A Unique Multilingual Media Platform

The AIDEM

Articles Social Justice

മാദ്ധ്യമങ്ങളുടെ ആത്മവഞ്ചന, ജനവഞ്ചന

  • March 24, 2023
  • 1 min read
മാദ്ധ്യമങ്ങളുടെ ആത്മവഞ്ചന, ജനവഞ്ചന

അച്ചടി മാദ്ധ്യമങ്ങൾ മാത്രമുണ്ടായിരുന്ന കാലത്തും വ്യാജവാർത്തകളും വക്രീകൃത വാർത്തകളും അസാധാരണമായിരുന്നില്ലെങ്കിലും നൂറ്റാണ്ടുകളിലൂടെ ഉരുത്തിരിഞ്ഞുവന്ന തൊഴിൽമികവും ധാർമ്മിക മര്യാദകളും പഴയ വൃത്താന്തമാദ്ധ്യമങ്ങളുടെ വിശ്വാസ്യതയെ വലിയൊരളവിൽ നിലനിർത്തിയിരുന്നു. ടെലിവിഷന്റെയും, പിന്നീട് ഇൻർനെറ്റിന്റെ ആവിർഭാവത്തോടെ വ്യാപകമായ സാമൂഹികമാദ്ധ്യമങ്ങളുടെയും കാലത്താണ് വിവിധങ്ങളായ ലക്ഷ്യങ്ങളോടെ ഉൽപ്പാദിപ്പിക്കപ്പെടുന്ന വ്യാജവാർത്തകൾ മുഖ്യധാരാ മാദ്ധ്യമങ്ങളുടെയും മുഖ്യ വിപണനവിഭവമായി മാറിയത്. സാമൂഹികമാദ്ധ്യമങ്ങളെന്നറിയപ്പെടുന്ന നവമാദ്ധ്യമങ്ങൾ പലതരം നിക്ഷിപ്തതാൽപ്പര്യങ്ങളുള്ള സംഘടനകളുടെയും വ്യക്തികളുടെയും തന്നിഷ്ടങ്ങൾക്കായി വിനിയോഗിക്കാമെന്നായതോടെ അവ ശരിക്കും സാമൂഹികവിരുദ്ധമാദ്ധ്യമങ്ങളായിക്കഴിഞ്ഞുവെന്ന നിരീക്ഷണത്തിൽ അത്യുക്തിയേതുമില്ല. രാജ്യത്തിനകത്തും പുറത്തും ലക്ഷക്കണക്കിന് സന്നദ്ധ സൈബർപോരാളികളെ വിന്യസിച്ചിട്ടുള്ള ബിജെപിയുടെയും സംഘപരിവാറിന്റെയും മീഡിയാസെല്ലുകളെന്നറിയപ്പെടുന്ന നുണഫാക്ടറികളോളം ശക്തമല്ലെങ്കിലും എല്ലാ വർഗ്ഗീയ രാഷ്ട്രീയപ്പാർട്ടികൾക്കും മതസംഘടനകൾക്കും തീവ്രവാദഗ്രൂപ്പുകൾക്കും ആൾദൈവങ്ങൾക്കും അവരുടേതായ നുണഫാക്ടറികളുണ്ട്. സാമൂഹിക മാദ്ധ്യമങ്ങളിലൂടെ ഇക്കൂട്ടർ ഉൽപ്പാദിപ്പിക്കുന്ന നുണകളെ വ്യവസ്ഥാപിത മാദ്ധ്യമങ്ങളിലേക്കുകൂടി ആനയിച്ചുകൊണ്ട് തങ്ങൾക്കനുകൂലമായ പൊതുബോധം സൃഷ്ടിക്കുവാനാകുമെന്നാണ് സമൂഹ വിരുദ്ധശക്തികൾ തെളിയിച്ചുകൊണ്ടിരിക്കുന്നത്. നുണകളുടെ ആവർത്തനത്തിലൂടെ അവയ്ക്കുണ്ടാവുന്ന പ്രചാരമാണ് പൊതുബോധമായി മാറുന്നത്. ഇതിന്റെ ഏറ്റവും മികച്ച തെളിവാണ് ടിപ്പു സുൽത്താനെക്കുറിച്ച് കാവിപ്പട കാലാകാലങ്ങളിൽ ഉയർത്തുന്ന ചരിത്രാവലംബമില്ലാത്ത കള്ളക്കഥകൾ. ദേശീയമാദ്ധ്യമങ്ങൾ എന്ന പേരിലറിയപ്പെടുന്ന, കാവിവൽക്കരിക്കപ്പെട്ട ഇംഗ്ലീഷ്-ഹിന്ദി ദിനപത്രങ്ങളും വാർത്താ ചാനലുകളും മാത്രമല്ല, പ്രാദേശിക വൃത്താന്ത മാദ്ധ്യമങ്ങളും അറിഞ്ഞുമറിയാതെയും ഈ നുണകളെ മുൻനിർത്തിയാണ് സംവാദങ്ങളിലേർപ്പെടുന്നത്.  തങ്ങളുടെ രാഷ്ട്രീയ അജണ്ടകൾക്ക് അനുകൂലമായ പൊതുജനാഭിപ്രായം രൂപീകരിക്കുവാൻ മാത്രമല്ല, ജനപ്രീതിയും വാണിജ്യനേട്ടവുമുണ്ടാക്കുവാനും വ്യാജവാർത്തകളിലൂടെ സാധിക്കുമെന്നാണ് മലയാള മാദ്ധ്യമങ്ങളും തെളിയിക്കുന്നത്. ആ പ്രവണതയുടെ ഏറ്റവും പ്രകടവും ഹീനവുമായ ഉദാഹരണമാണ് ഏഷ്യാനെറ്റ് ന്യൂസ് കൃത്രിമമായി നിർമ്മിച്ചതായി കണ്ടെത്തിയ ഒരു വ്യാജവാർത്തയും അതിനെ മുൻനിർത്തി സൃഷ്ടിക്കപ്പെട്ട വ്യാജവാദങ്ങളും.

ഏഷ്യാനെറ്റ് ന്യൂസ് ലോഗോ

 

കേരളത്തിൽ വ്യാപകമായിക്കൊണ്ടിരിക്കുന്ന മയക്കുമരുന്നുകളുടെ ഉപഭോഗത്തെയും അതിലൂടെ കുട്ടികളെപ്പോലും ലൈംഗികമായി ചൂഷണംചെയ്യുന്ന സമീപകാല സംഭവങ്ങളെയും കുറിച്ചുള്ള ഒരു വാർത്താപരമ്പരയ്ക്കിടയിലാണ്, ഏഷ്യാനെറ്റ് ന്യൂസ് പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കുംവിധം കൃത്രിമമായ ഒരഭിമുഖസംഭാഷണം തിരുകിക്കയറ്റി എന്നതാണ് പുറത്തുവരുന്ന വാർത്ത. നേരത്തേ വേറൊരു വനിതാ റിപ്പോർട്ടർ നടത്തിയ, ഇരയാക്കപ്പെട്ട ഏതോ പെൺകുട്ടിയുമായുള്ള അഭിമുഖത്തിന്റെ ശബ്ദരേഖ മാത്രം സന്ദർഭത്തിൽനിന്ന് അടർത്തിയെടുത്ത്, അത്തരം സംഭവങ്ങളുമായൊന്നും ബന്ധമില്ലാത്ത പ്രായപൂർത്തിയാകാത്ത വേറൊരു പെൺകുട്ടിയുടെ മുഖംവ്യക്തമല്ലാത്ത ദൃശ്യത്തിനുമേൽ നൽകിക്കൊണ്ട് പുതിയൊരു സംഭവമാണിതെന്ന മട്ടിൽ അവതരിപ്പിക്കുകയായിരുന്നു ആ ചാനൽ. ആദ്യത്തെ അഭിമുഖത്തിൽ പ്രത്യക്ഷപ്പെടുന്ന വനിതാ റിപ്പോർട്ടർക്കുപകരം, ആ ശബ്ദമുപയോഗിക്കുന്ന പുതിയ അഭിമുഖത്തിൽ ഒരു പുരുഷറിപ്പോർട്ടറാണുള്ളത്. ശബ്ദത്തിന്റെ യഥാർത്ഥ ഉടമയ്ക്കുപകരം, വേറൊരു പെൺകുട്ടിയും. ഇരകളുടെ ഐഡന്റിറ്റി വെളിപ്പെടുത്തരുതെന്ന നിയമത്തിന്റെ മറവിൽ അനായാസം നടത്തിയ ഒരു തട്ടിപ്പാണിത്. പുതിയ അഭിമുഖത്തിൽ പുരുഷറിപ്പോർട്ടറുടെ മുന്നിലിരിക്കുന്നത് അതേ വാർത്താസ്റ്റുഡിയോയിലെ ജീവനക്കാരിയുടെ മകളാണെന്ന് പൊലീസ് സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. അഭിനേതാക്കളെ ഉപയോഗിച്ചും, റിപ്പോർട്ടർതന്നെ അഭിനേതാവായും സൃഷ്ടിക്കപ്പെട്ട ഒരു വ്യാജവാർത്തയുടെ നിജസ്ഥിതിയെപ്പറ്റി ഏഷ്യാനെറ്റ് ന്യൂസ് ഇതേവരെ ഒരക്ഷരം മിണ്ടിയിട്ടില്ല. എക്‌സിക്യുട്ടീവ് എഡിറ്ററുടേതായി പുറത്തുവന്ന പരസ്യ പ്രതികരണത്തിലും അഭിമുഖം വ്യാജമായി ഉണ്ടാക്കിയതാണെന്ന ആരോപണത്തെപ്പറ്റി ഒരു പരാമർശംപോലുമില്ലെന്നതാണ് കൗതുകകരമായ സംഗതി. എന്നുമല്ല, മാദ്ധ്യമങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ ശ്രമത്തിനെതിരെ നിർഭയം നിരന്തരം പോരാടുമെന്ന പ്രഖ്യാപനവുമുണ്ട്. നിരുത്തരവാദിത്വമല്ലാതെ ഇതിൽ നേരെവിടെ എന്നതാണ് പ്രേക്ഷകരുടെ ചോദ്യം.

ഒറ്റനോട്ടത്തിൽ, തൊഴിൽമര്യാദകളുടെയും മാദ്ധ്യമ ധാർമ്മികതയുടെയും വെറും ലംഘനം മാത്രമായി തോന്നാവുന്ന ഈ സംഭവത്തിൽ പൊലീസ് ഇടപെടേണ്ട കാര്യമില്ലെന്ന പ്രതീതി സ്വാഭാവികമാണ്. മാദ്ധ്യമങ്ങൾക്ക് നിർദ്ദേശിക്കപ്പെട്ടിട്ടുള്ള പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനങ്ങൾ നിരീക്ഷിക്കുവാനും നിയന്ത്രിക്കുവാനും നടപടികളെടുക്കുവാനും പ്രസ് കൗൺസിൽപോലുള്ള സ്ഥാപനങ്ങളുണ്ടെന്നിരിക്കേ കേരള പൊലീസ് ഏഷ്യാനെറ്റിന്റെ വ്യാജവാർത്തക്കെതിരെ കേസെടുത്തതും അവരുടെ ന്യൂസ്‌റൂമിൽ പരിശോധന നടത്തിയതും തെറ്റായിപ്പോയെന്ന് കരുതുന്ന മുതിർന്ന മാദ്ധ്യമപ്രവർത്തകരുമുണ്ട്. മാദ്ധ്യമങ്ങളെ സർക്കാർ സമ്മർദ്ദത്തിലാക്കുന്ന രീതി സ്വീകാര്യവുമല്ല. അത് സ്വതന്ത്ര മാദ്ധ്യമപ്രവർത്തനത്തിന് ഭീഷണിതന്നെയാണ്. അത്തരം ഇടപെടലുകൾ ജനാധിപത്യത്തിനുതന്നെ ദോഷകരമാവുകയും ചെയ്യും. എന്നാൽ, ഏതെങ്കിലുമൊരു വാർത്തയുടെ പേരിലോ വ്യാജവാർത്ത നിർമ്മിച്ചുവെന്നതിനോ അല്ല, ഏഷ്യാനെറ്റ് ന്യൂസിനെതിരെ കേരള പൊലീസ് കേസെടുത്തിരിക്കുന്നത് എന്നതാണ് ഓർമ്മിക്കേണ്ട കാതലായ സംഗതി.

വ്യാജമെന്ന് കണ്ടെത്തിയ വാർത്തയിൽ നിന്നുള്ള ദൃശ്യം

സദുദ്ദേശ്യത്തോടെ വിഭാവനം ചെയ്ത, സാമൂഹികവിപത്തുകളിലേക്ക് വെളിച്ചംവീശുന്ന, പരമ്പരയുടെ ഭാഗമായി അതിന് കൊഴുപ്പുകൂട്ടാന്‍ നിര്‍മ്മിച്ച ഒരു വ്യാജഅഭിമുഖത്തില്‍, വാര്‍ത്തയില്‍പ്പറയുന്ന സംഭവവുമായി ബന്ധമേതുമില്ലാത്ത പ്രായപൂര്‍ത്തിയാകാത്ത മറ്റൊരു പെണ്‍കുട്ടിയെ അവതരിപ്പിച്ചുവെന്നതാണ് ഏഷ്യാനെറ്റിന്റേത് ക്രിമിനല്‍ക്കുറ്റമാക്കുന്നത്. അതാവട്ടെ, പോക്‌സോ കേസിന്റെ പരിധിയില്‍പ്പെടുന്ന കുറ്റകൃത്യമാണെന്നതാണ് പ്രധാനം. മയക്കുമരുന്നുനല്‍കി ലൈംഗികചൂഷണത്തിനിരയാക്കിയെന്ന കേസിലെ ഇരയായ പെണ്‍കുട്ടിയുടെ പഴയ ശബ്ദരേഖയെ പുതിയൊരു കേസായി അവതരിപ്പിക്കുവാനും, അതിന് വിശ്വാസ്യതയുണ്ടാക്കുവാനും പ്രായപൂര്‍ത്തിയാവാത്ത വേറൊരു പെണ്‍കുട്ടിയെ ഉപയോഗിച്ച സംഭവമാണിത്. മുഖം വെളിപ്പെടുത്താതെയാണെങ്കിലും നിഷ്‌കളങ്കയായ ഒരു പെണ്‍കുട്ടിയെ പ്രേക്ഷകരെ തെറ്റിദ്ധരിപ്പിക്കാനായി അവതരിപ്പിച്ചത് പോക്‌സോ നിയമപ്രകാരം ക്രിമിനല്‍ക്കുറ്റമാണെന്ന് സാമാന്യ നിയമപരിജ്ഞാനമുള്ളവരെല്ലാം സമ്മതിക്കുന്നുമുണ്ട്. അതുകൊണ്ടാണ് ആ വ്യാജവാര്‍ത്ത നിര്‍മ്മിച്ച ചാനല്‍ സ്റ്റുഡിയോയുടെ ചുമതലയുള്ള റസിഡന്റ് എഡിറ്റര്‍ക്കും അത് സംപ്രേഷണംചെയ്ത ചാനല്‍ എക്‌സിക്യുട്ടീവ് എഡിറ്റര്‍ക്കും കൃത്രിമവാര്‍ത്ത നിര്‍മ്മിച്ച റിപ്പോര്‍ട്ടര്‍ക്കുമെതിരെ പൊലീസിന് കേസെടുക്കേണ്ടിവന്നത്. തീര്‍ത്തും അധാര്‍മ്മികമായ ഈ പ്രവര്‍ത്തനത്തിന് കൂട്ടുനിന്ന കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയാണ്. ഈ കേസിനാസ്പദമായ വസ്തുതകളുടെ ശരിതെറ്റുകള്‍ കേസന്വേഷണത്തിലൂടെ വെളിപ്പെടാനിരിക്കുന്നതേയുള്ളൂ. എങ്കിലും, ലഭ്യമായ വിവരങ്ങളും ചാനലിന്റെ ഒളിച്ചുകളിയും വ്യക്തമാക്കുന്നത് അതൊരു വ്യാജവാര്‍ത്തയായിരുന്നുവെന്നാണ്.

കൃത്രിമവാര്‍ത്തയുണ്ടാക്കി പ്രേക്ഷകരെ വഞ്ചിച്ചുവെന്നതിനേക്കാള്‍ വലിയ കുറ്റമാണ് ആ ചെറിയ ബാലികയോട് ചാനല്‍ റിപ്പോര്‍ട്ടര്‍ ചെയ്തത്. മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ മറവില്‍ പോക്‌സോ കേസിനെ നിസ്സാരവല്‍ക്കരിക്കുവാനാണ് പിന്നീട് ആ ചാനല്‍ ശ്രമിച്ചതെന്നതാണ് അതിന്റെ വിശ്വാസ്യതക്ക് കൂടുതല്‍ ക്ഷതമേല്‍പ്പിച്ചത്. മാദ്ധ്യമ സ്ഥാപനമായതുകൊണ്ടും മാദ്ധ്യമപ്രവര്‍ത്തകരായതുകൊണ്ടും ഇത്തരമൊരു ക്രിമിനല്‍ക്കുറ്റത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ നമ്മുടെ നിയമം അനുവദിക്കുന്നില്ലെന്ന് അറിയാത്തവരല്ല ചാനലിനെ നയിക്കുന്ന പ്രശസ്തരും പ്രമുഖരുമായ ജേര്‍ണലിസ്റ്റുകള്‍. എന്നാല്‍, തങ്ങളുടെ തെറ്റുകളെ മറച്ചുവെക്കാനായി സര്‍ക്കാരിന്റെ മാദ്ധ്യമവിരോധമായി അതിനെ ദുര്‍വ്യാഖ്യാനം ചെയ്യാനുള്ള അതിസാമര്‍ത്ഥ്യമാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഭാഗത്തുനിന്നുണ്ടായത്. പി.വി. അന്‍വര്‍ എന്ന ഭരണപക്ഷ എം.എല്‍.എയുടെ പരാതിപ്രകാരമാണ് പൊലീസ് കേസെടുത്തത്. അന്‍വറിന്റെ പേരിലുള്ള അനവധി അഴിമതിയാരോപണങ്ങളെ സംബന്ധിച്ച് വിമര്‍ശനാത്മകമായ വാര്‍ത്തകള്‍ നല്‍കിയ ചാനലിനോട് അയാള്‍ക്ക് വിദ്വേഷമുണ്ടാവാനിടയുണ്ടെന്ന വാദവും സ്വാഭാവികം. എസ്.എഫ്.ഐയുടെ ചാനല്‍വിരുദ്ധ സമരങ്ങളും പ്രചരണങ്ങളുമെല്ലാം പാര്‍ട്ടിവിരുദ്ധചാനലായി അവര്‍ നേരത്തേതന്നെ മുദ്രകുത്തിയിട്ടുള്ള ഏഷ്യാനെറ്റ് ന്യൂസിനോടുള്ള പകപോക്കലിന്റെ ഭാഗമാണെന്നും വേണമെങ്കില്‍ സമ്മതിക്കാം. എന്നാല്‍ പോക്‌സോ കേസും ആ കേസിനാസ്പദമായ വ്യാജവാര്‍ത്തയും നിസ്സാരമായി അവഗണിക്കാനാവുന്നതാണോ? അത് ചര്‍ച്ചചെയ്യാന്‍ ചാനല്‍ എന്തുകൊണ്ട് സന്നദ്ധമാവുന്നില്ല? സര്‍ക്കാരിനെതിരെ നേരിയൊരു വിമര്‍ശനംപോലും ഉന്നയിക്കാത്ത ആ വാര്‍ത്തക്കെതിരെ സര്‍ക്കാര്‍ എന്തിന് നിയമനടപടിയെടുക്കുന്നു എന്ന ചോദ്യം ആ ചാനല്‍ ആവര്‍ത്തിക്കുന്നതുകേട്ടു. നിഷ്‌കളങ്കമെന്ന മട്ടില്‍ ആവര്‍ത്തിക്കുന്ന ആ ചോദ്യം വസ്തുതകളില്‍നിന്ന് പ്രേക്ഷക ശ്രദ്ധതിരിക്കുവാനുള്ള വിലകുറഞ്ഞ തന്ത്രം മാത്രമാണെന്ന് ഏത് ജേര്‍ണലിസ്റ്റിനും മനസിലാക്കാനാവും.

ഏഷ്യാനെറ്റ് ന്യൂസിനെതിരെ ഉയർന്ന ആരോപണങ്ങളും കേസുകളും മാദ്ധ്യമസ്വാതന്ത്ര്യത്തിനു നേർക്കുള്ള കടന്നാക്രമണമാണെന്ന പുകമറ സൃഷ്ടിക്കുവാൻ ആ ചാനൽ വീണ്ടും വീണ്ടും ശ്രമിക്കുമ്പോൾ നഷ്ടമാകുന്നത് അതിന്റെ വിശ്വാസ്യത തന്നെയാണ്. ഒരു കൃത്രിമവാർത്തയെ ന്യായീകരിക്കുവാൻ പുതിയ വ്യാജവാദങ്ങൾ ഉല്പാദിപ്പിക്കുന്ന ഏഷ്യാനെറ്റ് ന്യൂസിന്റെ ആത്മവഞ്ചനയും ജനവഞ്ചനയും ആ ചാനലിന്റെ സുഹൃത്തുക്കളെയും അഭ്യുദയകാംക്ഷികളെയും അമ്പരപ്പിക്കുകയാണ്. ബി.ജെ.പി എം.പിയും കേന്ദ്രമന്ത്രിയുമായ രാജീവ് ചന്ദ്രശേഖറിന്റെ ഉടമസ്ഥതയിലുള്ള ഒരു മാദ്ധ്യമസ്ഥാപനത്തിന് വിശ്വാസ്യതയേക്കാൾ കാവിരാഷ്ട്രീയത്തിന് വേണ്ടിയുള്ള നുണഉല്പാദനമാണ് ആവശ്യവും അലങ്കാരവുമെന്ന് കരുതുന്നവരാണോ അതിന്റെ എഡിറ്റോറിയലിനെ ഇപ്പോൾ നയിക്കുന്നത്? രാജീവ് ചന്ദ്രശേഖറിന്റെ ചാനൽ നിഷ്പ്പക്ഷവും സ്വതന്ത്രവുമാണെന്നൊക്കെ അതിലെ ജേർണലിസ്റ്റുകൾ ഭാവിക്കുന്നത് മിതമായ ഭാഷയിൽപ്പറഞ്ഞാൽ ജനങ്ങളെ വിഡ്‌ഢികളാക്കലല്ല, സ്വയം വിഡ്‌ഢിയാകലാണ്. ഇടതുപക്ഷവിരുദ്ധതയുടെ പേരിൽ കേരളത്തിലെ ഇടതുപാർട്ടികൾ ഏഷ്യാനെറ്റ് ന്യൂസിനെ വിമർശിക്കുകമാത്രമല്ല, ആ ചാനലിനെ ബഹിഷ്‌കരിക്കുകയും ചെയ്തിട്ടുണ്ട്. ഏഷ്യാനെറ്റിലെ വാർത്താവതാരകനായ മുതിർന്ന മാദ്ധ്യമപ്രവർത്തകൻ വിനു വി ജോണിനെതിരെ ഇടതുപക്ഷ നേതാവും എം.പിയുമായ എളമരം കരീം നൽകിയ കേസ് ശരിക്കുമൊരു പകപോക്കലായിരുന്നുവെന്ന വാസ്തവവും മലയാളികൾ തിരിച്ചറിഞ്ഞിട്ടുണ്ട്. (ഈ പംക്തിയിലും അത് ചൂണ്ടിക്കാണിച്ചിരുന്നു) എന്നാൽ, ജനങ്ങൾക്കറിയാവുന്ന ഒരു വാസ്തവത്തെ മുൻനിർത്തി തങ്ങളുടെ ഇപ്പോഴത്തെ അധാർമ്മികമായ വ്യാജവാർത്താ നിർമ്മിതിയെ മറച്ചുപിടിക്കുവാനും ഇടതുപക്ഷ സർക്കാരിന്റെ പകപോക്കൽ നടപടിയാണിതെന്നു വരുത്തിത്തീർക്കുവാനും പ്രതിപക്ഷത്തെ കൂട്ടുപിടിക്കുന്ന ഏഷ്യാനെറ്റ് ന്യൂസ് ഉന്നതമായ മാദ്ധ്യമപ്രവർത്തനമല്ല, വിലകെട്ട രാഷ്ട്രീയപ്രവർത്തനമാണ് നടത്തുന്നതെന്ന് പറയാതെവയ്യ.

ഒരു വനിതാ എക്‌സിക്യൂട്ടീവ് എഡിറ്ററുള്ള വാർത്താ ചാനൽതന്നെയാണ് പെൺകുട്ടികളെ ഉപയോഗിച്ച് വ്യാജവാർത്ത നിർമ്മിക്കുകയും അതിലൊരു തെറ്റും കാണാതിരിക്കുകയും ചെയ്യുന്നത് എന്നത് എന്നെ അത്ഭുതപ്പെടുത്തുന്നു. പുരുഷാധിപത്യം കൊടികുത്തിവാഴുന്ന കേരളത്തിലെ മാദ്ധ്യമ മണ്ഡലത്തിൽ ശക്തമായൊരു സ്ത്രീസാന്നിദ്ധ്യമായി സകലരും അംഗീകരിച്ച ഒരു ജേർണലിസ്റ്റ് സ്വന്തം റിപ്പോർട്ടറുടെ അധാർമ്മിക പ്രവർത്തനം കണ്ടുപിടിക്കപ്പെട്ടപ്പോഴെങ്കിലും അതിനെ തള്ളിപ്പറയേണ്ടിയിരുന്നു എന്നാണ് എന്നെപ്പോലുള്ളവർ വിചാരിക്കുന്നത്. ആ തെറ്റ് സമ്മതിച്ച് മാപ്പ് പറയുന്നതിനുപകരം സർക്കാരിന്റെ പ്രതികാര നടപടിയാണെന്ന് വ്യാഖ്യാനിച്ച് മാദ്ധ്യമസ്വാതന്ത്ര്യത്തെക്കുറിച്ച് അലമുറയിടുന്നതിലും വലിയ അശ്ലീലം സമീപകാലത്തൊന്നും പാപ്പരാസി ജേണലിസത്തിന്റെ മേഖലയിൽപ്പോലും ഉണ്ടായിട്ടില്ല. ഒരു റസിഡന്റ് എഡിറ്ററുടെ സാന്നിദ്ധ്യമുള്ള തങ്ങളുടെതന്നെ പ്രാദേശിക സ്റ്റുഡിയോയിൽ നിർമ്മിക്കപ്പെട്ട വ്യാജവാർത്ത ക്രിമിനൽക്കേസ് ക്ഷണിച്ചുവരുത്തുവാൻ പോന്നതാണെന്ന് തിരിച്ചറിയാനുള്ള സാമാന്യബുദ്ധിയും പ്രൊഫഷനൽ ശേഷിയും അത് തിരുത്തി ക്ഷമപറയാനുള്ള വിവേകവുമായിരുന്നു ഏഷ്യാനെറ്റ് ന്യൂസ് പ്രകടിപ്പിക്കേണ്ടിയിരുന്നത്. അതിനുപകരം, തങ്ങൾചെയ്ത കുറ്റം മറച്ചുവെച്ചുകൊണ്ട് ബി.ജെ.പിയുടെയും ഇതര പ്രതിപക്ഷപ്പാർട്ടികളുടെയും കൂട്ടുപിടിച്ച് മാദ്ധ്യമ സ്വാതന്ത്ര്യത്തിനെതിരെയുള്ള സർക്കാർ ഭീഷണിയാണിതെന്ന് വരുത്തിത്തീർക്കുവാനുള്ള ആസൂത്രിതമായ കാമ്പെയിനാണ് ആ ചാനൽ നടത്തിയത്. കേന്ദ്രത്തിലെ ബി.ജെ.പി മന്ത്രിയുടെ മലയാളം ചാനലിന്റെ ആ അജണ്ടയ്ക്ക് പിന്തുണനൽകുവാൻ സ്വാഭാവികമായും ദേശീയമാദ്ധ്യമങ്ങളും സന്നദ്ധമായി. ചാനൽ മേധാവിയായ യജമാനനെയും അദ്ദേഹത്തിന്റെ സർവ്വശക്തരായ യജമാനന്മാരെയും പ്രീതിപ്പെടുത്തുവാൻ സത്യസന്ധമായ മാദ്ധ്യമപ്രവർത്തനത്തേക്കാൾ അധമരാഷ്ട്രീയപ്രവർത്തനമാണ് അനിവാര്യമെന്ന തിരിച്ചറിവായിരിക്കാം ഏഷ്യാനെറ്റ് ന്യൂസിന്റെ ഈ നിലവാരം കുറഞ്ഞ നാടകങ്ങൾക്ക് കാരണം. മാർക്കറ്റ് ലീഡറെന്ന നിലയിൽ എന്തുമാകാമെന്ന അഹന്ത ഒരു വാർത്താചാനലിന് ഉണ്ടായിക്കൂടാത്തതാണ്. വ്യാജവാർത്താ നിർമ്മാതാക്കളായ മൂന്നാംകിട റിപ്പോർട്ടർമാരുടെ അധാർമ്മികതയെ മൂലധനമാക്കിയാണ് ഈ അഹങ്കാരമെന്നതാണ് കൂടുതൽ ദയനീയം. രണ്ടോ മൂന്നോ പേരുടെ തൊഴിൽപരമായ അധാർമ്മികതയെ ന്യായീകരിച്ച് പ്രധാനപ്പെട്ട ഒരു വാർത്താചാനലിന്റെ വിശ്വാസ്യതയെത്തന്നെ അപകടത്തിലാക്കിയവരുടെ ഗൂഢലക്ഷ്യങ്ങളെന്തായിരിക്കാമെന്ന് എത്ര ആലോചിച്ചിട്ടും ഊഹിക്കുവാനാകുന്നില്ല.

ജനാധിപത്യരീതിയിൽ തിരഞ്ഞെടുക്കപ്പെടുന്ന ഭരണകൂടംതന്നെ ജനാധിപത്യത്തെ അട്ടിമറിക്കുവാൻ ശ്രമിച്ചുകൊണ്ടിരിക്കുന്ന നമ്മുടേതുപോലുള്ള വർത്തമാനസാഹചര്യത്തിൽ, എതിർ ശബ്ദമുയർത്തുന്ന മാദ്ധ്യമങ്ങളെ അടിച്ചമർത്താനെന്നപോലെ അവയുടെ വിശ്വാസ്യത തകർക്കാനും ഭരണകൂടവും ജാതി-മത-വർഗ്ഗീയ സംഘടനകളും മുതിരുക സാധാരണമാണ്. നരേന്ദ്ര മോദിയുടെ ഇന്ത്യയിൽ ഈ പ്രവണത, തങ്ങളുടെ പക്ഷത്തല്ലാത്ത മാദ്ധ്യമങ്ങളെയും മാദ്ധ്യമപ്രവർത്തകരെയും രാഷ്ട്രീയാധികാരവും കോർപ്പറേറ്റ് മൂലധനവും സർക്കാർ സംവിധാനങ്ങളുമുപയോഗിച്ച് വേട്ടയാടുന്ന നിലയിലേക്കുപോലും വളർന്നുകഴിഞ്ഞു. ഈ പശ്ചാത്തലത്തിലാണ്, ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യമായി സ്വയം അഭിമാനിക്കുന്ന ഇന്ത്യയിലെ മാദ്ധ്യമസ്വാതന്ത്ര്യത്തിന്റെ നിലവാരം ജനാധിപത്യം നിലവിലില്ലാത്ത ലോകത്തിലെ അപരിഷ്‌കൃതരാജ്യങ്ങളുടെ പട്ടികയിൽ ഇടംപിടിച്ചുവെന്ന് അന്താരാഷ്ട്ര മാദ്ധ്യമസംഘടനകളുടെ വിലയിരുത്തൽ പുറത്തുവരുന്നത്. രാഷ്ട്രീയ-വാണിജ്യലാക്കു മാത്രമുള്ള മാദ്ധ്യമങ്ങൾ സ്വയം അവയുടെ വിശ്വാസ്യത നഷ്ടപ്പെടുത്തുവാൻ ഉത്സാഹിക്കുന്ന കാലവുമാണിത്. ഏഷ്യാനെറ്റ് ന്യൂസിന്റെ പേരിൽ ഇപ്പോൾ ആരോപിക്കപ്പെടുന്ന വ്യാജവാർത്താ നിർമ്മിതിയും സ്വയം ന്യായീകരിക്കുവാനുള്ള അവരുടെ കപട പ്രചരണങ്ങളും ആ ചാനലിന്റെ മാത്രമല്ല, മാദ്ധ്യമങ്ങളുടെയാകെ വിശ്വാസ്യതയ്ക്ക് കളങ്കമുണ്ടാക്കിയെന്നത് കാണാതിരുന്നുകൂടാ. മാദ്ധ്യമ മര്യാദകൾ പാലിച്ചും തെറ്റുകൾ പരസ്യമായി തിരുത്തിയും മാതൃക കാണിക്കേണ്ടതിനുപകരം, ക്രിമിനൽ സ്വഭാവമുള്ള സ്വന്തം തെറ്റിനെ മറച്ചുവെക്കുവാൻ മാദ്ധ്യമ സ്വാതന്ത്ര്യത്തിന്റെ മറതീർക്കുമ്പോൾ ആ മാദ്ധ്യമം സാമൂഹികവിരുദ്ധ സ്വഭാവംതന്നെയാണ് പ്രകടിപ്പിക്കുന്നത്. ആത്മവഞ്ചനയേക്കാൾ ഇതൊരു ജനവഞ്ചനയാണ്. രാഷ്ട്രീയലാക്കുകളുള്ള കോർപ്പറേറ്റ് മാദ്ധ്യമങ്ങൾ നടത്തുന്ന സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളുടെ ഏറ്റവും പുതിയ കേരളീയ മാതൃകയാണിത്.

ടെലിവിഷനും ഇന്റർനെറ്റും ഒന്നുമില്ലാതിരുന്ന കാലത്ത് കേരളത്തിലെ വലതുപക്ഷ മാദ്ധ്യമങ്ങളും ക്രൈസ്തവസഭയും അവരുടെ പൊതുവായ ഇടതുപക്ഷവിരുദ്ധതയുടെ ഭാഗമായി നടത്തിയ വ്യാജവാർത്താനിർമ്മിതികളെ മലയാളികൾതന്നെ വിസ്മരിച്ചു കഴിഞ്ഞു. ജനങ്ങൾ തിരഞ്ഞെടുത്ത കേരളത്തിലെ ഇടതുപക്ഷസർക്കാരിനെ അട്ടിമറിക്കുവാനായി അമേരിക്കൻ ചാരസംഘടനയുടെ സാമ്പത്തിക പിന്തുണയോടെ മലയാള മാദ്ധ്യമങ്ങളും കൃസ്ത്യൻസഭയും കമ്യൂണിസ്റ്റ് വിരുദ്ധമുന്നണിയും നടത്തിയ വിമോചനസമരമെന്ന ജനാധിപത്യ വിരുദ്ധ കലാപത്തിന്റെ പ്രയോക്താക്കളും ഗുണഭോക്താക്കളും അവരുടെ പിന്മുറക്കാരും ഇപ്പോഴും സജീവമാണ്. വിമോചന സമരകാലത്തില്ലാതിരുന്ന സംഘപരിവാര സംഘടനകളുടെയും കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി സർക്കാരിന്റെയും പിന്തുണയുള്ളതിനാൽ ഇപ്പോൾ കോർപ്പറേറ്റ് മാദ്ധ്യമങ്ങളുടെ  വലതുപക്ഷ രാഷ്ട്രീയപക്ഷപാതിത്വം കൂടുതൽ ഫലപ്രദമായി ഉപയോഗിക്കാനാവുന്നുമുണ്ട്. ഭരണഘടനാസങ്കല്പങ്ങളെ തുടച്ചുനീക്കി ജനാധിപത്യ-മനുഷ്യാവകാശലംഘനങ്ങൾ പതിവാക്കിയ മോദി സർക്കാർ മാദ്ധ്യമങ്ങളെ നിശ്ശബ്ദമാക്കിക്കൊണ്ടിരിക്കുമ്പോൾ, വ്യാജവാർത്തയുണ്ടാക്കാനുള്ള തങ്ങളുടെ സ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളികൂട്ടുന്ന കേരളത്തിലെ കോർപ്പറേറ്റ് വാർത്താചാനലുകളുടെ കാപട്യത്തെ മാദ്ധ്യമപ്രവർത്തനം തൊഴിലാക്കിയവരെങ്കിലും അപലപിക്കേണ്ടതല്ലേ? എലീറ്റ് സംഘടനയായ കേരള പത്രപ്രവർത്തക യൂനിയനിലെ മാദ്ധ്യമപുംഗവന്മാരെയും ഇത്തരം അധാർമ്മികതകൾ തെല്ലും അലട്ടുന്നതായി തോന്നുന്നില്ല എന്നതാണ് നിർഭാഗ്യകരം.


മുൻ ലക്കങ്ങൾ വായിക്കാം, ഇവിടെ ഇപ്പോൾ


Subscribe to our channels on YouTube & WhatsApp

About Author

ഒ. കെ. ജോണി

ഡോക്യുമെന്ററി സംവിധായകൻ, സിനിമ നിരൂപകൻ, സഞ്ചാര സാഹിത്യകാരൻ, മാധ്യമ നിരീക്ഷകൻ.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Venu Edakkazhiyur
Venu Edakkazhiyur
1 year ago

ഏഷ്യാനെറ്റ്‌ ന്യൂസിൽ അവശേഷിക്കുന്ന പ്രതിബദ്ധതയുള്ള മാധ്യമ പ്രവർത്തകർ ജോണിയുടെ ഈ ലേഖനം വായിച്ച് തിരിച്ചറിവുകൾ നേടിയെങ്കിൽ എന്ന് ആഗ്രഹിച്ചുപോകുന്നു. ജോണിക്ക് അഭിവാദ്യങ്ങൾ 🙏