65:35 എന്ന് അനുപാതത്തിൽ കേന്ദ്ര സംസ്ഥാന ഗവർമെന്റുകൾ മുതൽ മുടക്കേണ്ടുന്ന പദ്ധതിയായിട്ടാണ് റൂസ വിഭാവനം ചെയ്തത്. എന്നിരുന്നാൽ തന്നെയും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രത്യേക പദവികൾ ഉള്ള സംസ്ഥാനങ്ങളിലും 90:10 എന്ന അനുപാതത്തിലും സംസ്ഥാന ഗവർമെന്റുകളുടെ കീഴിലുള്ള എയ്ഡഡ് പ്രൈവറ്റ് കോളജുകളിൽ 50:50 എന്ന അനുപാതത്തിലുമാണ് റൂസ സാമ്പത്തിക സഹായം വിഭാവനം ചെയ്തത്. റൂസ പദ്ധതിയുടെ വിശദാംശങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ട് 2013ൽ പുറത്തിറക്കിയ പദ്ധതി രേഖയിൽ പ്രാദേശികമായ അസന്തുലിതാവസ്ഥയെ പരിഹരിക്കുന്നതിന് വേണ്ടി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ എപ്രകാരം രാജ്യം എമ്പാടും  ഉയർത്തിക്കൊണ്ടുവരണം എന്ന വിശദമായ ഒരു കാഴ്ചപ്പാട് വ്യക്തമായി ഉണ്ടായിരുന്നു. തുല്യത ഉറപ്പുവരുത്തുന്നതിന് വലിയ പ്രാധാന്യം നൽകിയ റൂസയുടെ 2013ലെ പദ്ധതി രേഖയിൽ പ്രധാനമായും പറയുന്ന ഒരു കാര്യം മനസ്സിലാക്കിയിരിക്കുന്നത് അതിൻറെ അടിസ്ഥാനപരമായ ലക്ഷ്യം എന്താണെന്ന് മനസ്സിലാക്കുന്നതിന് സഹായകമാണ്. 

2013ലെ പദ്ധതി രേഖയിൽ ഊന്നി പറയുന്നത് ഇപ്രകാരമാണ്: “In chasing the goal of greater access, the question of equity must not be compromised. Any growth in the higher education sector must create equal opportunities for women, disadvantaged classes and the differently-abled… [and have a] greater focus on serving the rural and tribal areas” (p.98).

പ്രധാനമായും ഇനി പറയുന്ന 18 ഇനങ്ങൾക്കാണ് റൂസയുടെ ഫണ്ട് ഉപയോഗിക്കാൻ കഴിയുമായിരുന്നത്.

  1.  പുതിയ സർവകലാശാലകൾ
  2.  നിലവിലുള്ള സ്വയംഭരണ കോളേജുകളെ  സർവ്വകലാശാലകളാക്കി ഉയർത്തുക
  3.  കോളേജുകളെ ക്ലസ്റ്റർ സർവ്വകലാശാലകളാക്കി മാറ്റുക
  4.  സർവ്വകലാശാലകൾക്ക് അടിസ്ഥാന സൗകര്യ ഗ്രാൻ്റുകൾ
  5.  പുതിയ മോഡൽ കോളേജുകൾ (ജനറൽ)
  6.  നിലവിലുള്ള ഡിഗ്രി കോളേജുകളെ മോഡൽ കോളേജുകളാക്കി ഉയർത്തുക
  7.  പുതിയ കോളേജുകൾ (പ്രൊഫഷണൽ)
  8.  കോളേജുകൾക്ക് ഇൻഫ്രാസ്ട്രക്ചർ ഗ്രാൻ്റുകൾ
  9.  ഗവേഷണം, നവീകരണം, ഗുണനിലവാരം മെച്ചപ്പെടുത്തൽ
  10.  തുല്യതാ സംരംഭങ്ങൾ
  11.  കൂടുതൽ അദ്ധ്യാപക വിന്യാസം 
  12.  അദ്ധ്യാപക കാര്യശേഷിവികസനം
  13.  ഗവേഷണ സർവ്വകലാശാലകൾ
  14.  ഉന്നത വിദ്യാഭ്യാസത്തിൻ്റെ തൊഴിൽവൽക്കരണം
  15.  വിദ്യാഭ്യാസ ഭരണാധികാരികളുടെ നേതൃത്വ വികസനം
  16.  സ്ഥാപനപരമായ പുനർനിർമ്മാണവും പരിഷ്കാരങ്ങളും
  17.  ശേഷി നിർമ്മാണവും തയ്യാറെടുപ്പും, വിവര ശേഖരണവും ആസൂത്രണവും
  18.  മാനേജ്മെൻ്റ് ഇൻഫർമേഷൻ സിസ്റ്റം

18 ഇതളുകളുള്ള ഒരു റോസാപുഷ്പത്തെ പോലെ റൂസ വഴി നമ്മുടെ ഉന്നത വിദ്യാഭ്യാസ മേഖലയെ ഐശ്വര്യ സമ്പൂർണ്ണമാക്കാം എന്ന ശുഭാപ്തി വിശ്വാസം ഇത് ആവിഷ്കരിക്കുന്ന സമയത്ത് കേന്ദ്ര സർക്കാരിന് ഉണ്ടായിരുന്നു. സാമ്പത്തിക സഹായം ലഭ്യമാകും എന്നതുകൊണ്ട് തന്നെ റൂസായോട് സംസ്ഥാന ഗവർമെന്റുകൾ വളരെ പോസിറ്റീവായ പ്രതികരണമാണ് നടത്തിയിട്ടുള്ളത്.

റൂസ വഴി ഗ്രാൻ്റുകൾ ലഭിച്ച മേഖലകൾ

രണ്ടായിരത്തോളം കോളജുകൾക്കും യൂണിവേഴ്സിറ്റികൾക്കും ഇതുവരെ റൂസയുടെ സാമ്പത്തിക സഹായം മേൽപ്പറഞ്ഞ പല മേഖലകൾക്കായി ലഭ്യമായിട്ടുണ്ട്. ഇതുവരെ 140 അടിസ്ഥാന വികസന ഗ്രാൻ്റുകൾ യൂണിവേഴ്സിറ്റികൾക്കും 1961 ഗ്രാൻ്റുകൾ കോളജുകൾക്കും നൽകപ്പെട്ടിട്ടുണ്ട്. 130 പുതിയ മോഡൽ കോളേജുകളും 19 പുതിയ യൂണിവേഴ്സിറ്റികളും റൂസയുടെ സാമ്പത്തിക സഹായത്തിന്റെ അടിസ്ഥാനത്തിൽ നിലവിൽ വന്നിട്ടുണ്ട്. 2023 വരെയുള്ള കണക്കാണിത്. മൊത്തം തുകയുടെ കാര്യം പറയുകയാണെങ്കിൽ 2013-14 സാമ്പത്തിക വർഷം മുതൽ 2022-23 വരെയുള്ള കാലഘട്ടത്തിൽ 70850 മില്യൺ രൂപയുടെ സാമ്പത്തിക സഹായം റൂസയുടെ ഭാഗമായി കേന്ദ്ര ഗവൺമെൻറ് സംസ്ഥാന ഗവർമെന്റുകൾക്കായി നൽകി കഴിഞ്ഞിട്ടുണ്ട്. റൂസയുടെ ഭാഗമായി ഏറ്റവും വലിയ സാമ്പത്തിക സഹായം ഉണ്ടാവുന്നത് 2018-19 കാലഘട്ടത്തിൽ ആണ് ഇത് 13797 മില്യൻ രൂപയുടെ സഹായമാണ്. എന്നാൽ കോവിഡ് കാലഘട്ടത്തിൽ എത്തുമ്പോൾ റൂസയുടെ സാമ്പത്തിക സഹായം ഗണ്യമായി താഴേക്ക് പോകുന്നുണ്ട്.

(തുടരും)


To receive updates on detailed analysis and in-depth interviews from The AIDEM, join our WhatsApp group. Click Here. To subscribe to us on YouTube, Click Here.

About Author

അമൃത് ജി കുമാർ

കേരള കേന്ദ്ര സർവ്വകലാശാലയിലെ സ്കൂൾ ഓഫ് എഡ്യൂക്കേഷനിൽ പ്രൊഫസറാണ്. വിമർശനാത്മക സിദ്ധാന്തവും വിദ്യാഭ്യാസവും, വിദ്യാഭ്യാസത്തിലെ നവലിബറൽ സ്വാധീനങ്ങൾ, വിദ്യാഭ്യാസ നയ വിശകലനം എന്നീ മേഖലകളിൽ പഠന ഗവേഷണങ്ങൾ നടത്തുന്നു. ആനുകാലികങ്ങളിലെ പംക്തികളിലൂടെ എഴുത്തിന്റെ മേഖലയിലും സജീവമാണ്.