A Unique Multilingual Media Platform

The AIDEM

Articles Book Review Society

സായാഹ്ന യാത്രകളിൽ, ഒരു അച്ഛനും മകനും

  • May 27, 2024
  • 1 min read
സായാഹ്ന യാത്രകളിൽ, ഒരു അച്ഛനും മകനും

ആഴമേറിയ ജീവിത ദർശനങ്ങൾ ഒരു സമൂഹം എന്ന നിലയിൽ മലയാളികളുടെ നിത്യ ജീവിതത്തിൽ ഒരു സാന്നിധ്യമാണോ? വർത്തമാന കാലത്തിൻ്റെ സമസ്യകളെ നിർദ്ധാരണം ചെയ്യുന്നതിൽ തത്ത്വചിന്തകർ നേരത്തെ പറഞ്ഞു വെച്ചിട്ടുള്ള കാര്യങ്ങൾ എത്രത്തോളം സ്വാധീനം ചെലുത്തുന്നുണ്ട്? ഇതുപോലുള്ള ചോദ്യങ്ങളുടെ ഉത്തരം തേടലാണ് ഒരച്ഛനും മകനും നടത്തുന്ന സംഭാഷണങ്ങളുടെ ചിത്ര രൂപമായ വിചിത്രസൂത്രം എന്ന ഗ്രാഫിക്ക് പരമ്പര.

“നിർത്തഡേ നിന്റെ ഫിലോസഫി..” കടിച്ചാൽ പൊട്ടാത്ത ഭാഷയിൽ, പ്രത്യേകിച്ച് സന്ദർഭങ്ങളുടെ ഔചിത്യം നോക്കാതെ, സംസാരിക്കുന്നവർക്ക് മലയാളി സദസ്സുകളിൽ പൊതുവേ കിട്ടുന്ന മറുപടിയാണിത്. ഫിലോസഫിയെക്കുറിച്ച് മലയാളിക്കുള്ള പൊതു സമീപനമായി ഈ പ്രതികരണത്തെ കാണാൻ കഴിയുമോ? “ആലോചിച്ചാൽ ഒരു അന്തവുമില്ല, ആലോചിച്ചില്ലെങ്കിൽ ഒരു കുന്തവുമില്ല.” എന്നത് പോലെ ഗ്രാമീണ ശൈലിയുടെ സൗന്ദര്യവും ലാളിത്യവും ഗഹനതയും കലർന്ന ദാർശനിക പ്രയോഗങ്ങൾ നിറഞ്ഞ ഒരു ഭാഷയാണ് നമ്മുടേത്. ഏത് സമൂഹവും ഗാഢമായി ഉൾക്കൊള്ളുന്ന ദാർശനിക ബോധത്തിന്റെ ഉത്തമമായ നിദർശനമാണ് ഈ വാചകങ്ങൾ. എന്നാൽ ഇപ്പോൾ ഇതാ കടിച്ചാൽ പൊട്ടാത്ത ഫിലോസഫിയും സംസാരിച്ച് ഒരു അച്ഛനും മകനും നടക്കുന്നു! ഗോപാലകൃഷ്ണനും മകൻ നിരഞ്ജൻ ആർ ഭാരതിയും ചേർന്ന് സൃഷ്ടിച്ച ‘വിചിത്ര സൂത്രം’ എന്ന ഗ്രാഫിക് പുസ്തകത്തിൻ്റെ പുതുമ അച്ഛനും മകനും തമ്മിലുള്ള സംഭാഷണം ആണ് അതെന്നതാണ്. ഈ പുസ്തകത്തിന്റെ ആദ്യത്തെ ആകർഷണവും ഇതു തന്നെയാണ്. അച്ഛൻ ആശയതലവും മകൻ ദൃശ്യ തലവും സൃഷ്ടിക്കുന്ന പുസ്തകം എന്നതാണ് രണ്ടാമത്തെ ആകർഷണം.

വിചിത്രസൂത്രം പുസ്തകത്തിന്റെ പുറംചട്ട

ഇവർ പല വിഷയങ്ങളെക്കുറിച്ച്  സംസാരിച്ചുകൊണ്ടാണ് യാത്ര ചെയ്യുന്നത് കെ റെയിൽ, ആൾക്കൂട്ടവും ഏകാന്തതയും, വീട്, ജയിൽ, നിശബ്ദത, ബോറടി, വിശ്വാസം, യുദ്ധം, ആക്രി എന്നിങ്ങനെ വൈവിധ്യമാർന്ന വിഷയങ്ങൾ അച്ഛനും മകനും തമ്മിൽ സംസാരിക്കുന്നുണ്ട്. പൊതുവെ നോക്കിയാൽ കടുകട്ടി ഭാഷയിൽ ഫിലോസഫി അടിക്കാനാണ് അച്ഛന് താത്പര്യം. മകൻ കുറച്ചുകൂടി സരസനാണ്.

സംഭാഷണത്തിനിടയിൽ ലോക പ്രശസ്തരായ ദാർശനികർ കടന്നുവരുന്നുണ്ട്. ഈ സംഭാഷണങ്ങളിൽ സ്പിനോസയും ഫൂക്കോയും റാൻസിയറും മാർക്‌സും നാരായണ ഗുരുവുമൊക്കെ വന്നും കയറിയും പോകുന്നുണ്ട്. പാട്ടുകാരും എഴുത്തുകാരുമുണ്ട്. ലോക ദാർശനിക ചരിത്രത്തിൽ നിന്ന് നമ്മുടെ വർത്തമാന കാല അനുഭവത്തെ മനസ്സിലാക്കാൻ സഹായകമായ ചിന്തകൾ കണ്ടെത്താനാണ് ഇരുവരും ശ്രമിക്കുന്നത്. യുദ്ധത്തെ കുറിച്ചുള്ള ചർച്ചയിൽ ടോൾസ്റ്റോയ് കടന്നുവരുന്നു; “യുദ്ധമാണ് ഏറ്റവും വലിയ നുണ. വെറുപ്പിലാണ് അത് വളരുന്നത്.” സ്വാതന്ത്ര്യത്തെ കുറിച്ചുള്ള ചർച്ചയിൽ പസോളിനി പറയുന്നു: “പ്രത്യാശ എന്ന ആശയം വോട്ടർമാരെ പറ്റിക്കാൻ രാഷ്ട്രീയക്കാർ ഉണ്ടാക്കിയതാണ്.” കോവിഡിനെ കുറിച്ചുള്ള ചർച്ചയിൽ അഗംബൻ പറയുന്നു: “മരിക്കുമോ എന്ന ഭയമല്ല മനുഷ്യനെ ഒന്നിപ്പിക്കേണ്ടത്.” അച്ഛൻ അച്ഛന്റെ അച്ഛന്റെ തുടർച്ചയായാണ് സംസാരിക്കുന്നത്. മകൻ ഒരല്പം മാറിനിന്ന് കൗതുകത്തോടെ ഈ സംഭാഷണങ്ങൾ ശ്രദ്ധിക്കുകയാണ്. എന്തായാലും മൂന്ന് തലമുറകളുടെ മനോഭാവങ്ങൾ ഈ സംഭാഷണത്തിൽ നമുക്ക് കുറച്ചൊക്കെ പിടിച്ചെടുക്കാം അച്ഛന് മകന്റെ തലമുറയെ ബഹുമാനമാണ് എന്ന് തോന്നുന്നു.

‘വിചിത്രസൂത്ര’ത്തിലെ ഒരു സംഭാഷണം

ഒരിക്കൽ അച്ഛൻ പറയുന്നുണ്ട്, ‘ഞങ്ങളുടെ തലമുറയെപ്പോലെ ദുരന്ത പ്രണയികളല്ല നിങ്ങൾ’ എന്ന്. പ്രൗഢമായ ദാർശനിക ഗ്രന്ഥങ്ങളേയും ദാർശനികരെയും ആശയങ്ങളെയും പരിചയപ്പെടുത്തുന്ന പോപ്പുലർ പുസ്തകങ്ങൾ നമുക്ക് പരിചയം കുറവാണ്. വിൽ ഡുറാന്റിന്റെ ‘സ്റ്റോറി ഓഫ് ഫിലോസഫി’, Jostein ഗാർഡർ എഴുതിയ ‘സോഫീസ്‌ വേൾഡ്’, ഈയടുത്ത് സുന്ദർ സാരുക്കായ് എഴുതിയ ‘തത്വശാസ്ത്രം കുട്ടികൾക്ക്’ തുടങ്ങിയ പുസ്തകങ്ങൾ ഈ മേഖലയിൽ താത്പര്യമുണ്ടാക്കാൻ ഏറെ സഹായിച്ചു. എന്നാൽ നമ്മുടെ സാഹിത്യലോകം ലോക ദാർശനിക പരിവർത്തനങ്ങളുമായി എല്ലാക്കാലത്തും കൂടിക്കുഴഞ്ഞു കിടന്നു. യാതൊരു വിധ അസ്തിത്വ പ്രതിസന്ധികൾക്കും ചരിത്രപരമായി പ്രസക്തിയില്ലാത്ത ഒരു കാലത്ത് എം മുകുന്ദൻ അസ്തിത്വ കഥകൾ പറഞ്ഞ് നമ്മെ ലഹരി പിടിപ്പിച്ചു. ഒ.വി വിജയൻ നോവലിലും കഥകളിലും മാത്രമല്ല ഒരുതരത്തിൽ ഒരു ഗ്രാഫിക് നോവൽ എന്ന് വിശേഷിപ്പിക്കാവുന്ന ‘ഇത്തിരി നേരമ്പോക്ക് ഇത്തിരി ദർശനം’ എന്ന സൃഷ്ടിയിലൂടെ ചരിത്രത്തിന്റെ ഫിലോസഫി നമുക്ക് പറഞ്ഞുതന്നു. അരവിന്ദന്റെ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ ഈ രംഗത്തെ അസാമാന്യ വലിപ്പമുള്ള ചിന്തയായിരുന്നു. ഇതേപോലെ ഫിലോസഫിയെ ചുറ്റുപാടുകളിലേക്ക് സരസമായി സന്നിവേശിപ്പിക്കാൻ ഈ പുസ്തകത്തിന് നന്നായി കഴിയുന്നുമുണ്ട്.

‘വിചിത്രസൂത്ര’ത്തിൽ നിന്നും

എന്താണ് ഫിലോസഫിയോട് ഇത്തരം ഒരു കമ്പം? ഞാൻ ഗോപാലകൃഷ്ണനോട് ചോദിച്ചു. ‘കോൺസലേഷന്സ് ഓഫ് ഫിലോസഫി’ എന്നൊരു പുസ്തകം ഉണ്ടല്ലോ? ഫിലോസഫി നമ്മളെ കൺസോൾ ചെയ്യുമോ? ഞാൻ ചോദിച്ചു. തീർച്ചയായും എന്നാണ് ഗോപാലകൃഷ്ണന്റെ മറുപടി. അതിനപ്പുറം ചിന്തയുടെ ജ്വലിപ്പിക്കുന്ന പുതിയ മുകുളങ്ങൾ വിടരുകയും ചെയ്യും. ഇത്തരം ഗ്രാഫിക് പുസ്തകങ്ങൾ ലോക സാഹിത്യത്തിൽ അപൂർവമല്ല എന്ന് ആമുഖത്തിൽ പ്രശസ്ത കാർട്ടൂണിസ്റ്റ് ഇ.പി ഉണ്ണി എഴുതുന്നു. ഉദാഹരണത്തിന് കാൽവിൻ ആൻഡ് ഹോബ്ബ്സ്. ഈ പേരുകൾ തന്നെ പ്രശസ്‌ത ദാർശനികരായ ജോൺ കാൽവിൻ, തോമസ് ഹോബ്ബ്‌സ് എന്നിവരെ ആധാരമാക്കിയാണ്. മറ്റൊന്ന് ചാൾസ് ഷുൽട്സിന്റെ ‘പീനട്ട്സ്’ ആണ്. ‘ഗോസ്പൽ അക്കോർഡിങ് ടു പീനട്ട്സ്’ എന്നൊരു പുസ്തകവും ഉണ്ട്. കാഫ്കയും കാർട്ടൂണും തമ്മിൽ വലിയ ദൂരമില്ല എന്ന് ഉണ്ണി സൂചിപ്പിക്കുന്നുണ്ട്. ഇരുവരും ജീവിത സമസ്യകളാണ് നിവാരണം ചെയ്യാൻ ശ്രമിക്കുന്നത്. അതായത് കാർട്ടൂണിൽ ഫിലോസഫി സന്നിഹിതമാണ് എന്നർത്ഥം.

‘വിചിത്രസൂത്ര’ത്തിൽ നിന്നും

ഈ അച്ഛനും മകനും തമ്മിലുള്ള സംഭാഷണത്തിലും ധാരാളം തമാശകളും കടന്നുവരുന്നുണ്ട്. മകന്റെ മറുപടികളിലാണ് കൂടുതൽ ഹാസ്യവും ലാളിത്യവുമുള്ളത്. തമാശയെക്കാൾ വലിയ ഫിലോസഫി വേറെ എന്തുണ്ട്? അച്ഛന് ഒരു കാര്യത്തിലും ഉറപ്പുള്ള അഭിപ്രായം ഇല്ലല്ലോ എന്ന് മകൻ കളിയാക്കുമ്പോൾ അങ്ങനെ തീരുമാനങ്ങളിൽ എത്താൻ ഇത് ടിവി ചർച്ച ഒന്നുമല്ലല്ലോ എന്ന് അച്ഛൻ മറുപടി പറയുന്നുണ്ട്. വെറുതെയല്ല അച്ഛന് രാവിലെ ഒരു മണിക്കൂർ വിളംബിത ആലാപനം കേൾക്കാൻ കഴിയുന്നത് എന്നും ഒരിക്കൽ മകൻ സൂചിപ്പിക്കുന്നു. മൗനത്തെ പ്രഘോഷിക്കുന്ന അച്ഛനോട് ദയവ് ചെയ്ത് മൗനമേ നിറയും മൗനമേ എന്ന് അപശ്രുതിയിൽ പാടി ഈ മൂഡ് നശിപ്പിക്കരുതേ എന്ന് അപേക്ഷിക്കുന്നുണ്ട് മകൻ. മലയാളി എന്തിനാണ് ഇത്ര വലിയ മതിലുകൾ പണിയുന്നത് എന്ന് അച്ഛൻ ചോദിക്കുമ്പോൾ അകത്തായിപ്പോയവർ രക്ഷപ്പെടാതിരിക്കാൻ എന്നാണ് മകന്റെ പരിഹാസം.

‘വിചിത്രസൂത്ര’ത്തിൽ നിന്നും

Plato and Platypus walks into a bar എന്നൊരു പുസ്തകമുണ്ട്. തമാശകളിലൂടെ വിവിധ ദാർശനിക തത്വങ്ങൾ വിശദീകരിക്കുന്ന ഒരു പുസ്തകം. അതിൽ തമാശയുടെയും ഫിലോസോഫിയുടെയും ഉത്ഭവം ഒരേ സ്രോതസ്സിൽ നിന്നാണ് എന്ന് പറയുന്നു. “The construction and payoff of jokes and the construction and payoff of philosophical concepts are made out of the same stuff. They tease the mind in similar ways. That’s because philosophy and jokes proceed from the same impulse: to confound our sense of the way things are, to flip our worlds upside down, and to ferret out hidden, often uncomfortable, truths about life. What the philosopher calls an insight, the gagster calls a zinger.”

മറ്റൊരു കാര്യം ശ്രദ്ധിക്കേണ്ടത് വരകളിലൂടെ നിരഞ്ജൻ പറയുന്ന മറ്റൊരു കഥയാണ്. ഉദാഹരണത്തിന് ഗാന്ധിയും ടാഗോറും നടക്കുമ്പോഴുള്ള ചിത്രം മാത്രം ബ്ലാക്ക് ആൻഡ് വൈറ്റ് ആക്കിയതിന്റെ പൊരുൾ. ഒരു മുഴുവൻ കഥയും Artificial Intelligence (AI) ഉപയോഗിച്ച് പറയാൻ തീരുമാനിക്കുന്നതിലെ കുസൃതി. ഒറ്റ വായനയിൽ തീർക്കേണ്ട പുസ്തകമല്ല ഇത്. ഓരോ വായനയിലും പുതിയ കൗതുകങ്ങൾ കണ്ടെത്തുന്ന പുസ്തകം. ഞാൻ ഈ പുസ്തകം ഇപ്പോൾ മൂന്ന് തവണ വായിച്ചുതീർത്തു. എല്ലാം മനസിലാക്കാം എന്ന് കരുതി ഈ യാത്രയിൽ ചേരരുത് എന്ന് നിരഞ്ജൻ ആമുഖത്തിൽ അഭ്യർത്ഥിക്കുന്നുണ്ട്. ഇത് ചുമ്മാ ഒരു സായാഹ്ന സവാരി ആയി കണ്ടാൽ മതിയെന്നും.

എസ്. ഗോപാലകൃഷ്ണൻ (രചയിതാവ്), നിരഞ്ജൻ ആർ. ഭാരതി (വര)

ഇതിൽ അമ്മ ഒരിക്കൽ മാത്രമേ വരുന്നുള്ളു എന്നതാണ് ഒരു പരിമിതിയായി തോന്നുന്നത്. അങ്ങനെ വരുമ്പോൾ ഇത് മൊത്തം ഒരു പുരുഷ കാഴ്ച്ച ആണോ, എന്ന സന്ദേഹവും ഉണ്ടായേക്കാം. അമ്മയും ‘ മകളുമായിരുന്നു സംസാരിക്കുന്നത് എങ്കിൽ അവർ എന്താവും സംസാരിക്കുക എന്നും ആലോചിക്കാം. എന്തായാലും ഫിലോസഫി എന്ന വലിയ വിചാര മേഖലയിലേക്ക് വലിയ ആകർഷണമുണ്ടാക്കാൻ ഈ പുസ്തകത്തിന് കഴിയും. ഒപ്പം ഗ്രാഫിക് കഥകൾ എന്ന മേഖലയ്ക്ക് ഒരു വലിയ ചുവടുവയ്പ്പും..

About Author

ജി. സാജൻ

അറിയപ്പെടുന്ന എഴുത്തുകാരനും സാമൂഹിക നിരീക്ഷകനും. ദീർഘകാലം തിരുവനന്തപുരം ദൂരദർശനിൽ കാർഷിക വിഭാഗത്തിന്റെ പ്രൊഡ്യൂസർ ആയിരുന്ന ജി സാജൻ വികസനോന്മുഖ മാധ്യമ രംഗത്തു് നിർണായകമായ പരീക്ഷണങ്ങൾ നടത്തിയിട്ടുണ്ട്. ‘നൂറുമേനിയുടെ കൊയ്ത്തുകാർ’ എന്ന പരമ്പര കാർഷിക പരിപാടികളിൽ പുതിയ പാത തുറന്നു. കേരളത്തിലെ ഏറ്റവും നല്ല പഞ്ചായത്തിനെ തിരഞ്ഞെടുക്കാനുള്ള സോഷ്യൽ റിയാലിറ്റി ഷോ ആയ ‘ഗ്രീൻ കേരള എക്സ്പ്രസ്’ ഏറ്റവും നല്ല കുടുംബശ്രീ യൂണിറ്റിനെ തിരഞ്ഞെടുക്കാനുള്ള ‘ഇനി ഞങ്ങൾ പറയാം’ ഇന്ത്യയിലെ ഏറ്റവും നല്ല വനിതാ കർഷകയെ കണ്ടെത്താനുള്ള ദേശീയ റിയാലിറ്റി ഷോ എന്നിവയുടെയെല്ലാം പ്രൊഡ്യൂസർ ആയിരുന്നു. ദൂരദർശന്റെ ബാംഗ്ളൂർ, ഷില്ലോങ്, പോർട്ട് ബ്ളയർ, ഡൽഹി കേന്ദ്രങ്ങളിൽ പ്രവർത്തിച്ചു. തിരുവനന്തപുരം ദൂരദർശന്റെ പ്രോഗ്രാം മേധാവിയായി വിരമിച്ചു. ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ ലൂക്ക സയൻസ് പോർട്ടൽ എഡിറ്റോറിയൽ അംഗം ആണ്.