ഖസാക്കിലെ രവി എടവണ്ണയിൽ
ഒ.വി.വിജയൻ പെരുമാറിയ ഇടങ്ങളിലൂടെ കടന്നുപോയ മറ്റൊരു പാലക്കാട്ടുകാരൻ എന്ന നിലയിൽ കാർട്ടൂണിസ്റ്റ് ഇ.പി.ഉണ്ണിയുമായി തസ്രാക്കിൽ ഉണ്ടായ ഒരു കൂട്ടം കൂടലിനിടയിലാണ് പല തലമുറകളിൽ പെട്ട ഖസാക്ക് ബാധിച്ച ആളുകളുടെ ഒരു സാങ്കല്പികയോഗത്തിന് രവിസമ്മേളനം എന്നൊരു കുസൃതിപ്പേര് ഇട്ടത്. ഉണ്ണിയേട്ടനെ പിരിഞ്ഞ് വീട്ടിലേക്ക് തിരിച്ചുപോവുമ്പോൾ പല പ്രായക്കാരായ രവിമാരെ സങ്കല്പിക്കാൻ ശ്രമിച്ചു. തമാശയായി തുടങ്ങിയ ആ ആലോചന പല കാരണങ്ങൾ കൊണ്ടും അച്ഛനെക്കുറിച്ചുള്ള ഓർമ്മകളിൽ എത്തി.
മലബാർ ഡിസ്ട്രിക്ട് ബോർഡ് വ്യാപകമായി ഏകാദ്ധ്യാപകവിദ്യാലയങ്ങൾ ആരംഭിച്ച കാലത്തെ ആദ്യത്തെ രവിക്ക് കാലഗണന വെച്ചു നോക്കുമ്പോൾ വിജയൻ്റെ പ്രായം തന്നെ ആവണം. 92 വയസ്സ്. വിജയനെപ്പോലെ 1930ൽ ജനിച്ച എൻ്റെ അച്ഛനും അതേ പ്രായം തന്നെ. 1956ൽ ആണ് ഒ.വി.വിജയൻ്റെ സഹോദരി ശാന്തട്ടീച്ചർ തസ്രാക്കിലെ ഞാറ്റുപുരയിൽ ഏകാദ്ധ്യാപികയായി എത്തുന്നത്. എൻ്റെ അച്ഛനും 1955ൽ ഇരുപത്തഞ്ചാം വയസ്സിൽ മലബാർ ഡിസ്ട്രിക്ട് ബോർഡിലെ ഏകാദ്ധ്യാപകനായാണ് ഉദ്യോഗജീവിതം തുടങ്ങുന്നത്. മലപ്പുറം ജില്ലയിലെ എടവണ്ണക്കടുത്തുള്ള അരിമംഗലം എന്ന സ്ഥലത്ത്. മലബാർ ഡിസ്ട്രിക്ട് ബോർഡിൻ്റെ അദ്ധ്യക്ഷനും സുഹൃത്തും സഹപ്രവർത്തകനുമായിരുന്ന പി.ടി.ഭാസ്കരപ്പണിക്കരുടേയും കമ്യൂണിസ്റ്റ് പാർട്ടിയുടെ മലബാറിലെ നേതാവായിരുന്ന കെ.ദാമോദരൻ്റേയും നിർദേശപ്രകാരമാണ് അച്ഛൻ ആ ജോലി ഏറ്റെടുക്കുന്നത്. ആ പി.ടി.ഭാസ്കരപ്പണിക്കർ ഖസാക്കിൻ്റെ ഇതിഹാസരചനക്ക് പരോക്ഷമായ ഒരു നിമിത്തമായിത്തീർന്നത് എങ്ങനെ എന്ന് ഇതിഹാസത്തിന്റെ ഇതിഹാസത്തിൽ വിസ്തരിക്കുന്നുണ്ട്.
പാർട്ടി പ്രവർത്തനവുമായി ബന്ധപ്പെട്ടുള്ള നടത്തങ്ങളൊക്കെ കഴിഞ്ഞ്, രാവിലെ പത്തരക്ക് ആരംഭിക്കുന്ന ഏകാദ്ധ്യാപകവിദ്യാലയത്തിൽ അദ്ധ്യാപകൻ്റെ ആദ്യജോലി കുട്ടികളെയെല്ലാം ഉമിക്കരി കൊണ്ട് പല്ലു തേപ്പിക്കലായിരുന്നു എന്ന് അച്ഛൻ ഓർമ്മകളിൽ എഴുതിയിട്ടുണ്ട്. അതിന് സാക്ഷ്യം വഹിക്കാനായി കുട്ടികളുടെ ഉമ്മമാരും ചിലപ്പോൾ ക്ലാസിൽ വന്നു നിന്നിരുന്നു എന്നും. അരിമംഗലത്തെ ഒരു ഏറനാടൻ വീട്ടിറയത്ത് തസ്രാക്കിലെ രവിയെ അച്ഛൻ്റെ രൂപത്തിൽ ഞാനൊന്ന് സങ്കല്പിച്ചുനോക്കി.
എന്തായാലും രവി എന്ന ഏകാദ്ധ്യാപകനേയും ഒ.വി.വിജയൻ എന്ന കാലാതീതനായ എഴുത്തുകാരനേയും കാർട്ടൂണിസ്റ്റിനേയും കുറിച്ചുള്ള ആലോചനകൾ എന്നെ ഇന്ന് അച്ഛനിൽ എത്തിച്ചു. അച്ഛൻ്റെ തലമുറ കടന്നുപോയ സംഘർഷഭരിതമായ കാലങ്ങളെക്കുറിച്ചും എൻ്റെ തലമുറയുമായി പങ്കിട്ട വ്യഥകളെക്കുറിച്ചും ആകുലതകളെക്കുറിച്ചും ഓർമ്മിപ്പിച്ചു. എൻ്റെ തലമുറയുടെ വേവലാതികളുടെ ഭാരം വീണ്ടും തലയിൽ കൊണ്ടുവെച്ചു.അങ്ങനെ ഈ കവിത എഴുതിച്ചു :
രവിസമ്മേളനം
പല തലമുറകളിൽ നിന്ന്
രവിമാർ കൂടിച്ചേർന്ന
തസ്രാക്ക് സമ്മേളനം
ആദ്യത്തെ രവി, ഏകാദ്ധ്യാപകൻ
മലബാർ ബോർഡിൽ
മാഷായിച്ചേർന്നയാൾ
തൊണ്ണൂറു കഴിഞ്ഞ തൊണ്ടയിൽ
കിതച്ചു പറഞ്ഞതാർക്കും
മനസ്സിലായതേയില്ല
എങ്കിലുമാർക്കുമദ്ദേഹം
അപരിചിതനായ് തോന്നിച്ചതുമില്ല
പിന്നെ അറുപത്തിനാലിൻ പിളർപ്പിൽപ്പെട്ടു
തല മുറിഞ്ഞുപോയൊരാൾ
അറുപത്തെട്ടിലാഴ്ചപ്പതിപ്പിൽ മുടങ്ങാതെ
ഖസാക്ക് വായിച്ചൊരാൾ
നിത്യവും തടവുന്ന മുറിവുനീറലിന്നും
നിസ്കാരത്തഴമ്പുപോൽ
നെറ്റിയിൽ പേറുന്നയാൾ
പിന്നീടു വസന്തത്തിൻ പൂക്കളിറുക്കുവാൻ
കാടു കേറിയോർ
പിന്നിട്ട ദണ്ഡനാരണ്യങ്ങളിൽ
ചതഞ്ഞു മുറിവേറ്റ കാലത്തെപ്പേറുന്നവർ
കലങ്ങിയ നെഞ്ചിൽ ചുട്ടുപൊള്ളുന്ന വേനലും
കാലിൽ വാതം തണുത്ത ശിശിരവും
ഒന്നിച്ചു സഹിക്കുന്നവർ
പിന്നെ ബ്രെഹ്റ്റിനും നെരൂദക്കും ലോർകയ്ക്കും
ജാമ്യം നിന്നു തല്ലു കൊണ്ടവർ
തല്ലിൽ പല്ലു പോയവർ
എൺപതിൻ പാതയോരങ്ങളിൽ
പ്രക്ഷുബ്ധശബ്ദങ്ങൾ നിറച്ചവർ
ഉരുകിയ ടാറിന്റെ പൊള്ളൽ
ഇപ്പോഴുമിരിപ്പിൽ ബാധിച്ചവർ
തൊണ്ണൂറിലാഗോളത വാതിലിൽ ചവിട്ടുമ്പോൾ
വിരൽ കൊണ്ടു തഴുതിട്ടു തടുക്കാൻ ശ്രമിച്ചവർ
ടീവിയിൽ കൊക്കൊക്കോളപ്പരസ്യത്തിൽ പ്രതിഷേധിച്ചു
കോളനിമൂപ്പന്മാരെക്കൊണ്ടുടുക്കു കൊട്ടിച്ചവർ
ഒടുവിൽ, പുതിയ നൂറ്റാണ്ടിൻ നിറങ്ങളും പേറി
മൊബൈലിൽ ഡിജിറ്റലാകാശം മൊത്തം
അലഞ്ഞുതീർക്കുന്നവർ..
അഞ്ചരപ്പതിറ്റാണ്ടിലെ രവിബാധിതർ
നിരാശിതർ, വിഭ്രമങ്ങളിൽപ്പെട്ട് വലഞ്ഞുതീരുന്നവർ
പല നിറങ്ങളിൽ ചില്ലിൻ സങ്കടപ്പൊട്ടുകൾ
ഭ്രമാത്മകചിത്രങ്ങളുള്ളിൽ തീർക്കും
കലിഡോസ്കോപ്പുകൾ
ഇരുട്ടിൽ വിഷാദം വന്നിഴഞ്ഞു ദംശിച്ച
കാലിൻ പെരുവിരൽ നീട്ടിയിരിക്കുന്നവർ
ഇപ്പോഴും ബസ്സു കാക്കുന്നവർ
പല തലമുറകളിൽ നിന്ന്
രവിമാർ കൂടിച്ചേർന്ന
തസ്രാക്ക് സമ്മേളനം..!
മനോഹരം 👍🏻❤️
വിഷാദം വന്നിഴഞ്ഞു ദംശിച്ച പ്രസാദരചന