A Unique Multilingual Media Platform

The AIDEM

Articles Culture International Minority Rights Politics

മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വവും സ്ത്രീ വിമോചന പോരാട്ടവും

മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വവും സ്ത്രീ വിമോചന പോരാട്ടവും

2022 സെപ്റ്റംബർ 16നാണ് ഇറാനിലെ കുപ്രസിദ്ധരായ മതസാന്മാര്‍ഗിക പോലീസ് മഹ്‌സ(ജീനാ) അമീനി എന്ന കുര്‍ദിഷ് പെണ്‍കുട്ടിയെ കസ്റ്റഡിയില്‍ വെച്ച് കൊലപ്പെടുത്തിയത്. ഇപ്പോള്‍ ഒരു വര്‍ഷം തികയുന്നു. കിഴക്കെ കുര്‍ദിസ്താന്‍ അഥവാ റോജിലാത്ത് എന്ന ഇറാനി നകത്തെ പ്രവിശ്യയിലും, ഇറാനിലാകെയും, ലോകത്തെ മറ്റു പ്രദേശങ്ങളിലും ഇതിനെ തുടര്‍ന്ന് വ്യാപകമായ പ്രതിഷേധങ്ങള്‍ അലയടിച്ചു. ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് ഇറാന്‍ എന്ന മതപ്രോക്ത ഭരണകൂടത്തിന്റെ സ്ത്രീവിദ്വേഷപരമായ നയങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യമാണ് ഈ പ്രതിഷേധ സമരങ്ങളില്‍ ഉയര്‍ന്നത്. 

മഹ്‌സയുടെ കുര്‍ദിഷ് പേരാണ് ജീന. ജീവിതം എന്നാണര്‍ത്ഥം. റോജിലാത്തിലെ സാക്കെസ് നഗരത്തിലെ ഐച്ചി എന്ന ശവകുടീരത്തില്‍ അവളുറങ്ങുന്നു. കുര്‍ദിഷ് വിമോചനപ്പോരാട്ടത്തിന്റേതെന്നതു പോലെ, സ്ത്രീ വിമോചനപ്പോരാട്ടത്തിന്റെയും പൊതു മുദ്രാവാക്യമായി ജിന്‍, ജിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്നത് മാറിക്കഴിഞ്ഞു. ദശകങ്ങളായി കുര്‍ദിഷ് വിമോചനപ്രസ്ഥാനത്തിന്റെ മുദ്രാവാക്യം ആണിത്. ഇപ്പോഴിത് ലോകം ഏറ്റെടുത്തിരിക്കുന്നു.

ഇറാനിലെ മനുഷ്യാവകാശ ലംഘനങ്ങളെ പ്രതീകവത്ക്കരിച്ചു കൊണ്ട് ഹേഗിൽ പ്രതിഷേധ പ്രകടനക്കാർ കഴുത്തിൽ കുരുക്കിട്ടിരിക്കുന്നു

കുര്‍ദിഷ് വിമോചനപ്പോരാട്ടത്തിന്റെ മുഖ്യ നായകനും ഈ കാലത്തെ ഏറ്റവും പ്രധാനപ്പെട്ട വിപ്ലവചിന്തകനുമായ അബ്ദുള്ള ഓക്കലാന്‍ തുര്‍ക്കിയിലെ തടവറയില്‍ കഴിയുകയാണ്. അടുത്തു വന്ന റിപ്പോര്‍ടുകളനുസരിച്ച്, കഴിഞ്ഞ മൂന്നു വര്‍ഷമായി അദ്ദേഹത്തില്‍ നിന്ന് ഒരു വിവരവും അദ്ദേഹത്തിന്റെ കുടുംബത്തിനും അഭിഭാഷകനും അടക്കം ആര്‍ക്കുമറിയാന്‍ കഴിയുന്നില്ല. 

അബ്ദുള്ള ഓക്കലാന്‍

ഇതിനിടയില്‍ തുര്‍ക്കിയില്‍ നടന്ന തെരഞ്ഞെടുപ്പില്‍ എര്‍ദോഗാന്‍ വീണ്ടും അധികാരത്തിലെത്തിയതിനെ തുടര്‍ന്ന് അബ്ദുള്ള ഓക്കലാന്റെയും കുര്‍ദിഷ് തൊഴിലാളി പാര്‍ടി (പികെകെ)യുടെയും ഭാവി കൂടുതല്‍ അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഇറാന്‍ കേന്ദ്ര ഭരണകൂടത്തിന്റെ സുരക്ഷാ ഏജന്‍സികള്‍, പ്രത്യേകിച്ചും ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ ആര്‍ ജിസി) പ്രതിഷേധക്കാരെ അടിച്ചമര്‍ത്തി എന്നു മാത്രമല്ല, രാജ്യമാകെയുള്ള നഗരങ്ങളും പട്ടണങ്ങളും ഗ്രാമങ്ങളും സൈന്യത്തിന്റെ അധീനതയില്‍ ആക്കിമാറ്റുകയും ചെയ്തു. കിഴക്കെ കുര്‍ദിസ്താനില്‍ മാത്രമല്ല, പടിഞ്ഞാറെ ബലൂചിസ്ഥാനിലും ഇറാനിലെ മറ്റിടങ്ങളിലും കുര്‍ദ് വിഭാഗക്കാര്‍ മാത്രമല്ല, മറ്റു മനുഷ്യാവകാശ പ്രവര്‍ത്തകരും പ്രതിഷേധപ്രകടനങ്ങളില്‍ വ്യാപകമായി പങ്കെടുത്തു. 540 സിവിലിയന്മാര്‍ ഈ കലാപത്തില്‍ സൈന്യത്താല്‍ കൊല്ലപ്പെട്ടു എന്നാണ് ഔദ്യോഗിക കണക്ക്. ഇതില്‍ 137 പേര്‍ കുര്‍ദ് വംശജരാണ്. എണ്ണായിരത്തിലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇരുപതിനായിരത്തിനും അറുപതിനായിരത്തിനുമിടയില്‍ ആളുകള്‍ തടങ്കലിലാണ്. ഇതില്‍ പതിനായിരത്തോളം പേരാണ് കുര്‍ദുകള്‍. ഇനി മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തോടനുബന്ധിച്ച് കൂടുതല്‍ അറസ്റ്റുകളുണ്ടായേക്കും. പ്രതിഷേധങ്ങളില്‍ കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കു നേര്‍ക്കും ഭരണകൂടവും സൈന്യവും ഭീഷണികള്‍ ഉയര്‍ത്തിക്കൊണ്ടിരിക്കുകയാണ്. നിരവധി കുടുംബാംഗങ്ങള്‍ക്ക് സമന്‍സുകളും അറസ്റ്റ് വാറന്റുകളും ഭീഷണികളും തടവുശിക്ഷകളും ലഭിച്ചുകൊണ്ടിരിക്കുന്നുണ്ട്. 2023 സെപ്തംബര്‍ 16ന് മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വ വാര്‍ഷികത്തില്‍ പങ്കെടുക്കില്ല എന്ന സത്യവാങ്മൂലം എഴുതിക്കൊടുത്താല്‍ മാത്രമേ പലരെയും കേസില്‍ നിന്നൊഴിവാക്കൂ എന്ന നിലപാടാണ് ഉദ്യോഗസ്ഥന്മാര്‍ എടുക്കുന്നത്. 

ജിൻ ജിയാൻ ആസാദി എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് ജർമ്മനിയിൽ നടന്ന പ്രകടനം

പതിനാറു വയസ്സുകാരനായ കൊമാര്‍ ദരോഫ്തദേ എന്ന കുര്‍ദ് വംശജന്‍ പ്രതിഷേധങ്ങള്‍ക്കിടെ സൈന്യത്താല്‍ കൊല്ലപ്പെട്ടിരുന്നു. 2022 ഒക്ടോബര്‍ 30നാണ് ആ ദാരുണ സംഭവം ഉണ്ടായത്. കൊമാറിന്റെ പിറന്നാള്‍ ദിവസം, അവന്റെ കുടുംബാംഗങ്ങളെ മുഴുവനും സുരക്ഷാ സേന അറസ്റ്റു ചെയ്തു തടങ്കലില്‍ പാര്‍പ്പിക്കുകയും വസ്ത്രങ്ങള്‍ നീക്കി അപമാനിക്കുകയും ചെയ്തു. 2023 ആഗസ്ത് 16ന് കൊമാറിന്റെ മാതാപിതാക്കളായ ഹാസ്സന്‍ ദരോഫ്തദേ, ഹാജര്‍ ബര്‍സാഞ്ചി എന്നിവരെയും സഹോദരങ്ങളായ മാര്‍ദിന്‍, ഷക്കാഫ്, മെഡിയ, അഫ്‌സാന എന്നിവരെയും അറസ്റ്റ് ചെയ്തു. മകന്റെ ദാരുണമരണത്തില്‍ ദു:ഖിതയായിരുന്ന അമ്മ ഹാജര്‍ കുഴഞ്ഞു വീഴുകയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യപ്പെടുകയും ചെയ്തു. സെവിക്കേവ് എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന കൊമാറിന്റെ ശവകുടീരം സന്ദര്‍ശിച്ച് അവന്റെ പിറന്നാളാചരിക്കാന്‍ പോകുകയായിരുന്നു കുടുംബം. പിരാന്‍ഷര്‍ ചെക്ക് പോസ്റ്റിലാണ് അവരെ തടഞ്ഞ് അറസ്റ്റ് ചെയ്തത്. അവരുടെ കുര്‍ദിഷ് സ്വത്വം വെളിപ്പെടുന്ന വസ്ത്രങ്ങൾ നീക്കാനാണ് പോലീസ് ആദ്യം തന്നെ ആവശ്യപ്പെട്ടത്. ഇത് ഏറ്റവും അപമാനകരമായിരുന്നു. കുര്‍ദിഷ് കുട്ടികളുടെ ജീവന്‍ മാത്രമല്ല, അവരുടെ മാതാപിതാക്കളുടെയും സഹോദരങ്ങളുടെയും സങ്കടങ്ങള്‍ വരെ ഭരണകൂടം പിടിച്ചെടുക്കുന്ന ദുസ്സഹമായ സ്ഥിതിയാണ് നിലനില്ക്കുന്നത്. സ്വാതന്ത്ര്യത്തിനും മാതൃഭൂമിക്കും വേണ്ടിയുള്ള രക്തസാക്ഷിത്വമാണ് കൊമാറിന്റേത് എന്ന പിതാവ് ഹാസന്റെ നിലപാടാണ് ഭരണകൂടത്തെ പ്രകോപിപ്പിക്കുന്നത്. 

മഹ്സാ(ജീനാ) അമീനിയുടെ നാടായ രോജ്ഹിലാത്തി(കിഴക്കെ കുർദിസ്താൻ, ഇറാൻ)ൽ പ്രതിഷേധിക്കുന്ന ജനം

ഇതുപോലുള്ള നിരവധി സംഭവങ്ങള്‍ റോജിലാത്തില്‍ നിന്ന് റിപ്പോര്‍ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇറാനില്‍ നിന്ന് പുറത്തു കടന്ന അഭയാര്‍ത്ഥികളായ കുര്‍ദിഷ് പ്രക്ഷോഭകര്‍ക്കെതിരെയും ഇറാന്‍ ഭരണകൂടം വിവിധ മര്‍ദനമുറകള്‍ സ്വീകരിക്കുന്നുണ്ട്. തുര്‍ക്കിയിലെ എദിര്‍നെ എന്ന നഗരത്തിലെ തടവറയിലുണ്ടായിരുന്ന ഇരുപത് രാഷ്ട്രീയ അഭയാര്‍ത്ഥികളെ അജ്ഞാതമായ ഏതോ സ്ഥലത്തേക്ക് 2023 ആഗസ്ത് 25ന് മാറ്റുകയുണ്ടായി. റോജിലാത്തെയിലെ കിര്‍മസാന്‍ എന്ന സ്ഥലത്തെ അമീര്‍ കാറിസിയും ഈ തടവുകാരില്‍ ഉള്‍പ്പെടും. മഹ്‌സാ (ജീനാ) അമീനിയുടെ കസ്റ്റഡി കൊലയില്‍ പ്രതിഷേധിച്ച മൊഹമ്മദ് മെഹ്ദി കരാമിയെ തൂക്കിലേറ്റിയപ്പോള്‍ അദ്ദേഹത്തിന്റെ മേല്‍ ചാര്‍ത്തപ്പെട്ട കുറ്റം ‘ഭൂമിക്കു മേല്‍ ദുര്‍ മാര്‍ഗം’ എന്നതായിരുന്നു. വാസ്തവത്തില്‍, ദുര്‍മാര്‍ഗത്തിന്റെ കൊടുമുടിയിലുള്ളത് ഇറാനിയന്‍ മത പൗരോഹിത്യ ഭരണകൂടം തന്നെയാണ്. വംശീയമായ അടിച്ചമര്‍ത്തല്‍,മത ഹിംസ, സ്ത്രീകള്‍ക്കെതിരായ ആണധികാര അതിക്രമങ്ങള്‍ എന്നിവ നടത്തുന്നത് ഭരണകൂടം തന്നെയാണ്. വ്യാപകമായ രീതിയിലും അര്‍ത്ഥത്തിലും സ്വപ്‌നങ്ങളും അവസരങ്ങളും പ്രത്യാശകളും പിടിച്ചുപറിക്കപ്പെടുന്നു. അടിസ്ഥാന മനുഷ്യാവകാശങ്ങള്‍ക്കു വേണ്ടി പോരാടിയതിന് ഇക്കാലത്തിനിടയില്‍ നൂറു കണക്കിന് ജനങ്ങളെയാണ് ഇറാനിയന്‍ ഭരണകൂടം തൂക്കിലേറ്റിയത്. സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം എന്നാവശ്യപ്പെടുന്നവര്‍ക്ക് ക്രൂരത, കൊലപാതകം, വേദന എന്നിവയാണ് ഭരണകൂടം സമ്മാനിക്കുന്നത്.

സ്‌നേഹത്തില്‍ നിന്നും സ്വത്വപ്രകാശനത്തില്‍ നിന്നും ആട്ടിയോടിക്കപ്പെടുന്നവര്‍ സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള അവസാനത്തെ ആഗ്രഹവും ബലി കഴിക്കേണ്ടി വരുന്നവരായി തീരുന്നു. സ്‌കൂള്‍ വിദ്യാര്‍ത്ഥിനികള്‍ക്ക് വിഷം കൊടുക്കുന്നവരും കുട്ടികളെ വെടി വെക്കുന്നവരും കൗമാരപ്രായക്കാരെ തൂക്കിലേറ്റുന്നവരുമായി മാറിയ ഒരു മര്‍ദന സംവിധാനമാണ് ഇറാനിലുള്ളത്. 2021ല്‍ കുര്‍ദ് നഗരമമായ സുലൈമാനിയില്‍ ചലച്ചിത്രമേള ജൂറിയായി പങ്കെടുത്ത എന്നോടൊപ്പം ജൂറിയായിരുന്നത് ഇറാനില്‍ നിന്നുള്ള മുതിര്‍ന്ന ചലച്ചിത്രാധ്യാപകനായ പ്രൊ. അഹമ്മദ് അലാസ്തിയായിരുന്നു. ഇറാനിലും കുറെക്കാലം അമേരിക്കയിലും അദ്ധ്യാപകനായിരുന്ന അദ്ദേഹം എഴുപതു വയസ്സിലധികം പ്രായമുള്ള ആളാണ്. ലോകമാകെ ചുറ്റി സഞ്ചരിക്കുകയും നിരവധി മേളകളില്‍ പങ്കെടുക്കുകയും നിരവധി സര്‍വകലാശാലകളില്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. ഷിയാ വിഭാഗക്കാരനാണെങ്കിലും നാസ്തികനായ അദ്ദേഹത്തിനോട് രണ്ടാംതരം സമീപനമാണ് ഭരണകൂടത്തിനുള്ളത് എന്നദ്ദേഹം പറയുകയുണ്ടായി. ഇതു മൂലം അദ്ദേഹത്തിന്റെ പത്‌നി ഇറാനിയന്‍ വംശജയാണെങ്കിലും അമേരിക്കന്‍ പാസ്‌പോര്‍ടുമായി പൗരത്വം മാറ്റിയിരിക്കുകയുമാണ്. എന്താണ് ഇറാനിലെ കുര്‍ദുകളുടെ അവസ്ഥ എന്ന എന്റെ ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി, നാസ്തികരായ ഞങ്ങളൊക്കെ ഭാഗ്യവാന്മാര്‍ പക്ഷെ അവരെ ഏഴാം തരക്കാരോ എട്ടാം തരക്കാരോ ആയിട്ടാണ് ഇറാനിലെ ഭരണകൂടം കണക്കാക്കുന്നത് എന്നായിരുന്നു. പ്രതിരോധം, രേഖകളുടെ സംരക്ഷണം, പ്രമാണീകരണം, ഓര്‍മ്മ, പരാമര്‍ശം (Resistance. Archiving, Documenting, Remembering and Referencing) എന്നിവ കുര്‍ദിഷ് വംശജര്‍ക്ക് അവര്‍ അവരായി നിലനില്ക്കുന്നുണ്ടെന്ന് പ്രകടിപ്പിക്കാന്‍ അത്യന്താപേക്ഷിതമായ പ്രവര്‍ത്തനങ്ങളാണ്. 

ജിന്‍, ജിയാന്‍, ആസാദി (സ്ത്രീ, ജീവിതം, സ്വാതന്ത്ര്യം) എന്ന ആശയ സമരം മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വത്തോടെ പുതിയ മാനം കൈവരിച്ചിട്ടുണ്ട് എന്നതാണ് യാഥാര്‍ത്ഥ്യം. ഭരണകൂടങ്ങളെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയ പ്രയോഗങ്ങളെയും ചിന്തകളെയുമെന്നതു പോലെ, അടിസ്ഥാന തല സ്ത്രീ വിമോചനപ്പോരാട്ടത്തെയും ഈ ആശയ സമരം സ്വാധീനിക്കുന്നുണ്ട്. സിറിയയില്‍ ഭാഗികമായി മോചിപ്പിക്കപ്പെട്ട പ്രദേശമായ റോജാവയില്‍ വൈ പി ജെ എന്ന കുര്‍ദിഷ് സ്ത്രീ സംഘടന സജീവമായി പ്രവര്‍ത്തിക്കുന്നുണ്ട്. അബ്ദുള്ള ഓക്കലാന്റെ ധൈഷണിക-വിപ്ലവ നേതൃത്വത്തെ അംഗീകരിക്കുന്നവരാണിവര്‍. ജിനെയോളജി എന്ന ഒരു പ്രത്യയശാസ്ത്ര ധാര തന്നെ ഇതിനെ തുടര്‍ന്ന് രൂപപ്പെട്ടിട്ടുണ്ട്.

കുർദിഷ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് മെക്സിക്കോയിലെ റാലി

ഇറാനിലെ റോജിലാത്തെയിലും മറ്റിടങ്ങളിലും ഹിജാബ് ബഹിഷ്‌ക്കരിച്ചുകൊണ്ട് കുര്‍ദിഷ് വിഭാഗക്കാരും അല്ലാത്തവരുമായ സ്ത്രീകള്‍ തെരുവുകള്‍ പിടിച്ചെടുത്തത് ഈ മുദ്രാവാക്യം മുഴക്കിയാണ്. കാനഡയിലെ വിദേശ കാര്യ മന്ത്രി മെലാനിയ ജോളിയും ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവേല്‍ മക്രോണും ഈ സമരത്തെ പിന്തുണച്ചു. ഐക്യരാഷ്ട്ര സഭയുടെ ഹ്യൂമന്‍ റൈറ്റ്‌സ് കൗണ്‍സില്‍, ഇറാനിലേയ്ക്ക് വസ്തുതാന്വേഷണ സംഘത്തെ അയച്ചു. സ്ത്രീ പദവിയ്ക്കായുള്ള യുഎന്‍ കമ്മീഷനില്‍ നിന്ന് ഇറാനെ മാറ്റി നിര്‍ത്തി. 2023 ജനുവരിയില്‍ ഇറാനിയന്‍ റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സ് (ഐ ആര്‍ ജിസി) എന്ന മതസാന്മാര്‍ഗിക പോലീസിനെ തീവ്രവാദി സംഘടനയായി യൂറോപ്യന്‍ യൂണിയന്‍ പാര്‍ലമെന്റ് പ്രഖ്യാപിച്ചു. അതേ സമയം, ജിന്‍ ജിയാന്‍ ആസാദി എന്ന മുദ്രാവാക്യത്തെ അംഗീകരിക്കുന്നതായി നടിക്കുകയും വേണ്ടിടത്തും വേണ്ടാത്തിടത്തും അത് മുഴക്കുകയും ചെയ്യുന്ന പാശ്ചാത്യ ശക്തികളെ മുഖവിലക്കെടുക്കാന്‍ കുര്‍ദിഷ് സമൂഹം തയ്യാറുമല്ല.

ലേഖകൻ സ്ലെമാണി അന്താരാഷ്ട്ര ഫിലിം ഫെസ്റ്റിവൽ ചർച്ചാ വേദിയിൽ, സഹജൂറി അംഗമായ പ്രൊ. അഹമ്മദ് അലാസ്തി(ഇറാൻ)യ്ക്കൊപ്പം

കുര്‍ദിഷ് തൊഴിലാളി പാര്‍ടി(പികെകെ)യെ ഇപ്പോഴും നിരോധിച്ചിരിക്കുന്ന തുര്‍ക്കി ഭരണകൂടത്തെ നാറ്റോയുടെ ഏറ്റവും വലിയ നയരൂപീകരണ അംഗമായി യൂറോപ്യന്‍ രാജ്യങ്ങള്‍ അംഗീകരിക്കുന്നു. മാത്രമല്ല, മുടി മുറിക്കലോ, ശിരോവസ്ത്രം നീക്കലോ ഈ സമരത്തിന്റെ ആത്യന്തികാര്‍ത്ഥം. ഇത്തരം പ്രകടനങ്ങളിലേക്ക് ഇതിനെ ചുരുക്കുന്നതിലൂടെ തങ്ങളുടെ ഇസ്ലാമോഫോബിക്ക് മുഖം പുറത്തെടുക്കുക മാത്രമാണിവര്‍ ചെയ്യുന്നത്. വലതുപക്ഷത്തിന്റെ അവസരവാദപരമായ ഉന്മാദവും ദൃശ്യമാണ്.

മനുഷ്യരുടെ, പ്രത്യേകിച്ച് സ്ത്രീകളുടെ സ്വതന്ത്രമായ ജീവിതത്തിന് വിഘാതമാകുന്ന ഏതു തരം ഭരണ/സൈനിക/മത/ലിംഗ സംസ്‌ക്കാരത്തിനും എതിരായ വിശാല മുന്നേറ്റമായി ജിന്‍ ജിയാന്‍ ആസാദി വളരേണ്ടിയിരിക്കുന്നു എന്നാണ് മഹ്‌സാ (ജീനാ) അമീനിയുടെ രക്തസാക്ഷിത്വം നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.

References:

  1. JÎNA AMINÎ’S ANNIVERSARY: KURDS REMAIN UNDER THREAT BY GORDYAEN BENYAMIN
  1. THE GLOBAL IMPACT OF JIN, JIYAN, AZADÎ BY ROJIN MUKRIYAN
About Author

ജി പി രാമചന്ദ്രന്‍

പ്രമുഖ ചലച്ചിത്ര നിരൂപകനായ ജി.പി. രാമചന്ദ്രൻ 2006 ലെ മികച്ച ചലച്ചിത്ര നിരൂപകനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവാണ്. 'സിനിമയും മലയാളിയുടെ ജീവിതവും', 'മലയാള സിനിമ - ദേശം, ഭാഷ, സംസ്‌ക്കാരം', 'ലോകസിനിമ കാഴ്ചയും സ്ഥലകാലങ്ങളും', എന്നിവയാണ് പ്രധാന പുസ്തകങ്ങൾ. കേരള സംസ്ഥാന ചലച്ചിത്ര അവാർഡും നേടിയിട്ടുണ്ട്. ദേശീയ-സംസ്ഥാന ചലച്ചിത്ര-ടെലിവിഷൻ അവാർഡുനിർണയങ്ങൾക്കുള്ള ജൂറി അംഗമായും പ്രവർത്തിച്ചിട്ടുണ്ട്.

1 Comment
Oldest
Newest Most Voted
Inline Feedbacks
View all comments
Dr Rajan Pullanghad
Dr Rajan Pullanghad
7 months ago

പാശ്ചാത്വ ശക്തികളുടെ ഇരട്ട താപ്പ് ഈ വിഷയ ത്തിൽ വ്യക്ത മായി തെളിഞ്ഞു കാണാൻ കഴിയും