
ലോകം വീണ്ടും കൊവിഡ് 19 ന്റെ ഭീഷണിയിലാണ്. ചൈനയിൽ നിന്നാണ് കൂടുതൽ ഭീതിയേറിയ റിപ്പോർട്ടുകൾ പുറത്തുവരുന്നത്. ചൈനയിൽ കേസുകൾ പെരുകിയതോടെ ഇന്ത്യയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കാൻ തുടങ്ങി. പൊതുസ്ഥലത്ത് മാസ്ക്ക് ധരിക്കണം, കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണമെന്നുമൊക്കെയുള്ള നിർദേശങ്ങൾ കേന്ദ്രം പുറപ്പെടുവിച്ചിട്ടുണ്ട്. കേന്ദ്ര ആരോഗ്യമന്ത്രിക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സ്ഥിതിഗതികൾ വിലയിരുത്താൻ ഉന്നതതല യോഗം വിളിച്ചു.
ലോകത്ത് കൊവിഡ് കേസുകൾ ഇപ്പോഴും കൂടുന്നുണ്ട് എന്ന് തന്നെയാണ് ലോകാരോഗ്യസംഘടനയുടെ പുതിയ റിപ്പോർട്ടും ചൂണ്ടിക്കാട്ടുന്നത്. കേസുകളുടെ എണ്ണം തൊട്ടുമുമ്പത്തെ മാസത്തെ അപേക്ഷിച്ച് 36 ശതമാനം പെരുകി. അതേസമയം മരണനിരക്ക് കുറഞ്ഞു. ഡിസംബർ 5 മുതൽ 11 വരേയുള്ള ആഴ്ച്ചയിലും 12 മുതൽ 18 വരെയുള്ള ആഴ്ച്ചയിലും പുതിയ കേസുകളുടെ എണ്ണത്തിൽ കാര്യമായ മാറ്റമില്ല. 3.7 ദശലക്ഷം പുതിയ കൊവിഡ് കേസുകൾ വീതമാണ് രണ്ട് ആഴ്ച്ചയിലും റിപ്പോർട്ട് ചെയ്തത്. മരണനിരക്ക് രണ്ടാമത്തെ ആഴ്ച്ചയിൽ 6 ശതമാനം കുറയുകയും ചെയ്തു.

ലോകത്തെ ആറ് മേഖലകൾ തിരിച്ചുനോക്കുകയാണെങ്കിൽ രണ്ട് മേഖലയിൽ മാത്രമാണ് കേസുകളുടെ എണ്ണം വർദ്ധിക്കുന്നത്. ചൈന ഉൾപ്പെടുന്ന പടിഞ്ഞാറൻ പസഫിക്ക് മേഖലയിലും അമേരിക്കൻ മേഖലയിലും. മരണ നിരക്ക് കൂടുന്നതും ഇതേ മേഖലകളിൽ തന്നെ. അമേരിക്കൻ മേഖലയിൽ 3 ശതമാനം മരണനിരക്ക് ഏറിയപ്പോൾ പടിഞ്ഞാറൻ പസഫിക്ക് മേഖലയിൽ ഇത് 7 ശതമാനമാണ്. രാജ്യങ്ങളിൽ (ഡിസം 18 വരെയുള്ള കണക്കുകൾ പ്രകാരം) ജപ്പാനിലാണ് ഏറ്റവും കൂടുതൽ പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. 10 ലക്ഷത്തിലേറെ പുതിയ കേസുകൾ ജപ്പാനിൽ റിപ്പോർട്ട് ചെയ്യപ്പെട്ടപ്പോൾ ഏറ്റവും കൂടുതൽ മരണം റിപ്പോർട്ട് ചെയ്തത് അമേരിക്കയിലാണ്. 2658 മരണം. 4,45,424 കേസുകളാണ് ഈ ആഴ്ച്ചയിൽ അമേരിക്കയിൽ പുതുതായി രേഖപ്പെടുത്തിയത്. അതേസമയം ഇന്ത്യയുൾപ്പെടുന്ന തെക്ക് കിഴക്ക് ഏഷ്യൻ മേഖലയിലും ആഫ്രിക്കൻ മേഖലയിലുമെല്ലാം പുതിയ കേസുകൾ ഗണ്യമായി തന്നെ കുറഞ്ഞതായി ഡിസംബർ 21 ന് പുറത്തിറക്കിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
കഴിഞ്ഞ 14 ദിവസത്തിനിടെ ചൈനയിലെ പുതിയ കൊവിഡ് രോഗികളുടെ എണ്ണം ഒരുലക്ഷത്തിലധികമാണെന്നാണ് വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ ജപ്പാൻ, അമേരിക്ക, ഫ്രാൻസ്, ബ്രസീൽ, കൊറിയ തുടങ്ങിയ രാജ്യങ്ങളിൽ 5.37 ലക്ഷം പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. എന്നാൽ ഇപ്പോൾ പുറത്തുവരുന്ന ഈ കണക്കുകൾ കൃത്യമല്ലെന്നും ലോകാരോഗ്യസംഘടന റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നുണ്ട്. പലരാജ്യങ്ങളിലും കൊവിഡ് പരിശോധന ഒഴിവാക്കുകയോ പേരിന് മാത്രമാക്കുകയോ പരിശോധന രീതികൾ മാറ്റുകയോ ചെയ്തിട്ടുണ്ട്. മരണസംഖ്യപോലും രാജ്യങ്ങൾ കൃത്യമായല്ല പലപ്പോഴും പുറത്തുവിടുന്നത്.

കൊവിഡിൻറെ ഒമിക്രോൺ വകഭേദമാണ് ഇപ്പോൾ കൂടുതൽ റിപ്പോർട്ട് ചെയ്യപ്പെടുന്നത്. കഴിഞ്ഞ ഒരു മാസത്തിനിടെ റിപ്പോർട്ട് ചെയ്യപ്പെട്ട 99.7 ശതമാനം കേസുകളും ഇതാണ്. ഇതിൽ തന്നെ ബി എ 5 വകഭേദമാണ് കൂടുതലും. ലോകവ്യാപകമായി നിലവിൽ ഒമിക്രോണിൻറെ തന്നെ 6 വ്യത്യസ്ഥ വകഭേദങ്ങൾ വ്യാപിക്കുന്നുണ്ടെന്നും ലോകാരോഗ്യസംഘടന ചൂണ്ടിക്കാട്ടുന്നു. ചൈനയിൽ ഇപ്പോൾ കണ്ടെത്തിയിട്ടുള്ള ബി 7 വകഭേദം കഴിഞ്ഞ ഒക്ടോബറിൽ തന്നെ അമേരിക്കയിലും ഇംഗ്ലണ്ടിലും റിപ്പോർട്ട് ചെയ്തിട്ടുള്ളതാണ്. എന്നാൽ വലിയതോതിൽ ആശുപത്രി പ്രവേശനം ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊവിഡ് വൈറസിൻറെ ജനിതകമാറ്റത്തിൻറെ ഭീകരത കഴിഞ്ഞകാലങ്ങൾക്കിടെ കുറഞ്ഞതായാണ് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. അതിനാൽ തന്നെ മുൻകാലങ്ങളിലേത് പോലെ വലിയ പ്രതിസന്ധി ഉണ്ടാകാനിടയില്ല. അതേസമയം തന്നെ ഇത് തണുപ്പ് കാലമാണ് എന്നത് പ്രതികൂലസാഹചര്യമാണെന്നും ഡോക്ടർമാർ ചൂണ്ടിക്കാട്ടുന്നു. തണുപ്പുകാലത്ത് ഉണ്ടാകുന്ന പനി, ജലദോഷം, ശ്വാസതടസം തുടങ്ങിയ രോഗങ്ങൾക്കിടയിൽ കൊവിഡ് കൂടുതൽ അപകടകരായായേക്കും. അതിനാൽ തന്നെ കൊവിഡ് പരിശോധനകളും മാനദണ്ഡങ്ങളും പാലിക്കുന്നത് കാര്യക്ഷമമാക്കേണ്ടതുണ്ട്.
കോവിഡ് ഇന്ത്യയിൽ
ഇന്ത്യയിൽ കഴിഞ്ഞദിവസം (ഡിസം 21) നടത്തിയത് 1,17,538 കൊവിഡ് പരിശോധനയാണ്. ഇവരിൽ 145 പേർക്ക് മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. ഇവരിൽ 4 പേർക്ക് ചൈനയിൽ പുതുതായി കണ്ടെത്തിയ വകഭേദമായ ബി 7 ആണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്. ഏറ്റവും പുതിയകണക്ക് പ്രകാരം ഇന്ത്യയിൽ 3,402 പേരാണ് നിലവിൽ കൊവിഡ് ബാധിതരായിട്ടുള്ളത്. ഇന്ത്യയിൽ കഴിഞ്ഞദിവസം മാത്രം വാക്സിനെടുത്തവരുടെ എണ്ണം 66,197 ആണെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് ഇതുവരെ 220 കോടിയിലേറെ വാക്സിൻ ഡോസുകൾ വിതരണം ചെയ്തതായാണ് കണക്കുകൾ.

രാജ്യത്ത് നിലവിൽ സ്ഥിതിഗതികൾ ഗുരുതരമല്ലെന്നാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും കേന്ദ്രസർക്കാരും വ്യക്തമാക്കുന്നത്. എന്നാൽ കേസുകൾ മറ്റ് രാജ്യങ്ങളിൽ പെരുകുന്നുവെന്നതും ജനിതകമാറ്റം സംഭവിച്ച പുതിയ വൈറസ് രാജ്യത്തും എത്തിയെന്നതും ഗൗരവമായി തന്നെ കാണേണ്ടതാണ്. അതിനാൽ തന്നെ കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കാനാണ് നിർദേശം. പൊതുസ്ഥലങ്ങളിൽ മാസ്ക്ക് ധരിക്കുക, സാമൂഹിക അകലം പാലിക്കുക, മറ്റ് രാജ്യങ്ങളിലേക്കുള്ള യാത്രകൾ ഒഴിവാക്കുക എന്നതടക്കമുള്ളവ നിർദേശങ്ങളാണ് ഐ എം എ മുന്നോട്ട് വെച്ചിരിക്കുന്നത്.

അനാവശ്യയാത്രകൾ ഒഴിവാക്കണമെന്ന് സർക്കാർ ജനങ്ങൾക്ക് നിർദേശം നൽകിയിട്ടുണ്ട്. അതേസമയം ന്യൂ ഇയർ, ക്രിസമസ് ആഘോഷങ്ങളുടെ പശ്ചാത്തലത്തിൽ വേണ്ടകരുതലുകൾ പാലിക്കാൻ സംസ്ഥാനങ്ങളോട് നിർദേശിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ ലോക് സഭയെ അറിയിച്ചു. നിലവിൽ രാജ്യത്ത് ലോക്ക് ഡൗണിന് സാഹചര്യം ഒന്നുമില്ലെന്ന് തന്നെയാണ് സർക്കാർ വ്യക്തമാക്കുന്നത്. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കഴിയുക എന്നത് തന്നെയാണ് പ്രതിരോധിക്കാനുള്ള മാർഗം. തണുപ്പ് കാലമായതിനാൽ തന്നെ വൈറൽ ഫീവർ അടക്കമുള്ളവയും പകരുന്നുണ്ട്. അതിനാൽ തന്നെ കൊവിഡ് പരിശോധനയ്ക്ക് മടിക്കുന്നവരും ഏറെയാണ്. മാറുന്ന സാഹചര്യത്തിൽ വേണ്ട പരിശോധനയും ജാഗ്രതയും പുലർത്തുകമാത്രമാണ് പോംവഴി.
Subscribe to our channels on YouTube & WhatsApp